Prabodhanm Weekly

Pages

Search

2016 മാര്‍ച്ച് 18

2943

1437 ജമാദുല്‍ ആഖിര്‍ 09

മനസ്സും ചിന്തയുടെ വിതാനങ്ങളും ഖുര്‍ആനില്‍

പി.പി അബ്ദുര്‍റസ്സാഖ്

തൊരു ഗവേഷണത്തിന്റെയും പഠനത്തിന്റെയും ആത്യന്തിക ലക്ഷ്യം മനുഷ്യജീവിതത്തെ മനസ്സിലാക്കുകയും നവീകരിക്കുകയും നന്നാക്കുകയും ചെയ്യുക, അതിനെ ഏറ്റവും ഉത്തമമായ രൂപത്തില്‍ മാനേജ് ചെയ്യാന്‍ സഹായിക്കുക എന്നതായിരിക്കണം. ഇത് പരസ്പരബന്ധിതമായി മൂന്നു തലങ്ങളെ യോജിപ്പിച്ചുകൊണ്ട് ത്രിമാനസ്വഭാവത്തിലാണ് നടക്കേണ്ടത്. ഇതിലെ ഒരു തലം, ശാസ്ത്ര സാങ്കേതികവിദ്യ കൂടി ഉള്‍പ്പെടുന്ന അറിവിന്റേതാണെങ്കില്‍ ദ്വിതീയതലം പ്രകൃതിവ്യവസ്ഥയുടേതും തൃതീയതലം മനുഷ്യന്റേത് തന്നെയും ആകുന്നു. 'മനുഷ്യന്‍ നശിച്ചിട്ട് അവനുള്ളതുകൊണ്ട് മനുഷ്യനു ഒരു പ്രയോജനവുമില്ല' (ഖുര്‍ആന്‍ 92:11). അതുകൊണ്ടുതന്നെ, ഇത്തരത്തിലുള്ള ഏതൊരു ഗവേഷണഫലവും അന്തിമമായി നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന രീതികളെയും വഴികളെയും സാരമായി സ്വാധീനിക്കുകയും നാം നമ്മെത്തന്നെ അഭിവൃദ്ധിപ്പെടുത്തുകയും മാനേജ് ചെയ്യുകയും ചെയ്യുന്നത് എങ്ങനെയെന്നതിനെക്കുറിച്ച് കൂടി പുതിയ തിരിച്ചറിവുകളും പാഠങ്ങളും നല്‍കുകയും മനുഷ്യനെന്ന നിലക്കുള്ള നമ്മുടെ പ്രവര്‍ത്തനങ്ങളെ (Functions) കൂടുതല്‍ വിശദീകരിക്കുകയും ചെയ്യണം. അത് നമുക്ക് നമ്മെ സംബന്ധിച്ച അറിവിനെ കൂടുതല്‍ ആഴവും പരപ്പുമുള്ളതാക്കി മാറ്റുന്നതോടൊപ്പംതന്നെ, എന്തുമാത്രം തുഛമാണ് നാമറിയുന്നതെന്ന ബോധം സൃഷ്ടിക്കാന്‍ സഹായിക്കുന്നത് കൂടിയാകണം. അതിനാല്‍, ഏതൊരു പഠനവും ആത്യന്തികമായി മനുഷ്യ കേന്ദ്രീകൃത(anthropocetnric)മായിരിക്കണം. മനുഷ്യനു പ്രയോജനമുള്ളതു മാത്രമേ ഭൂമിയില്‍ നിലനില്‍പ് അര്‍ഹിക്കുന്നുള്ളൂ എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുമ്പോള്‍ (13:17) ഇത് കൂടി ഉദ്ദേശിക്കപ്പെടുന്നുണ്ട്. ഭൂമിയില്‍  പ്രവര്‍ത്തിക്കുമ്പോള്‍ എന്നെന്നും ജീവിക്കുന്നവനെ പോലെ പ്രവര്‍ത്തിക്കാന്‍ പ്രവാചകന്‍ ആജ്ഞാപിച്ചതില്‍ ഇതുകൂടി ഉള്‍കൊള്ളുന്നു. 

