Prabodhanm Weekly

Pages

Search

2016 ഒക്ടോബര്‍ 14

2971

1438 മുഹറം 13

നിലയ്ക്കാന്‍ പാടില്ലാത്ത തുടര്‍വായനയുടെ പേരാണ് ഇഖ്‌റഅ്

എം.എസ് ഷൈജു

വിശുദ്ധ ഖുര്‍ആനിന്റെ ആമുഖ ശബ്ദമാണ് ഇഖ്‌റഅ്, 'വായിക്കുക' എന്നാണ് ആ പദത്തിന്റെ ഭാഷാപരമായ ആശയം. ഇരുപത്തിമൂന്ന് വര്‍ഷത്തെ പ്രവാചകന്റെ ഇസ്‌ലാമിക ദൗത്യത്തിലേക്കുള്ള ആദ്യത്തെ വിളിയൊച്ചയാണത്.  ഇഖ്‌റഅ് തുറന്നിട്ട ആത്മീയവും ചിന്താപരവും വൈജ്ഞാനികവുമായ സാധ്യതകളുടെ പ്രതലത്തില്‍നിന്നാണ് മുഹമ്മദ് നബി(സ) ഇസ്‌ലാമിനെ നിര്‍വചിച്ചതും പടുത്തുയര്‍ത്തിയതും. പ്രവാചക ദൗത്യത്തിന്റെ മുഴുവന്‍ ഭാവങ്ങളെയും ഉള്ളില്‍ പേറുന്ന അതിവിശാലമായ ഒരു ആശയ പ്രപഞ്ചത്തെയാണ് 'ഇഖ്‌റഅ്' മനുഷ്യരാശിക്ക് മുന്നില്‍ തുറന്നുവെക്കുന്നത്. ചിന്തയുടെ ആഴങ്ങളിലേക്ക് വേരോടിക്കുന്ന ഒരു ധൈഷണികാഹ്വാനത്തെയാണ് ഇഖ്‌റഅ് പ്രതിനിധാനം ചെയ്യുന്നത്. അതിബൃഹത്തായ ഒരു ദൈവിക ദൗത്യത്തിലേക്ക് പ്രവാചകനെ പാകപ്പെടുത്തുകയെന്നതായിരുന്നു ഇഖ്‌റഅ് അന്ന് നിര്‍വഹിച്ച ദൗത്യം. ഇഖ്‌റഅ് നയിച്ച ആത്മാന്വേഷണങ്ങളാണ് പ്രവാചകത്വത്തെ രൂപപ്പെടുത്തിയത്. തലമുറകളും നൂറ്റാണ്ടുകളും പിന്നിട്ട് വിശുദ്ധ ഖുര്‍ആനും, അതിന്റെ ആശയ പ്രപഞ്ചത്തിലേക്ക് മനുഷ്യരെ നിരന്തരം ക്ഷണിച്ചുകൊണ്ട് ഇഖ്‌റഉം ഇന്നും പൂര്‍ണ ശോഭയോടെ നിലനില്‍ക്കുന്നു. നാഗരികതയുടെയും നവീനതയുടെയും ഔന്നത്യങ്ങളില്‍ മനുഷ്യന്‍ എത്തി നില്‍ക്കുന്നുവെന്ന് കരുതപ്പെടുന്ന വര്‍ത്തമാന ലോകത്ത്  ഇഖ്‌റഇന്റെ പ്രസക്തിയെന്താണ്? ആരോടാണ് ഇന്ന് ആ പദവും അത് ഗര്‍ഭം പേറുന്ന ആശയലോകവും സംവദിക്കേണ്ടത്? തീര്‍ച്ചയായും നാം ഉത്തരമന്വേഷിക്കേണ്ട ചോദ്യങ്ങളാണിത്. ഇന്ന്, ഖുര്‍ആന്‍ നമ്മിലും നമ്മുടെ സമൂഹത്തിലും നിര്‍വഹിക്കേണ്ട ദൗത്യങ്ങളിലേക്ക് ഈ അന്വേഷണങ്ങള്‍ നമ്മെ വഴിനടത്തും.

