പലിശയും മുറാബഹയും
പലിശക്കും പലിശസഹിത ബാങ്കിംഗ് രീതികള്‍ക്കും പകരമായി ഇസ്‌ലാമിക ബാങ്കിംഗിനെ ഉയര്‍ത്തിക്കാണിക്കുമ്പോള്‍ ഒരു വിഭാഗം ആളുകള്‍ ഉയര്‍ത്തുന്ന വാദമാണ്, ഇസ്‌ലാമിക് ബാങ്കിംഗ് പലിശാധിഷ്ഠിത ബാങ്കിംഗില്‍നിന്ന് പേരിനു മാത്രമേ വ്യത്യാസപ്പെടുന്നുള്ളു എന്നത്. ചില അറബി സംജ്ഞകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പാണ് ഇസ്‌ലാമിക് ബാങ്കിംഗ് എന്നും അവര്‍ക്ക് അഭിപ്രായമുണ്ട്. ഇതിന് പ്രധാനമായും അവര്‍ ആയുധമാക്കുന്നത്, ഇസ്‌ലാമിക് ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും പ്രയോഗത്തിലുള്ള 'മുറാബഹ' എന്ന സംവിധാനമാണ്. തല്‍പര കക്ഷികളും വിഷയം നന്നായി മനസ്സിലാക്കാത്തവരും ഒരുപോലെ ഈ വാദം ഏറ്റുപിടിക്കാറുണ്ട്. ഇസ്‌ലാമിക് ബാങ്കിംഗിന്റെ മുറാബഹയും പരമ്പരാഗത ബാങ്കുകള്‍ ഉപഭോഗാവശ്യത്തിന് നല്‍കുന്ന വായ്പയും തമ്മില്‍ പ്രത്യക്ഷത്തില്‍ കാണുന്ന സാമ്യതകളാവാം ഇതിനു കാരണം. ഉദാഹരണമായി, മുറാബഹയിലൂടെ വാഹനം സ്വന്തമാക്കുന്നതും പലിശാധിഷ്ഠിതമായി വായ്പയിലൂടെ വാഹനം സ്വന്തമാക്കുന്നതും തമ്മില്‍ ഒരു സാധാരണക്കാരന് രണ്ടു സ്ഥാപനങ്ങളുടെയും നിരക്കുകളില്‍ മാത്രമേ വ്യത്യാസം അനുഭവപ്പെടുകയുള്ളൂ. അതിനാല്‍തന്നെ വളരെയധികം തെറ്റിദ്ധരിക്കപ്പട്ടിട്ടുണ്ട് മുറാബഹ. ഇസ്‌ലാമിക സാമ്പത്തിക സംരംഭങ്ങളുടെ വിമര്‍ശകര്‍ക്ക് അത് വലിയ ആയുധമാവുകയും ചെയ്തിട്ടുണ്ട്. മുറാബഹ എന്താണെന്ന് കൃത്യമായി മനസ്സിലാക്കാത്തതുകൊണ്ട് സംഭവിക്കുന്നതാണിത്.
'മുറാബഹ' ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ ഒരു പ്രത്യേകതരം കച്ചവടത്തെ കുറിക്കുന്ന പദമാണ്. ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ 'ബൈഉ മുറാബഹ' എന്നാണ് പ്രയോഗം. ബൈഅ് എന്നാല്‍ കച്ചവടം. മുറാബഹ എന്ന പദം രിബ്ഹ് (ലാഭം) എന്ന പദത്തില്‍നിന്നുള്ളതാണ്. അപ്പോള്‍ ബൈഉ മുറാബഹ എന്നാല്‍ ലാഭം നിര്‍ണയിക്കപ്പെട്ട കച്ചവടം. അതായത്, വില്‍ക്കുന്നവനും വാങ്ങുന്നവനും ഉഭയസമ്മതത്തോടുകൂടി ഒരു ലാഭം നിര്‍ണയിക്കുകയും വസ്തുവിന്റെ വിലയെ കുറിച്ചും അതിന്മേലുള്ള ലാഭത്തെക്കുറിച്ചും ഇരുവര്‍ക്കും അറിവുണ്ടാവുകയും ചെയ്യുന്ന കച്ചവടം.
മുറാബഹ കച്ചവട ഉടമ്പടിയാണ്; ഒരാള്‍ക്ക് പണം ലഭ്യമാകുന്ന രീതിയോ (Financing)ഒരു വായ്പാ ഉടമ്പടിയോ (Loan Agreement) അല്ല. മുറാബഹ ഉടമ്പടിയിലെ മുഖ്യഘടകം വില്‍പനക്കാരന്‍ അയാളുടെ ചെലവ് വ്യക്തമാക്കുകയും അതിന്മേല്‍ ലാഭം നിര്‍ണയിക്കുകയും ചെയ്യുന്നു എന്നതാണ്. ലാഭം തുകയായോ ചെലവിന്റെ ശതമാനമായോ നിര്‍ണയിക്കപ്പെടുന്നു.
