ഹസന്‍ തുറാബിയുടെ രാഷ്ട്രീയ ജീവിതം
1996-ലെ ഒരു സന്ധ്യ. ജനങ്ങള്‍ ഒഴുകുകയാണ്, ദോഹാ നഗരമധ്യത്തിലുള്ള അല്‍ അറബി സ്റ്റേഡിയത്തിലേക്ക്. പകുതിയിലധികവും സുഡാനികള്‍. കൂടെ ഖത്തരികളും ഇതര അറബ് വംശജരും. കുറഞ്ഞ അളവിലാണെങ്കിലും ഇന്ത്യക്കാരും പാകിസ്താനികളും ബാഗ്ലാദേശികളുമുണ്ട്. ഫുട്‌ബോള്‍ മത്സരം കാണാനായിരുന്നില്ല ആ ഒഴുക്ക്; സുഡാനിലെ അന്നത്തെ ഏറ്റവും ജനകീയനായ മതപണ്ഡിതന്റെ - രാഷ്ട്രീയ നേതാവിന്റെ പ്രഭാഷണം കേള്‍ക്കാനായിരുന്നു. സ്റ്റേഡിയമധ്യത്തിലൊരുക്കിയ വേദിയില്‍ ഡോ. ഹസന്‍ തുറാബി കൈവീശി പ്രത്യക്ഷപ്പെട്ടപ്പോള്‍ നിറഞ്ഞുകവിഞ്ഞ ഗാലറികള്‍ ആവേശഭരിതരായി. സദസ്സിന്റെ മുന്‍നിരയില്‍ ഉപവിഷ്ഠരായിരുന്ന ഡോ. യൂസുഫുല്‍ ഖറദാവി, യശശ്ശരീരനായ ശൈഖ് അബ്ദുല്‍ മുഇസ്സ് അബ്ദുസ്സത്താര്‍ തുടങ്ങിയ ലോക ഇസ്‌ലാമിക വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തില്‍, 'എതിര്‍ ടീമില്ലാത്ത മൈതാനത്ത് നാം കളി ആരംഭിക്കുകയാണ്' എന്ന സരസമൊഴിയോടെയാണ് തുറാബി പ്രഭാഷണമാരംഭിച്ചത്. ഹസന്‍ തുറാബിയെക്കുറിച്ച് ഏറെ വായിച്ചിട്ടിരുന്നെങ്കിലും മതപശ്ചാത്തലമുള്ള ആ രാഷ്ട്രീയ നേതാവിന്റെ ജനപ്രിയത ആദ്യമായി നേരില്‍ കണ്ടത് അന്നാണ്.
അന്നത്തെ ആ പരിപാടിക്കുശേഷം 20 വര്‍ഷം കഴിഞ്ഞു. കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് കര്‍മഗോദയോടു വിടപറഞ്ഞ ഡോ. ഹസന്‍ തുറാബിയുടെ ഭൗതികശരീരം ഖാര്‍ത്തൂമിലെ ബര്‍രീ ഖബ്‌റിസ്ഥാനില്‍ ദുഃഖാകുലരായ ആയിരക്കണക്കിനു അനുയായികളുടെ സാന്നിധ്യത്തിലാണ് മറമാടിയത്.അര നൂറ്റാണ്ടിലേറെക്കാലമായി ആഗോള ഇസ്‌ലാമിക നവോത്ഥാന ഗോദയിലെ നിറസാന്നിധ്യമായിരുന്നു തുറാബി. ഇസ്‌ലാമിക ചിന്തകന്‍, പ്രസ്ഥാനനായകന്‍, പരിഷ്‌കര്‍ത്താവ്, വിപ്ലവകാരി, ഭരണാധികാരി, രാഷ്ട്രീയ നേതാവ്, എഴുത്തുകാരന്‍, ബഹുഭാഷാ പണ്ഡിതന്‍ തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹം പ്രശസ്തനായിരുന്നു.