ലോകത്തെ വൈവിധ്യമാര്‍ന്ന ലക്ഷക്കണക്കിന് ഗ്രന്ഥങ്ങള്‍ക്കിടയില്‍ ഖുര്‍ആന്റെ പ്രത്യേകതയെന്താണ്? ഒരു വലിയ ജനത നെഞ്ചോടു ചേര്‍ത്തുപിടിക്കുന്ന ഗ്രന്ഥമായ ഖുര്‍ആനെ സംബന്ധിച്ച് ഈയൊരു ചോദ്യം തികച്ചും പ്രസക്തമാണ്. ഈയൊരു ചോദ്യം മനുഷ്യരില്‍നിന്ന് പൊതുവെയും വിശ്വാസികളില്‍നിന്ന് പ്രത്യേകമായും ഉണ്ടാകേണ്ടതുണ്ടെന്നാണ് ഖുര്‍ആന്റെ പക്ഷം. ആ ചോദ്യത്തിന്റെ വസ്തുനിഷ്ഠമായ ഉത്തരങ്ങള്‍ ഖുര്‍ആന്‍ വിവിധ ഭാഗങ്ങളില്‍ വിശദീകരിക്കുന്നുണ്ട്. ഒന്നാമതായി ഖുര്‍ആന്‍ പറയുന്നത് ഇതൊരു ദൈവിക ഗ്രന്ഥമാണെന്നാണ്. ലോകത്തെ മറ്റെല്ലാ ഗ്രന്ഥങ്ങളും മാനവികമാണെന്നതില്‍ രണ്ടഭിപ്രായമില്ല. കേവലമായൊരു അവകാശവാദമെന്നതിനപ്പുറം ഈ നിലപാടില്‍ സംശയം തോന്നുന്നവര്‍ക്ക് സാധ്യമായ ഉപാധികളിലൂടെ ഖുര്‍ആനെ വിമര്‍ശനവിധേയമാക്കി പഠിക്കാമെന്നും ഖുര്‍ആന്‍ നിര്‍ദേശിക്കുന്നു. മുന്‍ധാരണകളില്ലാതെ നേര്‍ബുദ്ധിയോടെ സ്വതന്ത്രമായി ഖുര്‍ആനെ സമീപിക്കാന്‍ സന്നദ്ധമാകണമെന്ന ഒരു ഉപാധി മാത്രമാണ് അത് മുന്നോട്ടുവെക്കുന്നത്. ഏതെങ്കിലും ചില പ്രത്യേകമായ വിജ്ഞാനത്തെയോ വിജ്ഞാന ശാഖയെയോ വളര്‍ത്തലോ പരിപോഷിപ്പിക്കലോ അല്ല ഖുര്‍ആന്റെ ദൗത്യം.  പ്രത്യുത എല്ലാ വിജ്ഞാനങ്ങളുടെയും പ്രഭവകേന്ദ്രമായ അതീന്ദ്രിയ ജ്ഞാനത്തെ (വഹ്‌യ്) മനുഷ്യര്‍ക്ക് പരിചയപ്പെടുത്തുന്നതിന് ആ അതീന്ദ്രിയ ജ്ഞാനത്തെ പഠന മനനങ്ങള്‍ക്ക് വിധേയമാക്കി ബൗദ്ധികവും വൈജ്ഞാനികവുമായ ഉത്കര്‍ഷ നേടുന്നതിനും അവയെ വൈയക്തികമായി അനുഭവിക്കുന്നതിനുമാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്.

