ആദാന പ്രക്രിയയിലൂടെ വികസ്വരമാകുന്ന ഇസ്‌ലാമിക നാഗരികത
ഇസ്‌ലാമില്‍ അടിസ്ഥാനപരമായി എല്ലാം അനുവദനീയമാണ്; വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും നിഷിദ്ധമാക്കിയതൊഴികെ. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ മൗലിക സ്വഭാവം സ്വീകരണമാണ്, തിരസ്‌കാരമല്ല. നന്മ എവിടെ കണ്ടാലും അത് സ്വീകരിക്കും, അത് ആരുടെ വശമാണെങ്കിലും. അതിനാലാണ് ഇസ്‌ലാമിന്റെ സുവര്‍ണ നൂറ്റാണ്ടുകളില്‍ അതിന്റെ സംസ്‌കാരവും നാഗരികതയും സമാനതകളില്ലാത്തവിധം വളര്‍ന്നു വികസിച്ചത്.
സ്വീകാരത്തിന്റെ സമീപനം കൈക്കൊണ്ടപ്പോള്‍ മുസ്‌ലിംകള്‍ അസൂയാര്‍ഹമായ പുരോഗതി കൈവരിച്ചു. ലോകത്തിന്റെ നേരെ എല്ലാ വാതിലുകളും തുറന്നുവെച്ച കാലമായിരുന്നു അത്. എന്നാല്‍ എല്ലാം കൊട്ടിയടച്ച് നിരാസത്തിന്റെ മുദ്രയണിഞ്ഞപ്പോള്‍ യാത്ര പിറകോട്ടായി.
മറ്റു പല മേഖലകളിലുമെന്ന പോലെ ഈ രംഗത്തും മികച്ച മാതൃക കാണിക്കാന്‍ ഉമറുല്‍ ഫാറൂഖിന് കഴിഞ്ഞു. തന്റെ കാലത്ത് പരിചിത ലോകത്തുണ്ടായിരുന്ന നല്ലതിനെയൊക്കെയും സ്വായത്തമാക്കി ഇസ്‌ലാമിനോട് ചേര്‍ത്തുവെക്കാന്‍ അദ്ദേഹം ജാഗ്രത പുലര്‍ത്തി. ബൈത്തുല്‍ മാലും ഹിജ്‌റ കലണ്ടറുമൊക്കെ ഇന്ന് ഇസ്‌ലാമിക സമൂഹത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. എന്നാല്‍, ഖലീഫാ ഉമറുല്‍ ഫാറൂഖ് അതിനൊക്കെയും മാതൃകയാക്കിയത് ഇസ്‌ലാമേതര നാഗരികതകളെയാണ്.
പ്രവാചകന്റെയും അബൂബക്ര്‍ സിദ്ദീഖിന്റെയും കാലത്ത് കേന്ദ്രത്തില്‍ ലഭിച്ചിരുന്ന മുഴുവന്‍ സമ്പത്തും അവ ശേഖരിക്കപ്പെട്ടാലുടനെ വിതരണം ചെയ്യുകയായിരുന്നു പതിവ്. സമരാര്‍ജിത സമ്പത്തും സകാത്തിലൂടെയും മറ്റുമുള്ള വരുമാനങ്ങളും സൂക്ഷിച്ചുവെക്കുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നില്ല. പിന്നീട് ബഹ്‌റൈനില്‍ ഗവര്‍ണറായിരുന്ന അബൂഹുറയ്‌റ തന്റെ പ്രദേശത്തെ ആവശ്യം കഴിച്ച് അവശേഷിച്ച അഞ്ചു ലക്ഷം ദിര്‍ഹം മദീനയിലെത്തിക്കുകയുണ്ടായി. ബഹ്‌റൈന്‍കാരുടെ ആവശ്യം കഴിച്ചുള്ളതാണെന്നും അന്യായമായി ആരില്‍നിന്നും ഒന്നും ശേഖരിച്ചിട്ടില്ലെന്നും ഉറപ്പുവരുത്തിയശേഷം ഉമറുല്‍ ഫാറൂഖ് ജനങ്ങളെ ഒരുമിച്ചുകൂട്ടി. അദ്ദേഹം അവരോടിങ്ങനെ പറഞ്ഞു: ''ധാരാളം ധനം ഇവിടെ വന്നെത്തിയിരിക്കുന്നു. നിങ്ങള്‍ നിര്‍ദേശിക്കുന്നതുപോലെ നമുക്കിത് വിതരണം ചെയ്യാം. എണ്ണിയാണെങ്കില്‍ അങ്ങനെ. അളന്നാണെങ്കില്‍ അങ്ങനെയുമാകാം.''
ഇതു കേട്ട വലീദുബ്‌നു ഹിശാമിബ്‌നു മുഗീറ പറഞ്ഞു: ''ഞാന്‍ സിറിയയില്‍ ചെന്നപ്പോള്‍ അവിടത്തെ ഭരണാധികാരികള്‍ ഓഫീസുകള്‍ ക്രമീകരിക്കുകയും സൈന്യത്തെ സജ്ജീകരിക്കുകയും അവര്‍ക്ക് ശമ്പളം നിശ്ചയിക്കുകയും ചെയ്തിരുന്നതായി മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. നമുക്കും ആ രീതി അവലംബിക്കാമല്ലോ.''
ഉമറുല്‍ ഫാറൂഖിന് ഈ നിര്‍ദേശം സ്വീകാര്യമായി തോന്നി. അതിനാല്‍ പ്രശ്‌നം പൊതു ചര്‍ച്ചക്കായി സമര്‍പ്പിച്ചു. പ്രമുഖരായ പല സ്വഹാബികളും തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ചു. അലി(റ) പറഞ്ഞു: ''ഓരോ വര്‍ഷവും ലഭിക്കുന്ന ധനം അതത് സമയങ്ങളില്‍തന്നെ വിതരണം നടത്തണം. ഒരു കാരണവശാലും ശേഖരിച്ചുവെക്കരുത്.'' എന്നാല്‍, ഉസ്മാനുബ്‌നു അഫ്ഫാന്റെ അഭിപ്രായം മറിച്ചായിരുന്നു. ''ജനങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യമുള്ളത്ര ധനം അവരുടെ വശമുണ്ട്. അതിനാല്‍ കൂടുതലുള്ള സമ്പത്ത് ശേഖരിച്ചുവെക്കുകയും ക്രമമനുസരിച്ച് വിതരണം നടത്തുകയുമാണ് വേണ്ടത്.'' ഏറെപ്പേരും ഈ വീക്ഷണമാണ് അംഗീകരിച്ചത്. അതോടെ വലീദുബ്‌നു ഹിശാമിന്റെ അഭിപ്രായം സ്വീകരിക്കപ്പെട്ടു. അതനുസരിച്ച് ബൈത്തുല്‍മാല്‍ ഏര്‍പ്പെടുത്താനും രാഷ്ട്ര സമ്പത്ത് അവിടെ ശേഖരിച്ചുവെക്കാനും തീരുമാനിച്ചു. ഹിജ്‌റ പതിനഞ്ചാം വര്‍ഷത്തിലാണ് ഇത് നിലവില്‍വന്നത്. ആദ്യത്തെ ബൈത്തുല്‍ മാല്‍ തലസ്ഥാനനഗരിയായ മദീനയില്‍ തന്നെയാണ് സ്ഥാപിച്ചത്. അതിന്റെ സംരക്ഷകനായി വിശ്വസ്തനും സമര്‍ഥനുമായി പരക്കെ അറിയപ്പെട്ട അബ്ദുല്ലാഹിബ്‌നു അര്‍ഖമിനെ നിശ്ചയിച്ചു. തുടര്‍ന്ന് ആവശ്യമായ സഹജീവനക്കാരെയും നല്‍കി. ഏറെ താമസിയാതെ പ്രവിശ്യാ തലസ്ഥാനങ്ങളിലും പ്രാദേശികതലങ്ങളിലും ബൈത്തുല്‍ മാല്‍ സ്ഥാപിച്ചു. അവയുടെ നടത്തിപ്പിനും മേല്‍നോട്ടത്തിനും അനുയോജ്യരായ വ്യക്തികളെ നിയമിച്ചു. ഇങ്ങനെ ഹിജ്‌റ പതിനഞ്ചാം വര്‍ഷം രൂപംകൊള്ളുകയും ഇസ്‌ലാമിക സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും അവിഭാജ്യഘടകമായി മാറുകയും ചെയ്ത ബൈത്തുല്‍മാല്‍ സിറിയന്‍ മാതൃക സ്വീകരിച്ചുണ്ടാക്കിയതാണ്.
