നിങ്ങള്‍ അഡിക്റ്റ് ആവുക
ഞാന്‍ നല്‍കിയ ഈ തലക്കെട്ട് വായനക്കാര്‍ക്ക് രുചിക്കില്ലെന്ന് എനിക്കറിയാം. കാരണം ലഹരി ഏതായാലും നല്ലതാണെന്ന് പറയാന്‍ പറ്റില്ലല്ലോ. പലര്‍ക്കും പല ലഹരികളുമുണ്ട്. പലരും പലതരം ലഹരിക്ക് അടിപ്പെട്ടവരാണ്. 'അഡിക്റ്റ്' എന്ന് വിശേഷിപ്പിക്കാവുന്ന വിധം പലരും പലതിനും കീഴ്‌പ്പെട്ടവരായുണ്ടാവും. പുകവലി, മദ്യം, മയക്കുമരുന്ന്, ഇന്റര്‍നെറ്റ്, ഗെയിംസ്, വാട്‌സ് ആപ്, ഫേസ്ബുക് അങ്ങനെ പലര്‍ക്കും പലതിനോടും ലഹരി, അല്ലെങ്കില്‍ അവയുടെ അഡിക്റ്റ്. നാം നമ്മില്‍ വളര്‍ത്തിയെടുക്കേണ്ട വേറൊരു ലഹരിയെക്കുറിച്ചാണ് ഞാന്‍ പറഞ്ഞുവരുന്നത്. വായനയുടെ ലഹരി. അതേ, നിങ്ങള്‍ വായനാശീലത്തിന്റെ അഡിക്റ്റ് ആവണം. കൂട്ടുകാരും സ്‌നേഹിതന്മാരും ഒന്നുമില്ലെങ്കിലും ഒരു വ്യക്തിക്ക് സൈ്വര്യമായി, സ്വസ്ഥമായി ഒരിടത്ത് ഇരുന്ന് വായനയില്‍ മുഴുകി പുസ്തകപ്രപഞ്ചത്തിലെ സുഹൃത്തുക്കളുമായി സംവദിക്കാനും സംസാരിക്കാനും കഴിയും. കൂട്ടുകാര്‍ പുസ്തകങ്ങളാവുമ്പോള്‍ വായനയില്‍ ഇടപഴകുന്ന വ്യക്തിത്വങ്ങളുമായിട്ടാവും ചങ്ങാത്തം. വായനക്കാരന് ഒരു പുതിയ കുടുംബമുണ്ടാവും; അവനെ ഉള്‍ക്കൊള്ളുകയും അവനെ ആഹ്ലാദിപ്പിക്കുകയും ചെയ്യുന്ന കുടുംബം. അയാള്‍ ഒരു സദസ്സില്‍ ഇരുന്നാല്‍ അയാളെ കേള്‍ക്കാന്‍ എല്ലാവരും കാതുകൂര്‍പ്പിച്ചിരിക്കും. കാരണം പുതിയ അറിവുകള്‍ അയാളുടെ നാവിന്‍തുമ്പത്തുണ്ടല്ലോ. പുസ്തകമോ ലേഖനമോ വായിച്ചാല്‍ അത് നിരൂപണം ചെയ്യാനും ഗുണദോഷങ്ങള്‍ വിലയിരുത്താനും അയാള്‍ക്കാവും. ഏതു തിരക്കും അയാളെ അലോസരപ്പെടുത്തില്ല. ഒരു കാത്തിരിപ്പും അയാളെ മുഷിപ്പിക്കില്ല. അയാളുടെ കൈയില്‍ സന്തത സഹചാരിയായ ഗ്രന്ഥമോ പ്രസിദ്ധീകരണമോ കാണുമല്ലോ.
