ഇനി നടക്കേണ്ടത് വികസനത്തിനു വേണ്ടിയുള്ള പോരാട്ടം
സംഘടനാപരമായ ചര്‍ച്ചകളും ധൈഷണിക-രാഷ്ട്രീയ വിവാദങ്ങളും നിറഞ്ഞുനിന്ന ഒരു രാത്രിക്ക് ശേഷമാണ് അന്നഹ്ദ തലവന്‍ റാശിദുല്‍ ഗന്നൂശിയെ അല്‍ മുജ്തമഅ് അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് കാണുന്നത്. അതിനകം പാര്‍ട്ടിക്ക് പുതിയ ചട്ടക്കൂടുകള്‍ ആവിഷ്‌കരിക്കുകയും പാര്‍ട്ടി തലവന്റെയും കൂടിയാലോചനാ സമിതിയുടെയും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുകയും ചെയ്യുക മാത്രമല്ല പാര്‍ട്ടിയുടെ രാഷ്ട്രീയ ഘടനയില്‍നിന്ന് മത പ്രബോധന മുഖം മാറ്റിനിര്‍ത്തി ഇസ്‌ലാമിക ആധാരത്തോടു കൂടിയ ദേശീയ രാഷ്ട്രീയ പാര്‍ട്ടിയായി സ്ട്രാറ്റജിയിലും സ്വത്വത്തിലും പുതിയ അഴിച്ചുപണികള്‍ നടത്തുകയും ചെയ്തിട്ടുണ്ടായിരുന്നു. പുതിയ ഘടനയുമായി പൊരുത്തപ്പെടുന്നതിലുള്ള പ്രസ്ഥാനത്തിന്റെ പ്രാപ്തിയെക്കുറിച്ച് അഭിമുഖത്തില്‍ ഗന്നൂശി ഉറച്ച സ്വരത്തിലാണ് സംസാരിച്ചത്. പാര്‍ട്ടി താല്‍പര്യത്തേക്കാളുപരി ദേശീയ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യാധിഷ്ഠിത രാഷ്ട്രീയ പ്രസ്ഥാനമായി മാറുന്നതില്‍ അന്നഹ്ദ അതിന്റെ കഴിവ് തെളിയിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അന്നഹ്ദയുടെ പത്താം വാര്‍ഷിക പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ക്ഷണം കിട്ടിയതനുസരിച്ച് തുനീഷ്യയിലെത്തിയ കുവൈത്തിലെ അല്‍ മുജ്തമഅ് മാഗസിന്റെ മുഖ്യ പത്രാധിപര്‍ മുഹമ്മദ് സാലിം റാശിദിന് നല്‍കിയ അഭിമുഖത്തിലാണ് ഗന്നൂശി ഇക്കാര്യം പറഞ്ഞത്.
അന്നഹ്ദ പല ഘട്ടങ്ങളും പരിവര്‍ത്തന ദശകളും തരണം ചെയ്യുകയുണ്ടായി. ഇക്കാലയളവില്‍ പ്രസ്ഥാനത്തിന്റെ ചിന്താപരവും രാഷ്ട്രീയവുമായ പ്രയാണം ചുരുക്കി വിവരിക്കാമോ?
ഇതര മാധ്യമങ്ങള്‍ക്കെല്ലാം മുമ്പായി ഈ അഭിമുഖത്തിനെത്തിയ അല്‍ മുജ്തമഇനെ ആദ്യമായി ഞാന്‍ അഭിനന്ദിക്കട്ടെ. 1981-ല്‍ ഈ പ്രസ്ഥാനത്തിന് നാന്ദികുറിച്ച സന്ദര്‍ഭത്തില്‍ അല്‍ മുജ്തമഅ് നടത്തിയ അഭിമുഖം ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുകയാണ്. പ്രശസ്തമായ ആ അഭിമുഖം നടത്തിയത് അന്നത്തെ പത്രാധിപര്‍ ഡോ. ഇസ്മാഈല്‍ ശത്വിയായിരുന്നു. അത് അന്നഹ്ദയുടെ ചരിത്രത്തിന്റെ ഒരു ഭാഗമായിത്തീരുകയും ചെയ്തു. പ്രസ്ഥാനത്തെക്കുറിച്ച് പഠിക്കാന്‍ മുന്നോട്ടുവരുന്നവരെല്ലാം ആ സംഭവം എന്നെ ഓര്‍മിപ്പിക്കാറുണ്ട്. അക്കാലം പരിഗണിക്കുമ്പോള്‍ ജനാധിപത്യത്തിന്റെ സംരക്ഷണത്തിനു വേണ്ടി വാദിക്കുകയും ഇസ്‌ലാമില്‍ അത് രൂഢമൂലമാണെന്ന് സ്ഥാപിക്കുകയും ജനങ്ങളുടെ അധികാരമാണ് ഇസ്‌ലാമില്‍ യഥാര്‍ഥ അധികാരമെന്ന് സമര്‍ഥിക്കുകയും ചെയ്യുന്ന ആ അഭിമുഖം അന്യാദൃശമായൊരു ധീരത തന്നെയായിരുന്നു. ജനം കമ്യൂണിസ്റ്റ് പാര്‍ട്ടിയെയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ നിങ്ങള്‍ എന്താണ് ചെയ്യുക എന്ന് അന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഒരു പത്രപ്രവര്‍ത്തകന്‍ എന്നോട് ചോദിക്കുകയുണ്ടായി. ഒട്ടും സംശയിച്ചുനില്‍ക്കാതെ ഞാന്‍ കൊടുത്ത മറുപടി ഇതായിരുന്നു: 'ജനങ്ങളുടെ തീരുമാനത്തെ ഞങ്ങള്‍ മാനിക്കും. അടുത്ത തെരഞ്ഞെടുപ്പില്‍ ആ തീരുമാനത്തില്‍നിന്ന് പിന്തിരിയാന്‍ ജനത്തെ സമ്മതിപ്പിക്കുകയല്ലാതെ ഞങ്ങളുടെ മുന്നില്‍ പോംവഴിയൊന്നുമില്ല.''
