Prabodhanm Weekly

Pages

Search

2016 മാര്‍ച്ച് 18

2943

1437 ജമാദുല്‍ ആഖിര്‍ 09

എണ്ണ വിലയിടിവ് ഗള്‍ഫ് പ്രവാസികളെ പ്രതിസന്ധിയിലകപ്പെടുത്തുമോ?

വി.വി ശരീഫ്, സിംഗപ്പൂര്‍

ന്താരാഷ്ട്ര എണ്ണ വിപണിയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന വിലയിടിവ് ഗള്‍ഫ് പ്രവാസികളില്‍ വലിയ ആശങ്കയും ഭയവും സൃഷ്ടിച്ചിട്ടുണ്ട്. ഗള്‍ഫിനെ മുഖ്യ സാമ്പത്തിക സ്രോതസ്സായി ആശ്രയിക്കുന്ന മലയാളിയെ നേരിട്ട് ബാധിക്കുന്ന ഈ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് രണ്ടു രീതിയിലുള്ള പ്രതികരണങ്ങളാണ്  കണ്ടുവരുന്നത്. ഒരു വിഭാഗം ഇതൊന്നും അത്ര കാര്യമാക്കേണ്ട, എല്ലാം പഴയ പോലെ തിരിച്ചുവരും എന്ന അമിത പ്രതീക്ഷയിലാണ്. മറ്റൊരു കൂട്ടര്‍ ഗള്‍ഫില്‍ എല്ലാം അവസാനിക്കാന്‍ പോകുന്നുവെന്നും ഇനിയൊരു തിരിച്ചുവരവുണ്ടാകാന്‍ പോകുന്നില്ലെന്നും വിലപിക്കുന്നു.

2014 ല്‍ എണ്ണവില വന്‍കുതിപ്പു നടത്തി ബാരലിന് 104 ഡോളര്‍ വരെ എത്തി. ഇപ്പോള്‍ ഇതെഴുതുമ്പോള്‍ ബാരലിന് 34 ഡോളറിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. ഇക്കഴിഞ്ഞ വര്‍ഷം മൊത്തം ജി.സി.സി രാജ്യങ്ങള്‍ക്ക് പെട്രോളിയം വിലയിടിവ് കാരണമായി 30000 കോടി ഡോളറിന്റെ വരുമാനക്കുറവ് ഉണ്ടായതായി ഐ.എം.എഫ് വിലയിരുത്തുന്നുണ്ട്. 

പെട്രോളിയം വില ക്രമാതീതമായി വര്‍ഷങ്ങളോളം കൂടിക്കൊണ്ടിരുന്നതിനാല്‍ ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക പുരോഗതി തുടര്‍ന്നുകൊണ്ടേയിരുന്നു. മിഡിലീസ്റ്റ് രാഷ്ട്രങ്ങളില്‍ ഇടക്കുണ്ടാകുന്ന രാഷ്ട്രീയ പ്രതിസന്ധി കാരണമായും ചില വര്‍ഷങ്ങളില്‍ പെട്രോളിയം വില വന്‍കുതിപ്പുകള്‍ നടത്തിയിരുന്നു. ഉദാഹരണത്തിന് 2008 ജൂലൈയില്‍ ക്രൂഡോയില്‍ വില ബാരലിന് 147 ഡോളര്‍ വരെ എത്തി. ക്രമാതീതമായ വിലക്കൂടുതലും പ്രതിസന്ധികളാല്‍ ഉണ്ടാകുന്ന വന്‍ വിലക്കുതിപ്പും പെട്രോളിയത്തെ മുഖ്യമായി ആശ്രയിക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിക്കൊടുത്തു. ഈ അധിക വരുമാനം ഈ രാജ്യങ്ങളുടെ രാജ്യാന്തര നിക്ഷേപ ഫണ്ടുകളെ (Sovereign Wealth Fund) കനപ്പിച്ചു. ഇങ്ങനെയാണ് ലോകത്തിലെ രാജ്യാന്തര നിക്ഷേപ ഫണ്ടുകളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഏറ്റവും മുമ്പിലെത്താന്‍ തുടങ്ങിയത്. യു.എ.ഇക്ക് 80000 കോടി ഡോളര്‍, സുഊദി അറേബ്യക്ക് 70000 കോടി, ഖത്തറിന് 30000 കോടി, കുവൈത്തിന് 60000 കോടി ഇങ്ങനെയാണ് നിക്ഷേപങ്ങളുടെ കണക്ക്. ഒമാന്നും (300 കോടി), ബഹ്‌റൈന്നും (700 കോടി) ചെറിയ തോതില്‍ നിക്ഷേപമുണ്ട്. 

