പരിസ്ഥിതി, യാത്ര വി.എന്‍.കെ അനുഭവം പറയുന്നു
വി.എന്‍.കെ എന്നറിയപ്പെടുന്ന വടക്കേ ഞോലയില്‍ കുഞ്ഞി അഹ്മദ് അനുഭവ സമ്പത്തുകൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്ന പരിസ്ഥിതി പ്രവര്‍ത്തകനും സഞ്ചാരപ്രിയനും സംരംഭകനുമാണ്. കണ്ണൂര്‍ ജില്ലയിലെ കടവത്തൂരില്‍ 1928-ല്‍ ജനിച്ച വി.എന്‍.കെ, കേരളത്തിലെ ഇസ്‌ലാഹി മൂവ്‌മെന്റിന് നേതൃത്വം നല്‍കിയ പണ്ഡിതന്മാരും നേതാക്കളുമടങ്ങുന്ന കുടുംബത്തിലെ അംഗമാണ്.
ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ആദ്യകാല തട്ടകങ്ങളിലൊന്നായ കടവത്തൂരിലെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ കണ്ട് വളര്‍ന്ന അദ്ദേഹത്തിന് അതുമായി ബന്ധപ്പെട്ട ഓര്‍മകള്‍ ഏറെയുണ്ട്. ബിസിനസ് ആവശ്യാര്‍ഥം ദീര്‍ഘകാലം പ്രവാസ ജീവിതം നയിച്ച വി.എന്‍.കെ നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. പരന്ന വായനയും ചിട്ടയായ ജീവിതശൈലിയും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ഏറെക്കാലമായി പരിസ്ഥിതി പ്രവര്‍ത്തനരംഗത്ത് സജീവമായ അദ്ദേഹം മുന്‍ കര്‍ണാടക മന്ത്രി ലളിതാ നായിക് പോലുള്ളവരെ ഉള്‍പ്പെടുത്തി നാച്വറല്‍ കണ്‍സര്‍വേഷന്‍ മൂവ്‌മെന്റ് രൂപീകരിക്കുകയുണ്ടായി. പലപ്പോഴായി വി.എന്‍.കെയുമായി നടത്തിയ ദീര്‍ഘ സംഭാഷണങ്ങളില്‍നിന്ന് ചില ഭാഗങ്ങള്‍.
പരിസ്ഥിതി സംരക്ഷണം ലോകമെമ്പാടും ഇന്ന് വലിയൊരു മൂവ്‌മെന്റായി രൂപപ്പെട്ടിട്ടുണ്ട്. നമ്മുടെ രാജ്യവും ഭിന്നമല്ല. ഏറെക്കാലമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് താങ്കള്‍. വനവത്കരണം, ജൈവകൃഷി തുടങ്ങിയവയുടെ പ്രചാരകനായി മാറാന്‍ പ്രചോദനമായത് എന്താണ്?
1982-ലാണ് പരിസ്ഥിതി സംരക്ഷണമേഖലയില്‍ ഞാന്‍ സജീവമാകുന്നത്. വനവത്കരണ ശ്രമങ്ങളിലൂടെയായിരുന്നു തുടക്കം. എന്റെ സ്‌നേഹിതന്‍ ഹംസ അന്ന് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിലൂടെയാണ് ഞാന്‍ ഈ രംഗത്തേക്ക് ആകര്‍ഷിക്കപ്പെട്ടത്. അദ്ദേഹം ധാരാളം വൃക്ഷത്തൈകള്‍ നടുമായിരുന്നു. അത് കണ്ട് ഞാനും തൈകള്‍ ശേഖരിച്ച് നട്ടുപിടിപ്പിക്കാന്‍ തുടങ്ങി. പഴശ്ശിക്കനാലിന്റെ ഇരുവശത്തുമുള്ള ഏക്കറുകണക്കിന് തരിശുനിലമാണ് ഇതിനായി ആദ്യവര്‍ഷം തെരഞ്ഞെടുത്തത്. ആയിരക്കണക്കിന് തൈകള്‍ നട്ടു. കുറച്ചൊക്കെ നശിച്ചുപോയെങ്കിലും കുറേയെണ്ണം വളര്‍ന്ന് വന്‍ മരങ്ങളായി. പിന്നീടുള്ള ഓരോ വര്‍ഷവും ഇത് തുടര്‍ന്നുകൊണ്ടിരുന്നു. കോഴിക്കോട് വിമാനത്താവളം മുതല്‍ കൊയിലാണ്ടി-വടകര-തലശ്ശേരി വരെ നാഷ്‌നല്‍ ഹൈവേയുടെ ഇരുവശത്തും വളര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന പല മരങ്ങളും ഞാന്‍ നട്ടതാണ്. ചേന്ദമംഗല്ലൂര്‍, പാറക്കടവ്, കുറ്റിയാടി, പെരിങ്ങത്തൂര്‍ എന്നിവിടങ്ങളിലെ പള്ളി ഖബ്‌റിസ്ഥാനുകളിലും മറ്റു പലയിടങ്ങളിലും ധാരാളം മരങ്ങള്‍ നട്ടിട്ടുണ്ട്. 1982 മുതല്‍ 2016 വരെ തുടര്‍ച്ചയായി, ഒരു വര്‍ഷം ശരാശരി അഞ്ഞൂറ് തൈകള്‍ എന്ന വിധത്തില്‍ നട്ടുപിടിപ്പിക്കാന്‍ സാധിച്ചു. ഈ വര്‍ഷം ആയിരം തൈകളെങ്കിലും വെച്ചിട്ടുണ്ടാകും.
