Prabodhanm Weekly

Pages

Search

2016 സെപ്റ്റംബര്‍ 30

2969

1437 ദുല്‍ഹജ്ജ് 28

ഈച്ചയുടെ ശൈലിയോ എലിയുടെ രീതിയോ?

ജാസിമുല്‍ മുത്വവ്വ

തടസ്സങ്ങളുണ്ടാവുമ്പോള്‍ അവ തട്ടിമാറ്റാനും അവയെ മറികടക്കാനും എലിയില്‍നിന്ന്, വ്യത്യസ്തമായ രീതിയാണ് ഈച്ചക്കുള്ളത്. ഈച്ച ഒരു വാഹനത്തിലോ മുറിയിലോ അകപ്പെട്ടിന്നിരിക്കട്ടെ, പുറത്തുകടക്കാന്‍ ഒരേ രീതി തന്നെ പലതവണ ആവര്‍ത്തിക്കും; ഒരേ രീതിയും ഒരേ ശ്രമവും തന്നെ. ഓരോ തവണയും വാഹനത്തിന്റെ ചില്ലിലോ മുറിയുടെ ചുമരിലോ ചെന്നിടിച്ച് ഒടുവില്‍ അതിന്റെ കഥ കഴിയുന്നതും ഈ ഇടിയുടെ ആഘാതത്താലായിരിക്കും. ഈച്ച അതിന്റെ രീതി മാറ്റി, പുറത്തു പോകാന്‍ ഇടമോ വലമോ പിറകിലോ നോക്കി പുതിയ ഒരു വഴി കണ്ടുപിടിക്കുകയോ തുറന്നുവെച്ച ഏതെങ്കിലും ഒരു വാതിലില്‍ കൂടി പുറത്തുകടക്കാന്‍ യത്‌നിക്കുകയോ ചെയ്തിരുന്നെങ്കില്‍ അനായാസം അതിന് വെളിയിലേക്ക് പറന്നുപോവാമായിരുന്നു. പ്രശ്‌നപരിഹാരത്തിനുള്ള ഈച്ചയുടെ ശൈലിയാണിത്. 

എന്നാല്‍ എലിക്ക് തീര്‍ത്തും ഭിന്നവും വ്യത്യസ്തവുമായ രീതിയും ശൈലിയുമാണുള്ളത്. അടുക്കളയില്‍ സൂക്ഷിച്ചുവെച്ച വെണ്ണക്കട്ടി മണത്താല്‍ അത് കൈക്കലാക്കാനുള്ള ശ്രമം തുടങ്ങുകയായി എലി. വെണ്ണ വായിലാക്കാനുള്ള ഒരു ശ്രമം പരാജയപ്പെട്ടാല്‍ അത് മറ്റൊരു രീതി സ്വീകരിക്കും. ആ ശ്രമവും തോല്‍വിയില്‍ കലാശിച്ചാല്‍ മറ്റൊരു ശ്രമം തുടങ്ങിവെക്കും. പല ശ്രമങ്ങളും നടത്തി ഒടുവില്‍ അത് വെണ്ണ വായിലാക്കും. ഇത് സൂചിപ്പിക്കുന്നത് എലിക്ക് ചിന്തയില്‍ വൈവിധ്യമുണ്ട്, തീരുമാനമെടുത്ത് ഉടനെ രീതിമാറ്റാനുള്ള വൈദഗ്ധ്യവും സന്നദ്ധതയുമുണ്ട് എന്ന സത്യമാണ്. താന്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവ മറികടക്കാനും ഈച്ച ഒരേയൊരു വഴി മാത്രമേ കാണുന്നുള്ളൂ. പ്രശ്‌നപരിഹാരപ്രക്രിയയിലെ ഈ സമീപനരീതിയാണ് എലിയെ ഈച്ചയേക്കാള്‍ സ്വീകാര്യമാക്കുന്ന ഘടകം. 

ഈ രണ്ട് രീതികളിലെയും വ്യത്യസ്തത മനസ്സിലാക്കി നാം ആലോചിക്കണം, പ്രശ്‌നപരിഹാരത്തിന് നാം ഏത് രീതിയാണ് തെരഞ്ഞെടുക്കുന്നത്; ഈച്ചയുടെ രീതിയോ എലിയുടെ രീതിയോ? പ്രാണികളെയും പറവകളെയും ജന്തുക്കളെയുമെല്ലാം അല്ലാഹു ഈ ഭൂലോകത്ത് സൃഷ്ടിച്ചത് അവയുടെ ജീവിതരീതികളില്‍നിന്ന് നമുക്ക് പാഠമുള്‍ക്കൊള്ളാന്‍ കൂടിയാണ്. ആദം സന്തതികളുടെ കഥയില്‍ സഹോദരന്റെ മൃതശരീരം മറമാടേണ്ട രീതി ഖാബീല്‍ പഠിച്ചത് കാക്കയില്‍നിന്നായിരുന്നുവല്ലോ. 