വിശുദ്ധ ഖുര്‍ആന്‍ അതിന്റെ ദൗത്യപാതയില്‍ പതിനാല് നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. അറേബ്യയിലെ മക്ക പട്ടണവാസിയായ മുഹമ്മദ് (സ) എന്ന വ്യാപാരിയായ ചെറുപ്പക്കാരനിലൂടെയാണ് അത് ലോകത്തിന് അവതീര്‍ണമാകുന്നത്. ഖുര്‍ആന്റെ ആദ്യവചനം അവതരിക്കുന്നത്, ആദ്യം മുഹമ്മദ് നബി(സ)യോടും പിന്നീട് മനുഷ്യരാശിയോടുമായുള്ള ആഹ്വാനം എന്ന നിലക്കാണ്. ഖുര്‍ആന്റെ ആശയങ്ങളെ മുഴുവന്‍ ആറ്റിക്കുറുക്കി ഒരു ആവശ്യമെന്ന നിലയില്‍ അവതരിപ്പിക്കുകയാണ് 'ഇഖ്‌റഅ്' എന്ന പദം. അതിബൃഹത്തായ വൈജ്ഞാനിക പ്രപഞ്ചത്തെ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഒരു ആശയസാഗരമെന്ന് നമുക്ക് ഇഖ്‌റഇനെ വിളിക്കാം. ആ പദത്തിന് 'വായിക്കുക'യെന്ന് അര്‍ഥം നല്‍കുമ്പോഴും എന്ത് വായിക്കാനാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത് എന്ന ചോദ്യം ബാക്കിയുണ്ട്. ഖുര്‍ആനെ വായിക്കാനാണെങ്കില്‍, അവിടെ, അപ്പോള്‍ ഖുര്‍ആന്‍ അവതരിച്ചുതുടങ്ങുന്നതേയുള്ളൂ. ഒരു നോക്കി വായനക്കായി തയാറായിട്ടില്ല. വായിക്കാന്‍ കല്‍പിക്കപ്പെട്ടയാള്‍ വായന അഭ്യസിച്ചിട്ടുമില്ല. അപ്പോള്‍ വായനയെന്ന ആശയത്തിന്റെ അപരിചിതമായ ഏതോ ഒരു ആവശ്യമാണ് ഖുര്‍ആന്‍ ഉന്നയിക്കുന്നതെന്ന് സ്പഷ്ടം. തുടര്‍ന്നുവരാനിരിക്കുന്ന ബൃഹത്തായ ഒരു വൈജ്ഞാനിക ബോധനത്തെ ബുദ്ധിയും ചിന്തയുംകൊണ്ട് കാലികമായി വായിച്ചെടുക്കലാണ് ഈ ഇഖ്‌റഇന്റെ താല്‍പര്യമെന്ന് ഖുര്‍ആനിലെ ഇതര വചനങ്ങളില്‍നിന്ന് മനസ്സിലാക്കാനാണ് ന്യായങ്ങള്‍ കാണുന്നത്. അതീന്ദ്രിയ ജ്ഞാനത്തിലൂടെ (വഹ്‌യ്) ലഭിക്കുന്ന വൈജ്ഞാനികസ്രോതസ്സായ വിശുദ്ധ ഖുര്‍ആനെ പിന്തുടര്‍ന്നും ആലോചിച്ചും ചിന്തിച്ചും മനനംചെയ്തും ആത്മീയതയുടെയും സാംസ്‌കാരികതയുടെയും സാമൂഹിക വളര്‍ച്ചയുടെയും ഉന്നതമായ ശ്രേണിയിലേക്ക് മനുഷ്യരെ കൈപിടിച്ചുയര്‍ത്തണമെന്ന ആദ്യാഹ്വാനമാണ് പ്രവാചകന്‍ (സ) ഹൃദയത്തില്‍ സ്വീകരിച്ചത്. താന്‍ ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്തത്തിന്റെ ആഴങ്ങളെ സംബന്ധിച്ച് പ്രവാചകനെ ബോധവല്‍ക്കരിക്കുകയാണ് ഈയൊരു ആഹ്വാനത്തിലൂടെ ഖുര്‍ആന്‍ ആദ്യമായി ചെയ്തത്. ആ വൈജ്ഞാനിക ബോധനത്തിന്റെ പിന്‍ബലത്തിലാണ് ചരിത്രത്തിലെ എക്കാലത്തെയും സുരഭിലമായ ഒരു സാമൂഹിക സൃഷ്ടി പ്രവാചകന്‍ സാധ്യമാക്കിയത്.

