ദീന്‍ദയാലും ബി.ജെ.പിയും പറയാതെ പറയുന്നത്
ഇന്ത്യയിലെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങള്‍ ഒരുപാട് മാറിപ്പോയ കാലത്താണ് കോഴിക്കോട്ടെ ജനസംഘം സമ്മേളനത്തിന്റെ 50 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊരിക്കല്‍ കോഴിക്കോട്ട് ബി.ജെ.പി ദേശീയ കൗണ്‍സില്‍ ചേര്‍ന്നത്. ഗാന്ധിവധത്തിനു ശേഷം അന്നത്തെ ഇന്ത്യന്‍ സമൂഹത്തില്‍ അപമാനിതരായി ജീവിച്ചുകൊണ്ടിരുന്ന കുറേ നേതാക്കളും അവരോടൊപ്പം ഒളിച്ചും പാത്തും എത്താറുണ്ടായിരുന്ന ജനക്കൂട്ടവുമായിരുന്നു ബി.ജെ.പിയുടെ ആദ്യകാല രൂപമായിരുന്ന ജനസംഘം. അവരുടെ സമ്മേളനങ്ങള്‍ക്ക് അക്കാലത്തെ മാധ്യമങ്ങള്‍ ഒറ്റക്കോളം വാര്‍ത്തയിലപ്പുറം പ്രാധാന്യം നല്‍കാറുണ്ടായിരുന്നില്ല. ഇന്ന് കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ കാലത്ത് ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളുടെ വന്‍ സംഘവും ഒപ്പം ലക്ഷക്കണക്കിന് ജനങ്ങളുമായാണ് ബി.ജെ.പി കോഴിക്കോട്ടെത്തിയത്. ഒരുവേള കേരളത്തിലെ പാര്‍ട്ടിയുടെ മുഴുവന്‍ കേഡര്‍ വോട്ടുബാങ്കും കോഴിക്കോട്ടുണ്ടായിരുന്നു. ഭരണം എന്ന മഹാശ്ചര്യത്തിന്റെ തണലില്‍ നില്‍ക്കുമ്പോഴും പഴയ ജനസംഘവുമായുളള നാഭീനാള ബന്ധം ബി.ജെ.പിയുടെ വൈകാരിക ബാധ്യതയായി മാറുന്നതായിരുന്നു കോഴിക്കോട്ടെ കാഴ്ച. 1967-ല്‍ ചേര്‍ന്ന കോഴിക്കോട്ടെ യോഗത്തില്‍ ജനസംഘത്തിന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുകയും പിന്നീട് 45 ദിവസങ്ങള്‍ക്കു ശേഷം ഉത്തര്‍പ്രദേശിലെ മുഗള്‍ സരായി റെയില്‍വേ സ്റ്റേഷനില്‍ ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെടുകയും ചെയ്ത ദീന്‍ദയാല്‍ ഉപാധ്യായ എന്ന ഹിന്ദുത്വ നേതാവിന് പുതിയ പരിവേഷം നല്‍കാനും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ക്ക് കാലത്തിനൊപ്പിച്ച് ആകര്‍ഷണീയമായ പുതിയ വ്യാഖ്യാനങ്ങള്‍ ചമക്കാനുമൊക്കെ ബി.ജെ.പി ശ്രമിക്കുമ്പോഴും ഒടുവില്‍ ബാക്കിയായത് ആര്‍.എസ്.എസ് പകര്‍ന്നു നല്‍കി, ജനസംഘത്തിലൂടെ ഇന്നും കൊണ്ടുനടക്കുന്ന ആശയപരമായ ദുശ്ശാഠ്യങ്ങള്‍ തന്നെയായിരുന്നു.