ആദ്യമൊക്കെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കൗതുകമായിരുന്നെങ്കിലും പിന്നീട് അതിനോടുള്ള എന്റെ സമീപനം തീര്‍ത്തും ഇസ്‌ലാമികമായി മാറി. ഇസ്‌ലാം പരിസ്ഥിതി സംരക്ഷണത്തിന് വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ടല്ലോ. 'ലോകാവസാനമായാലും കൈയിലുള്ള ഒരു തൈ നിങ്ങള്‍ നട്ടുപിടിപ്പിക്കണം' എന്ന അര്‍ഥത്തിലുള്ള മുഹമ്മദ് നബിയുടെ ആഹ്വാനമാണ് ഈ രംഗത്ത് എന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയത്. ഇപ്പോള്‍ 88 വയസ്സായി. ആയുസ്സും ആരോഗ്യവുമുള്ള അത്രയും കാലം ഇത് തുടരും, ഇന്‍ശാ അല്ലാഹ്... ലോകത്ത് എവിടെ പോയാലും ജൂണ്‍-ജൂലൈ മാസത്തില്‍ നാട്ടില്‍ തിരിച്ചെത്തും, തൈ നടാനായി. പള്ളിപ്പറമ്പുകളില്‍ തൈ നടുന്നതിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കുറ്റിയാടി-ചേന്ദമംഗല്ലൂര്‍-പെരിങ്ങത്തൂര്‍ ഖബ്‌റിസ്ഥാനുകളില്‍ നട്ട തൈകള്‍ പള്ളികമ്മിറ്റിക്കാര്‍ പരിപാലിക്കുന്നുണ്ട്. ആദ്യമൊന്നും ഇതിന്റെ പ്രാധാന്യവും സാധ്യതയും ആളുകള്‍ മനസ്സിലാക്കിയിരുന്നില്ല. ഏക്കറുകണക്കിന് ഭൂമിയാണ് പള്ളിപ്പറമ്പുകളിലും ഖബ്‌റിസ്ഥാനുകളിലുമായി കിടക്കുന്നത്. അവയുടെ അതിര്‍വരമ്പുകളില്‍ തൈ നട്ടാല്‍ തന്നെ ധാരാളം മരങ്ങളുണ്ടാകും. മുസ്‌ലിം സംഘടനകള്‍ പരിസ്ഥിതി സംരക്ഷണവും വനവത്കരണവുമൊക്കെ പ്രധാനപ്പെട്ട ഒരു അജണ്ടയായി എടുക്കേണ്ടതുണ്ട്. ഖുര്‍ആനും ഹദീസുമൊക്കെ ഇതിന്റെ പ്രാധാന്യം സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഇത് രാജ്യത്തിനും ജനങ്ങള്‍ക്കും ഏറ്റവും പ്രയോജനകരമായ കാര്യങ്ങളിലൊന്നാണ്. മത സംഘടനകള്‍ പരസ്പരം കടിപിടികൂടി പാഴാക്കുന്ന സമയവും സമ്പത്തുമൊക്കെ, ഇസ്‌ലാം പ്രോത്സാഹിപ്പിച്ച ജനോപകാരപ്രദമായ ഇത്തരം സത്കര്‍മങ്ങളില്‍ വിനിയോഗിച്ചാല്‍ നമ്മുടെ രാജ്യത്തിന് നാം നല്‍കുന്ന നല്ലൊരു സംഭാവനയായിരിക്കും അത്. ഇതര മത സമുദായങ്ങളില്‍നിന്ന് വലിയ പിന്തുണയും അതിന് കിട്ടും. സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുന്നതും മറ്റും അതിന്റെ ബോണസായിരിക്കും.
എന്താണ് വനവത്കരണത്തിന് ഊന്നല്‍ കൊടുക്കാനുള്ള കാരണം? ഈ രംഗത്ത് നേരിടുന്ന പ്രയാസങ്ങള്‍ എന്തൊക്കെയാണ്?
നമ്മുടെ ആവാസ വ്യവസ്ഥയുടെയും മനുഷ്യജീവിതത്തിന്റെയും ആരോഗ്യകരമായ നിലനില്‍പില്‍ മരങ്ങളും കാടുകളും വലിയ പങ്കാണല്ലോ വഹിക്കുന്നത്. ചെടികളും പച്ചക്കറിത്തോട്ടങ്ങളും പച്ചപ്പും നീര്‍ത്തടങ്ങളും പോലെ വലിയ മരങ്ങളും കാടുകളും നിലനിര്‍ത്തേണ്ടതാണ്. കാലാവസ്ഥാ വ്യതിയാനമാണ് ഇന്ന് ലോകം നേരിടുന്ന ഒരു വലിയ പ്രശ്‌നം. ഇത്തവണ മഴ തീരെ കുറഞ്ഞതായാണ് അനുഭവം. ഇതിനെ മറികടക്കാന്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കണം, കാടുണ്ടാകണം. ഇതുകൊണ്ടുള്ള രണ്ട് പ്രധാന ഫലങ്ങളില്‍ ഒന്ന് വായുശുദ്ധികരണമാണ്. അന്തരീക്ഷ മലിനീകരണം കൂടി വരുന്നു. ഇതുണ്ടാക്കുന്ന അപകടങ്ങള്‍ ചെറുതല്ല. ദല്‍ഹിയില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത് സുപ്രീം കോടതിയാണ് എന്നതില്‍നിന്ന് പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കാം. മരങ്ങള്‍ അന്തരീക്ഷ ശുദ്ധീകരണത്തിന് വലിയ അളവില്‍ സഹായിക്കും. മനുഷ്യജീവന്‍ നിലനിര്‍ത്തുന്ന ഓക്‌സിജന്‍ ലഭ്യമാകും. മഴ ലഭിക്കുമെന്നതാണ് രണ്ടാമത്തെ പ്രയോജനം. കാടും മരങ്ങളും കുറയുന്നതിനനുസരിച്ച് മഴയും കുറയുകയാണല്ലോ ഇന്ന്. വന നശീകരണത്തിന്റെ അനന്തരഫലങ്ങളാണ് നാം അനുഭവിക്കുന്നത്. ഇപ്പോള്‍ മലേഷ്യയില്‍നിന്നാണ് മരങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. പടുകൂറ്റന്‍ മരങ്ങളൊക്കെ വെട്ടിമുറിച്ച് കയറ്റുമതി ചെയ്യുകയാണവര്‍. പകരം മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നുമില്ല. ഇതിന്റെ അനന്തരഫലം ഭാവിയില്‍ അനുഭവിക്കും.