അക്കാലത്തെ ഇസ്‌ലാമിക മണ്ഡലത്തില്‍ പതിവില്ലാത്തൊരു വര്‍ത്തമാനമായിരുന്നു അത്. അതിനും 10 വര്‍ഷം മുമ്പ് ജാഹിലിയ്യത്തിനെയും അനിസ്‌ലാമിക ജാഹിലീ സമൂഹത്തെയും ജാഹിലീരാഷ്ട്രത്തെയും കുറിച്ചുള്ള, സ്വാഭാവികമായും ജനാധിപത്യത്തെയും സോഷ്യലിസത്തെയും നിരാകരിക്കുന്ന സയ്യിദ് ഖുത്വ്ബിന്റെ എഴുത്തുകളാല്‍ സ്വാധീനിക്കപ്പെട്ട് തുനീഷ്യയില്‍ വളര്‍ന്നുവന്ന ഇസ്‌ലാമിക പ്രസ്ഥാനത്തിനു തന്നെയും പരിചിതമായിരുന്നില്ല ആ മാറ്റം.
1981-ലാണ് അല്‍ ജമാഅത്തുല്‍ ഇസ്‌ലാമിയ്യയില്‍നിന്ന് അല്‍ ഇത്തിജാഹുല്‍ ഇസ്‌ലാമി(ഇസ്‌ലാമിക് ട്രന്റ്) ലേക്ക് തുനീഷ്യന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വഴിത്തിരിവ് കുറിക്കുന്നത്. സ്വത്വ സ്ഥാപനത്തില്‍നിന്ന് ജനാധിപത്യത്തിനായുള്ള പോരാട്ടത്തിലേക്കുള്ള മാറ്റമായിരുന്നു അത്. ഞങ്ങള്‍ ഞങ്ങളുടെ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് 1970-ലായിരുന്നു. 1970 മുതല്‍ 1981 വരെ അറബ്-ഇസ്‌ലാമിക സ്വത്വത്തെ പാര്‍ശ്വവത്കരിക്കാന്‍ ശ്രമിക്കുകയും മതസ്ഥാപനങ്ങളും ഓത്തുപള്ളികളും അടച്ചുപൂട്ടുകയും വഖ്ഫുകള്‍ കണ്ടുകെട്ടുകയും ചെയ്ത സ്വാതന്ത്ര്യാനന്തര ഭരണകൂടം നയിച്ച സെക്യുലര്‍ തീവ്രവാദത്തിനെതിരെയുള്ള പ്രതികരണമെന്നോണം തുനീഷ്യയുടെ അറബ് -ഇസ്‌ലാമിക സ്വത്വത്തിലായിരുന്നു ഞങ്ങളുടെ ഊന്നല്‍. എഴുപതുകളുടെ അന്ത്യത്തിലും എണ്‍പതുകളുടെ തുടക്കത്തിലും കൃത്യമായി പറഞ്ഞാല്‍ 1981-ല്‍ തുനീഷ്യന്‍ ഭരണകൂടത്തില്‍ ഒരു പ്രതിസന്ധി ഉത്ഭവിച്ചു. ഏതാണ്ടൊരു ഉദാരതയിലേക്ക് നീങ്ങാന്‍ ഭരണകൂടം നിര്‍ബന്ധിതമായി. അങ്ങനെ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപീകരിക്കുന്നതിന് വിരോധമില്ലെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചു. 1956-ല്‍ രാജ്യം സ്വാതന്ത്ര്യം നേടിയതു മുതല്‍ 1981 വരെ പ്രസിഡന്റ് ബൂറഖീബ നയിച്ചിരുന്ന ഏക പാര്‍ട്ടി സമഗ്രാധിപത്യ വ്യവസ്ഥയായിരുന്നു തുനീഷ്യയില്‍ നിലനിന്നിരുന്നത്. തത്തുല്യമായ സമഗ്രാധിപത്യ പാര്‍ട്ടികളുടെ ഉത്ഭവമായിരുന്നു ഈ സമഗ്രാധിപത്യ പാര്‍ട്ടിയോടുള്ള പ്രതികരണം. അങ്ങനെയാണ് അന്നഹ്ദയും സമഗ്ര സ്വഭാവത്തോടുകൂടിയ ഒരു പാര്‍ട്ടിയായത്; കമ്യൂണിസ്റ്റുകളുടെയും ദേശീയവാദികളുടെയും പാര്‍ട്ടികളുടെ അവസ്ഥയും അതുതന്നെയായിരുന്നു. സമഗ്രാധിപത്യത്തിന്റെ ഒരു കാലഘട്ടമായിരുന്നു അത്.
പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അംഗീകാരം നല്‍കാന്‍ ഭരണകൂടം തയാറാണെന്ന് ബൂറഖീബ പ്രഖ്യാപിച്ചു. അതോടെ പ്രസ്ഥാനം സ്വയം സജ്ജമായി മുന്നോട്ടുവന്നു. രണ്ടു മാസത്തിനകം തന്നെ അല്‍ ജമാഅത്തുല്‍ ഇസ്‌ലാമിയ്യ എന്ന പേര് ഇസ്‌ലാമിക് ട്രന്റ് മൂവ്‌മെന്റ് (ഹര്‍കത്തുല്‍ ഇത്തിജാഹില്‍ ഇസ്‌ലാമി) എന്നാക്കി മാറ്റി. ജനാധിപത്യാധിഷ്ഠിതമായ രാഷ്ട്രീയ പാര്‍ട്ടിയായി ഞങ്ങള്‍ രംഗത്തുവന്നു. പാര്‍ട്ടി രൂപീകരണ നിയമ പ്രകാരം ഞങ്ങളെ രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകരിക്കാന്‍ അപേക്ഷ നല്‍കി. യാതൊരു കലവറയും കൂടാതെ ഞങ്ങള്‍ ജനാധിപത്യത്തെ തെരഞ്ഞെടുത്തു. ആദ്യമായി ഞങ്ങള്‍ ജനാധിപത്യത്തോടൊപ്പം അങ്ങേയറ്റം വരെ ചേര്‍ന്നുനിന്നു. തെരഞ്ഞെടുപ്പിന്റെയും രാഷ്ട്രത്തിന്റെയും നിയമസാധുതക്ക് വേണ്ടി നിലയുറപ്പിച്ചു. എന്നാല്‍ ഭരണകൂടത്തിന്റെ പ്രതികരണം അനുകൂലമായിരുന്നില്ല. ഞങ്ങളുടെ ഈ വികാസത്തെ ഭരണകൂടം സ്വാഗതം ചെയ്തില്ല. അണ്ടര്‍ ഗ്രൗണ്ടില്‍നിന്ന് തുറന്ന മൈതാനത്തിലേക്ക് വരുന്നതിനെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ ഞങ്ങള്‍ ഹിതപരിശോധന നടത്തിയിരുന്നു. 70 ശതമാനം പ്രവര്‍ത്തകരും അതിനെ അനുകൂലിച്ചു. പരസ്യ പ്രവര്‍ത്തനത്തെക്കുറിച്ച് അപ്പോള്‍ ആശങ്കകള്‍ നിലനിന്നിരുന്നു.
