Prabodhanm Weekly

Pages

Search

2016 ഒക്ടോബര്‍ 14

2971

1438 മുഹറം 13

സ്ത്രീകള്‍ കണ്ടെത്തുന്ന കുറവുകള്‍

ഡോ. ജാസിമുല്‍ മുത്വവ്വ

സ്ത്രീകള്‍ പുരുഷന്മാരില്‍ ആരോപിക്കുന്ന മൂന്ന് കുറവുകളുണ്ട്. ഒന്ന്, അവളുടെ ആവശ്യങ്ങളോടോ വര്‍ത്തമാനങ്ങളോടോ സചേതനമായി പ്രതികരിക്കാതെ നിസ്സംഗത പുലര്‍ത്തുന്നു.

രണ്ട്, നിഗൂഢ വ്യക്തിത്വമാണ് അയാളുടേത്. എന്താണ് അയാളുടെ അഭിപ്രായമെന്ന് മനസ്സിലാവില്ല. അയാളുടെ ജീവിതത്തിന്റെ വിശദാംശങ്ങള്‍ വിട്ടുതരില്ല. 

മൂന്ന്, അവളോടുള്ള പെരുമാറ്റത്തിലും ഇടപെടലിലും അയാള്‍ അകലം പാലിക്കുന്നു. തടസ്സങ്ങള്‍ വലിച്ചിടുന്നു. 

പൊതുവില്‍ സ്ത്രീകള്‍ പുരുഷന്മാരില്‍ കണ്ടെത്തുന്ന കുറ്റങ്ങളും കുറവുകളുമാണിവ. ഈ നിരീക്ഷണം അടിസ്ഥാനമാക്കിയാണ് അയാളെ കുറിച്ച അഭിപ്രായം അവള്‍ രൂപപ്പെടുത്തുന്നതും ഇടപെടലുകള്‍ നടത്തുന്നതും. 

ഭാര്യയുടെ ആവശ്യങ്ങളോടും സംസാരങ്ങളോടുമുള്ള അയാളുടെ തണുപ്പന്‍ പ്രതികരണമാണല്ലോ ആദ്യത്തെ കുറ്റം. അതിന് ഒരു കാരണം സ്ത്രീയുടെ സംസാരം രണ്ട് വശങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്നതാണ്. ഒന്നാമത്തെ വശം അനുഭൂതികളും വികാരങ്ങളുമാണ്. രണ്ടാമത്തേത് വിവര വിനിമയമാണ്. മിക്ക പുരുഷന്മാരും വിവാഹത്തിനു ശേഷം വികാരങ്ങളേക്കാള്‍ വിവരങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്നതായാണ് അനുഭവം. ഉമ്മയുടെ രോഗത്തെക്കുറിച്ചും ആ രോഗം തന്നില്‍ ഉളവാക്കുന്ന സങ്കടങ്ങളെ കുറിച്ചും അവള്‍ പറഞ്ഞുതുടങ്ങുന്നത് ഇങ്ങനെയാവും: 'എന്റെ ഉമ്മയുടെ കാലശേഷം എന്റെ ജീവിതം എന്താവുമെന്ന് അറിഞ്ഞുകൂടാ. എന്റെ ഉമ്മയെ എനിക്ക് വലിയ ഇഷ്ടമാണ്. എന്റെ ഉമ്മ വേദന സഹിക്കാനാവാതെ കരയുകയാണ്.'' ഇത്തരം സംസാരങ്ങളോട് പുരുഷന്‍ അതേ മട്ടില്‍ പ്രതികരിക്കണമെന്നില്ല. കാരണം ആ വര്‍ത്തമാനം ഏറെയും വൈകാരികമാണ്. അയാള്‍ അത് മൗനിയായി കേട്ടിരിക്കും. കേള്‍ക്കാതെ പോവില്ല. അപ്പോള്‍ അവള്‍ ധരിക്കും  അയാളുടെ മൗനം ഒരു തണുപ്പന്‍ സമീപനമാണെന്ന്. അതേയവസരം ഒരു വിവരം കൈമാറുന്ന വിധത്തില്‍ അവള്‍ ഇങ്ങനെ സംസാരിച്ചെന്നിരിക്കട്ടെ: ' എന്റെ ഉമ്മയെ ചികിത്സിക്കുന്ന ആശുപത്രിയിലെ സേവനം വളരെ മോശമാണ്.'' അപ്പോള്‍ ഭര്‍ത്താവിന്റെ പ്രതികരണം വരും: 'അതിനേക്കാള്‍ മികച്ച നല്ല ഒരാശുപത്രിയുണ്ട്. അവിടെ എനിക്ക് ഒരു ഡോക്ടറെ പരിചയമുണ്ട്. നിന്റെ ഉമ്മക്ക് മതിയായ ശ്രദ്ധ കൊടുക്കാന്‍ അദ്ദേഹത്തോട് ഞാന്‍ പറയാം.'' 

