Prabodhanm Weekly

Pages

Search

2016 ഒക്ടോബര്‍ 14

2971

1438 മുഹറം 13

ആശയപ്രചാരണവും ആയുധപ്രയോഗവും

എസ്സെംകെ

മൂസാ നബിയും മാരണക്കാരും തമ്മില്‍ നടന്ന മത്സരം ചരിത്രപ്രധാനമാണ്. അത് വിശ്വാസത്തിന്റെ അസമാനമായ കരുത്ത് തെളിയിച്ചുകാണിക്കുന്നു. മാരണക്കാര്‍ മത്സരത്തിനെത്തിയത് ഫിര്‍ഔന് വേണ്ടിയാണ്; അയാളുടെ ക്ഷണം സ്വീകരിച്ചും. അതിനാലവര്‍ അദ്ദേഹത്തില്‍നിന്ന് വലിയ പ്രതിഫലം പ്രതീക്ഷിച്ചു. അവര്‍ ചോദിച്ചു: ''ഞങ്ങളാണ് വിജയിക്കുന്നതെങ്കില്‍ ഉറപ്പായും ഞങ്ങള്‍ക്ക് പ്രതിഫലമുണ്ടാവില്ലേ?'' ഫിര്‍ഔന്‍ പറഞ്ഞു: ''തീര്‍ച്ചയായും. അപ്പോള്‍ ഉറപ്പായും നിങ്ങള്‍ നമ്മുടെ അടുത്ത ആളുകളായിരിക്കും.'' 

മത്സരത്തില്‍ മൂസാ നബി വിജയിച്ചു. അതോടെ മാരണക്കാര്‍ക്ക് സത്യം ബോധ്യമായി. അവര്‍ അദ്ദേഹത്തെ അംഗീകരിച്ചു. അവര്‍ പ്രഖ്യാപിച്ചു: ''ഞങ്ങള്‍ പ്രപഞ്ചനാഥനില്‍ വിശ്വസിച്ചിരിക്കുന്നു. മൂസായുടെയും ഹാറൂന്റെയും നാഥനില്‍.'' 

ഫിര്‍ഔന്‍ അങ്ങേയറ്റം അപമാനിതനായി; അന്ത്യന്തം പ്രകോപിതനും. അതിനാല്‍ മാരണക്കാരോട് പറഞ്ഞു: ''ഇതിന്റെ ഫലം ഇപ്പോള്‍തന്നെ നിങ്ങളറിയും. നിങ്ങളുടെ കൈകാലുകള്‍ എതിര്‍വശങ്ങളില്‍നിന്നായി നാം മുറിച്ചുകളയും, തീര്‍ച്ച. ഉറപ്പായും നിങ്ങളെയൊക്കെ നാം കുരിശില്‍ തറക്കും.'' 

മാരണക്കാര്‍ പ്രതിവചിച്ചു: ''വിരോധമില്ല. ഞങ്ങള്‍ ഞങ്ങളുടെ നാഥനിലേക്ക് തിരിച്ചുപോകുന്നവരാണ്. ഞങ്ങള്‍ക്കു വന്നെത്തിയ വ്യക്തമായ തെളിവുകളേക്കാളും ഞങ്ങളെ സൃഷ്ടിച്ചവനേക്കാളും ഞങ്ങള്‍ നിനക്ക് പ്രാധാന്യം കല്‍പ്പിക്കുകയില്ല. അതിനാല്‍ നീ വിധിക്കുന്നതെന്തോ അതു നീ വിധിച്ചുകൊള്ളുക. ഈ ഐഹിക ജീവിതത്തില്‍ മാത്രമേ നിന്റെ വിധി നടക്കുകയുള്ളൂ.'' 

ഇവിടെ മൂസാ നബി അവലംബിച്ചത് ദൈവിക ദര്‍ശനത്തെയാണ്. മാരണക്കാരെ സ്വാധീനിച്ചത് അതാണ്. ഫിര്‍ഔന്‍ തന്റെ അധികാരത്തെയും ആയുധങ്ങളെയും. മൂസാ നബിക്ക് തന്റെ ആദര്‍ശശക്തികൊണ്ട് മാരണക്കാരുടെ മനസ്സുകളെ സ്വാധീനിക്കാന്‍ സാധിച്ചു. അതോടെ അവരുടെ ശരീരവും ആത്മാവും കീഴ്‌പ്പെട്ടു. ശത്രുക്കള്‍ മിത്രങ്ങളായി. എതിരാളികള്‍ അനുകൂലികളും. 

ഫിര്‍ഔന്‍ ആയുധങ്ങളെയാണ് അവലംബിച്ചത്. അവക്ക് പരമാവധി സാധിക്കുക ശരീരങ്ങളെ ശവമാക്കാനാണ്. അവയെ നശിപ്പിക്കാനും. എന്നാല്‍ മനസ്സുകളെയോ ആത്മാക്കളെയോ അല്‍പം പോലും സ്വാധീനിക്കാനോ കീഴ്‌പ്പെടുത്താനോ അധികാരത്തിനും ആയുധങ്ങള്‍ക്കും ഒട്ടും സാധ്യമല്ല. മാരണക്കാരുടെ മറുപടി തന്നെ ഇതിനു സാക്ഷ്യം വഹിക്കുന്നു. 

ആയുധപ്രയോഗങ്ങള്‍ക്ക് പരമാവധി സാധിക്കുക എതിരാളികളെ ഇല്ലാതാക്കാനാണ്. എന്നാല്‍ കരുത്തുറ്റ ആദര്‍ശം എല്ലാ അര്‍ഥത്തിലും എതിരാളിയെ കീഴ്‌പ്പെടുത്തി അതിന്റെ അനുയായിയാക്കി മാറ്റുന്നു. അതിനാല്‍ ആശയദാരിദ്ര്യവും ആദര്‍ശദൗര്‍ബല്യവും അനുഭവിക്കുന്നവരാണ് അക്രമങ്ങളിലും അടിച്ചമര്‍ത്തലുകളിലും അഭയം തേടുക. അവരാണ് ഫാഷിസ്റ്റുകളും മര്‍ദകരും കൊലയാളികളുമായി മാറുക. ഉജ്ജ്വലമായ ആദര്‍ശത്തിന്റെ അനുയായികള്‍ എപ്പോഴും അവലംബിക്കുക ചര്‍ച്ചകളെയും സംവാദങ്ങളെയും സംഭാഷണങ്ങളെയുമാണ്. 

ഇസ്‌ലാം ആദര്‍ശത്തിന്റെ കരുത്തു കൊണ്ടും സമീപനത്തിന്റെ സവിശേഷത കൊണ്ടുമാണ് എതിരാളികളെ കീഴ്‌പ്പെടുത്തുക. അതിനാലത് കഥ കഴിക്കുകയല്ല; കഥ രചിക്കുകയാണ്. ശത്രുവെ സംഹരിക്കുകയല്ല; സഹായിക്കുകയാണ്. 

''നന്മയും തിന്മയും തുല്യമാവുകയില്ല. തിന്മയെ ഏറ്റവും നല്ല നന്മ കൊണ്ട് തടയുക. അപ്പോള്‍ നിന്നോട് ശത്രുത പുലര്‍ത്തുന്നവന്‍ ആത്മമിത്രത്തെപ്പോലെയായിത്തീരും. ക്ഷമ പാലിക്കുന്നവര്‍ക്കല്ലാതെ ഈ നിലവാരത്തിലെത്താനാവില്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ പദവി ലഭ്യമല്ല'' (ഖുര്‍ആന്‍ 41: 34,35). 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 7-10
എ.വൈ.ആര്‍