അമേരിക്കയിലെ ദഅ്‌വാ ബൂത്തുകള്‍
ഇസ്‌ലാം കൂടുതല്‍ ചര്‍ച്ചയാവുന്ന ഒരു തെരഞ്ഞെടുപ്പ് കാലത്താണ് ഇപ്പോള്‍ അമേരിക്ക. ഒരു വശത്ത് വംശീയതയും തീവ്ര ദേശീയതയും അരങ്ങുതകര്‍ക്കുന്നു. മറുവശത്ത് ബെര്‍ണി സാന്‍ഡേഴ്‌സ് തെരഞ്ഞെടുപ്പ് ചിത്രത്തില്‍നിന്ന് മാഞ്ഞുപോയതോടെ, രാഷ്ട്രീയത്തില്‍ പുതുതായി താല്‍പര്യം കാണിച്ചുതുടങ്ങിയ ലിബറലുകളായ ധാരാളം പേര്‍ ആശങ്കാകുലരും തെരഞ്ഞെടുപ്പ് സംവാദങ്ങളെകുറിച്ച് നിരാശരുമായി. അമേരിക്ക രണ്ടിലൊരു തിന്മയെ തെരഞ്ഞെടുത്തേ പറ്റൂ എന്നാണ് ഒരു പ്രമുഖ മാധ്യമ നിരൂപകന്‍ അഭിപ്രായപ്പെട്ടത്.
ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അപരവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലും, വിവിധ ഇസ്‌ലാമിക പ്രബോധക സംഘങ്ങള്‍ തെരഞ്ഞെടുപ്പിനെ ഒരു അവസരമാക്കി മാറ്റുകയാണ്. വടക്കേ അമേരിക്കയിലെ പ്രമുഖ ഇസ്‌ലാമിക സംഘടനയായ 'ഇക്‌ന'യുടെ നേതൃത്വത്തിലുള്ള വൈ ഇസ്‌ലാം, ഗെയ്ന്‍ പീസ്, സ്വതന്ത്ര പ്രബോധക ഗ്രൂപ്പുകളായ ഫുര്‍ഖാന്‍ ഫൗണ്ടേഷന്‍, ബുക് ഓഫ് സൈന്‍സ് ഫൗണ്ടേഷന്‍ തുടങ്ങിയവയെല്ലാം ഈ വേനല്‍കാലത്ത് വിവിധ പ്രോജക്ടുകളാണ് ഏറ്റെടുത്തു നടത്തിയത്. പ്രബോധകര്‍ക്കുള്ള പരിശീലനവും ബള്‍ക് മെയിലുകളും ദഅ്‌വ ബൂത്തുകളും വളരെ സജീവമായി നടന്നുകൊണ്ടിരിക്കുന്നു.
ഏതാണ്ടെല്ലാ സ്‌റ്റേറ്റുകളിലും വാര്‍ഷിക വാണിജ്യ മേളകള്‍ നടക്കാറുണ്ട്. ഇത്തരം മേളകളില്‍ 'ഇക്‌ന'യുടെ പോഷക സംഘടനകള്‍ വിവിധ പള്ളികളുടെ പിന്തുണയോടെ സാന്നിധ്യമറിയിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ പരിമിതമായ പ്രബോധക അംഗബലം വെച്ച് എത്തിപ്പെടാവുന്നതിലും മേലെയാണ് ഇത്തരം മേളകളില്‍ പങ്കെടുക്കുന്ന ആള്‍ക്കൂട്ടം. ഉദാഹരണമായി 2003-ലെ കണക്കനുസരിച്ച് ടെക്‌സസില്‍ നടന്ന ത്രൈവാര സ്റ്റേറ്റ് ഫെയറില്‍ 30 ലക്ഷം പേരാണ് പങ്കെടുത്തത്.