പ്രധാനമന്ത്രിയായി അധികാരമേറ്റതിനു ശേഷം ഇതാദ്യമായി തന്റെ പ്രജകളില്‍ മുസ്‌ലിംകള്‍ എന്നൊരു കൂട്ടരെ പേരെടുത്ത് നരേന്ദ്ര മോദി അഭിസംബോധന ചെയ്തത് കോഴിക്കോട്ട് വെച്ചായിരുന്നു. ആ അര്‍ഥത്തില്‍ ജനസംഘത്തിന്റെ രീതികളില്‍നിന്ന് വ്യത്യാസപ്പെട്ടു നില്‍ക്കാനുള്ള ഒരു നീക്കമായിരുന്നു അത്. പക്ഷേ ഉപാധ്യായയുടെ വാക്കുകള്‍ മുസ്‌ലിംകളെ ശാക്തീകരിക്കണമെന്ന അര്‍ഥത്തില്‍ വളച്ചൊടിക്കുകയായിരുന്നു ദേശീയ മാധ്യമങ്ങള്‍. മുസ്‌ലിംകളെ പോഷിപ്പിക്കുകയോ തിരസ്‌കരിക്കുകയോ അല്ല അവരെ ശുദ്ധീകരിക്കുകയാണ് വേണ്ടതെന്നായിരുന്നു ഉപാധ്യായയുടെ വാക്കുകള്‍. മുസ്‌ലിംകള്‍ അപരിഷ്‌കൃതരായ ഒരു സമൂഹമാണെന്ന ദുസ്സൂചന അതിലുണ്ടായിരുന്നു. 'പരിഷ്‌കൃത്' എന്നും 'പരിഷ്‌കാര്‍' എന്നുമുള്ള രണ്ട് വാക്കുകളില്‍ ഒന്നിനു പോലും ഹിന്ദി ഭാഷയില്‍ 'ശാക്തീകരിക്കുക' എന്ന അര്‍ഥമില്ല. പരിഷ്‌കരിക്കുക, ശുദ്ധീകരിക്കുക എന്ന അര്‍ഥത്തില്‍ തന്നെയാണ് ഉപാധ്യായ ഈ വാക്കുകളെ പ്രയോഗിച്ചതും. എങ്കില്‍ പോലും ഈ വാക്കുകളുടെ അവസാന ഭാഗത്ത് മുസ്‌ലിംകള്‍ വോട്ടു ചന്തയിലെ ഉല്‍പന്നങ്ങളോ വെറുക്കപ്പെടേണ്ടവരോ അല്ലെന്നും നമ്മില്‍ പെട്ടവരാണെന്നും ഉപാധ്യായ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് കേട്ട യോഗ പ്രതിനിധികള്‍ കൂട്ടത്തോടെ കൈയടിക്കുകയും ചെയ്തു. പുതിയ തലമുറയിലെ ബി.ജെ.പി നേതാക്കള്‍ക്കു പോലും ഉപാധ്യായ മുസ്‌ലിംകളെക്കുറിച്ച് യഥാര്‍ഥത്തില്‍ എന്താണ് പറഞ്ഞതെന്ന് അറിയുമായിരുന്നില്ല എന്നതിന്റെ സൂചനയായിരുന്നു ഈ കൈയടി. വോട്ടു ചന്തയിലെ വെറും ഉല്‍പ്പന്നങ്ങള്‍ മാത്രമായ മുസ്‌ലിംകളുടെ കാര്യത്തില്‍ അതത് മണ്ഡലങ്ങളില്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധിക്ക് ആശ്വാസം കിട്ടിയ മട്ടിലായിരുന്നു ഒരുപക്ഷേ ഈ പ്രതികരണം. നമ്മുടെ പ്രധാനമന്ത്രി നിലപാട് തിരുത്താന്‍ ആരംഭിക്കുന്നുവെന്ന തോന്നലായിരുന്നു ഈ പ്രസംഗം ഉണ്ടാക്കിയത്.