ഖുര്‍ആനില്‍ ആദ്യം അവതരിച്ച വാക്ക് 'ഇഖ്‌റഅ്' (നീ വായിക്കുക) എന്നാണ്. ലിഖിത ഗ്രന്ഥവും ദൃശ്യപ്രപഞ്ചവും വായിച്ചറിയണം എന്നാണ് വിവക്ഷ. മുസ്‌ലിംകള്‍ വായനയിലും വിജ്ഞാനത്തിലും താല്‍പര്യം കാണിച്ച നാളുകളില്‍ ലോകത്ത് അവര്‍ മുന്‍നിരയിലായി. വികസിത രാജ്യങ്ങളുടെ പുരോഗതിക്കാധാരം വിജ്ഞാന ഭണ്ഡാരത്തിന്റെ താക്കോലുകള്‍ അവര്‍ കൈവശം വെക്കുന്നു എന്നതാണ്. അറിവിന്റെ രഹസ്യങ്ങള്‍ തേടി അവര്‍ അലയുന്നു. മികവിന്റെയും നൂതനാശയങ്ങളുടെയും താക്കോലാണ് വായന.
നിങ്ങള്‍ ഒരു വായനക്കാരനല്ലെങ്കില്‍ വായനക്കാരനാവാന്‍ പഠിക്കുക. ദിനചര്യയില്‍ അര മണിക്കൂര്‍ വായനക്ക് നീക്കിവെക്കുക. വായന അങ്ങനെ നിങ്ങളുടെ പതിവ് പരിപാടിയായിത്തീരട്ടെ. ഇനി വായന പതിവുശീലമാക്കാന്‍ പറ്റാത്ത വ്യക്തിയാണ് നിങ്ങളെങ്കില്‍ വായന നിങ്ങള്‍ക്ക് പ്രിയങ്കരമാക്കിത്തീര്‍ക്കുന്ന വേറെയും വഴികളുണ്ട്. ഏതെങ്കിലും ഒരു നിര്‍ണിത ഗ്രന്ഥം വായിച്ചു ചര്‍ച്ചചെയ്യുന്ന സുഹൃത്തുക്കള്‍ കാണും. അവരുമായി ചേര്‍ന്നുനില്‍ക്കാന്‍ ശ്രമിക്കുക. ഒരു പുസ്തകം വായിക്കാന്‍ കൈയില്‍ എടുത്താല്‍ നിങ്ങള്‍ക്ക് കൗതുകമുള്ള വിഷയങ്ങള്‍ വായിക്കുക. അല്ലാത്തവ വിട്ടേക്കുക. നിങ്ങള്‍ ഇഷ്ടപ്പെടുന്നതും മനസ്സ് കൊതിക്കുന്നതുമാവണം വായിക്കുന്നത്. വായിക്കാന്‍ തുടങ്ങിയ പുസ്തകം നിങ്ങളുടെ അഭിരുചിക്ക് ഇണങ്ങുന്നതല്ലെന്നോ നിങ്ങള്‍ക്ക് മടുപ്പുളവാക്കുന്നതാണെന്നോ തോന്നിയാല്‍ ഉടനെ ആ രചനയുടെ വായന ഉപേക്ഷിച്ചേക്കണം. കണ്ണും മനസ്സും പിന്നെ ആ പുസ്തകത്തില്‍ തളച്ചിടരുത്. ഒരു പുസ്തകം വായിച്ചുതീര്‍ക്കാന്‍ ഇത്ര സമയം, ഇത്ര ദിവസങ്ങളില്‍ ഇന്നയിന്ന പുസ്തകം എന്നെല്ലാം നിജപ്പെടുത്തിയാല്‍ വായന ഉന്മേഷദായകമായ അനുഭവമാകും. ഗ്രന്ഥ വായനയില്‍ എന്റെ ശീലം പറയാം. ഗ്രന്ഥത്തിലെ ഉള്ളടക്ക സൂചികയല്ലാത്ത മറ്റൊരു ഉള്ളടക്ക സൂചിക ഞാന്‍ എനിക്ക് വേണ്ടി തയാറാക്കും. അത് ഗ്രന്ഥം ഉള്‍ക്കൊള്ളുന്ന വിവരങ്ങളില്‍ എന്നെ വിസ്മയിപ്പിക്കുന്നവ അടയാളപ്പെടുത്തിക്കൊണ്ടായിരിക്കും. തലക്കെട്ട്, പേജ് എന്നിവ മുന്‍പേജില്‍ രേഖപ്പെടുത്തിവെക്കും. വായന കഴിഞ്ഞാല്‍ നേരത്തേ രേഖപ്പെടുത്തിവെച്ച ഭാഗങ്ങള്‍ ആവര്‍ത്തിച്ചുവായിക്കും. ഒരു മാസം കഴിഞ്ഞ് വീണ്ടും അടയാളപ്പെടുത്തിയ ഗ്രന്ഥ ഭാഗം ഒന്ന് കൂടി വായിക്കും. ആവര്‍ത്തനം അറിവിനെ ബലപ്പെടുത്തുമെന്നാണ് പ്രമാണം.