മുറാബഹയില്‍ വില ഒടുക്കുന്നത് റൊക്കമായാണ്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള അവധി നിര്‍ണയിച്ചുകൊണ്ട് വില ഒടുക്കുന്നതിനെ 'ബയ്അ് മുഅജ്ജല്‍' എന്നു പറയുന്നു. അപ്പോള്‍ ഒരു കച്ചവടത്തില്‍ ലാഭം വ്യക്തമാക്കപ്പെടുകയും വില ഒടുക്കുന്നതിന് അവധി നിര്‍ണയിക്കുകുയും ചെയ്താല്‍ ആ കച്ചവടം ഒരേസമയം ബയ്അ് മുറാബഹയും ബയ്അ് മുഅജ്ജലുമാകുന്നു. അതിനാല്‍ ഇസ്‌ലാമിക വാണിജ്യ നിയമങ്ങളില്‍ വേണ്ടത്ര അന്വേഷണം നടത്താത്തവരും മുറാബഹയെ ഇസ്‌ലാമിക് ബാങ്കിംഗിലെ ഒരു ഉപകരണമായി മാത്രം അറിഞ്ഞിട്ടുള്ളവരും കരുതുന്നതുപോലെ മുറാബഹ അനിവാര്യമായും ഒരു അവധി വ്യാപാരമല്ല. മുറാബഹ അതിന്റെ യഥാര്‍ഥ ഫിഖ്ഹീ നിര്‍വചനത്തില്‍ ഒരു കച്ചവടം മാത്രമാണ്. മറ്റു കച്ചവടങ്ങളില്‍നിന്ന് അതിനെ വ്യതിരിക്തമാക്കുന്ന ഘടകം, വില്‍ക്കുന്നവന്‍ വസ്തു വാങ്ങുന്നതിന് തന്റെ ചെലവ് വ്യക്തമാക്കുകയും അതിന്മേല്‍ താനെത്ര ലാഭമെടുക്കുന്നുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട് എന്നതാണ്. ചെലവും ലാഭവും വ്യക്തമാക്കാതെ വസ്തുവിന്റെ വില്‍പന വില മാത്രം വ്യക്തമാക്കിക്കൊണ്ട് നടക്കുന്ന സാധാരണ ഗതിയിലുള്ള കച്ചവടത്തെ 'ബയ്അ് മുസാവമ' എന്നാണ് പറയുക.
മുറാബഹ എന്ന ഈ ലളിതമായ കച്ചവടത്തെ മറ്റു ചില വ്യവസ്ഥകള്‍ കൂടി ചേര്‍ത്ത് ഇസ്‌ലാമിക് ബാങ്കിംഗില്‍ ഒരു സാമ്പത്തിക ഉപകരണം (Mode of Financing/ Financial Instrument) ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിന്റെ മതപരമായ സാധുത നിലനില്‍ക്കുന്നത് ചില അനിവാര്യമായ നിബന്ധനകള്‍ പൂര്‍ത്തീകരിക്കുമ്പോഴാണ്. മുറാബഹ ഒരു കച്ചവടമായതിനാല്‍, കച്ചവടം പൂര്‍ണവും അംഗീകൃതവുമാകുന്നതിനു വേണ്ട നിബന്ധനകള്‍ മുറാബഹയിലും പൂര്‍ത്തീകരിക്കപ്പെടണം. മുറാബഹ ഉടമ്പടികള്‍ക്ക് ബാധകമാകുന്ന പ്രത്യേക നിയമങ്ങള്‍, മുറാബഹ ഉടമ്പടി പ്രാവര്‍ത്തികമാക്കേണ്ടതിന്റെ ശരിയായ രീതി എന്നിവ മനസ്സിലാക്കുകയും വേണം.
കച്ചവടത്തിന്റെ അടിസ്ഥാന നിയമങ്ങള്‍
മൂല്യവത്തായ ഒരു വസ്തു മൂല്യവത്തായ മറ്റൊരു വസ്തുവുമായി ഉഭയകക്ഷി സമ്മതത്തോടെ നടക്കുന്ന കൈമാറ്റം എന്നാണ് ഇസ്‌ലാമില്‍ കച്ചവടത്തിന്റെ നിര്‍വചനം. കര്‍മശാസ്ത്രകാരന്മാര്‍, ഒട്ടനവധി വാള്യങ്ങളുള്ള നിരവധി ഗ്രന്ഥങ്ങള്‍ ഇവ്വിഷയകമായി രചിച്ചിട്ടുണ്ടണ്ട്. ഇതില്‍ മുറാബഹ എന്ന ഉടമ്പടിയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ മാത്രമാണ് ഇവിടെ സംക്ഷിപ്തമായി വിവരിക്കുന്നത്:
ഒന്ന്: കച്ചവട വസ്തു, കച്ചവടസമയത്ത് നിലവിലുള്ള ഒന്നായിരിക്കണം. നിലവിലില്ലാത്ത വസ്തു കച്ചവടം ചെയ്യാവതല്ല. അത് ഉഭയകക്ഷികളുടെ സമ്മതപ്രകാരമാണെങ്കിലും സാധുവാകില്ല. ഉദാ: പശുവിന്റെ ഉദരത്തിലുള്ള കിടാവിനെ കച്ചവടം ചെയ്യുക. ഈ കച്ചവടത്തിനു സാധുതയില്ല.
രണ്ട്: വില്‍പന വസ്തു, വില്‍പനസമയത്ത് വില്‍പനക്കാരന്റെ ഉടമസ്ഥതയിലുള്ളതായിരിക്കുക. ഉടമസ്ഥതയിലില്ലാത്തതിന്റെ കച്ചവടം സാധുവല്ല. ഒരു വസ്തുവിന്റെ ഉടമസ്ഥത കൈവരുന്നതിനു മുമ്പ് നടത്തുന്ന കച്ചവടം സാധുവല്ല. ഉദാ: അ എന്നൊരാള്‍ ആ എന്നൊരാള്‍ക്ക് ഇ എന്നൊരാളുടെ ഉടമസ്ഥതയിലുള്ള വാഹനം വില്‍പന നടത്തുന്നു. ഇ യില്‍നിന്ന് വാഹനം വാങ്ങി ആ ക്ക് നല്‍കാന്‍ കഴിയും എന്ന വിശ്വാസത്തിലാണ് അ ഈ കച്ചവടത്തിലേര്‍പ്പെടുന്നത്. ഈ കച്ചവടം സാധുവല്ല. കാരണം വില്‍പനസമയത്ത് വാഹനം അ -യുടെ ഉടമസ്ഥതയിലുണ്ടായിരുന്നില്ല.