മാനവരാശിക്ക് മാര്‍ഗദര്‍ശനം നല്‍കുന്ന വൈജ്ഞാനിക ഗ്രന്ഥമെന്നാണ് വിശുദ്ധ ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്നത്. ഹിദായത്ത് എന്ന പദമാണ് ഇതിനായി ഖുര്‍ആന്‍ ഉപയോഗിച്ചിരിക്കുന്നത്. ഹിദായത്തിന്റെ ആശയവിപുലതയും വൈവിധ്യങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഈ മാര്‍ഗദര്‍ശനം കേവലമായ ഏതെങ്കിലും വിഷയത്തില്‍ മാത്രം പരിമിതമല്ല. ലോകാവസാനം വരെയുള്ള മനുഷ്യരാശിയുടെ വികാസത്തിനും വളര്‍ച്ചക്കും പര്യാപ്തമാകുംവിധം മനുഷ്യര്‍ക്ക് ബൗദ്ധികമായി മാര്‍ഗദര്‍ശനം നല്‍കുകയെന്നതാണ് ഖുര്‍ആന്റെ മുഖ്യമായ ദൗത്യം. മനുഷ്യ ചരിത്രത്തില്‍, ഒരു കാലഘട്ടത്തിന്റെ തുടക്കമായാണ് ഖുര്‍ആന്‍ അവതരിക്കപ്പെടുന്നത്. മനുഷ്യരാശിയുടെ ഇന്നത്തെ വളര്‍ച്ചക്കും വികാസത്തിനും ഉല്‍പ്രേരകമായത് വിശുദ്ധ ഖുര്‍ആന്‍ മനുഷ്യരുമായി പങ്കുവെക്കുന്ന അപാരമായ വൈജ്ഞാനിക ബോധമാണ്. ഇന്ന് കാണുന്ന രൂപത്തിലേക്ക് മാനവകുലം വളര്‍ന്നെത്തിയത് ക്രമാനുഗതമായാണ്. ഓരോ തലമുറയും ഇവിടെ അവശേഷിപ്പിച്ചുപോയ വിജ്ഞാനത്തിന്റെ തുടര്‍വളര്‍ച്ചയാണ് ലോകത്തെ ഇത്രമേല്‍ വികസിപ്പിച്ചത്. മുഹമ്മദ് നബിക്ക് മുമ്പ് നാഗരികമായി വികസിച്ചിരുന്ന നിരവധി ജനവിഭാഗങ്ങളുണ്ടായിരുന്നുവെങ്കിലും അവരും അവരുടെ സംസ്‌കൃതികളും ഒരു തുടര്‍വളര്‍ച്ച കൈവരിക്കാന്‍ സാധിക്കാതെ ചരിത്രത്തിന്റെ ഏതൊക്കെയോ ഇരുണ്ട ഇടനാഴികളില്‍ അകാല ചരമമടയുകയായിരുന്നുവെന്ന് ഇന്ന് നമുക്ക് മനസ്സിലാകുന്നുണ്ട്. തലമുറകളിലൂടെയുള്ള വിജ്ഞാനത്തിന്റെ തുടര്‍ കൈമാറ്റമാണ് ഇന്നത്തെ നാഗരികതയെ രൂപപ്പെടുത്തിയത്. മനുഷ്യന്‍ ആര്‍ജിച്ച ഇന്നത്തെ വികാസത്തിന്റെയും വളര്‍ച്ചയുടെയും ചരിത്രം ആരംഭിക്കുന്നത് ചരിത്രത്തിലെ ഒരു പ്രത്യേക ഘട്ടത്തില്‍നിന്നായിരുന്നുവെന്നാണ് ചരിത്രകാരന്മാര്‍ അനുമാനിക്കുന്നത്. ആധുനിക വിജ്ഞാനങ്ങളുടെ വഴിവേരുകള്‍ തേടുമ്പോള്‍ അവയൊക്കെയും എത്തിനില്‍ക്കുന്നത് ഏഴാം നൂറ്റാണ്ടിനു ശേഷമുള്ള അറബ് ജനതയിലും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഇതര ജന വിഭാഗങ്ങളിലുമാണ്. ഖുര്‍ആന്റെ വൈജ്ഞാനിക ബോധം പകര്‍ന്നുകിട്ടിയ ആദ്യകാല തലമുറകളായിരുന്നു അവരൊക്കെയുമെന്നത് കേവലം ആകസ്മികതയായി അവഗണിക്കാന്‍ സാധിക്കില്ല.