ഗ്രന്ഥത്തോടൊപ്പം സമയം ചെലവിടുന്നത് സന്തോഷവും ആഹ്ലാദവും ജനിപ്പിക്കും. പ്രസിദ്ധ പണ്ഡിതനും ഇമാമും മുജ്തഹിദുമായ അബ്ദുല്ലാഹിബ്‌നുല്‍ മുബാറകി(മരണം ഹിജ്‌റ 181)നോട് കൂട്ടുകാര്‍ ചോദിച്ചു: 'അങ്ങെന്താണ് ഞങ്ങളോടൊന്നിച്ചിരിക്കാന്‍ സമയം കാണാത്തത്?'' അദ്ദേഹത്തിന്റെ മറുപടി: 'ഞാന്‍ സ്വഹാബിമാരോടും താബിഉമാരോടുമൊപ്പമാണ് ഇരിക്കുന്നത്.' അവരുടെ ജീവിതവും ചരിത്രവും വായിക്കുകയാണെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. അറിവിന്റെ ഉറവിടമാണ് വായന. കര്‍മങ്ങള്‍ ആചരിക്കുന്നതിനു മുമ്പേ അറിവ് നേടാനാണ് നാം ആജ്ഞാപിക്കപ്പെട്ടിട്ടുള്ളത്. 'അറിയുക: അല്ലാഹു അല്ലാതെ ആരാധ്യന്‍ ഇല്ലെന്ന്. തെറ്റുകള്‍ക്ക് പാപമോചനം തേടുകയും ചെയ്യുക.'' പാപമോചന പ്രാര്‍ഥന എന്ന കര്‍മത്തിനു മുമ്പേ അല്ലാഹു അല്ലാതെ ആരാധ്യന്‍ ഇല്ലെന്ന അറിവ് വേണമെന്നര്‍ഥം. അറിവിന് നിരവധി ഉറവിടങ്ങളുണ്ട്. അതില്‍ മുഖ്യം കാഴ്ചയാണ്. കാഴ്ച വായനക്ക് വേണ്ടിയാണ്. കണ്ടും നിരീക്ഷിച്ചും മനുഷ്യന്‍ നേടുന്ന അറിവ് 75 ശതമാനമാണ്. കേള്‍വികൊണ്ട് 13 ശതമാനവും സ്പര്‍ശനത്തിലൂടെ 6 ശതമാനവും മണത്തുകൊണ്ട് മൂന്ന് ശതമാനവും രുചിച്ചുകൊണ്ട് മൂന്ന് ശതമാനവും അറിവാര്‍ജിക്കുന്നുവെന്നാണ് ശാസ്ത്രമതം. വായനയാണ് മനുഷ്യന് കാഴ്ചക്കുള്ള വിഭവങ്ങള്‍ നല്‍കുന്നത്. അഹ്മദുബ്‌നു ഹമ്പലിന്റെ ഒരു വചനമുണ്ട്: 'ഭക്ഷണത്തേക്കാളും പാനീയങ്ങളേക്കാളും മനുഷ്യന് ഏറെ ആവശ്യം അറിവാണ്. കാരണം ആഹാരവും പാനീയവും മനുഷ്യന് ഒന്നോ രണ്ടോ പ്രാവശ്യമേ വേണ്ടൂ. അറിവ് ഓരോ ശ്വാസോഛ്വാസത്തിലും വേണം.''
വിവ: പി.കെ ജമാല്‍
Comments