നമസ്കാരവും നിസ്കാരവും
ആശയവിതരണത്തിന്റെ പ്രധാന ഉപകരണമാണ് ഭാഷ. അതിനാല്‍തന്നെ സുന്ദരമായി തനതു രൂപത്തില്‍ അതുപയോഗിക്കുക എന്നത് പ്രധാനമാണ്. അക്ഷരമായാലും പദമായാലും വികലമായി പ്രയോഗിച്ചാല്‍ അത് അതല്ലാതായിത്തീരും. ഏതു ഭാഷയുടെ കാര്യവും അങ്ങനെയാണ്.
നമസ്കാര-നിസ്കാര പ്രയോഗങ്ങളില്‍ നിസ്കാരമാണ് നല്ലത് എന്ന സി.ടി ബശീറിന്റെ അഭിപ്രായ പ്രകടനമാണ് ഇങ്ങനെ കുറിക്കാന്‍ കാരണം. നമസ്കാരം എന്നതിന് വന്ദനം, പ്രണമിക്കല്‍ എന്നാണര്‍ഥമെന്നും അത് സൃഷ്ടികള്‍ തമ്മിലാണ് വേണ്ടതെന്നുമാണ് അദ്ദേഹം പറയുന്നത്. 'നിഘണ്ടുക്കളില്‍ മുസ്ലിംകളുടെ പ്രാര്‍ഥനാ രൂപമായി നിസ്കാരം സ്ഥലം പിടിച്ചിട്ടുമുണ്ട്' എന്നതാണ് അദ്ദേഹത്തിന്റെ ഒരു തെളിവ്.
ഒരു പദം നിഘണ്ടുവില്‍ സ്ഥലം പിടിച്ചിട്ടുണ്ടോ എന്നതിലേറെ പ്രധാനമാണ് ആ പദം ശരിയായ പ്രയോഗമാണോ അല്ലേ എന്നത്. നമസ്കാരം എന്നതാണ് ശരിയായ മലയാള പ്രയോഗമെന്നും നിസ്കാരം എന്നത് അറബി പ്രയോഗമാണെന്നും പറയുന്നുണ്ട് ശബ്ദതാരാവലിക്കാരന്‍. യഥാര്‍ഥത്തില്‍ അറബി ഭാഷയില്‍ നിസ്കാരം എന്ന പദമില്ലതാനും. പദങ്ങളെ സംബന്ധിച്ച ഭേദചിന്തയില്ലാതെയും ശരിതെറ്റുകള്‍ വ്യക്തമാക്കാതെയുമാണ് ഒരു നിഘണ്ടുവില്‍ പദങ്ങള്‍ എഴുതിച്ചേര്ക്കുന്നതെങ്കില് അതിനെ തട്ടിക്കൂട്ട് നിഘണ്ടുവായേ മനസ്സിലാക്കാനാവൂ.
നിസ്കാരമല്ല, നിക്കാരമാണ് നല്ലത് എന്ന് പറയുന്നവരുമുണ്ട് നമ്മുടെ കൂട്ടത്തില്‍! വന്ദനം, പ്രണാമം എന്നിങ്ങനെ അര്‍ഥമുള്ളതാണ് നമസ്കാരം വര്ജ്യമാകാന് കാരണമെങ്കില്‍ എത്രയെത്ര പദങ്ങള്‍ നമ്മള് വേണ്ടെന്നു വെക്കണം! ദൈവം, ഈശ്വരന്, ആരാധന, മതം... അങ്ങനെ എത്രയെണ്ണം! ഒരു പദം ഏതു ഭാഷയിലേതാണെന്ന് തീരുമാനിച്ചിട്ട് വേണ്ടേ അതിന്റെ ഗുണമേന്മ പറയാന്‍. നിസ്കാരം എന്ന പദം ഏതു ഭാഷയിലേതാണ്? മലയാളത്തില്‍ അങ്ങനെ ഒരു പദമില്ല. അറബിയിലുമില്ല. അപ്പോള്‍ നമസ്കാരം എന്ന ഭാഷാപ്രയോഗത്തോട് അസഹിഷ്ണുതയുള്ള ആരോ വികലമായി ഉപയോഗിച്ച ഒരു പദം ശരിയെന്ന് വിധിയെഴുതി പ്രയോഗിക്കുന്നു എന്നു മാത്രം.
