Prabodhanm Weekly

Pages

Search

2016 സെപ്റ്റംബര്‍ 30

2969

1437 ദുല്‍ഹജ്ജ് 28

മതം വെടിമരുന്നല്ലല്ലോ!

കെ.പി ഇസ്മാഈല്‍, കണ്ണൂര്‍

മനുഷ്യനെ ചിട്ടയും സമാധാന ജീവിതവും പഠിപ്പിക്കാന്‍ വന്ന മതങ്ങള്‍ തന്നെ അവന്റെ സമാധാനം കെടുത്തുന്ന ഭീകരതയായി നിറഞ്ഞാടുന്നു. മതത്തിന്റെ സംരക്ഷകരായി വരുന്നവര്‍ മതം മുന്നോട്ടുവെക്കുന്ന മാനുഷിക മൂല്യങ്ങള്‍ തകര്‍ക്കുകയാണ്.

ആഗോളതലത്തില്‍ ഭീകര സംഘടനകള്‍ അഴിഞ്ഞാടുമ്പോള്‍ പ്രാദേശിക തലത്തിലും മതത്തിന്റെ പേരില്‍ സൈ്വരജീവിതം തകര്‍ക്കുന്ന കാഴ്ചകളാണ്. ഒരു മതവിഭാഗത്തിന്റെ ആഘോഷം മറ്റൊരു മതവിഭാഗത്തില്‍ ഭയം ജനിപ്പിക്കുന്നു. ഒരു മതത്തിലെതന്നെ വിവിധ സംഘടനകളുടെ പ്രസംഗങ്ങളും എഴുത്തുകളും മറ്റേ വിഭാഗത്തിനെതിരെയുള്ള വെല്ലുവിളിയായി മാറുന്നു. 'മതം സമാധാനത്തിന്' എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിക്കുന്ന പരിപാടികള്‍ പോലും തമ്മില്‍ തല്ലി പിരിയുന്നു. മതപ്രഭാഷണം മതപാഷാണമായിരിക്കുന്നു.

സാധാരണക്കാരന്‍ മതത്തിലും നേതൃത്വത്തിലും വിശ്വാസം നഷ്ടപ്പെട്ട്, തോണിയും തുഴയും നഷ്ടപ്പെട്ട്, കള്ളക്കടത്തിന്റെയും മയക്കുമരുന്നിന്റെയും കടലില്‍ പെട്ട് നിലകിട്ടാതെ നീന്തുന്നു. സമാധാനത്തിന്റെയും സാന്ത്വനത്തിന്റെയും സന്ദേശം നല്‍കേണ്ട മതം വെടിമരുന്നുപോലെ ഭയപ്പെടേണ്ട വസ്തുവായി മാറിയിരിക്കുന്നു.

പ്രതിയോഗികള്‍ നീട്ടിയിടുന്ന ചൂണ്ടയില്‍ ചാടിക്കൊത്തുന്ന സ്വഭാവം വെടിയാത്ത കാലത്തോളം മതം ക്ഷമയുടെയും സമാധാനത്തിന്റെയും സന്ദേശമാണെന്ന് പ്രസംഗിക്കുന്നതില്‍ അര്‍ഥമില്ല.

 

അറബി വ്യാകരണത്തിലെ സൂക്ഷ്മതക്കുറവ്

 

ലക്കം 2966-ലെ ഖുര്‍ആന്‍ ബോധനത്തില്‍ امر جامع എന്നതിനോട് ഉപമിച്ച്  ജുമുഅ നടക്കുന്ന പള്ളിക്ക് جامع المسجد എന്നെഴുതിയത് ശരിയല്ല.مسجد جامع എന്നോ المسجد الجامع എന്നേ ആണ് പ്രയോഗിക്കേïത്.جامعഎന്ന് മാത്രം പറഞ്ഞാലും ജുമുഅ മസ്ജിദ് എന്ന് അര്‍ഥം ഉണ്ട്. ഉദാ:جامع قابوس (ഖാബൂസ് ജുമുഅ മസ്ജിദ്) 

അറബി വ്യാകരണം മുഖ്യ വിഷയമായി പഠിപ്പിക്കപ്പെടുന്ന കേരളത്തിലുടനീളമുള്ള മദ്‌റസകളുടെ പേരുകള്‍ അറബിയില്‍ തെറ്റായ രൂപത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഉദാഹരണം المدرسة نورُ الاسلام ،المدرسةالثانوية نور الاسلام യഥാക്രമം مدرسة نورالاسلام ، مدرسة نور الإسلام الثانوية  എന്നതാണ് അവയുടെ ശരിയായ രൂപം. അറബിയില്‍ അല്‍ എന്ന അവ്യയം അസ്ഥാനത്തുപയോഗിച്ചാല്‍ വിപരീത അര്‍ഥമാണുണ്ടാവുക . 


