കേരളത്തെ തൊട്ടറിഞ്ഞ പരിപാടികള്‍
പലതരം ജാതി-മത-വര്‍ഗങ്ങളായും ഭൂമിശാസ്ത്രാതിര്‍ത്തികളാല്‍ വെട്ടിമാറ്റപ്പെട്ട പൗരന്മാരായും വിഭജിതമായ സമൂഹത്തില്‍ ഐക്യവും സൗഹൃദവും തേടിയുള്ള അന്വേഷണമായിരുന്നു ജമാഅത്തെ ഇസ്‌ലാമി രാജ്യവ്യാപകമായി സംഘടിപ്പിച്ച 'സമാധാനം മാനവികത' കാമ്പയിന്‍. സെപ്റ്റംബര്‍ ഒന്ന് മുതല്‍ 15 വരെയായിരുന്നു കേരളത്തില്‍ കാമ്പയിന്‍.
അനുദിനം കലുഷമായിക്കൊണ്ടിരിക്കുന്ന സാമൂഹികാവസ്ഥയെ സംബന്ധിച്ച നീറുന്ന വേദനകളാണ് സമാധാനത്തെയും മാനവികതയെയും കുറിച്ച് രാജ്യനിവാസികളോട് സംവദിക്കാന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ പ്രേരിപ്പിച്ചത്. വിവിധ സമൂഹങ്ങളായും വംശങ്ങളായും നിലനില്‍ക്കുമ്പോഴും പരസ്പര സ്‌നേഹവും സാഹോദര്യവും പങ്കു വെച്ചുകൊണ്ട് മാത്രമേ മാനവികതക്ക് നിലനില്‍പ്പുള്ളൂ. മാനവിക കാഴ്ചപ്പാടിനെ നിരാകരിച്ചുകൊണ്ട്, സാമുദായികതയും വര്‍ഗീയ ധ്രുവീകരണവും കൈമുതലാക്കി രാജ്യത്തെയും ജനതയെയും വരുതിയിലാക്കുന്നത് ശക്തിയെയല്ല, ദൗര്‍ബല്യത്തെയാണ് വെളിപ്പെടുത്തുന്നത് എന്ന സന്ദേശമാണ് കാമ്പയിന്‍ മുന്നോട്ടുവെച്ചത്. ഉള്ളുതുറന്ന ഹൃദയ ബന്ധങ്ങള്‍ സ്ഥാപിച്ചുകൊണ്ടു മാത്രമേ രാജ്യത്ത് സമാധാനത്തിന്റെ പുലര്‍ച്ച സാധ്യമാവൂ. വര്‍ഗീയതയുടെ ചെറുതീപ്പൊരികള്‍ പോലും കണ്ടെടുത്ത് നിര്‍വീര്യമാക്കാവുന്ന തരത്തില്‍ പ്രാദേശിക തലങ്ങളില്‍ കൂട്ടായ്മകള്‍ രൂപപ്പെടുത്താനും കാമ്പയിന്‍ ആഹ്വാനം ചെയ്തു.
കേരളത്തിന്റെ സാമൂഹിക സാഹചര്യത്തെ സംബന്ധിച്ച കൃത്യമായ ധാരണയുള്ളതുകൊണ്ടായിരിക്കണം മതനേതാക്കളും ആക്ടിവിസ്റ്റുകളും മാധ്യമങ്ങളും നല്ല പിന്തുണ കാമ്പയിന് നല്‍കി. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി നിര്‍വഹിച്ചു. എല്ലാ ജനവിഭാഗങ്ങളും ചേര്‍ന്ന് നേടിയെടുത്തതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം. എല്ലാവര്‍ക്കും തുല്യ പരിഗണനയാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. അത് സംരക്ഷിക്കപ്പെടണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ ഉപാധ്യക്ഷന്‍ സയ്യിദ് സആദത്തുല്ല ഹുസൈനിയാണ് കാമ്പയിന്‍ പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് വര്‍ധിച്ചുവരുന്ന വര്‍ഗീയധ്രുവീകരണം ചെറുക്കുന്നതില്‍ സമുദായങ്ങള്‍ക്കിടയിലെ ആശയവിനിമയത്തിന് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വൈവിധ്യങ്ങളും ബഹുസ്വരതയുമാണ് രാജ്യത്തിന്റെ ബലം. അതിനെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. വര്‍ഗീയവത്കരണം രാജ്യത്ത് സ്ഥാപനവത്കരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഈ വെല്ലുവിളികള്‍ നേരിടാന്‍ വ്യവസ്ഥാപിതവും സംഘടിതവുമായ നീക്കങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
'വെറുപ്പാണ് രാജ്യം ഭരിക്കുന്നത്. രാജ്യസ്‌നേഹത്തെ കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. എന്നാല്‍ സ്‌നേഹരാജ്യം പണിയാനാവുമോ എന്നാണ് നാമന്വേഷിക്കേണ്ടത്' - അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു. അസത്യങ്ങളും അര്‍ധസത്യങ്ങളും പടച്ചുവിടുന്ന മാധ്യമങ്ങള്‍ കേരളത്തിന്റെ മതജാതി സഹവര്‍ത്തിത്വത്തെ അപകടപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ആര്‍ച്ച് ബിഷപ് ഡോ. എം.സൂസൈപാക്യം, ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, മാധ്യമം- മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുര്‍റഹ്മാന്‍, പാളയം ഇമാം മൗലവി വി.പി സുഹൈബ്, പെരുമ്പടവം ശ്രീധരന്‍, ഒ.വി ഉഷ, എച്ച്. ശഹീര്‍ മൗലവി, എം. മെഹ്ബൂബ് തുടങ്ങിയവര്‍ പങ്കെടുത്തു.
