Prabodhanm Weekly

Pages

Search

2016 മാര്‍ച്ച് 18

2943

1437 ജമാദുല്‍ ആഖിര്‍ 09

പ്രമാണങ്ങളുടെ വെളിച്ചത്തില്‍ പുനര്‍വായിക്കുമോ?

'സ്ത്രീക്ക് മൂന്ന് പുറപ്പെടലുകള്‍ മാത്രമുണ്ടായിരുന്ന ആ കാലം എത്ര നല്ലത്! ഒന്ന്, മാതാവിന്റെ ഗര്‍ഭാശയത്തില്‍നിന്ന് ഭൂമിയിലേക്കുള്ള പുറപ്പെടല്‍. രണ്ട്, പിതാവിന്റെ വീട്ടില്‍നിന്ന് ഭര്‍ത്താവിന്റെ വീട്ടിലേക്കുള്ള പുറപ്പെടല്‍. മൂന്ന്, ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ഖബ്‌റിലേക്കുള്ള പുറപ്പെടല്‍. ഇപ്പോള്‍ എന്താ സ്ഥിതി!' വെള്ളിയാഴ്ച പള്ളി മിമ്പറില്‍ കയറി ഒരു ഖത്വീബ് ഇങ്ങനെ ആക്രോശിച്ചുവെന്ന് പ്രശസ്ത ഈജിപ്ഷ്യന്‍ പണ്ഡിതന്‍ മുഹമ്മദുല്‍ ഗസ്സാലി ഒരു അവതാരികയില്‍ എഴുതുന്നുണ്ട്. ഖത്വീബ് പറയുന്ന 'നല്ല കാലം', പ്രവാചകന്‍ ജീവിച്ച കാലമാണ്. അന്ന് സ്ത്രീകള്‍ വീട്ടിനുള്ളില്‍തന്നെ കഴിയുകയായിരുന്നുവെന്നും പിന്നെയാണ് 'പരിഷ്‌കരണവാദികള്‍' അവരെ വീടിനു വെളിയിലേക്ക് ഇറക്കിക്കൊണ്ടുവന്ന് നാശമാക്കിയതെന്നും പരാതിപ്പെടുകയായായിരുന്നു ആ മതപ്രഭാഷകന്‍. ഇത്തരം കടുത്ത സ്ത്രീവിരുദ്ധ നിലപാടുകളെ ഇസ്‌ലാമിക നിലപാടുകളായി അവതരിപ്പിക്കുന്ന ആളുകളും സംഘങ്ങളും ഇന്നും സജീവമാണ്. അത്തരം നിലപാടുകാരെ ഖുര്‍ആന്റെയും സുന്നത്തിന്റെയും ഇസ്‌ലാമിക ചരിത്രത്തിന്റെയും പിന്‍ബലത്തില്‍ നേരിടുന്ന ഒരു ബൃഹദ് ഗ്രന്ഥത്തിന് എഴുതിയ അവതാരികയിലാണ് മുഹമ്മദുല്‍ ഗസ്സാലി മേല്‍പ്പറഞ്ഞ സംഭവം ഉദ്ധരിക്കുന്നത്. പുസ്തകത്തിന്റെ പേര് ''സ്ത്രീവിമോചനം പ്രവാചക കാലഘട്ടത്തില്‍'' (തഹ്‌രീറുല്‍ മര്‍അ ഫീ അസ്വ്‌രിര്‍രിസാല). അബ്ദുല്‍ ഹലീം അബൂശഖ എന്ന പണ്ഡിതനാണ് ഗ്രന്ഥകര്‍ത്താവ്. ഇതുപോലൊരു ഗ്രന്ഥം ഏതാനും നൂറ്റാണ്ടുകള്‍ക്കു മുമ്പേ രചിക്കപ്പെട്ടിരുന്നുവെങ്കില്‍, മുസ്‌ലിം സ്ത്രീയെക്കുറിച്ചും അവളുടെ സാമൂഹിക പങ്കാളിത്തത്തെക്കുറിച്ചുമുള്ള പൊതുധാരണ ഇത്രയേറെ യാഥാസ്ഥിതികമാകുമായിരുന്നില്ല എന്നും മുഹമ്മദുല്‍ ഗസ്സാലി എഴുതുന്നുണ്ട്.

