Prabodhanm Weekly

Pages

Search

2017 ജനുവരി 06

2983

1438 റബീഉല്‍ ആഖിര്‍ 07

യൂറോപ്പിന്റെ ജീവിത ദര്‍ശനമായി ഇസ്‌ലാം മാറിക്കൊണ്ടിരിക്കുന്നു

ആര്‍. യൂസുഫ്

പടിഞ്ഞാറന്‍ നാടുകളുടെ അനുഭവം മുന്‍നിര്‍ത്തി പത്തൊമ്പതാം നൂറ്റാണ്ടിലെ മുസ്‌ലിം ചിന്തകന്‍ മുഹമ്മദ് അബ്ദു നടത്തിയ കടുത്ത ആത്മവിമര്‍ശം ഉള്‍ക്കൊള്ളുന്ന ഒരു പ്രസ്താവനയുണ്ട്. അതിപ്രകാരം സംഗ്രഹിക്കാം: ''ഞാന്‍ പടിഞ്ഞാറന്‍ നാടുകളിലൂടെ സഞ്ചരിച്ചു. എനിക്കവിടെ ഇസ്‌ലാമിനെ കാണാനായി; മുസ്‌ലിംകളെ കണ്ടില്ലെങ്കിലും. ഞാന്‍ മുസ്‌ലിം നാടുകളിലേക്ക് തിരിച്ചു സഞ്ചരിച്ചു. എനിക്കവിടെ ധാരാളം മുസ്‌ലിംകളെ കണ്ടുമുട്ടാനായി. പക്ഷേ, ഇസ്‌ലാമിനെ കണ്ടെത്താനായില്ല.'' ഇസ്‌ലാം ഉജ്ജ്വലമായി വിളംബരം ചെയ്യുന്ന സാര്‍വലൗകിക മൂല്യങ്ങളായ നീതി, സമത്വം, അഭിപ്രായസ്വാതന്ത്ര്യം, തുല്യാവകാശം തുടങ്ങിയ മഹിതസങ്കല്‍പങ്ങള്‍ മാത്രമല്ല ശുചിത്വം, കൃത്യനിഷ്ഠ, ഉത്തരവാദിത്തബോധം തുടങ്ങിയ അടിസ്ഥാന ഗുണങ്ങള്‍ പോലും മുസ്‌ലിം നാടുകളില്‍ അനുഭവപ്പെടാതായപ്പോഴാണ് മുഹമ്മദ് അബ്ദുവിന് ഇങ്ങനെ പറയേണ്ടിവന്നത്. മൂല്യങ്ങള്‍ പൂര്‍ണമായി തിരോഭവിച്ചു എന്നല്ല. എന്നാല്‍, 'ഉന്നത ധാര്‍മിക മൂല്യങ്ങളുടെ പൂര്‍ത്തീകരണമാണ് തന്റെ നിയോഗദൗത്യം' എന്ന് പഠിപ്പിച്ച പ്രവാചകനെ താടിയുടെ നീളവും ചൂണ്ടുവിരലിന്റെ ചലനവും മാത്രം നിശ്ചയിക്കുന്ന ഒരു വരണ്ട സാരോപദേശകന്‍ മാത്രമായി ചുരുക്കിക്കെട്ടി. ആ മഹാ പ്രവാചകന്‍ പകര്‍ന്നുതന്ന മനുഷ്യാന്തസ്സ്, മനുഷ്യജീവന്‍, മനുഷ്യസ്വാതന്ത്ര്യം, മനുഷ്യസമത്വം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളെല്ലാം തമസ്‌കരിക്കപ്പെടുന്ന ദുരന്താവസ്ഥ. അങ്ങേയറ്റം പവിത്രമെന്ന് പ്രപഞ്ചനാഥന്‍ വിശേഷിപ്പിച്ച നിരപരാധികളുടെ ജീവന്‍ ഉന്നംവെച്ച് നടക്കുന്ന ഭീകര സ്‌ഫോടനങ്ങള്‍, തൊലിയുടെ നിറം നോക്കി വേതനം നിശ്ചയിക്കുന്ന വിവേചനങ്ങള്‍ മുതല്‍ ഒരു കാര്യവും നേരെ ചൊവ്വെ സമയത്തിന് നിര്‍വഹിക്കാത്ത ആലസ്യം ബാധിച്ച ബ്യൂറോക്രസി വരെയുള്ള വര്‍ത്തമാനകാലാനുഭവങ്ങള്‍ക്കു മുമ്പാണ് മുഹമ്മദ് അബ്ദു ആത്മവിമര്‍ശത്തിന്റെ ശക്തമായ ഈ ഭാഷ ഉപയോഗിച്ചത്. എന്നാല്‍, മറ്റൊരു രീതിയില്‍ പടിഞ്ഞാറിന്റെ തന്നെ ഉപ സംസ്‌കൃതി എന്ന് വിശേഷിപ്പിക്കാവുന്ന അമേരിക്കയെ സമീപിച്ച ചിന്തകനായിരുന്നു സയ്യിദ് ഖുത്വ്ബ്. കിഴക്കിന്റെ പുരോഗതി അമേരിക്കന്‍ സാംസ്‌കാരികാടിത്തറയില്‍ ഊന്നിനിന്നുകൊണ്ട് ഉരുവം കൊള്ളുന്ന പരിഷ്‌കരണ പ്രവര്‍ത്തനങ്ങളിലൂടെ സാധ്യമാകും എന്ന തീര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നു സയ്യിദ് അമേരിക്കയിലേക്ക് യാത്രയായത്. പക്ഷേ, വന്യമായ ഭൗതിക സംസ്‌കൃതിയും ശൂന്യമായ ആത്മീയതയും മാത്രമല്ല മനുഷ്യത്വപരം എന്നു വിശേഷിപ്പിക്കാവുന്ന മൂല്യങ്ങള്‍ പോലും പകര്‍ന്നുനല്‍കുന്നിടത്ത് അമേരിക്ക അനുഭവിക്കുന്ന പ്രതിസന്ധിയുടെ ആഴം തിരിച്ചറിഞ്ഞ് ഈജിപ്തിലേക്ക് മടങ്ങിയ അദ്ദേഹം അന്നുവരെ താന്‍ പ്രതീക്ഷയര്‍പ്പിച്ച ആധുനിക സംസ്‌കാരത്തെ കൈയൊഴിഞ്ഞ് ഇസ്‌ലാമിലേക്ക് തിരിച്ചുനടക്കുകയാണ് ചെയ്തത്. സയ്യിദ് ഖുത്വ്ബിന്റെ ഈ അനുഭവത്തെ നിരാകരിച്ചുകൊണ്ടല്ല അബ്ദുവിന്റെ ആത്മവിമര്‍ശപരമായ വിലയിരുത്തലിനെ സമീപിക്കേണ്ടത്. സയ്യിദ് ഖുത്വ്ബ് പടിഞ്ഞാറ് അനുഭവിക്കുന്ന ആത്മീയ ശൂന്യതയെയും ലക്ഷ്യബോധമില്ലായ്മയെയുമാണ് പ്രശ്‌നവത്കരിക്കുന്നതെങ്കില്‍ അബ്ദു മുസ്‌ലിം ലോകത്തിന്റെ അടുക്കും ചിട്ടയുമില്ലാത്ത സാമൂഹികക്രമത്തെയാണ് പടിഞ്ഞാറുമായി താരതമ്യം ചെയ്ത് വിമര്‍ശവിധേയമാക്കുന്നത്. 