ഇക്കണക്കിന് അറബിഭാഷയിലെ 'സ്വലാത്ത്' എന്ന പദം പോലും ഉപേക്ഷിക്കേണ്ടിവരും. വിശുദ്ധ ഭവനത്തിങ്കല്‍ വെച്ചുള്ള അവരുടെ 'സ്വലാത്ത്' ചെണ്ടമുട്ടും ചൂളം വിളിയുമാണെന്നുള്ള ഖുര്‍ആന്‍ പരാമര്‍ശം ശ്രദ്ധിക്കുക (8:35). രണ്ടിനും 'സ്വലാത്ത്' എന്നു തന്നെയാണ് ഖുര്‍ആന്‍ പ്രയോഗിച്ചിരിക്കുന്നത്. സ്വലാത്തിന്റെ ബഹുവചന രൂപമായ 'സ്വലവാത്ത്' ഒരു വിഭാഗത്തിന്റെ ആരാധനാലയത്തിനും പ്രയോഗിച്ചുകാണാം (ഖുര്‍ആന്‍ 22:40).
ആര്യനെഴുത്ത് നിഷിദ്ധമായ, അക്ഷര സ്ഫുടത തെറ്റായി ഗണിച്ചിരുന്ന ഒരുകാലം കഴിഞ്ഞുപോയിട്ടുണ്ട്. ആ ഒരു ഗൃഹാതുരത്വമാണ് ഇപ്പോഴും പലരെയും മഥിച്ചുകൊണ്ടിരിക്കുന്നതെന്നു തോന്നുന്നു. 'മൊയ്തീന്' മാല അക്ഷര സ്ഫുടതയോടെ പാടിയാല്‍ 'നടുപ്പുറത്ത്' ഉമ്മയുടെ അടികിട്ടിയ കാര്യം ബേപ്പൂര്‍ സുല്‍ത്താന്‍ ഒരിടത്ത് അനുസ്മരിക്കുന്നുണ്ട്.
ഭാഷാഭിമാനം ഒരു നല്ല ഗുണമായാണ് വിശുദ്ധ ഖുര്‍ആനും മുഹമ്മദ് നബി(സ)യുമൊക്കെ പഠിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടാണ് 'സുവ്യക്ത അറബി' എന്ന് ഖുര്‍ആന്‍ സ്വയവും, 'ദുരഭിമാന പ്രകടനമല്ല, ഞാന്‍ അറബികളില്‍ വെച്ച് അതിസുന്ദരമായും പരിസ്ഫുടമായും ഭാഷ പ്രയോഗിക്കുന്നവനാണെന്ന്' നബി(സ) സ്വന്തത്തെ പറ്റിയും പറഞ്ഞത്. ചുരുക്കത്തില്‍, അറബിയും മലയാളവുമല്ലാത്ത, അഛന് മാത്രമല്ല അമ്മയും ഏതാണെന്നു പോലും കട്ടായം പറയാന്‍ കഴിയാത്ത ഒരു വികല പദത്തെ സുന്ദരം, നല്ലത് എന്നൊന്നും വിശേഷിപ്പിക്കാതിരിക്കുന്നതല്ലേ ഉചിതം.
പഠനാര്‍ഹമായ പരമ്പര
'പ്രമാണവായനയുടെ പ്രയോഗ പാഠങ്ങള്‍' എന്ന സദ്റുദ്ദീന്‍ വാഴക്കാടിന്റെ ലേഖനപരമ്പര കാലികവും ഏറെ അറിവുകള്‍ പകര്ന്നുനല്കുന്നതുമായിരുന്നു. ഇത് കുറേകൂടി വികസിപ്പിച്ച് പുസ്തകമാക്കുന്നത് നന്നായിരിക്കും.