ഖുര്‍ആന്‍ പകര്‍ന്നുനല്‍കിയ ആന്തരിക വിജ്ഞാനങ്ങളുടെ സമ്പൂര്‍ണമായ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ മുസ്‌ലിം ലോകത്തിന് പിന്നീട് സാധിക്കാതെ പോയി. ചരിത്രപരമായ നിരവധി കാരണങ്ങള്‍ അതിനു പിന്നിലുണ്ട്. ആ കാരണങ്ങള്‍ വിശകലനം ചെയ്യാന്‍ ശ്രമിച്ചാല്‍ നിരവധി ഘടകങ്ങളെ നമുക്ക് അഭിസംബോധന ചെയ്യേണ്ടിവരും. ഒന്നാമതായി, ഖുര്‍ആന്‍ മുസ്‌ലിംകള്‍ക്ക് മാത്രമുള്ള ഒരു ഗ്രന്ഥമല്ല. ലോകത്തെ മുഴുവന്‍ മനുഷ്യരും ആ ഗ്രന്ഥം പങ്കുവെക്കുന്ന വൈജ്ഞാനിക വിപ്ലവത്തിന്റെ ഗുണഭോക്താക്കളാണ് എന്നതുതന്നെയാണ് അതിന്റെ കാരണം. ഖുര്‍ആന്‍ ലക്ഷ്യംവെക്കുന്ന വിജ്ഞാന വികാസവും നാഗരിക നിര്‍മിതിയും നടപ്പിലാക്കുന്നത് മുസ്‌ലിംകളിലൂടെ തന്നെയാവണമെന്ന് ഖുര്‍ആന് നിര്‍ബന്ധ ബുദ്ധികളൊന്നുമില്ല എന്ന് മനസ്സിലാക്കാനാണ് ന്യായം കാണുന്നത്. വിജ്ഞാനത്തെ അതിന് പാകപ്പെടുന്നിടങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കല്‍ ദൈവികചര്യയാണെന്നും ഖുര്‍ആനിലൂടെ വായിച്ചെടുക്കാന്‍ സാധിക്കും. ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന ദൈവശാസ്ത്രത്തെയും ജീവിത രീതികളെയും ഒരു പരിധി വരെ ആത്മീയ കാഴ്ചപ്പാടുകളെയും ഒരു മതമെന്ന രൂപത്തില്‍ സ്വീകരിക്കാന്‍ മുസ്‌ലിംകള്‍ തയാറായെങ്കിലും ഖുര്‍ആന്‍ മുന്നോട്ടുവെച്ച അതിപ്രധാനമായ അതിന്റെ വൈജ്ഞാനികതയുടെ പാരമ്പര്യം തുടര്‍ന്നു കൊണ്ടുപോകാന്‍ എന്തുകൊണ്ടോ മുസ്‌ലിംകള്‍ക്ക് സാധിക്കാതെ പോയി.

ഖുര്‍ആന്റെ ഓരോ വായനയും ഇഖ്‌റഇന്റെ ഓര്‍മപ്പെടുത്തലാണ്. ഒരേസമയം ആ വായന നിര്‍വഹിക്കുന്നത് വ്യത്യസ്തങ്ങളായ ദൗത്യങ്ങളാണ്. ഓരോരുത്തരിലും അതുളവാക്കുന്നത് ഓരോ തരം പ്രതിഫലനങ്ങളായിരിക്കും. അങ്ങനെയാണ് അതിന്റെ ഉള്ളടക്കത്തെ രൂപപ്പെടുത്തിയിരിക്കുന്നത്. വ്യത്യസ്ത വൈകാരികാവസ്ഥകളില്‍ ഇത് സൃഷ്ടിക്കുന്ന ആശയലോകങ്ങള്‍ പലതായിരിക്കും. ഖുര്‍ആന്റെ ഒരറ്റത്ത് രക്ഷിതാവും ഇങ്ങേയറ്റത്ത് മനുഷ്യബുദ്ധിയുമാണെന്ന് വേണമെങ്കില്‍ പറയാം. ദൈവികമായ വചനങ്ങള്‍ മനുഷ്യബുദ്ധിയോട് നേരിട്ട് സംവദിച്ചുകൊണ്ടേയിരിക്കുകയാണ്. അതിനായി മനുഷ്യനെ ആത്മീയവും ശാരീരികവും വൈകാരികവുമായി പാകപ്പെടുത്തലാണ് ഇസ്‌ലാമിലെ ആരാധനകളുടെ മുഖ്യലക്ഷ്യം. ഇസ്‌ലാം എന്നത് ഒരു സാമൂഹിക നിര്‍മിതിയാണ്. ആത്മീയതയും ധാര്‍മിക ജീവിതവും വൈജ്ഞാനിക ബോധവും മോക്ഷലബ്ധിയും ഒക്കെ സമീകരിച്ച ദൈവികമായ ഒരു ജീവിത വ്യവസ്ഥ. അവിടെ ഏറ്റവും പ്രധാനമാകുന്ന ഒന്നാണ് ജ്ഞാനസമ്പാദനം. കേവലമായ കേള്‍വിക്കും വായനക്കും ഉപരിയായ മനനവും ചിന്തയും ആവശ്യപ്പെടുന്ന വിജ്ഞാനത്തിന്റെ വിളവെടുപ്പാണ് ജീവിതയാത്രയിലൂടെ മനുഷ്യര്‍ നിര്‍വഹിക്കേണ്ടത്. ജ്ഞാന സമ്പാദനത്തിലൂടെയും അതിന്റെ സാക്ഷാത്കാരങ്ങളിലൂടെയും മോക്ഷം നേടിയെടുക്കാനാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്തുകൊണ്ടേയിരിക്കുന്നത്. ഇഖ്‌റഅ് യഥോചിതം വായിക്കപ്പെടുമ്പോഴാണ് ലോകത്ത് മാറ്റങ്ങളുണ്ടാകുന്നത്. മാറ്റത്തിന്റെ നാന്ദിയാണ് ഇഖ്‌റഅ്. വ്യക്തിപരമായും സാമൂഹികമായും ദാര്‍ശനികമായും രാഷട്രീയമായുമൊക്കെയുള്ള മാറ്റങ്ങള്‍ക്കായി അത് പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും. ആ മാറ്റം നിര്‍മാണാത്മകവും കാലികവുമാകുമ്പോള്‍ അവിടെ സംഭവിക്കുന്നത് ഇസ്‌ലാം തന്നെയാണ്. സചേതനവും നിര്‍മാണാത്മകവുമായ മാറ്റങ്ങളെ ഇസ്‌ലാം എപ്പോഴും അംഗീകരിക്കുന്നുവെന്നത് തന്നെയാണതിനു കാരണം. ഇരുമ്പുകവചങ്ങള്‍ക്കുള്ളില്‍ സമൂഹത്തെ തളച്ചിടുകയും ചിന്തകളെയും ആവിഷ്‌കാരങ്ങളെയും ഭയപ്പെടുകയും ചെയ്യുന്ന അധികാര വ്യവസ്ഥകള്‍ ഒരിക്കലും ഇസ്‌ലാമികമല്ല. ഇസ്‌ലാം നിര്‍വഹിച്ച സാമൂഹിക മാറ്റങ്ങള്‍ വായിക്കപ്പെടാതെ പോവുകയും ആത്മീയവും സാമൂഹികവുമായ വളര്‍ച്ചക്കും ഉത്കര്‍ഷക്കുമായി അത് ശീലിപ്പിച്ച അനുഷ്ഠാനങ്ങളിലും കര്‍മ പദ്ധതികളിലുമായി ഇസ്‌ലാം പരിമിതപ്പെട്ടുപോവുകയും ചെയ്യുന്നുവെന്നത് ഖേദകരമാണ്.