ഞങ്ങള്‍ അപേക്ഷ സമര്‍പ്പിച്ച് രണ്ട് മാസം കഴിയും മുമ്പേ വ്യാപകമായ തോതില്‍ ആദ്യത്തെ അറസ്റ്റുകള്‍ തുടങ്ങി. ഞങ്ങള്‍ നിയമത്തിന്റെ വാതിലുകള്‍ മുട്ടി. അപ്പോള്‍ നിയമം ഞങ്ങള്‍ക്കെതിരെ വടിയെടുക്കുകയാണ് ചെയ്തത്. അനുവാദമില്ലാതെ പാര്‍ട്ടി രൂപീകരിച്ചു എന്ന് കുറ്റം ചുമത്തി 5000ത്തിലധികം പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു; അംഗീകാരത്തിനു വേണ്ടി ഞങ്ങള്‍ അപേക്ഷ സമര്‍പ്പിച്ചതിനൊന്നും ഒരു വിലയുമുണ്ടായില്ല. 10 വര്‍ഷത്തെ തടവിന് ഞാന്‍ ശിക്ഷിക്കപ്പെട്ടു. അതില്‍ മൂന്ന് വര്‍ഷം ഞാന്‍ തടവില്‍ കിടന്നു.
ഈ മൂന്ന് വര്‍ഷം വളരെ പ്രധാനമായിരുന്നു. കാരണം ആഴത്തിലുള്ള ചിന്തകള്‍ക്ക് അത് അവസരം നല്‍കി. സയ്യിദ് ഖുത്വ്ബിന്റെയും മൗദൂദിയുടെയും ചിന്തകള്‍ക്കപ്പുറമുള്ള ചിന്തകള്‍ ഞങ്ങള്‍ പാരായണം ചെയ്തു. മാലിക് ബിന്നബിയുടെ ചിന്തകള്‍ ആഴത്തില്‍ ഞങ്ങള്‍ പഠിച്ചു. ലാറ്റിനമേരിക്കയില്‍നിന്നുള്ള ഇടതുപക്ഷ ചിന്തകളും ഞങ്ങളുടെ പഠനത്തിന് വിധേയമായി. കാരണം അവരുടെ അവസ്ഥകള്‍ ഞങ്ങളുടെ രാജ്യത്തെ അവസ്ഥക്ക് സമാനമായിരുന്നു. മഹാനായ പരിഷ്‌കര്‍ത്താവ് ഖൈറുദ്ദീന്‍ പാഷയുടെയും സൈത്തൂന മസ്ജിദിലെ ശൈഖ് സാലിം ബൂഹാജിബിന്റെയും മറ്റും നേതൃത്വത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ വളര്‍ന്നുവന്ന പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ ചിന്തകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താനും അത് അവസരമായി. ചിന്തകളെ വികസ്വരമാക്കേണ്ട ആവശ്യകതയെ ബോധ്യപ്പെടുത്തി എന്നതായിരുന്നു അവരുടെ വിചാരധാരയില്‍നിന്ന് ലഭിച്ച വലിയൊരു നേട്ടം. പടിഞ്ഞാറന്‍ നാഗരികതയുടെ മികവും മുസ്‌ലിം പിന്നാക്കാവസ്ഥയും അവരുടെ ബോധമണ്ഡലത്തെ പിടിച്ചുകുലുക്കി. ഇസ്‌ലാമിലല്ല, മുസ്‌ലിംകളിലാണ് അവരതിന്റെ കുറ്റം കണ്ടെത്തിയത്. നാഗരിക പുരോഗതിയുമായി സഹയാത്ര ചെയ്യാനുള്ള ഇസ്‌ലാമിന്റെ പ്രാപ്തിയെ ചോദ്യം ചെയ്യുന്നതിനെതിരെ അവര്‍ നിലകൊണ്ടു. അങ്ങനെ ഖല്‍ദൂനിയന്‍ ചിന്തക്ക് നവജീവന്‍ നല്‍കപ്പെട്ടു. പരിഷ്‌കരണ ചിന്തയും നീതിയും പുനരുജ്ജീവനം തേടി. ഇസ്‌ലാമിക മൂല്യങ്ങളും ഇസ്‌ലാമിന്റെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുകയാണെങ്കില്‍ അമുസ്‌ലിംകളുടെ പോലും ധൈഷണിക സംഭാവനകളുടെ സ്വീകാര്യതക്ക് സാധൂകരണം ലഭിച്ചു. ഈ പശ്ചാത്തലത്തില്‍ 'മഖാസ്വിദ് സാഹിത്യങ്ങള്‍' (ശരീഅത്തിന്റെ ലക്ഷ്യങ്ങള്‍) പുനഃപ്രസിദ്ധീകൃതമായി; മഖാസ്വിദുശ്ശാത്വിബി ഉദാഹരണം. പരിഷ്‌കരണത്തിലും ജീര്‍ണതകളുടെ പ്രതിരോധത്തിലും ഇസ്‌ലാമിന് ചില ലക്ഷ്യങ്ങളുണ്ടെന്നും ദോഷങ്ങളെ ചെറുക്കുക എന്നതാണ് നിയമസമീപന(സിയാസതുശ്ശര്‍ഇയ്യ)ത്തിന്റെ അച്ചുതണ്ടെന്നും അംഗീകരിക്കപ്പെട്ടു.