വിഘടിത വായനയെക്കുറിച്ച് എഴുതിയേടത്ത് മാധ്യമങ്ങള്‍ (മീഡിയ) 'ഫാസിഖ്' ആണെന്നും അവ വായിക്കരുതെന്നുമുള്ള വാദം വിശകലനം ചെയ്തു കണ്ടു. അത് വായിച്ചപ്പോള്‍ ഓര്‍മവന്നത്, 'യാതൊരു അറിവുമില്ലാതെ ദൈവമാര്‍ഗത്തില്‍നിന്ന് ജനങ്ങളെ തെറ്റിച്ചുകളയാനും അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കാനും വിനോദ വാര്‍ത്തകള്‍ വിലയ്ക്കു വാങ്ങുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. അത്തരക്കാര്‍ക്കാണ് അപമാനകരമായ ശിക്ഷയുള്ളത്' (ഖുര്‍ആന്‍ 31:6) എന്ന ആയത്തിനെ സംഗീതം നിരുപാധികം ഹറാമാണെന്ന് സ്ഥാപിക്കാനും, 'കവികളാകട്ടെ, ദുര്‍മാര്‍ഗികളാകുന്നു അവരെ പിന്‍പ
റ്റുന്നത്' (26:224) എന്ന ആയത്തിനെ കവികളെ ആക്ഷേപിക്കാനും ഉദ്ധരിക്കുന്നവരെയാണ്. സംഗീതം നിഷിദ്ധമാണെന്ന് സ്ഥാപിക്കാന്‍ 'വിനോദ വാര്‍ത്തകള്‍ വിലയ്ക്കു വാങ്ങുന്ന ചിലര്‍' എന്ന വാക്യം ഉദ്ധരിക്കുന്നവര്‍ക്ക് ഇമാം ഗസാലി ഇഹ്യാ ഉലൂമിദ്ദീനില്‍ മറുപടി നല്‍കിയിട്ടുണ്ട്. ലേഖന പരമ്പര പുസ്തകമായി വികസിപ്പിക്കുകയാണെങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി ചേര്‍ക്കുന്നത് നന്നായിരിക്കും.
റഫീഖ് സകരിയ്യ
ശബ്ദശല്യം കൂട്ടബാങ്കില് ഒതുങ്ങുന്നതല്ല
'ബാങ്കുവിളി ക്രമീകരിക്കേണ്ടതുണ്ട്' എന്ന കുറിപ്പാണ് ഈ പ്രതികരണത്തിനു പ്രേരകം. പള്ളികളില്‍നിന്ന് നിശ്ചിതവും പരിമിതവുമായ സമയം മാത്രം ഉയരുന്ന ബാങ്കുവിളിയെക്കുറിച്ചാണ് പലരും പ്രതികരിക്കുന്നത്. ഏതാനും മിനിറ്റില്‍ ഒതുങ്ങുന്ന ബാങ്കല്ല ജനങ്ങളെ അലോസരപ്പെടുത്തുന്നത്, പള്ളികളില്‍നിന്നു തന്നെ ശബ്ദകോലാഹലമുണ്ടാക്കുന്ന മത സംഘടനകളുടെയും പള്ളി നടത്തിപ്പുകാരുടെയും മറ്റു സ്വയംകൃത പരിപാടികളാണ്.
അല്ലാഹുവിനെ ശാന്തമായി അടക്കത്തോടും ഒതുക്കത്തോടും ആരാധിക്കാനുള്ള ഇടമാണ് പള്ളികള്‍. പള്ളികളില്‍ ഉഗ്രശേഷിയുള്ള ഉച്ചഭാഷിണികള്‍ നാനാഭാഗത്തും ഘടിപ്പിച്ച് പുറപ്പെടുവിക്കുന്ന ശബ്ദം അസഹനീയമാണ്. പള്ളിക്കുള്ളില്‍ മുക്കിലും മൂലയിലും നിരവധി ബോക്സുകള്‍ ഫിറ്റ് ചെയ്ത് എക്കോ ശബ്ദത്തില്‍ പ്രസംഗകര്‍ സംസാരിക്കുന്നത് എന്താണെന്നു പോലും വ്യക്തമാകാത്ത തരത്തിലുള്ള 'ഇടിമുഴക്ക'ങ്ങളാണ് പലയിടത്തും.