സംഭവബഹുലമായിരുന്നു തുറാബിയുടെ ജീവിതം. കിഴക്കന്‍ സുഡാനിലെ കസലാ നഗരത്തില്‍ 1932 ഫെബ്രുവരി ഒന്നിനാണ് ഹസന്‍ അബ്ദുല്ല തുറാബിയുടെ ജനനം. ബുദൈരിയ്യ ഗോത്രത്തില്‍പെട്ട ഒരു സമ്പന്ന, മതഭക്ത കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. ചെറുപ്പത്തിലേ മാതാവ് മരണപ്പെട്ടു. പിതാവ് അബ്ദുല്ല നഗരത്തിലെ ജഡ്ജിയും ഒരു സ്വൂഫീ ത്വരീഖത്തിന്റെ ആചാരൃനുമായിരുന്നു. പിതാവില്‍നിന്നുതന്നെ വിശുദ്ധ ഖുര്‍ആന്‍ വിവിധ പാരായണഭേദങ്ങളോടെ മനഃപാഠമാക്കി. ഒപ്പം അറബിഭാഷയുടെയും ശരീഅത്തിന്റെയും പ്രാഥമികപാഠങ്ങള്‍ അഭ്യസിച്ചു.
സുഡാനിലെ വിവിധ കലാലയങ്ങളില്‍നിന്ന് പ്രാഥമിക- സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ തുറാബി പ്രശസ്തമായ ഖാര്‍ത്തൂം സര്‍വകലാശാലയില്‍ നിയമപഠനത്തിനു ചേര്‍ന്നു. 1955-ല്‍ ബിരുദം നേടി പുറത്തിറങ്ങുകയും ഉപരിപഠനത്തിനായി ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ ചേരുകയും ചെയ്തു. 1957-ല്‍ അവിടെനിന്ന് ബിരുദാനന്തര ബിരുദം നേടി. തുടര്‍ന്ന് പി.എച്ച്.ഡി ഗവേഷണ പഠനത്തിനായി ഫ്രാന്‍സിലെ സോര്‍ബോണ്‍ യൂനിവേഴ്‌സിറ്റിയിലെത്തി. 1964-ല്‍ അവിടെനിന്ന് ഭരണഘടനാ നിയമ വിജ്ഞാനീയത്തില്‍ ഡോക്ടറേറ്റ് നേടി.
ബ്രിട്ടനിലെയും ഫ്രാന്‍സിലെയും ജീവിതത്തിനിടക്ക് പാശ്ചാത്യ സംസ്‌കാരത്തെയും നാഗരികതയെയും അടുത്തറിയാന്‍ അദ്ദേഹത്തിനായി. ഒപ്പം ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ പ്രപ്തി നേടി. തുറാബിയുടെ ആംഗലേയ ഭാഷാ മികവ് നേരിട്ടാസ്വദിക്കാന്‍ ഈ ലേഖകന് അവസരമുണ്ടായിട്ടുണ്ട്. രണ്ടു വര്‍ഷം മുമ്പ് ദോഹയിലെ റിട്‌സ്‌കാള്‍ട്ടന്‍ ഹോട്ടലില്‍ ഖത്തര്‍ ഔഖാഫ് മന്ത്രാലയം സംഘടിപ്പിച്ച ഒരു സെമിനാറിനിടെ മീഡിയാവണ്‍ ചാനലിനായി നടത്തിയ അഭിമുഖമായിരുന്നു രംഗം. ശുദ്ധ ബ്രിട്ടീഷ് ഇംഗ്ലീഷ് ഉച്ചാരണവും അവതരണപാടവവും ഏറെ ആകര്‍ഷകമായിരുന്നു. പൗരസ്ത്യ-പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ സമന്വയവും ഇരട്ട ജീവിതാനുഭവങ്ങളുടെ താളലയവും ഉള്‍ക്കാമ്പുള്ള ആദര്‍ശ വ്യക്തിത്വത്തില്‍ മേളിക്കുകയാണെങ്കില്‍ അയാള്‍ അസാധാരണ സിദ്ധികള്‍ക്കുടമയാവും എന്നതിന്റെ സാക്ഷ്യപത്രമാണ് ഡോ. തുറാബി. പാരീസ് പശ്ചാത്തലമുണ്ടായിരുന്ന ജമാലുദ്ദീന്‍ അഫ്ഗാനി, ശിഷ്യന്‍ മുഹമ്മദ് അബ്ദു, ജര്‍മനിയില്‍ പഠിച്ച അല്ലാമാ ഇഖ്ബാല്‍, അമേരിക്കയില്‍ പഠിച്ച ശഹീദ് സയ്യിദ് ഖുത്വ്ബ്, ബ്രിട്ടനില്‍ ജീവിച്ച ശൈഖ് റാശിദുല്‍ ഗനൂശി തുടങ്ങിയവരിലെല്ലാം ഇപ്പറഞ്ഞ ദ്വന്ദ്വസമന്വയം കാണാം. ഇസ്‌ലാമിക പ്രബോധകര്‍ ഗൗരവത്തില്‍ പഠനവിധേയമാക്കേണ്ട വിഷയമാണിത്.
