Prabodhanm Weekly

Pages

Search

2016 സെപ്റ്റംബര്‍ 30

2969

1437 ദുല്‍ഹജ്ജ് 28

ആയുധ ഇടപാടും ഇ്രസേയലിെന്റ 'സുരക്ഷ'യും

ബറാക് ഒബാമ വൈറ്റ് ഹൗസിന്റെ പടിയിറങ്ങാന്‍ നാലു മാസം മാത്രം ശേഷിക്കെയാണ്, അമേരിക്ക അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആയുധ ഇടപാട് ഇസ്രയേലുമായി ഉറപ്പിച്ചത്. പത്തുവര്‍ഷ കാലയളവില്‍ അമേരിക്ക 38 ബില്യന്‍ ഡോളറിന്റെ ആയുധ സഹായം ഇസ്രയേലിന് നല്‍കുമെന്നാണ് കരാര്‍. പത്ത് മാസമായി ഇതു സംബന്ധമായ ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. ഇക്കാലയളവില്‍ വര്‍ഷം തോറും ഇസ്രയേലിന് 3.8 ബില്യന്‍ ഡോളറിന്റെ ആയുധങ്ങള്‍ ലഭിക്കും. അമേരിക്ക നേരത്തേ തന്നെ ഓരോ വര്‍ഷവും 3.1 ബില്യന്‍ ഡോളറിന്റെ ആയുധസഹായം നല്‍കുന്നുണ്ട്. അമേരിക്ക പശ്ചിമേഷ്യന്‍ വിഷയങ്ങളില്‍ ഇന്നുവരെ തുടര്‍ന്നുവരുന്ന ഇരട്ടത്താപ്പും കാപട്യവും മുന്നില്‍വെച്ച് ചിന്തിച്ചാല്‍ ഇതിലൊന്നും യാതൊരു അത്ഭുതവുമില്ല. ഇസ്രയേലിന് ആയുധങ്ങള്‍ വാരിക്കോരി കൊടുക്കുക മാത്രമല്ല, മറ്റുള്ളവരുടെ മെക്കിട്ട് കയറുകയും ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനോടൊപ്പം ചേര്‍ന്ന് പച്ചക്കള്ളങ്ങള്‍ തട്ടിവിടുകയും ചെയ്യുന്നുണ്ട് ഒബാമ. എന്നിട്ടും ഈ അവിശുദ്ധ ബാന്ധവത്തെ നിശിതമായി വിചാരണ ചെയ്യാനോ അതിന്റെ ഉള്ളുകള്ളികള്‍ പുറത്തുകൊണ്ടുവരാനോ മുഖ്യധാരാ മാധ്യമങ്ങളൊന്നും തയാറല്ല. 

ഏറ്റവും കൂടുതല്‍ ആളോഹരി വരുമാനമുള്ള 20 രാഷ്ട്രങ്ങളിലൊന്നായ ഇസ്രയേലിന് എന്തുകൊണ്ടാണ് അമേരിക്ക ഓരോ പതിറ്റാണ്ടിലും ഇത്രയധികം സൈനിക സഹായം നല്‍കുന്നത്? ശീതയുദ്ധകാലത്ത് അതിന് കൃത്യമായ ഉത്തരമുണ്ടായിരുന്നു. സോവിയറ്റ് യൂനിയനെയും അതിന്റെ ഉപഗ്രഹങ്ങളായ മധ്യപൗരസ്ത്യ ദേശത്തെ ചില രാഷ്ട്രങ്ങളെയും നേരിടാന്‍ മേഖലയില്‍ അമേരിക്കക്ക് ഇസ്രയേലിനെപ്പോലെ മറ്റൊരു സുഹൃത്തിനെ കിട്ടാനില്ല. ഈ കാലയളവില്‍ (1949-1996) ഇസ്രയേലിന് അമേരിക്ക നല്‍കിയത് 62.5 ബില്യന്‍ ഡോളറാണ്. ഇതേ കാലയളവില്‍ ആഫ്രിക്ക, ലാറ്റിനമേരിക്ക, കരീബിയ തുടങ്ങിയ മേഖലകളിലെ രാഷ്ട്രങ്ങള്‍ക്ക് ലഭിച്ച മൊത്തം സഹായം 62.4 ബില്യന്‍ മാത്രമായിരുന്നു എന്നോര്‍ക്കണം. ശീതസമരം കഴിഞ്ഞതോടെ ഇസ്രയേലിന്റെ ഈ തന്ത്രപ്രാധാന്യവും ഇല്ലാതായി. എന്നാല്‍ അമേരിക്കന്‍ സഹായത്തിന് വല്ല കുറവുമുണ്ടോ? അതൊട്ടില്ല താനും. ഈ പണവും ആയുധങ്ങളും ഉപയോഗിച്ചാണ് ഇസ്രയേല്‍ അറബ് ഭൂപ്രദേശങ്ങള്‍ കൈയേറിയത്. ഇസ്രയേലിന്റെ വലുപ്പത്തേക്കാള്‍ മൂന്നിരട്ടി വരും അത് അധിനിവേശം നടത്തിയ അറബ് ഭൂപ്രദേശങ്ങള്‍. എന്നാല്‍, അമേരിക്കയും അതിനെ താങ്ങുന്ന മീഡിയയും വായിട്ടലക്കുന്നതോ, 'ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍' എന്നും! 'അപകടകരമായ അയല്‍പക്കത്ത്' ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കാനാണ് പുതിയ ആയുധക്കരാറെന്ന് ഒബാമ പറഞ്ഞിട്ടുണ്ടല്ലോ. മേഖലയിലെ തെമ്മാടി രാഷ്ട്രത്തെ വെള്ളപൂശുക മാത്രമല്ല, മുഴുവന്‍ അറബ്-മുസ്‌ലിം രാഷ്ട്രങ്ങളെയും ഒരു കാരണവുമില്ലാതെ അപകടകാരികളായി മുദ്രകുത്തുകയുമാണ് ഒബാമ.

ഇസ്രയേലിനെതിരെ എന്ത് പുതിയ ഭീഷണിയാണ് അടുത്ത കാലത്ത് ഉയര്‍ന്നുവന്നിട്ടുള്ളത്? ഉണ്ടായിരുന്നതായി പറയപ്പെടുന്ന ഭീഷണികളും ഇല്ലാതാവുകയല്ലേ ചെയ്തത്? ഇറാന്‍ ആണവായുധമുണ്ടാക്കുന്നു എന്നായിരുന്നു ഇസ്രയേലിന്റെ മുഖ്യ ആരോപണം. ഇറാനെ ആണവകരാറില്‍ ഒപ്പുവെപ്പിച്ചതിലൂടെ, ആ അധ്യായം അടച്ചുകളയുകയല്ലേ അമേരിക്ക ചെയ്തത്. പിന്നെയൊരു ഭീഷണിയായി പറയാമായിരുന്ന ഐ.എസ് ഇപ്പോള്‍ സകല പ്രദേശങ്ങളില്‍നിന്നും തുരത്തപ്പെടുകയാണ്. ഐ.എസ് ആകട്ടെ അതിന്റെ 'പ്രതാപ' കാലത്തും ഇസ്രയേലിനെ ഒരു നിലക്കും ഭീഷണിപ്പെടുത്തിയിട്ടില്ല. ഒരു ഇസ്രയേലീ പൗരനെ പോലും ഐ.എസ് ഉന്നം വെച്ചിട്ടില്ല. ഐ.എസ് മേധാവി അബൂബക്കര്‍ ബഗ്ദാദി ഇസ്രയേലിനെതിരെ ഒരക്ഷരം ഉരിയാടിയത് നാം കേട്ടിട്ടുമില്ല. ഇസ്രയേല്‍ മുന്‍കാലങ്ങളില്‍ ഭീഷണിയായി കണ്ടിരുന്ന ഇറാഖും സിറിയയും ആഭ്യന്തരമായി ശിഥിലമായിക്കഴിഞ്ഞു. ചുരുക്കത്തില്‍ ഇസ്രയേലിന്റെ സുരക്ഷ ഉറപ്പായ ഇതുപോലുള്ള ഒരു ഘട്ടം അതിന്റെ ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടുണ്ടാവില്ല. അപ്പോള്‍ പിന്നെ ഒബാമ ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഈ 'സുരക്ഷ' എന്താണ്? കൈയേറിയ അറബ് ഭൂപ്രദേശങ്ങളില്‍ ജൂതകുടിയേറ്റം ത്വരിതപ്പെടുത്താന്‍ തന്നെയാണ് അമേരിക്ക ഇപ്പോള്‍ സഹായങ്ങള്‍ വെച്ചുനീട്ടുന്നത്.

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഈ ആയുധ ഇടപാടിന് മാധ്യമങ്ങളുടെ വക വേറെയും ന്യായീകരണങ്ങളും വിശദീകരണങ്ങളുമുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഒബാമയും ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവും എന്നും ഉടക്കിലായിരുന്നു. ഒബാമക്കെതിരെ അമേരിക്കന്‍ കോണ്‍ഗ്രസ്സിലും മറ്റും പരസ്യമായി പ്രചാരണം വരെ നടത്തിയിട്ടുണ്ട് നെതന്യാഹു. ഇതു കാരണം, താന്‍ വേണ്ടപോലെ ഇസ്രയേലിനെ പിന്തുണക്കുന്നില്ല എന്ന ധാരണ പരന്നതായി ഒബാമക്ക് 'കുറ്റബോധം' തോന്നി പോലും. അതിനുള്ള പ്രായശ്ചിത്തമാണത്രെ ഈ ആയുധക്കരാര്‍. 'മാറ്റത്തിനു വേണ്ടി' ഒബാമയെ പിന്തുണച്ചവര്‍ക്ക് വിരല്‍ കടിച്ചുകൊണ്ടേയിരിക്കാം. ഹിലരി വന്നാലും ട്രംപ് വന്നാലും ഇതിലൊന്നും ഒരു മാറ്റവും വരാന്‍ പോകുന്നില്ല. ആ തിരിച്ചറിവുണ്ടാവുകയാണ് പ്രധാനം. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 2-3
എ.വൈ.ആര്‍