Prabodhanm Weekly

Pages

Search

2011 ഏപ്രില്‍ 23

അടയാളപ്പെടുത്തേണ്ടതും അടയാളപ്പെടേണ്ടതും

കെ.പി സല്‍വ

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന്‌ പെണ്‍ സ്ഥാനാര്‍ഥികളില്ല. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ പെണ്‍ സ്ഥാനാര്‍ഥികളെ മാനേജ്‌ ചെയ്യാന്‍ (കിട്ടാനല്ല) പ്രയാസപ്പെട്ടതുകൊണ്ട്‌ അവര്‍ക്ക്‌ പെരുമാറ്റച്ചട്ടത്തെക്കുറിച്ച്‌ ചിന്തിക്കേണ്ടിവന്നു. 1958-ല്‍ രൂപീകരിക്കപ്പെട്ട എം.എസ്‌.എഫ്‌ തങ്ങളുടെ വോട്ട്‌ ബാങ്കായ പെണ്‍കുട്ടികളെ സംഘടിപ്പിക്കാന്‍ യോഗം വിളിക്കുന്നത്‌ പിന്നെയും പതിറ്റാണ്ടുകള്‍ പിന്നിട്ട്‌ 2008-ല്‍. (മൂന്ന്‌ `ബി'കള്‍- Book, Bag, Biriyani ആയിരുന്നു ഓഫര്‍). വീണ്ടും മൂന്ന്‌ വര്‍ഷം കഴിഞ്ഞ്‌ ആ കൂട്ടായ്‌മക്ക്‌ പേര്‌ വിളിച്ചു. സ്‌ത്രീയിടം കുടുംബത്തിനകത്ത്‌ മാത്രമാണെന്ന്‌ ശഠിക്കുന്നവരും വിദ്യാഭ്യാസവും തൊഴില്‍ മേഖലകളും കൂടി അവര്‍ക്ക്‌ അനുവദിച്ചുകൊടുക്കുന്ന നവോത്ഥാനക്കാരും ഒരുമിക്കുന്ന `രാഷ്‌ട്രീയ' പാര്‍ട്ടി ആയതുകൊണ്ടാണ്‌ മുസ്‌ലിം ലീഗിനെ ഉദാഹരിച്ചത്‌. ഇങ്ങനെ നിര്‍ബന്ധിതാവസ്ഥയിലും മാനേജ്‌ ചെയ്യപ്പെട്ടും പ്രത്യേകം പെരുമാറ്റച്ചട്ടങ്ങള്‍ക്ക്‌ വിധേയമായും മാത്രം പൊതു ഇടങ്ങളിലേക്ക്‌ പ്രോത്സാഹിപ്പിക്കപ്പെടുന്നവരാണ്‌ മുസ്‌ലിം സ്‌ത്രീകള്‍. പലപ്പോഴും പാര്‍ട്ടികളുടെ അനിവാര്യതകളില്‍ മാത്രമാണ്‌ അവര്‍ സംഘടിപ്പിക്കപ്പെടുന്നത്‌. സ്‌ത്രീയിലെ മനുഷ്യനും ഇസ്‌ലാമിലെ സ്‌ത്രീയും ബോധ്യങ്ങളിലേ ഇല്ലാത്തതുകൊണ്ട്‌ ജമാഅത്തെ ഇസ്‌ലാമിയുടെ സ്‌ത്രീ നിലപാടുകളെ വിശകലനം ചെയ്യുമ്പോള്‍ സാമുദായിക സംഘടനകള്‍ക്ക്‌ അങ്ങേയറ്റത്തെ അസഹ്യത അനുഭവപ്പെടുന്നു. പരിഹാസവും മുഷ്‌ക്കും മാന്യതയുടെ എല്ലാ അതിരുകളും ഭേദിച്ച്‌ അക്ഷരങ്ങളായി അച്ചടിക്കുമ്പോള്‍ ആത്മനിര്‍വൃതി അനുഭവിക്കുന്നുണ്ടാവാം. അതിലപ്പുറം അവക്ക്‌ പോസിറ്റീവ്‌ ആയി ഒന്നും തന്നെ ചെയ്യാനില്ല. `മതേതരത്തിന്റെ വായ്‌പാട്ടുകള്‍ക്കാവട്ടെ എന്നും ഒരേ ശീലുകള്‍ തന്നെ. `ചിറ്റ്‌' (കാത്‌ നിറയെ തുളയിട്ട്‌ ധരിക്കുന്ന ആഭരണം) ഒഴിവാക്കി ഒറ്റത്തുളയിട്ട്‌ കമ്മല്‍ അണിഞ്ഞപ്പോള്‍ മുസ്‌ലിം സ്‌ത്രീ പരിഷ്‌കൃതയായതുപോലെ തട്ടത്തിന്റെയും കുപ്പായത്തിന്റെയും കല്യാണത്തിന്റെയും തുടങ്ങി എതിര്‍ ലിംഗ സൗഹൃദങ്ങളുടെ കാര്യങ്ങളില്‍ കൂടി അധീശ സാംസ്‌കാരിക രീതികള്‍ സ്വീകരിക്കുന്നതിലാണ്‌ മുസ്‌ലിംസ്‌ത്രീയുടെ ജനാധിപത്യമെന്ന ഒരേ താളം. യഥാര്‍ഥത്തില്‍ ഇവിടെ നടക്കാതെ പോകുന്നത്‌ ജമാഅത്തെ ഇസ്‌ലാമിയുടെ വനിതാ നിലപാടുകള്‍, അവയുടെ പ്രതിഫലനങ്ങള്‍, സാധ്യതകള്‍ എന്നിവയെക്കുറിച്ച പക്വവും ആഴവുമുള്ള വിലയിരുത്തലാണ്‌. ഒരു പുരുഷ പാര്‍ട്ടിയുടെ ആള്‍ക്കൂട്ടമായി നിലനില്‍ക്കുന്ന പെണ്‍ വൃന്ദത്തെ അനുകരണത്തിന്റെയോ പ്രതിനിധാനത്തിന്റെയോ അനിവാര്യതയില്‍ പ്രഖ്യാപിച്ചെടുത്ത ഒരു വിഭാഗമല്ല ജമാഅത്തെ ഇസ്‌ലാമിയുടെ വനിതാ സംഘടനകള്‍. ദീനിന്റെ വര്‍ണങ്ങള്‍ പുരുഷന്മാരില്‍ മാത്രം വിരിയിച്ചെടുക്കാവുന്ന ഒന്നാണെന്ന അസന്തുലിതത്വം അതിന്റെ ബോധ്യങ്ങളിലോ സംവേദനങ്ങളിലോ തുടക്കം മുതലേ ഉണ്ടായിട്ടില്ല (ഉദാ: മൗലാനാ മൗദൂദി- മുസ്‌ലിം വനിതകളും ഇസ്‌ലാമിക പ്രബോധനവും). 1984-ലാണ്‌ കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വനിതാ വിഭാഗം പ്രഖ്യാപിക്കപ്പെടുന്നത്‌. അത്‌ തുടക്കമായിരുന്നില്ല. വളര്‍ച്ചയുടെ ഒരു ഘട്ടവും കാര്യക്ഷമതയിലേക്കുള്ള തീരുമാനവുമായിരുന്നു. പെണ്‍കലാലയങ്ങള്‍ (1960), സ്‌ത്രീകള്‍ക്കുള്ള പ്രസിദ്ധീകരണം (സന്മാര്‍ഗം 1972), തൊട്ടിലുകളുള്ള സമ്മേളന നഗരികള്‍ എല്ലാം ഇതിന്റെ സാക്ഷ്യപത്രങ്ങളാണ്‌. ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യകാല ചരിത്രത്തില്‍ പലതുകൊണ്ടും സവിശേഷമായ സാഹിത്യ സൃഷ്‌ടിയാണ്‌ 1954-ല്‍ രചിക്കപ്പെട്ട `കണ്ണീരും പുഞ്ചിരിയും' (കെ.