ഇഖ്‌റഅ് സംവദിക്കുന്നത് സ്വന്തത്തോടാണ്. നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുകയെന്ന ഖുര്‍ആനിക ആഹ്വാനം ലോകാവസാനം വരെയുള്ള ഓരോ വായനക്കാരനോടുമുള്ളതാണ്. ശേഷം ഖുര്‍ആന്‍ ആവശ്യപ്പെടുന്നത് ഒരു വലിയ ചിന്തയും യുക്തിയുമാണ്. മനുഷ്യസൃഷ്ടിപ്പിലെ ഏറ്റവും സങ്കീര്‍ണമായ ഒരു ഘട്ടത്തെക്കുറിച്ച് സൂചിപ്പിച്ച ശേഷം ഇഖ്‌റഅ് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കപ്പെടുന്നു (ഖുര്‍ആന്‍ 96:1 മുതല്‍ 5 വരെയുള്ള വചനങ്ങള്‍). വായനകള്‍ക്കിടയിലെ അനിവാര്യമായ ചിന്തയും യുക്തിയും ഖുര്‍ആന്‍ അടിവരയിട്ടുറപ്പിക്കുകയാണിവിടെ ചെയ്യുന്നത്. വ്യക്ത്യാധിഷ്ഠിത വായനക്ക് നിരന്തരം പ്രേരിപ്പിക്കുന്ന ഖുര്‍ആന്‍ യഥാര്‍ഥത്തില്‍ ഇഖ്റഇലൂടെ പ്രതിനിധാനം ചെയ്യുന്നത് ഖുര്‍ആനിക വായനയുടെ വൈവിധ്യത്തെത്തന്നെയാണ്. വൈവിധ്യമാര്‍ന്ന ആലോചനാ ശേഷിയും ബുദ്ധിയും നല്‍കപ്പെട്ട മനുഷ്യരോട് ഖുര്‍ആന്‍ വായിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ സംഭവിക്കുന്നത് ഒരിക്കലും ഒരേ ചിന്തയോ ആശയമോ നിലപാടുകളോ ആയിരിക്കില്ല. സമുദ്രത്തോളം ആഴവും പരപ്പുമുള്ള ആശയ വൈവിധ്യത്തിലേക്ക് മനുഷ്യനെ നയിക്കുന്നതാണ് ഈ വായന. ഇഖ്‌റഇന്റെ തേട്ടവും താല്‍പര്യവും ഇതു തന്നെയാണെന്നാണ് ഖുര്‍ആന്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്.