ഇപ്പോഴുണ്ടായ എണ്ണ വിലത്തകര്‍ച്ച പല കണക്കുകൂട്ടലുകളും തെറ്റിക്കുന്നതാണ്. അന്താരാഷ്ട്ര എണ്ണ വിപണിയില്‍ വിലത്തകര്‍ച്ചയും ഉയര്‍ച്ചയും മുമ്പും പല തവണ ഉണ്ടായിട്ടുണ്ടെങ്കിലും, ഇപ്പോഴത്തേത് അതില്‍നിന്നൊക്കെ വ്യത്യസ്തമാണ്. 1990 മുതല്‍ ഉണ്ടായ ഏറ്റവും വലിയ തകര്‍ച്ചയാണിത്. വന്‍ ലാഭം ഉണ്ടാക്കിയിരുന്ന പല ഓയില്‍ കമ്പനികളും വന്‍ നഷ്ടത്തിലാണ്. ചില കമ്പനികളെങ്കിലും പാപ്പരായിട്ടുമുണ്ട്. ഏകദേശം രണ്ടര ലക്ഷത്തോളം ആളുകള്‍ക്ക് ലോകവ്യാപകമായി ജോലി നഷ്ടപ്പെട്ടു. 

വിലത്തകര്‍ച്ചയുടെ കാരണങ്ങള്‍

ഒന്നാമതായി, അമേരിക്കയില്‍ കുറച്ചു വര്‍ഷങ്ങളായി എണ്ണയുല്‍പാദനം ഇരട്ടിയായിട്ടുണ്ട്. കുറഞ്ഞ ചെലവില്‍ ഉണ്ടാക്കുന്ന ഷെയ്ല്‍ (Shale) പെട്രോള്‍ ആണ് അതിന് ഒരു പ്രധാന കാരണം. ഇത് അമേരിക്കയുടെ പെട്രോളിയം ഇറക്കുമതി വലിയ തോതില്‍ കുറക്കാന്‍ കാരണമായി. ഇതുകാരണം അമേരിക്കയിലേക്ക് എണ്ണ കയറ്റിയയക്കുന്ന നൈജീരിയ, അള്‍ജീരിയ, സുഊദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ തങ്ങളുടെ കയറ്റുമതിയില്‍ ഉണ്ടായ ഇടിവ് നികത്തുന്നതിനു വേണ്ടി മറ്റു രാജ്യങ്ങളിലേക്ക് എണ്ണ കയറ്റിയയക്കാന്‍ മത്സരിച്ചു. രണ്ടാമതായി, അമേരിക്കയെ കൂടാതെ കാനഡ, റഷ്യ പോലുള്ള രാജ്യങ്ങള്‍ തങ്ങളുടെ പെട്രോളിയം ഉല്‍പാദനം കൂട്ടി ലോകവിപണിയില്‍ ഒപെക് രാജ്യങ്ങളുമായി മത്സരിക്കുകയാണ്. ഇത് ലോകവിപണിയില്‍ പെട്രോളിയം സുലഭമായി ലഭിക്കാന്‍ ഇടയാക്കി. മൂന്നാമതായി, ലോക സാമ്പത്തിക മാന്ദ്യവും ചൈന, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ നിര്‍മാണ മേഖലയിലുണ്ടായ തകര്‍ച്ചയും പെട്രോളിയം ഉല്‍പന്നങ്ങളുടെ ആവശ്യം വളരെയേറെ കുറച്ചു. നാലാമതായി, ഗള്‍ഫ് മേഖലയില്‍ എന്തെങ്കിലും രാഷ്ട്രീയ അസ്ഥിരത ഉണ്ടാകുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകാറുള്ള പെട്രോളിയം വിലക്കയറ്റം ഇത്തവണ ഉണ്ടായില്ല. ഇറാന്‍-സുഊദി രാഷ്ട്രീയ വടംവലി, ലിബിയയിലെ അസ്ഥിരത, സിറിയ, ഇറാഖ്, യമന്‍, ഐ.എസ് പ്രശ്‌നങ്ങളൊക്കെ പെട്രോളിയം വിലക്കയറ്റത്തിന് കാരണമാകുമായിരുന്നെങ്കിലും അതൊന്നും സംഭവിച്ചില്ല. ഇറാഖിലും ലിബിയയിലും ഉല്‍പാ