പടിഞ്ഞാറിനെക്കുറിച്ച അബ്ദുവിന്റെ വിലയിരുത്തലില്‍ എത്രമാത്രം ശരിയുണ്ട് എന്ന, പടിഞ്ഞാറന്‍ സാംസ്‌കാരിക തലസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്ന ഏതൊരു മുസ്‌ലിമിന്റെയും മനസ്സില്‍ ഉയര്‍ന്നുവരാനിടയുള്ള സംശയങ്ങളോടെയായിരുന്നു റോമില്‍നിന്ന് പാരീസിലേക്കുള്ള യാത്ര. ജനജീവിതം കൂടുതല്‍ അനുഭവിച്ചറിയാനാവുക വ്യത്യസ്ത പ്രദേശങ്ങളിലൂടെ കരമാര്‍ഗം സഞ്ചരിക്കുമ്പോഴാണ് എന്നതിനാല്‍ പാരീസിലേക്ക് ആകാശയാത്ര ഒഴിവാക്കി തീവണ്ടി തെരഞ്ഞെടുത്തു. റോമിന്റെ വടക്കുഭാഗത്ത് മിലാനില്‍ ഒരു ദിവസം തങ്ങിയ ശേഷം പകല്‍വേളയില്‍ നടത്തിയ പാരീസ്‌യാത്ര പക്ഷേ, ഫ്രഞ്ച് അനുഭവങ്ങള്‍ കൂടുതലായൊന്നും പങ്കുവെക്കാന്‍ മാത്രം സമയെടുത്തുകൊണ്ടുള്ളതായിരുന്നില്ല. ഇസ്‌ലാംഭീതി അതിവേഗം ശക്തിപ്രാപിച്ചുവരുന്ന ഒരു നാടാണ് ഫ്രാന്‍സ് എന്ന വസ്തുതയും, ഞങ്ങള്‍ യാത്ര പുറപ്പെടുന്നതിന്റെ ഒരു ദിവസം മുമ്പ് ഫ്രാന്‍സിലുണ്ടായ ട്രക്ക് ബോംബ് സ്‌ഫോടനം കൂടുതല്‍ ഭീതി വിതച്ചതിനാലും യാത്ര ഒഴിവാക്കണോ എന്ന ചിന്ത മനസ്സിലുണ്ടായിരുന്നു.  പക്ഷേ, യാത്രയിലുടനീളം ഞങ്ങളെ അത്ഭുതപ്പെടുത്തിയത് പുറത്ത് പ്രചരിപ്പിക്കപ്പെടുന്ന ഭീതിയെ ശരിവെക്കുന്ന നിസ്സാര അടയാളങ്ങള്‍ പോലും എവിടെയും ഉണ്ടായില്ല എന്നതാണ്. സാധാരണ ഗതിയില്‍ ഒരു ചെറിയ സൂചന ലഭിക്കുമ്പോഴേക്കും റെയില്‍വേ സ്‌റ്റേഷന്‍ മുതല്‍ എയര്‍പോര്‍ട്ട് വരെ മിലിറ്ററി ബാരക്കാണെന്ന് തോന്നിപ്പിക്കുംവിധം ഡോഗ് സ്‌ക്വാഡും മെറ്റല്‍ ഡിറ്റക്ടറും പട്ടാള യൂനിഫോമും കൊണ്ട് സംഭവമാക്കാറുള്ള ഇന്ത്യനനുഭവങ്ങള്‍ മുന്നില്‍ നിര്‍ത്തി അത്തരമൊന്ന് പ്രതീക്ഷിച്ചാണ് ഞങ്ങള്‍ സഞ്ചരിച്ചത്.  ട്രെയ്ന്‍ ഇറ്റാലിയന്‍ അതിര്‍ത്തി കടന്ന് ഫ്രാന്‍സിലേക്ക് പ്രവേശിച്ചതിനു ശേഷം പോലീസ് ഓഫീസര്‍മാര്‍ എല്ലാ യാത്രക്കാരുടെയും രേഖകള്‍ പരിശോധിച്ചു. അത്രമാത്രം. ഈ പരിശോധന പോലും ഒരു സ്ഥിരം രീതിയല്ല എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്.

