Prabodhanm Weekly

Pages

Search

2016 മാര്‍ച്ച് 18

2943

1437 ജമാദുല്‍ ആഖിര്‍ 09

എണ്ണവില പ്രതിസന്ധിയും ഇസ്‌ലാമിക് ബാങ്കിംഗിന്റെ കുതിപ്പും

അബ്ദുസ്സലാം ഓലയാട്ട്

സ്‌ലാമിക് ബാങ്കിംഗും ഇസ്‌ലാമിക സാമ്പത്തിക സംവിധാനത്തിലെ മറ്റു ഉല്‍പന്നങ്ങളും വളര്‍ച്ചയുടെ പടവുകള്‍ കയറുക തന്നെയാണ്. സാമ്പത്തിക മേഖലയും കമ്പോളവും പ്രതീക്ഷയും പ്രത്യാശയും നല്‍കിയാണ് 2015-ലേക്ക് പ്രവേശിച്ചത്. പക്ഷേ, ജനുവരി കടക്കുന്നതിനു മുമ്പുണ്ടായ എണ്ണ വിലയിടിവ്, മൊത്തം കമ്പോളത്തെയും സാമ്പത്തിക സംവിധാനങ്ങളെയും തകിടം മറിച്ചു. 2009-ല്‍ ഉണ്ടായ സാമ്പത്തിക മാന്ദ്യത്തില്‍ എണ്ണവില ബാരലിന് 40 ഡോളറിലെത്തിയെങ്കിലും, 2012-ല്‍ 130 ഡോളറിലേക്ക് ഉയര്‍ന്നിരുന്നു. 2013-ലും 2014-ലും എണ്ണവില 100 ഡോളറിനു മുകളില്‍ പിടിച്ചുനിര്‍ത്താന്‍ എണ്ണ കയറ്റുമതി രാജ്യങ്ങള്‍ക്ക് (ഒപെക്) സാധിച്ചു. 2015-ല്‍ അതു കുറയാന്‍ തുടങ്ങി. ഇപ്പോഴത് 35 ഡോളറില്‍ എത്തിനില്‍ക്കുന്നു. 

എണ്ണവില ഇടിഞ്ഞതിനു ശേഷമുള്ള ലോക സാമ്പത്തിക രംഗം നിരീക്ഷിക്കുകയാണെങ്കില്‍, ഒരുതരം സാമ്പത്തിക അനിശ്ചിതത്വം എല്ലാ തലങ്ങളിലും നിലനില്‍ക്കുന്നതായി കാണാം. രാജ്യങ്ങളും സ്ഥാപനങ്ങളും, വ്യക്തികള്‍ പോലും ചെലവ് കുറക്കുകയോ ചെലവഴിക്കാന്‍ മടിക്കുകയോ ചെയ്യുന്നു. പല രാജ്യങ്ങളും അവരുടെ വാര്‍ഷിക ബജറ്റുകളില്‍ കുറവുവരുത്തുകയും ചെലവുകള്‍ വെട്ടിക്കുറക്കുകയും നിയന്ത്രണവിധേയമാക്കുകയും ചെയ്യുന്നുണ്ട്.

ലോക സാമ്പത്തിക രംഗത്ത് വ്യാപകമായ പ്രതിസന്ധികളാണ് പെട്രോളിയം വിലയിടിവ് സൃഷ്ടിച്ചിരിക്കുന്നത്. എണ്ണയെ ആശ്രയിച്ച് കഴിയുന്നവരുടെ വരുമാനം കുറഞ്ഞതോടെ കമ്പോളത്തിലേക്ക് സമ്പത്തിന്റെ ഒഴുക്കിനും കാര്യമായ കുറവ് വന്നു. അനിശ്ചിതാവസ്ഥ സ്ഥാപനങ്ങളെയും വ്യക്തികളെയും ചെലവഴിക്കുന്ന കാര്യത്തില്‍ 'യാഥാസ്ഥിതിക' സമീപനം സ്വീകരിക്കാന്‍ നിര്‍ബന്ധിതരാക്കി.