കാമ്പയിന്റെ ഭാഗമായി നടന്ന പ്രധാന പരിപാടികളിലൊന്നായിരുന്നു 'സമാധാനം മാനവികത: മാധ്യമങ്ങളുടെ പങ്ക്' എന്ന തലക്കെട്ടില്‍ കോഴിക്കോട്ട് നടന്ന സെമിനാര്‍. പക്ഷപാതപരമായ മാധ്യമ നിലപാടുകള്‍ക്കെതിരെ മാധ്യമങ്ങള്‍ക്കകത്തുനിന്നുതന്നെ പ്രതിശബ്ദങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. നീതിയുടെയും ധര്‍മത്തിന്റെയും മാര്‍ഗത്തില്‍ ഉറച്ചുനില്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുമ്പോഴാണ് സമാധാനവും സാഹോദര്യവും സാക്ഷാത്കരിക്കപ്പെടുക. കേരളത്തെ ഉത്തരേന്ത്യവല്‍ക്കരിക്കുന്നതില്‍ മാധ്യമങ്ങള്‍ പ്രതിലോമപരമായ പങ്കുവഹിക്കുന്നുണ്ടെന്നും അഭിപ്രായമുയര്‍ന്നു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ മുഹമ്മദലി, ഏഷ്യാനെറ്റ് ചീഫ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുര്‍റഹ്മാന്‍ , മീഡിയവണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സി.എല്‍ തോമസ്, എന്‍.പി രാജേന്ദ്രന്‍, തേജസ് എഡിറ്റര്‍ എന്‍.പി ചെക്കുട്ടി, സുപ്രഭാതം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ. സജീവന്‍, മീഡിയവണ്‍ മാനേജിംഗ് എഡിറ്റര്‍ സി. ദാവൂദ്, ടി.കെ ഹുസൈന്‍, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സമദ് കുന്നക്കാവ്, വി.പി ബശീര്‍ എന്നിവര്‍ സംസാരിച്ചു.
'സൗഹൃദമാണ് മലബാറിന്റെ പാരമ്പര്യം' എന്ന തലക്കെട്ടില്‍ മലപ്പുറത്ത് സംഘടിപ്പിച്ച സൗഹൃദ സമ്മേളനം ശ്രദ്ധേയമായ പരിപാടികളിലൊന്നായിരുന്നു. ചരിത്ര രചനകളിലും ദേശീയ മാധ്യമങ്ങളിലും നിറം പിടിപ്പിച്ച കഥകളാല്‍ അപരദേശമായി മുദ്രകുത്തപ്പെട്ട ഇടമാണ് മലബാര്‍. ചരിത്രത്തിലെ മലബാറിന്റെ സൗഹൃദവും പങ്കുവെപ്പുകളും വിമോചനപോരാട്ടവുമായി എങ്ങനെ ഇഴചേരുന്നുവെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി. മാനവികത രാജ്യത്തിന്റെ സംസ്‌കാരമായി മാറണമെന്നും രാജ്യത്തിന്റെ വൈവിധ്യത്തിനും സൗഹാര്‍ദാന്തരീക്ഷത്തിനും വിള്ളല്‍ വീഴ്ത്താനുള്ള ആസൂത്രിത ശ്രമങ്ങള്‍ക്കെതിരെ കൂട്ടായ പ്രതിരോധം ഉയരണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ടി. ആരിഫലി പറഞ്ഞു. സാമൂതിരി കുടുംബാംഗം കൃഷ്ണകുമാര്‍, വാരിയന്‍കുന്നത്ത് കുടുംബാംഗം അലവി എന്ന കുഞ്ഞാന്‍, ഖാദി മുഹമ്മദിന്റെ കുടുംബാംഗം കെ.വി ഇമ്പിച്ചി ഹാജി, എം.പി. നാരായണമേനോന്റെ കുടുംബാംഗം എം.പി കൃഷ്ണകുമാര്‍, എ.കെ കോഡൂരിന്റെ കുടുംബാംഗം എ.കെ മൊയ്തീന്‍, ആലി മുസ്‌ലിയാരുടെ കുടുംബാംഗം അബ്ദുല്‍ അലി മാസ്റ്റര്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസ്സമദ് സമദാനി, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍, സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍, മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍, പി.കെ ബാലകൃഷ്ണന്‍ സംസാരിച്ചു. സമീര്‍ ബിന്‍സി ഗാനവും ഡോ. ജമീല്‍ അഹ്മദ് കവിതയും അവതരിപ്പിച്ചു. കാമ്പയിന്‍ ജനറല്‍ കണ്‍വീനര്‍ ടി.കെ ഹുസൈന്‍ സ്വാഗതവും ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് എം.സി നസീര്‍ നന്ദിയും പറഞ്ഞു.