ഈ ഘട്ടത്തിന് മുമ്പ് മശ്‌രിഖ് (പൂര്‍വ അറേബ്യ) ഇസ്‌ലാമിക സാഹിത്യങ്ങളെയായിരുന്നു ഞങ്ങള്‍ ഉപജീവിച്ചിരുന്നത്. തടവറക്കാലത്ത് പ്രസ്ഥാനം സ്വന്തം വേരുകളിലേക്ക് മടങ്ങിയെത്തി. ഞങ്ങള്‍ക്ക് സ്വന്തം പിതാക്കളും തറവാടുകളുമുണ്ടെന്ന് ഞങ്ങള്‍ കണ്ടെത്തി. ഞങ്ങള്‍ സ്വന്തം സാഹചര്യങ്ങളില്‍നിന്നും ചരിത്രത്തില്‍നിന്നും വിഛിന്നത തേടേണ്ടവരല്ലെന്നും പ്രത്യുത സ്വന്തം പൈതൃകത്തിന്റെയും ചരിത്രത്തിന്റെയും നീള്‍ച്ചയാണെന്നും ഞങ്ങള്‍ക്ക് മനസ്സിലായി. അങ്ങനെയാണ് ഭരണക്രമത്തിലും നടത്തിപ്പിലും ജീവിതത്തിന്റെ സംവിധാനങ്ങളിലും പാശ്ചാത്യ നാഗരികതയടക്കം ഏത് നാഗരികതകളുടെയും സംഭാവനകള്‍ പകര്‍ത്തുന്നതിന് സാധൂകരണം ലഭ്യമായത്.
1981-ല്‍ നടന്ന മാറ്റമായിരുന്നു ഇത്. സ്വത്വ സംസ്ഥാപനത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍നിന്ന് ജനാധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിലേക്കുള്ള ചുവടുമാറ്റം. ആ ചരിത്രഘട്ടം മുതല്‍ 'ഏകകക്ഷി വ്യവസ്ഥ'യുടെ തുനീഷ്യന്‍ സമഗ്രാധിപത്യ ഭരണകൂടവുമായുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചു. ജനാധിപത്യത്തിന്റെ മുഖം മൂടിയണിഞ്ഞിരുന്നെങ്കിലും രാജ്യവും സമൂഹവും പൂര്‍ണമായും ഭരണകക്ഷിയുടെ പിടിയിലമര്‍ന്ന് കിടക്കുകയായിരുന്നു. 1981 മുതല്‍ ജനാധിപത്യത്തിന്റെ ബാനറില്‍ യഥാര്‍ഥ പ്രതിയോഗികളല്ലാത്ത ചെറിയ പാര്‍ട്ടികള്‍ക്ക് മാത്രമായിരുന്നു അംഗീകാരം. മുന്‍പന്തിയിലുള്ള ഇസ്‌ലാമിക പ്രസ്ഥാനമടക്കം യഥാര്‍ഥ പ്രതിയോഗികളൊക്കെയും നിരന്തരം അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. 1981 മുതല്‍ 2011 വരെയുള്ള ഘട്ടം ഏറ്റുമുട്ടലുകളുടേതായിരുന്നു. ജനാധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ ഘട്ടം. ഏകാധിപത്യത്തിന്റെ തകര്‍ച്ചയോടെയും വിപ്ലവത്തിന്റെ അരങ്ങേറ്റത്തോടെയും ഈ ഘട്ടത്തിന് തിരശ്ശീല വീണു. വിപ്ലവം സംഭവിച്ചിരുന്നില്ലെങ്കില്‍ അന്നഹ്ദക്ക് തുനീഷ്യയില്‍ അംഗീകാരം ലഭിക്കുകയില്ലായിരുന്നു. മുന്‍ ഭരണകൂടത്തില്‍നിന്ന് ഏറ്റവുമധികം മര്‍ദനം ഏറ്റുവാങ്ങിയവരായതിനാല്‍ വിപ്ലവത്തില്‍നിന്ന് ഏറ്റവുമധികം നേട്ടം കൊയ്തവരും ഞങ്ങള്‍ തന്നെയായിരുന്നു. പതിനായിരക്കണക്കിലായിരുന്നു ജയിലിലെറിയപ്പെട്ട ഞങ്ങളുടെ പ്രവര്‍ത്തകര്‍. നൂറിലേറെ രക്തസാക്ഷികളും ഞങ്ങളുടെ പാര്‍ട്ടിക്കുണ്ടായി.
ഇതര നാഗരികതകളില്‍നിന്ന് കടം കൊള്ളുന്നത് സാധൂകരിക്കപ്പെട്ട ഘട്ടത്തെക്കുറിച്ച് താങ്കള്‍ പറഞ്ഞു. അതുതന്നെയല്ലേ സെക്യുലരിസ്റ്റുകളുടെയും അവകാശവാദം. പിന്നെ, നിങ്ങളും അവരും തമ്മിലുള്ള വ്യത്യാസം എവിടെയാണ്?
അക്കാലം മുതല്‍ നമ്മുെട സമൂഹങ്ങളുടെ ആധുനീകരണത്തില്‍ രണ്ട് പദ്ധതികളുണ്ടായിരുന്നു. ഒന്ന്, ആധുനീകരണ പദ്ധതി. അതായത് എല്ലാ ആധുനിക മൂല്യങ്ങളും ഉള്‍ക്കൊള്ളുന്നതിനും മറ്റുള്ളവരുടെ അനുഭവങ്ങള്‍ പ്രയോജനപ്പെടുത്തി ഇസ്‌ലാമിന്റെ സുസ്ഥിര പാഠങ്ങളോടും ലക്ഷ്യങ്ങളോടും പ്രതിബദ്ധത പുലര്‍ത്തിക്കൊണ്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുന്നതിനും ഇസ്‌ലാമിന്റെയും ഇസ്‌ലാമിക ചിന്തയുടെയും കവാടത്തിലൂടെ ആധുനിക ലോകത്തിലേക്കും കാലഘട്ടത്തിലേക്കും പ്രവേശിക്കുക. ഇസ്‌ലാമിക മൂല്യങ്ങളുടെ ചട്ടക്കൂടില്‍നിന്നുകൊണ്ടുള്ള ആധുനീകരണ പദ്ധതി.