നമ്മുടെ ഗവണ്‍മെന്റ് മെഷണറി പരിസ്ഥിതി സംരക്ഷണത്തിലോ വനവത്കരണത്തിലോ അത്ര സജീവമല്ല. 1980-ല്‍ കേന്ദ്ര ഗവണ്‍മെന്റ് ആസൂത്രണം ചെയ്ത വനവത്കരണ പദ്ധതി ഫയലുകളില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രയോഗതലത്തില്‍ ഫലപ്രദമായി കാണുന്നില്ല. 1982-ലാണ് കേരളത്തില്‍ വനവത്കരണം തുടങ്ങിയത്. അന്ന് കുറേ മരങ്ങള്‍ നട്ടു. പിന്നീട് കാര്യമായൊന്നും നടന്നില്ല; ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കൊടുക്കുന്നു എന്നതൊഴികെ. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തൈകള്‍ വിറ്റ് കാശുണ്ടാക്കുന്നു. ഉദ്യോഗസ്ഥര്‍ കുറേ പോക്കറ്റിലിടുന്നു. വനവത്കരണത്തിന്റെ ഭാഗമായി ഗവണ്‍മെന്റ് നട്ടുപിടിപ്പിച്ച അക്കേഷ്യ മരങ്ങളാണ് മറ്റൊരു പ്രശ്‌നം. കേരളത്തിന്റെ ഭൂപ്രകൃതിക്ക് ചേരാത്തതും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതുമാണ് അക്കേഷ്യ മരങ്ങള്‍. കാര്യമായ പ്രയോജനങ്ങളൊന്നും അതുകൊണ്ടില്ല. അക്കേഷ്യ മരങ്ങള്‍ കൂട്ടത്തോടെ വെട്ടിമാറ്റി കേരളത്തിന് യോജിച്ചതും ഉപകാരപ്രദവുമായ മരങ്ങള്‍ നടണം. ഞാന്‍ നട്ട പല തൈകളും വെട്ടി നശിപ്പിച്ചത് തൊഴിലുറപ്പ് പദ്ധതിക്കാരാണ്. ജൂണ്‍/ജൂലൈ മാസത്തില്‍ നടുന്ന തൈകള്‍ സെപ്റ്റംബര്‍ -ഒക്‌ടോബറോടെ വളര്‍ന്നുവരും. ആ സമയത്താണ് തൊഴിലുറപ്പുകാര്‍ റോഡരികിലെ കാട് വൃത്തിയാക്കാന്‍ വരുന്നത്. നശിപ്പിക്കേണ്ടത് ഏത്, വളര്‍ത്തേണ്ടത് ഏത് എന്ന വകതിരിവൊന്നും അവര്‍ക്കില്ല! എല്ലാം വെട്ടി നശിപ്പിക്കും. ഈ രണ്ട് വിഷയങ്ങളും സൂചിപ്പിച്ച് കേരള മുഖ്യമന്ത്രിക്കും വനംവകുപ്പ് മന്ത്രിക്കും ഞാന്‍ കത്തയച്ചു. മറുപടി ലഭിച്ചെങ്കിലും ഒട്ടും ആശാവഹമായിരുന്നില്ല. പങ്കെടുക്കുന്ന യോഗങ്ങളിലും പരിപാടികളിലുമൊക്കെ പരിസ്ഥിതി സംരക്ഷണത്തിന്റെയും ജൈവകൃഷിയുടെയും ആവശ്യം ഞാന്‍ ഊന്നിപ്പറയാറുണ്ട്, പ്രത്യേകിച്ചും സ്ത്രീകളോട്. നിത്യോപയോഗത്തിനുള്ള പച്ചക്കറികള്‍ കുറച്ചെങ്കിലും വീട്ടുവളപ്പില്‍ അടുക്കളത്തോട്ടമായും മറ്റും ഉണ്ടാക്കാന്‍ നമുക്ക് കഴിയും. വളരെ കുറച്ച് സ്ഥലം മതിയാകും. ടെറസിലും ഉണ്ടാക്കാം. ടി.വിയുടെയും മൊബൈല്‍ ഫോണിന്റെയും മുമ്പിലിരിക്കുന്ന കുറച്ചു സമയം ഇതിനായി ഉപയോഗിച്ചാല്‍ മതി. ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും ഉത്തമമാണിത്. മുസ്‌ലിം സംഘടനകള്‍, ഇപ്പോള്‍ സി.പി.എം ചിലയിടത്തൊക്കെ ചെയ്യുന്ന പോലെ ജൈവകൃഷി പ്രോത്സാഹിപ്പിച്ച് രംഗത്തുവരികയാണെങ്കില്‍ അത് വലിയ ഗുണം ചെയ്യും. വയനാട് കൃഷ്ണഗിരിയിലെ തോട്ടത്തില്‍ ജൈവകൃഷി രീതിയാണ് പരമാവധി സ്വീകരിക്കുന്നത്.
സഞ്ചാരപ്രിയനാണല്ലോ താങ്കള്‍. ലോകമെമ്പാടും യാത്ര ചെയ്തിട്ടുണ്ട്. യാത്രയിലെ സവിശേഷ അനുഭവങ്ങള്‍?
അനേകം രാജ്യങ്ങള്‍ കാണാന്‍ അവസരമുണ്ടായി. ഇംഗ്ലണ്ട്, ഫ്രാന്‍സ്, റഷ്യ, ചൈന, സൗത്താഫ്രിക്ക, സിംഗപ്പൂര്‍, മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലന്റ്, മാലിദ്വീപ്, മൊസാംബിക്, ഈജിപ്ത്, തുര്‍ക്കി, സിറിയ, ജി.സി.സി രാജ്യങ്ങള്‍ തുടങ്ങിയവയൊക്കെ സന്ദര്‍ശിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ പോയത് ബിസിനസ് ആവശ്യാര്‍ഥമാണ്. നാട് കാണുക, ജനങ്ങളെയും സംസ്‌കാരത്തെയും അറിയുക-ഇതായിരുന്നു യാത്രയുടെ പ്രധാന ലക്ഷ്യം. സഞ്ചാരമാണല്ലോ അറിവും അനുഭവവും തരുന്നത്. യാത്ര നമ്മുടെ മനസ്സിനെയും കാഴ്ചപ്പാടുകളെയും വിശാലമാക്കും. ഒരുപാട് പുതിയ മനുഷ്യരെ കാണാനാകും. യാത്ര ചെയ്യാത്ത മനുഷ്യന്‍ കെട്ടിനില്‍ക്കുന്ന വെള്ളം പോലെയാണ്. സഞ്ചാരം ഒരൊഴുക്കാണ്. അത് നമ്മെ വികസിപ്പിക്കും. അതുകൊണ്ടുകൂടിയാണ് ഖുര്‍ആന്‍ യാത്ര ചെയ്യാന്‍ പ്രോത്സാഹിപ്പിച്ചത്. ഇസ്‌ലാമിക ചരിത്രം സഞ്ചാരങ്ങളുടേതും പലായനങ്ങളുടേതും കൂടിയാണല്ലോ.
എനിക്ക് ഏറ്റവും പ്രിയം സൗത്താഫ്രിക്കയാണ്. യാത്രക്കിടയില്‍ കൂടുതല്‍ നാള്‍ ഞാന്‍ അവിടെയാണ് ചെലവഴിച്ചത്. നല്ല മനുഷ്യരാണ് അവിടത്തുകാര്‍. പട്ടിണിയില്ലാത്ത നാടാണത്. പൊതുവില്‍ മതസ്പര്‍ധയില്ല. ക്രൈസ്തവ ഭൂരിപക്ഷവും മുസ്‌ലിംകളുമൊക്കെ നല്ല ബന്ധത്തിലാണ് കഴിയുന്നതെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. മുസ്‌ലിംകളില്‍ ഭൂരിപക്ഷവും കുടിയേറ്റക്കാരാണ്; ഗുജറാത്തിലെ കച്ച് മേമന്മാരാണ് അവരില്‍ 90 ശതമാനവും എന്ന് പറയാം. സമ്പന്നരായ കച്ചവടക്കാരാണവര്‍. അന്യോന്യം നല്ല സ്‌നേഹത്തില്‍ കഴിയുന്ന അവര്‍ വലിയ ധര്‍മിഷ്ഠരാണ്. പലരുമായും എനിക്ക് വ്യക്തിബന്ധങ്ങളുണ്ട്. ചിലര്‍ സൗത്താഫ്രിക്കയില്‍നിന്ന് കേരളം സന്ദര്‍ശിക്കാന്‍ വരികയും എന്റെ വീട്ടില്‍ താമസിക്കുകയും ചെയ്തിട്ടുണ്ട്. കുറച്ച് മുമ്പ് കേരളത്തില്‍നിന്ന് ഒരു 'ശൈഖ്' അവിടെ പിരിവിനു ചെന്നിരുന്നു. അദ്ദേഹത്തിന്റെ തട്ടിപ്പൊക്കെ അവര്‍ക്ക് മനസ്സിലായിട്ടുണ്ടെന്ന് അവരെന്നോട് പറയുകയുണ്ടായി. മുസ്‌ലിംകളുടെ നന്മ നിറഞ്ഞ ജീവിതം കണ്ട് ജനങ്ങള്‍ ഇസ്‌ലാമിലേക്ക് വരുന്ന അനുഭവം സൗത്താഫ്രിക്കയിലുണ്ട്.