യഥാര്‍ഥത്തില്‍ ഉപാധ്യായയോ ബി.ജെ.പിയോ തരിമ്പും മാറുന്നുണ്ടായിരുന്നില്ല. ഈയൊരു പരാമര്‍ശം മാത്രമായിരുന്നില്ല മുസ്‌ലിംകളെ കുറിച്ച് ജനസംഘത്തിന്റെ ആചാര്യന്‍ നടത്തിയതായി ചരിത്രം രേഖപ്പെടുത്തുന്നത്. 'സ്വാതന്ത്ര്യത്തിനു ശേഷവും ഇന്ത്യക്ക് പലതരം പ്രശ്‌നങ്ങള്‍ നേരിടാനുണ്ട്. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികള്‍, പലതരം ആളുകള്‍. ഇക്കൂട്ടത്തില്‍ മുസ്‌ലിംകള്‍ എന്ന പ്രശ്‌നം തന്നെയാണ് ഏറ്റവും സങ്കീര്‍ണവും പഴക്കമേറിയതും. എല്ലായ്‌പ്പോഴും പുതിയ രൂപഭാവങ്ങള്‍ കൈവരിച്ചു കൊണ്ടിരിക്കുന്ന ഈ പ്രശ്‌നം 12 നൂറ്റാണ്ടുകളായി നാം നേരിട്ടുവരികയാണ്' എന്നും മറ്റൊരു അവസരത്തില്‍ ഉപാധ്യായ പറഞ്ഞിട്ടുണ്ട് (ദീന്‍ദയാല്‍ ഉപാധ്യായ, തത്ത്വശാസ്ത്രവും കാഴ്ചപ്പാടും, ബി.എന്‍ ജോഗ്). ഉപാധ്യായയുടെ വാക്കുകള്‍ ഉദ്ധരിക്കുന്നതിനു വേണ്ടി പ്രധാനമന്ത്രി പറഞ്ഞ ആമുഖം മാത്രമാണ് അല്‍പ്പമെങ്കിലും അദ്ദേഹത്തിന്റെ പദവിയുടെ അന്തസ്സിനോട് ചേര്‍ന്നുനിന്നത്. 'ദേശീയതയെ കുറിച്ചും മതേതരത്വത്തെ കുറിച്ചും പൊതുവെ തെറ്റായ ധാരണ നമ്മില്‍ പലര്‍ക്കുമുണ്ട്. സംഘടനയുടെ മുഖം വികൃതമാക്കുന്ന അത്തരക്കാരുടെ അറിവിലേക്കു വേണ്ടി പറയുകയാണ്' എന്നായിരുന്നു ഈ മുഖവുര. തന്റെ 'സല്‍ഭരണ'ത്തിന്റെ മുഖ്യ 'തടസ്സ'മായി ഇപ്പോഴുമുള്ള സാധ്വി, സാക്ഷി, യോഗി സംഘങ്ങളെ നിയന്ത്രിക്കാനാണ് പ്രധാനമന്ത്രി ഇതു പറഞ്ഞിട്ടുണ്ടാവുക.
ഈ പ്രസംഗം കഴിഞ്ഞ് രണ്ടാഴ്ചക്കകം മതേതരത്വത്തിന്റെ പ്രതീകമായ മഹാത്മാ ഗാന്ധിക്കെതിരെ സാധ്വി പ്രാചി ആക്ഷേപവാക്കുകള്‍ ചൊരിഞ്ഞതോടെ, പ്രധാനമന്ത്രിയുടെ വാക്കുകള്‍ ബി.ജെ.പിക്കകത്തെ 'കുഴപ്പ'ക്കാരില്‍ ഒരു ചലനവും ഉണ്ടാക്കുന്നില്ല എന്ന കാര്യം ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടു. അല്ലെങ്കിലും ഒരു ഭാഗത്ത് മുസ്‌ലിംകളെ നമ്മില്‍പെട്ടവരെന്ന് പറയുക, മറുഭാഗത്ത് രാജ്യം നേരിടുന്ന ഏറ്റവും സങ്കീര്‍ണ പ്രശ്‌നമായി അവരെ ചിത്രീകരിക്കുക. ഇതെങ്ങനെ ശരിയാകും? ഇന്ത്യയെ നയിക്കാന്‍ ദൈവ നിയുക്തരായ ജനത ഹിന്ദുക്കള്‍ മാത്രമാണെന്നു കൂടി ഇതേ ഉപാധ്യായ സിദ്ധാന്തം എഴുതിവെച്ച സ്ഥിതിക്ക്? മാത്രമല്ല മുസ്‌ലിംകളെ രാഷ്ട്രത്തിന്റെ ഒന്നാം നമ്പര്‍ ശത്രുക്കളായി എണ്ണിയ ഗോള്‍വാള്‍ക്കറുടെ പ്രിയ ശിഷ്യനും കൂടിയായിരുന്നുവല്ലോ ദീന്‍ദയാല്‍.
