Prabodhanm Weekly

Pages

Search

2016 മാര്‍ച്ച് 18

2943

1437 ജമാദുല്‍ ആഖിര്‍ 09

'സമസ്ത'യും സാമൂഹിക മാറ്റങ്ങളും

റഹീം കരിപ്പോടി

മസ്തയെപ്പറ്റിയുള്ള ലേഖനം വസ്തുനിഷ്ഠവും സന്ദര്‍ഭോചിതവുമായി. സമീപനത്തിലും രീതികളിലും അവരില്‍ മാറ്റങ്ങള്‍ കാണുന്നുണ്ട്. സമുദായത്തിലെ നിര്‍ധനരെയും സാധാരണക്കാരെയും വിദ്യാഭ്യാസത്തിലൂടെ ഉയര്‍ത്തി, തൊഴിലിനു പ്രാപ്തരാക്കുന്നതിന് ഈ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ രംഗങ്ങളിലേക്ക് വ്യാപിക്കേണ്ടതുണ്ട്. ഐ.ടി.ഐകള്‍, പാരാ മെഡിക്കല്‍ സ്ഥാപനങ്ങള്‍, കാറ്ററിംഗ് -ടൂറിസം കോളേജുകള്‍, ഷിപ്പിംഗ് - ഏവിയേഷന്‍- പെട്രോളിയം ടെക്‌നോളജി സ്ഥാപനങ്ങള്‍ തുടങ്ങിയവയിലേക്ക് ശ്രദ്ധ തിരിക്കണം. അതിനുള്ള സാമ്പത്തിക അടിത്തറയും ഇന്‍ഫ്രാസ്ട്രക്ചറും സമസ്തക്കുണ്ട്. അവരുടെ യുവ നേതാക്കള്‍ ഈ മേഖലയിലേക്ക് വരുമെന്ന് വിശ്വസിക്കാം.

സാമൂഹിക മാറ്റത്തിന്റെ കാര്യത്തില്‍ സമസ്തയെ മാത്രം ബാധിക്കുന്ന ചില പ്രശ്‌നങ്ങളുണ്ട്. അണികളുടെ ബാഹുല്യവും പാരമ്പര്യങ്ങളുടെ നൂറ്റാണ്ടുകളായുള്ള സ്വാധീനവും മൂലം അവര്‍ക്ക് മഹല്ല് കമ്മിറ്റികളെ വേണ്ടവിധം നയിക്കാനോ നിയന്ത്രിക്കാനോ പറ്റുന്നില്ല. സമാനമായ ബലഹീനത അവരുടെ സാമ്പത്തിക സ്രോതസ്സുകളായ പഴയ ജന്മിമാരുടെയും പുതിയ പ്രവാസി പണക്കാരുടെയും  കാര്യത്തിലും കാണുന്നു. സ്വാഭാവികമായും പ്രാദേശികമായി ഈ സമ്പന്നര്‍ക്ക് അനുഗുണമായ രീതിയില്‍ നീങ്ങാന്‍ സമസ്ത നേതൃത്വം നിര്‍ബന്ധിക്കപ്പെടുന്നു. അതുകൊണ്ടാണ് സാധാരണക്കാരെ കാര്‍ന്നുതിന്നുന്ന സ്ത്രീധന സമ്പ്രദായത്തെയും ആഡംബരങ്ങളെയും മറ്റും  പ്രതിരോധിക്കാനോ ഇസ്‌ലാമികാടിത്തറയില്‍ സാമൂഹികാചാരങ്ങളെ പുനഃക്രമീകരിക്കാനോ അവര്‍ക്ക് കഴിയാത്തത്. യുവ നേതാക്കളെങ്കിലും ഈ പ്രശ്‌നം കൈയാളേണ്ടതുണ്ട്. ജനാധിപത്യരീതിയില്‍ മഹല്ല് കമ്മിറ്റികളുണ്ടാക്കി തൊഴിലാളികള്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും നേതൃത്വത്തിലേക്ക് വരാന്‍ പറ്റുന്ന അവസ്ഥയുണ്ടാകണം. അതിലൂടെ മാത്രമേ പാവങ്ങള്‍ക്ക് ഉപകരിക്കുന്ന സാമൂഹിക മാറ്റങ്ങളുണ്ടാവുകയുള്ളൂ.

പണ്ഡിത ധര്‍മം 
നിര്‍വഹിക്കപ്പെടുന്നുണ്ടോ?