കമ്യൂണിസ്റ്റ് ആധിപത്യം നശിച്ച് സോവിയറ്റ് യൂനിയന്‍ തകര്‍ന്നതിനു ശേഷമായിരുന്നു ഞാന്‍ റഷ്യ സന്ദര്‍ശിച്ചത്. കമ്യൂണിസ്റ്റ് ആധിപത്യത്തിനു കീഴില്‍ ഏകപക്ഷീയമായാണ് കാര്യങ്ങള്‍ നടന്നിരുന്നത്. കമ്യൂണിസം പോയി ക്യാപിറ്റലിസം വന്നത് നന്നായി എന്ന മനസ്സായിരുന്നു ആ സമയത്ത് റഷ്യന്‍ ജനതക്ക്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. അത് അവരുടെ മേല്‍ അടിച്ചേല്‍പിച്ചതായിരുന്നു. നേരത്തേ വായിച്ചറിഞ്ഞ ഇത്തരം കാര്യങ്ങള്‍ ശരിയാണെന്ന് അവിടെ സന്ദര്‍ശിച്ചപ്പോള്‍ നേരിട്ട് ബോധ്യപ്പെട്ടു. കമ്യൂണിസ്റ്റ് ഭരണത്തിനു കീഴില്‍ സാധാരണക്കാരുടെ ജീവിതം ദുസ്സഹമായിരുന്നുവെന്ന് അവരില്‍നിന്നുതന്നെ കേട്ടറിയാന്‍ കഴിഞ്ഞു. സംസാരിച്ചവരെല്ലാം ഒരേ വികാരമാണ് പങ്കുവെച്ചത്. 'ഇപ്പോഴിവിടെ പ്രതിപക്ഷ പാര്‍ട്ടിയുണ്ടല്ലോ, നേരത്തേ അതുണ്ടായിരുന്നില്ല' എന്നാണ് ഒരാള്‍ പറഞ്ഞത്. പ്രതിപക്ഷം ജനാധിപത്യത്തിന്റെ ശക്തിയാണെന്ന് നാം മനസ്സിലാക്കണം.
യൂറോപ്യന്‍ നാടുകളിലെ സന്ദര്‍ശനവും ജനാധിപത്യത്തിന്റെ സൗന്ദര്യം ബോധ്യപ്പെടാന്‍ അവസരമൊരുക്കി. ജനാധിപത്യബോധം വളരെ കൂടുതലാണ് യൂറോപ്യന്മാര്‍ക്ക്. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും വലിയ അളവില്‍ അനുവദിക്കും; ചുരുക്കം ചിലര്‍ അതിന് എതിരാണെങ്കിലും. വളരെ സന്തുഷ്ടരായി ജീവിക്കുന്ന ജനങ്ങളെയാണ് ബ്രിട്ടനിലും ഫ്രാന്‍സിലുമൊക്കെ കണ്ടത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കരുത്ത് ജര്‍മനിക്കാണ്. ജര്‍മന്‍കാര്‍ക്ക് ഞാനെന്ന ഭാവം കുറച്ചുണ്ട്. യൂറോപ്പിലെ മറ്റു രാജ്യക്കാര്‍ക്ക് അതില്ലെന്നാണ് അറിവ്. യാത്രാവിവരണം എഴുതാന്‍ ആലോചനയൊന്നും ഇല്ലാതിരുന്നതുകൊണ്ട് കാഴ്ചകളും അനുഭവങ്ങളുമൊന്നും കുറിച്ച്‌വെച്ചിട്ടില്ല.
തുര്‍ക്കിയിലെ ഇസ്തംബൂള്‍ നഗരം മനോഹര കാഴ്ചയാണ്. കാഴ്ച എന്നതിനേക്കാള്‍ അനുഭവം എന്ന് പറയുന്നതാകും നല്ലത്. ബോസ്ഫറസ് പാലത്തില്‍ കയറി നില്‍ക്കുമ്പോള്‍ രണ്ട് ഭൂഖണ്ഡങ്ങള്‍ കാണാം; ഒരുവശത്ത് യൂറോപ്പും മറുവശത്ത് ഏഷ്യയും. ഈ പാലം രണ്ട് വന്‍കരകളെ ബന്ധിപ്പിക്കുംപോലെ. ബഹുസംസ്‌കാരത്തിന്റെ സമന്വയ കേന്ദ്രമാണ് തുര്‍ക്കി. ഇസ്തംബൂളിലെ കെട്ടിടങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍... എല്ലാം കണ്ടുതന്നെ അറിയണം.
ഇസ്തംബൂള്‍ ഇസ്‌ലാമിക സാംസ്‌കാരിക പശ്ചാത്തലമുള്ള നഗരമാണ്. വലിയ പള്ളികളൊക്കെയുണ്ട്. അതേസമയം യൂറോപ്യന്‍ മോഡലിലാണ് മൊത്തം അന്തരീക്ഷം. ജനങ്ങളുടെ മനസ്സില്‍ ഇസ്‌ലാമിനോട് വലിയ താല്‍പര്യമുണ്ട്. നജ്മുദ്ദീന്‍ അര്‍ബകാന്‍ പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഞാന്‍ തുര്‍ക്കി സന്ദര്‍ശിച്ചത്. അവിടെ ഇസ്‌ലാമിക ഉണര്‍വ് പതിയെ ഉയര്‍ന്നുവരുന്ന കാലമായിരുന്നു അത്. ജനങ്ങള്‍ക്ക് നല്ല ഇസ്‌ലാമികാവേശം ഉണ്ടായിരുന്നെങ്കിലും മികച്ച ഒരു ലീഡര്‍ഷിപ്പിന്റെ അഭാവമുണ്ടായിരുന്നു. അന്ന് പത്രപ്രവര്‍ത്തകരെയും മറ്റും കണ്ടപ്പോള്‍ തുര്‍ക്കിയില്‍ വലിയൊരു മാറ്റത്തിന്റെ കളമൊരുങ്ങുകയാണെന്ന് മനസ്സിലാക്കാന്‍ സാധിച്ചു. തുര്‍ക്കി ജനത ഇസ്‌ലാമിലേക്ക് ഉണരുകയാണെന്ന തോന്നലുണ്ടായി. റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ നേതൃത്വത്തില്‍ പിന്നീട് തുര്‍ക്കി ഉണര്‍ന്നെണീക്കുകയും ഇപ്പോള്‍ അട്ടിമറിക്കെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുകയും ചെയ്തപ്പോള്‍ ആ യാത്രയിലെ അനുഭവങ്ങള്‍ പുലര്‍ന്നത് കണ്ടറിയാനായി.
അതുപോലെ കണ്ടിരിക്കേണ്ട നാടാണ് ഫ്രാന്‍സ്. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും ധാരാളം ടൂറിസ്റ്റുകള്‍ വന്നുപോകുന്ന പാരീസ്, ഒരു സിറ്റിയെന്ന നിലക്ക് വളരെ ക്ലീനാണ്. യൂറോപ്യന്‍ നഗരങ്ങളുടെ വൃത്തിയും മനോഹാരിതയും വ്യവസ്ഥാപിതത്വവുമൊക്കെ നാം കണ്ടുപഠിക്കേണ്ടതാണ്. ഒരുപക്ഷേ, മുസ്‌ലിം സ്‌പെയിനിന്റെ സാംസ്‌കാരിക പാരമ്പര്യമായിരിക്കും ഇത്.
ഇസ്‌ലാമിക ചരിത്രത്തിലെ വലിയൊരു ദുരന്തമാണല്ലോ സ്‌പെയിന്‍. മുസ്‌ലിംകള്‍ തമ്മിലടിച്ചും മറ്റും അത് തകര്‍ത്തു. അധിനിവേശ ശക്തികള്‍ ഒരൊറ്റ മുസ്‌ലിമിനെയും അവിടെ ബാക്കിവെച്ചില്ല. മുസ്‌ലിംകളുടെ കൊള്ളരുതായ്മ കൊണ്ടാണ് സ്‌പെയിന്‍ നഷ്ടമായതും വലിയൊരു നാഗരികത തകര്‍ന്നടിഞ്ഞതും.