പതിവിനു വിപരീതമായി മൂന്നു ദിവസ കൗണ്‍സിലിനിടെ ഒരിക്കല്‍ മാത്രം വാര്‍ത്താ സമ്മേളനം നടത്തിയ ബി.ജെ.പി ഈ ആശയക്കുഴപ്പങ്ങളൊന്നും തീര്‍ക്കാന്‍ മെനക്കെട്ടതേയില്ല. പ്രധാനമന്ത്രിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയും പ്രസംഗങ്ങള്‍ പൂര്‍ണമായും മീഡിയക്ക് റിപ്പോര്‍ട്ട് ചെയ്യാനായി തുറന്നിടുകയാണ് പാര്‍ട്ടി ചെയ്തത്. രാഷ്ട്രീയ, സാമ്പത്തിക, വിദേശകാര്യ മേഖലകളില്‍ വ്യത്യസ്ത പ്രമേയങ്ങളും ഇക്കുറി പുറത്തിറക്കിയില്ല. പുറത്തിറക്കിയ പ്രമേയം ഏറെ സംശയങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും പഴുതു നല്‍കുന്നുണ്ടായിരുന്നുവെങ്കിലും പാര്‍ട്ടി വക്താക്കളോ നേതാക്കളോ അത് വിശദീകരിക്കാനായി ഒരിക്കലും മാധ്യമങ്ങളുടെ മുമ്പില്‍ എത്തിയില്ല. പാര്‍ട്ടി പുറത്തുവിട്ട പ്രമേയം ഒറ്റ വായനയില്‍ മനോഹരം എന്നേ ആരും പറയുമായിരുന്നുള്ളൂ. പക്ഷേ ഒരിടത്തു മാത്രമായി പറഞ്ഞാല്‍ ഉള്ളിലിരിപ്പ് എളുപ്പത്തില്‍ പിടികിട്ടുമായിരുന്ന ചില വിഷയങ്ങള്‍ പ്രമേയത്തിന്റെ നാല് പേജുകളില്‍ പലയിടത്തായി പരത്തിപ്പറഞ്ഞ് ആളുകളെ വിഡ്ഢികളാക്കുകയായിരുന്നു.
ജാതീയത എന്ന യാഥാര്‍ഥ്യത്തെ അതേപടി ഉള്‍ക്കൊണ്ട് എല്ലാവരും ജന്മസിദ്ധമായ കര്‍മങ്ങളിലും കുലത്തൊഴിലുകളിലും ആനന്ദം കണ്ടെത്തണമെന്ന അഭിപ്രായക്കാരനായിരുന്നു ഉപാധ്യായ. 'സമത്വത്തെ കുറിച്ച് ആധുനിക ലോകത്ത് ധാരാളം മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു കേള്‍ക്കാറുണ്ട്. പക്ഷേ ചില വിവേചനങ്ങളോടെയല്ലാതെ സമത്വം സാധ്യമല്ല. വ്യക്തികള്‍ക്കല്ല അവര്‍ ചെയ്യുന്ന ജോലികള്‍ക്കാണ് സമത്വം ഉണ്ടാവേണ്ടത്. അതിനെയാണ് നാം സ്വധര്‍മ എന്നു വിശേഷിപ്പിക്കുന്നത്. സ്വധര്‍മം ആചരിക്കുക എന്നതാണ് ദൈവത്തെ ഉപാസിക്കാനുള്ള വഴി. അതു കൊണ്ടുതന്നെ ഏതെങ്കിലും ജോലി ഉയര്‍ന്നതാണെന്നോ മറ്റേതെങ്കിലും ജോലി താഴ്ന്നതാണെന്നതോ കരുതുന്നതില്‍ അര്‍ഥമില്ല' ദീന്‍ദയാല്‍ ഉപാധ്യായയുടെ ഹിന്ദുരാഷ്ട്ര സങ്കല്‍പ്പത്തെ കുറിച്ച് പി.