എല്ലാ വര്‍ഷവും കെന്റക്കിയില്‍ നടക്കുന്ന സുപ്രധാന പരിപാടികളാണ് സ്റ്റേറ്റ് ഫെയറും വേള്‍ഡ് ഫെസ്റ്റും. സ്റ്റേറ്റ് ഫെയറില്‍ ഈ വര്‍ഷം പങ്കെടുത്തത് 6 ലക്ഷം ആളുകളാണ്. കെന്റക്കിയിലെ പ്രധാന നഗരമായ ലൂയിവില്ലെയില്‍ നടക്കുന്ന ഈ രണ്ടു പരിപാടികളിലും ദഅ്‌വ ബൂത്തുകള്‍ സംഘടിപ്പിക്കുന്നതിനു വേണ്ടി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ പരിപാടികളെ സൂക്ഷ്മമായി പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞങ്ങളുടെ പള്ളിയിലെ ദഅ്‌വ കോര്‍ഡിനേറ്ററായ സിബ്ഗത്തുല്ല. തമിഴ്‌നാട് എസ്.ഐ.ഒയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം കുറേ വര്‍ഷമായി നഗരത്തിലുണ്ട്.
സ്‌റ്റേറ്റ് ഫെയര്‍
സ്റ്റേറ്റ് ഗവര്‍ണറാണ് സ്റ്റേറ്റ് ഫെയറിന്റെ മേല്‍നോട്ടം വഹിക്കുന്നത്. എല്ലാ വര്‍ഷവും ആഗസ്റ്റ് മധ്യത്തിലാണ് സാധാരണ ഈ പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. രാജ്യത്തെ വിവിധ വാണിജ്യ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ 1200 ഡോളര്‍ നല്‍കിയാണ് ഒരു ബൂത്ത് ബുക്ക് ചെയ്യേണ്ടത്. 18 ഡോളര്‍ പ്രവേശന ഫീസുള്ള ഈ പരിപാടിയില്‍ കെന്റക്കിയിലെയും അയല്‍ സ്റ്റേറ്റുകളിലെയും ആളുകള്‍ കുടുംബ സമേതം പങ്കെടുക്കുന്നു. കണ്‍സര്‍വേറ്റീവ് കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് കെന്റക്കിയുടെയും അയല്‍ സംസ്ഥാനങ്ങളുടെയും നിയന്ത്രണം. കെന്റക്കിയുടെ അയല്‍ സ്റ്റേറ്റായ ഇന്ത്യാനയില്‍, ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി മൈക് പെന്‍സാണ് ഇപ്പോഴത്തെ ഗവര്‍ണര്‍.
ഇത്തവണ ഏതുവിധേനയും പരിപാടികളില്‍ ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യണമെന്ന് നിശ്ചയിച്ച് സിബ്ഗത്തുല്ല രജിസ്‌ട്രേഷന്‍ നടപടികള്‍ സമയത്തിന് ചെയ്തുതീര്‍ത്തു. എന്നാല്‍ ആവശ്യമായ വിഭവങ്ങള്‍ കൈയിലില്ല എന്നത് നേരത്തേതന്നെ അറിയാവുന്നതുകൊണ്ട് പള്ളിയില്‍ വരുന്ന ആളുകളെ തെരഞ്ഞുപിടിച്ച് വിവിധ ജോലികള്‍ ഏല്‍പിച്ചു തുടങ്ങി. വളന്റിയര്‍ കോഡിനേഷന്‍, സ്റ്റേഷനറി, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ലഘുലേഖകള്‍, പുസ്തകങ്ങള്‍, ഖുര്‍ആന്‍ പ്രതികള്‍ എന്നിവ എത്തിക്കല്‍ തുടങ്ങിയ വിവിധ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടായിരുന്നു. പരിപാടിയുടെ മേല്‍നോട്ടം ഏല്‍പിച്ചത് എന്നെയായിരുന്നു. കെന്റക്കിയില്‍ ഒരു വര്‍ഷം മാത്രം പരിചയമുള്ള എന്റെ അപരിചിതത്വവും ആശങ്കയും, പക്ഷേ മുതിര്‍ന്നവരടക്കമുള്ള വളന്റിയര്‍മാരുടെയും പള്ളി ഭാരവാഹികളുടെയും ഹൃദ്യമായ പിന്തുണ കാരണം വലിയ പ്രശ്ങ്ങള്‍ സൃഷ്ടിച്ചില്ല.
