അധ്യാപകര്‍ സ്വപ്‌നം നല്‍കുന്നവരാകണം
എന്തു വിജ്ഞാനവും ഇന്റര്‍നെറ്റില്‍ പരതിയെടുക്കാവുന്ന കാലത്ത് അധ്യാപകര്‍ വിദ്യാര്‍ഥികളെ സ്വപ്‌നം കാണാന്‍ പഠിപ്പിക്കണമെന്നും, അവര്‍ക്ക് വലിയ ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കാനുള്ള പ്രചോദനം നല്‍കണമെന്നും സയ്യിദ് സആദത്തുല്ല ഹുസൈനി. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വൈസ് പ്രസിഡന്റായ സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മവാര്‍ഷികത്തില്‍ MANUU എജുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വ്യത്യസ്ത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍നിന്ന് ഇന്ന് വിജ്ഞാനം നേടാം. വിദ്യാര്‍ഥികള്‍ക്കത് സ്വയം കണ്ടെത്താവുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ അധ്യാപകര്‍ അവരുടെ പാരമ്പര്യരീതികളില്‍നിന്ന് മാറേണ്ടിയിരിക്കുന്നു. വിദ്യാര്‍ഥികളെ ഉയരങ്ങള്‍ സ്വപ്‌നം കാണാനാണ് ശീലിപ്പിക്കേണ്ടത്. അദ്ദേഹം തുടര്‍ന്നു. MANUU വൈസ് ചാന്‍സ്‌ലര്‍ ഡോ. മുഹമ്മദ് അസ്‌ലം പര്‍വേസ് അധ്യക്ഷനായിരുന്നു. ഡോ. ശക്കീല്‍ അഹ്മദ്, പ്രഫ. ഫാത്വിമ ബീഗം, പ്രഫ. സിദ്ദീഖി മുഹമ്മദ് മഹ്മൂദ് സംസാരിച്ചു. ഡോ. അത്താര്‍ ഹുസൈന്‍ നന്ദി പറഞ്ഞു.
നമ്മളൊരു ജീവനില്ലാത്ത സമൂഹമാണ്
നിര്‍ഭാഗ്യവശാല്‍ നമ്മളൊരു ജീവനില്ലാത്ത സമൂഹമാണെന്ന് മുന്‍ തെഹല്‍ക ജേര്‍ണലിസ്റ്റ് റാന അയ്യൂബ്. ഗുജറാത്ത് ഫയല്‍സ് എന്ന പുസ്തകത്തെ പറ്റി അലിഗഢ് യൂനിവേഴ്‌സിറ്റിയില്‍ നടന്ന ചര്‍ച്ചാസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇങ്ങനെയൊരു പുസ്തകം രൂപപ്പെട്ട വഴികളും അനുഭവങ്ങളും അവര്‍ പങ്കുവെച്ചു. മൈഥിലി ത്യാഗി എന്ന പേരില്‍ അമേരിക്കയില്‍നിന്നുള്ള ഫിലിം മേക്കറായി തെറ്റിദ്ധരിപ്പിച്ചായിരുന്നു ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചതെന്നും അവര്‍ തുടര്‍ന്നു.അലിഗഢ് ലിറ്റററി ക്ലബ് ആണ് ചര്‍ച്ച സംഘടിപ്പിച്ചത്.
Comments