ഈ ലേഖനം മനുഷ്യമനസ്സിനെയും അതിന്റെ സ്വത്വസ്വത്വേതര ഭാവങ്ങളെയും ചിന്താപരമായ തലത്തില്‍നിന്നുകൊണ്ട് അത് സ്വീകരിക്കുന്ന സ്വഭാവപരമായ പ്രകൃതങ്ങളെയും പ്രക്രിയകളെയും, ചിന്തയുടെ ജ്ഞാനപരമായ തലങ്ങളെയും സ്വഭാവ രീതികളെയും വിതാനങ്ങളെയും ശക്തിദൗര്‍ബല്യങ്ങളെയും പരിമിതിയെയും സംബന്ധിച്ച ഖുര്‍ആനിക പരാമര്‍ശങ്ങളെ അടിസ്ഥാനമാക്കിയുള്ള പര്യാലോചനകളാണ്. മനസ്സിനെയും അതിന്റെ വ്യത്യസ്ത അടരുകളെയും ഉള്‍പിരിവുകളെയും കുറിച്ചും, അതിന്റെ ഭിന്നഭാവങ്ങളെയും ഗുണ-ഋണാത്മക മാറ്റങ്ങളെയും സംബന്ധിച്ചും, മനസ്സിനും ശരീരത്തിനും ഇടയിലും ചിന്തക്കും കര്‍മത്തിനും ഇടയിലും നടക്കുന്ന പ്രതിപ്രവര്‍ത്തനങ്ങളെക്കുറിച്ചും ചിന്താ പ്രക്രിയകളെ സംബന്ധിച്ചും വിശുദ്ധ ഖുര്‍ആന്‍ (83:14) സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. മനുഷ്യനെ കേന്ദ്ര പ്രമേയമാക്കിയ ഒരു ഗ്രന്ഥമെന്ന നിലക്ക്, മനുഷ്യനെ മനുഷ്യനാക്കുന്ന അവന്റെ മനസ്സും ഇത്രയേറെ വൈവിധ്യത്തോടും വിശദാംശത്തോടും വിശുദ്ധ ഖുര്‍ആനില്‍ വിഷയീഭവിച്ചതില്‍ അത്ഭുതപ്പെടാനില്ല.  

വിശുദ്ധ ഖുര്‍ആന്‍ മനുഷ്യമനസ്സിനെ ലുബ്ബ്, നഫ്‌സ്, ഖല്‍ബ്, സ്വദ്ര്‍, ഫുആദ് എന്നീ  പദങ്ങളാല്‍ വിവക്ഷിക്കാറുണ്ട്. കടുത്ത നിഷേധത്തിന്റെ ഇടത്തെ കുറിക്കാന്‍ മൂര്‍ധാവ് ('നാസ്വിയതു') എന്നും പ്രയോഗിച്ചിട്ടുണ്ട് (96 :1-6). മൂര്‍ധാവ് എന്നത് തലയിലെ വ്യത്യസ്ത ഭാഗങ്ങള്‍ നിര്‍വഹിക്കുന്ന വ്യത്യസ്ത ധര്‍മങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട്. 'ലുബ്ബ്' എന്ന പദമാകട്ടെ ഹൃദയവുമായി ബന്ധപ്പെടുത്തിയല്ല ഖര്‍ആന്‍ പ്രയോഗിച്ചിട്ടുള്ളത്. 'ലുബ്ബ്' എന്ന പദത്തിന്റെ അര്‍ഥം ധാന്യത്തിന്റെ ഉള്ളിലെ ഭക്ഷ്യയോഗ്യ പദാര്‍ഥമായ കൂമ്പ്, കാമ്പ് എന്നൊക്കെയാണ്. ഇത് മനുഷ്യന്റെ തലച്ചോറിലെ വല്ല ഫ്‌ളൂയ്ഡിനെയുമാണോ സൂചിപ്പിക്കുന്നത് എന്നത് പരിചിന്തനമര്‍ഹിക്കുന്ന വിഷയമാണ്. ഈ പദമാകട്ടെ ഉപയോഗിക്കപ്പെട്ടിരിക്കുന്നത് ഓര്‍മയും (ദിക്ര്‍, തദക്കുര്‍) സൂക്ഷ്മത(തഖ്‌വ)യുമായി ബന്ധപ്പെടുത്തിയാണ്. നമ്മുടെ ഓര്‍മക്കും കരുതല്‍ നടപടികള്‍ക്കും തലച്ചോറിലെയും മുഴുവന്‍ നെര്‍വസ് സിസ്റ്റത്തിലെയും വിദ്യുത്രാസിക (Eletcro chemical) വഴികളുമായും (Pathways), ഇന്ദ്രിയങ്ങള്‍ പിടിച്ചെടുത്ത് അയക്കുന്ന സന്ദേശങ്ങള്‍ സ്മൃതിപഥത്തില്‍ സൂക്ഷിക്കപ്പെടുന്നതിനു സംവിധാനിക്കപ്പെട്ട പ്രത്യേകതരം ജെല്ലുമായുമൊക്കെയുള്ള ബന്ധം ഓര്‍ക്കുക.

