Prabodhanm Weekly

Pages

Search

2016 സെപ്റ്റംബര്‍ 30

2969

1437 ദുല്‍ഹജ്ജ് 28

മുഹമ്മദലി ക്ലേയും ന്യൂയോര്‍ക്കിലെ പള്ളിയും

അബ്ദുസ്സമദ് കോടൂര്‍

സംഭവം നടന്നത് ന്യൂയോര്‍ക്കില്‍. അറേബ്യന്‍ വംശജനായ ഒരു പാവം മുസ്‌ലിം യുവാവ് അവിടെ ജോലി നോക്കിയിരുന്നു. ജീവിതം കഷ്ടിച്ച് മുന്നോട്ടു കൊണ്ടുപോകാനുള്ള സമ്പാദ്യമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. താമസിക്കുന്നതിന്റെ സമീപത്തൊന്നും പള്ളിയില്ലാത്തതിനാല്‍ ഒരു പള്ളി നിര്‍മിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. തന്റെ സ്‌നേഹിതന്മാരോടും അയല്‍വാസികളോടും മറ്റു മുസ്‌ലിംകളോടും ഈ വിഷയം ചര്‍ച്ചചെയ്തു. പരസ്പര സഹകരണത്തോടെ എങ്ങനെയെങ്കിലും പള്ളി നിര്‍മാണത്തിനാവശ്യമായ പണം സമാഹരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ സമാഹരിച്ച സംഖ്യ കൊണ്ട് പള്ളി നിര്‍മിക്കാനായി ഒരു തുണ്ട് ഭൂമി വാങ്ങി. നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകള്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ഓഫീസില്‍ ചെന്ന് ശരിയാക്കേണ്ടതുണ്ട്. അതൊരു നീണ്ട പ്രക്രിയയായിരുന്നു. എങ്കിലും അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഒടുവില്‍ അതും സാധിച്ചു. തുടര്‍ന്ന് വേറെയും പ്രതിബന്ധങ്ങള്‍. മുനിസിപ്പല്‍ കൗണ്‍സില്‍ നിര്‍ണയിച്ചുതന്ന സമയപരിധിയില്‍തന്നെ നിര്‍മാണം പൂര്‍ത്തിയാക്കണം എന്നതാണ് നിയമം. സാമ്പത്തിക സഹായത്തിനായി അമേരിക്കയിലും പുറത്തുമുള്ള പല ചാരിറ്റി സംവിധാനങ്ങളെയും അവര്‍ സമീപിച്ചു. തരക്കേടില്ലാത്ത ഒരു സംഖ്യ സമാഹരിച്ചു. നിര്‍മാണവും തുടങ്ങി. ജോലിയുടെ വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയായെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം നിര്‍മാണം പാതിവഴിയില്‍ നിലച്ചു. ധനസമാഹരണത്തിനു വീണ്ടും വീണ്ടും ശ്രമം നടന്നെങ്കിലും നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള ഫണ്ട് കണ്ടെത്താനായില്ല. ജോലിയങ്ങനെ ഇഴഞ്ഞുനീങ്ങി. ജോലി പൂര്‍ത്തിയാക്കാന്‍ നിര്‍ണയിച്ച സമയം തീര്‍ന്നു. ഒരുനാള്‍ മുനിസിപ്പല്‍ കൗണ്‍സിലിന്റെ മുന്നറിയിപ്പ്: ''എത്രയും വേഗം പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ നല്‍കിയ പെര്‍മിറ്റ് പിന്‍വലിക്കും. ഇതുവരെ നിര്‍മിച്ചതൊക്കെ പൊളിച്ചുനീക്കുകയും ചെയ്യും.'' ഇത് മുനിസിപ്പല്‍ കൗണ്‍സിലിന്റെ നിയമാവലിയില്‍ ഉള്ളതാണ്. ചോദ്യം ചെയ്യാനാവില്ല. പിന്നീട് അവസാന മുന്നറിയിപ്പും വന്നു. പൊളിച്ചുമാറ്റുന്ന ദിവസവും സമയവും അതില്‍ രേഖപ്പെടുത്തിയിരുന്നു. മുനിസിപ്പല്‍ കൗണ്‍സിലിലെ 13 അംഗങ്ങളും അതില്‍ ഒപ്പുവെച്ചിരുന്നു. 13 അംഗങ്ങളില്‍ 11 ജൂതന്മാരും 2 ക്രിസ്ത്യാനികളുമാണുള്ളത്. നിര്‍ണിത തീയതികളുടെ മൂന്ന് ദിവസം മുമ്പുതന്നെ പൊളിക്കാനുള്ള യന്ത്രസാമഗ്രികള്‍ വന്നുതുടങ്ങി. എല്ലാം സജ്ജമായിക്കൊണ്ടിരുന്നു. 