 

ഹംസ നദ്‌വി പിണങ്ങോട്

 

എന്തുകൊണ്ട് 
ഇരട്ടത്താപ്പ്?

 

ആഭ്യന്തര കാരണങ്ങള്‍കൊണ്ട് മുസ്‌ലിം സ്ത്രീകളെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ മുസ്‌ലിം സംഘടനകള്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്? മുസ്‌ലിം സ്ത്രീ ഇരയാകാന്‍ ഇപ്പോഴത്തെ മുസ്‌ലിം വ്യക്തിനിയമത്തിന്റെ പോരായ്മകളും കാരണമാകുന്നുണ്ടെന്നിരിക്കെ, സംഘടനകളുടെ അനാസ്ഥയും ഉദാസീനതയും കുറ്റകരമാണ്. പലപ്പോഴും കോടതിയില്‍നിന്നാണ് നീതി ലഭിക്കുന്നത്. അതേസമയം ഏകീകൃത സിവില്‍കോഡ് എന്ന് കേള്‍ക്കുമ്പോഴേക്കും മുസ്‌ലിം സംഘടനകള്‍ ശബ്ദമുയര്‍ത്താന്‍ തുടങ്ങുകയും ചെയ്യുന്നു. ഈ വൈരുധ്യത്തില്‍നിന്ന് സമുദായ നേതൃത്വം എന്നാണ് മാറുക?

 

കെ.കെ ശാകിറ മണ്ണാര്‍ക്കാട്

 

വായനയില്‍ 
കല്ലു കടിക്കുന്നു!

 

പ്രബോധനം അടുത്ത കാലത്തായി വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. ഓരോ ലക്കവും ഒന്നിനൊന്നു മികച്ചത്. പക്ഷേ, വായനക്കാര്‍ കുറഞ്ഞുവരുന്നു എന്നത് കാണാതിരുന്നുകൂടാ. പുതുതായി വായന തുടങ്ങുന്ന ആളുകളുടെ കൈവശം ശബ്ദതാരാവലി ഉണ്ടായിക്കൊള്ളണം എന്നില്ലല്ലോ!

അടുത്ത ദിവസങ്ങളില്‍ പ്രബോധനത്തിലെ രു ലേഖകര്‍ തങ്ങളുടെ ലേഖനങ്ങളെ പറ്റി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. അതിന് മറ്റൊരു പത്രാധിപരുടെ പ്രതികരണമിങ്ങനെ; രണ്ട് ലേഖനങ്ങളുടെയും കര്‍ത്താക്കള്‍ അവരെഴുതിയത് സ്വയമൊന്നു വായിച്ചിരുന്നെങ്കില്‍ എന്ന്! അപ്പോള്‍ പിന്നെ സാധാരണക്കാരായ ഞങ്ങളുടെയൊക്കെ കാര്യം പറയേണ്ടതുണ്ടോ?

ആദ്യ വായനയില്‍തന്നെ കല്ലുകടിച്ചാല്‍ പിന്നെ തുറന്നുനോക്കാന്‍ മടിക്കും. അതിനാല്‍ എഴുത്തുകാര്‍ കുറച്ചുകൂടി ലളിത ഭാഷ ഉപയോഗിച്ചിരുന്നുവെങ്കില്‍ എന്ന് ആശിച്ചുപോകുന്നു.

 

വി.ടി സൂപ്പി

 

വിശ്വാസികളുടെ സാംസ്‌കാരികമായ 
വീട് ഏതാണ്?

 

'ഇബ്‌റാഹീമിന്റെ മക്കയും മുഹമ്മദിന്റെ മദീനയും' എന്ന ടി. മുഹമ്മദിന്റെ ലേഖനത്തിലെ (ലക്കം 2966) ചില വാചകങ്ങള്‍ സങ്കീര്‍ണങ്ങളും. ശരാശരി വായനക്കാരുടെ ഗ്രാഹ്യശക്തിക്കൊതുങ്ങാത്തതുമാണ്.