അത്രക്ക് പ്രാമാണികമാണ് ആറ് വാള്യങ്ങളിലായി ക്രോഡീകരിച്ചിരിക്കുന്ന ഈ കൃതി. നിലവിലുള്ള പ്രവാചക ജീവചരിത്രങ്ങള്‍ പൂര്‍ണമല്ലെന്നും ആ വ്യക്തിത്വത്തെ ഓജസ്സോടെ അവതരിപ്പിക്കാന്‍ അവക്ക് കഴിയുന്നില്ലെന്നും തിരിച്ചറിഞ്ഞ് പഠനം തുടങ്ങിയ ഗ്രന്ഥകാരന്‍ ഒടുവില്‍ എത്തിച്ചേരുന്നത് മുന്‍കാല ഇസ്‌ലാമിക പണ്ഡിതന്മാരൊന്നും സമഗ്രമായി സ്പര്‍ശിച്ചിട്ടില്ലാത്ത വലിയൊരു പഠന മേഖലയിലേക്കാണ്. പ്രവാചകന്റെ ജീവിതകാലത്ത് സ്ത്രീയുടെ വ്യക്തിത്വവും അവളുടെ സാമൂഹിക പങ്കാളിത്തവും എന്തായിരുന്നു? ഇതാണ് ഗ്രന്ഥകാരന്‍ അന്വേഷിച്ചത്. എക്കാലത്തെയും വിശ്വാസി സമൂഹത്തിന്റെ മാതൃക പ്രവാചക ജീവിതമാണെങ്കില്‍, സ്ത്രീയെക്കുറിച്ച ഇസ്‌ലാമിന്റെ യഥാര്‍ഥ നിലപാടറിയാന്‍ അക്കാലത്തെ സ്ത്രീജീവിതം പഠിച്ചാല്‍ മതിയാകുമല്ലോ. അതാണ് ഗ്രന്ഥകാരന്‍ ചെയ്തത്, വളരെ ആധികാരികമായിത്തന്നെ. സ്വിഹാഹ്, സുനന്‍, മുസ്‌നദ് തുടങ്ങിയ ഹദീസ് രചനകളുടെ വിവിധ ഇനങ്ങളും ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളും ഫിഖ്ഹ്-തസ്വവ്വുഫ് കൃതികളും ഇസ്‌ലാമിക ചരിത്രകൃതികളുമെല്ലാം പഠിച്ച ശേഷമാണ് കൃതി തയാറാക്കിയത്. തെറ്റുകളും നോട്ടപ്പിശകുകളും വന്നുപോകാതിരിക്കാന്‍ ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി, മുഹമ്മദുല്‍ ഗസ്സാലി, ഡോ. യൂസുഫുല്‍ ഖറദാവി, റാശിദുല്‍ ഗനൂശി തുടങ്ങി തന്റെ കാലത്തെ പ്രഗത്ഭ പണ്ഡിതന്മാരെക്കൊണ്ട് കൈയെഴുത്ത് പ്രതി പരിശോധിപ്പിച്ചു. ഗ്രന്ഥത്തില്‍ പ്രതിപാദിച്ച സ്ത്രീ-പുരുഷ സമ്പര്‍ക്കം പോലുള്ള വിഷയങ്ങളില്‍ പലരും വിയോജിപ്പുകള്‍ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, ഗ്രന്ഥത്തിന്റെ ആധികാരികത ഇതുവരെ ആരെങ്കിലും ചോദ്യം ചെയ്തതായി അറിയില്ല.

