Prabodhanm Weekly

Pages

Search

2016 ഒക്ടോബര്‍ 14

2971

1438 മുഹറം 13

നിതീഷ് കുമാറിനെ കണ്ടു പഠിക്കൂ

കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ പുതിയൊരു അബ്കാരി ഭേദഗതി നിയമം കൊണ്ടുവന്ന് മദ്യ -മീഡിയാ മുതലാളിമാരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നേരത്തേ നിതീഷ് കുമാര്‍ ഒരു അബ്കാരി ഭേദഗതി നിയമം കൊണ്ടുവന്നിരുന്നു. മദ്യ മുതലാളിമാരെ അത് ചെറുതായൊന്നുമല്ല ചൊടിപ്പിച്ചത്. സകല ചാനലുകളിലും പത്രങ്ങളിലും പ്രമുഖരെ ഇറക്കിയാണ് മദ്യമുതലാളിമാര്‍ ആഞ്ഞടിച്ചത്. ദേശീയ മാധ്യമങ്ങളെന്ന് സ്വയം അഭിമാനിക്കുന്ന പത്രങ്ങളൊക്കെയും എഡിറ്റ് പേജില്‍ ഈ 'കാടന്‍' നിയമത്തിനെതിരെ ഉറഞ്ഞുതുള്ളി. യശ്വന്ത് സിന്‍ഹ എന്ന മുന്‍ ബി.ജെ.പി നേതാവ്, 'നിതീഷ് പിശാച് ബാധിച്ചവനെപ്പോലെ പെരുമാറുന്നു' എന്നാണ് അധിക്ഷേപിച്ചത്. ഒടുവില്‍ പ്രശ്‌നം ഹൈക്കോടതി കയറി; നിതീഷിന്റെ അബ്കാരി ഭേദഗതി നിയമം റദ്ദാക്കപ്പെടുകയും ചെയ്തു. ഗാന്ധിജയന്തി ദിനത്തില്‍, പാറ്റ്‌ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് അറിയിച്ച നിതീഷ് കുമാര്‍, ഹൈക്കോടതി തള്ളിയ അബ്കാരി നിയമത്തേക്കാള്‍ കര്‍ശനമായ മറ്റൊരു നിയമം കൊണ്ടുവന്നിരിക്കുകയാണ്.

ഹൈക്കോടതി റദ്ദാക്കിയ നിയമത്തിലെയും അതിനു ശേഷം പ്രഖ്യാപിച്ച നിയമത്തിലെയും ചട്ടങ്ങള്‍ വളരെ കര്‍ക്കശമാണ്. അതാണ് മദ്യലോബികള്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഒരാള്‍ മദ്യം കുടിക്കുകയോ സൂക്ഷിക്കുകയോ ചെയ്താല്‍ കുടുംബത്തിലെ പ്രായപൂര്‍ത്തിയായ മുഴുവന്‍ പേരെയും ശിക്ഷിക്കാം, മിനിമം ശിക്ഷ പത്തു വര്‍ഷത്തെ ജയില്‍വാസം, കുറ്റത്തിന്റെ സ്വഭാവമനുസരിച്ച് ആജീവനാന്ത തടവോ കാപിറ്റല്‍ പണിഷ്‌മെന്റ് തന്നെയോ ലഭിച്ചെന്നു വരാം. കുറ്റാരോപിതന്നാണ് താന്‍ നിരപരാധിയാണെന്ന് തെളിയിക്കേണ്ട ബാധ്യത, മദ്യം കുടിക്കുകയോ സൂക്ഷിക്കുകയോ ചെയ്താലുള്ള കേസുകളില്‍ ജാമ്യത്തിന് വകുപ്പുണ്ടായിരിക്കില്ല, നാടന്‍ മദ്യം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പാത്രങ്ങളോ ചേരുവകളോ കണ്ടെത്തിയാല്‍തന്നെ കേസെടുക്കാന്‍ അത് മതിയാവും, മദ്യം കുടിക്കുകയോ സൂക്ഷിച്ചുവെക്കുകയോ ചെയ്ത സ്ഥലം കണ്ടുകെട്ടാന്‍ അധികാരമുണ്ടായിരിക്കും, നിയമം ലംഘിക്കുന്നവര്‍ക്കതിരെ ജില്ലാ കലക്ടര്‍മാര്‍ക്ക് വന്‍പിഴ ചുമത്താം പോലുള്ള കാര്‍ക്കശ്യങ്ങള്‍ ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നാണ് വാദം.