യൂറോപ്പിലെ ഏറ്റവും ശ്രദ്ധേയ നഗരങ്ങളിലൊന്ന് എന്ന് കരുതപ്പെടുന്ന പാരീസിന്റെ ഇസ്‌ലാമുമായുള്ള ചരിത്രപരമായ അഭിമുഖീകരണം ആരംഭിക്കുന്നത് എട്ടാം നൂറ്റാിലാണ്. അന്ദലൂസിയന്‍ വസന്തത്തിന്റെ നാളുകളില്‍ ഇന്നത്തെ ഫ്രാന്‍സിന്റെ ഭാഗങ്ങളായ സെപ്റ്റിമാനിയയും അനുബന്ധ പ്രദേശങ്ങളും മുസ്‌ലിം ഭരണത്തിനു കീഴിലായിരുന്നു. ഹിജ്‌റ 95-ല്‍ പാരീസിന്റെ പടിവാതില്‍ക്കല്‍ വരെ മുസ്‌ലിംകളെത്തിയെന്നും ഫ്രാന്‍കിഷ് നായകന്‍ ചാര്‍ലി മാര്‍ട്ടല്‍ യൂറോപ്പിലേക്കുള്ള മുസ്‌ലിം മുന്നേറ്റം തടഞ്ഞുനിര്‍ത്തിയെന്നുമാണ് ചരിത്രം. ഇസ്‌ലാമുമായുള്ള ഈ അഭിമുഖീകരണം മാറ്റിനിര്‍ത്തിയാല്‍ ഫ്രഞ്ചുകാരുടെ ചിത്രം മുസ്‌ലിം മനസ്സില്‍ പ്രത്യക്ഷപ്പെടുക കൊളോണിയല്‍ കാലഘട്ടത്തില്‍ ഫ്രാന്‍സ് നടത്തിയ സംഹാരാത്മകമായ അധിനിവേശചരിത്രവുമായി ബന്ധപ്പെട്ടാണ്. ഇന്ത്യയിലെ ഫ്രഞ്ച് അനുഭവങ്ങളില്‍നിന്ന് വ്യത്യസ്തമായി കൊളോണിയല്‍ ഭീകരതയുടെ മുഖം ശരിക്കും അനുഭവിച്ചവരാണ് ഈജിപ്ത്, അള്‍ജീരിയ, സിറിയ തുടങ്ങിയ മുസ്‌ലിം നാടുകള്‍. ഫ്രഞ്ച് അധിനിവേശ നാളുകളില്‍ ഈജിപ്തിലെ കടുത്ത അധിനിവേശവിരുദ്ധ മുഖമായിരുന്ന മുഹമ്മദ് അബ്ദു, പില്‍ക്കാലത്ത് ഈജിപ്