സ്ത്രീകള്‍ പ്രവാചകന്റെ കാലത്ത് രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ ഇടപെട്ടതിന്റെ സാക്ഷ്യങ്ങളാണ് ഈ കൃതി മുഴുക്കെ. ഖുര്‍ആനിലും, ബുഖാരിയും മുസ്‌ലിമും ശേഖരിച്ച ഹദീസ് സമാഹാരങ്ങളിലും വന്ന പരാമര്‍ശങ്ങളാണ് കാര്യമായും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപ്പോഴേക്ക് തന്നെ ആറ് വാള്യങ്ങളായി. ഇത്രയേറെ തെളിവുകള്‍ കണ്‍മുന്നിലുണ്ടായിട്ടാണ് ചില സംഘടനകള്‍ ഇപ്പോഴും സ്ത്രീകള്‍ പൊതുപ്രവര്‍ത്തനം നടത്തുന്നതിനെതിരെ രംഗത്തു വരുന്നത്.

കേരളത്തില്‍ ഈ ചര്‍ച്ച ഒരിക്കല്‍കൂടി ഉയര്‍ന്നുവരാന്‍ കാരണം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതാണ്. ഇരുപത് സിറ്റിംഗ് സീറ്റിലും സ്ഥാനാര്‍ഥികളായി. തോറ്റയിടങ്ങളില്‍ ആരൊക്കെയാണ് സ്ഥാനാര്‍ഥികള്‍ എന്നേ ഇനി അറിയാനുള്ളൂ. പ്രതീക്ഷിച്ചതുപോലെ, ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ ഒരൊറ്റ സ്ത്രീയുമില്ല. രണ്ടാം പട്ടികയിലും വനിതാ സ്ഥാനാര്‍ഥികള്‍ ഇടം പിടിക്കാന്‍ സാധ്യതയില്ല. മുസ്‌ലിം ലീഗിനൊപ്പം നില്‍ക്കുന്ന മത സംഘടനയുടെ സമ്മര്‍ദമാണ് ഇതിന് കാരണമെന്ന് മാധ്യമങ്ങള്‍ വിശകലനം ചെയ്‌തെങ്കിലും, ലീഗോ മത സംഘടനയോ അത് നിഷേധിക്കുകയോ ശരിവെക്കുകയോ ചെയ്തിട്ടില്ല. അതുതന്നെയാണ് കാരണമെന്ന് വനിതാ ലീഗ് ഭാരവാഹികളുടെ വര്‍ത്തമാനങ്ങളില്‍നിന്ന് ഊഹിച്ചെടുക്കാനുമാവും.

മുസ്‌ലിം സംഘടനകള്‍ നിലപാടെടുക്കുമ്പോള്‍ അത് ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് അനുസൃതമാവണമല്ലോ. ഇസ്‌ലാമിക പ്രമാണങ്ങളുടെയും ചരിത്രത്തിന്റെയും പിന്‍ബലത്തോടെ തങ്ങളുടെ നിലപാടുകള്‍ വിശദീകരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. നേരത്തേ പരാമര്‍ശിച്ച പോലെ, സ്ത്രീപങ്കാളിത്തത്തെക്കുറിച്ച ഇസ്‌ലാമിക കാഴ്ചപ്പാട് വിവരിക്കുന്ന ബൃഹദ് ഗ്രന്ഥങ്ങള്‍ പുറത്തുവന്ന ഒരു കാലത്ത് നിഷേധാത്മക നിലപാടെടുക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. പൊതു പ്രവര്‍ത്തനത്തിലെ സ്ത്രീ പങ്കാളിത്തം, പള്ളിപ്രവേശം തുടങ്ങിയ വിഷയങ്ങളില്‍ പരമ്പരാഗത യാഥാസ്ഥിതിക സങ്കല്‍പങ്ങള്‍ അന്ധമായി വെച്ചുപുലര്‍ത്തുന്നതിനു പകരം, അവയെ ഇസ്‌ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ പുനര്‍വായിക്കാന്‍ സംഘടനകള്‍ തയാറാവണം. 

Comments

Other Post

ഹദീസ്‌

വിജയ നിദാനങ്ങള്‍
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ 24 /അന്നൂര്‍ /2
എ.വൈ.ആര്‍