ഈ സംരംഭത്തിന് തുടക്കം കുറിച്ച പാവം യുവാവ് മുനിസിപ്പല്‍ കൗണ്‍സിലില്‍ ചെന്ന് അല്‍പം കൂടി സമയം നീട്ടിനല്‍കണമെന്ന് കേണപേക്ഷിച്ചു. കൗണ്‍സിലര്‍മാര്‍ പറഞ്ഞു: ''കൗണ്‍സിലിന്റെ നിയമം നടപ്പാക്കുന്നതില്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാനാകില്ല.'' ആ പാവം ദുഃഖിതനായി മടങ്ങി. ലോകം തന്റെ മുമ്പില്‍ ഇരുളുന്നതായി അനുഭവപ്പെട്ടു. കവിളിലൂടെ കണ്ണീര്‍ ചാലിട്ടൊഴുകി. താമസസ്ഥലത്തു ചെന്ന് സകലതും അല്ലാഹുവില്‍ അര്‍പ്പിച്ച് അവന്റെ തീരുമാനം കാത്തിരുന്നു. 

യാദൃഛികമായി ടി.വിയില്‍ ഒരു പ്രോഗ്രാം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടു. ആ പ്രോഗ്രാം ലോക ബോക്‌സിംഗ് ചാമ്പ്യന്‍ മുഹമ്മദലി ക്ലേയുടേതായിരുന്നു. പ്രേക്ഷകര്‍ ഫോണിലൂടെ അദ്ദേഹവുമായി സംവദിക്കുന്നു-തങ്ങളുടെ പ്രശ്‌നങ്ങള്‍ പറയുന്നു. സാധ്യമാകുന്ന വിധത്തില്‍ അദ്ദേഹം സഹായം വാഗ്ദാനം ചെയ്യുന്നു. അദ്ദേഹത്തിന്റെ മനസ്സില്‍ ആഹ്ലാദത്തിന്റെ കൊള്ളിയാന്‍ മിന്നി. പിന്നെയൊന്നും അദ്ദേഹം ചിന്തിച്ചില്ല. ഫോണെടുത്ത് അദ്ദേഹം മുഹമ്മദലി ക്ലേയെ വിളിച്ചു. അദ്ദേഹത്തോട് സംസാരിച്ചു. കാര്യം വിശദീകരിച്ചുകൊണ്ട് സഹായം ആവശ്യപ്പെട്ടു. അദ്ദേഹം ഇത്രയും കൂടി പറഞ്ഞു: ''ഞാന്‍ താങ്കളോട് ആവശ്യപ്പെടുന്നത് അസംഭവ്യമായ കാര്യമാണെന്ന് എനിക്കറിയാം. താങ്കള്‍ പളളി നിര്‍മാണത്തിനാവശ്യമായ മുഴുവന്‍ പണവും തന്നാലും ഒരു ദിവസം കൊണ്ട് ഒന്നും ചെയ്യാന്‍ സാധിക്കില്ലല്ലോ. കാരണം പള്ളി പൊളിക്കുന്നത് മറ്റന്നാള്‍ രാവിലെ 8 മണിക്കാണ്.'' മുഹമ്മദലി ക്ലേ പറഞ്ഞു: ''കാര്യം എനിക്ക് വിട്ടുതരിക. നമുക്കല്ലാഹുവില്‍ ഭരമേല്‍പ്പിക്കാം. എന്താണ് നമുക്ക് ചെയ്യാനാവുക എന്ന് നോക്കാം. ഞാന്‍ നാളെ രാവിലെ മുനിസിപ്പല്‍ കൗണ്‍സിലില്‍ നേരിട്ടുപോയി അവരോട് സംസാരിക്കാം.'' 