തിലെ ബ്രിട്ടീഷ് അധിനിവേശ നാളുകളില്‍ മറിച്ചൊരു നിലപാട് സ്വീകരിച്ചതിനെ മുന്‍നിര്‍ത്തി നടന്ന ചില പഠനങ്ങളില്‍ ബ്രിട്ടീഷുകാര്‍ ഫ്രഞ്ചുകാരെ പോലെ കടുത്ത ആക്രമണോത്സുകരായിരുന്നില്ല എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വിയോജിക്കാനാവുന്ന ഒരു വാദമാണ് ഇതെങ്കിലും ഫ്രഞ്ചുകാരുടെ സംഹാരതാണ്ഡവം മുസ്‌ലിം നാടുകളില്‍ കൂടുതല്‍ പ്രകടമായിരുന്നു എന്നത് ഒരു വസ്തുതയാണ്. 1962 വരെയുള്ള 130 വര്‍ഷങ്ങള്‍ ഫ്രഞ്ച് കൊളോണിയലിസത്തിന്റെ സംഹാരാത്മകത അനുഭവിച്ചറിഞ്ഞ അള്‍ജീരിയന്‍ ജനത ഇന്നും അതിന്റെ ആഘാതങ്ങള്‍ പല സ്വഭാവത്തില്‍ പ്രത്യക്ഷപ്പെടുന്നു എന്ന് വിശ്വസിക്കുന്നവരാണ്. 

ഫ്രഞ്ച് കൊളോണിയല്‍ മുഖം ഏറെ ക്രൗര്യതയുള്ളതായിരുന്നുവെങ്കിലും സമകാലിക മുസ്‌ലിം ലോകത്തെ തൊട്ടുണര്‍ത്തിയ പല ചിന്തകള്‍ക്കും പാരീസ് നിമിത്തമായി എന്നത് ഏറെ കൗതുകകരമാണ്. പാരീസിലേക്ക് നാടുകടത്തപ്പെട്ട നാളുകളിലാണ് ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദുവുമായി ചേര്‍ന്ന് അല്‍ ഉര്‍വതുല്‍ വുസ്ഖാ എന്ന  മാഗസിന്‍ ആരംഭിച്ചത്. പാന്‍ ഇസ്‌ലാമിസത്തിലും അധിനിവേശവിരുദ്ധ പോരാട്ടത്തിലും ഊന്നുന്ന ചിന്തകള്‍ മുസ്‌ലിം ലോകത്ത് പ്രചരിപ്പിക്കാന്‍ പാരീസിന്റെ മണ്ണുതന്നെ അവര്‍ക്ക് തുണയായി. 1979-ലെ ഇറാനിയന്‍ വിപ്ലവത്തിന്റെ നാളുകളില്‍ ഖുമൈനിയും പാരീസിന്റെ മണ്ണില്‍നിന്നാണ് തന്റെ വിപ്ലവസന്ദേശങ്ങള്‍ ഇറാനിയന്‍ ജനതക്ക് കൈമാറിയത്. പ്രമുഖ ഇറാനിയന്‍ ചിന്തകന്‍ ഡോ. അലി ശരീഅത്തി മതത്തിന്റെ വിപ്ലവ വായനകള്‍ രൂപപ്പെടുത്തിയത് ഫ്രാന്‍സിലെ സോര്‍ബോണ്‍ യൂനിവേഴ്‌സിറ്റിയിലെ പഠനകാലത്തായിരുന്നു. പ്രബുദ്ധ ചിന്തകന്‍ റോജര്‍ ഗരോഡിയെ സമീപകാല ഇസ്‌ലാമിന് സമ്മാനിച്ചതും ഫ്രാന്‍സ് തന്നെയാണ്.