നഫ്‌സ് എന്നത് ജീവന്‍, ആത്മാവ്, മനസ്സ്, ശ്വാസം, വ്യക്തി, ആള്‍ തുടങ്ങിയ അര്‍ഥങ്ങളുള്ള ഒരു നാനാര്‍ഥ പദമാണ്. വിശുദ്ധ ഖുര്‍ആന്‍ അറബിഭാഷയില്‍ ഒരു വ്യക്തിയെ സൂചിപ്പിക്കാന്‍ മറ്റു വാക്കുകള്‍ (ഇന്‍സാന്‍, റജുല്‍, ശഖ്‌സ്വ്)  ഉണ്ടായിരിക്കെത്തന്നെ ഓരോ വ്യക്തിയെയും കുറിക്കാന്‍ മനസ്സ് എന്നു കൂടി അര്‍ഥമുള്ള നഫ്‌സ് എന്ന വാക്ക്  ഉപയോഗിച്ചതില്‍നിന്നുതന്നെ മനുഷ്യനെന്നാല്‍ അവന്റെ മനസ്സാണ് എന്ന സന്ദേശം കൃത്യമായും നല്‍കുന്നുണ്ട്. 

മറ്റൊരിടത്ത്, നിങ്ങള്‍ നിങ്ങളെ മനുഷ്യരാക്കിത്തീര്‍ക്കുന്ന നിങ്ങളുടെ നഫ്‌സുകളിലേക്ക് തന്നെ ആഴ്ന്നിറങ്ങി നോക്കുന്നില്ലേ എന്നും ചിന്തിക്കുന്നില്ലേ എന്നും വിശുദ്ധ ഖുര്‍ആന്‍ മനുഷ്യനോട് ചോദിക്കുന്നുണ്ട് (30:8;51:21). ഇതേ പദം  ആത്മാവ് എന്ന അര്‍ഥത്തില്‍ ഖുര്‍ആന്‍ ഉപയോഗിക്കുന്നത് ആത്മാവിന്റെ ദ്വിതീയാവസ്ഥയെ കുറിക്കാനാണ്. ഖുര്‍ആനികമായി ആത്മാവ് മനുഷ്യനെ മനുഷ്യനാക്കുന്ന തികച്ചും ഭൗതികേതരമായ പ്രതിഭാസമാണ്. ഇത് ജീവനുള്ള മനുഷ്യശരീരമാകുന്ന പദാര്‍ഥത്തിനുള്ളില്‍ നിലകൊള്ളുന്ന സാഹചര്യത്തില്‍ അതിനെ വിശുദ്ധ ഖുര്‍ആന്‍ 'നഫ്‌സ്' എന്നും അല്ലാതിരിക്കുമ്പോള്‍ 'റൂഹ്' എന്നും വിശേഷിപ്പിക്കുന്നത് സൂക്ഷ്മ പഠനത്തില്‍ വളരെ കൃത്യമായും ബോധ്യപ്പെടും. ജീവനുള്ള ശരീരത്തിനുള്ളില്‍ നിലകൊള്ളുന്ന ഈ 'നഫ്‌സി'ലെ ആത്മാംശം പൂര്‍ണമായും തമസ്‌കൃതമാകുമ്പോള്‍ ഓരോ മനുഷ്യന്റെ ഉള്ളിലും ഒരു അദൃശ്യഗര്‍ത്തം (ഹാവിയ) രൂപപ്പെടുന്നു.  ഇത് പൊടുന്നനെ സംഭവിക്കുന്നതല്ല, സാവധാനത്തിലും ക്രമേണയും സംഭവിക്കുന്നതാണ്. ആത്മാംശം ഇല്ലാത്ത മനുഷ്യന്‍ അങ്ങനെയാണ് രൂപപ്പെടുന്നത്. ഈഗോ രൂപപ്പെടുന്നതിന്റെ ആദ്യഘട്ടവും കൂടിയാണ് ഇത്. പിന്നെ ആ ഗര്‍ത്തത്തില്‍ ഒരു ഫാള്‍സ് സെല്‍ഫ് (false self-ഹവന്നഫ്‌സ്) കൂടി പ്രതിഷ്ഠിക്കപ്പെടുന്നതിലൂടെ ഈഗോ രൂപപ്പെടുകയായി. ഇങ്ങനെ പൂര്‍ണ ഗര്‍ത്തം രൂപപ്പെടുന്നതിനും അതില്‍ ഫാള്‍സ് സെല്‍ഫ് പ്രതിഷ്ഠിക്കപ്പെടുന്നതിനും മുമ്പ് നഫ്‌സ് കടന്നുപോകുന്ന ഗര്‍ത്തം രൂപപ്പെടുന്നതിന്റെ പ്രാഥമിക അവസ്ഥയുടേതാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്ന അമ്മാറയുടേതായ ഘട്ടം (12:53). ഇതില്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷത്തിന്റെയും തിരുത്തിന്റെയും അവസ്ഥയാണ് ലവ്വാമയുടേതായ ഘട്ടം (ഖുര്‍ആന്‍ 75:2). ആത്മാംശം നഷ്ടപ്പെടാതെയും ഫാള്‍സ് സെല്‍ഫ് (ഹവന്നഫ്‌സ്) രൂപപ്പെടാതെയും സൂക്ഷിക്കപ്പെടുന്ന നഫ്‌സിനെയാണ് വിശുദ്ധഖുര്‍ആന്‍ മുത്മഇന്നതായ നഫ്‌സ് എന്ന് വിശേഷിപ്പിക്കുന്നത് (89:27). പ്ലാറ്റോ തന്റെ റിപ്പബ്ലിക്കില്‍ മനുഷ്യാത്മാവിന്റെ മൂന്നു അവസ്ഥകളെ വിശദീകരിക്കുന്നുണ്ട്. അതില്‍ ഒന്നാമത്തേത് ജഡികമായ ആഗ്രഹങ്ങള്‍ക്കും വിശപ്പുകള്‍ക്കും വിധേയമാകുന്ന തലമാണെങ്കില്‍ (അമ്മാറ) രണ്ടാമത്തേത്, Spirited Emotion-ന്റേതായ തലമാണ്. ഇതിന് ഖുര്‍ആന്‍ പറഞ്ഞ ലവ്വാമയുടെ തലവുമായുള്ള സമാനത വ്യക്തമാണ്. ആത്മാവിന്റെ മൂന്നാമത്തെ തലത്തെ പ്ലാറ്റോ വിശേഷിപ്പിക്കുന്നത് ജ്ഞാനത്തിന്റെയും  യുക്തിബോധത്തിന്റെയും ഫാക്കല്‍റ്റിയായാണ്. ഇതാകട്ടെ ഖുര്‍ആന്‍ പറഞ്ഞ ആത്മാവ് സമാധാനമടയാന്‍ ആവശ്യമായ സത്യവിശ്വാസത്തിന്റെ അടിസ്ഥാനവുമാണ്. ഇതിനനുസരിച്ചാണ് പ്ലാറ്റോ റിപ്പബ്ലിക്കില്‍ താന്‍ വിഭാവന ചെയ്യുന്ന ഉട്ടോപ്യന്‍ സ്വഭാവത്തിലുള്ള സ്റ്റേറ്റിനെയും വിശദീകരിക്കുന്നത്. അതില്‍ ഏറ്റവും കൂടുതല്‍ ആളുകളുള്ള ലേയര്‍ പണത്തെ സ്‌നേഹിക്കുന്നവരും (ജഡികമായ ആഗ്രഹങ്ങള്‍ക്കും വിശപ്പുകള്‍ക്കും വിധേയമാകുന്നവര്‍), രണ്ടാമത്തെ ലേയറിലുള്ളവര്‍ അഭിമാനവും കീര്‍ത്തിയും കാംക്ഷിക്കുന്നവരും (Spirited Emotions), ഏറ്റവും ഉള്ളിലെ ചെറിയ ലേയര്‍ സ്റ്റേറ്റിന്റെ ന്യൂക്ലിയസ് ആയി വര്‍ത്തിക്കുന്ന ധിഷണയെ പ്രണയിക്കുന്നവരും (Lovers of Wisdom) ആണ്. ഇതില്‍നിന്നാണ് പ്ലാറ്റോ ദാര്‍ശനികരായ ഭരണാധികാരികളെ സംബന്ധിച്ച വിഭാവനം സമര്‍പ്പിക്കുന്നത്.