പഠന-ഗവേഷണങ്ങള്‍ പൂര്‍ത്തിയാക്കി മാതൃരാജ്യത്ത് തിരിച്ചെത്തിയ തുറാബി ഖാര്‍ത്തൂം യൂനിവേഴ്‌സിറ്റിയിലെ ലോ ഫാക്കല്‍റ്റിയില്‍ അധ്യാപകനായി. 1965-ല്‍ ഫാക്കല്‍റ്റി തലവനായി. പ്രസ്തുത പദവി വഹിക്കുന്ന ആദ്യ സുഡാനിയായിരുന്നു അദ്ദേഹം. 1979-ല്‍ നിയമങ്ങളുടെ ഇസ്‌ലാമികവല്‍ക്കരണത്തിനുള്ള റിവ്യൂ കമ്മിറ്റിയുടെ അധ്യക്ഷപദവിയില്‍ നിയമിക്കപ്പെട്ടു. പിന്നീട് നിയമ മന്ത്രിയും (1981) പ്രസിഡന്റിന്റെ വിദേശകാര്യ ഉപദേഷ്ടാവുമായി (1983) ഉയര്‍ന്നു. 1988-ല്‍ പ്രധാനമന്ത്രി സാദിഖുല്‍ മഹ്ദിയുടെ കൂട്ടുകക്ഷി മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായി. ഉമറുല്‍ ബശീര്‍ ഭരണത്തിന്റെ ആദ്യദശയില്‍, 1996-ല്‍, പാര്‍ലമെന്റ് സ്പീക്കറായി. തുറാബി വഹിച്ച അവസാന ഭരണഘടനാപദവി അതായിരുന്നു.
1988-നു ശേഷം
1988-ല്‍ സാദിഖുല്‍ മഹ്ദിയുടെ ഗവണ്‍മെന്റിനെ ഇസ്‌ലാമികാഭിമുഖൃമുള്ള സൈനിക ഓഫീസര്‍മാരെ ഉപയോഗിച്ച് അട്ടിമറിച്ചതിനു പിന്നിലെ ബുദ്ധിയും ശില്‍പ്പിയും തുറാബിയായിരുന്നു. അന്ന് അണിയറക്കു പിന്നില്‍നിന്ന് പ്രവര്‍ത്തിച്ച അദ്ദേഹമാണ് ഇപ്പോഴത്തെ പ്രസിഡന്റ് ഉമറുല്‍ ബശീറിനെ അധികാരത്തിലേറ്റിയത്. 'ആയത്തുല്ലാഹില്‍ ഖാര്‍ത്തൂം' എന്നാണ് അക്കാലത്ത് പാശ്ചാത്യ മാധ്യമങ്ങള്‍ തുറാബിയെ വിശേഷിപ്പിച്ചിരുന്നത്. ബശീര്‍ ഭരണത്തിന്റെ ആദ്യ പത്തുവര്‍ഷം അദ്ദേഹം 'ആചാര്യനും' 'ശില്‍പ്പിയും' 'ഗുരുസ്ഥാനീ യനു'മൊക്കെയായി തുടര്‍ന്നു. 1996-ല്‍ പാര്‍ലമെന്റ സ്പീക്കറായ അദ്ദേഹം ഒപ്പം ഭരണകക്ഷിയായ നാഷ്‌നല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടതോടെ (1998) സ്ഥിതിഗതിയില്‍ മാറ്റം വന്നുതുടങ്ങി. പാര്‍ട്ടി അധ്യക്ഷന്‍ ഭരണകാര്യങ്ങളില്‍ അമിതമായി ഇടപെടലുകള്‍ നടത്തുന്നുവെന്ന ആക്ഷേപങ്ങളുയര്‍ന്നു. അതോടെ ബശീര്‍-തുറാബി ബന്ധത്തില്‍ വിള്ളല്‍ വീണു. പാര്‍ട്ടി സാരഥ്യത്തില്‍ ഒരു വര്‍ഷം തികക്കുന്നതിനു മുമ്പേ സര്‍വ അധികാരങ്ങളില്‍നിന്നും നിഷ്‌കാസിതനായ തുറാബി ഒടുവില്‍ പുറത്തുപോയി പീപ്പ്ള്‍സ് കോണ്‍ഗ്രസ് പാര്‍ട്ടി എന്ന പേരില്‍ പുതിയ പ്രതിപക്ഷ പാര്‍ട്ടിക്കു രൂപം നല്‍കി.