ആദ്യമായി നഗരത്തിലെ പത്തോളം വരുന്ന പള്ളികളിലേക്ക് വളന്റിയര്‍മാരെ ആവശ്യപ്പെട്ട് ഇമെയിലുകളും നിര്‍ദേശങ്ങളും അയച്ചു. ഗെയ്ന്‍ പീസ്, വൈ ഇസ്‌ലാം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ലഘുലേഖകളും മറ്റും പെട്ടെന്ന് കിട്ടാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് കൈയിലുള്ള 2000-ല്‍ താഴെ മാത്രം വരുന്ന ലഘുലേഖകളും ഫുര്‍ഖാന്‍ ഫൗണ്ടേഷന്‍ അയച്ചുതന്ന 2000-ത്തോളം ഖുര്‍ആന്‍ പ്രതികളും ഒരുക്കിവെച്ച് പരിപാടി തുടങ്ങാന്‍ തീരുമാനിച്ചു. അതിനിടെ, ഫുര്‍ഖാന്‍ ഫൗണ്ടേഷനില്‍നിന്ന് ഇമാം ഈസ വൂദ് 10 ദിവസവും പരിപാടിയില്‍ പങ്കെടുക്കാന്‍ തയാറാണെന്ന് അറിയിച്ചു. അദ്ദേഹത്തിന് ഒരു സമയം രണ്ടോ മൂന്നോ വളന്റിയര്‍മാരെ ഏല്‍പിച്ചുകൊടുക്കണമെന്നും ആവശ്യപ്പെട്ടു. ബൂത്തില്‍ മുഴുസമയവും ആളുണ്ടായിരിക്കണം എന്ന് വ്യവസ്ഥയുള്ളതിനാല്‍ ജുമുഅ സമയത്ത് വനിതാ വളന്റിയര്‍മാരുടെ സേവനം ആവശ്യമായി വന്നു. ധാരാളം സാഹോദരിമാരാണ് ഈ പരിപാടിക്ക് മുന്നോട്ടുവന്നത്. എന്തുകൊണ്ട് പുരുഷന്മാര്‍ക്ക് സ്ത്രീകളുടേതുപോലെ ഹിജാബില്ല, സ്ത്രീ ഇസ്‌ലാമില്‍ സ്വതന്ത്രയോ തുടങ്ങി വിവിധ ചോദ്യങ്ങള്‍ക്ക് വളരെ ഭംഗിയായാണ് അവര്‍ വിശദീകരണങ്ങള്‍ നല്‍കിയത്. അവരില്‍ പലരും നേരത്തേ വിവിധ മതവിശ്വാസികളായിരുന്നു. എന്തുകൊണ്ട് ജൂതമതമുപേക്ഷിച്ചു എന്ന ചോദ്യം പല തവണയാണ് മുതിര്‍ന്ന സഹോദരി കാത്തിക്ക് നേരിടേണ്ടിവന്നത്.
സ്റ്റേറ്റ് ഫെയറിനകത്തെ ഖുര്‍ആന്‍ വിതരണം ചില ചാനലുകളില്‍ കൗതുക വാര്‍ത്തയായി വന്നതോടെ ഖുര്‍ആന്‍ ആവശ്യപ്പെട്ട് വരുന്നവരുടെ എണ്ണം കുത്തനെ കൂടി. 4 ദിവസം കൊണ്ട് ഞങ്ങളുടെ കൈയിലുള്ള ഖുര്‍ആനും മറ്റു പുസ്തകങ്ങളും തീര്‍ന്നു. ചിക്കാഗോയിലെ ഫുര്‍ഖാന്‍ ഫൗണ്ടേഷന്‍ ആസ്ഥാനത്തുനിന്ന് കൂടുതല്‍ കോപ്പികള്‍ അയച്ചു തന്നെങ്കിലും ആറാം ദിവസം ഞങ്ങള്‍ക്ക് വീണ്ടും 500-ഓളം കി.മീ യാത്രചെയ്ത് ചിക്കാഗോയില്‍ പോയി കൂടുതല്‍ ലഘുലേഖകളും ഖുര്‍ആന്‍ കോപ്പികളും എടുക്കേണ്ടിവന്നു.