സി ബിഷികര്‍ എഴുതിയ പുസ്തകത്തിലെ വരികള്‍. ഈ സങ്കല്‍പ്പത്തെ പ്രമേയം പലയിടത്തായി മധുരം പുരട്ടി അവതരിപ്പിക്കുന്നുണ്ട്. കുലത്തൊഴിലുകള്‍ നിസ്വാര്‍ഥമായി ചെയ്യുക എന്നതിലപ്പുറം ജാതീയമായ തൊഴിലുകളില്‍നിന്ന് ദലിതനെയും പിന്നാക്കക്കാരനെയും മോചിപ്പിക്കേണ്ട ആവശ്യമില്ലെന്ന് ഉപാധ്യായ വിശ്വസിക്കുന്നിടത്തു തന്നെയായിരുന്നു ബി.ജെ.പിയും ഉണ്ടായിരുന്നത്. 'സമൂഹത്തോടുള്ള ബാധ്യതയാണ് ഓരോ തൊഴിലിലും ഏര്‍പ്പെടുന്നവനെ നയിക്കേണ്ടത്' എന്ന് ചൂണ്ടിക്കാട്ടുന്ന പ്രമേയം പക്ഷേ സ്വധര്‍മ സിദ്ധാന്തത്തെപ്പറ്റി മറ്റൊരിടത്താണ് പറയുന്നത്. ഗുജറാത്തിലും യു.പിയിലും മറ്റും ചമാറുകളും ദലിതരും തോട്ടിപ്പണിയും ശുചീകരണ വൃത്തികളും ഏറ്റെടുക്കാന്‍ വിസമ്മതിച്ച് ജാതിവ്യവസ്ഥക്കെതിരെ സമരരംഗത്തിറങ്ങുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ എങ്ങനെയും വ്യാഖ്യാനിക്കാവുന്ന രീതിയിലായിരുന്നു പ്രമേയത്തിലെ വാക്കുകള്‍. എന്താണ് ഉദ്ദേശിച്ചതെന്ന് വിശദീകരിക്കാന്‍ ബി.ജെ.പി തുനിഞ്ഞതുമില്ല.
ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആചരണത്തിന്റെ തുടക്കം കൂടിയായിരുന്നു കോഴിക്കോട്ടെ കൗണ്‍സില്‍ സമ്മേളനം. ഉപാധ്യായ മുന്നോട്ടുവെച്ച അന്ത്യോദയ സങ്കല്‍പ്പം കേന്ദ്രസര്‍ക്കാറിന്റെ വികസന പദ്ധതികളുടെ അടിസ്ഥാനമായി മാറുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. പറഞ്ഞുവരുമ്പോള്‍ അന്ത്യോദയ സങ്കല്‍പ്പത്തിനുമുണ്ട് ചില മറുവശങ്ങള്‍. സമൂഹത്തിന്റെ ഏറ്റവും പിന്നാക്ക ശ്രേണിയില്‍ നില്‍ക്കുന്നവനെ മറ്റുള്ളവര്‍ക്കൊപ്പം കൊണ്ടുവരിക എന്നതാണ് ബാഹ്യമായി നിര്‍വചിക്കപ്പെടുന്ന അന്ത്യോദയ. പിന്നാക്ക ശ്രേണിയില്‍ നില്‍ക്കുക എന്നത് ചിലരുടെ സ്വധര്‍മത്തിന്റെ ഭാഗമായി സംഭവിക്കുന്നതാണെങ്കില്‍ അവരെ എങ്ങനെ മാറ്റിയെടുക്കും എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നില്ലേ? നിലവില്‍ സവര്‍ണ സമുദായക്കാര്‍ 80 ശതമാനത്തിലേറെയും കൈയടക്കി വെച്ച ഐ.എ.എസിനും ഐ.പി.