Prabodhanm Weekly

Pages

Search

2016 മാര്‍ച്ച് 18

2943

1437 ജമാദുല്‍ ആഖിര്‍ 09

നമ്മളെന്തിന് നമ്മിലേക്ക് ചുരുങ്ങണം?

മജീദ് കുട്ടമ്പൂര്‍

രോഗ്യത്തോടെ ജീവിക്കാന്‍ നല്ല ഭക്ഷണവും വ്യായാമവും മാത്രം പോരാ, മികച്ച സാമൂഹിക ബന്ധങ്ങളും വേണം. സമൂഹത്തില്‍നിന്ന് ഉള്‍വലിഞ്ഞ് സ്വന്തം തുരുത്തില്‍ ഒതുങ്ങിക്കൂടി ജീവിക്കലാണ് പുതിയ കാലത്തെ പ്രവണത. 

ലോകാരോഗ്യ സംഘടന നല്‍കിയ നിര്‍വചനപ്രകാരം ആരോഗ്യമെന്നാല്‍ ശാരീരികവും മാനസികവുമായ സമ്പൂര്‍ണ സുഖാവസ്ഥയാണ്. മാനസികാരോഗ്യവും സാമൂഹിക ബന്ധവും തമ്മില്‍ അഭേദ്യ ബന്ധം ഉണ്ട്. നല്ല സാമൂഹിക ബന്ധങ്ങള്‍ നല്ല മാനസികാരോഗ്യത്തിന് അനിവാര്യമാണ്. പഠന നിരീക്ഷണത്തിന് വിധേയമാക്കപ്പെട്ടവരുടെ സാമൂഹിക ബന്ധം, സമൂഹവുമായുള്ള ഇടപെടലുകളുടെ സ്വഭാവം എന്നിവ പരിഗണിച്ചപ്പോള്‍ രക്ത സമ്മര്‍ദം, ഹൃദ്രോഗം, മസ്തിഷ്‌കാഘാതം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങളും പഠനവിധേയമാക്കി. യൗവനത്തില്‍ കൂടുതല്‍ സാമൂഹിക ബന്ധങ്ങളുള്ളവര്‍ക്ക് പ്രായമാകുമ്പോള്‍ ഇത്തരം രോഗങ്ങള്‍ വളരെ കുറവാണെന്നാണ് കണ്ടെത്തിയത്. വൈകാരിക തീവ്രത കുറക്കുന്നതിനും സന്തുലിതവും സൗഖ്യപൂര്‍ണവുമായ ജീവിതം ക്രമീകരിക്കുന്നതിനും ഇവര്‍ക്ക് കഴിഞ്ഞുവത്രെ. പല രോഗങ്ങളുടെയും പ്രതിരോധവുമായി ബന്ധപ്പെട്ടു നടത്തിയ നിരവധി പഠനങ്ങള്‍ സാമൂഹിക ബന്ധം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നു. ഓര്‍മശക്തിക്കും ബൗദ്ധിക കഴിവുകള്‍ക്കും സാമൂഹിക ബന്ധം ഏറെ അനിവാര്യമാണ്. ഒരാളുടെ ആത്മീയ വീര്യം, സര്‍ഗാത്മകത, ക്രിയാത്മകത എന്നിവയെല്ലാം സാമൂഹിക ബന്ധങ്ങളുമായി കൂടി ബന്ധപ്പെട്ടതാണ്. 

മനുഷ്യന്‍ ഒരു സാമൂഹിക ജീവി ആയതിനാല്‍ അവനില്‍ സാക്ഷാത്കരിക്കാന്‍ ഉദ്ദേശിക്കുന്ന മൂല്യങ്ങളത്രയും സംഘം ചേരലിലൂടെയേ ആവിഷ്‌കരിക്കാനാവൂ. പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ് അവന്റെ ജൈവഘടന എന്നതുകൊണ്ടാണത്. നൈസര്‍ഗികമായ ഈ മൗലികതയെ തകര്‍ത്തുകൊണ്ടോ ഇല്ലാതാക്കിക്കൊണ്ടോ ഒരാള്‍ക്ക് സ്വാസ്ഥ്യം നേടുക സാധ്യമല്ല. വ്യക്തികള്‍ എന്ന നിലയില്‍ പാരസ്പര്യത്തിലൂടെ മാത്രമേ അവന് ജീവിതചക്രം അനായാസം തിരിക്കാനാവൂ. 

ജീവിതം സന്തുഷ്ടപൂര്‍ണമാവണമെങ്കില്‍ നാം വ്യക്തി ബന്ധങ്ങള്‍ മെച്ചപ്പെടുത്തിയേ മതിയാവൂ. ഒരാളുടെ ശാരീരിക-മാനസിക സൗഖ്യത്തില്‍ സമൂഹവും ചുറ്റുപാടും നിര്‍ണായക പങ്ക് വഹിക്കുന്നു. സഹജീവികളുമായി ബന്ധപ്പെട്ടും അവരെ ആശ്രയിച്ചും പൊരുത്തപ്പെട്ടും ആശയങ്ങള്‍ കൈമാറിയും സര്‍ഗാത്മകമായി പ്രതികരിച്ചും മാത്രമേ ജീവിത സാഫല്യം നേടാന്‍ കഴിയൂ. വ്യക്തിത്വത്തിന്റെ പൂര്‍ത്തീകരണമാണ് സാമൂഹികത. വ്യക്തിസാക്ഷാത്കാരത്തിന്റെ പൂര്‍ത്തീകരണം സാമൂഹിക ജീവിതത്തിന്റെ പുറത്തല്ല, അകത്താണ്. 