തുനീഷ്യയിലെയും ആസിതാനയിലെയും കയ്‌റോയിലെയും പരിഷ്‌കരണ പ്രസ്ഥാനത്തെ 19-ാം നൂറ്റാണ്ടില്‍ നയിച്ചത് ഈ പദ്ധതിയാണ്. അഫ്ഗാനിയുടെയും മുഹമ്മദ് അബ്ദുവിന്റെയും റശീദ് രിദായുടെയും നേതൃത്വത്തില്‍ രൂപംകൊണ്ട പാന്‍ ഇസ്‌ലാമിസം മുന്നോട്ടുവെച്ച പദ്ധതിയും ഇതുതന്നെ. ഇസ്‌ലാമിന് സേവനമര്‍പ്പിക്കാന്‍ അതിന്റെ ചട്ടക്കൂടില്‍ ഒതുങ്ങിനിന്നുകൊണ്ടുള്ള ആധുനീകരണ പദ്ധതി.
ഇസ്‌ലാമിനെ പ്രാന്തവത്കരിക്കുന്നതില്‍ കലാശിക്കുന്ന, പടിഞ്ഞാറന്‍ ചിന്തയുടെ ചട്ടക്കൂടിലുള്ള ആധുനീകരണ പദ്ധതിയാണ് രണ്ടാമത്തേത്. ഇസ്‌ലാമിനെ ബലികൊടുത്തുകൊണ്ടായാലും ആധുനിക മൂല്യങ്ങള്‍ ആര്‍ജിച്ചുകൊണ്ടുള്ള നവീകരണമാണിത്. 19-ാം നൂറ്റാണ്ട് മുതല്‍ നമ്മുടെ നാടുകളില്‍ വളര്‍ന്നുവന്ന രണ്ട് പദ്ധതികളാണിവ. പഴമയും പുതുമയും തമ്മിലുള്ള സംഘട്ടനം ഏറെക്കാലം തുടര്‍ന്നില്ല. തുടക്കത്തില്‍ പടിഞ്ഞാറുനിന്ന് വരുന്നതെന്തും തള്ളുക എന്ന ഒരു നിലപാടാണുണ്ടായിരുന്നത്. പിന്നീട് പരിഷ്‌കരണ പ്രസ്ഥാനത്തോടൊപ്പം ആധുനികതയുമായി സംഘട്ടനത്തിലേല്‍പ്പെടുന്നതിനു പകരം അതിനെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഒരു പദ്ധതി വികസിച്ചുവന്നു.
സ്വത്വത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടം അവസാനിച്ചുവെന്ന് എങ്ങനെ നിങ്ങള്‍ക്കുറപ്പിക്കാനായി?
സ്വത്വ സ്ഥാപനത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിന് വിപ്ലവത്തോടെ തിരശ്ശീല വീണു. വിപ്ലവം തുനീഷ്യന്‍ രാഷ്ട്രത്തിന്റെ അറബ്-ഇസ്‌ലാമിക സ്വത്വം അംഗീകരിച്ചു. ഭരണഘടനയുടെ ആദ്യ വകുപ്പില്‍തന്നെ അത് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്‌ലാമിക മൂല്യങ്ങള്‍ ഭരണഘടനയില്‍ പലയിടങ്ങളിലായി പരാമൃഷ്ടമാവുന്നു. അത് ഒരു വകുപ്പില്‍ മാത്രം പരിമിതമല്ല. ഭരണഘടനയുടെ ആദ്യത്തെ അനുഛേദത്തില്‍തന്നെ തുനീഷ്യയുടെ മതം ഇസ്‌ലാമാണെന്നും ഭാഷ അറബിയാണെന്നും രേഖപ്പെടുത്തിയതായി കാണാം. ഇസ്‌ലാമിനെയും ഇസ്‌ലാമിക പവിത്രതകളെയും പരിരക്ഷിക്കേണ്ടത് രാഷ്ട്രത്തിന്റെ ബാധ്യതയാണെന്ന് ഭരണഘടന പറയുന്നുണ്ട്. ഭരണഘടനയുടെ 29-ാമത്തെ വകുപ്പില്‍ വളരുന്ന തലമുറയില്‍ ഇസ്‌ലാമിക ചിന്ത രൂഢമൂലമാക്കേണ്ടത് രാഷ്ട്രത്തിന്റെ ബാധ്യതയായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതോടെ സ്വത്വത്തിനു വേണ്ടിയുള്ള പോരാട്ടത്തിന് അറുതിയായി. അതുപോലെത്തന്നെ ജനങ്ങളുടെ അധികാരവും പൗരാവകാശങ്ങളും വിശ്വാസ സ്വാതന്ത്ര്യവും മനസ്സാക്ഷി സ്വാതന്ത്ര്യവും മതചിഹ്നങ്ങള്‍ പാലിക്കാനും മാനിക്കാനുമുള്ള സ്വാതന്ത്ര്യവുമടക്കം സ്വകാര്യ സ്വാതന്ത്ര്യവും അംഗീകരിച്ചതോടെ ജനാധിപത്യത്തിനു വേണ്ടിയുള്ള സമരത്തിനും തീര്‍പ്പായി.
ഇതോടെയാണ് പാര്‍ട്ടിയുടെ പത്താമത് പൊതു സമ്മേളനം വഴിത്തിരിവായി മാറുന്നത്. സ്വാതന്ത്ര്യത്തിനും സ്വത്വസ്ഥാപനത്തിനുമുള്ള പോരാട്ടത്തിനു ശേഷം പുതിയൊരു സമരപാതയിലേക്കുള്ള ചുവടുമാറ്റം അനിവാര്യമായി. വികസനത്തിനു വേണ്ടിയുള്ള പോരാട്ടമാണത്.
സൈദ്ധാന്തിക സ്വഭാവത്തോടു കൂടിയ പോരാട്ടത്തിന് ഇനി പ്രസക്തിയില്ല. ആ വിഷയത്തില്‍നിന്ന് ഞങ്ങള്‍ വിരമിച്ചുകഴിഞ്ഞു. ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ സമയവും കഴിഞ്ഞു. എന്തുകൊണ്ടെന്നാല്‍ ഒരു പുരോഗമന ജനാധിപത്യ ഭരണഘടനയുടെ സ്വാതന്ത്ര്യം ആസ്വദിച്ചുകൊണ്ടാണ് ഇപ്പോള്‍ തുനീഷ്യന്‍ ജനത ജീവിക്കുന്നത്.