ബാങ്കുകളുടെ മേലുള്ള ആഘാതം

ആഗോള മാര്‍ക്കറ്റില്‍ പെട്രോളിയത്തിന്റെ വിലയിടിവും രാജ്യങ്ങളുടെ ചെലവ് വെട്ടിക്കുറക്കലും, സ്ഥാപനങ്ങളുടെ വരവ് കുറയുന്നതുകൊണ്ടുള്ള ചെലവു കുറക്കലും ഏറ്റവും കൂടുതല്‍ ബാധിച്ചത് വാണിജ്യ ബാങ്കുകളെയാണ്. കമ്പോളത്തിലേക്കുള്ള ഫണ്ടിന്റെ ഒഴുക്കു കുറഞ്ഞതും നിക്ഷേപിക്കുന്നതിലുള്ള സംരംഭകന്റെയും നിക്ഷേപകരുടെയും 'യാഥാസ്ഥിതിക' സമീപനവും, അരക്ഷിതാവസ്ഥ മൂലമുള്ള പദ്ധതികളുടെ മെല്ലെപ്പോക്കുമാണ്  ബാങ്കുകളെ ഇത്രയധികം ദോഷകരമായി ബാധിക്കാന്‍ കാരണം. സുഊദി അറേബ്യ, വെനിസ്വല, റഷ്യ പോലുള്ള രാജ്യങ്ങള്‍ ബജറ്റ് ചെലവുകള്‍ ഗണ്യമായി വെട്ടിക്കുറച്ചു. എണ്ണ വരുമാന പ്രധാനമായ മറ്റു രാജ്യങ്ങളും പല സബ്‌സിഡികളും നിര്‍ത്തലാക്കി. ഇതുകാരണം ബാങ്കുകളിലേക്കുള്ള നിക്ഷേപങ്ങള്‍ കുറയുകയും വായ്പ എടുക്കുന്നതില്‍ കുറവ് വരികയും ചെയ്തു. പലിശ വരുമാനത്തിലുണ്ടായ സാരമായ കുറവ് ബാങ്കുകള്‍ക്ക് താങ്ങാവുന്നതിലപ്പുറമായിരുന്നു. ഈ കമ്പോള അനിശ്ചിതാവസ്ഥ ഏറ്റവും കൂടുതല്‍ ബാധിച്ചത് പാരമ്പര്യ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളെയും വളര്‍ച്ചയെയുമായിരുന്നു. ചൈനയുടെ കറന്‍സിയിടിവും അതു മുഖേനയുണ്ടായ സാമ്പത്തിക വളര്‍ച്ചാ വ്യതിയാനവും മറ്റു രാജ്യങ്ങളുടെ കറന്‍സിയുടെ വിലയിടിയാനും പുതുതായി വളര്‍ന്നുവരുന്ന കമ്പോളങ്ങളെ തളര്‍ത്താനും കാരണമായി.

ഇസ്‌ലാമിക് ബാങ്കിംഗ് ആസ്തി

ഇവിടെ സൂചിപ്പിച്ച കാരണങ്ങളാല്‍ പാരമ്പര്യ പലിശാധിഷ്ഠിത ബാങ്കുകള്‍ പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെടുമ്പോള്‍, ലോക വിപണിയില്‍ ഇസ്‌ലാമിക് ബാങ്കുകള്‍ ത്വരിതഗതിയിലുള്ള വളര്‍ച്ചയാണ് കാഴ്ചവെക്കുന്നത്. ഇസ്‌ലാമിക് ബാങ്കിംഗിന്റെ ആഗോള ആസ്തിമൂല്യം 2015 ഡിസംബറോടെ ഏകദേശം രണ്ട് ട്രില്യന്‍ ഡോളറില്‍ എത്തിനില്‍ക്കുകയാണ്(ഏകദേശം പതിമൂന്നു ലക്ഷത്തി ഇരുപത്തിയാറായിരം കോടി രൂപ). വെറും നാലു ദശാബ്ദം കൊണ്ടുണ്ടായ വളച്ചയാണിത്. വാര്‍ഷിക വളര്‍ച്ച കണക്കാക്കിയിരിക്കുന്നത് ശരാശരി 15 മുതല്‍ 20 വരെ ശതമാനമാണ്. ഇതു ശതാബ്ദങ്ങളായി നിലനില്‍ക്കുന്ന പലിശാധിഷ്ഠിത പാരമ്പര്യ ബാങ്കുകളേക്കാള്‍ വളര്‍ച്ചാ തോതില്‍ എത്രയോ കാതം മുന്നിലാണ്. കമ്പോള വിദഗ്ധര്‍ പ്രവചിക്കുന്നത്, ഇതേ വളര്‍ച്ചയുമായി മുന്നോട്ടുപോകുമെന്നും 2018 ആകുമ്പോള്‍ ഇസ്‌ലാമിക് ബാങ്കിംഗിന്റെ ആഗോള സാമ്പത്തിക മൂല്യം (ആസ്തി) നാലു ട്രില്യന്‍ ഡോളറില്‍ എത്തുമെന്നുമാണ് (ഏകദേശം ഇരുപത്തിയാറു ലക്ഷത്തി അമ്പതിരണ്ടായിരം കോടി രൂപ). അതേസമയം ഇസ്‌ലാമിക് ബാങ്കിന് പലിശാധിഷ്ഠിത പാരമ്പര്യ ബാങ്കിനെ അപേക്ഷിച്ച് ആസ്തി മൂല്യം കുറവാണ്; വളര്‍ച്ചാ നിരക്ക് വളരെ കൂടുതലും.