മനുഷ്യനിലെ ബുദ്ധികേന്ദ്രം (Seat of Intelligence) തലച്ചോറാണോ അതോ ഹൃദയമാണോ എന്ന കാര്യത്തില്‍ പൂര്‍ണമായ തീര്‍പ്പുകല്‍പിക്കാന്‍ ശാസ്ത്രത്തിന് ഇനിയും സാധിച്ചിട്ടില്ല. തീര്‍ച്ചയായും നമ്മുടെ തലച്ചോര്‍ ധാരണാരൂപീകരണ പ്രവര്‍ത്തനത്തിലെ (Cognitive Function) റിലേ സെന്റര്‍ ആണ്. അതോടൊപ്പംതന്നെ മനസ്സിലാക്കേണ്ട കാര്യമാണ്, ഹൃദയം രക്തം പമ്പ് ചെയ്യുന്ന കേവലം ഉപകരണം മാത്രമല്ല എന്നുള്ളതും. ഹൃദയത്തിനും ശരീരത്തിലെ മറ്റു ഭാഗങ്ങളില്‍നിന്ന് വ്യത്യസ്തവും വിശാലവുമായ ബന്ധിക്കപ്പെട്ട സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സ്വന്തമായ ഒരു നെര്‍വസ് സിസ്റ്റം ഉണ്ട് എന്നതും. പൊടുന്നനെയുള്ള വൈകാരിക സമ്മര്‍ദത്തില്‍ ഹൃദയംപൊട്ടി മരിക്കുന്ന സാഹചര്യം എങ്ങനെ രൂപപ്പെടുന്നു എന്നത് പ്രത്യേകം പഠിക്കപ്പെടേണ്ടതാണ്. ഹൃദയത്തിനു മാത്രമല്ല ശരീരത്തിലെ ഓരോ അവയവത്തിനും അവയുടേതായ നെര്‍വസ് സിസ്റ്റം ഉണ്ട്. ഉദാഹരണത്തിന്, കുടല്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഒരവയവമാണ്. കുടലിന്റെ 'കൊച്ചുബുദ്ധി' നമ്മുടെ ബോധപൂര്‍വമായ ചിന്തയുടെയും തീരുമാനമെടുക്കലിന്റെയും ഇരിപ്പിടമൊന്നുമല്ലെങ്കിലും  നമ്മുടെ സന്തോഷ ദുഃഖങ്ങളെയൊക്കെ സ്വാധീനിക്കാന്‍ ശേഷിയുള്ളതാണെന്ന് അമേരിക്കന്‍ സയന്റിഫിക് ജേര്‍ണല്‍ വ്യക്തമാക്കുന്നു (Adam Hadazhy ഫെബ്രുവരി 12 - 2010). 

മനുഷ്യ മനസ്സ് ഓര്‍മയും വികാരങ്ങളും ഉള്‍പ്പെടെ എല്ലാ ഭാവങ്ങളും അതുപോലെ ഹൃദയവും അവയവങ്ങളും (ഖുര്‍ആന്‍ 36:65; 41:22) കോശങ്ങളും (Cellular Memory 41:20) ഉള്‍പ്പെടെ  എല്ലാം ഉള്‍ക്കൊള്ളുന്നതാണെന്നും സൂചിപ്പിക്കുന്നതായാണ് വിശുദ്ധ ഖുര്‍ആന്‍ പ്രയോഗിച്ച വ്യത്യസ്ത പദപ്രയോഗങ്ങള്‍ പഠനവിധേയമാക്കിയാല്‍ മനസ്സിലാക്കാന്‍ സാധിക്കുക. മനസ്സ്  എണ്ണിയാലൊടുങ്ങാത്ത അസംഖ്യം പ്രക്രിയകളുടെ സംഘാതമായിരിക്കണം. അതുകൊണ്ടുകൂടിയായിരിക്കണം  വിശുദ്ധ ഖുര്‍ആന്‍ ഗ്രാഹ്യശേഷിയെയും ചിന്താപ്രക്രിയെയും ഒക്കെ കുറിക്കുമ്പോള്‍ 'ഖല്‍ബി'നെ എപ്പോഴും അതിന്റെ ബഹുവചന രൂപമായ 'ഖുലൂബ്' എന്ന പദംകൊണ്ട് വിശേഷിപ്പിക്കുന്നത്. ഒരു കാര്യം വളരെ വ്യക്തമാണ്: മനുഷ്യബുദ്ധി എന്നത് നല്ലവണ്ണം വികസിച്ച തലച്ചോറ് മാത്രമല്ല; മനുഷ്യനില്‍ ബാഹ്യവും ആന്തരികവുമായ നിരവധി നെറ്റ്‌വര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജെനോമിക്, ന്യൂറല്‍, മോളിക്കുലര്‍, ഇക്കോളജിക്കല്‍ സോഷ്യോ-കള്‍ച്ചറല്‍ നെറ്റ്‌വര്‍ക്കുകള്‍ അതില്‍ പ്രധാനമാണ്. സാംസ്‌കാരികവും നാഗരികവും ഭാഷാപരവുമായ ചുറ്റുപാടുകള്‍ക്ക് നമ്മുടെ ബുദ്ധിപൂര്‍വകമായ പെരുമാറ്റരീതികളില്‍ പങ്കുണ്ടെന്ന് വിശ്വസിക്കാനാണ് ന്യായം. ഇവക്കെല്ലാം ഇടയിലെ അതിസങ്കീര്‍ണമായ ഇന്ററാക്ഷന്റെ ഫലമാണ് മനുഷ്യന്റെ Intelligence എന്ന് മനസ്സിലാക്കുന്നതാണ് ശരി. ആത്യന്തികമായി ഇന്റലിജെന്‍സോടു കൂടിയ മനുഷ്യന്‍ എന്നത് ചരിത്രത്തിന്റെ ഉല്‍പന്നം കൂടിയാണ്. ഖുര്‍ആനികമായി ഭൂമിയിലെ സര്‍വ സ്പീഷിസുകളെയും സജ്ജമാക്കിയ ശേഷം (2:29) നിരന്തരമായി പരിണമിച്ചുകൊണ്ടിരിക്കുന്ന ആവാസ വ്യവസ്ഥയില്‍ (71:14) സൂക്ഷ്മ ജീവരൂപങ്ങളുടെ (Microbial Life Forms) ആതിഥേയ പാത്രമായികൂടി വര്‍ത്തിക്കുന്ന ജീവവര്‍ഗത്തിലെ അവസാന കണ്ണിയാണല്ലോ മനുഷ്യന്‍. അതുകൊണ്ടുതന്നെ നാം നമ്മെ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍, തന്മാത്രാ തലത്തോളം എത്തുന്ന ആഴവും സാമൂഹിക, സാംസ്‌കാരിക തലങ്ങളിലെ പരപ്പും ആവാസവ്യവസ്ഥയുടെ വ്യാപ്തിയും ഉണ്ടായേ തീരൂ.