ബൈത്തുല്‍മാലില്‍നിന്ന് വിഹിതം വീതിക്കാന്‍ തുടങ്ങിയതോടെ ദിവസവും മാസവും കൊല്ലവുമൊക്കെ കണക്കാക്കേണ്ടിവന്നു. എന്നാല്‍ അക്കാലത്ത് അറബികള്‍ക്കിടയില്‍ കലണ്ടര്‍ സമ്പ്രദായം ഉണ്ടായിരുന്നില്ല. കുറേകാലം അവര്‍ വര്‍ഷങ്ങള്‍ കണക്കാക്കിയിരുന്നത് പ്രമുഖ ഖുറൈശി നേതാവായിരുന്ന കഅ്ബിന്റെ മരണവുമായി ബന്ധിപ്പിച്ചുകൊണ്ടായിരുന്നു. പിന്നീട് അല്‍പകാലം ആനക്കലഹത്തെ ആസ്പദമാക്കി. അതിനു ശേഷം ഹര്‍ബുല്‍ ഫിജാറു കാലഗണനക്ക് അടിസ്ഥാനമാക്കി. പട്ടാളക്കാര്‍ക്കും മറ്റും വേതനവും പെന്‍ഷനും നിശ്ചയിക്കപ്പെട്ടതോടെ കലണ്ടര്‍ അനിവാര്യമായിത്തീര്‍ന്നു. അതിനാല്‍ ഉമറുല്‍ ഫാറൂഖ് കൂടിയാലോചനാ സമിതി വിളിച്ചുകൂട്ടി കൊല്ലവും മാസവുമൊക്കെ കണക്കൂകൂട്ടുന്നതിനെ സംബന്ധിച്ച് ആലോചിച്ചു. ആരോ അറിയിച്ചതനുസരിച്ച് പേര്‍ഷ്യക്കാര്‍ അവലംബിക്കുന്ന രീതി അന്വേഷിച്ചറിയാന്‍ തീരുമാനിച്ചു. അതിനായി രണ്ടു പേരെ ചുമതലപ്പെടുത്തുകയും ചെയ്തു. ഹുര്‍മുസാനുമായി ബന്ധപ്പെട്ട് അത് പഠിച്ചറിഞ്ഞു. മഹ്‌റോസ് വര്‍ഷമാണ് അവര്‍ സ്വീകരിച്ചിരുന്നത്. അതില്‍ മാസവും തീയതിയും കണക്കാക്കിയിരുന്നു. ഇക്കാര്യം മനസ്സിലാക്കിയ ഖലീഫാ ഉമറുല്‍ ഫാറൂഖ് വീണ്ടും ജനങ്ങളെ വിളിച്ചുചേര്‍ത്തു. കാലനിര്‍ണയത്തിന് അവലംബിക്കേണ്ട സംഭവം ഏതെന്ന് ചര്‍ച്ച ചെയ്തു. പലരും പല നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചു. അവസാനം ഉമറുല്‍ ഫാറൂഖ് തന്നെ നിര്‍ദേശിച്ച ഹിജ്‌റ തന്നെ മുസ്‌ലിം കാലഗണനയുടെ അടിസ്ഥാനമായി അംഗീകരിക്കപ്പെട്ടു. ഹിജ്‌റ വര്‍ഷം പതിനാറിലാണ് ആദ്യമായി ഹിജ്‌റ കലണ്ടറുണ്ടാക്കാന്‍ തീരുമാനിച്ചത്. യഥാര്‍ഥത്തില്‍ ഹിജ്‌റ റബീഉല്‍ അവ്വല്‍ മാസത്തിലായിരുന്നു. എങ്കിലും അറബികള്‍ ഒന്നാമത്തെ മാസമായി കണക്കാക്കിയിരുന്നത് മുഹര്‍റമായിരുന്നതിനാല്‍ രണ്ടു മാസവും എട്ടു ദിവസവും പിറകോട്ടു തള്ളി മുഹര്‍റം ഒന്നു മുതല്‍ ഹിജ്‌റ വര്‍ഷം കണക്കാക്കുന്ന രീതിയാണ് ഉമറുല്‍ ഫാറൂഖ് സ്വീകരിച്ചത്. അത് ഇന്നും തുടര്‍ന്നുവരുന്നു. നമ്മുടെ വര്‍ഷം കണക്കാക്കുന്ന രീതി പോലും പേര്‍ഷ്യന്‍ സമ്പ്രദായവും അറേബ്യന്‍ മാസക്രമവും അടിസ്ഥാനമാക്കി ഉണ്ടാക്കിയതാണെന്നര്‍ഥം.