വൈകാരിക ഭാവങ്ങളോട് നിസ്സംഗത പുലര്‍ത്തിയ അതേ വ്യക്തി വിവരവിനിമയം നടന്നപ്പോള്‍ എങ്ങനെ പ്രതികരിച്ചു എന്ന് നാം കണ്ടു. കാരണം മിക്ക പുരുഷന്മാരും യുക്തിസഹമായി പെരുമാറുന്നവരാണ്. കൃത്യമായ വിവരങ്ങളോട് അവര്‍ പ്രതികരിക്കും. വികാരഭാവങ്ങളോട് പ്രതികരിക്കുന്ന ഒരു ചെറിയ വിഭാഗം ഇല്ലെന്നല്ല ഞാന്‍ പറയുന്നത്. വൈകാരിക വര്‍ത്തമാനങ്ങളില്‍ തരളിതചിത്തരായിത്തീരും അത്തരക്കാര്‍. 

പുരുഷന്റെ നിഗൂഢതയാണ് രണ്ടാമത്തെ വൈകല്യം. അതിന്റെ ഒരു പ്രധാന കാരണം സ്ത്രീകള്‍ പൊതുവെ മറ്റുള്ളവരില്‍ സുരക്ഷിതത്വബോധവും ആത്മവിശ്വാസവും ഉണ്ടാക്കുന്നതില്‍ പുരുഷന്മാരേക്കാള്‍ വേഗത കൂടിയവരാണ് എന്നതാണ്. ഭാര്യയായാലും സുഹൃത്തായാലും ബിസിനസ്സിലെ പങ്കാളിയായാലും അപരരോട് ഇടപെടുന്നതില്‍ കൂടുതല്‍ സമയം ആവശ്യമുള്ളവരാണ് പുരുഷന്മാര്‍. എന്നിട്ടു വേണമല്ലോ അവരില്‍ ആത്മവിശ്വാസം ഉളവാക്കാനും സുരക്ഷിതത്വബോധമുണ്ടാക്കാനും. കുടുംബബന്ധങ്ങള്‍, സാമൂഹിക സമ്പര്‍ക്കങ്ങള്‍, സാമ്പത്തികവും ആരോഗ്യപരവുമായ പ്രശ്‌നങ്ങള്‍, വ്യക്തിപരമായ കാര്യങ്ങള്‍ തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവെക്കുന്നതില്‍ കരുതിവെപ്പുള്ളവരാണ് പുരുഷന്മാര്‍. മറ്റൊരു കാരണവുമുണ്ട്. തന്റെ വ്യക്തിജീവിതത്തിന്റെ വിശദാംശങ്ങള്‍ കൂടുതല്‍ വെളിപ്പെടുത്തിയാല്‍ എന്നെങ്കിലും ഒരുനാള്‍ ഭാര്യ തനിക്കെതിരെ അവ ഉപയോഗപ്പെടുത്തിയേക്കുമോ എന്ന ഭീതിയും ആശങ്കയും ചില പുരുഷന്മാര്‍ക്കുണ്ടാവും. 