'പരിവര്‍ത്തന പാതയിലൂടെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ' എന്ന തലക്കെട്ടില്‍ പ്രബോധനത്തില്‍ എ.ആര്‍ എഴുതിയ വിശകലനം (2016 ഫെബ്രുവരി 16) വായിച്ചു. 'അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തി'ന്റെ കേരളത്തിലെ വക്താക്കളാണ് തങ്ങളെന്ന് സമസ്ത അവകാശപ്പെടുന്നു. സുന്നത്തിന്റെ (പ്രവാചകചര്യയുടെ) ആളുകള്‍ എന്നാണല്ലോ അഹ്‌ലുസ്സുന്നഃ എന്നതിന്റെ വിവക്ഷ. എന്നാല്‍, ഇസ്‌ലാമിന്റെ മര്‍മമായ തൗഹീദിന് മതിയായ ഗൗരവം നല്‍കാത്ത നിലപാടാണ് സമസ്ത വെച്ചുപുലര്‍ത്തുന്നത് എന്നു കാണാം. 'മരിച്ചുപോയ അമ്പിയാ, ഔലിയാ, സ്വാലിഹീന്‍ എന്നിവരെ നേരിട്ട് വിളിക്കലും അവരെ വിളിച്ച് സഹായത്തിന് അപേക്ഷിക്കലും' ഇസ്‌ലാമില്‍ അനുവദനീയമാണെന്ന് പറയുന്നത്, ഏറ്റവും കഠിന പാപമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്ന ശിര്‍ക്കിനെ അതിന്റെ ഗൗരവത്തില്‍ സമസ്ത എടുക്കുന്നില്ല എന്നല്ലേ കാണിക്കുന്നത്? ഇത് നിസ്സാരമായ കാര്യമാണോ? പ്രവാചക ശ്രേഷ്ഠന്റെ ജീവിതത്തില്‍, പ്രവൃത്തിയിലൂടെയോ വാക്കുകളിലൂടെയോ മരിച്ചുപോയ മഹാന്മാരെ വിളിച്ച് സഹായത്തിനപേക്ഷിക്കുന്നതിന് വല്ല തെളിവുമുണ്ടോ? ചിന്തയിലും വാക്കുകളിലും കര്‍മങ്ങളിലും ശിര്‍ക്കിന്റെ അംശം പോലും കടന്നുകൂടുന്നതിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കേണ്ടവരല്ലേ ഇസ്‌ലാമിക പണ്ഡിതന്മാര്‍?

ബിദ്അത്തുകളുടെ കാര്യമെടുത്താലും സമസ്തയുടെ നിലപാട് തൃപ്തികരമല്ല. നബി(സ) പഠിപ്പിച്ചിട്ടില്ലാത്ത പുതിയ മതാനുഷ്ഠാനങ്ങളാണല്ലോ ബിദ്അത്ത്. മരണത്തോടനുബന്ധിച്ചും മറ്റും ഒരുപാട് ബിദ്അത്തുകള്‍ മതനേതാക്കളുടെ ഒത്താശയോടെ നടക്കുന്നുണ്ട്. ജനംഇതെല്ലാം പുണ്യകര്‍മങ്ങളെന്ന് കരുതി തൃപ്തിയടയുന്നു.

ചുരുക്കത്തില്‍, പണ്ഡിത സംഘടനയായ സമസ്ത ശരിയായ ദിശയിലല്ല ജനങ്ങളെ നയിക്കുന്നത് എന്ന് പറയേണ്ടിവരുന്നതില്‍ ദുഃഖമുണ്ട്.

ടി. മൊയ്തു മാസ്റ്റര്‍ പെരിമ്പലം

ജുവനൈല്‍ ജസ്റ്റിസ് ആക്ട് 
ലക്ഷ്യം വെക്കുന്നത് 
ബാല സംരക്ഷണമോ?

സാമൂഹികനീതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അനാഥ അഗതി മന്ദിരങ്ങള്‍ നിര്‍വഹിച്ചുവരുന്ന സേവനം നിസ്തുലമാണ്. ഈ സ്ഥാപനങ്ങള്‍ക്കു മേല്‍ കൂച്ചുവിലങ്ങിടുന്നതാണ് പുതിയ ബാലനീതി നിയമം. 2016 ജനുവരി 15-ന് പാര്‍ലമെന്റ് പാസ്സാക്കിയ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഓര്‍ഫനേജുകളുള്‍പ്പെടെയുള്ള എല്ലാ ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങളും ജൂലൈ മാസത്തിനകം സാമൂഹികനീതി വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണം.