സന്ദര്‍ശിച്ച യൂറോപ്യന്‍ നാടുകളിലെ മുസ്‌ലിം ജീവിതം എങ്ങനെയാണ്?
2006-ലാണ് ബ്രിട്ടന്‍, തുര്‍ക്കി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. അവിടങ്ങളിലെ മുസ്‌ലിം ജീവിതം കുറേയൊക്കെ മനസ്സിലാക്കാന്‍ കഴിഞ്ഞു. ബ്രിട്ടനിലെ മുസ്‌ലിംകള്‍ കരുത്തരാണ്. സ്വാതന്ത്ര്യമുണ്ട്. പറയത്തക്ക പ്രശ്‌നങ്ങളില്ല. ഇതര വിഭാഗങ്ങള്‍ക്ക് മുസ്‌ലിംകളോട് ബഹുമാനമാണ്. മുസ്‌ലിംകള്‍ താമസിക്കുന്ന ഫഌറ്റുകളിലെല്ലാം ചെറിയ പള്ളിയുണ്ടാകും. മുസ്‌ലിം നാടുകളിലേതുപോലെ കൂറ്റന്‍ പള്ളികള്‍ വ്യാപകമായി കാണില്ല. പ്രഫ. ഖുര്‍ശിദ് അഹ്മദിന്റെ നേതൃത്വത്തിലുള്ള ഇസ്‌ലാമിക് സെന്ററുകളുണ്ട്. പഠന ഗവേഷണങ്ങളും സംവാദങ്ങളും പ്രബോധന സ്വഭാവത്തോടെ നടക്കുന്നവയാണ് ഈ സെന്ററുകള്‍. പള്ളികളിലും ഇത്തരം സെന്ററുകളിലുമൊക്കെ എല്ലാ വിഭാഗക്കാര്‍ക്കും പ്രവേശനമുണ്ട്. പ്രഫ. ഖുര്‍ശിദ് അഹ്മദുമായി വ്യക്തിപരമായി നല്ല അടുപ്പവുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ പോകാറുണ്ടായിരുന്നു. നല്ല സുഹൃത്തുക്കളായിരുന്നു ഞങ്ങള്‍. മികവുറ്റ പണ്ഡിതനും അക്കാദമീഷ്യനും എന്ന നിലയില്‍ മാത്രമല്ല, പ്രസ്ഥാന നേതാവെന്ന നിലയിലും അദ്ദേഹം കഴിവ് തെളിയിച്ചു.
ഫ്രാന്‍സില്‍ മുസ്‌ലിംകള്‍ ധാരാളമുണ്ട്. അള്‍ജീരിയയില്‍നിന്നും മറ്റും കുടിയേറിയവരാണ് വലിയൊരു ശതമാനം. ഏറെയും ബിസിനസ്സുകാര്‍. ആദ്യമൊക്കെ ഫ്രാന്‍സിലെ മുസ്‌ലിംകളുടെ അവസ്ഥ പരിതാപകരമായിരുന്നു. പിന്നീട് ഏറെ മെച്ചപ്പെട്ടു. ഫ്രഞ്ചുകാര്‍ക്ക് സുഖമായി ജീവിച്ചാല്‍ മതി. അതിന് ഭംഗം വരരുത്. ജര്‍മനിയിലും മുസ്‌ലിംകള്‍ക്ക് വലിയ പ്രയാസങ്ങള്‍ ഉണ്ടായിരുന്നില്ല. പക്ഷേ, ഐ.എസിന്റെ മറ്റും തെറ്റായ നടപടിക്രമങ്ങളും തീവ്ര നിലപാടുകാരുടെ ഇടപെടലുകളുമാണ് മുസ്‌ലിംകള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഫ്രാന്‍സിലൊക്കെ മുസ്‌ലിംകള്‍ സംശയത്തോടെയും ഭീതിയോടെയും വീക്ഷിക്കപ്പെടാന്‍ ഇത് കാരണമാകുന്നുണ്ട്.
അറബ് ലോകത്തെയും യൂറോപ്പിനെയും താരതമ്യം ചെയ്യുമ്പോള്‍?
അറബ് ജനതയുടെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. പ്രത്യേകിച്ചൊരു ലക്ഷ്യമോ സവിശേഷതകളോ ഇല്ലാത്ത ജീവിതമാണ് ഇപ്പോള്‍ അവരുടേത്. അവരങ്ങനെ ജീവിച്ചുപോകുന്നുവെന്നേയുള്ളൂ.
ദീനിനോടുള്ള അറബികളുടെ സമീപനവും അവരുടെ ജീവിതശൈലിയുമൊക്കെ വലിയ അളവില്‍ മാറിപ്പോയി. ഹജ്ജ്-ഉംറ കര്‍മങ്ങളൊക്കെ കോടികള്‍ മറിയുന്ന ബിസിനസ്സും ടൂറിസവുമായി മാറി, അല്ലെങ്കില്‍ മാറ്റി. മറ്റു പല പ്രശ്‌നങ്ങളുമുണ്ട്. അറബ് ലോകത്തെ, വിശേഷിച്ചും ചില രാജ്യങ്ങളിലെ ദീനീബോധമുള്ള ചെറുപ്പക്കാരൊക്കെ ഇപ്പോഴത്തെ പോക്കിന് എതിരാണ്. ഈ വഴിവിട്ട അവസ്ഥയില്‍ മനംനൊന്ത് ഇരിക്കുകയാണ് ചിലര്‍. ഇതൊക്കെ മാറ്റണം എന്ന് ചിന്തിക്കുന്നവരില്‍ ചിലര്‍, അവസാനം നിരാശരായി തീവ്രവാദത്തില്‍ എത്തിച്ചേരുന്നു. അത്രക്ക് ധിക്കാരമാണ് ഇസ്‌ലാമിനോട് പലരും കാണിക്കുന്നത്.
എന്നാല്‍ യൂറോപ്പിന്റെ അവസ്ഥ വ്യത്യസ്തമാണ്. അറബ് നാടുകളിലെയോ നമ്മുടെ നാട്ടിലെയോ പോലെ പ്രത്യക്ഷത്തില്‍ മത ബഹളങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ കാണുകയില്ലെങ്കിലും, ഇസ്‌ലാമികമായ സ്പിരിറ്റ് യൂറോപ്യര്‍ക്കാണ് ഇപ്പോള്‍ കൂടുതലുള്ളതെന്നാണ് നേരിട്ടുള്ള അനുഭവം. ഇന്നത്തെ ഇസ്‌ലാമിസ്റ്റുകള്‍ കൂടുതലും യൂറോപ്പിലല്ലേ. അവിടത്തെ ജനാധിപത്യത്തിന്റെ കരുത്ത് ഇസ്‌ലാമിന് അനുകൂലമാണ്. അത് ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ മുസ്‌ലിംകള്‍ക്ക് കഴിയണമെന്നു മാത്രം. ഐ.എസും തീവ്രവാദവും കാരണം യൂറോപ്പിലെ മുസ്‌ലിംകള്‍ക്ക് ഇപ്പോള്‍ പ്രശ്‌നങ്ങളുണ്ടാകുന്നുണ്ട്. തീവ്രവാദത്തിന്റെ നഷ്ടം മുസ്‌ലിംകള്‍ക്കുതന്നെയാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ചുരുക്കം ചില ഗ്രൂപ്പുകള്‍ മുസ്‌ലിംകള്‍ക്കെതിരെ വംശീയ പ്രചാരണം നടത്തുന്നുണ്ടെങ്കിലും ഒരു ജനതയെന്ന നിലയില്‍ യൂറോപ്യന്‍ സമൂഹം ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും വൈരികളല്ല.