ദനം കൂടുകയാണുണ്ടായത്. ഇങ്ങനെ, പെട്രോളിയം സുലഭമാവുകയും അതോടൊപ്പം അതിന്റെ ഡിമാന്റ് കുത്തനെ ഇടിയുകയും ചെയ്തതാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണം. 

താളം തെറ്റുന്ന വാര്‍ഷിക ബജറ്റുകള്‍

വര്‍ഷങ്ങളായി പെട്രോളിയം വരുമാനം വലിയ തോതില്‍ ലഭിച്ചതു കാരണം മിക്ക ഗള്‍ഫ് രാജ്യങ്ങള്‍ക്കും മിച്ച ബജറ്റ് അവതരിപ്പിക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. 2015 മുതല്‍ സ്ഥിതി മാറിത്തുടങ്ങി. സുഊദി അറേബ്യ ആദ്യമായി കമ്മി ബജറ്റ് അവതരിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായിട്ടും കഴിഞ്ഞ വര്‍ഷം 10000 കോടി ഡോളറിന്റെ കമ്മി ബജറ്റാണ് സുഊദി അവതരിപ്പിച്ചത്. ഈ വര്‍ഷവും കമ്മി ബജറ്റ് തന്നെയാണ് (8700 കോടി ഡോളര്‍). അവരുടെ വിദേശ നിക്ഷേപത്തില്‍നിന്ന് 7000 കോടി ഡോളര്‍ ബജറ്റ് കമ്മി നികത്തുന്നതിനു വേണ്ടി ഉപയോഗിക്കേണ്ടിവന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് (BLOOMBERG). 2010 ല്‍ ജി.സി.സി രാജ്യങ്ങള്‍ക്കും മൊത്തം 60000 കോടി ഡോളറിന്റെ മിച്ച ബജറ്റ് ഉണ്ടായിരുന്നിടത്ത്, 2020 ആകുമ്പോഴേക്കും 70000 കോടി ഡോളറിന്റെ കമ്മി ഉണ്ടാകും എന്നാണ് ഐ.എം.എഫ് വിലയിരുത്തുന്നത്. കൂടാതെ പല ചെലവു ചുരുക്കല്‍ നടപടികള്‍ക്കും സുഊദി നീക്കം നടത്തുന്നുണ്ട്. മിക്ക ജി.സി.സി രാജ്യങ്ങളും നിരവധി ചെലവു ചുരുക്കല്‍ പദ്ധതികള്‍ ഇതിനകം തന്നെ നടപ്പിലാക്കിക്കഴിഞ്ഞു. ഇതുവരെ പിന്തുടര്‍ന്ന പെട്രോളിയം സബ്‌സിഡി വെട്ടിച്ചുരുക്കി ഇന്ധനവിലയില്‍ വര്‍ധനവു വരുത്തി. യു.എ.ഇ വാറ്റ് കൊണ്ടുവരാന്‍ തീരുമാനിച്ചു. മറ്റു പരിഷ്‌കരണങ്ങളും ജി.സി.സി രാജ്യങ്ങള്‍ ആലോചിക്കുന്നുണ്ട്. 