അദ്ദേഹം ഫോണ്‍ താഴെ വെച്ചു. ദുഃഖത്തിന് കാര്യമായ ശമനമൊന്നും ഉണ്ടായില്ല. കാരണം, നിയമം മറികടന്ന് ഒന്നും ചെയ്യാനാവില്ല എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. 

അടുത്ത ദിവസം ധാരാളം പത്രക്കാരും ചാനലുകാരും നിര്‍മാണത്തിലിരിക്കുന്ന പള്ളിപരിസരത്ത് തടിച്ചുകൂടി. അവര്‍ ലോകചാമ്പ്യന്‍ മുഹമ്മദലി ക്ലേയും മുനിസിപ്പില്‍ കൗണ്‍സില്‍ അംഗങ്ങളും തമ്മിലുള്ള സംസാരം കവര്‍ ചെയ്യാന്‍ വന്നിരിക്കുകയാണ്. പ്രദേശവാസികളും കൂട്ടത്തിലുണ്ട്. മുഹമ്മദലി ക്ലേ സ്ഥലത്തെത്തി. അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് ജനങ്ങളെ അഭിവാദ്യം ചെയ്തു. പിന്നെ മുനിസിപ്പല്‍ ഓഫീസിലേക്ക് കയറിപ്പോയി. മിനിറ്റുകള്‍ക്കു ശേഷം ക്ലേ കൗണ്‍സില്‍ ചെയര്‍മാനോടൊപ്പം പുറത്തേക്കു വന്നു. അവര്‍ക്കു പിറകെ മുഴുവന്‍ കൗണ്‍സിലര്‍മാരും ഉണ്ടായിരുന്നു. ക്ലേ ജനങ്ങളെ അഭിവാദ്യം ചെയ്ത ശേഷം പറഞ്ഞു: ''മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാര്‍ നിങ്ങളോടു സംസാരിക്കും.'' എന്നിട്ട് മൈക്ക് കൈമാറി. ചെയര്‍മാന്‍ പറഞ്ഞു: ''പള്ളി പൊളിക്കാനുള്ള തീരുമാനം കൗണ്‍സില്‍ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. പള്ളിയുടെ നിര്‍മാണച്ചെലവ് കൗണ്‍സില്‍ തന്നെ ഏറ്റെടുത്തിരിക്കുന്നു.'' 

നിശബ്ദ അന്തരീക്ഷം തക്ബീര്‍ധ്വനികളാല്‍ മുഖരിതമായി. ജനങ്ങള്‍ ആഹ്ലാദം മറച്ചുവെച്ചില്ല. ന്യൂയോര്‍ക്കിന്റെ ചരിത്രത്തില്‍തന്നെ അത്ഭുതകരമായ സംഭവം. 

ക്ലേയുമായി സംസാരിച്ച അറബ് വംശജന് താന്‍ കേള്‍ക്കുന്നത് വിശ്വസിക്കാനായില്ല. ഹൃദയം നിലച്ചുപോകുമോ എന്നുപോലും തോന്നി. സന്തോഷത്താല്‍ കണ്ണുകള്‍ നിറഞ്ഞൊഴുകി. തക്ബീര്‍ മുഴക്കി അല്ലാഹുവിന്റെ ഔദാര്യത്തിന് നന്ദി പ്രകാശിപ്പിച്ച് അദ്ദേഹം സുജൂദില്‍ വീണു. 

പിന്നീട് ഈ സഹോദരന്‍ മുഹമ്മദലി ക്ലേയെ കാണാന്‍ പോയി. നന്ദി പറയാനും, എങ്ങനെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത് എന്നു തിരക്കാനും. 