നിയമങ്ങള്‍ കര്‍ക്കശമാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഈ നീക്കം വിജയിക്കുമോ എന്നതും കണ്ടുതന്നെ അറിയണം. കടുത്ത മദ്യവിരുദ്ധനായ മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായിരിക്കെ 1979-ല്‍ അന്നത്തെ ബിഹാര്‍ മുഖ്യമന്ത്രി കര്‍പ്പൂരി ഠാക്കൂര്‍ ബിഹാറില്‍ ഒരിക്കല്‍ മദ്യനിരോധനം പരീക്ഷിച്ചതാണ്. ഒന്നര വര്‍ഷമേ അതിന് ആയുസ്സുണ്ടായുള്ളൂ. പിന്നീട് വന്ന മുഖ്യമന്ത്രി രാംസുന്ദര്‍ദാസ് അത് എടുത്തുകളഞ്ഞു. മദ്യപാനം സ്വമേധയാ ഉപേക്ഷിക്കാന്‍ തയാറില്ലാത്ത ഒരു സമൂഹത്തില്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചതുകൊണ്ട് മാത്രം വിജയിക്കാനാവില്ലെന്നതിന് അമേരിക്കയില്‍നിന്നുതന്നെ സാക്ഷ്യങ്ങളുണ്ടല്ലോ. മദ്യപാനം സ്വമേധയാ ഉപേക്ഷിച്ച മുഹമ്മദ് നബി(സ)യുടെ അനുചരന്മാര്‍ക്കു മാത്രമേ ഇക്കാര്യത്തില്‍ മികച്ച മാതൃക കാഴ്ചവെക്കാനായിട്ടുള്ളൂ.

തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് താന്‍ പൂര്‍ത്തീകരിക്കുന്നത് എന്നാണ് നിതീഷിന്റെ മറുപടി. അന്നാരും അതിനെ എതിര്‍ത്തില്ലല്ലോ. 1931-ല്‍ 'യംഗ് ഇന്ത്യ'യില്‍ ഗാന്ധിജി എഴുതിയ വരികളും അദ്ദേഹം ഓര്‍മിപ്പിക്കുന്നു: ''ഒരു മണിക്കൂര്‍ നേരത്തേക്ക് മുഴുവന്‍ ഹിന്ദുസ്താന്റെയും ഏകാധിപതിയായി എന്നെ നിശ്ചയിക്കുകയാണെങ്കില്‍, എന്റെ ആദ്യ തീരുമാനം കള്ളുഷാപ്പുകള്‍ അടച്ചുപൂട്ടലായിരിക്കും.'' മദ്യപാനമോ മദ്യനിര്‍മാണമോ ഒന്നും മൗലികാവകാശങ്ങളില്‍പെട്ടതല്ലെന്നും, അതിനാല്‍ അത്തരം തിന്മകള്‍ തടയാന്‍ നിയമങ്ങള്‍ കൊണ്ടുവരുന്നതിന് ഭരണഘടന എതിരല്ലെന്നും അദ്ദേഹം സമര്‍ഥിക്കുന്നു. ബിഹാറിന്റെ വിവിധ ഭാഗങ്ങളില്‍ അഞ്ചു ലക്ഷം സന്നദ്ധ പ്രവര്‍ത്തകരാണ് മദ്യവിരുദ്ധ ബോധവത്കരണ യത്‌നങ്ങളുമായി രംഗത്തിറങ്ങിയത്. ഒരു കോടിയിലധികം കുടുംബനാഥന്മാര്‍ ഇനി തങ്ങള്‍ മദ്യം തൊടില്ലെന്ന് പ്രതിജ്ഞ ചെയ്തു. മദ്യപാനത്തിന്റെ ദൂഷ്യങ്ങള്‍ അനുഭവിക്കുന്ന കോടിക്കണക്കിന് സ്ത്രീകളും കുട്ടികളും തന്നോടൊപ്പമുണ്ടെന്നും നിതീഷ് കൂട്ടിച്ചേര്‍ക്കുന്നു.