വിവിധ റേഡിയോ സ്‌റ്റേഷനുകളും ചാനലുകളും പരിപാടി റിപ്പോര്‍ട്ട് ചെയ്തതോടെ അനുകൂലിച്ചും പ്രതികൂലിച്ചുള്ള പ്രതികരണങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. കെന്റക്കി പോലുള്ള സ്റ്റേറ്റുകളില്‍ വംശീയവാദത്തിനും തീവ്രദേശീയതക്കും അനുയായികളുള്ളതുകൊണ്ട്, ഞങ്ങളെ ശല്യപ്പെടുത്തിയ ഒരാളെ തടയാന്‍ ഇടക്ക് പോലീസിനെ വിളിക്കേണ്ടതായും വന്നു. ബാപ്റ്റിസ്റ്റ് ക്രിസ്ത്യന്‍ മിഷനറിമാര്‍ തുടര്‍ച്ചയായി ഞങ്ങളെ സന്ദര്‍ശിച്ചുകൊണ്ടിരുന്നു. വാര്‍ത്ത കേട്ടറിഞ്ഞ് ഖുര്‍ആന്‍ ചോദിച്ചുവന്നവരും കൂട്ടത്തിലുണ്ടായിരുന്നു.
അതിനിടെ ഒരു മസ്ജിദ് സന്ദര്‍ശന പരിപാടി കൂടി ഞങ്ങള്‍ അസൂത്രണം ചെയ്തു. ഞങ്ങളുമായി സംസാരിച്ച ആളുകളില്‍ ചിലര്‍, മുസ്‌ലിംകള്‍ പ്രാര്‍ഥിക്കുന്നത് കാണണം എന്നും മറ്റും ആവശ്യപ്പെട്ടപ്പോഴാണ് സാധാരണ വര്‍ഷത്തില്‍ രണ്ടു തവണ നടത്തുന്ന 'ഓപ്പണ്‍ മോസ്‌ക്' ഇത്തവണ അധികമായി ഒന്നുകൂടി നടത്താമെന്ന് തീരുമാനിച്ചത്.
വേള്‍ഡ് ഫെയര്‍
സൗജന്യമായി പ്രവേശിക്കാവുന്ന ഈ പരിപാടിയുടെ മേല്‍നോട്ടം വഹിക്കുന്നത് സിറ്റി മേയര്‍ ആണ്. വിവിധ രാജ്യങ്ങളുടെ ഭക്ഷണ-വസ്ത്ര-സാംസ്‌കാരിക തനിമകള്‍ പ്രകടമാക്കുന്ന വിവിധ ബൂത്തുകള്‍ കാരണമാണ് വേള്‍ഡ് ഫെയറിനു അത്തരമൊരു പേരിട്ടത്. എന്നാല്‍ ഇതില്‍ കാര്യമായി പങ്കെടുക്കുന്നത് നഗരത്തിലും ചുറ്റുമുള്ള ആളുകളും. ഈ നഗരവാസികള്‍ പൊതുവെ ലിബറല്‍ (ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് ലൂയിവില്ലെ സിറ്റി ഭരിക്കുന്നത്) രാഷ്ട്രീയ ബോധമുള്ളവരാണ്. കഴിഞ്ഞ വര്‍ഷം ആദ്യമായാണ് ലൂയ്‌വില്ലെയിലെ മുസ്‌ലിം സമൂഹം ദഅ്‌വ ബൂത്ത് എന്ന ആശയവുമായി ഈ പരിപാടിയില്‍ പങ്കെടുത്തത്. താരതമ്യേന ചെലവു കുറഞ്ഞത്, ലിബറല്‍ മനഃസ്ഥിതിക്കാര്‍ ധാരാളമായി പങ്കെടുക്കുന്നത്, സ്റ്റേറ്റ് ഫെയറിനേക്കാള്‍ എളുപ്പത്തില്‍ നടത്താവുന്നത് എന്നീ അനുകൂല ഘടകങ്ങളാണ് പത്തില്‍ താഴെ വളന്റിയര്‍മാരുമായി നാലു ദിവസം ഈ പരിപാടിയില്‍ കഴിഞ്ഞ വര്‍ഷംതന്നെ ഒരു പരീക്ഷണം നടത്താന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. ഈ വര്‍ഷം ആഗസ്റ്റില്‍ സ്റ്റേറ്റ് ഫെയര്‍ കഴിഞ്ഞ ഉടനെ, സെപ്റ്റംബറില്‍ നടക്കുന്ന വേള്‍ഡ് ഫെസ്റ്റിന് വേണ്ടി ഗെയ്ന്‍ പീസിന്റെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ടായിരുന്നു. ഗെയ്ന്‍ പീസ് ഡയറക്ടര്‍ ഡോ. സബീല്‍ അഹ്മദ് ഒരു ദിവസം വരാമെന്നും കൂട്ടത്തില്‍ വളന്റിയര്‍ ട്രെയ്‌നിംഗ് കൂടി നടത്താമെന്നും അറിയിച്ചു. വിവിധ വലിപ്പത്തിലുള്ള ധാരാളം ലഘുലേഖകളും മറ്റുമായി വന്ന അവരുടെ സാന്നിധ്യം ലൂയിവില്ലെ നഗരം ശരിക്കും ഉപയോഗപ്പെടുത്തി. ദഅ്‌വ ട്രെയ്‌നിംഗിനു വേണ്ടി പ്രദേശത്തെ വിവിധ പള്ളികളിലെ സ്ത്രീകളും പുരുഷന്മാരും ഞങ്ങളുടെ പള്ളിയില്‍ ഒത്തുകൂടി. അമേരിക്കയിലെ പൊതു സമൂഹത്തിന് ഇസ്‌ലാമിനെകുറിച്ചുള്ള തെറ്റിദ്ധാരണകളകറ്റുക എന്ന സുപ്രധാന കടമ നിര്‍വഹിക്കേണ്ടത് എങ്ങനെ എന്നായിരുന്നു അദ്ദേഹത്തിന്റെ സംസാരവിഷയം. മതംമാറ്റമല്ല; സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഗെയിന്‍ പീസിന്റെ മുഖ്യപരിപാടി എന്ന് അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയിലെ മുസ്‌ലിം പള്ളികളെക്കുറിച്ചും, വിവിധ മുസ്‌ലിം-മുസ്‌ലിമേതര സംഘടനകളെക്കുറിച്ചും മനസ്സിലാക്കേണ്ടതുണ്ട്. ഐക്യത്തിന്റെയും സഹകരണത്തിന്റെയും ഭൂമിക സൃഷ്ടിക്കുന്നതില്‍നിന്ന് ഇവിടത്തെയാളുകളെ അവരുടെ ഭാഷാ, ദേശ, സാംസ്‌കാരിക, വംശ വൈവിധ്യങ്ങളൊന്നും തടയുന്നില്ല. അതിനെ കുറിച്ച് പിന്നീടൊരിക്കല്‍.
(കെന്റക്കിയിലെ ലൂയിവില്ലെയില്‍ വിദ്യാര്‍ഥിയാണ് മലപ്പുറം ജില്ലയിലെ അരീക്കോട് കാവനൂര്‍ സ്വദേശിയായ ലേഖകന്‍)
Comments