പെട്രോളിയം വരുമാനത്തെ മുഖ്യമായും ആശ്രയിക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ വാര്‍ഷിക ബജറ്റ് സമാന്തരമാകാന്‍ (വരവും ചെലവും സമമാകാന്‍) ലോക വിപണിയില്‍ ഇപ്പോഴുള്ള പെട്രോളിയം വില മതിയാകില്ല. സുഊദി അറേബ്യക്കാണ് ഏറ്റവും വലിയ ഭാരം. ക്രൂഡോയില്‍ വില ബാരലിനു 106 ഡോളര്‍ ഉണ്ടായാലേ ബജറ്റ് സമത്തിലെത്തിക്കാന്‍ കഴിയൂ. മറ്റു ജി.സി.സി രാജ്യങ്ങള്‍ക്ക് യഥാക്രമം ഖത്തര്‍ 55, കുവൈത്ത് 67, യു.എ.ഇ 73, ബഹ്‌റൈന്‍ 125, ഒമാന്‍ 115 എന്നീ തോതില്‍ ബാരലിനു വിലയുണ്ടായാല്‍ അവരുടെ ബജറ്റ് ബാലന്‍സ് ചെയ്യാന്‍ കഴിയും. ഖത്തറും കുവൈത്തും ചെറിയ രാജ്യങ്ങളായതും, യു.എ.ഇ മറ്റു വരുമാന മാര്‍ഗങ്ങള്‍ വിപുലപ്പെടുത്തിയതും കാരണം ഈ പ്രതിസന്ധിയില്‍ വളരെക്കാലം പിടിച്ചുനില്‍ക്കാന്‍ ഈ മൂന്ന് രാജ്യങ്ങള്‍ക്കാണ് താരതമ്യേന കഴിയുക. 

എന്തുകൊണ്ട് വിലയിടിവ് നിയന്ത്രിക്കാന്‍ കഴിയുന്നില്ല?

ഏറ്റവും ലളിതമായ സാമ്പത്തിക ശാസ്ത്ര തത്ത്വമാണ്, ഒരു വസ്തുവിന്റെ സുലഭമായ ലഭ്യത അതിന്റെ വിലക്കുറവിനു കാരണമാകും എന്നത്. വസ്തുവിന്റെ ലഭ്യത കുറയുമ്പോള്‍ അതിന്റെ വില കൂടുകയും ചെയ്യും. ഈ ലളിത തത്ത്വം അനുസരിച്ച് ഓയില്‍ കയറ്റുമതി രാജ്യ കൂട്ടായ്മയായ ഒപെക് (OPEC) എണ്ണലഭ്യതയില്‍ നിയന്ത്രണം കൊണ്ടുവരികയാണെങ്കില്‍ അന്താരാഷ്ട്ര വിപണിയില്‍ ഒരു പരിധിവരെ ആരോഗ്യകരമായ വില നിലനിര്‍ത്താന്‍ കഴിഞ്ഞേക്കാം. പക്ഷേ, ഇത്തരത്തില്‍ ഒരു നീക്കവും ഇതുവരെ ഉണ്ടായിട്ടില്ല. ഇതിനു ഒപെക് രാജ്യങ്ങളുടെ ന്യായീകരണം ഇങ്ങനെ: ഒപെക് ലഭ്യത കുറക്കുകയാണെങ്കില്‍ തീര്‍ച്ചയായും എണ്ണ വില വര്‍ധിക്കും. അങ്ങനെയാകുമ്പോള്‍ ലോക മാര്‍ക്കറ്റില്‍ ഒപെക് രാജ്യങ്ങളുടെ ഓയില്‍ ലഭ്യമാകുന്നതുപോലെ ഒപെക് അംഗങ്ങള്‍ അല്ലാത്ത അമേരിക്ക, കാനഡ, റഷ്യ എന്നീ രാജ്യങ്ങളുടെ എണ്ണയും സുലഭമാകും. ഈ മൂന്ന് രാജ്യങ്ങള്‍ക്കും ഒപെക് അംഗമല്ലാത്ത മറ്റു എണ്ണയുല്‍പാദന രാജ്യങ്ങള്‍ക്കും ഇപ്പോഴുള്ള വിലയേക്കാള്‍ അധികം വില ലഭിച്ചാല്‍ മാത്രമേ അവരുടെ പെട്രോളിയം വിപണനം ലാഭകരമാക്കാന്‍ കഴിയുകയുള്ളൂ. 