ഫ്രഞ്ച് പൗരന്മാരെയോ ഫ്രാന്‍സിന്റെ ഭിന്ന സാംസ്‌കാരിക ശേഷിപ്പുകളെയോ തൊട്ടറിയാത്ത ഒരു ഓട്ട പ്രദക്ഷിണം മാത്രമായതിനാല്‍ പാരീസിനെ മുന്‍നിര്‍ത്തി ഒരു സാമാന്യ തീര്‍പ്പിലെത്താന്‍ തുനിയുന്നില്ല. പാരീസില്‍ ഗവേഷണം നടത്തുന്ന മലയാളികളായ മഞ്ചേരി സ്വദേശി ആബിദ് റഹ്മാനെയും പഴയങ്ങാടി സ്വദേശി അബ്ദുല്ലാ അബ്ദുസ്സലാമിനെയും സന്ദര്‍ശിക്കുക എന്നതും, വാഴ്ത്തപ്പെടുന്ന യൂറോപ്യന്‍ പുരോഗതിയെ ചെറുതായൊന്ന് കണ്ടറിയുക എന്നതുമായിരുന്നു യാത്രയുടെ മുഖ്യ ലക്ഷ്യം. ആധുനികതയോട് മത്സരിച്ചുകൊണ്ട് മാത്രമേ ചരിത്രത്തില്‍ ഇടം പിടിക്കാനാവൂ എന്ന ബോധത്തെ പ്രതിഫലിപ്പിക്കുന്ന ക്വാലാലംപൂരില്‍നിന്ന് വന്നതിനാലാവാം പാരീസ് ഒരു അത്ഭുതമായൊന്നും അനുഭവപ്പെട്ടില്ല. ലോകാത്ഭുതങ്ങളില്‍ ഒന്നായ ഈഫല്‍ ടവര്‍ പോലും സാധാരണ ഏതൊരു ആധുനിക നഗരത്തിലെയും കാഴ്ച പോലെ. ജീവിതമത്സരത്തിലേര്‍പ്പെടുന്ന ജനങ്ങളുടെ ധൃതിയെയും തിരക്കിനെയും തൃപ്തിപ്പെടുത്താന്‍ ഉതകുന്ന പൊതു യാത്രാ സംവിധാനങ്ങളും സൗകര്യങ്ങളും. ഭംഗിയേക്കാള്‍ സൗകര്യത്തിന് മുന്‍ഗണന എന്ന ആശയം റെയില്‍വേ സ്റ്റേഷനുകളും എയര്‍പോര്‍ട്ടുകളും പ്രതിഫലിപ്പിക്കുന്നു എന്നതാണ് എടുത്തു പറയേണ്ട പ്രത്യേകത. സൗന്ദര്യാവിഷ്‌കാരങ്ങള്‍ക്ക് പേരുകേട്ട പാരീസിലെ ഈ കാഴ്ച യൂറോപ്പില്‍ പൊതുവെ കണ്ടുവരുന്ന പ്രവണതയാണെന്ന് തോന്നുന്നു.

ചില്ലുപാളികള്‍ കൊണ്ട് നിര്‍മിക്കപ്പെടുന്ന കെട്ടിടങ്ങളാണ് പുരോഗതിയുടെ അടയാളം എന്ന സമകാലിക മുസ്‌ലിം നഗരസംവിധാന മനശ്ശാസ്ത്രത്തെ ഒരുപരിധിവരെ പരിഹസിക്കുന്നുണ്ട് മാഡ്രിഡും റോമും പാരീസും. ഈ വ്യത്യാസം ഏറ്റവും നന്നായി അനുഭവപ്പെടുന്നത് വീടുനിര്‍മാണത്തിലാണെന്നാണ് ആബിദിന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ മനസ്സിലായത്. പാരീസ് നഗരത്തിന്റെ പ്രാന്തപ്രദേശമായ അവിടെയുള്ള വീടുകളെല്ലാം വളരെ ലളിതവും പാരമ്പര്യരീതിയിലുള്ളതുമാണ്. കോടികള്‍ ചെലവഴിച്ചുണ്ടാക്കുന്ന കോണ്‍ക്രീറ്റ് സൗധങ്ങള്‍ക്ക് ജീവിതസമ്പാദ്യം മുഴുവന്‍ തുലക്കുന്ന മലയാളികള്‍ക്ക് ഒരത്ഭുത കാഴ്ച തന്നെയാണ് യൂറോപ്പിലെ മിക്ക വീടുകളും. പുറംമോടിയേക്കാള്‍ അകത്തുള്ള സൗകര്യത്തിന് പ്രാധാന്യം കൊടുക്കുന്നു അവ. പുറത്തുനിന്ന് നോക്കുമ്പോള്‍ ചെറിയ പെട്ടിക്കൂടാണെന്ന് തോന്നും പലതും. 

വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ, തൊഴില്‍ സുരക്ഷ തുടങ്ങിയ മേഖലകളില്‍ ഫ്രാന്‍സ് സ്വീകരിക്കുന്ന സമീപനം ഏതൊരു മുസ്‌ലിം നാടിനെയും ലജ്ജിപ്പിക്കും എന്നാണ് അവിടത്തെ അനുഭവങ്ങള്‍ മലയാളി സുഹൃത്തുക്കള്‍ പങ്കുവെച്ചപ്പോള്‍ മനസ്സിലായത്. കുടിയേറ്റവിരുദ്ധ സംഘങ്ങള്‍ ശക്തിയാര്‍ജിച്ചുവരുന്ന ഈ കാലത്ത് വിദേശിയെ എപ്പോഴും ഭീഷണിയായി കാണുന്ന സമീപനം ഫ്രാന്‍സിന്റെ മുഖമുദ്രയായിരിക്കും എന്ന മുന്‍ധാരണ തീര്‍ത്തും തെറ്റാണെന്ന് തിരിച്ചറിഞ്ഞത് ഈ സംഭാഷണങ്ങളിലൂടെയാണ്. തൊഴില്‍ ചെയ്യാനായി രാജ്യത്തെത്തുന്ന വിദേശികള്‍ക്ക് ലഭിക്കുന്ന പരിരക്ഷയാണ് ഇതില്‍ ഏറ്റവും പ്രധാനം. സ്വദേശികള്‍ക്ക് ആവിഷ്‌കരിച്ച തൊഴില്‍ സുരക്ഷയുടെ ഭാഗമായുള്ള ഇടക്കാല പെന്‍ഷന്‍, അഥവാ തൊഴില്‍ നഷ്ടപ്പെടുമ്പോള്‍ മറ്റൊരു തൊഴില്‍ കിട്ടുന്നതുവരെയുള്ള മാസാന്ത ശമ്പളം വിദേശികള്‍ക്കും ലഭിക്കും എന്നതാണ് ഇതില്‍ പ്രധാനം. രാജ്യത്ത് എത്തിപ്പെടുന്ന ഏതെങ്കിലും വിദേശിക്ക്  തന്റെ വിസാകാലാവധി അവസാനിക്കും മുമ്പ് നിലവിലുള്ള തൊഴില്‍ നഷ്ടപ്പെടുകയാണെങ്കില്‍, വിസാ കാലാവധി കഴിയും വരെയോ മറ്റൊരു തൊഴില്‍ ഉറപ്പുവരുത്തുന്നതു വരെയോ മാസശമ്പളം മുടങ്ങാതെ ലഭ്യമാക്കുന്നു ഈ സംവിധാനം. ഫ്രാന്‍സ് ഇപ്പോഴും പിന്തുടരുന്ന സോഷ്യലിസ്റ്റ് പക്ഷ രാഷ്ട്രീയ സമീപനത്തിന്റെ ഉദാഹരണമാണ് ഇതെന്നാണ് ആബിദ് വിശ്വസിക്കുന്നത്. സ്വദേശികള്‍ക്ക് ലഭിക്കുന്ന സൗജന്യ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍, മെഡിക്കല്‍ സുരക്ഷാ പദ്ധതികള്‍ തുടങ്ങിയവ എല്ലാം വിദേശികള്‍ക്കും ഇപ്രകാരം ലഭിക്കും. വിവേചനരഹിതമായ ഇത്തരം സമീപനങ്ങള്‍ അവസാനിപ്പിക്കണമെന്നതാണ് കുടിയേറ്റവിരുദ്ധ വലതുപക്ഷ ശക്തികള്‍ ഇന്ന് ആവശ്യപ്പെടുന്നത്.

വിദ്യാഭ്യാസരംഗത്ത്, പ്രത്യേകിച്ച് പ്രീ സ്‌കൂളുകളില്‍ പിന്തുടരുന്ന സമീപനങ്ങളും പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നുണ്ട്. പാഠപുസ്തകങ്ങള്‍ കൊച്ചുകുട്ടികളില്‍ അടിച്ചേല്‍പിക്കുന്നതിനു പകരം കുട്ടികളുടെ ക്രിയാത്മക ശേഷിയും സര്‍ഗാത്മക കഴിവുകളും ഭാവനാ ശക്തിയും പരിപോഷിപ്പിക്കാനുതകുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഏഴു വയസ്സ് വരെയുള്ള പ്രൈമറി തലത്തില്‍ ഒരു പുസ്തകവും കുട്ടികള്‍ കരുതരുത് എന്നതാണ് ഈ സമീപനത്തില്‍ ഏറ്റവും പ്രധാനം. പുസ്തകങ്ങള്‍ കരുതാത്ത, രക്ഷിതാക്കളെ പുസ്തകങ്ങള്‍ പഠിപ്പിക്കാന്‍ അനുവദിക്കാത്ത ഈ സമീപനം ഒരാശയം എന്ന അര്‍ഥത്തില്‍ ലോകത്ത് ശ്രദ്ധേയമാണെങ്കിലും പ്രായോഗികതലത്തില്‍ ഈ രൂപത്തില്‍ ആരംഭിച്ച പല സംവിധാനങ്ങളും നിലവിലുള്ള രീതിയുടെ വകഭേദം തന്നെയായി മാറുന്നതാണ് അനുഭവം. പുസ്തകരഹിതമായ സ്‌കൂള്‍ ഘടനയും ഹോം വര്‍ക്ക് ഇല്ലാത്ത പഠനരീതിയും ഉള്‍ക്കൊള്ളാന്‍ വിസമ്മതിക്കുന്ന രക്ഷിതാക്കളും വ്യത്യസ്തമായ പരീക്ഷണങ്ങളെ പരാജയപ്പെടുത്തുന്നുണ്ട്. ഭാവനാശൂന്യരായ അധ്യാപകരാകട്ടെ പുസ്തകങ്ങളില്ലാത്ത ക്ലാസ് മുറികളില്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയും ചെയ്യുന്നു. ഇവിടെയാണ് ഫ്രാന്‍സിലെ സ്‌കൂളുകള്‍ ഒരു പരിധിവരെ വ്യത്യസ്തമാവുന്നത്. ഈ രീതിയെ വിശദമായി പരാമര്‍ശിക്കാന്‍ മാത്രം സ്‌കൂളുകള്‍ സന്ദര്‍ശിക്കാനോ അധ്യാപകരുടെ രീതികള്‍ മനസ്സിലാക്കാനോ സാധിച്ചില്ല എന്നത് ഒരു പോരായ്മയായി അനുഭവപ്പെടുന്നു.