മൂന്ന്: വില്‍പന വസ്തു വില്‍പനസമയത്ത് വില്‍പനക്കാരന്റെ അധീനതയിലുണ്ടായിരിക്കുക. അധീനത (ജീലൈശൈീി) എന്നത് യഥാര്‍ഥമോ (ഹഖീഖി) നിയമപരമോ (ഹുക്മി) ആകാം. ഹുക്മി ആയ അധീനത എന്നാല്‍ ഒരു വസ്തു ഭൗതികമായി ഒരാളുടെ അധീനതയില്‍ ഇല്ലെങ്കിലും വാങ്ങുന്നവന് വസ്തു ഏല്‍പിച്ചുകൊടുക്കാന്‍ വേണ്ട നിയന്ത്രണം വസ്തുവിന്മേല്‍ വില്‍പനക്കാരനുണ്ടാവുക. വസ്തുവും വസ്തുവുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങളും ബാധ്യതകളും, വസ്തു ഭാഗികമായോ പൂര്‍ണമായോ നശിച്ചുപോകുന്ന ഒരു സാഹചര്യത്തില്‍ അതിന്റെ നഷ്ട സാധ്യതയും വില്‍പനക്കാരനിലേക്ക് വന്നുചേര്‍ന്നിരിക്കണം.
ഉദാ: 1) A ഒരു വാഹനം B യില്‍നിന്ന് വാങ്ങുന്നു. B വാഹനം A ക്കോ അയാളുടെ പ്രതിനിധിക്കോ ഏല്‍പിച്ചുകൊടുത്തിട്ടില്ല. ഈ അവസ്ഥയില്‍ അ ക്ക് ആ വാഹനം ഇ ക്ക് വില്‍പന നടത്താന്‍ പറ്റുകയില്ല. വാഹനം സ്വന്തമായോ ഒരു പ്രതിനിധി മുഖേനയോ കൈപറ്റുന്നതിനു മുമ്പ് അതിന്റെ കച്ചവടം അയാള്‍ നടത്തുകയാണെങ്കില്‍ ആ കച്ചവടത്തിന് സാധുതയില്ല.
2) A ഒരു വാഹനം ആ യില്‍നിന്ന് വാങ്ങുന്നു. ഈ വാഹനം A ക്ക് പ്രവേശാനുമതിയുള്ള ഒരു സ്ഥലത്ത് നിര്‍ത്തുകയും വാഹനം അവിടെനിന്ന് ഏതു സമയത്തു വേണമെങ്കിലും എടുത്തുകൊള്ളാന്‍ അനുമതി നല്‍കുകയും ചെയ്തിരിക്കുന്നു. ഇവിടെ വാഹനത്തിന്റെ ഉടമാവകാശവും അവകാശ ബോധ്യതകളും (Risk of Ownership and Possession) A യിലേക്ക് വന്നുചേര്‍ന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ വാഹനം അ യുടെ ഹുക്മി (നിയമപരമായി) അധീനതയിലാണുള്ളത്. ഈ നിലയില്‍ A വാഹനം C ക്ക് വില്‍ക്കുകയാണെങ്കില്‍ കച്ചവടം സാധുവാകും. പ്രസ്തുത സ്ഥലത്തുനിന്നും അ വാഹനം തന്റെ ഉടമസ്ഥതിലുള്ള ഒരു സ്ഥലത്ത് കൊണ്ടുവന്നുനിര്‍ത്തണമെന്ന് നിര്‍ബന്ധമില്ല.
നാല്: കച്ചവടം ഉടനെ നിലവില്‍വരുന്നതും പൂര്‍ണവുമായിരിക്കുക. ഒരു ഭാവി തീയതിയുമായി ബന്ധപ്പെട്ടുള്ളതും ഭാവിയില്‍ സംഭവിക്കാവുന്ന കാര്യവുമായി ബന്ധപ്പെടുത്തിയിട്ടുള്ളതുമായ കച്ചവടം സാധുവല്ല. സാധുവാകുന്ന കച്ചവടം കക്ഷികള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഭാവി തീയതിയിലോ ഭാവിയില്‍ ഉദ്ദേശിക്കപ്പെട്ടിട്ടുള്ള കാര്യം സംഭവിക്കുമ്പോഴോ കച്ചവടത്തിന്റെ നിബന്ധനകളെല്ലാം പൂര്‍ത്തീകരിച്ച് കച്ചവടത്തിലേര്‍പ്പെടേണ്ടതാണ്. ഉദാ: 1) A എന്ന വ്യക്തി B എന്ന വ്യക്തിയോട് പറയുന്നു:X എന്ന പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ എന്റെ വാഹനം നിങ്ങള്‍ക്ക് വിറ്റതായി പരിഗണിക്കുക. ഈ കച്ചവടവും സാധുവല്ല. കാരണം ഇവിടെ കച്ചവട വാഗ്ദത്തം ഭാവിയില്‍ സംഭവിക്കാനിടയുള്ള ഒരു കാര്യത്തിനു മേലാണ് സാധുവാകുന്നത്.