'ഇബ്‌റാഹീം നബി മക്കക്ക് വേണ്ടി പ്രാര്‍ഥിച്ചു. അതിന്റെ പ്രത്യുത്തരായി ഒരു പ്രവാചകന്‍ സമാഗതനായി' (പേജ് 9) എന്ന വാക്യത്തില്‍ 'ഒരു' ഒഴിവാക്കേണ്ടതായിരുന്നു. മക്കയില്‍ വന്നത് ഒരു സാധാരണ പ്രവാചകന്‍, ഇനിയും വരാം ഇതുപോലുള്ള പ്രവാചകന്മാര്‍ എന്ന ധ്വനി വരികള്‍ക്കിടയിലില്ലേ എന്ന് സംശയം. '.... അന്ത്യപ്രവാചകന്‍ സമാഗതനായി' എന്നെഴുതിയിരുന്നെങ്കില്‍ ഈ വാക്യം കുറേക്കൂടി സൂക്ഷ്മമാകുമായിരുന്നു.

'ഹജ്ജ് ഇബ്‌റാഹീം വന്നത് പോലെ ഇറാഖില്‍നിന്ന് മക്കയിലേക്കുള്ള മഹായാനമാണ്'- ഇതുപോലുള്ള വാക്യങ്ങള്‍ (പേജ് 11) സാധാരണക്കാരന്‍ എങ്ങനെ മനസ്സിലാക്കും? 'ഇറാഖില്‍നിന്ന്' എന്നതിനു പകരം 'സ്വദേശത്തുനിന്ന്' എന്നായിരുന്നെങ്കില്‍ നന്നായേനെ. മഹായാനം, യാനം എന്നീ പദങ്ങള്‍ നാനാര്‍ഥങ്ങളുള്ളവയാണ്; ചില സന്ദര്‍ഭങ്ങളില്‍ വിപരീതാര്‍ഥങ്ങളുമുണ്ട്. 'മഹായാനം' ഒഴിവാക്കാമായിരുന്നു. 'ഹജ്ജ് ഇബ്‌റാഹീം വന്നതുപോലെ സ്വദേശത്തു നിന്ന് മക്കയിലേക്കുള്ള യാത്രയാണ്' എന്നെഴുതിയിരുന്നെങ്കില്‍ നന്നായേനെ.

'ഇസ്‌ലാമില്‍ മക്ക അത് മക്കക്കാരുടെ മാത്രം മാതൃഭൂമിയല്ല, വന്നുചേരുന്ന എല്ലാവരുടെയും മാതൃഭൂമിയാണ്' എന്ന് എഴുതിയ ലേഖകന്‍ അതേ ലേഖനത്തിന്റെ ഒടുവില്‍ പറയുന്നത് ഇപ്രകാരമാണ്: ''സാംസ്‌കാരികമായ വീട്ടിലേക്ക് മടങ്ങല്‍ ആഹ്വാനത്തിനെതിരെ കാലങ്ങളായി സംസാരിച്ചുകൊണ്ടിരിക്കുന്ന സ്ഥല സ്തംഭങ്ങളാണ് മക്കയും മദീനയും.''

വിശ്വാസികളെ സംബന്ധിച്ചേടത്തോളം അവരുടെ സാംസ്‌കാരികമായ രണ്ട് ഗേഹങ്ങളാണല്ലോ മക്കയും മദീനയും. വീണ്ടും വീണ്ടും ഇവിടങ്ങളിലേക്ക് തിരിച്ചുവരണമെന്നും സന്ദര്‍ഭം ഒത്തുവരുമ്പോഴെല്ലാം ഇവിടെ സന്ദര്‍ശിച്ചുകൊണ്ടിരിക്കണമെന്നും ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന വിശ്വാസികളുടെ സാംസ്‌കാരിക ഗേഹങ്ങള്‍ ഇതു രണ്ടുമല്ലെങ്കില്‍ പിന്നെ വേറെ ഏതാണ്?