ഇസ്‌ലാമിക് ഫിനാന്‍സിന് ഒരുപാട് ദൂരം ഇനിയും മുന്നോട്ടുപോകാനുണ്ട്. ആഗോള ക്രെഡിറ്റ് കമ്പോളത്തിലും ഡെബിറ്റ് കമ്പോളത്തിലും കടപ്പത്രം വിതരണത്തിലുമാണ് കുടുതല്‍ ശ്രദ്ധയൂന്നേണ്ടത്. ആഗോളതലത്തില്‍ 6 ട്രില്യന്‍ ഡോളറിന്റെ കമ്പനി ഓഹരി വിതരണം നടന്ന ഈ വര്‍ഷം കമ്പോളത്തില്‍, ഇസ്‌ലാമിക് ഫിനാന്‍സിന്റെ  കടപ്പത്രം (സുകൂക്) വെറും 2 മുതല്‍ 3 ശതമാനം വരെ മാത്രമാണ്. സുകൂകിന്റെ കാര്യത്തില്‍ (ഓഹരി വിതരണം) കുറേക്കൂടി കമ്പോളത്തിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതുണ്ട്. എന്നിരുന്നാലും, ഇസ്‌ലാമിക് ഫിനാന്‍സിന്റെ വളര്‍ച്ച  കമ്പോളത്തില്‍ വളരെ പ്രകടമാണ്. കുറച്ചുകൂടി പ്രചാരണവും ബോധവത്കരണവുമുെണ്ടങ്കില്‍, കൂടുതല്‍ വളര്‍ച്ച നേടാന്‍ സാധിക്കും.

അഭൂതപൂര്‍വമായ വളര്‍ച്ച

2015 രണ്ടാം പകുതിയില്‍ ബ്രിട്ടന്‍, മലേഷ്യ, സുഊദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളില്‍നിന്ന് ഇസ്‌ലാമിക് ഫിനാന്‍സിന്റെ അടിസ്ഥാനത്തിലും ശരീഅത്ത് നിയമത്തിന്റെ വെളിച്ചത്തിലും പുറത്തുവിട്ട ഓഹരി കടപ്പത്രങ്ങള്‍ (സുകൂക്) ഈ രംഗത്ത് അതിവേഗം മുന്നോട്ടുപോകാനുള്ള ഊര്‍ജം ആഗോള കമ്പോളത്തിനു നല്‍കിയിട്ടുണ്ട്. പ്രതീക്ഷിച്ചതിലും കൂടുതല്‍ സ്വീകാര്യതയാണ് കമ്പനി ഓഹരികള്‍ക്ക് ലഭിച്ചത്. നാലു പതിറ്റാണ്ടായി ജനങ്ങളുടെ വിശ്വാസമാര്‍ജിച്ചുകൊണ്ട്, ക്രമപ്രവൃദ്ധമായാണ് ഇസ്‌ലാമിക് ഫിനാന്‍സ് ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്കന്‍ വന്‍കരകളില്‍ മുന്നോട്ടുപോകുന്നത്. പുതിയ പുതിയ രാജ്യങ്ങള്‍ ഇസ്‌ലാമിക് ഫിനാന്‍സ് ഉല്‍പന്നങ്ങളും രീതികളും സ്വീകരിക്കാന്‍ മുന്നോട്ടുവരുന്നത്, ജനങ്ങള്‍ ഒരു ബദല്‍ അന്വേഷിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ്; പ്രത്യേകിച്ചും ഇപ്പോള്‍ നിലനില്‍ക്കുന്ന  അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തില്‍. ഇസ്