തുറന്ന പോരിന്റെ നാളുകളായിരുന്നു പിന്നീട്. തുറാബിയും പാര്‍ട്ടിയും ബശീര്‍ ഭരണത്തിന്റെ കടുത്ത വിമര്‍ശകരായി മാറി. പരമ്പരാഗത പ്രതിപക്ഷ പാര്‍ട്ടികളെപ്പോലും പിന്നിലാക്കുന്ന തരത്തിലായിരുന്നു വിമര്‍ശനം. ദക്ഷിണ സുഡാന്റെ വേറിട്ടുപോകല്‍, ദാര്‍ഫൂര്‍ കലാപം മുതല്‍ പലതും വിമര്‍ശന വിഷയങ്ങളായി. അതുകൊണ്ടുതന്നെ നിരവധി തവണ തുറാബിക്കു ജയിലില്‍ കിടക്കേണ്ടിവന്നു. ഏറ്റവുമൊടുവില്‍ ജയിലില്‍ പോയത് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ബശീറിനെതിരെ നരഹത്യക്കും മനുഷ്യാവകാശലംഘനങ്ങള്‍ക്കും കേസെടുത്ത് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചപ്പോള്‍ അതിനെ അനുകൂലിച്ചതിന്റെ പേരിലാണ്.
അറബ്‌വസന്തത്തിന്റെ സുഡാന്‍പതിപ്പ് ബശീറിയന്‍ ഉരുക്കുമുഷ്ടിയുടെ ഇടിയേറ്റ് ചതഞ്ഞതു മുതല്‍ തുറാബിയും പാര്‍ട്ടിയും നിലപാടുകളില്‍ മാറ്റം വരുത്തിത്തുടങ്ങി. വിമര്‍ശങ്ങളില്‍ മയം വരുത്തി. പിന്നീട് ബശീര്‍ മുന്നോട്ടുവെച്ച സംവാദ ഫോര്‍മുല ഇതര പ്രതിപക്ഷ കക്ഷികള്‍ നിരാകരിച്ചപ്പോഴും തുറാബിയും പാര്‍ട്ടിയും സ്വീകരിച്ചു. തുടര്‍ന്നുള്ള പാര്‍ട്ടി നയവിശദീകരണങ്ങളും ലേഖനങ്ങളുമൊക്കെ സംവാദ സമീപനത്തെ പ്രശംസിച്ചും പുകഴ്ത്തിയുമുള്ളതായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ഖത്തറിലെ 'അശ്ശര്‍ഖ്' പത്രവുമായുള്ള അഭിമുഖത്തില്‍ 'രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ സംവാദത്തിന്റെ വഴി സ്വീകരിക്കുന്നതില്‍ ഇനിയും അമാന്തിച്ചാല്‍ രാജ്യം മറ്റൊരു സോമാലിയയോ അഫ്ഗാനിസ്താനോ ആയിത്തീരുമെ'ന്ന് അദ്ദേഹം താക്കീതു ചെയ്തു. നിലവിലുള്ള ഭരണകൂടത്തെ വീഴ്ത്താന്‍ അശക്തരായതുകൊണ്ടാണ് സംവാദവഴി തെരഞ്ഞെടുക്കുന്നതെന്ന് ഈയിടെ അദ്ദേഹം തുറന്നുപറയുകയുണ്ടായി.
സംവാദവഴി സ്വീകരിച്ചതോടെ വീണ്ടും തുറാബി ബശീറുമായി അടുത്തു. ഇരു നേതാക്കളും പലതവണ വേദി പങ്കിട്ടു. മരിക്കുന്നതിന്റെ തലേ ദിവസം സൈനിക ആസ്ഥാന മസ്ജിദില്‍ വെള്ളിയാഴ്ച തുറാബി ജുമുഅ പ്രഭാഷണം നടത്തിക്കൊണ്ടിരുന്നപ്പോള്‍ മുന്‍നിരയില്‍ ശ്രോതാവായി ബശീറുമുണ്ടായിരുന്നത് ശ്രദ്ധേയമാണ്.