മദ്യാസക്തി ഭീമമായി വര്‍ധിക്കുകയും മദ്യം വെള്ളം പോലെ സുലഭമാവുകയും ചെയ്യുന്ന ഒരു കാലത്ത് നിതീഷിന്റെ യത്‌നങ്ങള്‍ ഫലം കാണുമോ എന്ന ആശങ്ക അസ്ഥാനത്തല്ല. അദ്ദേഹത്തിന്റെ പിന്‍ഗാമി തന്റെ പാര്‍ട്ടിയില്‍ പെട്ടവനായാല്‍ പോലും ഈ മദ്യനയം തുടര്‍ന്നുകൊള്ളണമെന്നില്ല. അത്രക്ക് കനത്ത സമ്മര്‍ദമാണ് മദ്യലോബി ചെലുത്തിക്കൊണ്ടിരിക്കുന്നത്. ആ സമ്മര്‍ദങ്ങളെ ചെറുക്കാന്‍ കാണിച്ച ചങ്കൂറ്റത്തിന് കൊടുക്കണം നൂറ് മാര്‍ക്ക്. നിതീഷിന്റെ നീക്കങ്ങള്‍ ക്രിയാത്മക ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഛത്തീസ്ഗഢിലും ഝാര്‍ഖണ്ഡിലും ഉത്തര്‍പ്രദേശിലും മദ്യനിരോധത്തെക്കുറിച്ച ചര്‍ച്ചകള്‍ സജീവമാണ്.

കേരളത്തിലോട്ടു വരാം. ഗാന്ധിജയന്തി ദിനത്തില്‍ ഇടതുപക്ഷ ഗവണ്‍മെന്റ് എടുത്ത തീരുമാനമെന്താണ്? ഓരോ ഗാന്ധിജയന്തി ദിനത്തിലും പത്ത് ശതമാനം ഔട്ട്‌ലെറ്റുകള്‍ പൂട്ടുമെന്ന യു.ഡി.എഫ് ഗവണ്‍മെന്റിന്റെ തീരുമാനം വേണ്ടെന്ന് വെച്ചു. മദ്യം ഒഴുക്കിയാലേ ടൂറിസം വികസിക്കൂ എന്ന് വകുപ്പുമന്ത്രിയെക്കൊണ്ടുതന്നെ പറയിപ്പിക്കുന്നു. 'മദ്യവര്‍ജന'ത്തിന്റെ മറവില്‍ മദ്യം യഥേഷ്ടം ഒഴുക്കുന്നു. കഴിഞ്ഞ ഓണനാളുകളില്‍ പതിനഞ്ച് ശതമാനമാണ് മദ്യവില്‍പനയിലുണ്ടായ വര്‍ധനവ്. കള്ള് ചെത്ത് തൊഴിലാളികളുടെ കുടുംബങ്ങളെ ഓര്‍ത്തിട്ടൊന്നുമല്ല ഈ ഉദാര മദ്യനയം എന്ന് എല്ലാവര്‍ക്കുമറിയാം. പിന്നില്‍ കളിക്കുന്നത് മദ്യമുതലാളിമാരാണ്. അവരെ പിടിച്ചുകെട്ടാന്‍ നമുക്കൊരു നിതീഷ് കുമാര്‍ ഇല്ലാതെ പോയി


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 7-10
എ.വൈ.ആര്‍