കൗമാരത്തിലെത്തിയ മകനെ കുറിച്ച് പരാതിയുമായി നിരന്തരം എന്നെ സമീപിച്ചുകൊണ്ടിരുന്ന പിതാവിന്റെ കഥ പറയാനാണ് ഞാന്‍ ആമുഖം നല്‍കിയത്. ''തുടരെത്തുടരെ ഉപദേശിച്ചിട്ടും മകന്‍ മാറിയില്ല, സ്വഭാവത്തില്‍ മാറ്റമൊന്നും വന്നില്ല''-പിതാവ്. അയാളെക്കുറിച്ച് ഭാര്യയുടെ പരാതി: ''അദ്ദേഹത്തില്‍ കുറെ ദുഷിച്ച ശീലങ്ങളുണ്ട്. അവ മാറ്റിയെടുക്കാന്‍ ഞാന്‍ ആവത് പരിശ്രമിച്ചു. ഒരു പ്രയോജനവുമില്ല. ഞാന്‍ നിരാശപ്പെട്ടിരിക്കുകയാണ്.'' ഈ കേസില്‍ ഈ ദമ്പതികളോട് ഞാന്‍ സംസാരിച്ചത് 'എലിശൈലി'യെ കുറിച്ചാണ്. ഉപദേശത്തിന്റെ രീതിയൊന്ന് മാറ്റിപ്പിടിക്കാനും പ്രശ്‌നപരിഹാരത്തിന് പുതിയ വഴികള്‍ തേടാനും ഞാന്‍ അവരോട് നിര്‍ദേശിച്ചു. ആദ്യമാദ്യം പുതിയ രീതിയുടെ ഫലപ്രാപ്തിയെക്കുറിച്ച് അവര്‍ക്ക് സംശയമുണ്ടായിരുന്നെങ്കിലും ശൈലി മാറിയപ്പോള്‍ മകനിലും ഭര്‍ത്താവിലും ഉണ്ടായ മാറ്റം നിരീക്ഷിച്ചപ്പോള്‍ അവര്‍ ആശ്ചര്യപ്പെട്ടുപോയി. പ്രശ്‌നം പൂര്‍ണമായി പരിഹരിക്കപ്പെട്ടു എന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. എങ്കിലും ജീവിതത്തില്‍ ഈ പ്രശ്‌നത്തിന്റെ പ്രഹരശേഷി കുറച്ചുകൊണ്ടുവരാന്‍ പുതിയ ശൈലി ഉപകരിച്ചു എന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും. 

പ്രശ്‌നപരിഹാരത്തിന് എലിയുടെ ശൈലീവൈവിധ്യം സ്വീകരിക്കുന്നതുകൊണ്ട് നിരവധി പ്രയോജനങ്ങളുണ്ട്. പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോഴുള്ള അന്തഃസംഘര്‍ഷവും പിരിമുറുക്കവും കുറയും. മറ്റുള്ളവരുമായുള്ള ബന്ധങ്ങള്‍ നന്നായതായും മെച്ചപ്പെട്ടതായും അയാള്‍ക്ക് അനുഭവപ്പെടും. താന്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ രചനാത്മകമായി സമീപിക്കാനും ഓരോന്നിലും കുടികൊള്ളുന്ന ഗുണവശങ്ങള്‍ കണ്ടെത്താനും അയാള്‍ക്ക് സാധിക്കും. ചെറിയ അധ്വാനം കൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ അയാള്‍ക്കാവും. വ്യക്തിപരമായി വളരെ സംതൃപ്തിയുണ്ടാവും. ഏത് പ്രശ്‌നങ്ങളും പരിഹരിക്കാന്‍ തനിക്കാവുമെന്ന ആത്മവിശ്വാസം വളരുകയും ഏതവസ്ഥയെയും നിയന്ത്രണവിധേയമാക്കാനുള്ള ശേഷി തനിക്കുണ്ടെന്ന ധൈര്യം ഉണ്ടാവുകയും ചെയ്യുന്നു എന്നുള്ളതാണ് മാനസിക സംതൃപ്തി അനുഭവിക്കുമ്പോള്‍ ഒരാളില്‍ സംഭവിക്കുന്നത്. ഈ മനോഭാവം അയാളെ ശുഭവിശ്വാസിയാക്കിത്തീര്‍ക്കും. ഭാവിയെ കുറിച്ച പ്രതീക്ഷകള്‍ അയാളുടെ ഹൃദയത്തില്‍ നാമ്പെടുക്കും. ഏത് ഘട്ടവും ക്ഷമാപൂര്‍വം തരണം ചെയ്യാനുള്ള ത്രാണിയുണ്ടാവും. 