പുതിയ നയസമീപനത്തോടെ സുഡാനിലെ ഇസ്‌ലാമിക പക്ഷം വീണ്ടും ശക്തി പ്രാപിക്കുകയാണെന്നും ഇരു പാര്‍ട്ടികളും താമസിയാതെ ലയിക്കുമെന്നും മീഡിയയിലെ സ്ഥിരം 'നിരീക്ഷണങ്ങളാ'യിരുന്നു. കാര്യങ്ങള്‍ പാതിവഴിയിലായിരിക്കെ ആകസ്മികമായാണ് തുറാബിയുടെ വേര്‍പാട്. മരണവാര്‍ത്തയറിഞ്ഞ ബശീറും അദ്ദേഹത്തിന്റെ മുഴുവന്‍ മന്ത്രിമാരും തുറാബിയുടെ വീട്ടില്‍ പാഞ്ഞെത്തി. വീട്ടുകാരെ സമാധാനിപ്പിച്ചും സന്ദര്‍ശകരെ സ്വീകരിച്ചും ഏറെ നേരം അവരവിടെ സജീവമായിരുന്നു.
തുറാബിയും ബ്രദര്‍ഹുഡും
ഖാര്‍ത്തൂം സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരിക്കെ മുസ്‌ലിം ബ്രദര്‍ഹുഡില്‍ അംഗമാവുന്നതോടെയാണ് തുറാബിയുടെ പ്രബോധനജീവിതവും രാഷ്ട്രീയ പ്രവര്‍ത്തനവും ആരംഭിക്കുന്നത്. ബ്രിട്ടനിലെയും ഫ്രാന്‍സിലെയും ഉപരിപഠനം കഴിഞ്ഞ് അതേ സര്‍വകലാശാലയില്‍ അധ്യാപകനായി എത്തിയതോടെ അദ്ദേഹത്തിന്റെ പ്രശസ്തി ഏറെ വര്‍ധിച്ചു. അധ്യാപനത്തോടൊപ്പം അദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് വിപ്ലവാവേശവും പകര്‍ന്നു. ഏകാധിപതിയായിരുന്ന ഇബ്‌റാഹീം അബ്ബൂദ് നയിച്ച അക്കാലത്തെ പട്ടാള ഭരണകൂടത്തിനെതിരെ വിദ്യാര്‍ഥികളില്‍ അമര്‍ഷം പതഞ്ഞുപൊങ്ങി. 1964 ഒക്‌ടോബറില്‍ പട്ടാള ഭരണത്തിനെതിരെ നടന്ന ജനകീയ വിപ്ലവത്തില്‍ തുറാബിയും അദ്ദേഹത്തിന്റെ ശിഷ്യന്മാരും ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം മുന്‍പന്തിയിലുണ്ടായിരുന്നു.
വിപ്ലവം വിജയിച്ചതോടെ തുറാബി ഏറെ ശ്രദ്ധിക്കപ്പെട്ടു. സുഡാനില്‍ ബ്രദര്‍ഹുഡിന്റെ അനിഷേധ്യനേതാവായി വളര്‍ന്നു. തൊട്ടുടനെ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ പാര്‍ട്ടി മൂന്ന് സീറ്റ് നേടി. മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ സീറ്റെണ്ണത്തെ അപേക്ഷിച്ച് അതു കുറവായിരുന്നെങ്കിലും വരാനിരിക്കുന്ന രാഷ്ട്രീയ ശക്തിസാന്നിധ്യം വിളിച്ചറിയിക്കുന്നതായിരുന്നു ആ വിജയം.