എസിനും അതുപോലുള്ള വൈറ്റ് കോളര്‍ ജോലികള്‍ക്കും ലഭിക്കുന്ന വരുമാനം തോട്ടിപ്പണിക്കും ചെരിപ്പുകുത്തുന്ന ജോലിക്കും കിട്ടില്ലെന്നിരിക്കെ തൊഴിലിലെ സമത്വമോ സാമൂഹികമായ ഉന്നമനമോ നല്‍കാത്ത തികച്ചും പൊള്ളയായ ഒരു സിദ്ധാന്തമായാണ് അന്ത്യോദയ മാറുന്നത്. ആത്മീയ സംതൃപ്തി മാത്രമാണ് ഈ സിദ്ധാന്തം ഒടുവില്‍ ബാക്കിയാക്കുന്നതെന്നും കാണാം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സവര്‍ണ വിഭാഗങ്ങളെ സംവരണ പട്ടികയില്‍പെടുത്താനുള്ള പാര്‍ട്ടിയുടെ താല്‍പര്യമാണ് ഇതിനു പിന്നിലുള്ളത്. ഇതോടെ പിന്നാക്കാവസ്ഥയുടെ കാരണം ജാതിയല്ല, സാമ്പത്തികാവസ്ഥയാണെന്ന ധാരണയാണ് സൃഷ്ടിക്കപ്പെടുക. കേള്‍ക്കുമ്പോള്‍ പിന്നാക്കക്കാരന് രോമാഞ്ചമുണ്ടാകുമെങ്കിലും പഴയ വ്യവസ്ഥയുടെ ദൗര്‍ബല്യങ്ങള്‍ പുതിയ കുപ്പിയിലെ ഭൂതമായിട്ടെത്തുന്ന സമ്പ്രദായമായിട്ടായിരിക്കും അന്ത്യോദയ നടപ്പില്‍ വരിക.
അന്തിമമായി വിലയിരുത്തുമ്പോള്‍ മുസ്‌ലിംകളെ കുറിച്ച പഴയ നിലപാട് വളച്ചുകെട്ടി പറയുക എന്നതിലപ്പുറം അടിസ്ഥാനപരമായ മാറ്റങ്ങളൊന്നും ബി.ജെ.പി പ്രഖ്യാപിക്കുന്നുണ്ടായിരുന്നില്ല. കോഴിക്കോട്ടെ സമ്മേളന കാലത്ത് ക്രിസ്ത്യന്‍ മതനേതാക്കളെ വിളിച്ചുവരുത്തി കൂടിക്കാഴ്ച നടത്താന്‍ തയാറായ ബി.ജെ.പി മറുഭാഗത്ത് നഗരത്തിലുള്ള ഒരു മുസ്‌ലിം സംഘടനാ നേതാവുമായും ബന്ധം സ്ഥാപിക്കാന്‍ മെനക്കെട്ടില്ല. 'എല്ലാവര്‍ക്കും ഒരേ നീതി, എല്ലാവര്‍ക്കും വികസനം' എന്ന മുദ്രാവാക്യത്തിലെ എല്ലാവരും തത്ത്വത്തിലും പ്രയോഗത്തിലും ഒന്നാണെന്ന് ആവര്‍ത്തിച്ചു പറയുമ്പോഴും പ്രത്യക്ഷത്തിലുള്ള ഇത്തരം പൊരുത്തക്കേടുകള്‍ ബാക്കിയുണ്ടായിരുന്നു. 'ഭാരത് മാതാ' എന്നത് ഒരു ദൈവത്തിന്റെ ചിത്രമല്ലെന്ന് വെങ്കയ്യ നായിഡു കടപ്പുറത്തെ യോഗത്തില്‍ പ്രസംഗിക്കുകയും സ്വപ്‌നനഗരിയിലെ വേദിയില്‍ ഭാരത് മാതാവായി സരസ്വതി ദേവിയുടെ ചിത്രം വെക്കുകയും ചെയ്യുന്ന ഇരട്ട നിലപാട് ഉദാഹരണം. മാണിയുടെ പാര്‍ട്ടിയുമായി കൂട്ടുകൂടുന്ന കാര്യത്തില്‍ കുമ്മനം രാജശേഖരന്‍ ചാനലുകള്‍ക്ക് അഭിമുഖം നല്‍കുമ്പോള്‍ കാന്തപുരം മുസ്‌ല്യാര്‍ക്കു പോലും ചോദിച്ചു ചെന്നിട്ടും അഭിമുഖത്തിന് അനുമതി നല്‍കാന്‍ ബി.ജെ.പി അധ്യക്ഷന്നോ പ്രധാനമന്ത്രിക്കോ സമയമുണ്ടായിരുന്നില്ല. കോഴിക്കോട്ടെ മറ്റൊരു പ്രമുഖ മുസ്‌ലിം നേതാവും അഭിമുഖത്തിന് അപേക്ഷിച്ചതായി വിവരമുണ്ട്. പക്ഷേ മുസ്‌ലിംകള്‍ക്ക് ഉപാധ്യായയുടെ വാക്കുകള്‍ തന്നെ ധാരാളം മതിയായിരുന്നല്ലോ.