അഞ്ച്: കച്ചവട വസ്തു മൂല്യമുള്ള ഒന്നായിരിക്കുക.
ആറ്: കച്ചവട വസ്തു നിഷിദ്ധമായ കാര്യങ്ങള്‍ക്കു മാത്രം ഉപയുക്തമാകുന്നവ ആവാതിരിക്കുക. ഉദാ: മദ്യം, പന്നിമാംസം.
ഏഴ്: കച്ചവട വസ്തു വാങ്ങുന്നവന് തിരിച്ചറിയാന്‍ കഴിയുന്നതായിരിക്കണം. കച്ചവട വസ്തു അതിന്റെ പ്രകൃതമനുസരിച്ച് പ്രത്യേകമായി വേര്‍തിരിച്ചറിയാന്‍ കഴിയുന്നതോ, അതിന്റെ ഗുണഗണങ്ങളും സ്വഭാവങ്ങളും വിവരിക്കുന്നതിലൂടെ പ്രത്യേകമായി മനസ്സിലാക്കാന്‍ കഴിയുന്നതോ ആയിരിക്കണം. ഉദാ: ഒരേ മാതൃകയില്‍ നിര്‍മിക്കപ്പെട്ട അപ്പാര്‍ട്ട്‌മെന്റുകളടങ്ങിയ ഒരു കെട്ടിടമുണ്ടെന്നു കരുതുക. കെട്ടിടത്തിന്റെ ഉടമസ്ഥനായ A എന്ന വ്യക്തി B യോട് പറയുന്നു: ഈ അപ്പാര്‍ട്ട്‌മെന്റുകളിലൊന്ന് ഞാന്‍ നിങ്ങള്‍ക്ക് വിറ്റിരിക്കുന്നു. വില്‍പനക്ക് ഉദ്ദേശിക്കപ്പെട്ടിട്ടുള്ള അപ്പാര്‍ട്ട്‌മെന്റ് പ്രത്യേകമായി നിര്‍ണയിക്കുകയും വാങ്ങുന്നവന് അത് വേര്‍തിരിച്ചു ബോധ്യപ്പെടുകയും ചെയ്യാതെ കച്ചവടം സാധുവാകുകയില്ല.
എട്ട്: വാങ്ങിയവന് വില്‍പന വസ്തു കൈവശപ്പെടുത്താന്‍ കഴിയുന്ന കാര്യത്തില്‍ ഉറപ്പുണ്ടായിരിക്കുക. അത് മറ്റേതെങ്കിലുമൊരു കാര്യത്തെ ആശ്രയിച്ചിരിക്കുന്നതോ അനിശ്ചിതമോ ആവാതിരിക്കുക. ഉദാ: A എന്ന വ്യക്തി തന്റെ കളവു പോയ വാഹനം B എന്നൊരാള്‍ക്ക് വില്‍ക്കുന്നു. B എന്ന വ്യക്തി A ക്ക് തനിക്ക് വാഹനം ഏല്‍പിച്ചുതരാന്‍ കഴിയും എന്ന വിശ്വാസത്തില്‍ വാങ്ങുന്നു. പ്രസ്തുത കച്ചവടം അസാധുവാണ്.
ഒമ്പത്: വിലയുടെ നിര്‍ണിത സ്വഭാവം കച്ചവടത്തിന്റെ സാധുതക്ക് അനിവാര്യമാണ്. വിലയിലെ അനിശ്ചിതത്വം കച്ചവടത്തെ അസാധുവാക്കും. ഉദാ: A എന്ന വ്യക്തി ആ യോട് പറയുന്നു: നിങ്ങള്‍ ഒരു മാസത്തിനകം വില നല്‍കുകയാണെങ്കില്‍ 50 രൂപ നല്‍കിയാല്‍ മതി. രണ്ടു മാസത്തിനു ശേഷമാണെങ്കില്‍ 55 രൂപയായിരിക്കും വില. ഈ കച്ചവടം അസാധുവാണ്. കച്ചവടം സാധുവാകുന്നതിന് ഇരുകൂട്ടരും കച്ചവട സമയത്ത് രണ്ടിലൊരു വില അംഗീകരിക്കണം.
പത്ത്: കച്ചവടം നിബന്ധനകളില്ലാത്തതായിരിക്കണം. നിബന്ധനകള്‍ക്ക് വിധേയമായ കച്ചവടം സാധുവല്ല. ക്രയവിക്രയത്തിന്റെ തന്നെ ഭാഗമായി സാധാരണ അംഗീകരിക്കപ്പെടുന്ന നിബന്ധനകള്‍ ഇതില്‍നിന്ന് ഒഴിവാണ് (ഉര്‍ഫ്).
ഉദാ: 1) A എന്ന വ്യക്തി ആ യില്‍നിന്ന് ഒരു കാര്‍ വാങ്ങുന്നു. A യുടെ മകനെ, ആ തന്റെ സ്ഥാപനത്തില്‍ ചേര്‍ക്കണമെന്ന നിബന്ധനയോടുകൂടിയാണ് കച്ചവടം നടക്കുന്നത്. ഇത് നിബന്ധനയോടു കൂടിയ കച്ചവടമായതിനാല്‍ ഈ കച്ചവടം അസാധുവാണ്.