ജീവിതത്തില്‍ വന്നുഭവിക്കുന്ന സംഭവവികാസങ്ങളോട് അയവുള്ള വിശാല സമീപനം സ്വീകരിക്കുന്നവനാണ് ഭാഗ്യവാന്‍. കുടുംബസംബന്ധമോ അല്ലാത്തതോ ആയ ഏത് പ്രശ്‌നമാവട്ടെ നാം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ വിജയകരമായി അഭിമുഖീകരിക്കാന്‍ മൂന്ന് അടിസ്ഥാനങ്ങളാണുള്ളത്. വിശ്വാസത്തിന്റെ കരുത്ത്, വിശാലതയും അയവുമുള്ള സമീപനം, ക്ഷമ. ഈ അടിസ്ഥാനങ്ങളില്‍ ഊന്നിയാണ് നബി (സ) ഏത് സാഹചര്യങ്ങളെയും പ്രശ്‌നങ്ങളെയും നേരിട്ടത്. സമൂഹവുമായി ഇടപെടുമ്പോള്‍ ഉളവാകുന്ന പ്രശ്‌നങ്ങളെയും നേരിട്ടത് ഇതേ അടിസ്ഥാനങ്ങളില്‍ നിലയുറപ്പിച്ചുതന്നെ. ഹുദൈബിയാ സന്ധിയുടെ കാര്യത്തിലും ചെലവിന് ചോദിച്ചുവന്ന ഭാര്യമാരെ കൈകാര്യം ചെയ്ത വിഷയത്തിലും കപടവിശ്വാസികളോടു സ്വീകരിച്ച സമീപനത്തിലും പള്ളിയില്‍ മൂത്രമൊഴിച്ച വ്യക്തിയോട് ഇടപെട്ട രീതിയിലും കാണാം നബി(സ)യുടെ രീതിശാസ്ത്രം വിജയം കൈവരിച്ചതിന് തെളിവുകള്‍. നബി(സ)യുടെ ഏറ്റവും മികച്ച സ്വഭാവ മഹിമ പത്‌നി ആഇശ (റ) നിരീക്ഷിക്കുന്നു: ''ഒരു പ്രശ്‌നത്തില്‍ രണ്ട് തീരുമാന വഴികള്‍ നബിയുടെ മുമ്പില്‍ തെളിഞ്ഞുവന്നാല്‍ അതില്‍ ഏറ്റവും ലളിതവും എളുപ്പവുമുള്ള വഴിയാണ് നബി തെരഞ്ഞെടുക്കുക. അത് കുറ്റകരമാവരുതെന്ന് മാത്രം. കുറ്റകരമാണ് ആ വഴിയെന്ന് കണ്ടാല്‍ അതില്‍നിന്ന് ഏറെ അകലം പാലിക്കുന്നവനും വേറെയുണ്ടാവില്ല.'' 

ഹിജാബ് ധരിക്കുകയും പിന്നീടത്  ഒഴിവാക്കുകയും ചെയ്ത തന്റെ ഭാര്യയെ കൈകാര്യം ചെയ്ത ഒരു ഭര്‍ത്താവിന്റെ വൈദഗ്ധ്യം ഞാന്‍ ഇടക്കിടെ ഓര്‍ത്തുപോവും. അയാള്‍ അവളോട് വളരെ അയവുള്ള സമീപനമാണ് സ്വീകരിച്ചത്. രണ്ട് വര്‍ഷം അയാള്‍ കാത്തുനിന്നു. അവള്‍ വീണ്ടും സ്വമേധയാ ഹിജാബ് ധരിച്ചുതുടങ്ങി. മറ്റൊരു സ്ത്രീയുടെ കഥയും ഞാനോര്‍ക്കും. അവളുടെ ഭര്‍ത്താവ് മദ്യപിക്കുമായിരുന്നു. അവള്‍ വളരെ വിവേകത്തോടും സാമര്‍ഥ്യത്തോടും കൂടിയാണ് അയാളെ കൈകാര്യം ചെയ്തത്. അഞ്ച് വര്‍ഷം അവള്‍ ക്ഷമിച്ചു കഴിച്ചുകൂട്ടി. ഒടുവില്‍ അയാള്‍ കുടി നിര്‍ത്തി. .  

വിവ: പി.കെ ജമാല്‍ 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 2-3
എ.വൈ.ആര്‍