ജി.സി.സി രാജ്യങ്ങള്‍ക്ക് എണ്ണ ഉല്‍പാദിപ്പിക്കുന്നതിനു താരതമ്യേന ചെലവ് കുറവാണ്. സുഊദി അറേബ്യയില്‍ ഒരു ബാരല്‍ എടുക്കാന്‍ വരുന്ന ചെലവ് 10 അമേരിക്കന്‍ ഡോളറാണ്. കുവൈത്തില്‍ ഇത് 6 ഡോളറും യു.എ.ഇയില്‍ 12 ഉം ഖത്തറില്‍ 10 ഉം ബഹ്‌റൈന്‍, ഒമാന്‍ എന്നിവിടങ്ങളില്‍ 12 ഉം ആണ്. ഗള്‍ഫ് രാജ്യങ്ങളുടെ പെട്രോളിയം വില ബാരലിനു 20 ഡോളര്‍ ആയാലും തത്ത്വത്തില്‍ ഈ രാജ്യങ്ങളുടെ വിപണനം ലാഭത്തില്‍ തന്നെയായിരിക്കും. ഇപ്പോഴുള്ള പെട്രോളിയം വില തന്നെ തുടര്‍ന്നാല്‍ അമേരിക്ക, കാനഡ, റഷ്യ പോലുള്ള രാജ്യങ്ങള്‍ നഷ്ടത്തില്‍ വിപണനം നടത്തേണ്ടിയും വരും. പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വരുമ്പോള്‍ അവര്‍ ലോക മാര്‍ക്കറ്റില്‍ അവരുടെ പെട്രോളിയം ലഭ്യത വെട്ടിച്ചുരുക്കും. ഇതുവഴി ഗള്‍ഫ് രാജ്യങ്ങളുടെ പെട്രോളിയം വിപണനം കൂടുകയും ഭാവിയില്‍ വില കൂടുകയും ചെയ്യും. ഈ പ്രതീക്ഷയിലാണ് ഗള്‍ഫ് രാജ്യങ്ങള്‍. 

ഗള്‍ഫ് രാജ്യങ്ങളുടെ ഈ വിപണന തന്ത്രത്തിന് ഫലങ്ങള്‍ കണ്ടുതുടങ്ങി. പെട്രോളിയം വിലയിടിവിന് പ്രധാന കാരണക്കാരായ അമേരിക്കയില്‍ ഷെയ്ല്‍ ഓയില്‍ നിര്‍മാതാക്കള്‍ അവരുടെ ഓയില്‍ ലഭ്യത കുറച്ചുകൊണ്ടുവരാന്‍ തീരുമാനമെടുത്തതായാണ് ഒടുവിലത്തെ വാര്‍ത്ത. ഇപ്പോള്‍ ലോക വിപണിയിലെ പെട്രോള്‍ വില വെച്ച് അവര്‍ക്കും നഷ്ടത്തില്‍ കച്ചവടം ചെയ്യേണ്ടിവരും എന്നുള്ളതുതന്നെ കാരണം. റഷ്യയും സുഊദി അറേബ്യയും ക്രൂഡ് ഓയില്‍ ലഭ്യത കുറച്ചുകൊണ്ടുവരാന്‍ ഈയിടെ ധാരണയായിയിട്ടുണ്ട്. ഈ നീക്കങ്ങളൊക്കെ യാഥാര്‍ഥ്യമാവുകയാണെങ്കില്‍ എണ്ണ വില ഈ വര്‍ഷാവസാനം ബാരലിനു 50 ഡോളര്‍ വരെ എത്താം എന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഒപെക് അംഗങ്ങളായ എല്ലാ രാജ്യങ്ങളും ഈ നീക്കത്തിനു പിന്തുണ നല്‍കാന്‍ സാധ്യത കുറവാണ്; പ്രത്യേകിച്ച് ഇറാന്‍. ഉപരോധം അവസാനിച്ച് ലോക വിപണിയില്‍ പ്രവേശിക്കുമ്പോള്‍ ആ രാജ്യം ഇത്തരത്തിലൊരു നീക്കത്തിന് പിന്തുണ നല്‍കാന്‍ സാധ്യത കാണുന്നില്ല. ഇനി ഈ നിക്കങ്ങളൊന്നും യാഥാര്‍ഥ്യമായില്ലെങ്കില്‍, കുറച്ചു കാലം കൂടി ഈ പ്രതിഭാസം തുടരും. 

ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക ഭാവി

എല്ലാ ഗള്‍ഫ് രാജ്യങ്ങളുടെയും പ്രധാന സാമ്പത്തിക സ്രോതസ്സ് എണ്ണയില്‍നിന്നുള്ള വരുമാനം തന്നെയാണ്. പെട്രോളിയം വരുമാനത്തിന്റെ ആശ്രിതത്വം കുറച്ചുകൊണ്ടുവരാനും മറ്റു സാമ്പത്തിക മേഖലകള്‍ വികസിപ്പിച്ച് വിവിധ വരുമാന മാര്‍ഗങ്ങള്‍ അന്വേഷിക്കാനുമുള്ള ശ്രമങ്ങള്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളുടെയും സ്വപ്‌നമാണ്. അത് യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നേരത്തേ അവര്‍ തുടങ്ങിയതുമാണ്. ഇപ്പോഴത്തെ പ്രതിസന്ധി ഈ ശ്രമങ്ങള്‍ക്ക് ഒന്നുകൂടി ശക്തി പകര്‍ന്നിട്ടുണ്ട്. 'സുഊദി അറേബ്യ സ്ട്രാറ്റജി 2025', 'യു.എ.ഇ വിഷന്‍ 2021', 'ബഹ്‌റൈന്‍ വിഷന്‍ 2030', 'ഒമാന്‍ വിഷന്‍ 2020' ഇവയൊക്കെ ഈ രാജ്യങ്ങളുടെ വികസന പദ്ധതികളാണ്. പക്ഷേ ഏറ്റവും പുതിയ കണക്കുപ്രകാരം യു.എ.ഇ ഒഴികെ മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടിവരും. വര്‍ഷങ്ങള്‍ക്കു മുമ്പ് യു.എ.ഇക്ക് 90 ശതമാനം വരുമാനവും പെട്രോളിയത്തില്‍നിന്നാണ് ലഭിച്ചിരുന്നതെങ്കില്‍, ഇപ്പോള്‍ ആ രാജ്യത്തിന്റെ ദേശീയ ഉല്‍പാദനത്തില്‍ അതിന്റെ പങ്ക് 25 ശതമാനം മാത്രമാണ്. വ്യോമഗതാഗത സേവന രംഗത്ത് ദുബൈ അത്ഭുതപ്പെടുത്തുന്ന വളര്‍ച്ചയാണ് ഉണ്ടാക്കിയെടുത്തത്. അതേ പോലെ ദുബൈ തുറമുഖവും വളര്‍ച്ചയുടെ പാതയില്‍ തന്നെ. മേഖലയിലെ ഗതാഗത-ചരക്കു ഗതാഗതത്തിന്റെയും ടൂറിസത്തിന്റെയും മേല്‍ക്കോയ്മ ദുബൈ ഇതിനകം നേടിയെടുത്തിട്ടുണ്ട്. ഈ ആത്മവിശ്വാസത്തിന്റെ ബലത്തിലാണ് യു.എ.ഇ ഭരണാധികാരികള്‍ തങ്ങളുടെ രാജ്യത്തുനിന്ന് അവസാനത്തെ ബാരല്‍ എണ്ണ കയറ്റിയയക്കുന്നതും കാത്തിരിക്കുകയാണെന്ന് പറഞ്ഞത്. ഈ നേട്ടം മറ്റു ഗള്‍ഫ് നാടുകളും പിന്തുടരാന്‍ ശ്രമിക്കുന്നുണ്ട്. നല്ല കരുതല്‍ നിക്ഷേപങ്ങളുള്ള സുഊദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈത്ത് രാജ്യങ്ങള്‍ക്ക് ഈ നിക്ഷേപം ഉപയോഗിച്ചുതന്നെ ജി.സി.സി രാജ്യങ്ങളില്‍ സാമ്പത്തിക വൈവിധ്യവല്‍ക്കരണം നടപ്പാക്കാന്‍ കഴിയും. പക്ഷേ, ഈ പരിഷ്‌കരണങ്ങള്‍ക്ക് നടുവിലാണ് സിറിയ, യമന്‍, ഈജിപ്ത് പോലുള്ള രാജ്യങ്ങളിലെ പ്രശ്‌നങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വലിയ സാമ്പത്തിക ഭാരം വരുത്തിവെച്ചത്. ഇത് തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാകണം, ഇനിയങ്ങോട്ട് കരുതലോടെ നീങ്ങുന്നതിന്റെ ലക്ഷണങ്ങളും ഈ രാജ്യങ്ങള്‍ പ്രകടമാക്കുന്നു.