2)B യില്‍നിന്ന് A ഒരു റഫ്രിജറേറ്റര്‍ വാങ്ങുന്നു. B റഫ്രിജറേറ്ററിന്റെ സര്‍വീസ് 2 വര്‍ഷത്തേക്ക് സൗജന്യമായി നല്‍കണം എന്ന നിബന്ധനയോടു കൂടിയാണ് കച്ചവടം നടക്കുന്നത്. ഈ നിബന്ധന ക്രയവിക്രയത്തിന്റെ തന്നെ ഭാഗമായതിനാല്‍ ഈ കച്ചവടം സാധുവും നിയമവിധേയവുമാണ്.
മുറാബഹ
1. 'മുറാബഹ'യും പ്രത്യേക രീതിയിലുള്ള കച്ചവട ഉടമ്പടിയാണ്. ഈ കച്ചവടത്തില്‍, വില്‍പനക്കാരന്‍ ഒരു വസ്തു തനിക്ക് ഉടമസ്ഥതയില്‍ ലഭിക്കുന്നതിന് ഒടുക്കേണ്ടിവന്നിട്ടുള്ള ചെലവ് വ്യക്തമാക്കുകയും അതിന്മേല്‍ താനുദ്ദേശിക്കുന്ന ലാഭം പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ട് മറ്റൊരാള്‍ക്ക് കച്ചവടം നടത്തുന്നു.
2. മുറാബഹയില്‍ വില്‍പനക്കാരനും വാങ്ങുന്നവനും കൂടിയാലോചിച്ച് പരസ്പര സമ്മതത്തോടെ ലാഭം നിര്‍ണയിക്കാവുന്നതാണ്. ഈ ലാഭം ഒരു തുകയായോ വില്‍പനക്കാരന് വന്നിട്ടുള്ള ചെലവിന്റെ ശതമാനമായോ നിര്‍ണയിക്കാവുന്നതുമാണ്.
3. വില്‍പനക്കാരന്‍ വസ്തുവിന്റെ വിലയ്ക്കു പുറമേ വസ്തു ഉടമപ്പെടുത്തുന്നതിനും കൈവശപ്പെടുത്തുന്നതിനും ഒടുക്കിയിട്ടുള്ള മറ്റു ചെലവുകളായ ഗതാഗത ചെലവുകള്‍, കസ്റ്റംസ് തീരുവ തുടങ്ങിയവയും വിലയില്‍ ഉള്‍പ്പെടുത്തി, അതിന്മേല്‍ ലാഭം നിര്‍ണയിക്കാവുന്നതാണ്. എന്നാല്‍ വ്യാപാരത്തിലെ ആവര്‍ത്തിച്ചുവരുന്ന ചെലവുകളായ ഉദ്യോഗസ്ഥരുടെ വേതനം, കെട്ടിടത്തിനും മറ്റും നല്‍കുന്ന വാടക എന്നിവ മുറാബഹ ഉടമ്പടിയില്‍ ഉള്‍പ്പെടുത്താവതല്ല. ഇത് കച്ചവടത്തിലെ ലാഭത്തില്‍നിന്ന് കൊടുത്തു വീട്ടേണ്ട ചെലവുകളാണ്.
4. കച്ചവടം ചെയ്യപ്പെടുന്ന വസ്തു ഉടമപ്പെടുത്തുന്നതിന് വന്നിട്ടുള്ള ചെലവ് കൃത്യമായി നിര്‍ണയിക്കാന്‍ കഴിയുന്ന സന്ദര്‍ഭത്തില്‍ മാത്രമേ മുറാബഹ ഉടമ്പടി സാധുവാകുകയുള്ളൂ. അതിന് സാധിക്കാത്ത പക്ഷം മുറാബഹ ഉടമ്പടിയിലൂടെ ആ വസ്തു കച്ചവടം ചെയ്യാവതല്ല. അത്തരം സന്ദര്‍ഭങ്ങളില്‍ കച്ചവടം നടത്തേണ്ടത് 'മുസാവമ' ഉടമ്പടിയിലൂടെയാണ് (വില്‍പനക്കാരനും വാങ്ങുന്നവനും പരസ്പരം വിലപേശി നടത്തുന്ന കച്ചവടം-Bargain Sale). . മുസാവമയില്‍ കച്ചവടത്തിന്റെ ഉടമ്പടി പൂര്‍ത്തീകരിക്കപ്പെടുന്ന പ്രക്രിയയില്‍ ചെലവിനെക്കുറിച്ചോ ചെലവിനു മുകളിലുളള ലാഭത്തെക്കുറിച്ചോ ഉള്ള ചര്‍ച്ചകള്‍ ഇല്ലാതെ വസ്തുവിന്റെ വില ഒരു തുകയായി നിജപ്പെടുത്തുകയും ഈ തുകയില്‍ ഇരുകക്ഷികളും യോജിപ്പിലെത്തുകയും ചെയ്യുന്ന പക്ഷം കച്ചവടം നടത്തുകയും ചെയ്യുന്നു.
ഉദാ: 1) A നൂറു രൂപക്ക് ഒരു ജോഡി ഷൂസുകള്‍ വാങ്ങുന്നു. അയാള്‍ അത് മുറാബഹയില്‍ 10% ലാഭം എടുത്തുകൊണ്ട് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നു. ഇവിടെ ഷൂസുകളുടെ വില കൃത്യമാണ്. അയാള്‍ അത് അത്തരത്തില്‍ വില്‍ക്കുന്ന പക്ഷം കച്ചവടം സാധുവാണ്.