ഇഖ്‌വാന്റെയും ജമാഅത്തിന്റെയും വേരുകളില്‍നിന്ന് രൂപപ്പെട്ട സംഘങ്ങള്‍ ഫ്രാന്‍സിലും ഇംഗ്ലണ്ടിലുമൊക്കെ സമാധാനപരമായ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ക്രിയാത്മകമായി നടത്തുന്നുണ്ട്. അവിടങ്ങളിലെ അഭിപ്രായ പ്രകടന സ്വാതന്ത്ര്യവും അവരുടെ ചിന്താശീലവുമൊക്കെ ഇസ്‌ലാമിന് ഗുണകരമാണ്. സുഖലോലുപരാണെങ്കിലും അവര്‍ കാര്യങ്ങള്‍ പഠിച്ചു മനസ്സിലാക്കുകയും ബോധ്യപ്പെട്ടാല്‍ ഉള്‍ക്കൊള്ളുകയും ചെയ്യും. ഇത് ഇസ്‌ലാമിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.
മലേഷ്യയിലെ അന്‍വര്‍ ഇബ്‌റാഹീമുമായി സൗഹൃദമുണ്ടല്ലോ.
മൂന്ന് തവണ മലേഷ്യ സന്ദര്‍ശിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇസ്‌ലാമിക സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്ന നല്ല നാടാണ് മലേഷ്യ. എത്രയോ ചൈനക്കാര്‍ മലേഷ്യന്‍ മുസ്‌ലിംകളുടെ ജീവിതം കണ്ട് ഇസ്‌ലാമിലേക്ക് വന്നിട്ടുണ്ട്. ഡോ. അന്‍വര്‍ ഇബ്‌റാഹീമുമായി കേവല സൗഹൃദമല്ല ഉള്ളത്; അതൊരു ഇസ്‌ലാമിക, പ്രാസ്ഥാനിക ബന്ധമാണ്. അന്‍വര്‍ ഇബ്‌റാഹീം വിദ്യാര്‍ഥിയായിരിക്കെ ആരംഭിച്ചതാണ് ആദര്‍ശപരമായ ആ സാഹോദര്യബന്ധം. നല്ല പ്രഭാഷകനും സംഘാടകനുമാണ് അദ്ദേഹം. അബീം എന്ന വിദ്യാര്‍ഥി സംഘടന കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഒരിക്കല്‍ ഞാന്‍ മലേഷ്യ സന്ദര്‍ശിച്ചപ്പോള്‍ താമസവും യാത്രയുമൊക്കെ അന്‍വര്‍ ഇബ്‌റാഹീമിന്റെ വകയായിരുന്നു. അബീമിലെ പല പ്രവര്‍ത്തകരും അദ്ദേഹം വഴി എന്റെ സുഹൃത്തുക്കളാവുകയുണ്ടായി. പല പരിപാടികള്‍ക്കും എന്നെ ക്ഷണിക്കുമായിരുന്നു. കെലന്റാന്‍ (Kelantan) പ്രവിശ്യയില്‍ നടന്ന അബീമിന്റെ ഒരു വാര്‍ഷിക സമ്മേളനത്തില്‍ അതിഥിയായി പ്രസംഗിക്കാനും എനിക്ക് അവസരമുണ്ടായി. മലേഷ്യന്‍ രാഷ്ട്രീയത്തിലെ വലിയ നേതാവായി വളര്‍ന്ന അദ്ദേഹത്തിനെതിരെ കേസുകള്‍ വന്നു, വ്യക്തിപരമായും ചില പ്രശ്‌നങ്ങള്‍ ഉണ്ടായി. പിന്നീട് എന്തൊക്കെയാണ് സംഭവിച്ചതെന്ന് കൃത്യമായി അറിയില്ല.
മാലിദ്വീപിലും ഞാന്‍ കുറച്ചു ദിവസം താമസിച്ചിരുന്നു. ഞാന്‍ പഠിപ്പിച്ച കുറച്ച് വിദ്യാര്‍ഥികള്‍ അവിടെയുണ്ട്. നൂറ് ശതമാനം മുസ്‌ലിംകളുള്ള നാടാണ് മാലിദ്വീപ്. ശാഫിഈ മദ്ഹബ് പിന്തുടരുന്നവരാണവര്‍. എന്നാല്‍, ഭൂരിപക്ഷമാളുകള്‍ക്കും ഇസ്‌ലാമിനെക്കുറിച്ച ബോധം കുറവാണ്. ബോധമുള്ളവര്‍ക്ക് ഒരു തെറ്റിനുമെതിരെ മിണ്ടാനുള്ള സ്വാതന്ത്ര്യവുമില്ല. അറിവില്ലായ്മയാണ് പ്രധാന പ്രശ്‌നം. അവിടത്തെ താമസത്തിനിടക്ക് ചില പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഞാന്‍ പലരോടും സംസാരിച്ചു. പള്ളിവക ഖബ്‌റിസ്ഥാനിലെ കെട്ടിട നിര്‍മാണമായിരുന്നു അതിലൊന്ന്. അതിനെതിരെ ഞാന്‍ പലരോടും സംസാരിച്ചു. എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കാനുള്ള സ്വാതന്ത്ര്യമൊന്നും അവിടെ ഉണ്ടായിരുന്നില്ല. ഒരുതരം ഗുണ്ടായിസ ഭരണമാണ് നിലനിന്നിരുന്നത്. ഞാന്‍ തിരിച്ചുപോരാനൊരുങ്ങിയപ്പോള്‍ എനിക്കെതിരെ ഒരു വാറണ്ട് വന്നു; എന്നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇസ്‌ലാമിക പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ഒരു മാസം ഞാന്‍ മാലിദ്വീപ് ജയിലില്‍ കിടന്നു.
പലതവണ ബംഗ്ലാദേശ് സന്ദര്‍ശിച്ചിട്ടുണ്ട് താങ്കള്‍. ഇപ്പോള്‍ അവിടെ 'യുദ്ധക്കുറ്റ'ത്തിന്റെ പേരില്‍ ജമാഅത്ത് നേതാക്കളെ ഒന്നൊന്നായി തൂക്കിലേറ്റുകയാണ്...