എന്നാല്‍, താമസിയാതെ ഈജിപ്തിലെ ബ്രദര്‍ഹുഡുമായി അദ്ദേഹം അഭിപ്രായവ്യത്യാസത്തിലായി. സുഡാന്റെ പ്രാദേശിക സവിശേഷതകള്‍ക്കനുസരിച്ച് നയപരിപാടികളിലും പ്രവര്‍ത്തനങ്ങളിലും വരുത്തേണ്ട മാറ്റങ്ങളായിരുന്നു ഭിന്നിപ്പിന്റെ കേന്ദ്ര പ്രമേയം. അതോടൊപ്പം തുറാബിയെന്ന രാഷ്ട്രീയ കൗശലക്കാരന്റെ സാഹസികതകളും കുറുക്കുവഴികളും പക്വതയാര്‍ന്നൊരു പ്രസ്ഥാന നേതൃത്വത്തിനു വളരെ വേഗം ദഹിക്കുന്നതായിരുന്നില്ല. ഭിന്നിപ്പ് മൂര്‍ഛിച്ച് തുറാബിയും സംഘടനയും സ്വന്തമായ വഴി തെരഞ്ഞെടുത്തെങ്കിലും ബ്രദര്‍ഹുഡ്‌സ്പര്‍ശമുള്ള ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പൊതുസങ്കല്‍പങ്ങളും വര്‍ണങ്ങളും, കൈയൊഴിയാന്‍ കഴിയാത്തവിധം അദ്ദേഹത്തിലും സഹപ്രവര്‍ത്തകരിലും ആഴത്തില്‍ വേരൂന്നിയിരുന്നു. ഔപചാരിക സംഘടനാബന്ധങ്ങളുണ്ടായിരുന്നില്ലെങ്കിലും ഈജിപ്തിലെ ബ്രദര്‍ഹുഡുമായും ആഗോള ഇസ്‌ലാമിക പ്രസ്ഥാനങ്ങളുമായും വളരെ നല്ല ബന്ധമാണ് അവര്‍ കാത്തുസൂക്ഷിച്ചത്.
ഈജിപ്ഷ്യന്‍ ബ്രദര്‍ഹുഡുമായി സംഘടനാബന്ധം മുറിച്ചിട്ടും ലോകമെങ്ങുമുള്ള ഇസ്‌ലാമിക പ്രവര്‍ത്തകരും ഒപ്പം എതിരാളികളും തുറാബിയെ ബ്രദര്‍ഹുഡുകാരന്‍തന്നെയായാണ് പരിഗണിച്ചത്. ഇസ്‌ലാമിക പ്രസ്ഥാനചിന്തയുടെ സവിശേഷതയാണത്. ആ സവിശേഷതയാകട്ടെ ഖുര്‍ആന്റെ സ്വാധീനശക്തിയാണ്. ആരുടെയെങ്കിലും മനസ്സിനെ അത് ഒരിക്കല്‍ ആവേശിച്ചാല്‍ മതി, പിന്നീട് ജീവിതത്തിലൊരിക്കലും അതിനെ കുടഞ്ഞുകളയാനാവില്ല.
ഇബ്‌റാഹീം അബ്ബൂദിനെ വീഴ്ത്തിയ ജനകീയ വിപ്ലവത്തിനു ശേഷം ലഭിച്ച ജനാധിപത്യകാലം നന്നായി ഉപയോഗപ്പെടുത്തി തുറാബി തന്റെ സംഘടനയെ വളര്‍ത്തിയെങ്കിലും അത് അധികകാലം നീണ്ടുനിന്നില്ല. അപ്പോഴേക്കും കമ്യൂണിസ്റ്റ് സ്വാധീനമുള്ള സൈനിക ഓഫീസര്‍മാര്‍ വീണ്ടും പട്ടാളവിപ്ലവം നടത്തി; 1969-ല്‍. ജഅ്ഫര്‍ നുമൈരി പട്ടാള ഭരണാധികാരിയായി. തുറാബി ഒന്നിലധികം തവണ ജയിലിലടക്കപ്പെട്ടു.