വിശുദ്ധ ഖുര്‍ആന്‍ 'നഫ്‌സ്' എന്ന വാക്ക് മനുഷ്യനിലെ ഹൃദയത്തെ ഉദ്ദേശിച്ച് ഉപയോഗിച്ചിട്ടില്ല. ഭാഷയില്‍ 'നഫ്‌സി'നു അങ്ങനെ ഒരു അര്‍ഥവുമില്ല. മനസ്സ് എന്ന അര്‍ഥത്തില്‍  വിശുദ്ധ ഖുര്‍ആന്‍ 'നഫ്‌സ്' എന്ന പദം പ്രയോഗിച്ചുവെന്നതുതന്നെ, മനുഷ്യന് ഹൃദയത്തിനു പുറത്തും ഇന്റലിജന്‍സിന്റെ തലമുണ്ടെന്ന് വ്യക്തമാക്കുന്നു. 'നഫ്‌സ്' എന്ന പദം മനസ്സ് എന്ന അര്‍ഥത്തില്‍ പ്രയോഗിച്ചപ്പോള്‍, അത് മനുഷ്യന് ഓരോ അവസരത്തിലും ഓരോ കാര്യങ്ങള്‍ തോന്നിക്കുന്ന ഇടമായും (12:68) ധര്‍മാധര്‍മബോധത്തിന്റെ കേന്ദ്രമായും (91:7) രഹസ്യങ്ങളും അറിവുകളും സൂക്ഷിക്കുകയും ഭയാശങ്കകള്‍ ജനിക്കുകയും ചെയ്യുന്ന  ഇടമായും (5:116; 33:37; 12:77; 20:67) വിശേഷിപ്പിച്ചിട്ടുണ്ട്. അതിനപ്പുറം, കണ്ണും കാതും (41:20)  കൈകാലുകളും (36:65) തൊലിയുമൊക്കെ (41:2021) പരലോകത്ത് ഓരോ മനുഷ്യന്റെയും കര്‍മത്തിനു സാക്ഷ്യം വഹിച്ച് സംസാരിക്കുമെന്ന് പറയുന്ന വിശുദ്ധ ഖുര്‍ആന്‍ സ്വാഭാവികമായും സൂചിപ്പിക്കുന്നത് ഓരോ അവയവത്തിനും കോശത്തിനുമൊക്കെ അല്ലാഹു സംവിധാനിച്ചിട്ടുള്ള പ്രത്യേകമായ ഓര്‍മയുടെ അറകളുണ്ട് എന്നുതന്നെയാണ്. ഓരോ മനുഷ്യനും  ചെയ്യുന്ന കര്‍മങ്ങളുടെ കോപ്പി സൂക്ഷിക്കപ്പെടുന്നതായും ഖുര്‍ആന്‍(45:29) വ്യക്തമാക്കുന്നുണ്ട്.  ആധുനിക ശാസ്ത്രമാകട്ടെ മനുഷ്യശരീരത്തില്‍ പ്രത്യേകമായി സംവിധാനിക്കപ്പെട്ട സെല്ലുലാര്‍ മെമ്മറിയെ സംബന്ധിച്ച  സാധ്യതയിലേക്കാണ് സൂചനകള്‍ നല്‍കുന്നത് (സയന്‍സ് ഡെയ്‌ലി ആഗസ്റ്റ് 15, 2013).  