വല്ലാത്ത നാടുകളാണ് പാകിസ്താനും ബംഗ്ലാദേശും. മുസ്‌ലിംകളുടെ പേരിലല്ലേ പാകിസ്താന്‍ സ്ഥാപിക്കപ്പെട്ടത്. എന്നിട്ടെന്തുണ്ടായി? പിന്നെയും അത് വെട്ടിമുറിക്കപ്പെട്ടു. കേവലം സമുദായത്തിന്റെ പേരും പറഞ്ഞ് രാഷ്ട്രമോ രാഷ്ട്രീയമോ ഉണ്ടാക്കിയാല്‍ ഇങ്ങനെയിരിക്കും. മൗലാനാ മൗദൂദി ഇത് ദീര്‍ഘദര്‍ശനം ചെയ്തിരുന്നു. ബംഗ്ലാദേശുകാര്‍ വിഭജനവാദമുന്നയിച്ചതിന്റെ അടിസ്ഥാനം ദേശീയതയായിരുന്നു. പാകിസ്താന്റെ ഭരണമേധാവിത്വം മിക്കവാറും പഞ്ചാബികള്‍ക്കും മറ്റുമായിരുന്നു. കിഴക്കന്‍ പാകിസ്താനികള്‍, അഥവാ ബംഗ്ലാ ഭാഷ സംസാരിക്കുന്നവര്‍ പഞ്ചാബികളുടെ ഭരണമേധാവിത്വം ഇഷ്ടപ്പെട്ടിരുന്നില്ല. ജനസംഖ്യാനുപാതികമായി കിഴക്കന്‍ പാകിസ്താന് ലഭിക്കേണ്ടത് പടിഞ്ഞാറന്‍ പാകിസ്താനില്‍നിന്ന് കിട്ടിയിരുന്നില്ല എന്നത് കുറേയൊക്കെ ശരിയുമാണ്. ഈ രണ്ട് ഘടകങ്ങള്‍ക്കു പുറമെ ബാഹ്യശക്തികളുടെ ഇടപെടലും കിഴക്കന്‍-പടിഞ്ഞാറന്‍ പാകിസ്താനുകള്‍ തമ്മിലെ സംഘര്‍ഷത്തിനും രക്തരൂഷിതമായ യുദ്ധത്തിനും അവസാനം വിഭജനത്തിനും കാരണമായി. ബംഗ്ലാ ഭാഷ സംസാരിക്കുന്ന കിഴക്കന്‍ പാകിസ്താന്‍ ബംഗ്ലാദേശ് എന്നറിയപ്പെട്ടു.
ബംഗ്ലാ നേതാവായിരുന്ന മൗലാനാ ബാഖ്ഷാനിയില്‍നിന്നായിരുന്നു ബംഗ്ലാ ദേശീയവാദത്തിന്റെ തുടക്കം. അസമില്‍നിന്ന് കുടിയേറിയ ആളായിരുന്നു ബാഖ്ഷാനി. 'ബംഗ്ലാ നാഷനലിസം' നേരത്തേ തന്നെ അവിടെ ഉണ്ടായിരുന്നു. ഇതിനെ ഊതിക്കത്തിക്കുകയാണ് ബാഖ്ഷാനിയും അദ്ദേഹത്തെ പിന്തുണച്ചവരും ചെയ്തത്. ബംഗ്ലാ ദേശീയ നേതാവായിരുന്ന ശൈഖ് മുജീബുര്‍റഹ്മാന്നും പാക് ഭരണാധികാരി സുല്‍ഫിക്കര്‍ അലി ഭുട്ടോക്കും രാജ്യം വിഭജിക്കണം എന്ന താല്‍പര്യം ഉണ്ടായിരുന്നു. പഞ്ചാബീ രാഷ്ട്രീയ നേതാക്കള്‍ക്കും ബംഗ്ലാദേശ് രൂപീകരണത്തില്‍ പങ്കുണ്ട് എന്നതാണ് സത്യം. ബംഗ്ലാദേശ് വേര്‍പ്പെട്ടുപോകുന്നതായിരുന്നു പടിഞ്ഞാറന്‍ പാകിസ്താന് നല്ലത്. കാരണം രാജ്യത്തിന്റെ സാമ്പത്തിക വരുമാനം ഏറക്കുറെ പടിഞ്ഞാറന്‍ പാകിസ്താനിലായിരുന്നു. പൊതുവെ ദരിദ്രമായ കിഴക്കന്‍ പാകിസ്താന്റെ സാമ്പത്തിക ആവശ്യങ്ങള്‍ നിവര്‍ത്തിക്കപ്പെട്ടത് പടിഞ്ഞാറന്‍ പാകിസ്താന്റെ പണം കൊണ്ടായിരുന്നു. പണത്തിന്റെ ഈ ഒഴുക്ക് ഒരുതരം അസ്വസ്ഥതയായി പഞ്ചാബികളുടെ മനസ്സിലുണ്ടായിരുന്നു. ഇന്നും വലിയ ദാരിദ്ര്യത്തില്‍ കഴിയുന്ന നാടാണല്ലോ ബംഗ്ലാദേശ്; ഇത് ചരിത്രത്തിന്റെ തുടര്‍ച്ചയാണ്.
പാകിസ്താന്‍ പട്ടാളം ബംഗ്ലാദേശില്‍ കടുത്ത അക്രമങ്ങള്‍ ചെയ്തിട്ടുണ്ട്. വ്യാപകമായി ജനങ്ങളെ പീഡിപ്പിച്ചു, നേതാക്കന്മാരെ ജയിലിലിട്ടു... വിഭജനവാദവും സംഘര്‍ഷവും ഉടലെടുത്തപ്പോള്‍ ബംഗ്ലാ മേഖലയില്‍ പാകിസ്താന്‍ പട്ടാള ഭരണം ഏര്‍പ്പെടുത്തി. അപ്പോഴാണ് ഈ അക്രമങ്ങള്‍ ഏറെയും നടന്നത്. അവസാനം രക്തരൂഷിതമായ യുദ്ധം നടന്നു. പാകിസ്താന്‍ പരാജയപ്പെട്ടു. 90,000 വരുന്ന പാക് പട്ടാളക്കാര്‍ തടവിലായി. പാകിസ്താന് വലിയ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു. പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമി പാകിസ്താന്‍-ബംഗ്ലാദേശ് വിഭജനത്തിനെതിരായിരുന്നു. രാജ്യം വെട്ടിമുറിക്കപ്പെടുന്നതിന്റെ അപകടങ്ങള്‍ മനസ്സിലാക്കിയായിരുന്നു ഇത്. ബംഗ്ലാദേശില്‍ പാകിസ്താന്‍ പട്ടാള ഭരണം വന്നപ്പോള്‍ ജമാഅത്ത് അതിനെ എതിര്‍ക്കുകയോ പിന്തുണക്കുകയോ ചെയ്തിരുന്നില്ല. ഇരു ഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തെയും ശൈഖ് മുജീബുര്‍റഹ്മാന്റെ രാഷ്ട്രീയ കളികളെയും ജമാഅത്ത് എതിര്‍ത്തിരുന്നു. കിഴക്കന്‍ -പടിഞ്ഞാറന്‍ പാകിസ്താനെ മൊത്തത്തില്‍ ഉള്‍ക്കൊള്ളുന്ന അഖില പാകിസ്താന്‍ പ്രസ്ഥാനം എന്ന നിലക്ക് ഏതെങ്കിലും ഒരു പക്ഷത്ത് നില്‍ക്കാന്‍ ജമാഅത്തിന് കഴിയുമായിരുന്നില്ലല്ലോ. എന്നാല്‍, ബംഗ്ലാദേശ് രൂപീകരിക്കപ്പെട്ട ശേഷം, രാജ്യത്തിന്റെ വളര്‍ച്ചക്കും വികാസത്തിനും വേണ്ടി മികച്ച സംഭാവനകള്‍ അവിടത്തെ ജമാഅത്തുകാര്‍ നല്‍കിയിട്ടുണ്ട്. എന്നിട്ടും ഇപ്പോള്‍ ജമാഅത്ത് നേതാക്കളെ യുദ്ധക്കുറ്റവാളികളായി പ്രഖ്യാപിച്ച് തൂക്കിലേറ്റുന്നതിനു പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളാണുള്ളത്. ഇങ്ങനെ നിരപരാധികളെ കൊന്നൊടുക്കുന്നതുകൊണ്ട് താല്‍ക്കാലിക നേട്ടങ്ങള്‍-സാമ്പത്തിക നേട്ടം വരെ- അവര്‍ക്കുണ്ടാകാം. പക്ഷേ, ഇതിന് വലിയ തിരിച്ചടിയുണ്ടാകും.