ലാമിക് ബാങ്കിംഗ് വ്യവസായത്തിന്റെ പ്രത്യേകതകളാണ് അതിനു കാരണം. കമ്പോള നിയന്ത്രണ(മാര്‍ക്കറ്റ് റെഗുലേഷന്‍)ത്തോട് കൂടിയുള്ള നിരീക്ഷണ സംവിധാന(മോണിറ്ററിംഗ് മെക്കാനിസം)മാണ് അതില്‍ പ്രധാനം. എല്ലാ തലങ്ങളിലുമുള്ള ക്രയവിക്രയം നിയന്ത്രണത്തിനു വിധേയമാണ്. പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുമ്പോഴും പുതിയ സംരംഭങ്ങള്‍ ഏറ്റെടുക്കുമ്പോഴും വായ്പകള്‍ അനുവദിക്കുമ്പോഴും ഈ നിയന്ത്രണവും നിരീക്ഷണവും കര്‍ശനമായി പാലിക്കപ്പെടും. ഇസ്‌ലാമിക് ബാങ്കിംഗ് സംവിധാനത്തെ കമ്പോളം ഏറ്റെടുത്തിരിക്കുന്നു എന്നതിന്റെ സൂചനയാണ് അതിന്റെ ത്വരിതഗതിയിലുള്ള വളര്‍ച്ച.

ആഗോള ബാങ്കിംഗ്-സാമ്പത്തിക വിനിമയ രംഗങ്ങളില്‍ കാലങ്ങളായി ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടന് പ്രത്യേക സ്ഥാനമുണ്ട്. ബ്രിട്ടീഷ് അധികൃതര്‍ ആഗ്രഹിക്കുന്നത് ലണ്ടന്‍ ആഗോള ഇസ്‌ലാമിക സാമ്പത്തിക സംവിധാനങ്ങളുടെ ആസ്ഥാനം കൂടിയാവണമെന്നാണ്. പാരമ്പര്യ കമ്പോളങ്ങളുമായി അതിനുള്ള ബന്ധവും ആഗോള ബാങ്കിംഗ് ബിസിനസ്സിലുള്ള മേല്‍ക്കോയ്മയും ഇതിനു സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഇസ്‌ലാമിക് ബാങ്കിംഗ് സൂചിക പുറത്തിറക്കിക്കൊണ്ട് പ്രഖ്യാപിച്ചത്, ലണ്ടന്‍ ലോക ഇസ്‌ലാമിക് ഫിനാന്‍സിന്റെ തലസ്ഥാനമാവുമെന്നാണ്. ഇതിന്റെ ഭാഗമായി 200 മില്യന്‍ പൗണ്ടിന്റെ ഗവണ്‍മെന്റ് കടപ്പത്രം ധനമന്ത്രാലയം പുറപ്പെടുവിക്കുകയും അവ പെട്ടെന്നു തന്നെ വിറ്റഴിക്കപ്പെടുകയും ചെയ്തു. ഇസ്‌ലാമിക്  ബാങ്കിംഗ് സംവിധാനം സമൂഹത്തില്‍ എല്ലാവര്‍ക്കുമുള്ളതാണ് എന്നാണ് ബ്രിട്ടീഷ് അധികൃതരുടെ നിലപാട്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ മുസ്‌ലിംകളല്ലാത്തവര്‍ ബ്രിട്ടനിലെ ഇസ്‌ലാമിക് ബാങ്കില്‍ സേവിംഗ്‌സ് അക്കൗണ്ടുകള്‍ തുറക്കുന്നതില്‍ 55 ശതമാനം വളര്‍ച്ചയുണ്ടായി എന്ന് ബാങ്ക് വെളിപ്പെടുത്തുകയുണ്ടായി. ഒട്ടേറെ അന്താരാഷ്ട്ര കമ്പനികളുടെയും പാരമ്പര്യ ബാങ്കുകളുടെയും ആസ്ഥാനം ലണ്ടനിലുള്ളതും, ആഗോള തലത്തില്‍ അംഗീകരിക്കപ്പെടുകയും വിലമതിക്കപ്പെടുകയും ചെയ്യുന്ന നിയമസംവിധാനം ബ്രിട്ടനിലുള്ളതും ഇസ്‌ലാമിക് ഫിനാന്‍സിന്റെ ആഗോള കേന്ദ്രം ലണ്ടനില്‍ വളര്‍ന്നുവരാന്‍ സഹായകമാകുന്ന ഘടകങ്ങളാണ്.