പട്ടാളക്കാരുടെ പട്ടികയും പെന്‍ഷന് അര്‍ഹരായവരുടെ പേരുവിവരങ്ങളും വരവുചെലവ് കണക്കുകളും വ്യത്യസ്ത നാട്ടുകാരും ജനവിഭാഗങ്ങളുമായുണ്ടാക്കിയ കരാറുകളുടെ കോപ്പികളും മറ്റും ഭദ്രമായി സൂക്ഷിക്കേണ്ടതുണ്ടായിരുന്നു. അതിനായി സ്വീകരിച്ച ഓഫീസ് രീതിയും പേര്‍ഷ്യക്കാരില്‍നിന്ന് സ്വീകരിച്ചതാണ്. അതിനാലാണ് അത് പേര്‍ഷ്യന്‍ പദമായ 'ദീവാന്‍' എന്ന് പറയപ്പെടുന്നത്.
അക്കാലത്ത് പുറംനാടുകളില്‍ കച്ചവടം ചെയ്തിരുന്ന മുസ്‌ലിംകളില്‍നിന്ന് അവിടങ്ങളിലെ ഭരണകൂടങ്ങള്‍ ചരക്കു വിലയുടെ പത്തിലൊരംശം നികുതിയായി പിരിച്ചെടുത്തിരുന്നു. ഈ വിവരം അബൂമൂസല്‍ അശ്അരി ഉമറുല്‍ ഫാറൂഖിനെ അറിയിക്കുകയും ആ സമ്പ്രദായം ഇസ്‌ലാമിക രാഷ്ട്രത്തിലും നടപ്പാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതനുസരിച്ച് ഖലീഫാ ഉമറുല്‍ ഫാറൂഖ് വ്യാപാര നികുതി ഏര്‍പ്പെടുത്തി. പുറംനാടുകളില്‍നിന്ന് വരുന്ന കച്ചവടക്കാര്‍ക്ക് പത്തു ശതമാനം നികുതി തന്നെയാണ് അദ്ദേഹവും നിശ്ചയിച്ചത്. പ്രയോജനകരമെന്ന് തോന്നിയ എല്ലാ നല്ല കാര്യങ്ങളും ആരില്‍നിന്നും എവിടെനിന്നും സ്വീകരിക്കാന്‍ ഉമറുല്‍ ഫാറൂഖ് ഒട്ടും മടി കാണിച്ചിരുന്നില്ല. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ കാലത്ത് ഇസ്‌ലാമിക സമൂഹവും രാഷ്ട്രവും മറ്റെല്ലാ മേഖലകളിലുമെന്ന പോലെ സാംസ്‌കാരിക-നാഗരിക രംഗങ്ങളിലും അസമാനമായ നേട്ടം കൈവരിച്ചത്.
തുടര്‍ന്ന് ഇസ്‌ലാമിന്റെ മുന്നേറ്റ കാലത്ത് മുസ്‌ലിംകള്‍ കടന്നുചെന്ന പ്രദേശങ്ങളിലെയും അവര്‍ക്ക് പരിചയപ്പെടാന്‍ അവസരം ലഭിച്ച ജനസമൂഹങ്ങളിലെയും പ്രയോജനപ്രദമായ എല്ലാ നല്ലതും സ്വായത്തമാക്കി. സിറിയന്‍, ഗ്രീക്ക്, സംസ്‌കൃതം, പഹ്‌ലവി തുടങ്ങിയ വിവിധ ഭാഷകളില്‍നിന്ന് അമൂല്യങ്ങളായ അറിവുകളാര്‍ജിച്ച് അവയെ വളര്‍ത്തുകയും വികസിപ്പിക്കുകയും ചെയ്തു. പ്രസിദ്ധ റോമന്‍ ഭിഷഗ്വരനായ ഗാലന്‍, ഗ്രീക്ക് ചിന്തകരായ അരിസ്‌റ്റോട്ടല്‍, പ്ലാറ്റോ, ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനായ യൂക്ലിഡ്, അലക്‌സാണ്ട്രണ്ടിയയിലെ ജ്യോതി ശാസ്ത്രജ്ഞനായ ടോളമി, തത്ത്വശാസ്ത്രജ്ഞനായ ആര്‍ക്കമെഡിസ്, അപ്പോളോനിയാസ്, ഓറിബാസിയസ്, പോള്‍ ഓഫ് അജീന, സോക്രട്ടീസ്, ജൂലിയസ് തുടങ്ങിയവരുടെ വിചാരഫലങ്ങള്‍ അവരുടെ കൃതികള്‍ വിവര്‍ത്തനം ചെയ്ത് പ്രയോജനപ്പെടുത്തുകയും തുടര്‍ന്ന് അവയെ വികസിപ്പിക്കുകയും ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ശാസ്ത്ര സാങ്കേതിക വിദ്യകളും കലാ സാഹിത്യ സൃഷ്ടികളും സ്വാംശീകരിച്ച് ആവശ്യാനുസരണം പ്രയോജനപ്പെടുത്തി. തദ്ഫലമായി ചരിത്രം, ഭൂമിശാസ്ത്രം, ഗണിതം, വൈദ്യം, ഗോളശാസ്ത്രം, തത്ത്വചിന്ത, സസ്യശാസ്ത്രം, പ്രകൃതിശാസ്ത്രം, ജ്യോതിശാസ്ത്രം തുടങ്ങിയ വിവിധ വിജ്ഞാന ശാഖകളില്‍ ലോകത്തിന്റെ മുന്നില്‍ നടക്കാന്‍ അക്കാലത്ത് മുസ്‌ലിംകള്‍ക്ക് സാധിച്ചു. ബഗ്ദാദ്, കൂഫ, ബസ്വറ, ഗ്രാനഡെ, സെവില്ല, കൊര്‍ദോവ, ഖൈറവാന്‍, കയ്‌റോ, ടോളിഡോ, ബുഖാറ, സമര്‍ഖന്ദ്, ദമസ്‌കസ്, നിശാപൂര്‍, മര്‍വ്, മലാഗ തുടങ്ങിയ പ്രദേശങ്ങള്‍ ചരിത്രത്തില്‍ വൈജ്ഞാനിക, സാംസ്‌കാരിക, നാഗരിക കേന്ദ്രങ്ങളായി വളര്‍ന്നു വികസിച്ചത് ആദാനപ്രദാന പ്രക്രിയയിലൂടെയാണ്.
എന്നാല്‍ അന്യ സംസ്‌കാര, നാഗരികതകളില്‍നിന്ന് എന്തും സ്വീകരിക്കുന്നത് തികഞ്ഞ ത്യാജ്യഗ്രാഹ്യബോധത്തോടെയാകണം. ചിലത് നിരുപാധികം സ്വീകരിക്കാവുന്നതാണെങ്കില്‍ മറ്റു ചിലത് ആവശ്യമായ മാറ്റങ്ങളോടെ മാത്രമേ സ്വാംശീകരിക്കാവൂ. മതനിഷേധപരമോ നിരാസപരമോ വിഗ്രഹാരാധനാപരമോ കേവല ഭൗതികമോ ആയ സമൂഹങ്ങളില്‍നിന്നും സംസ്‌കാരങ്ങളില്‍നിന്നും നാഗരികതകളില്‍നിന്നും സ്വായത്തമാക്കുന്നവയെ ഇസ്‌ലാമിക മൂശയില്‍ സംസ്‌കരിച്ചെടുക്കേണ്ടിവന്നേക്കാം. ഉമറുല്‍ ഫാറൂഖ് കലണ്ടറിന്റെ കാര്യത്തില്‍ ചെയ്ത പോലെ.