മുഹമ്മദലി പറഞ്ഞു: ''തുടക്കം മുതലേ കാര്യങ്ങള്‍ പന്തിയല്ല എന്നെനിക്ക് മനസ്സിലായി. മുനിസിപ്പല്‍ കൗണ്‍സിലില്‍ ഒറ്റ മുസ്‌ലിമും ഇല്ല. മാത്രമല്ല, നിയമം അവര്‍ക്ക് അനുകൂലവും. അതിനാല്‍ ഞാന്‍ അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ അവരോട് സംസാരിച്ചു. ഞാനവരോട് പറഞ്ഞു: 'നിങ്ങള്‍ നിയമം കൃത്യമായി നടപ്പിലാക്കുന്നു എന്നതിന് ഞാന്‍ നിങ്ങളോട് നന്ദി പറയുന്നു. കാരണം അതിനാണല്ലോ നിങ്ങളെ ഞങ്ങള്‍ തെരഞ്ഞെടുത്തത്. പക്ഷേ, ഇന്ന സ്ഥലത്തുള്ള (പേരു പറഞ്ഞു കൊടുത്തു) തിയേറ്ററിന്റെ കാര്യത്തില്‍ നിങ്ങള്‍ എന്തുകൊണ്ട് നിയമം നടപ്പിലാക്കുന്നില്ല? അവിടെ ജോലി നിര്‍ത്തിയിട്ട് ഒരു വര്‍ഷമായല്ലോ.  ഇന്ന സ്ഥലത്ത് നിര്‍മിക്കുന്ന ക്രിസ്ത്യന്‍ പള്ളിയുടെ സ്ഥിതിയെന്താണ്? അവിടെ ജോലി നിന്നിട്ട് രണ്ടു വര്‍ഷമായല്ലോ. ഇന്ന സ്ട്രീറ്റിലെ നൈറ്റ് ക്ലബ്-ഒന്നര വര്‍ഷമായല്ലോ നിര്‍മാണം നിന്നുപോയിട്ട്? എന്തുകൊണ്ട് അവിടെയൊന്നും നിങ്ങള്‍ നിയമം നടപ്പിലാക്കുന്നില്ല? ഇത് മുസ്‌ലിംകളുടെ പള്ളിയായതുകൊണ്ടാണോ? നിങ്ങള്‍ പള്ളി പൊളിച്ചാല്‍ ഞാന്‍ എന്റെ ലൈവ് ഷോ പ്രോഗ്രാമില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ നിങ്ങളെ തെരഞ്ഞെടുക്കരുതെന്ന് കറുത്ത വര്‍ഗക്കാരോട് നേരിട്ടുതന്നെ ആവശ്യപ്പെടും.' ഇതും പറഞ്ഞ് പോകാനായി ഞാന്‍ എഴുന്നേറ്റു. അവരെന്നെ പിടിച്ചുനിര്‍ത്തി എന്നെ ആശ്ലേഷിച്ചു ചുംബിച്ചു. എന്നിട്ടു പറഞ്ഞു: 'താങ്കള്‍ സമാധാനമായിരിക്കൂ. താങ്കളെ തൃപ്തിപ്പെടുത്തുന്നതേ ഞങ്ങള്‍ ചെയ്യൂ.' പിന്നെ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എന്നെയും കൂട്ടി പുറത്തുവന്നു. തുടര്‍ന്നുള്ള പ്രഖ്യാപനം നിങ്ങള്‍ കേട്ടല്ലോ. ഇത് അല്ലാഹുവിന്റെ ഔദാര്യമാണ്. അവന്‍ ഉദ്ദേശിച്ചവര്‍ക്ക് അവന്‍ നല്‍കുന്നു.'' 

അങ്ങനെ പള്ളിയുടെ പണി പുര്‍ത്തിയായി. ആ പള്ളിക്ക് 'മസ്ജിദ് ഫാറൂഖ് ഉമര്‍' എന്നു പേരിട്ടു. ആ പള്ളി ഇന്നും ന്യൂയോര്‍ക്കിലുണ്ട്. 

 

(ബഗ്ദാദിലെ മാഹിര്‍ അല്‍ ഹാശിമി തന്റെ ഫേസ്ബുക് പേജില്‍ ഉദ്ധരിച്ചതാണ് ഈ സംഭവം) 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 2-3
എ.വൈ.ആര്‍