ഇസ്‌ലാമിക് ഫിനാന്‍സിന് തുടക്കം കുറിച്ച രാജ്യങ്ങളിലൊന്നാണ് മലേഷ്യ. ശരീഅത്ത് നിയമപ്രകാരമുള്ള കടപ്പത്രം (സുകൂക്) അടിസ്ഥാന വികസന പദ്ധതികള്‍ക്ക് വേണ്ടി ഇറക്കുന്നതിലും ഇസ്‌ലാമിക് ബാങ്കിംഗ് സംവിധാനം കൊണ്ടുവരുന്നതിലും ഇസ്‌ലാമിക് ഫിനാന്‍സിന്റെ നേതൃനിരയിലാണ് മലേഷ്യ. ഇപ്പോള്‍ അവര്‍ നേരിടുന്ന വെല്ലുവിളി ബാങ്കിംഗ് സ്റ്റാന്റേര്‍ഡിന്റേതാണ്. അതിന്റെ ഏകീകരണവും ക്രമവും കമ്പോളത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. രണ്ടാംതല വ്യാപാരവും (സെക്കന്ററി ട്രേഡിംഗ്) ആസ്തിയിലുള്ള കൈമാറ്റവും (ലിക്വിഡിറ്റി) കമ്പോളത്തിലെ സുഘടിതാവസ്ഥയെ പ്രയാസപ്പെടുത്തും. ഇതിനെ മറികടക്കാന്‍ ശക്തമായ നിയന്ത്രണവും ഏകീകരണവും നടപ്പിലാക്കേണ്ടതുണ്ട്. ഈ രംഗത്ത് ഇലാസ്തികതയുള്ള സമീപനമാണ് കഴിഞ്ഞ 30 വര്‍ഷത്തിലധികമായി മലേഷ്യ തുടരുന്നത്.

ഇന്തോനേഷ്യ ഈ രംഗത്ത് മലേഷ്യക്ക് വെല്ലുവിളിയായി ഉയര്‍ന്നുവരുന്നുണ്ടിപ്പോള്‍. ഏറ്റവും കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള ആസൂത്രണമാണ് ഇന്തോനേഷ്യ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതോടെ കിഴക്കനേഷ്യന്‍ രാജ്യങ്ങളായ സിംഗപ്പൂരും ഹോങ്കോങ്ങും, കൂടാതെ ആസ്‌ട്രേലിയയും ഇസ്‌ലാമിക് ഫിനാന്‍സ് ഉല്‍പന്നങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുവരുന്നുണ്ട്. മൊത്തം രാജ്യത്തെ ബാങ്കിംഗ് ആസ്തിയുടെ 25 ശതമാനമാണ് മലേഷ്യയില്‍ ഇസ്‌ലാമിക് ബാങ്കിംഗ്. ഇന്തോനേഷ്യയില്‍ 6 ശതമാനം. ഇസ്‌ലാമിക് ബാങ്കിംഗില്‍ ശ്രദ്ധേയമായ ചുവടുവെപ്പുകള്‍ നടത്തുന്ന രാജ്യങ്ങളാണ് തുര്‍ക്കി, ഒമാന്‍, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവ. ശരീഅത്ത് അനുസരിച്ചുള്ള ഉല്‍പന്നങ്ങള്‍ നല്‍കിയും നിക്ഷേപങ്ങള്‍ ആകര്‍ഷിച്ചുമാണ് ഇവ നിലയുറപ്പിച്ചിരിക്കുന്നത്. ഈ രാജ്യങ്ങളെ വളര്‍ന്നുവരുന്ന രാജ്യങ്ങള്‍ (എമേര്‍ജിംഗ് കണ്‍ട്രീസ്) എന്നാണ് ഇസ്‌ലാമിക് ബാങ്കിംഗ് രംഗത്തെ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍നിന്ന് പാകിസ്താനും ബംഗ്ലാദേശും ഇസ്‌ലാമിക് മൈക്രോഫിനാന്‍സ് ഏറ്റെടുത്തും കടപ്പത്രം ഇഷ്യൂ ചെയ്തും ഈ രംഗത്ത് സജീവമാണ്.