പട്ടാള മുഷ്‌ക് പാരമ്യത്തിലെത്തിയതോടെ തുറാബിയുടെ നേതൃത്വത്തിലുള്ള ഇസ്‌ലാമിസ്റ്റുകള്‍ രാജ്യത്തെ രണ്ട് പ്രബല കക്ഷികളായ അല്‍ ഉമ്മയുമായും ഡെമോക്രാറ്റിക് യൂനിയനുമായും സഖ്യത്തിലായി പട്ടാളഭരണത്തിനെതിരെ നീങ്ങി. 1976-ല്‍ നുമൈരിക്കെതിരെ നടന്ന പ്രതിപക്ഷ സൈനിക വിപ്ലവം പരാജയപ്പെട്ടതോടെ സൈനിക ഗവണ്‍മെന്റുമായി സഖ്യത്തിലാവാന്‍ ത്രികക്ഷി സഖ്യം നിര്‍ബന്ധിതമായി. സഖ്യപ്രകാരം തുറാബി തന്റെ പാര്‍ട്ടി പിരിച്ചുവിടുകയും ഭരണകക്ഷിയായ സോഷ്യലിസ്റ്റ് യൂനിയനില്‍ ചേരുകയും ചെയ്തു. പക്ഷേ അതൊരു ഉപരിപ്ലവ ലയനം മാത്രമായിരുന്നു. അണിയറയില്‍ അദ്ദേഹം തന്റെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയും പുതിയ സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്തുകയും ചെയ്തു. പാര്‍ട്ടിയുടെ രഹസ്യ പ്രവര്‍ത്തനം കാരണം തുറാബിയും നുമൈരിയും തമ്മില്‍ കടുത്ത അഭിപ്രായവ്യത്യാസമുടലെടുത്തു. തുറാബി വീണ്ടും ജയിലിലടക്കപ്പെട്ടു.
അതോടെ ഇസ്‌ലാമിസ്റ്റുകള്‍ ഇതര കക്ഷികളുമായി ചേര്‍ന്ന് ജനകീയ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. 1985-ല്‍ അത് കൂടുതല്‍ ശക്തിപ്പെട്ടു. ഒടുവില്‍ ശക്തമായ ജനകീയ സമരത്തിലൂടെ നുമൈരി പുറത്താക്കപ്പെട്ടു. തുറാബിയുള്‍പ്പെടെയുള്ള രാഷ്ട്രീയ തടവുകാര്‍ ജയില്‍മോചിതരായി. തൊട്ടുടനെ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇസ്‌ലാമിസ്റ്റുകള്‍ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായി. തുറാബിയുടെ ഭാര്യാ സഹോദരന്‍ കൂടിയായ സാദിഖുല്‍ മഹ്ദിയുടെ അല്‍ ഉമ്മയുമായി കൂട്ടുമുന്നണിയുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിച്ചു. മഹ്ദി പ്രധാനമന്ത്രിയും തുറാബി ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായി. ഏറെ കഴിയുംമുമ്പേ മഹ്ദിയുമായി ഭിന്നത ഉടലെടുക്കുകയും ഇസ്‌ലാമിസ്റ്റുകള്‍ മുന്നണി വിടുകയും ചെയ്തു. പിന്നീട് തുറാബിയെയും അനുയായികളെയും കാണുന്നത് ഉമറുല്‍ ബശീറിന്റെ നേതൃത്വത്തില്‍ നടന്ന പട്ടാളവിപ്ലവത്തോടൊപ്പമാണ്. വിപ്ലവത്തിന്റെ യഥാര്‍ഥ എഞ്ചിനീയര്‍ തുറാബിയായിരുന്നു.
എഴുത്തുകാരന്‍, ചിന്തകന്‍
തിരക്കുപിടിച്ച രാഷ്ട്രീയക്കാരനായിട്ടും പല തവണ ജയില്‍ജീവിതം നയിക്കേണ്ടിവന്നിട്ടും ഈടുറ്റ ഗ്രന്ഥങ്ങള്‍ ഇസ്‌ലാമിക ലോകത്തിന് നല്‍കാന്‍ തുറാബിക്കായി എന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനു മാറ്റുകൂട്ടുന്നു. ഐക്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രശ്‌നങ്ങള്‍ (1980), കര്‍മശാസ്ത്ര നിദാനശാസ്ത്രത്തിന്റെ നവീകരണം (1981), ഇസ്‌ലാമികചിന്തയുടെ നവീകരണം (1982), സമകാല ഇസ്‌ലാമികരാഷ്ട്രത്തിന്റെ രൂപഭേദങ്ങള്‍ (1982), മതനവീകരണം (1984), നിയനിര്‍മാണത്തിന്റെ രീതിശാസ്ത്രം (1987), ഇസ്‌ലാമിലെ രാഷ്ട്രീയ സംജ്ഞകള്‍ (2000), നമസ്‌കാരം മതത്തിന്റെ തൂണ്‍ (2002), വിശ്വാസവും പ്രസ്ഥാനജീവിതത്തിലെ അതിന്റെ സ്വാധീനവും (2007), പുരോഗതി മാര്‍ഗം - നേട്ടം (2009), രാഷ്ട്രീയവും ഭരണവും (2012), ഏകദൈവത്വ വ്യാഖ്യാനം (2013) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മുഖ്യ കൃതികള്‍.