എന്‍.കെ ഹുസൈന്‍ കുന്ദമംഗലം

 

ജാതിയുടെ ക്രൂരതയും 
ദലിത് പീഡനവും

 

രാം പുനിയാനി എഴുതിയ  'ജാതീയതയുടെ പരിണാമവും സമകാലിക ഇന്ത്യന്‍ രാഷ്ട്രീയവും' (ആഗസ്റ്റ് 19) എന്ന കവര്‍‌സ്റ്റോറി വായിച്ചു. ഗുജറാത്തിലെ ഉന താലൂക്കില്‍ ചത്ത പശുവിന്റെ തോലുരിഞ്ഞതിന്  ദലിത് കുടുംബങ്ങളെ 'ഗോരക്ഷകര്‍' ക്രൂരമായി മര്‍ദിച്ചത് ഞെട്ടലുണ്ടാക്കുന്നതാണ്. അടുത്തകാലത്തൊന്നും ഇത്ര വലിയ പ്രതികരണമുണ്ടാക്കിയ ദലിത് പീഡനം ഇന്ത്യയില്‍ നടന്നിട്ടില്ലെന്ന് തോന്നുന്നു. നേരത്തേ ഈ രീതിയിലുള്ള അക്രമങ്ങള്‍ മുസ്‌ലിംകള്‍ക്ക് നേരെയായിരുന്നു കൂടുതല്‍. ഇപ്പോള്‍ അത് ദലിതര്‍ക്ക് നേരെയും തിരിഞ്ഞിരിക്കുന്നു. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് മധ്യപ്രദേശിലെ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് നിരപരാധികളായ രണ്ട് മുസ്‌ലിം യുവതികളെ പശുവിറച്ചി കൈയില്‍ വെച്ചു എന്നു പറഞ്ഞ് മര്‍ദിച്ചവശരാക്കി. സിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പശുവിന്‍തോലാണ് ദലിതര്‍ ഉരിഞ്ഞതെങ്കിലും ദലിതരെ ഒരു കാരണവും കൂടാതെ മരത്തോട് ചേര്‍ത്തുകെട്ടി പോലീസ് സ്‌റ്റേഷന് മുന്നില്‍വെച്ച് വസ്ത്രമുരിഞ്ഞത് നമ്മുടെ രാജ്യത്തിന് തന്നെ അപമാനമാണ്. ഗാന്ധിജി ജനിച്ച നാടാണ് ഗുജറാത്ത്. ഗതികെട്ട് ദലിതര്‍ വന്‍ പ്രക്ഷോഭങ്ങള്‍ ഗുജറാത്തില്‍ നടത്തുകയാണിപ്പോള്‍. ഇന്ത്യന്‍ ജനസംഖ്യയുടെ 25 ശതമാനം ദലിതര്‍ ഉണ്ടെങ്കിലും അവരിലെ 90 ശതമാനവും പട്ടിണി പാവങ്ങള്‍ ആയതിനാല്‍ ഭരണത്തില്‍ അവരുടെ പങ്കാളിത്തം വളരെ കുറവാണ്. 


ആര്‍. ദിലീപ്, മുതുകുളം, കായംകുളം

 

വെറുപ്പിന്റെ ഭാരം

 

ഏതെങ്കിലും ജനതയോടുള്ള വെറുപ്പ് നഷ്ടം വരുത്തിവെക്കുന്നത് വെറുക്കപ്പെടുന്നവര്‍ക്കു മാത്രമല്ല വെറുക്കുന്നവര്‍ക്കു കൂടിയാണ്. വെറുക്കുന്നവന്റെ ഭാരവും വെറുക്കപ്പെടുന്നവന്റെ ഭാരവും രാജ്യം പരിഹരിക്കേണ്ട പൊതുവായ പ്രശ്‌നമാണ്. ഭരണകൂടത്തിന്റെ നിസ്സംഗത അവസാനിപ്പിക്കണം. സാമ്രാജ്യത്വം വിതച്ച വിത്താണ്, വെറുപ്പിന്റെ വൃക്ഷമായി രാജ്യത്ത് പടര്‍ന്നുപന്തലിച്ചത്. ജമാഅത്തെ ഇസ്‌ലാമി മുന്‍കൈയെടുത്ത് നടത്തുന്ന 'സമാധാനം, മാനവികത' ദേശീയ കാമ്പയിന്‍ വെറുപ്പില്‍നിന്ന് എല്ലാ മനുഷ്യരെയും രക്ഷിക്കാനാണ് ശ്രമിക്കുന്നത്.


പി.വി മുഹമ്മദ്, ഈസ്റ്റ് മലയമ്മ

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 2-3
എ.വൈ.ആര്‍