2) A ഒരു റെഡിമെയ്ഡ് സ്യൂട്ടും ഒരു ജോഡി ഷൂസുകളും 500 രൂപക്ക് ഒന്നിച്ചു വാങ്ങുന്നു.A ക്ക് ഈ വസ്തുക്കള്‍ അതേപടി മുറാബഹയില്‍ വില്‍ക്കാവുന്നതാണ്. എന്നാല്‍, അയാള്‍ക്ക് ഷൂസുകളോ സ്യൂട്ടോ വ്യതിരിക്തമായി മുറാബഹയില്‍ വില്‍ക്കാവതല്ല. കാരണം, ഇവയുടെ വ്യതിരിക്തമായ വിലകളെക്കുറിച്ച് അറിവില്ല. ഇവയിലേതെങ്കിലും വ്യതിരിക്തമായി വില്‍ക്കാന്‍ അയാളുദ്ദേശിക്കുന്ന പക്ഷം അവയുടെ ചെലവിലേക്കോ അതിന്മേലുള്ള ലാഭത്തിലേക്കോ യാതൊരു സൂചനയുമില്ലാതെ അവയുടെ വിലയായ ഒരു തുക പറഞ്ഞുകൊണ്ട് വില്‍പന നടത്താവുന്നതാണ്.
മുറാബഹ സാമ്പത്തിക ഉപകരണം (Financial Instrument) എന്ന നിലയില്‍
അടിസ്ഥാനപരമായി മുറാബഹ ഒരു പ്രത്യേക രൂപത്തിലുള്ള കച്ചവടമാണ്; ഒരു സാമ്പത്തിക ഉപകരണമോ വായ്പാ ഉപകരണമോ അല്ല. ആനുകാലിക സാമ്പത്തിക ക്രമത്തില്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും മുറാബഹയെ വായ്പാ ഉപകരണമോ സാമ്പത്തിക ഉപകരണമോ ആയി ഉപയോഗപ്പെടുത്തുന്ന പക്ഷം അത് അനുവദനീയം തന്നെയാണ്. എന്നാല്‍ മുറാബഹ ഒരു കച്ചവട ഉടമ്പടിയായി മാത്രം ഉപയോഗിക്കപ്പെടുന്നതില്‍നിന്നും വിഭിന്നമായി ചില അധിക നിബന്ധനകള്‍ ഇത്തരം സാഹചര്യങ്ങളില്‍ ബാധകമാവുന്നതാണ്.
ഇവിടെ ഒരു കാര്യം അടിവരയിട്ട് മനസ്സിലാക്കേണ്ടതുണ്ട്. ബാങ്കുകളുടെ വായ്പാ ഇടപാടിലെ (Debt Contract/ Loan Contract) പലിശ (Interest) എന്ന പദത്തിനു പകരം ലാഭം (Profit) എന്നോ വിലയിന്മേലുള്ള അധികം(Cost Plus)എന്നോ ഉടമ്പടികളില്‍ മാറ്റിയെഴുതുന്നതുകൊണ്ട് മുറാബഹ സാധുവാകുന്നില്ല.
1. മുറാബഹ പലിശയിന്മേല്‍ നല്‍കപ്പെടുന്ന വായ്പ അല്ല. വിലയ്ക്കു മുകളിലുള്ള ലാഭം വെളിപ്പെടുത്തിക്കൊണ്ട് നടത്തപ്പെടുന്ന ഒരു വസ്തുവിന്റെ /ചരക്കിന്റെ കച്ചവടമാണ് മുറാബഹ. മുറാബഹയില്‍ വില റൊക്കമായോ അവധിയായോ അവധിയില്‍ തന്നെ തവണകളായോ ഒടുക്കാവുന്നതാണ.്
2. കച്ചവടമായതിനാലും ഒരു വായ്പാ ഉപകരണമല്ലാത്തതിനാലും മുറാബഹ സാമ്പത്തിക ഉപകരണമായി ഉപയോഗപ്പെടുത്തുമ്പോഴും കച്ചവടത്തിന്റെ എല്ലാ നിബന്ധനകളും പൂര്‍ത്തീകരിക്കേണ്ടതാണ്.
3. അറിയപ്പെടുന്നതും നിജപ്പെടുത്തപ്പെടുന്നതും വെളിവാക്കപ്പെടുന്നതുമായ ഒരു വസ്തു ഉപഭോക്താവിന് ആവശ്യമായി വരുന്ന പക്ഷം മാത്രമേ മുറാബഹ എന്ന സാമ്പത്തിക ഉപകരണം ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. ഉദാഹരണമായി തുണി മില്ല് നടത്തുന്ന ഒരു വ്യക്തിക്ക് അസംസ്‌കൃത വസ്തുവായി പരുത്തി ആവശ്യമാകുന്ന പക്ഷം, മുറാബഹയിലൂടെ ഒരു ബാങ്കിന് അയാള്‍ക്ക് പരുത്തി ലഭ്യമാക്കാവുന്നതാണ്. എന്നാല്‍ വാങ്ങിക്കഴിഞ്ഞ സാധനങ്ങളുടെ വില ഒടുക്കുന്നതിനോ വൈദ്യുതി ബില്ലടക്കുന്നതിനോ തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നതിനോ മറ്റോ ആവശ്യമായി വരുന്ന തുക കണ്ടെത്താന്‍ മുറാബഹ ഉപയോഗിക്കുക സാധ്യമല്ല. കാരണം മുറാബഹ ഒരു കച്ചവടത്തിലൂടെ മാത്രമേ പ്രയോഗവല്‍ക്കരിക്കപ്പെടുകയുള്ളൂ. ഒരു വായ്പ നല്‍കുന്നതിലൂടെ അത് നിലവില്‍ വരികയില്ല.