കാമ്പയിന്റെ ഭാഗമായി ചെറായി ഗൗരീശ്വര ക്ഷേത്രമൈതാനിയില്‍ സാഹോദര്യ സമ്മേളനം നടന്നു. പ്രഫ. എം കെ സാനു, ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ അസി. അമീര്‍ ടി. ആരിഫലി, ഫാ. പോള്‍ തേലക്കാട്ട്, ടി.കെ ഹുസൈന്‍, സ്വാമി അവ്യയാനന്ദ, കെ.കെ ബാബുരാജ്, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അസി. അമീര്‍ പി. മുജീബുര്‍റഹ്മാന്‍, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, വൈപ്പിന്‍ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ ജോഷി, എം.ആര്‍ സുദേഷ്, എസ്.എന്‍.ഡി.പി യോഗം വൈപ്പിന്‍ യൂനിയന്‍ പ്രസിഡന്റ് ടി.ജി വിജയന്‍, ചെറായി വിജ്ഞാനവര്‍ധിനി സഭ സെക്രട്ടറി വേണുഗോപാല്‍, കെ.സി സുധീഷ്, ചെറായി ജുമാ മസ്ജിദ് ഇമാം സലീം മിസ്ബാഹി, വി.കെ ഇബ്‌റാഹീം കുട്ടി, സുലൈമാന്‍ മൗലവി, എം.കെ അബൂബക്കര്‍ ഫാറൂഖി എന്നിവര്‍ സംസാരിച്ചു. മോനിഷ നാടന്‍പാട്ട് അവതരിപ്പിച്ചു.
'സാഹോദര്യമാണ് സുരക്ഷ' എന്ന ശീര്‍ഷകത്തില്‍ കാസര്‍കോട്ട് ടേബ്ള്‍ ടോക്ക് സംഘടിപ്പിച്ചു. എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍, മാധ്യമം-മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുര്‍റഹ്മാന്‍, റവ. ഫാദര്‍ മാണി മേല്‍വട്ടം, ശൈഖ് മുഹമ്മദ് കാരകുന്ന്, മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പ്രിന്‍സിപ്പല്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ചെങ്കളം അബ്ദുല്ല ഫൈസി, മുഹമ്മദ് മുബാറക് ഹാജി, ഇബ്‌റാഹീം ബേവിഞ്ച, റഹ്മാന്‍ തായലങ്ങാടി, കെ മൊയ്തീന്‍ കുട്ടി ഹാജി, കെ മുഹമ്മദ് ശാഫി, എം.കെ രാധാകൃഷ്ണന്‍, നാരായണന്‍ പേരിയ, എം.ഒ വര്‍ഗീസ്, വി. വി പ്രഭാകരന്‍, സണ്ണി ജോസഫ്, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, കെ അഹ്മദ് ശരീഫ്, മുജീബ് അഹ്മദ്, പത്മനാഭന്‍ ബ്ലാത്തൂര്‍, കൊപ്പല്‍ അബ്ദുല്ല, സി.എല്‍ ഹമീദ്, നാസര്‍ കുരിക്കള്‍, വിനോദ് കുമാര്‍ പെരുമ്പള, ഹാശിം അരിയില്‍, രവീന്ദ്രന്‍ രാവണേശ്വരം, അശ്‌റഫ് കൈന്താര്‍, ടി.എ ശാഫി, അമ്പുഞ്ഞി തലക്ലായി തുടങ്ങി സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. സംഘാടക സമിതി ചെയര്‍മാന്‍ ഡോ. സിഎ. അബ്ദുല്‍ഹമീദ് അധ്യക്ഷത വഹിച്ചു.
പ്രാദേശിക തലങ്ങളില്‍ കാമ്പയിന്‍ സന്ദേശ പ്രചാരണാര്‍ഥം നടന്ന പരിപാടികളും ബലി പെരുന്നാള്‍, ഓണം ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന സുഹൃദ് സംഗമങ്ങളും ഇനിയും വറ്റാത്ത പരസ്പര ഐക്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഓര്‍മകള്‍ പകര്‍ന്നുനല്‍കുന്നതായിരുന്നു, രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി വര്‍ഗീയ-സാമുദായിക ചേരിതിരിവുകള്‍ സൃഷ്ടിക്കപ്പെടുമ്പോഴും സാഹോദര്യത്തിന്റെ ആഴമുള്ള ഹൃദയങ്ങള്‍ ഗ്രാമാന്തരങ്ങളില്‍ മിടിച്ചുകൊണ്ടേയിരിക്കുന്നുവെന്ന യാഥാര്‍ഥ്യം ബോധ്യപ്പെടുത്തുന്നതായിരുന്നു കാമ്പയിന്‍. പ്രത്യേകം തയാറാക്കിയ ബുക്ക്‌ലെറ്റ്, ലഘുലേഖ എന്നിവ വ്യാപകമായി വിതരണം ചെയ്തു.
Comments