അകലം പാലിക്കുന്നതും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതുമാണല്ലോ മൂന്നാമത്തെ പോരായ്മ. അതിന് പല സാധ്യതകളുമുണ്ട്. ഭാര്യയെ വിശ്വാസത്തിലെടുക്കാനാവില്ലെന്ന് അനുഭവത്തിലൂടെ ബോധ്യപ്പെട്ടതുകൊണ്ടാവാം. അല്ലെങ്കില്‍ താന്‍ നല്‍കുന്ന വിവരങ്ങള്‍ സ്‌നേഹിതകള്‍ക്കോ അവളുടെ വീട്ടുകാര്‍ക്കോ കൈമാറുന്നുണ്ടെന്ന ബോധ്യത്താലാവാം. അല്ലെങ്കില്‍ ഭാര്യ എല്ലാറ്റിലും കയറി ഇടപെടുകയോ എല്ലാം ചോദിച്ചറിയുകയോ  എല്ലാം സംശയദൃഷ്ടിയോടെ കാണുകയോ ചെയ്യുന്ന സ്വഭാവക്കാരിയാണെന്ന് മനസ്സിലാക്കുന്നതുമൂലമാവാം. മാത്രമല്ല, ചില പുരുഷന്മാര്‍ പൊതുവെ അന്തര്‍മുഖരായിരിക്കും. ഭാര്യമാരോടു മാത്രമല്ല, എല്ലാവരോടും അങ്ങനെയാവും. എല്ലാറ്റില്‍നിന്നും പിന്‍വാങ്ങി ആള്‍ക്കൂട്ടത്തില്‍ തനിയെ കഴിയുന്ന സ്വഭാവമുള്ളവര്‍. 

ഈ കുറ്റങ്ങളും കുറവുകളും ഉള്ള പുരുഷന്മാരോട് സ്ത്രീ എങ്ങനെ ഇടപെടണം എന്നതാണ് മുഖ്യ ചോദ്യം. ഒന്നാമത്തെ കുറവിനെ കുറിച്ചാണെങ്കില്‍ വൈകാരിക ഭാവങ്ങളോട് അതേ മട്ടില്‍ പ്രതികരിക്കാത്ത ഭര്‍ത്താവിന്റെ പ്രകൃതം ഒരു വിഷയമാക്കേണ്ടതില്ല; അയാള്‍ മറ്റ് രംഗങ്ങളില്‍ യുക്തിഭദ്രമായ പെരുമാറ്റത്തിന്റെയും സമീപനത്തിന്റെയും ഉടമയാണെങ്കില്‍. അയാള്‍ക്ക് ആവശ്യമുള്ള വിവരങ്ങള്‍ അറിയിച്ചുകൊടുത്ത് അയാളുടെ പ്രതികരണം അറിയുന്നതോടെ ആ പ്രശ്‌നം പരിഹരിച്ചു. ഭാര്യയുടെ വിശ്വാസ്യതയും രഹസ്യങ്ങള്‍ സൂക്ഷിക്കാനുള്ള കഴിവും ഭര്‍ത്താവിന് ബോധ്യപ്പെടാന്‍ സന്ദര്‍ഭവും സമയവും നല്‍കുക എന്നതാണ് രണ്ടാമത്തെ വൈകല്യം മറികടക്കാനുള്ള മാര്‍ഗം. ഭാര്യ വിശ്വസ്തയും രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ കഴിവുള്ളവളുമാണെന്ന് ബോധ്യപ്പെടുന്നതോടെ തന്റെ ജീവിതരഹസ്യങ്ങളും വ്യക്തിജീവിത വിശദാംശങ്ങളും ഭര്‍ത്താവ് നല്‍കിത്തുടങ്ങും. അകലം പാലിക്കുന്ന വിഷയമാണല്ലോ ഒടുവിലത്തേത്. നാം നേരത്തേ സൂചിപ്പിച്ച സാധ്യതകള്‍ പരിശോധിച്ച് കാരണം കണ്ടെത്തണം. അപ്പോള്‍ ചികിത്സ സാധ്യമാവും, പ്രശ്‌നം പരിഹരിക്കപ്പെടും. മനസ്സിലാക്കേണ്ട പ്രധാന തത്ത്വം എണ്ണിപ്പറഞ്ഞ കുറ്റങ്ങള്‍ക്കും കുറവുകള്‍ക്കും കാരണം പുരുഷനാവാം, അല്ലെങ്കില്‍ സ്ത്രീ തന്നെയാവാം. ഓരോ കേസിലും വ്യത്യസ്തമായിരിക്കും പ്രതിവിധി നിര്‍ദേശങ്ങള്‍. 

വിവ: പി.കെ ജമാല്‍ 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 7-10
എ.വൈ.ആര്‍