അതിനാല്‍ ഇസ്‌ലാമേതര സമൂഹങ്ങളുടെയും രാഷ്ട്രങ്ങളുടെയും സംസ്‌കാരങ്ങളുടെയും നാഗരികതകളുടെയും നേരെ തിരസ്‌കാര സമീപനമല്ല; വിവേചനബോധത്തോടെയുള്ള സ്വീകാര സമീപനമാണ് ഇസ്‌ലാമിക സമൂഹം അവലംബിക്കേണ്ടത്. 'ചൈനയില്‍ പോയെങ്കിലും അറിവ് നേടുക'യെന്നത് പ്രവാചക വചനമല്ല. എന്നാല്‍ അതിലെ ഉള്ളടക്കം സര്‍വാംഗീകൃതവും ഏവര്‍ക്കും സ്വീകാര്യവുമാണ്. ജ്ഞാനം വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്. അതെവിടെ കണ്ടാലും നേടിയെടുക്കണമെന്ന ആഹ്വാനവും പ്രയോഗവത്കരിക്കപ്പെടേണ്ടതുണ്ട്. പുതിയ കാലത്ത് ഈ സമീപനത്തിന് ഏറെ പ്രസക്തിയും പ്രാധാന്യവുമുണ്ട്. സ്തംഭനം ഒഴിവാക്കി മുന്നോട്ടുള്ള പ്രയാണം സാധ്യമാകണമെങ്കില്‍ ഇത്തരമൊരു നിലപാട് അവലംബിക്കുകതന്നെ വേണം.
ഈ വശം ഡോ. എഫ്.ആര്‍ ഫരീദി ഇങ്ങനെ വിശദീകരിക്കുന്നു: ''മറ്റു സമൂഹങ്ങളില്‍നിന്ന് അഭികാമ്യവും പ്രയോജനകരവുമായ കാര്യങ്ങള്‍ പകര്‍ത്തുന്നതില്‍ മുസ്‌ലിംകള്‍ എക്കാലത്തും വളരെ ഉദാര മനസ്‌കരായിരുന്നു. ഖന്‍ദഖ് യുദ്ധവേളയില്‍തന്നെ അവര്‍ കിടങ്ങു കുഴിച്ചുള്ള യുദ്ധതന്ത്രം പേര്‍ഷ്യക്കാരില്‍നിന്ന് സ്വായത്തമാക്കി; ഗ്രീക്കുകാരില്‍നിന്ന് അവരുടെ വൈദ്യശാസ്ത്ര രീതികള്‍ പഠിക്കുകയും സമ്പദ്‌സമൃദ്ധി നേടിയ രാജ്യങ്ങളുടെ കറന്‍സി സംവിധാനം കടമെടുക്കുകയും ചെയ്തു. ബൈസാന്റിയക്കാരില്‍നിന്ന് ഹിജാബ് പോലുള്ള വസ്ത്രധാരണ രീതികളും മറ്റു നാഗരികതകളില്‍നിന്ന് ശാസ്ത്ര-വൈജ്ഞാനിക പൈതൃകങ്ങളും സ്വന്തമാക്കി. ഇന്നത്തെ പാശ്ചാത്യ നാഗരികതയില്‍നിന്ന് ഭിന്നമായി ഇതര പൈതൃകങ്ങളോടുള്ള കടപ്പാട് രേഖപ്പെടുത്താന്‍ അവരൊരിക്കലും വിമുഖരായിരുന്നില്ല. അതിനാല്‍ വിവിധ സംസ്‌കാരങ്ങളുമായി തൊട്ടുരുമ്മി ജീവിക്കുകയെന്നത് മുസ്‌ലിം ലോകത്തെ സംബന്ധിച്ചേടത്തോളം ഒരുകാലത്തും അന്യമായ ഒന്നായിരുന്നില്ല'' (ബഹുസ്വരതയും ഇന്ത്യന്‍ മുസ്‌ലിംകളും, പേജ് 12,13).