കൂട്ട ദിക്ര്-ദുആകള്‍, വെള്ളിയാഴ്ച രാവിലെ സ്വലാത്ത്, ജുമുഅ ഖുത്വ്ബക്ക് മുമ്പ് താഴെ നിന്നുള്ള പ്രസംഗം, മിമ്പറിലെ ഖുത്വ്ബ പാരായണം, തറാവീഹ്, ബദ്ര് ദിനം കൊാടല്, 27-ാം രാവ്, നബിദിനം, മൗലിദാഘോഷങ്ങള്‍, ഹദ്ദാദാദി റാത്തീബുകള്‍ തുടങ്ങി പ്രവാചക മാതൃകയുള്ളതും ഇല്ലാത്തതുമായ എല്ലാറ്റിനും ഉച്ചഭാഷിണി ഉപയോഗിച്ച് ജനങ്ങളെ പ്രയാസപ്പെടുത്തുന്നു്. മുന്നിലിരിക്കുന്ന സദസ്സിനെയല്ല, ദൂരെയുള്ളവരെയാണ് ശബ്ദം കേള്‍പ്പിക്കുന്നത് എന്ന് തോന്നും. 'എന്റെ ശബ്ദം ശ്രവിക്കുന്നവരേ' എന്നാണ് ഇടക്കിടെ പ്രസംഗകര്‍ സംബോധന ചെയ്യുന്നത്. ഇതൊക്കെ എത്ര ലജ്ജാകരം! സഹികെട്ട് ചിലര്‍ പ്രതികരിക്കുന്നു. ആ പ്രതികരണത്തെ മതത്തെ കൈയേറ്റം ചെയ്യലാണെന്ന് ആക്ഷേപിക്കുന്നു. മുന്‍കാലങ്ങളില്‍ മറ്റു ദേവാലയങ്ങളെ അപേക്ഷിച്ച് മുസ്ലിം പള്ളിക്ക് സമീപം നാനാ വിഭാഗം ജനങ്ങളും വീടുകള്‍ നിര്‍മിച്ച് സമാധാനത്തോടെ താമസിച്ചുപോന്നിരുന്നു. ഇന്ന് വീടുകളുടെ വാതായനങ്ങളടച്ച് ചെവിയില്‍ തുളച്ചുകയറുന്ന ശബ്ദത്തെ പഴിച്ച് കഴിയുകയാണ് ജനം. പള്ളിക്ക് സമീപത്തുള്ള തിരക്കേറിയ സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവ ഇത്തരം ശബ്ദശല്യത്തെ ശപിച്ചുകൊണ്ടിരിക്കുന്നു. വൃദ്ധര്‍, രോഗികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കൊക്കെ എത്രമാത്രം ദുരിതമാണ് ഇവര്‍ ഉണ്ടാക്കുന്നത്. അല്ലാഹുവിന്റെയും റസൂലിന്റെയും ആജ്ഞകളെ ധിക്കരിക്കലാണ് ഇതിലൂടെ സംഭവിക്കുന്നത്.
കെ.എന്‍ നസീര്‍ കുഞ്ഞ്, പാലക്കാട്
അതല്ല ബഹുവചനം
പ്രബോധനം 2968-ാം ലക്കത്തില്‍ വന്ന ഒരു പിശക് ചൂണ്ടിക്കാണിക്കട്ടെ. 'ശഈറത്' എന്ന പദത്തിന്റെ ബഹുവചനം ശിആറല്ല. അതുതന്നെ ഒരേക വചനമാണ്. ശഈറത്തിന്റെ ബഹുവചനം 'ശആഇറാ'ണ് ('ഫഈലത്' എന്ന രൂപത്തില്‍ വരുന്ന ഇസ്മിന്റെയും സ്വിഫതിന്റെയും ബഹുവചനം ഫആഇല് ആയിരിക്കും).