ചുരുക്കത്തില്‍, ലോകവിപണിയിലെ പെട്രോളിയം വിലയിടിവ് ഗള്‍ഫ് രാഷ്ട്രങ്ങളിലെ സാമ്പത്തിക മേഖലയെ വലിയ തോതില്‍ ബാധിക്കുമെങ്കിലും ഈ പ്രതിസന്ധിയോടെ ഈ രാജ്യങ്ങളുടെ ഭാവി ഇരുളടഞ്ഞുവരികയാണെന്നും, മലയാളികളടക്കമുള്ള പ്രവാസികള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോകാന്‍ തയാറെടുക്കുകയാണെന്നുമുള്ള പ്രചാരണം വസ്തുതാപരമാണെന്ന് തോന്നുന്നില്ല. അമിതഭയവും അശുഭാപ്തിയുമാണ് ഇതിനു പിന്നില്‍. അതേപോലെ, ഈ പ്രതിസന്ധി താല്‍ക്കാലികമാണെന്നും വീണ്ടും പെട്രോളിയം വില അത്യുന്നതിയില്‍ എത്തി ഗള്‍ഫ് തിരിച്ചുവരുമെന്നുമുള്ള അമിത പ്രതീക്ഷയും അസ്ഥാനത്താണ്. യാഥാര്‍ഥ്യം രണ്ടിനും മധ്യേയാണ്. ലോക സാമ്പത്തിക രംഗത്തെ ഇപ്പോഴുള്ള മാന്ദ്യം വര്‍ഷങ്ങള്‍ കൊണ്ട് മാറിവരും. പെട്രോളിയം ഉല്‍പന്നങ്ങളുടെ ആവശ്യകത വര്‍ധിക്കും. ഇത് എണ്ണക്ക് വില വര്‍ധിപ്പിക്കുമെന്ന് തീര്‍ച്ച. അതുവരേക്കും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കെല്‍പ്പുമുണ്ട്. ഈ മാന്ദ്യം തുടര്‍ന്നാല്‍ പോലും ഗള്‍ഫ് സാമ്പത്തിക രംഗം ചലിപ്പിക്കാന്‍ ഇന്ത്യന്‍ വിദഗ്ധരുടെയും തൊഴിലാളികളുടെയും സാന്നിധ്യം ആ രാജ്യങ്ങളില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. പെട്രോളിയത്തിന്റെ വിലവര്‍ധനവും ഗള്‍ഫ് സാമ്പത്തിക രംഗത്തെ വൈവിധ്യവല്‍ക്കരണവും യാഥാര്‍ഥ്യമാവുകയാണെങ്കില്‍, തീര്‍ച്ചയായും അത് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുന്നത് ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് തന്നെയായിരിക്കും; പ്രത്യേകിച്ചും മലയാളികള്‍ക്ക്. മലയാളി വ്യവസായികള്‍ക്കും നി

ക്ഷേപകര്‍ക്കും വളര്‍ന്നുവരാനുള്ള സാഹചര്യം ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തിക വൈവിധ്യവല്‍ക്കരണം സൃഷ്ടിക്കും. എന്തായാലും മലയാളികള്‍ അല്‍പം മുണ്ടുമുറുക്കിയുടുക്കേണ്ട സാഹചര്യമിപ്പോള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, പ്രതീക്ഷ കൈവിടേണ്ടതായിട്ടില്ല. 

Comments

Other Post

ഹദീസ്‌

വിജയ നിദാനങ്ങള്‍
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ 24 /അന്നൂര്‍ /2
എ.വൈ.ആര്‍