ഇനി ആവശ്യം വികസനത്തിനു വേണ്ടിയുള്ള സമരമാണ്. വിദ്യാഭ്യാസം, ഭരണ നടത്തിപ്പ്, സാമ്പത്തികം തുടങ്ങി ജീവിതത്തിന്റെ സകല മേഖലകളിലുമുള്ള പരിഷ്‌കരണത്തിനും വികസനത്തിനും വേണ്ടിയുള്ള പ്രയത്‌നം. തുനീഷ്യന്‍ യുവാക്കള്‍ക്ക് തൊഴിലവസരം ഒരുക്കണം. വിപ്ലവത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്നാണത്. തൊഴിലില്ലായ്മ പെരുകിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളില്‍ ആറ് ലക്ഷത്തിലേറെ (15 ശതമാനം) തൊഴില്‍രഹിതരാണ്. ഉന്നത ബിരുദധാരികളാണ് അവരില്‍ പാതിയും. വിപ്ലവം നടക്കുമ്പോള്‍ തൊഴില്‍രാഹിത്യം 14 ശതമാനമായിരുന്നു. ഇന്നത് 15 ശതമാനമായിരിക്കുന്നു. അതോടൊപ്പം ജനങ്ങളുടെ ജീവിത നിലവാരത്തിനിടയിലുള്ള വിടവ് വമ്പിച്ചതാണ്. അവഗണിക്കപ്പെട്ട പ്രാന്ത പ്രദേശങ്ങളില്‍നിന്ന് വിപ്ലവം പൊട്ടിപ്പുറപ്പെട്ടതിന്റെ മുഖ്യ കാരണം തന്നെ ഇതാണ്. വിപ്ലവം നടന്ന് അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും തങ്ങളുടെ ആവശ്യങ്ങള്‍ക്ക് പരിഗണന ലഭിച്ചിട്ടില്ല എന്ന വികാരം ഈ മേഖലകളില്‍ ഇപ്പോള്‍ ശക്തമായുണ്ട്. സ്വയം തീകൊളുത്തിയ യുവാക്കള്‍ ഈ ഉള്‍ഭാഗങ്ങളില്‍നിന്നുള്ളവരായിരുന്നു.
അതിനാല്‍ പ്രസ്ഥാനമിപ്പോള്‍ അതിന്റെ സമയം സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കും ജനങ്ങളുടെ ഉത്കണ്ഠകള്‍ക്കും അനുസരിച്ച് ക്രമീകരിക്കുകയാണ്. ഇപ്പോള്‍ അടിസ്ഥാന പോര്‍ക്കളമായി അത് തെരഞ്ഞെടുത്തിരിക്കുന്നത് സാമ്പത്തിക മേഖലയാണ്. യഥാര്‍ഥ പോരാട്ടം അതിന് വേണ്ടിയുള്ളതാണ്. ഇസ്‌ലാമിന്റെയോ ജനാധിപത്യത്തിന്റെയോ സ്വത്വത്തിന്റെയോ സംരക്ഷണത്തിനു വേണ്ടിയുള്ളതല്ല. സിവില്‍ സമൂഹവുമായി ബന്ധപ്പെട്ടതാണത്. അധികാരത്തില്‍ പങ്കാളിത്തമുള്ള ഒരു പാര്‍ട്ടി എന്ന നിലക്ക് ജനത്തിന് സമാധാനവും ആരോഗ്യവും വിദ്യാഭ്യാസവും തൊഴിലും ഒരുക്കിക്കൊടുക്കുക എന്നതാണ് ഞങ്ങളുടെ അടിസ്ഥാന ദൗത്യം.
നിങ്ങള്‍ സ്ട്രാറ്റജി മാറ്റം എന്ന് വിളിക്കുന്ന ഈ പുതിയ മാറ്റം എന്താണ്? ചിലര്‍ പറയുംപോലെ സെക്യുലരിസത്തിലേക്കുള്ള മാറ്റമാണോ ഇത്?
ഇത്രയും പറഞ്ഞതില്‍നിന്ന് മനസ്സിലാക്കാവുന്ന ഒരു കാര്യമുണ്ട്. ഇസ്‌ലാമിക പദ്ധതിയുടെ വ്യത്യസ്ത മാനങ്ങള്‍ വേര്‍തിരിച്ചെടുക്കുകയും ഒരുവിധത്തില്‍ വിശേഷവത്കരിക്കുകയും ചെയ്യേണ്ടതുണ്ടെന്നതാണത്. രാഷ്ട്രീയ ദൗത്യവും -പാര്‍ട്ടിയുടെ ദൗത്യം അതാണ്- പദ്ധതിയുടെ ബാക്കി മാനങ്ങളും (മതപരവും സാംസ്‌കാരികവുമായ പദ്ധതികളും ധര്‍മപ്രവര്‍ത്തനങ്ങളും മറ്റും) തമ്മില്‍ വേര്‍തിരിക്കേണ്ടിയിരിക്കുന്നു.
ഇപ്പോള്‍ നടന്ന 10-ാമത് പാര്‍ട്ടി സമ്മേളനം ആ ദൗത്യമാണ് നിര്‍വഹിച്ചത്. പാര്‍ട്ടിക്ക് സവിശേഷം നിര്‍വഹിക്കാനുള്ളത് രാഷ്ട്രീയ ദൗത്യമാണെന്ന തത്ത്വത്തിന് സമ്മേളനം അംഗീകാരം നല്‍കി. പരിഷ്‌കരണത്തിലും വികസനത്തിലുമായിരിക്കും ഇനി പാര്‍ട്ടിയുടെ കേന്ദ്രീകരണം. അതായത് ഭരണകൂടത്തില്‍നിന്ന്, രാഷ്ട്രത്തില്‍നിന്ന് തുടങ്ങുന്ന പരിഷ്‌കരണം. പദ്ധതിയുടെ അവശേഷിക്കുന്ന മാനങ്ങളില്‍നിന്നുള്ള വിഛേദനം പൂര്‍ത്തിയായി. ഇനി അവ ഏറ്റെടുത്ത് നടത്തേണ്ടത് സിവില്‍ സമൂഹ സ്ഥാപനങ്ങളാണ്. സാംസ്‌കാരിക സംഘടനകള്‍, സ്‌പോര്‍ട്‌സ് സംഘടനകള്‍, തൊഴിലാളി സംഘടനകള്‍, വിദ്യാഭ്യാസ-ധൈഷണിക പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വേദികള്‍ എന്നിവ പോലെ. സ്വാഭാവികമാണ് ഈ വികാസം. സാമാന്യത്തില്‍നിന്ന് സവിശേഷത്തിലേക്കുള്ള ചുവടുമാറ്റമാണത്. എല്ലാ ശാസ്ത്രങ്ങളും സാമൂഹിക പ്രതിഭാസങ്ങളും പുരോഗതിയിലേക്ക് വികസിക്കുന്നത് അങ്ങനെയാണ്.
സമഗ്രാധിപത്യ സ്വഭാവത്തോടു കൂടിയ സെക്യുലര്‍ പദ്ധതികളോടുള്ള പ്രതിപ്രവര്‍ത്തനമെന്ന നിലക്കാണ് സമഗ്രാധിപത്യ സ്വഭാവത്തോടു കൂടിയുള്ള ഇസ്‌ലാമിക പദ്ധതിയുടെ അരങ്ങേറ്റമുണ്ടായത്. വിപ്ലവം ആ സമഗ്ര പദ്ധതികളെ റദ്ദാക്കിക്കഴിഞ്ഞു. ഇസ്‌ലാമിക സാമൂഹിക പ്രതിഭാസവും അതനുസരിച്ച് വികസിക്കേണ്ടതുണ്ട്. ഇനി എല്ലാ മേഖലകളിലും പിടിമുറുക്കുന്നതിന് പകരം സവിശേഷ മേഖലയിലേക്ക് അത് പ്രവേശിക്കേണ്ടിയിരിക്കുന്നു. ദൗത്യങ്ങള്‍ വിഭജിക്കപ്പെടുകയും വേണം. ആധുനിക സമൂഹങ്ങളുടെ ലക്ഷണങ്ങളിലൊന്നാണത്.
ഏകാധിപത്യകാലത്ത് ഇസ്‌ലാമിക രാഷ്ട്രീയ പ്രവര്‍ത്തനം മസ്ജിദുകളുടെ ഒളിവിലായിരുന്നു. മാധ്യമങ്ങളുടെയും തൊഴിലാളി സംഘടനകളുടെയും സിവില്‍ സമൂഹ സംഘടനകളുടെയും ബാനറിലായിരുന്നു അന്ന് പ്രവര്‍ത്തനം നടന്നിരുന്നത്. കാരണം പ്രവര്‍ത്തനങ്ങള്‍ക്ക് അന്ന് വിലക്കുണ്ടായിരുന്നു.
ഇന്നിപ്പോള്‍ മറ്റൊരു പ്രവര്‍ത്തനത്തിന്റെ മറവില്‍ പ്രവര്‍ത്തിക്കേണ്ട ആവശ്യമോ അതിന് ന്യായീകരണമോ ഇല്ല. ആര്‍ക്കും അവരവരുടെ ദൗത്യം പരസ്യമായി നിര്‍വഹിക്കാം. ഏറ്റെടുക്കുന്ന സവിശേഷ ദൗത്യം ഭരണഘടനാനുസൃതം തന്നെ നിര്‍വഹിക്കാം. ഏതെങ്കിലും സംഘടനയുടെ നേതൃപരമായ പ്രവര്‍ത്തനവും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃപരമായ പ്രവര്‍ത്തനവും കൂട്ടിക്കുഴക്കേണ്ട ആവശ്യമില്ല. അതുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മസ്ജിദുകളിലെ ഇമാമുമാരായ ഏതാനും പേര്‍ പാര്‍ലെമന്റിലേക്ക് സ്ഥാനാര്‍ഥികളാകാന്‍ ഉദ്ദേശിച്ചപ്പോള്‍ എം.പി സ്ഥാനമോ ഇമാം സ്ഥാനമോ രണ്ടാലൊന്ന് തെരഞ്ഞെടുക്കാന്‍ ഞങ്ങള്‍ അവരോട് ആവശ്യപ്പെട്ടത്. മതവേദികളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗപ്പെടുത്തി എന്ന സംശയത്തിന് ഇടം കൊടുക്കാതിരിക്കാനായിരുന്നു അത്. മസ്ജിദുകള്‍ ആരാധനാ കേന്ദ്രങ്ങളാണ്. സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സംഗമ സ്ഥാനങ്ങളാണ്. അതേസമയം പാര്‍ട്ടി മാത്സര്യം വ്യത്യസ്താഭിപ്രായങ്ങളുടെയും സംഘട്ടനത്തിന്റെയും ഇടമാണ്.
ഈ വികാസത്തെ സ്വാഭാവിക വികാസമായാണ് ഞങ്ങള്‍ കാണുന്നത്. മനുഷ്യന് ലഭിക്കുന്ന സമയത്തിന് പരിമിതിയുണ്ട്, എല്ലാം ചെയ്തു തീര്‍ക്കാന്‍ ഒരുവനാകില്ല. മാത്രമല്ല ഈ കൂട്ടിക്കുഴക്കല്‍ പ്രയോജനകരമല്ലെന്നാണ് അനുഭവവും ഞങ്ങളെ പഠിപ്പിച്ചത്. കര്‍മമേഖലയിലെ നിര്‍വഹണപരമായ സങ്കലനത്തെക്കുറിച്ചാണ് ഞങ്ങള്‍ പറയുന്നത്. മതവും രാഷ്ട്രവും തമ്മിലുള്ള ബൗദ്ധികമായ വിഛേദനത്തെക്കുറച്ചല്ല. രാഷ്ട്രീയവും മതവും ജീവിതവും തമ്മില്‍ വിഭജിക്കുന്നതിനെക്കുറിച്ച് ഒരു മുസ്‌ലിമിന്റെ മസ്തിഷ്‌കത്തിലുണ്ടാകുന്ന ചിന്തയെക്കുറിച്ചല്ല നമ്മുടെ സംസാരം. ഞങ്ങളുടെ പ്രവര്‍ത്തനം ഒരു പ്രത്യേക ദിശയിലേക്ക് കേന്ദ്രീകരിക്കുന്നു എന്നത് മാത്രമാണ് സംഭവം. മൂല്യങ്ങളും യുക്തിയും തമ്മിലുള്ള വേരുകൂറിനെപ്പറ്റിയല്ല ഞങ്ങള്‍ പറയുന്നത്. പദ്ധതിയുടെ മാനങ്ങളില്‍ ഒരു പ്രത്യേക മാനത്തിന് വേണ്ടി ഒഴിഞ്ഞിരിക്കുക. മറ്റു മാനങ്ങളില്‍നിന്നെല്ലാം സ്വതന്ത്രമായി അതില്‍ മാത്രമായി പ്രവര്‍ത്തനം കേന്ദ്രീകരിക്കുക. ഇതാണ് സംഭവിക്കാന്‍ പോകുന്നത്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ഇസ്‌ലാമിക പദ്ധതിയുടെ സമഗ്ര സ്വഭാവം എന്നാല്‍ പാര്‍ട്ടിയുടെ സമഗ്രത എന്നര്‍ഥമുണ്ടായിക്കൊള്ളണമെന്നില്ല എന്നു സാരം. ഇസ്‌ലാമിക ചിന്ത സമഗ്രമാണെങ്കിലും അതിന്റെ നിര്‍വഹണം രാഷ്ട്രീയവും സാമ്പത്തികവും ശിക്ഷണവും ധര്‍മപ്രവര്‍ത്തനവുമെല്ലാം ഉള്‍ക്കൊണ്ട് ഒറ്റ സംഘടനാ ചട്ടക്കൂടില്‍ തന്നെ നടക്കണമെന്നത് അനിവാര്യമൊന്നുമല്ല. അത് വികാസപ്രതിഭാസവുമായി പൊരുത്തപ്പെടുകയില്ല. കാരണം, വികസനത്തിന്റെ അടയാളം ഏതെങ്കിലുമൊന്നില്‍ സവിശേഷ വൈദഗ്ധ്യമുണ്ടാവുക എന്നതത്രെ.