ലോക കമ്പോളത്തില്‍ അനിശ്ചിതത്വമുള്ളതുകൊണ്ട് കടപ്പത്രമിറക്കുന്നവര്‍ പാരമ്പര്യ പലിശാധിഷ്ഠിത ബാങ്കുകള്‍ക്ക് ഒരു ബദലാണ് അന്വേഷിക്കുന്നത്. ഇസ്‌ലാമിക് ഫിനാന്‍സാണ് ആ ബദല്‍ എന്ന് കമ്പോളം അംഗീകരിച്ചു കഴിഞ്ഞു. അടിസ്ഥാന വികസന പദ്ധതികളാണ് പൊതുവെ സ്വീകരിക്കപ്പെടുന്നത്. ഇസ്‌ലാമിക് ഫിനാന്‍സിന് സ്വീകാര്യത ലഭിക്കാന്‍ പ്രധാനമായി രണ്ട് കാരണങ്ങളുണ്ട്:

എ) ശരീഅത്ത് നിയമമനുസരിച്ചാണ് ഇസ്‌ലാമിക് ഫിനാന്‍സ് പ്രവര്‍ത്തിക്കുന്നത്. ജനങ്ങള്‍ക്ക് തൃപ്തി നല്‍കുന്നതും സ്വീകാര്യവുമായ ഒരു ധാര്‍മിക നിലവാരമുണ്ട് അതിന്.

ബി) ശരീഅത്ത് നിയമമനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ ആസ്തി, ഉറപ്പിന്മേലുള്ളതും(അസറ്റ് ബാക്കിംഗ്), ലാഭ നഷ്ടം പങ്കുവെക്കുന്നതുമാണ് (റിസ്‌ക് ഷെയറിംഗ്). 

സുഊദി അറേബ്യ ഈ രംഗത്ത് ഒരു കുതിച്ചു ചാട്ടംതന്നെ നടത്തുകയുണ്ടായി. രാജ്യത്തെ മൊത്തം സാമ്പത്തിക വിനിമയങ്ങളുടെ 60 ശതമാനവും ഇസ്‌ലാമിക് ഫിനാന്‍സ് വഴിയാണ് ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ശരീഅത്ത് പ്രകാരമുള്ള ആസ്തികള്‍ ഇരട്ടിയിലധികം വര്‍ധിക്കുകയുണ്ടായി. ആഗോള ഇസ്‌ലാമിക് ബാങ്കിംഗ് ആസ്തികളില്‍ മൂന്നില്‍ ഒന്ന് സുഊദി കമ്പോളത്തിലാണ് എന്നത് കുറച്ചുകാലംകൊണ്ട് അവര്‍ കൈവരിച്ച നേട്ടം വിളിച്ചോതുന്നുണ്ട്.  

ദുബൈയും ആഗോള ഇസ്‌ലാമിക് ബാങ്കിംഗിന്റെ കേന്ദ്രമാവാന്‍ തയാറെടുക്കുകയാണ്. പശ്ചിമേഷ്യയില്‍നിന്നും വടക്കനാഫ്രിക്കയില്‍നിന്നും മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നും പെട്ടെന്ന് എത്തിപ്പെടാന്‍ പറ്റുന്ന നഗരം എന്ന സൗകര്യം ദുബൈക്കുണ്ട്. 2013-ല്‍ ദുബൈ ഭരണാധികാരി ദുബൈയെ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ ആസ്ഥാനമാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഏഴിന പരിപാടിയായിരുന്നു അന്നു പ്രഖ്യാപിക്കപ്പെട്ടത്. ഇസ്‌ലാമിക് ബാങ്കിംഗ് രംഗത്തുള്ളവര്‍ ഏറെ ആവേശത്തോടെയാണ് ഈ പ്രഖ്യാപനം സ്വീകരിച്ചത്. ഈ രംഗത്ത് ഒരുപാട് മുന്നോട്ടുപോകാന്‍ രണ്ടു വര്‍ഷം കൊണ്ട് ദുബൈക്ക് കഴിഞ്ഞു. ഗള്‍ഫിലെ മറ്റു രാഷ്ട്രങ്ങളില്‍ പുറത്തിറക്കുന്ന കടപ്പത്രങ്ങള്‍ ലിസ്റ്റ് ചെയ്ത് ദുബൈയില്‍ വില്‍ക്കുകയും, മറ്റു രാഷ്ട്രങ്ങള്‍ക്കുവേണ്ടി ദുബൈയില്‍ ഇറക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് ദുബൈ കമ്പോളം വളര്‍ന്നിരിക്കുന്നു.