കടുത്ത കുടിയേറ്റവിരുദ്ധ വംശീയ പ്രസ്ഥാനങ്ങള്‍ ഫ്രാന്‍സില്‍ ജനപിന്തുണ ആകര്‍ഷിക്കുന്നുണ്ടെങ്കിലും സാമാന്യ ജനതക്കിടയില്‍ മുസ്‌ലിംകളോട് കടുത്ത ശത്രുതയില്ല എന്ന് ഉറച്ചുവിശ്വസിക്കുന്നവരാണ് ആബിദും അബ്ദുല്ലയും. ഒരാളുടെ മതപരവും വംശീയവുമായ വേരുകളേക്കാള്‍ കാര്യക്ഷമതയാണ് തൊഴിലിടങ്ങളിലും മറ്റും വിലമതിക്കപ്പെടുന്നത് എന്നതാണ് അവരുടെ അനുഭവം. നിയമവ്യവസ്ഥയിലും മനുഷ്യാവകാശത്തിലും വിശ്വസിക്കുന്നവരാണ് പൊതുജനങ്ങള്‍ എന്നത് എല്ലാതരം വംശീയ അധിക്ഷേപങ്ങളെയും അതിജയിച്ച് മുസ്‌ലിംകളോട് വിദ്വേഷരഹിതമായ സമീപനം സ്വീകരിക്കാന്‍ അവരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകമാണ്. അതേയവസരം കൊട്ടിഘോഷിക്കപ്പെടുന്ന യൂറോപ്യന്‍ പുരോഗതി കൊണ്ടൊന്നും പരിഹരിക്കാനാവാത്തവിധം അസ്വസ്ഥമാണ് ചിന്താശീലരായ നല്ലൊരു ശതമാനത്തിന്റെ മനസ്സ്. ഇതാണ് ആധ്യാത്മികതയെയും മനുഷ്യന്റെ ഭൗതികാവശ്യങ്ങളെയും സമന്വയിപ്പിക്കുന്ന ദര്‍ശനമെന്ന നിലയില്‍ ഇസ്‌ലാമിനെ അന്വേഷിക്കാന്‍ ഫ്രഞ്ച് ജനതയെ പ്രേരിപ്പിക്കുന്നത്. ഇസ്‌ലാമിന് ലഭിക്കുന്ന ഈ സ്വീകാര്യതയാണ് വലതുപക്ഷ വംശീയ പ്രസ്ഥാനങ്ങളെ ഇന്ന് അസ്വസ്ഥമാക്കുന്നതും. 

ഇസ്‌ലാമും മുസ്‌ലിംകളും ഫ്രാന്‍സിലെ ഏറ്റവും സജീവമായ സാന്നിധ്യമാണിന്ന്. ഫ്രാന്‍സിലെ ജനസംഖ്യയുടെ പത്തു ശതമാനത്തോളം വരുന്ന ഫ്രഞ്ച് മുസ്‌ലിംകളാണ് യൂറോപ്പിലെ ഏറ്റവും വലിയ മുസ്‌ലിം സാന്നിധ്യം. അക്കാരണത്താല്‍ തന്നെ മുസ്‌ലിം കൂട്ടായ്മകളും മസ്ജിദുകളും എല്ലായിടങ്ങളിലും കാണാം. ഫ്രഞ്ച് ഭരണകൂടത്തിന്റെ മതേതര സോഷ്യലിസ്റ്റ് സമീപനത്തിന്റെ ഏറ്റവും നല്ല പ്രായോജകര്‍ ഇസ്‌ലാമും മുസ്‌ലിംകളുമാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നത് വലതുപക്ഷ ഇസ്‌ലാംഭീതിയുടെ വക്താക്കളാണ്. മുസ്‌ലിംകളെ പ്രകോപിപ്പിച്ചും അവഹേളിച്ചും ജനാധിപത്യഘടനയുടെയും ഭരണകൂടത്തിന്റെയും ശത്രുക്കളായി പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ ഫ്രാന്‍സില്‍ ഇന്ന് വ്യാപകമാവുന്നതിന്റെ സുപ്രധാന കാരണം ഇസ്‌ലാമിന് പൊതുസമൂഹത്തില്‍ 