ഇസ്‌ലാമിക പദ്ധതിയുടെ മാനങ്ങള്‍ കൂട്ടിക്കുഴക്കുന്നത് പ്രായോഗികമായി ദോഷം ചെയ്യും. അതായിരുന്നു ഞങ്ങളുടെ അനുഭവം. കാരണം ഞങ്ങളുടെ രാഷ്ട്രീയം ഭരണകൂടവുമായി ഏറ്റുമുട്ടിയപ്പോഴൊക്കെ പദ്ധതിയുടെ അനുബന്ധ ഘടകങ്ങളെ അത് പ്രതികൂലമായി ബാധിക്കുകയുണ്ടായി. പൊതുവെ രാഷ്ട്രീയരംഗം കൊണ്ടും കൊടുത്തും കൊണ്ടുള്ളതാണ്. ഏറ്റുമുട്ടലുകള്‍ നടന്നപ്പോഴൊക്കെ മസ്ജിദുകള്‍ അടച്ചുപൂട്ടപ്പെടുകയുണ്ടായി. മസ്ജിദുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തടയപ്പെട്ടു. എല്ലാ ധൈഷണിക പരിപാടികളും കണ്ടുകെട്ടപ്പെട്ടു. ചാരിറ്റി സംഘടനകള്‍ക്കും സ്‌പോര്‍ട്‌സ് വേദികള്‍ക്കും സാംസ്‌കാരിക പരിപാടികള്‍ക്കും വിദ്യാഭ്യാസ-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം തടസ്സമുണ്ടായി. രാഷ്ട്രീയ പാര്‍ട്ടി ബന്ധത്തിന്റെ പേരില്‍ എല്ലാറ്റിനും ദോഷമുണ്ടണ്ടായി. കാരണം പാര്‍ട്ടിക്ക് പലപ്പോഴും ഏറ്റുമുട്ടലുകള്‍ നടത്തേണ്ടിവരും. അത് രാഷ്ട്രീയത്തിന്റെ സ്വഭാവമത്രെ. കൂടാതെ പാര്‍ട്ടിക്കെതിരെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി മതത്തെ ദുരുപയോഗപ്പെടുത്തുന്നു എന്ന ആരോപണവുമുണ്ടായി.
ലോകത്തുള്ള എല്ലാ മഹാ പ്രസ്ഥാനങ്ങളും, ഇടതുപക്ഷമായാലും വലതുപക്ഷമായാലും ലിബറലുകളായാലും യഥാര്‍ഥത്തില്‍ ബഹുവിധ മാനങ്ങളുള്ളതാണ്. ഇപ്പറഞ്ഞ ചിന്താധാരകളെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടികള്‍ മുതല്‍ മറ്റു സംഘടനകളും ചിന്തകന്മാരും ബുദ്ധിജീവികളും സാഹിത്യകാരന്മാരും മാധ്യമ പ്രവര്‍ത്തകരും വരെ ആരും തന്നെ ഒരേയൊരു സംഘടനയുടെ കുടക്കു കീഴില്‍ ഒന്നിക്കാറില്ല. പരസ്പരം സ്വതന്ത്രമായ പാര്‍ട്ടികളിലും സംഘടനകളിലുമാണ് അവര്‍ അണിചേരാറുള്ളത്. അപ്പോള്‍ ഇസ്‌ലാമിക സാമൂഹിക പ്രതിഭാസം മാത്രം ഒറ്റ സംഘടനയില്‍ ഒന്നിക്കണമെന്ന് ശഠിക്കുന്നതില്‍ എന്ത് ന്യായമാണുള്ളത്? പ്രബോധന പ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും സാമൂഹിക പ്രവര്‍ത്തനവുമൊക്കെ ഏറ്റെടുത്ത് നടത്തുന്ന ഒരു ഭീമന്‍ സംഘടനയായിരിക്കണം അതെന്ന് പറയുന്നതില്‍ എന്തര്‍ഥമാണുള്ളത്? അത് രാഷ്ട്രീയ ജീവിതത്തെയും സാമൂഹിക പ്രബോധന പ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിക്കാനേ ഇടവരുത്തുകയുള്ളൂ.
ഈ സമഗ്ര ഘട്ടത്തെ, വിപ്ലവവും ഭരണഘടനയും അവസാനിപ്പിച്ചു; സവിശേഷ രംഗത്തെ വികസനം ആവശ്യപ്പെടുന്ന പുരോഗമന ഘട്ടമായി പരിഗണിച്ചുകൊണ്ടുള്ള വിശേഷവത്കരണമാണ് ആധുനിക ജനാധിപത്യ സമൂഹങ്ങളുടെയും നാഗരികതയുടെയും അടയാളം.
വിവ: വി.എ.കെ
(അടുത്ത ലക്കത്തില്‍ അവസാനിക്കും)
Comments