'ഫിആല്' എന്ന രൂപത്തിലുള്ള ഏകവചനമാണ് 'ശിആര്‍.' അതിന്റെ ബഹുവചനം 'ഫുഅ്ല്'/ 'ഫആഇല്' ആയിരിക്കും. ശിആറിന്റെ ബഹുവചനം 'ശുഉര്', 'അശ്ഇറത്'. 'സിതാര്‍' ബഹുവചനം 'സുതുര്', 'സിറാജ്' ബഹുവചനം 'സുറുജ്', 'അസ്രിജത്' എന്നിങ്ങനെ. ലേഖകര്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
ഒരു വായനക്കാരന്
ലിബറലിസം; വിലയിരുത്തലിലെ വൈരുധ്യങ്ങള്‍
ഫ്രാന്‍സ്, വ്യക്തിസ്വാതന്ത്ര്യത്തിന് വളരെ പ്രാധാന്യം കൊടുക്കുന്ന ലിബറല്‍ ജനാധിപത്യത്തിന്റെ സ്വപ്നഭൂമിയാണെന്ന് ബഷീര്‍ തൃപ്പനച്ചി പരിഹസിക്കുന്നത് കണ്ടു (ലക്കം 2967). അവിടത്തെ ലിബറല്‍ ചിന്താഗതിയും ഭരണഘടനയും ഏതുതരം വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമാണ് പൗരന് നല്‍കുന്നതെന്നും വിശദീകരിക്കുന്നു. 'ലിബറല്‍' എന്ന പദത്തിന് ലേഖകന്‍ കരുതിയപോലെ ശരീരമാസകലം മൂടുന്ന വസ്ത്രം ധരിച്ച് നടക്കുക എന്നതിനു പകരം ശരീരം മുഴുവന്‍ തുറന്നുകാണിച്ച് നടക്കാനുള്ള സ്വാതന്ത്ര്യം എന്നും കൂടി കരുതിക്കൂടേ? ശരീരം മിക്കവാറും മറക്കുകയെന്ന ഇസ്ലാമിക വീക്ഷണം നടപ്പാക്കാന്‍ പറ്റിയ ഒരു നിയമം പ്രൊട്ടസ്റ്റന്റ്-കത്തോലിക്കാ വിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള ഒരു നാടിന്റെ (അതും ഒരു യൂറോപ്യന്‍ രാഷ്ട്രം) ഭരണഘടനാ ശില്പികള് വിഭാവനം ചെയ്യില്ലെന്ന് ഊഹിക്കാന്‍ അത്ര വലിയ ബുദ്ധിയൊന്നും വേണ്ട. അത്തരമൊരു നിയമം ഉണ്ടായിട്ടായിരിക്കില്ലേ ലേഖനത്തില്‍ പറയുന്നതുപോലെ പ്രാദേശിക ഭരണകൂടങ്ങളുടെ ബുര്‍കിനി നിരോധനിയമം അവിടത്തെ കോടതികള്‍ നിഷ്പ്രയാസം തള്ളിക്കളഞ്ഞത്?
ഭൂരിപക്ഷത്തിന്റെ വിശ്വാസവും സംസ്കാരവുമായിരിക്കും ജനാധിപത്യ നിയമാവലികള്‍ സ്വാംശീകരിക്കുക എന്നാണ് ലേഖകന്റെ പരിതാപം. പല മുസ്ലിം നാടുകളിലും നടക്കുന്ന പോലെയുള്ള ന്യൂനപക്ഷത്തിന്റെ ഭരണമാണ് മെച്ചപ്പെട്ടത് എന്നായിരിക്കും സങ്കല്പം. യൂറോപ്യന്‍ ജ്ഞാനശാസ്ത്രത്തിന് ഇതര സംസ്കാരങ്ങളെ ഉള്‍ക്കൊള്ളാനാകാത്തതാണ് ഈ വസ്ത്ര കോലാഹലങ്ങള്‍ക്കൊക്കെ കാരണമെന്ന് കളിയാക്കുന്നവരുടെ സ്വപ്ന രാജ്യങ്ങളില്‍ കാല്മുട്ടോളം മാത്രം ഇറക്കമുള്ള വസ്ത്രമണിഞ്ഞ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാന്‍ ഇതര മതസ്ഥരായ സ്ത്രീകളെ പോലും അനുവദിക്കുന്നില്ലല്ലോ.
ഫ്രാന്‍സിലെ പ്രധാനമന്ത്രിയടക്കമുള്ളവര്‍, ഇസ്ലാമോഫോബിയയെ തീവ്രവാദത്തിന്റെ കൊടിയടയാളമായി വിലയിരുത്തുന്നുവെന്ന് ലേഖകന്‍ തന്നെ സമ്മതിക്കുമ്പോള്‍ അത്തരം തീവ്രവാദത്തിന് തടയിടേണ്ടത് ഉത്തരവാദിത്തമുള്ള ഒരു ഭരണകൂടത്തിന്റെ ബാധ്യതയാണെന്നെങ്കിലും സമാധാനിച്ച് വെറുതെ വിടുന്നതല്ലേ ഭൂഷണം?
പി.പി അബ്ദുല്ല ചേന്ദമംഗല്ലൂര്‍
Comments