ഇന്ത്യയുടെ പ്രതിഛായ കളങ്കപ്പെടുത്തുകയാണ് ഭരണകൂടം
ജെ.എന്‍.യു സംഭവം കേന്ദ്ര ഗവണ്‍മെന്റ് കൈകാര്യം ചെയ്ത രീതി ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ പ്രതിഛായക്ക് കളങ്കമേല്‍പിച്ചുവെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരി. ന്യൂദല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂനിവേഴ്‌സിറ്റി തലത്തില്‍ പ്രശ്‌നം പരിഹരിച്ചിരുന്നുവെങ്കില്‍ ഇത്രയധികം നെഗറ്റീവ് പബ്ലിസിറ്റിക്ക് ഇടയാകുമായിരുന്നില്ല.
ജെ.എന്‍.യു വിഷയം കലുഷമാക്കിയതില്‍ മാധ്യമങ്ങള്‍ നല്ല പങ്കുവഹിച്ചിട്ടുണ്ട്. ചിലരെ ദേശവിരുദ്ധരായി മുദ്രകുത്താനുള്ള മാധ്യമ വിചാരണകളാണ് നടന്നത്. മുന്‍വിധികളിലൂന്നിയ ജല്‍പനങ്ങള്‍ കൊണ്ട് ഒരു സമുദായത്തെ പ്രതിസ്ഥാനത്ത് നിര്‍ത്താനായിരുന്നു അവര്‍ക്ക് ഉത്സാഹം. സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുന്ന പ്രകോപനപരമായ പ്രസംഗങ്ങളാണ് സംഘ്പരിവാറില്‍നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അങ്ങേയറ്റം അപലപനീയമാണ് ഈ സാഹചര്യം. ആസന്നമായ അസംബ്ലി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് വര്‍ഗീയധ്രുവീകരണം ആസൂത്രണം ചെയ്യുന്നത് എന്നുവേണം കരുതാന്‍. സ്‌നേഹവും ഐക്യവും തകര്‍ക്കാനുള്ള സംഘ്പരിവാര്‍ യത്‌നങ്ങളില്‍ പെട്ടുപോകരുതെന്നാണ് ഇന്ത്യന്‍ ജനതയോട് അപേക്ഷിക്കാനുള്ളത്. വികസന അജണ്ടകളില്‍ അമ്പേ പാളിപ്പോയ ഭരണകൂടം ജനശ്രദ്ധ തിരിക്കാനാണ് വര്‍ഗീയ കാര്‍ഡിറക്കുന്നത്- അദ്ദേഹം തുടര്‍ന്നു.
വിദ്യാഭ്യാസം, ആരോഗ്യം, ന്യൂനപക്ഷ സുരക്ഷ തുടങ്ങിയ മേഖലകളില്‍ ബജറ്റില്‍ മതിയായ തുക വകയിരുത്താത്ത മോദി ഗവണ്‍മെന്റിനെ ജമാഅത്ത് നേതാക്കള്‍ വിമര്‍ശിച്ചു. പത്രസമ്മേളനത്തില്‍ ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ നുസ്രത്ത് അലി, സെക്രട്ടറി ജനറല്‍ എഞ്ചിനീയര്‍ മുഹമ്മദ് സലീം പങ്കെടുത്തു.
Comments