മുസ്‌ലിംകള്‍ ഇന്നും അപരിഷ്‌കൃതരാണെന്നും രണ്ടാംതരം പൗരന്മാരാണെന്നും വിശ്വസിക്കുന്ന ഒരു പാര്‍ട്ടിക്ക് തദടിസ്ഥാനത്തില്‍ പ്രഖ്യാപിക്കാനാവുന്ന പരമാവധി ആനുകൂല്യം പക്ഷേ നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കുന്നുണ്ട് എന്നത് കാണാതിരുന്നുകൂടാ. ഏറ്റവുമൊടുവില്‍ പ്രഖ്യാപിച്ച 'പ്രോഗ്രസ് പഞ്ചായത്ത്' പദ്ധതി ഉദാഹരണം. ന്യൂനപക്ഷ കേന്ദ്രീകൃത പഞ്ചായത്തുകളില്‍ വികസനം എത്തിക്കാനുള്ള പ്രത്യേക പദ്ധതിയാണിത്. മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ നിയോഗിച്ച സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായി നടപ്പിലാക്കാനിരുന്ന പദ്ധതിയെ പേരുമാറ്റി മോദി സര്‍ക്കാര്‍ സ്വന്തമാക്കുകയായിരുന്നു. എങ്കില്‍ പോലും പ്രത്യേകിച്ച് അവഗണന ഉണ്ടാവുന്നില്ലെന്നാണ് ബി.ജെ.പി ന്യൂനപക്ഷ സെല്‍ നേതാവ് അബ്ദുര്‍ററശീദ് അന്‍സാരി ചൂണ്ടിക്കാട്ടുന്നത്. 'മുസ്‌ലിംകള്‍ക്കെതിരെ പ്രത്യക്ഷത്തില്‍ ഒരു നീക്കവും ഈ ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ചില സംസ്ഥാനങ്ങളില്‍ ഉണ്ടായിട്ടില്ലെന്നല്ല. പക്ഷേ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മോദി സര്‍ക്കാര്‍ ജാഗ്രത പാലിക്കുന്നുണ്ട്. പാര്‍ട്ടിയുടെ നേതാക്കളില്‍ പെട്ടവര്‍ അനാവശ്യമായി മുസ്‌ലിംകളെ ഭയപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്തുന്നുണ്ടെങ്കിലും പിന്നീടത് ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ ബി.ജെ.പി സ്വീകരിച്ചു.' വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ മുസ്‌ലിംകളെ മാത്രമായി അകറ്റിനിര്‍ത്തുന്ന സമീപനം ഉണ്ടാവില്ലെന്ന് പാര്‍ട്ടി ദേശീയ വക്താവ് സിദ്ധാര്‍ഥ് നാഥ് സിംഗും ചൂണ്ടിക്കാട്ടുന്നു. ആ അര്‍ഥത്തില്‍ വലിയ ദ്രോഹം ചെയ്യാത്ത സര്‍ക്കാര്‍ എന്ന പ്രതിഛായ തന്നെ ധാരാളം മതിയെന്ന ഈ നിലപാട് ആശ്വാസകരമാണെന്ന് പറയാതിരിക്കാനാവില്ല, മറുഭാഗത്ത് ഗുജറാത്തിലെയും മറ്റും മുസ്‌ലിം ജീവിതത്തിന്റെ ഇന്നത്തെ ഭയാനകമായ അവസ്ഥ മുന്നിലുള്ളപ്പോള്‍. പക്ഷേ ഇതൊന്നുമല്ല നല്ല ജനാധിപത്യത്തിന്റെ ലക്ഷണങ്ങളെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്!
Comments