ഇസ്‌ലാമേതര നാഗരികതകളുടെ ശേഷിപ്പുകളോടും പൈതൃകങ്ങളോടും ഇസ്‌ലാം സ്വീകരിക്കുന്ന ഉദാര സമീപനത്തിന്റെ മികച്ച മാതൃകയാണ് സപ്താത്ഭുതങ്ങളിലൊന്നായ ഈജിപ്തിലെ പിരമിഡുകള്‍. ഏകാധിപതികളും ബഹുദൈവവിശ്വാസികളുമായിരുന്ന ഫറോവമാരുടെ ശവകുടീരങ്ങളാണല്ലോ അവ. ഉമറുല്‍ ഫാറൂഖിന്റെ കാലത്തുതന്നെ ഈജിപ്ത് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭാഗമായിട്ടുണ്ട്. അന്നു തൊട്ടിന്നോളം ഇസ്‌ലാമിക സമൂഹവും ഭരണകൂടങ്ങളും അതിനെ സംരക്ഷിച്ചുപോന്നു. ആവശ്യമായ കേടുപാടുകള്‍ തീര്‍ത്തുകൊണ്ടിരുന്നു. അതോടൊപ്പം അത് സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാനും മുസ്‌ലിം സമൂഹവും ഭരണകൂടവും ഒരുകാലത്തും വിമുഖത കാണിച്ചിട്ടില്ല. ഇതര സംസ്‌കാര നാഗരികതകളോടും അവയുടെ പൈതൃകങ്ങളോടും ചിഹ്നങ്ങളോടും സ്വീകരിക്കേണ്ട സമീപനം എവ്വിധമാകണമെന്ന് ഇത് സുതരാം വ്യക്തമാക്കുന്നു. ഇസ്‌ലാമിക വിശ്വാസത്തെയും നിയമനിര്‍ദേശങ്ങളെയും അധ്യാപനങ്ങളെയും മൂല്യങ്ങളെയും ബാധിക്കാത്തവിധം എല്ലാറ്റിനോടും ഉദാരവും സ്വീകാരപരവുമായ നിലപാടാണുണ്ടാകേണ്ടത്.
നാഗരികതയെ സംബന്ധിച്ച മാലിക് ബിന്നബിയുടെ ചിന്തകള്‍ വിശകലനം ചെയ്യുന്ന റാശിദുല്‍ ഗന്നൂശി സംഭവലോകത്തെ മനുഷ്യന്റെ ധൈഷണിക വ്യാപാരമാണ് നാഗരികതയെന്ന് വിശദീകരിക്കുന്നു. വര്‍ത്തമാനത്തെയും അതിന്റെ മാറ്റത്തെയും മനസ്സിലാക്കി മനുഷ്യ നന്മക്കായി അതിനെ ഉപയോഗപ്പെടുത്തുന്ന പ്രക്രിയയാണ് നാഗരികത. നാഗരികതയെ സൃഷ്ടിക്കുന്ന പദ്ധതിയാണ് ഇസ്‌ലാം. അത് മാറ്റവും വികാസവുമില്ലാത്ത ഒരു നാഗരികതയല്ല. മറിച്ച് അനുയായികളുടെ സക്രിയമായ ഇടപെടലുകളിലൂടെ വികസിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. ഈ പ്രക്രിയയില്‍ ഇതര നാഗരിക സംഭാവനകളുടെ സ്വാംശീകരണവും നിര്‍ണായകമായ പങ്കുവഹിക്കുന്നു. ഈ ആദാന പ്രക്രിയയെ നിരാകരിച്ചപ്പോഴെല്ലാം മുസ്‌ലിം നാഗരികത മുരടിപ്പ് അനുഭവിച്ചിട്ടുണ്ട്. ഈ ചരിത്ര വസ്തുത യഥാവിധി ഉള്‍ക്കൊള്ളാന്‍ നാം ബാധ്യസ്ഥരാണ്.
Comments