4. മുറാബഹയില്‍ ഏര്‍പ്പെടുന്നതിനു മുമ്പ് വസ്തു/ചരക്ക് ബാങ്കിന്റെ ഉടമസ്ഥതയില്‍ വരേണ്ടത് അനുപേക്ഷണീയമാണ്.
5. വസ്തു/ചരക്ക് കൈവശപ്പെടുത്തല്‍, മുറാബഹയില്‍ ഏര്‍പ്പെടുന്നതിന് അനുപേക്ഷണീയമാണ്. അതായത്, മുറാബഹയില്‍ ഏര്‍പ്പെടുന്നതിനു മുമ്പ് വസ്തുവിന്റെ ഉടമസ്ഥതയില്‍നിന്ന് ഉത്ഭവിക്കുന്ന അവകാശ ബാധ്യതകള്‍ (Benefits and Risk of Ownership) ബാങ്കിലേക്ക് വന്നുചേര്‍ന്നിരിക്കണം.
6. മുറാബഹയുടെ ഏറ്റവും നല്ല രൂപം (ശര്‍ഈ നിയമങ്ങളുടെ വെളിച്ചത്തില്‍ കൂടുതല്‍ സ്വീകാര്യം) മുറാബഹ നടത്താനുദ്ദേശിക്കുന്ന വ്യക്തിയോ ബാങ്കോ മറ്റു ധനകാര്യ സ്ഥാപനമോ സ്വന്തമായി വസ്തു/ചരക്ക് വാങ്ങുകയും കൈവശപ്പെടുത്തുകയും ചെയ്യുകയോ അതിനായി ഒരു ഏജന്റിനെ ചുമതലപ്പെടുത്തുകയോ ചെയ്യുക എന്നതാണ്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ നേരിട്ടോ ഏജന്റ് മുഖേനയോ വാങ്ങുന്നതിന് പ്രായോഗിക തടസ്സങ്ങളുള്ള പക്ഷം ഉപഭോക്താവിനെതന്നെ ഏജന്റായി നിയോഗിക്കുന്നത് അനുവദനീയമാണ്. ഈ സന്ദര്‍ഭത്തില്‍ ബാങ്കിനു വേണ്ടി ബാങ്കിന്റെ ഉടമസ്ഥതയിലേക്ക് ഉപഭോക്താവ് ഏജന്റായി ചരക്ക് കൈപ്പറ്റുന്നു. അനന്തരം ബാങ്കില്‍നിന്നും വിലയ്ക്ക് അവധി നിര്‍ണയിച്ചുകൊണ്ട് ഉപഭോക്താവ് തന്റെ ഉടമസ്ഥതയിലേക്ക് ചരക്ക് വാങ്ങുന്നു. ആദ്യത്തില്‍ ഉപഭോക്താവ് ചരക്ക് കൈവശം വെക്കുന്നത് ബാങ്കിന്റെ ഏജന്റ് എന്ന നിലയിലാണ്. ഇവിടെ അയാള്‍ ഒരു ചുമതലക്കാരനും വസ്തുവിന്റെ ഉടമസ്ഥാവകാശം ബാങ്കിനുമാണ്. ഈ അവസരത്തില്‍ ഉടമസ്ഥതയില്‍നിന്നും ഉത്ഭവിക്കുന്ന അവകാശബാധ്യതകള്‍ പൂര്‍ണമായും ബാങ്കിനു മേലാണ്. അനന്തരം ഉപഭോക്താവ് ബാങ്കില്‍നിന്നും ചരക്ക് വാങ്ങുമ്പോള്‍ ഉടമസ്ഥതയും അവകാശബാധ്യതകളും അയാളിലേക്ക് നീങ്ങുന്നു.
7. മുമ്പ് പറഞ്ഞതുപോലെ ചരക്ക് കൈവശം വരാതെ വില്‍ക്കാന്‍ സാധിക്കുകയില്ല. എന്നാല്‍, ചരക്ക് കൈവശം വരാതെ തന്നെ വില്‍ക്കാനുള്ള വാഗ്ദാനം നല്‍കാവുന്നതാണ്. ഈ നിയമം മുറാബഹയിലും ബാധകമാണ്.
8. മുറാബഹ സാധുവാകുന്നതിന് അവശ്യം പാലിക്കപ്പെടേണ്ട ഒരു നിബന്ധന മുറാബഹയിലെ വസ്തു/ചരക്ക് വില്‍ക്കുന്നവന്‍ അതാദ്യമായി വാങ്ങി കൈവശപ്പെടുത്തേണ്ടത് ഉപഭോക്താവില്‍നിന്നാകരുത്; മറ്റൊരു കക്ഷിയില്‍നിന്നായിരിക്കണം എന്നതാണ്. തിരിച്ചു വാങ്ങാനുള്ള ഉടമ്പടി (Buy back Agreement) ഉണ്ടാക്കിക്കൊണ്ട് ഉപഭോക്താവില്‍നിന്ന് ചരക്ക് വാങ്ങുന്നത് ശര്‍ഈ നിയമങ്ങള്‍ക്കു വിരുദ്ധമാണ്. തിരിച്ചു വാങ്ങാനുള്ള ഉടമ്പടിയിന്മേല്‍ നടത്തുന്ന മുറാബഹ വ്യക്തമായ പലിശയാണ്.