പുതിയ ബാലനീതി നിയമത്തില്‍ കര്‍ക്കശ വ്യവസ്ഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ 1960-ലെ ഓര്‍ഫനേജ് ആന്റ് അദര്‍ ചാരിറ്റബ്ള്‍ ഹോംസ് നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ പാലിച്ചും സര്‍ക്കാറിന്റെ നിരന്തരമായ ഓഡിറ്റിംഗിന് വിധേയമായുമാണ് ഇവ പ്രവര്‍ത്തിച്ചുവരുന്നത്. കേരളത്തിലേതു പോലെ മികച്ച രീതിയില്‍ നടത്തപ്പെടുന്ന ഓര്‍ഫനേജുകളെ തകര്‍ക്കാനേ പുതിയ വ്യവസ്ഥ ഉപകരിക്കൂ. സര്‍ക്കാറില്‍നിന്ന് തുഛമായ ഗ്രാന്റ് മാത്രമാണ് നിലവില്‍ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നത്. പുതിയ നിയമപ്രകാരം 100 കുട്ടികള്‍ താമസിക്കുന്ന സ്ഥാപനം നടത്താന്‍ 41 ജീവനക്കാര്‍ വേണമെന്നാണ് വ്യവസ്ഥ. എന്നാല്‍, ഗവണ്‍മെന്റില്‍നിന്ന് ശമ്പളമോ മറ്റു ഗ്രാന്റുകളോ ലഭിക്കുന്നതിനെ സംബന്ധിച്ച് ആക്ടില്‍ വ്യവസ്ഥയില്ല.

രജിസ്റ്റര്‍ ചെയ്യുന്നതു മൂലം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖാന്തിരം മാത്രമേ കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കാന്‍ കഴിയൂ. കേരളത്തിലെ ഓര്‍ഫനേജുകളില്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നത് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള ഒരു ലക്ഷം രൂപ വരുമാന പരിധി അടിസ്ഥാനമാക്കിയാണ്. എന്നാല്‍ ജെ.ജെ ആക്ടില്‍ പറയുന്ന കുട്ടികളുടെ ഇനങ്ങളില്‍ ഇത്തരത്തിലുള്ള ഡസ്റ്റിറ്റിയൂട്ട് കുട്ടികളെക്കുറിച്ച പരാമര്‍ശമില്ല.

1200-ഓളം വരുന്ന കേരളത്തിലെ ഓര്‍ഫനേജുകളില്‍ പഠിക്കുന്ന 52500 കുട്ടികളില്‍ ഭൂരിഭാഗവും പഠനമുപേക്ഷിക്കേണ്ടിവരും. കുട്ടികളുടെ അവകാശ സംരക്ഷണം സര്‍ക്കാറിന്റെ ബാധ്യതയായതിനാലും ഐക്യരാഷ്ട്ര സഭ മുന്നോട്ടുവെച്ച കുട്ടികളുടെ അവകാശ ഉടമ്പടിയില്‍ 1992-ല്‍ ഇന്ത്യ ഒപ്പുവെച്ചതിനാലും സംരക്ഷണത്തിന് വേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കേണ്ട ബാധ്യത സര്‍ക്കാറിനാണ്. ഇത് നിലവില്‍ വ്യവസ്ഥാപിതമായി നടന്നുവരുന്ന ഓര്‍ഫനേജുകളുടെ മേല്‍ വെച്ചുകെട്ടുന്നതു ശരിയല്ല. മാത്രമല്ല, ആക്ടില്‍ പരാമര്‍ശിക്കുന്നതു പോലുള്ള കുട്ടികളല്ല കേരളത്തിലെ ഓര്‍ഫനേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്നത്.

രക്ഷിതാക്കളുടെയും സ്ഥാപനങ്ങളുടെയും ആശങ്കകള്‍ പരിഹരിക്കാതെ നിയമം അടിച്ചേല്‍പിക്കുന്ന രീതി പ്രതിഷേധാര്‍ഹമാണ്. ഇത്തരം സ്ഥാപനങ്ങളെയും അവരുടെ സേവനങ്ങളെയും അവതാളത്തിലാക്കുന്ന കേന്ദ്ര നിലപാടിനെതിരെ സംസ്ഥാന സാമൂഹികനീതി വകുപ്പ് ശക്തമായി ഇടപെടേണ്ടിയിരിക്കുന്നു. യുവജന സംഘടനകളും സന്നദ്ധ സംഘടനകളും പുലര്‍ത്തുന്ന മൗനം അപകടകരമാണ്.

മുബീര്‍ ചാലിക്കര

തിരുത്ത്

പി.കെ റഹീം സാഹിബിന്റെ ഓര്‍മ(6)യില്‍ (പ്രബോധനം 2016 ഫെബ്രുവരി 26, ലക്കം 38, പേജ് 34) 'എന്‍. മുഹ്‌യിദ്ദീന്‍ ഷായെ സില്‍ക്ക് പാലസില്‍നിന്നും എന്നെ കാജാ സ്റ്റോറില്‍നിന്നും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതാണ്' എന്നത് 'എന്‍.എ മുഹമ്മദിനെ എന്‍. മൊയ്തീന്‍ ഷാ സില്‍ക്ക് പാലസില്‍നിന്നും എന്നെ കാജാ സ്റ്റോറില്‍നിന്നും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയാണുണ്ടായത്' എന്ന് തിരുത്തണം.

എന്‍.എ മുഹമ്മദ് തൃശൂര്‍

Comments

Other Post

ഹദീസ്‌

വിജയ നിദാനങ്ങള്‍
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ 24 /അന്നൂര്‍ /2
എ.വൈ.ആര്‍