സാമൂഹിക ബന്ധങ്ങള്‍ പല കാരണങ്ങളാല്‍ തകര്‍ന്നുകൊണ്ടിരിക്കുന്നു. നമ്മുടെ കാലം ടെലിവിഷനും കമ്പ്യൂട്ടറും മൊബൈല്‍ ഫോണുമായി സ്വകാര്യ ലോകങ്ങള്‍ തീര്‍ക്കുകയാണ്. പഴയ ജീവിതത്തില്‍ കാണാമായിരുന്ന പരസ്പരം അടുത്തറിയലും ആവശ്യപൂര്‍ത്തീകരണത്തിനുള്ള ഒന്നിച്ചുനില്‍ക്കലും അന്യംനിന്നുപോകുന്നു. ആളുകള്‍ അവരവരുടെ താല്‍പര്യങ്ങളുമായി വേറിട്ടുനില്‍ക്കുന്ന ജീര്‍ണാവസ്ഥയെ 'സാമൂഹിക ദുരന്തം' എന്നാണ് മനഃശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. 

വീട്ടിലേതുപോലെ ചുറ്റുപാടുകളിലും സ്‌നേഹത്തിന്റെ കൂട്ടായ്മകള്‍ വേണം. സങ്കടവും സന്തോഷവും പങ്കുവെക്കാനാവണം. ജീവിത പ്രശ്‌നങ്ങളുടെ പരിഹാരം മിക്കപ്പോഴും കൂട്ടായ്മകളിലൂടെയാണ് സാധ്യമാവുക. ഒരാളുടെ സാമൂഹിക ബന്ധങ്ങളുടെ ചട്ടക്കൂട് നേരാംവണ്ണം പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അയാള്‍ക്ക് പ്രശ്‌നങ്ങളുടെ പരിഹാരവും അസാധ്യമാകുന്നു. 

സമൂഹം എന്ന വലിയ അസ്തിത്വത്തിന്റെ ചെറുകണികകളാണ് ഓരോരുത്തരും. സ്വന്തം തുരുത്തില്‍ ഒതുങ്ങിക്കഴിയുന്നതിനുപകരം മറ്റുള്ളവര്‍ക്കിടയില്‍ ചേര്‍ന്ന് ജീവിക്കുമ്പോള്‍ വികാര വിചാരങ്ങളും ആശയങ്ങളും കൈമാറ്റം ചെയ്യപ്പെടുന്നു. 

സാമൂഹിക ബന്ധങ്ങള്‍ കൂടുതല്‍ ദൃഢപ്പെടുത്തി ജീവിക്കുന്നവര്‍ കൂടുതല്‍ കാലം ജീവിക്കുന്നതായും മേല്‍ പഠനത്തിലുണ്ട്. ബന്ധങ്ങള്‍ ചേര്‍ക്കുന്നവന് ആയുസ് വര്‍ധിക്കുമെന്ന് പ്രവാചകന്‍ (സ) പഠിപ്പിച്ചിട്ടുണ്ട്. ആത്മസാക്ഷാത്കാരത്തിനായി സംഘം ചേരലാണ് ഇസ്‌ലാമിക ദര്‍ശനത്തിന്റെ അടിസ്ഥാനഭാവം. ഒരാള്‍ക്ക് ജീവിതത്തില്‍ ശാന്തിയും സമാധാനവും ഉറപ്പാക്കുന്ന എല്ലാ മാനുഷിക ബന്ധങ്ങളും അറ്റുപോകാതെ ചേര്‍ത്തിണക്കണമെന്നാണ് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത്. ഒരു കെട്ടിടത്തിന്റെ ഓരോ ഭാഗവും ഇതര ഭാഗങ്ങളെ ശക്തിപ്പെടുത്തുന്ന പോലെയാവണം ഒരു വിശ്വാസിക്ക് മറ്റൊരു വിശ്വാസിയെന്നാണ് നബിവചനം. ഇതര ജീവികളില്‍നിന്ന് ഭിന്നമായി ജന്മനാ തന്നെ പരസ്പരം സഹായം ആവശ്യമുള്ള ഘടനയിലാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്. കൂടിച്ചേരാനും ഒന്നിച്ചുചേരാനുമുള്ള പ്രവണത മനുഷ്യനില്‍ നൈസര്‍ഗികമാണ്. അതിനാല്‍ മാനസിക-ശാരീരിക സൗഖ്യത്തിന് സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക. ഓരോരുത്തരുടെയും സാമൂഹിക ബന്ധം മറ്റാരെയും ഏല്‍പിക്കാനാവാത്ത ഒന്നാണ്. 

Comments

Other Post

ഹദീസ്‌

വിജയ നിദാനങ്ങള്‍
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ 24 /അന്നൂര്‍ /2
എ.വൈ.ആര്‍