മനുഷ്യന്റെ വിജ്ഞാനത്തെ വികസിപ്പിക്കുന്നതില്‍ ഒരു വലിയ പങ്ക് വഹിക്കുന്നത് കാലമാണ്. സമയത്തിന്റെ മറ്റൊരു പേരാണ് കാലം. പഞ്ചേന്ദ്രിയങ്ങള്‍ നിരന്തരം നല്‍കിക്കൊണ്ടിരിക്കുന്ന പുതിയ വിജ്ഞാനങ്ങളിലൂടെയാണ് മനുഷ്യന്‍ സ്വയം വികസിക്കുന്നത്. ജൈവിക ഘടനകളില്‍ മാറ്റമില്ലാതെ തുടരുമ്പോഴും മനുഷ്യനെ വൈജ്ഞാനികമായി നവീകരിച്ചുകൊണ്ടിരിക്കുന്നത് കാലം തന്നെയാണ്. കാലം ഓരോ നിമിഷത്തിലും മനുഷ്യനെ നവീകരിച്ചുകൊണ്ടേയിരിക്കുകയാണ്. കാലത്തെ തമസ്‌കരിച്ചുകൊണ്ടൊരു വളര്‍ച്ചയോ നവീകരണമോ മനുഷ്യന് സാധ്യമല്ല. കാലം അഥവാ സമയമെന്നത് സമ്പൂര്‍ണമായും ദൈവിക നിയന്ത്രണത്തിലുള്ള ഒരു ഊര്‍ജ ഘടകമാണ്; മനുഷ്യനെ മുന്നോട്ട് കുതിപ്പിക്കുന്ന ഊര്‍ജത്തിന്റെ മഹാരൂപം. ഈ ഊര്‍ജമില്ലെങ്കില്‍ മനുഷ്യന് വളരാനോ ചിന്തിക്കാനോ വികസിക്കാനോ സാധ്യമല്ല. ഈ കാലത്തിന്റെ തുടിപ്പുകളെ വായനയില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ അനിവാര്യതക്ക് ഖുര്‍ആന്‍ തന്നെ നിരവധിയിടങ്ങളില്‍ അടിവരയിടുന്നുണ്ട്. വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ കാലത്തെക്കൊണ്ട് സത്യം ചെയ്ത് മനുഷ്യ ശ്രദ്ധയെ ക്ഷണിക്കുന്നത് ഇവിടേക്കാണ്.

