ബംഗാളി
അലക്കിയിട്ടും
കറ പോകാതെ
ഉണങ്ങാനിട്ട
അവന്റെ വസ്ത്രങ്ങള്‍
നിന്നെ
അലോസരപ്പെടുത്തുന്നു....
ഉള്ളിമണമുള്ള
അവന്റെ വിയര്‍പ്പുചൂര്..
കണ്ണിറുക്കിയ ചിരി
മഞ്ഞ പടര്‍ന്ന പല്ലുകള്‍
വംഗ ഭാഷ..
ഒന്നും നിനക്ക് പഥ്യമല്ല..
മാടോ, യന്ത്രമോ
വിരാമമില്ലാത്ത പണിയോ
ഹൃദയശൂന്യനോ ആണ്
നിനക്കു മാത്രമവന്‍..
കണ്ണ് തെറ്റിയാല്‍
കട്ടുപോകുന്നവന്‍
പരദേശി...
നിന്റെ കഴുകന്‍ കണ്ണുകള്‍
അവനെ കോര്‍ത്തെടുത്തു
കുത്തുവാക്കുകളുടെ
വറചട്ടിയില്‍
അവന്‍ പൊരിഞ്ഞു...
'മിണ്ടണ്ടാതിരുന്ന് പണിചെയ്യൂ'
എന്ന്, നാഴികക്ക് നാല്‍പതുവട്ടം
നീ അട്ടഹസിച്ചു...
രണ്ടണ്ടണ്ടാഴ്ച കൂടി മാത്രം
നിനക്കീ അധികാരം..
അതുകഴിഞ്ഞ് സ്വപ്നങ്ങള്‍ കുത്തിനിറച്ച
ഒരു പെട്ടിയുമേറ്റി
നീ തിരിച്ചുപറക്കും...
നാല്‍പ്പത്തിരണ്ടണ്ടു
ഡിഗ്രിയുടെ ചൂടില്‍
നിന്നിലടിഞ്ഞുകൂടിയ
നെയ്യുരുകും..
അറബിച്ചെക്കന്മാര്‍
'ഹിമാര്‍.. ഹയവാന്‍..' എന്ന്
നിന്നെ തുപ്പിയാട്ടും..
പിന്നെ
ബംഗാളി ചെയ്ത
അതേ പണികള്‍
അവരുടെ ഭാഷയില്‍
നീ ചെയ്യും
നിന്റെ മേനിയില്‍
അവരുടെ തുപ്പല്‍
വീണുണങ്ങും
കൂടുതല്‍ കടുപ്പമേറിയ
കുത്തുവാക്കുകള്‍ കേട്ട്
ഉള്ളില്‍ കരയും...
കൂട്ടിക്കിഴിച്ചുനോക്കുമ്പോള്‍
നിന്നേക്കാള്‍
ഒരല്‍പം ഭാഗ്യക്കൂടുതല്‍
ആ ബംഗാളിക്കു തന്നെയാകില്ലേ!
Comments