കിട്ടുന്ന ഈ സ്വീകാര്യത തന്നെയാണ്. ഹിജ്‌റ 95-ല്‍, അഥവാ സി.ഇ 732-ല്‍ ചരിത്ര പ്രസിദ്ധമായ ടൂര്‍സ് യുദ്ധത്തില്‍ (Battle of Tours) അന്ദലൂസിലൂടെ മുന്നേറുകയായിരുന്ന ഉമവീ സേനയെ ചാര്‍ലി മാര്‍ട്ടല്‍ പരാജയപ്പെടുത്തിയത് മുന്‍നിര്‍ത്തി യൂറോപ്യന്‍ ചരിത്രകാരന്മാരും മുസ്‌ലിം ചരിത്രകാരന്മാരും എത്തിച്ചേര്‍ന്ന വ്യത്യസ്തമായ നിഗമനങ്ങളും വിലയിരുത്തലുകളുമുണ്ട്. മൂറുകളെ (മുസ്‌ലിംകള്‍ അധിക്ഷേപസ്വരത്തില്‍ വിശേഷിപ്പിക്കപ്പെട്ടത് അങ്ങനെയാണ്) തടഞ്ഞുനിര്‍ത്തി യൂറോപ്പിനെ സംരക്ഷിച്ച വീരനായകനായാണ് ചാര്‍ലിയെ പടിഞ്ഞാറന്‍ ക്രൈസ്തവ ചരിത്രകാരന്മാരില്‍ ചിലരെങ്കിലും വിശേഷിപ്പിക്കുന്നത്. മുസ്‌ലിം ചരിത്രകാരന്മാരാകട്ടെ, ഇസ്‌ലാമിന്റെ വ്യാപനത്തിന് അന്ത്യം കുറിക്കപ്പെട്ട ഇരുണ്ട അധ്യായമാണ് ഈ ചരിത്രനിമിഷം എന്നും കരുതുന്നു. എന്നാല്‍, ചരിത്രസംഭവങ്ങളെ മുന്‍നിര്‍ത്തി പലരും എത്തിപ്പെട്ട ഈ നിഗമനങ്ങളൊന്നും അന്തിമതീര്‍പ്പല്ല എന്നതാണ് വാസ്തവം. അന്ദലൂസിയന്‍ വസന്തം ഫ്രാന്‍സിലേക്ക് അക്കാലത്ത് വ്യാപിച്ചിരുന്നുവെങ്കില്‍ ഗ്രാനഡയിലും കൊര്‍ദോവയിലും സെവില്ലയിലും ടൊളിഡയിലും നടന്ന വംശീയ ശുദ്ധീകരണത്തില്‍നിന്ന് ഫ്രാന്‍സ് മാത്രം മുക്തമാകുമായിരുന്നോ? 'അങ്ങനെയായിരുന്നുവെങ്കില്‍' എന്ന പരികല്‍പനക്ക് ചരിത്രവും വര്‍ത്തമാനവും വിശകലനം ചെയ്യുന്നിടത്ത് പ്രത്യേകിച്ച് സ്ഥാനമൊന്നുമില്ലെങ്കിലും വര്‍ത്തമാനകാല ഫ്രാന്‍സും യൂറോപ്പും അടിവരയിടുന്ന ഒരു യാഥാര്‍ഥ്യമുണ്ട്. സംഹാരാത്മകമായ തുടച്ചുനീക്കലുകളിലൂടെ അന്ദലൂസ് ചരിത്രത്തില്‍ മറഞ്ഞെങ്കിലും, പാരീസിന്റെ പടിവാതില്‍ക്കല്‍ എട്ടാം നൂറ്റാണ്ടില്‍ തടഞ്ഞുനിര്‍ത്തപ്പെട്ട ജനവിഭാഗത്തിന്റെ ആശയങ്ങളും വിശ്വാസപ്രമാണങ്ങളും മറ്റൊരു വഴിയിലൂടെ എല്ലാതരം വംശീയ ശുദ്ധീകരണത്തെയും അതിജയിച്ച് ഫ്രാന്‍സിലെ ഏറ്റവും വലിയ രാമത്തെ മതസമൂഹത്തിന്റെ ജീവിത ദര്‍ശനമായി വളര്‍ന്നുവന്നിരിക്കുന്നു. ഒരു ശക്തിക്കും തുടച്ചുനീക്കാനാവാത്ത വിധം അകത്തുനിന്നുള്ളവരുടെ തന്നെ ജീവിത തത്ത്വശാസ്ത്രമായി യൂറോപ്യന്‍ ചക്രവാളത്തില്‍ ഇസ്‌ലാം മാറിക്കൊണ്ടിരിക്കുന്നു.  

(അവസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (53-54)
എ.വൈ.ആര്‍

ഹദീസ്‌

തര്‍ക്കം നേരിലെത്തിക്കില്ല
ജുമൈല്‍ കൊടിഞ്ഞി