കാലത്തിന്റെ തുടിപ്പുകളെ ഉള്‍ക്കൊണ്ട് ഖുര്‍ആനെ വായിക്കുകയെന്നതാണ് വേദഗ്രന്ഥത്തെ സംബന്ധിച്ച ദൈവിക താല്‍പര്യം. ഖുര്‍ആനിക വായനയില്‍ സ്ഥലത്തിന്റെയും കാലത്തിന്റെയും വിവിധത്വങ്ങള്‍ പരിഗണനീയമല്ല എന്ന് വാദിക്കുന്നത് വര്‍ത്തമാന കാലത്ത് നിര്‍വഹിക്കാന്‍ ഖുര്‍ആന് ദൗത്യങ്ങളൊന്നുമില്ല എന്ന് വാദിക്കലാണ്. ആധുനിക കാലത്തെ പുതിയ സങ്കേതങ്ങളുമായി ഖുര്‍ആന് നിരന്തരം സംവദിക്കേണ്ടതുണ്ട്. പുതിയ കാലത്തിലേക്കും ലോകത്തിലേക്കും ഖുര്‍ആനെയും അതുവഴി ഇസ്‌ലാമിനെയും കൈമാറ്റം ചെയ്യേണ്ടത് വിശ്വാസികളുടെ ബാധ്യതയാണെന്നാണ് തന്റെ വിടവാങ്ങല്‍ പ്രസംഗത്തിലൂടെ പ്രവാചകന്‍ വിശ്വാസി സമൂഹത്തോടായി ആഹ്വാനം ചെയ്തത്. പ്രവാചകന്റെ അവസാന പ്രസംഗത്തിലെ ഏറ്റവും പ്രസക്തമായ ഒരു ഭാഗം കൂടിയാണത്. നാം ജീവിക്കുന്നത് ഇന്നത്തെ കാലത്താണ്. ഇന്നത്തെ സാംസ്‌കാരിക സ്തംഭനങ്ങളോട് വേണം ഇന്ന് ഖുര്‍ആന് അഭിമുഖീകരിക്കാന്‍. പഴയ കാലത്തെ മാത്രം അഭിമുഖീകരിക്കുന്ന ഒരു ജനതക്ക് ഖുര്‍ആനുമായി എങ്ങനെ പുതിയ കാലത്തെ നേരിടാനാകും എന്നതാണ് ഇന്നത്തെ കാലത്ത് ഉയരുന്ന ഒരു ചോദ്യം. പുതിയ കാലത്തിന്റെ മെയ്‌വഴക്കങ്ങളെ വിവേചിച്ച് തിരിച്ചറിയാനുള്ള ചിന്തകള്‍ രൂപപ്പെടാനുള്ളത് ഖുര്‍ആനിക മൂല്യങ്ങളിലൂടെയാകണമെന്നതാണ് സാമൂഹിക വികാസത്തെക്കുറിച്ച ഖുര്‍ആനിക കാഴ്ചപ്പാട്. അല്‍ ഫുര്‍ഖാന്‍ എന്ന പേര് ഖുര്‍ആന് അനുയോജ്യമാകുന്നത് ഇങ്ങനെയാണ്. അതിദ്രുതം വളര്‍ന്നു വികസിക്കുന്ന പുതിയ സാഹചര്യങ്ങളെ ഒട്ടും പരിചയമില്ലാത്ത, അവയെ തെല്ലും അഭിമുഖീകരിച്ചിട്ടില്ലാത്ത പഴയ കാല ഖുര്‍ആന്‍ വായനകളെ മാത്രം ആധികാരികമാക്കുകയും പുതിയ കാലത്തെ വായനകളെ അപരവല്‍ക്കരിക്കുകയും ചെയ്യുന്നത് ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ ഖുര്‍ആനിക മൂല്യങ്ങളെ പൂഴ്ത്തിവെക്കലാണ്.

ഖുര്‍ആന്‍ പ്രസരിപ്പിക്കുന്നത് ആത്മീയ ഊര്‍ജം മാത്രമല്ല. വിജ്ഞാനത്തിന്റെയും സാംസ്‌കാരിക നിര്‍മിതിയുടെയും നിലപാടുകളുടെയും സാമൂഹിക പാഠങ്ങള്‍ കൂടി അത് പകര്‍ന്നുനല്‍കുന്നുണ്ട്. കാലത്തിന്റെയും ഭാഷയുടെയും ബാഹ്യാവസ്ഥകളെ മറികടന്ന് ഖുര്‍ആനിക വചനങ്ങളുടെ ഉള്ളടക്കങ്ങളില്‍ വിജ്ഞാനം തേടാന്‍ ഖുര്‍ആന്‍ നമ്മെ നിര്‍ബന്ധിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. ഭാഷയുടെ സങ്കീര്‍ണതകളേക്കാള്‍ ബുദ്ധിയുടെയും ചിന്തയുടെയും അകമ്പടിയോടെ വേണം ഖുര്‍ആനിക ആശയങ്ങളുടെ ആഴങ്ങളില്‍ നീന്തേണ്ടത്. സ്ഥായിയായ അതിന്റെ മൂല്യങ്ങളില്‍ ഊന്നിനിന്നുകൊണ്ടുള്ള വായനകള്‍ പരക്കേണ്ടതുണ്ട്. അക്ഷരങ്ങള്‍ ആശയങ്ങളുടെ കവാടങ്ങളാണ്; വഴിമുടക്കികളല്ല. വിശുദ്ധ ഖുര്‍ആന്‍ കൊണ്ട് പ്രപഞ്ചനാഥന്‍ എന്താണോ ഉദ്ദേശിച്ചിരിക്കുന്നത് അതുള്‍ക്കൊള്ളാനും സ്വാംശീകരിക്കാനും കഴിയുന്ന ബോധതലങ്ങളിലേക്ക് രക്ഷിതാവ് നമ്മുടെ ബുദ്ധിയെയും ചിന്തയെയും ഉയര്‍ത്തട്ടെ.  

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 7-10
എ.വൈ.ആര്‍