ആഫ്രിക്കന്‍ രാഷ്ട്രങ്ങളായ ഐവറി കോസ്റ്റ്, സെനഗല്‍, ഗാംബിയ, ദക്ഷിണാഫ്രിക്ക, ഈജിപ്ത് എന്നിവയും ഇസ്‌ലാമിക് ഫിനാന്‍സില്‍ ചുവടുവെക്കാന്‍ ശ്രമിക്കുന്നുണ്ട്.

പുതിയ ചലനങ്ങള്‍

സോവിയറ്റ് യൂനിയന്റെ ഭാഗമായിരുന്ന ഖസാകിസ്താന്റെ ഇസ്‌ലാമിക് ഫിനാന്‍സിലേക്കുള്ള വരവും, ഏഷ്യയില്‍നിന്ന് ഫിലിപ്പീന്‍സിന്റെ സജീവ ഇടപെടലും ഈ രംഗത്ത് പുതിയ ചലനങ്ങളാണ്. തെക്കേ അമേരിക്കന്‍ രാജ്യങ്ങളായ സുരിനാമും ഗയാനയും, ജിദ്ദ ആസ്ഥാനമായ ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്കുമായി കരാറിലേര്‍പ്പെടുകയുണ്ടായി. ഇസ്‌ലാമിക് ഫിനാന്‍സിന്റെ പുതിയ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ റഷ്യയും മുന്നോട്ടുവരുന്നുണ്ട്. ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്കുമായി സഹകരിച്ച് പുതിയ പ്രൊജക്ടുകളേറ്റെടുക്കാന്‍ അവര്‍ സന്നദ്ധത അറിയിക്കുകയും പുതിയ കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു.

ഈ രാജ്യങ്ങളെല്ലാം ശരീഅത്ത് പ്രകാരമുള്ള സാമ്പത്തിക പദ്ധതികള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഇസ്‌ലാമിക് ഫിനാന്‍സ് ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടി കമ്പോളത്തില്‍ ഇറക്കുന്നതും, കയറ്റുമതിക്കും ഇറക്കുമതിക്കും വേണ്ടി പുതിയ ബാങ്ക് സ്ഥാപിക്കുന്നതും (എക്‌സിം ബാങ്ക്) ഈ രംഗത്തെ പുതിയ കാല്‍വെപ്പുകളാണ്.

ഇസ്‌ലാമിക് ഫിനാന്‍സിനെ ശക്തിപ്പെടുത്താന്‍ Islamic Corporation for the Development of the Private Sector (ICD), International Islamic Liquidtiy Management (IILM) എന്നീ രണ്ട് പ്രധാന സ്ഥാപനങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് ശുഭസൂചനയാണ്. ഈ തീരുമാനം വരുംവര്‍ഷങ്ങളില്‍ ഇസ്‌ലാമിക് ബാങ്കിംഗിന് ഒരു കുതിച്ചുചാട്ടത്തിനുള്ള പിന്‍ബലം നല്‍കുമെന്ന് പ്രതീക്ഷിക്കാം. S&P DowJones (S&P DJI) സൂചിക അവതരിപ്പിച്ചതും ആദ്യമായി വിവിധ ആസ്തികളുടെ ശരീഅത്ത് പ്രകാരമുള്ള സൂചിക പുറത്തിറക്കിയതും വളര്‍ച്ചയുടെ ദിശാസൂചകങ്ങളാണ്.

ശതകോടിക്കണക്കിന് കടപ്പത്രങ്ങളും രണ്ട് ട്രില്യന്‍ ഡോളറിന്റെ ഹലാല്‍ ഉല്‍പന്ന വ്യാപാരവും ഇസ്‌ലാമിക് ഫിനാന്‍സിനെ ആസന്ന ഭാവിയില്‍തന്നെ കരുത്തുറ്റ സംവിധാനമാക്കി മാറ്റും എന്നു പ്രതീക്ഷിക്കാം.

Comments

Other Post

ഹദീസ്‌

വിജയ നിദാനങ്ങള്‍
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ 24 /അന്നൂര്‍ /2
എ.വൈ.ആര്‍