മനസ്സിനെയും ഹൃദയത്തെയും കുറിക്കുന്ന ഖുര്‍ആനിക പദങ്ങള്‍ (ഖല്‍ബ്, സ്വദ്ര്‍, ഫുആദ്)  കേവല ഭാഷാ പ്രയോഗങ്ങള്‍ മാത്രമാവാം. ശാസ്ത്രം വികസിച്ച ഈകാലത്തും നാം നമ്മുടെ ഭാഷയില്‍ 'ഹൃദിസ്ഥമാക്കുക' എന്നും ആംഗലേയ ഭാഷയില്‍ 'Byheart' എന്നുമൊക്കെ പറയുന്നതുപോലെ. ഭൂമിയുടെ പരിക്രമണത്തിന്റെ ഭാഗമായുണ്ടാകുന്ന പ്രതിഭാസമാണെന്ന് നാം കൃത്യമായി മനസ്സിലാക്കുമ്പോഴും ഭാഷയില്‍ സൂര്യോദയത്തിനു നാം ഇപ്പോഴും 'ഉദയം' എന്നുതന്നെയാണല്ലോ പ്രയോഗിക്കുന്നത്. അറബിഭാഷയുടെ പരിണാമ വികാസദശയില്‍ ഈ പദങ്ങളൊക്കെ മനസ്സ് എന്ന അര്‍ഥത്തില്‍ കൂടി ഉപയോഗിക്കപ്പെട്ടിരുന്നു. ഇന്നും അവ അങ്ങനെതന്നെയാണ്. ആ വാക്കുകളുടെ നിഷ്പാദന ശാസ്ത്രം (Etymology) വ്യക്തമാക്കുന്നതും അതുതന്നെ. 'ഖല്‍ബ്' എന്ന പദം നിരന്തരമായി മാറിമറിയുന്ന പ്രതിഭാസത്തെയാണ് ദ്യോതിപ്പിക്കുന്നത്. ഈ ചലനവും ചാലകതയും  അസ്ഥിരതയുമെല്ലാം മനുഷ്യമനസ്സിന്റെ സ്ഥിരഭാവങ്ങളാണല്ലോ. ഇതേപോലെ 'ഫുആദ്' എന്നത് കത്തുന്ന (Burning) ഫീലിംഗിനെയാണ് കുറിക്കുന്നത്. പൊരിച്ച ഇറച്ചിക്ക് അറബിയില്‍ 'ലഹം ഫഈദ്' എന്ന് പറയാറുണ്ട്.  'സ്വദ്ര്‍' എന്നീ പദമാകട്ടെ ഉത്ഭവിക്കുക, മുകളില്‍ നില്‍ക്കുക, മുന്നില്‍ നില്‍ക്കുക എന്ന അര്‍ഥങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നു. ഈ ക്രിയയുടെ ഉത്ഭവനാമമായ 'മസ്വ്ദര്‍' എന്ന പദത്തിന്റെ അര്‍ഥംതന്നെ ഉത്ഭവസ്ഥലം എന്നാണ്. മനുഷ്യ കര്‍മങ്ങളുടെ പ്രേരണയുടെ ഉത്ഭവസ്ഥലവും, മനുഷ്യനില്‍ ഏറ്റവും മുകളിലും മുന്നിലും നില്‍ക്കുന്ന പ്രതിഭാസവുമാണല്ലോ മനസ്സ്.  'ഫുആദ്' എന്നതില്‍  മനുഷ്യമനസ്സിന്റെ വൈകാരിക(Emotional)തലവും സ്വദ്ര്‍ എന്നതില്‍ പ്രേരണാ(motive)തലവും കൂടി ഉദ്ദേശിക്കപ്പെട്ടിട്ടുണ്ടാവണം. ഈ വാക്കുകള്‍ പ്രയോഗിക്കപ്പെട്ട ഖുര്‍ആനിക സൂക്തങ്ങളും മനസ്സിന്റെ ഈ തലങ്ങളിലേക്ക് സൂചന നല്‍കുന്നുണ്ട്. മനസ്സിനെ ഈ ഭിന്നതലങ്ങളില്‍ 'ഫുആദ്' എന്ന തലത്തോടൊപ്പമാണ് ഉറപ്പിച്ചുനിര്‍ത്തുക, സ്റ്റബിലൈസ് ചെയ്യുക എന്നീ അര്‍ഥങ്ങളുള്ള 'തസ്ബീത്' എന്ന പദം ഖുര്‍ആന്‍ എപ്പോഴും ഉപയോഗിക്കുന്നത് (11:120;25:32). ഇതും 'ഫുആദ്' എന്നത് മനസ്സിന്റെ വൈകാരിക (Emotional) തലത്തെയാണ് കുറിക്കുന്നത് എന്ന് വ്യക്തമാക്കുന്നു. ആത്മീയതലത്തില്‍ നോക്കിയാല്‍ വിശുദ്ധഖുര്‍ആന്‍ 'ഫുആദി'നെ ഇന്ദ്രിയാനുഭൂതികളുടെയും (53:11) സ്വദ്‌റിനെ ഇസ്‌ലാമിക വ്യവസ്ഥയോടുള്ള കീഴ്‌വണക്കത്തിന്റെയും (39:22) 'ഖല്‍ബി'നെ വിശ്വാസത്തിന്റെയും (49:7; 58:22) ഇടങ്ങളായി കൂടി വിശേഷിപ്പിച്ചതായി കാണാം. ഇതൊക്കെ ബോധമനസ്സിന്റെയും (ഈമാന്‍-ഖല്‍ബ്) ഉപബോധമനസ്സിന്റെയും (വികാരങ്ങളും സ്വപ്നങ്ങളും- ഫുആദ്) അബോധമനസ്സിന്റെയും (സൂക്ഷിപ്പുകേന്ദ്രം-സ്വദ്ര്‍) തലങ്ങളെ സൂചിപ്പിക്കുന്നതാണോ എന്നതും പഠനാര്‍ഹമായ വിഷയമാണ്. അബോധമനസ്സ് എന്നതിനേക്കാള്‍ മനസ്സിന്റെ ഈ തലത്തെ കൂടുതല്‍ സമുചിതമായി പ്രതിനിധാനം ചെയ്യുക സ്വദ്ര്‍ എന്ന വാക്കാണ്. കാരണം സ്വദ്ര്‍ മനുഷ്യ പ്രവൃത്തിയുടെ പിന്നിലെ യഥാര്‍ഥ പ്രേരണയെയും അതുകൊണ്ടുതന്നെ ഉത്ഭവ കാരണത്തെയും ദ്യോതിപ്പിക്കുന്നുണ്ട്. മനുഷ്യന്റെ കര്‍മങ്ങളുടെ ഡ്രൈവര്‍ സ്ഥാനത്ത് നില്‍ക്കുകയും നാമറിയുക പോലും ചെയ്യാതെ നമ്മുടെ കര്‍മങ്ങളെ നിയന്ത്രിക്കുകയും ചെയ്യന്നത് സ്വദ്ര്‍ ആയതുകൊണ്ടും  സ്വദ്‌റിലാണ് എല്ലാം സൂക്ഷിക്കപ്പെടുന്നത് എന്നതുകൊണ്ടുമാണ് 'സ്വദ്ര്‍ മറച്ചുവെക്കുന്നത്' എന്നും(3:29,118) 'അല്ലാഹു സ്വദ്‌റില്‍ ഉള്ളതെല്ലാം അറിയുന്നവനാണ്' (3:119,154; 5:179; 8:43; 11:5) എന്നും  'നാളെ പരലോകത്ത് സ്വദ്‌റിനുള്ളിലുള്ളത് പുറത്തുകൊണ്ടുവരുമെന്നും' (100:10) വിശുദ്ധ ഖുര്‍ആന്‍ പറയുന്നതും കര്‍മങ്ങളില്‍ സങ്കുചിത വൈകാരികതക്ക് അടിപ്പെട്ടുപോകാതിരിക്കാന്‍ ആ സ്വദ്‌റിനു വിശാലത ഉണ്ടാവേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് സൂചിപ്പിക്കുന്നതും (6:125; 16:6; 20: 25;39:22; 94:1). ആധുനിക മനശ്ശാസ്ത്രം അബോധമനസ്സിനെ കാണുന്നതും, എല്ലാ രഹസ്യങ്ങളുടെയും സൂക്ഷിപ്പുസ്ഥലമായും നമ്മുടെ മിക്കവാറും കര്‍മങ്ങളെ നാം അറിയാതെ നിയന്ത്രിക്കുന്ന നമ്മുടെ മനസ്സിന്റെ അടിത്തട്ടായുമാണ്. 

(തുടരും)

Comments

Other Post

ഹദീസ്‌

വിജയ നിദാനങ്ങള്‍
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ 24 /അന്നൂര്‍ /2
എ.വൈ.ആര്‍