ഗ്രന്ഥങ്ങളുടെ ശീര്‍ഷകങ്ങള്‍ സൂചിപ്പിക്കുന്നപോലെ തന്നെ അദ്ദേഹം ഒരേസമയം മുഴുസമയ രാഷ്ട്രീയക്കാരനും പ്രബോധകനും ചിന്തകനുമായിരുന്നു. ഏതു മേഖലയിലാണെങ്കിലും 'നവീകരണചിന്തയെ' അദ്ദേഹം അളവറ്റ് താലോലിച്ചു. തനിക്കു ശരിയെന്നു തോന്നിയ അഭിപ്രായങ്ങള്‍ ധീരമായി വിളിച്ചുപറഞ്ഞു. അതുകൊണ്ടുതന്നെ വളരെയേറെ വിമര്‍ശകരുമുണ്ടായി. ഇസ്‌ലാമിക സമൂഹം പരമ്പരാഗതമായി മുറുകെപ്പിടിക്കുന്ന ചില അടിസ്ഥാനങ്ങളെപ്പോലും അദ്ദേഹം ചോദ്യം ചെയ്യുന്നുവെന്ന ആക്ഷേപങ്ങളുയര്‍ന്നു.
ഇസ്‌ലാമിക ഖിലാഫത്ത് രാജവാഴ്ചയിലേക്ക് വ്യതിചലിച്ചതിനെയും തുടര്‍ന്ന് രാജവാഴ്ചക്കാലങ്ങളിലുണ്ടായ അത്യാചാരങ്ങളെയും തുറാബി പലപ്പോഴും നിശിതമായി വിമര്‍ശിച്ചു. ഇസ്‌ലാമികചരിത്രത്തിലെ ചില രാജാക്കന്മാരുടെ ദുഷ്‌ചെയ്തികള്‍ വായിച്ച് കലിമൂത്ത തുറാബി ഒരിക്കല്‍ 'താരീഖുനാ കുല്ലുഹാ അസ്‌വദ്' (നമ്മുടെ ചരിത്രം മുഴുവന്‍ കറുത്തതാണ്) എന്നു പറഞ്ഞത് സാംസ്‌കാരിക വൃത്തങ്ങളില്‍ വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. മുസ്‌ലിം ചരിത്രത്തിലെ കരിന്താളുകളെ വിമര്‍ശനബുദ്ധ്യാ നിരൂപണം ചെയ്ത സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിക്കും തത്തുല്യമായ ഭര്‍ത്സനങ്ങള്‍ കേള്‍ക്കേണ്ടിവന്നത് ചരിത്രം.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകാലം തുറാബി സുഡാനിലെ രാഷ്ട്രീയ ഗോദയില്‍ നിറഞ്ഞുനിന്നു. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ രൂപീകരണത്തിലും നിര്‍മാണത്തിലും മുഖ്യപങ്കുവഹിച്ചു. ജനകീയവിപ്ലവങ്ങളെ നയിക്കുകയും പട്ടാളവിപ്ലവങ്ങള്‍ക്ക് ദിശാബോധം നല്‍കുകയും ചെയ്തു. ഇസ്‌ലാമികചിന്തയെ നവീകരിക്കാനുള്ള ഉല്‍ക്കടമായ ആഗ്രഹം സദാ പ്രകാശിപ്പിച്ചു. വിവിധ മേഖലകളില്‍ ഒരേസമയം കൈവെക്കുകയും തിളങ്ങുകയും ചെയ്ത തുറാബിയെപ്പോലുള്ള അപൂര്‍വ വ്യക്തിത്വങ്ങള്‍ എന്നും ചരിത്രത്തെ സ്വാധീനിച്ചുകൊണ്ടിരിക്കും. അല്ലാഹുവിന്റെ കരുണാകടാക്ഷങ്ങള്‍ക്കായി നമുക്ക് പ്രാര്‍ഥിക്കാം.
Comments