ഒരിക്കല്‍ ഞങ്ങള്‍ സുഹൃത്ത് മുഹമ്മദ് ഹുസൈന്റെ കല്യാണം കൂടാന്‍ ബംഗ്ലാദേശില്‍ പോയിരുന്നു. ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലായിരുന്നു താമസം. അര്‍ധരാത്രി ഭയങ്കര ബഹളം കേട്ട് ഞങ്ങള്‍ ഉണര്‍ന്നു. നോക്കുമ്പോള്‍ ഒരു കൂട്ടം ആളുകള്‍ പന്തം കൊളുത്തി കാട്ടാനകളെയും കൊണ്ട് പോകുന്നു. ആനകളെ വളര്‍ത്തുന്ന പ്രദേശമുണ്ട് അവിടെ. അവിടത്തുകാരുടെ പ്രധാനപ്പെട്ട ഒരു പണി കാട്ടില്‍നിന്ന് ആനകളെ പിടിച്ചുകൊണ്ടുവന്ന് മെരുക്കി 'നാട്ടാന' ആക്കുക എന്നതാണ്. ആനയെ 'മുസ്‌ലിമാ'ക്കുക എന്നാണ് ഇതിന് പറയുക. ഞങ്ങളും അവരുടെ കൂടെ പോയി. നേരം വെളുക്കുവോളം അവിടെ നിന്നു. അവര്‍ ആനയുടെ ചുറ്റുനിന്ന് പ്രത്യേക രൂപത്തില്‍ 'മുസല്‍മാന്‍ ബന്‍ജാഓ, മുസല്‍മാന്‍ ബന്‍ജാഓ...' എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. കാട്ടാനയോട് 'നാടന്‍ ആവുക' എന്ന അര്‍ഥത്തിലാണ് 'മുസല്‍മാന്‍ ബന്‍ജാഓ' എന്ന് പറയുന്നത്.
പാകിസ്താനെ സംബന്ധിച്ച് എനിക്കൊരു പ്രതീക്ഷയുമില്ല. വന്‍കിട ജന്മിമാരുടെ നാടാണത്. 100-500 ഏക്കര്‍ ഭൂമി സ്വന്തമായുള്ള സെമീന്ദാര്‍മാരുടെ നാട്. ഇസ്‌ലാമിനോട് വലിയ കൂറൊന്നും അവര്‍ക്കുള്ളതായി എനിക്ക് തോന്നിയിട്ടില്ല. മൗലാനാ മൗദൂദിയും അമീന്‍ അഹ്‌സന്‍ ഇസ്വ്‌ലാഹിയുമൊക്കെ ഉണ്ടായിരുന്ന കാലത്ത് ഇസ്‌ലാമിനെക്കുറിച്ച വര്‍ത്തമാനങ്ങളും ചര്‍ച്ചകളുമൊക്കെ പാകിസ്താന്റെ അന്തരീക്ഷത്തില്‍ ഉയര്‍ന്നുകേട്ടിരുന്നു. പിന്നീട് അതൊക്കെ കെട്ടുപോയി. ഇപ്പോള്‍ ഇസ്‌ലാമിക പ്രസ്ഥാനവും പാകിസ്താനില്‍ പണ്ടത്തെ പോലെ പ്രബലമല്ല. സ്വതന്ത്ര ബലൂചിസ്താനു വേണ്ടിയുള്ള ബലൂച് മൂവ്‌മെന്റും പാകിസ്താനില്‍ ശക്തമായ സാന്നിധ്യമറിയിക്കുന്നുണ്ട്. വിദേശ സഹായം അതിനും കിട്ടുന്നുണ്ടാകണം.
ബിസിനസ് സംരംഭകന്‍ എന്ന നിലയില്‍ വിജയിച്ച വ്യക്തിയാണ് താങ്കള്‍. എന്തൊക്കെയാണ് ഈ രംഗത്തെ അനുഭവങ്ങള്‍, മുറുകെ പിടിക്കുന്ന മൂല്യങ്ങള്‍?
കുറേക്കാലമായി ബിസിനസ് രംഗത്താണുള്ളത്. ചായപ്പൊടി കച്ചവടമായിരുന്നു തുടക്കം. പിന്നീട് സൂപ്പര്‍ മാര്‍ക്കറ്റ്, ഫുഡ് കമ്പനി, ഹോട്ടല്‍ തുടങ്ങിയ മേഖലകളിലേക്ക് കടന്നു. ബിസിനസ് മേഖലയില്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ഏറെ ലഭിച്ചിട്ടു്. സത്യസന്ധമായി കച്ചവടം ചെയ്യുകയെന്നതാണ് നയം. കൃത്രിമത്വവും മായം ചേര്‍ക്കലും കൊള്ള ലാഭവും കള്ളത്തരവുമില്ലാത്തതാകണം കച്ചവടമെന്നതാണ് മുറുകെ പിടിക്കുന്ന തത്ത്വം. അതിലേ വിജയമുണ്ടാകൂ എന്നതാണ് അനുഭവം. 65 വര്‍ഷത്തെ ബിസിനസ് ജീവിതത്തിനിടക്ക് പലിശക്ക് പണം കടം വാങ്ങിയിട്ടില്ല, പലിശ കൊടുത്തിട്ടേയില്ല. പലിശ ഇടപാടുകളില്‍നിന്ന് മുക്തമായ ഒരു സാമ്പത്തിക ജീവിതം അല്ലാഹുവിന്റെ അനുഗ്രഹമാണ്. മക്കളും ഇതേ വഴിയാണ് പിന്തുടരുന്നത്. ഇന്ന് ബിസിനസ് രംഗത്ത് പലിശ സാധാരണമാണ്. വിദേശത്ത് പോയി പെട്ടെന്ന് പണമുണ്ടാക്കുന്ന ചിലര്‍ ഹറാമിലൂടെയാണ് സമ്പാദിക്കുന്നത്. ബ്ലേഡ് പലിശക്കാര്‍ നടത്തുന്ന സ്ഥാപനത്തില്‍നിന്ന് ഷെയറെടുത്ത മുസ്‌ലിം ബിസിനസുകാരെ എനിക്ക് നേരിട്ടറിയാം. ഹറാമായ സമ്പാദ്യത്തിന് എന്ത് അനുഗ്രഹമാണുണ്ടാവുക? സത്യസന്ധത മുറുകെ പിടിച്ച് ഹലാലായ വഴിയില്‍ മാത്രം കച്ചവടം ചെയ്യുക എന്നതാണ് ശരിയായ വഴി.
Comments