9. മേല്‍പറഞ്ഞ രീതിയിലുള്ള മുറാബഹ, വിവിധ ഘട്ടങ്ങളില്‍ കക്ഷികള്‍ വിവിധ ഉത്തരവാദിത്തങ്ങളില്‍ വരുന്ന സങ്കീര്‍ണമായ ഒരു ഉടമ്പടിയാണ്:
a) ഒന്നാമത്തെ ഘട്ടത്തില്‍ ബാങ്കും ഉപഭോക്താവും ഭാവിയില്‍ വില്‍ക്കാനും വാങ്ങാനും സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ട് പരസ്പരം വാഗ്ദത്തം ചെയ്യുന്നു. ഇത് യഥാര്‍ഥത്തിലുള്ള കച്ചവടമല്ല. കച്ചവടത്തിനുള്ള സന്നദ്ധത അറിയിച്ചുകൊണ്ടുള്ള വാഗ്ദത്തം മാത്രമാണ്. ഈ ഘട്ടത്തില്‍ ഇരു കക്ഷികളുടെയും സ്ഥാനങ്ങള്‍ എന്നത് വാഗ്ദത്തം ചെയ്യുന്നവന്റേതും (Promisor) അത് സ്വീകരിക്കുന്നവന്റേതുമാണ്(Promisee).
c) ബാങ്കും ഉപഭോക്താവും തമ്മിലുള്ള മുറാബഹ ഉടമ്പടി നടക്കുന്ന മൂന്നാം ഘട്ടത്തില്‍ ബാങ്കിന്റെ സ്ഥാനം വില്‍പനക്കാരന്റേതും (Seller) ഉപഭോക്താവിന്റെ സ്ഥാനം വാങ്ങുന്നവന്റേതുമാണ് (Buyer).
d) കച്ചവടം നടന്നുകഴിഞ്ഞതിനു ശേഷമുള്ള നാലാം ഘട്ടത്തില്‍ വില അവധിക്കു വിധേയമായതിനാല്‍ ബാങ്കിന്റെ സ്ഥാനം ഉത്തമര്‍ണന്റേതും (Creditor) ഉപഭോക്താവിന്റെ സ്ഥാനം കടക്കാരന്റേതുമാണ് (Debtor).
മുറാബഹ ഉടമ്പടി നടപ്പിലാക്കുന്ന ഓരോ ഘട്ടത്തിലും ഇരു കക്ഷികളുടെയും സ്ഥാനങ്ങള്‍ കൃത്യമായി പാലിക്കപ്പെടുകയും ഓരോ ഘട്ടത്തിലും ഇരു കക്ഷികളും അവരുടെ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിറവേറ്റുകയും ചെയ്യേണ്ടതുണ്ട്. ഈ സ്ഥാനങ്ങള്‍ വ്യതിരിക്തമായി മനസ്സിലാക്കാതിരിക്കുകയും അവസാന ഘട്ടത്തില്‍ മാത്രം ശ്രദ്ധയൂന്നുകയും ചെയ്യുന്നതാണ് മുറാബഹ എന്ന ബാങ്കുകളുടെ സാമ്പത്തിക ഉപകരണം, ചില പദങ്ങള്‍ മാത്രം മാറ്റിപ്പറയുന്ന പലിശയിടപാടാണെന്ന് ആളുകള്‍ ധരിച്ചുവെക്കുന്നതിന് പ്രധാന കാരണം.
10. ബാങ്കിനു ഉപഭോക്താവില്‍നിന്ന് നിശ്ചിത അവധിക്കു കടമായി നില്‍ക്കുന്ന വിലയ്ക്ക് പകരമായി ഈട് ആവശ്യപ്പെടാവുന്നതാണ്. ഇതിനായി ഒരു വാഗ്ദത്ത പത്രമോ (Promisory Note) വിനിമയ പത്രമോ (Bill of Exchange) വാങ്ങാവുന്നതാണ്. എന്നാല്‍ ഇത് കച്ചവടം നടന്നുകഴിഞ്ഞതിനു ശേഷം മാത്രമേ ആകാവൂ, അതായത് മുകളില്‍ വിവരിച്ചതുപ്രകാരം നാലാം ഘട്ടത്തിനു ശേഷം മാത്രം. കാരണം ഈട്, വാഗ്ദത്ത പത്രം, വിനിമയ പത്രം എന്നിവ അധമര്‍ണന്‍ (Debtor) ഉത്തമര്‍ണനു (Creditor) നല്‍കുന്നവയാണ്. ബാങ്കും ഉപഭോക്താവും തമ്മില്‍ ഈ ബന്ധം ഉടലെടുക്കുന്നത് നാലാം ഘട്ടത്തിനു ശേഷം മാത്രമാണ്.
11. നിശ്ചിത അവധിക്ക് വില മൊത്തമായോ വിലയുടെ നിശ്ചിത ഭാഗമോ നല്‍കുന്നതില്‍ ഉപഭോക്താവ് വീഴ്ച വരുത്തുന്ന പക്ഷം വിലയില്‍ യാതൊരു വ്യത്യാസവും വരുത്താന്‍ പാടുള്ളതല്ല. എന്നാല്‍ അവധിയില്‍ വീഴ്ചവരുത്തുന്ന പക്ഷം അയാള്‍ സ്വദഖയായി ഉത്തമര്‍ണന്റെ ഗുണത്തിനു ഉപകരിക്കാത്തവിധം വല്ലതും നല്‍കുമെന്ന് കരാര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് നല്‍കാന്‍ ബാധ്യസ്ഥനായിരിക്കും. ഈ സ്വദഖ ഒരു കാരണവശാലും ബാങ്കിന്റെ (ഉത്തമര്‍ണന്‍-Creditor) വരുമാനത്തിന്റെ ഭാഗമാകാന്‍ പാടുള്ളതല്ല.
Comments