ബിഎംവളാഞ്ചേരി). അതിന്റെ മുഖ്യ പ്രതിപാദ്യങ്ങളിലൊന്ന്‌ സ്‌ത്രീകളുടെ സംഘടനാ പ്രവര്‍ത്തനവും പ്രതിസന്ധികളുമാണ്‌ എന്നത്‌ അതിന്റെ വ്യാപ്‌തിയും ആഴവും നമ്മെ ബോധ്യപ്പെടുത്തും. ഇതിനൊരു അടുക്കും ചിട്ടയും കേന്ദ്രീകരണവും അതിന്റെ സംഘടനാ രൂപത്തിലൂടെ സാധിച്ചെടുക്കുകയായിരുന്നു. ഇന്നും വ്യവസ്ഥാപിതമായ പ്രവര്‍ത്തന വഴികളില്‍ മുസ്‌ലിംസമുദായത്തിലെ ചെറുതല്ലാത്ത ഒരു പങ്ക്‌ സ്‌ത്രീകള്‍ ശാക്തീകരിക്കപ്പെടുന്നുണ്ട്‌. ഇരുപതിനായിരത്തിലധികം സ്‌ത്രീകള്‍ അതിന്റെ ഘടനയില്‍ പ്രത്യക്ഷമായിത്തന്നെ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്നു. എട്ടായിരത്തോളം ഖുര്‍ആന്‍ പഠിതാക്കള്‍, പ്രസിദ്ധീകരണങ്ങള്‍, കലാലയങ്ങള്‍, സന്നദ്ധ സേവന സംരംഭങ്ങള്‍, സര്‍ഗ കൂട്ടായ്‌മകള്‍ തുടങ്ങി വ്യത്യസ്‌ത രംഗങ്ങളില്‍ അവര്‍ കര്‍മനിരതരാണ്‌. ഇവരില്‍ 20 ശതമാനത്തോളം വ്യത്യസ്‌ത തലങ്ങളില്‍ നേതൃത്വം വഹിക്കുന്നവരാണ്‌. അവര്‍ക്കതിനുള്ള പരിശീലനവും ലഭിക്കുന്നുണ്ട്‌. മുഴുവന്‍ പ്രവര്‍ത്തകരും ആഴ്‌ചയിലൊരിക്കലെങ്കിലും കൂടിയിരുന്ന്‌ വൈജ്ഞാനിക ചര്‍ച്ചകളിലേര്‍പ്പെടുന്നു. ഇത്തരം കൂട്ടായ്‌മകളില്‍ നിന്ന്‌ ആതുര സേവനം, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍, കൃഷിത്തോട്ടങ്ങള്‍, സാമ്പത്തിക സംരംഭങ്ങള്‍, പരിശീലന പരിപാടികള്‍, യാത്രകള്‍ എല്ലാം ഉരുത്തിരിഞ്ഞ്‌ വരുന്നു. ആധ്യാത്മിക വിഷയങ്ങള്‍ മുതല്‍ സ്വത്വ പ്രതിസന്ധികള്‍ വരെ ചര്‍ച്ച ചെയ്യുന്ന ഇത്തരം കൂട്ടായ്‌മകളില്‍ നിന്നും ആതുര സേവനം, സന്നദ്ധ പ്രവര്‍ത്തനം, കൃഷിത്തോട്ടങ്ങള്‍, സാമ്പത്തിക സംരംഭങ്ങള്‍, പരിശീലന പരിപാടികള്‍, യാത്രകള്‍, സര്‍ഗാവിഷ്‌കാരങ്ങള്‍ എല്ലാം ഉരുത്തിരിഞ്ഞുവരുന്നുണ്ട്‌. മുസ്‌ലിം സ്‌ത്രീകളെ ഇത്ര ചിട്ടയിലും വ്യാപ്‌തിയിലും സംഘടിപ്പിക്കുന്ന ഈ സംവിധാനം ശാക്തീകരണത്തിന്റെ മൂന്ന്‌ മര്‍മങ്ങളെ സാധൂകരിക്കുന്നുണ്ട്‌. ഒന്ന്‌, സ്‌ത്രീകളുടെ നേതൃത്വവും തീരുമാനാധികാരവും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. രണ്ട്‌, അവരുടെ ബൗദ്ധിക വൈജ്ഞാനിക മണ്ഡലത്തെ സജീവമാക്കി നിലനിര്‍ത്തുന്നു. മൂന്ന്‌, സ്വത്വ വികാസത്തിനും സാക്ഷാത്‌കാരത്തിനും ഒരുപാട്‌ തുറവുകള്‍ സ്‌ത്രീകള്‍ക്ക്‌ പ്രാപ്യമാക്കുന്നു. ശാക്തീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കൂട്ടത്തെ ഉള്‍ക്കൊള്ളാനും ഉപയോഗപ്പെടുത്താനുമുള്ള ഇടവും തയാറെടുപ്പുകളും നിലവിലുള്ള മത/മതേതര സാമൂഹിക ഘടനക്കില്ല എന്നത്‌ ഇതിനെ അദൃശ്യമാക്കി നിലനിര്‍ത്തുന്നതില്‍ പ്രധാന കാരണമാണ്‌. മറ്റൊന്ന്‌ ഈ തുടര്‍ച്ചക്ക്‌ ഒരു നങ്കൂരമില്ല എന്നതാണ്‌. വ്യക്തവും കൃത്യവുമായ ദിശയിലുള്ള വളര്‍ച്ചയല്ല അതിനുള്ളത്‌. കേരളത്തിലെ വിമര്‍ശക പൊതുമണ്ഡലം ഇതിനൊരു പ്രധാന കാരണമാണ്‌. ഗുണകാംക്ഷികളല്ലാത്ത മത, മതേതര, ഫെമിനിസ്റ്റ്‌ വിമര്‍ശകരുടെ വാക്കുകള്‍ മുഖവിലക്കെടുക്കുമ്പോള്‍ ഊര്‍ജവും സമയവും പ്രതിരോധത്തിനായി നീക്കിവെക്കേണ്ടി വരുന്നു. എന്നാല്‍, ഇതിനെ തിരിച്ചറിയാന്‍ മാത്രം വികാസം ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗങ്ങള്‍ ആര്‍ജിച്ചിരിക്കുന്നു എന്നത്‌ പ്രസ്‌തുത ശാക്തീകരണ പ്രക്രിയയുടെ തുടര്‍ച്ചയായിട്ടുവേണം മനസ്സിലാക്കാന്‍. ``ഇസ്‌ലാം ഒരു മരിച്ച ദര്‍ശനമല്ല. ജീവനുള്ളതും ചലനാത്മകവുമാണ്‌. മുസ്‌ലിം സ്‌ത്രീയെക്കുറിച്ച്‌ പൊതു മണ്ഡലവും മാധ്യമങ്ങളും ചര്‍ച്ച ചെയ്യുന്ന പ്രശ്‌നങ്ങളൊന്നും മൗലികമല്ല.... സ്വത്വപരവും സാമൂഹികവും സാംസ്‌കാരികവുമായ ഒരുപാട്‌ പ്രശ്‌നങ്ങള്‍ മുസ്‌ലിം സ്‌ത്രീകള്‍ നേരിടുന്നുണ്ട്‌'' (കെ.കെ റഹീന, പ്രബോധനം 2010 ഡിസംബര്‍). പ്രതിനിധാനം ചെയ്യുന്ന ഒരു കൂട്ടത്തിന്റെ ജീവിതത്തെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരിക, അവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത്‌ പരിഹാരം തേടുക, ധൈഷണിക തലത്തിലുള്ള ചര്‍ച്ചകളെയും പഠനങ്ങളെയും സാമൂഹിക ജീവിതത്തിന്റെ പ്രായോഗികതയിലേക്ക്‌ നിവര്‍ത്തിയിടുക തുടങ്ങിയതായിരിക്കണം അതിന്റെ വഴി. വിവാഹത്തിലേക്ക്‌ വളര്‍ത്തപ്പെടുന്ന പെണ്‍കുട്ടികള്‍ നമ്മുടെ നാടിന്റെയൊരു പ്രത്യേകതയാണ്‌. അവരുടെ മനസ്സും ശരീരവും ആ ഒരു ലക്ഷ്യത്തിലേക്ക്‌ മെരുക്കപ്പെടുന്നു. വരനെ തേടുന്ന പരസ്യങ്ങളിലെ ആത്മാവില്ലാത്ത ശരീരങ്ങള്‍ ഇതിന്റെ അടയാളമാണ്‌. ജീവിതാന്ത്യം വരെ അവിവാഹിതരായി തുടരേണ്ടിവരുന്ന സ്‌ത്രീകളും നമ്മുടെ നാട്ടിലുണ്ട്‌. തുണയില്ലാതെ കുടുംബത്തെയും കുട്ടികളെയും പരിപാലിക്കേണ്ടിവരുന്നവരുണ്ട്‌. വീടകങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന വിജ്ഞാനവും തൊഴില്‍ശേഷിയും സര്‍ഗസിദ്ധികളുമുണ്ട്‌. ഈ വലിയൊരു വിഭാഗത്തിന്‌ അന്തസ്സും ഇടവും നല്‍കുന്ന ചിന്താകര്‍മ പദ്ധതികളിലൂടെ അടിയന്തരിമായി നാം അടയാളപ്പെടേണ്ടിയിരിക്കുന്നു. അങ്ങേയറ്റം സമീകരിക്കപ്പെട്ടതാണ്‌ സ്‌ത്രീയും കുടുംബവും. അതുകൊണ്ട്‌ തന്നെ സ്‌ത്രീ ശാക്തീകരണ ചര്‍ച്ചകളില്‍ കുടുംബവും കടന്നുവരും. ജമാഅത്തെ ഇസ്‌ലാമി സ്‌ത്രീ വിമര്‍ശനങ്ങളില്‍ വിശകലന വിധേയമാവേണ്ട ഒന്നാണ്‌ കുടുംബമെന്ന സാമൂഹിക സ്ഥാപനം അതിന്റെ ആഭ്യന്തര/പൊതു സംവേദനങ്ങളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നതിന്റെ ആഴവും രീതിയും. 2007-ല്‍ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ തലത്തില്‍ നടത്തിയ കുടുംബ കാമ്പയിന്‍ ഇസ്‌ലാമിലെ കുടുംബ സങ്കല്‍പത്തിന്റെ സത്ത വളരെ കൃത്യമായ ഭാഷയില്‍ വരച്ചിടുന്നുണ്ട്‌. അടിച്ചമര്‍ത്തലിലൂടെ വകവെച്ച്‌ കിട്ടേണ്ട അവകാശമായിട്ടല്ല, കൂടിയാലോചനയിലൂടെ പുലരേണ്ട ഉത്തരവാദിത്വമായിട്ടാണ്‌ കുടുംബത്തിനകത്തെ അധികാരത്തെ അത്‌ അവതരിപ്പിച്ചത്‌. കുടുംബത്തിന്‌ പുറത്ത്‌ (അധ്യയന/തൊഴില്‍ ഇടങ്ങള്‍ മാത്രമല്ല) അങ്ങാടികളടക്കമുള്ള പൊതു ഇടങ്ങള്‍ സ്‌ത്രീകളുടേത്‌ കൂടിയാണെന്ന വ്യക്തമായ സന്ദേശം 2010-ലെ കുറ്റിപ്പുറം സഫാ നഗര്‍ വനിതാ സമ്മേളനം മുന്നോട്ടുവെക്കുന്നുണ്ട്‌. ഇങ്ങനെ പൊതു സമൂഹത്തിന്റെ കാഴ്‌ചവട്ടത്തില്‍ സൈദ്ധാന്തികവും പ്രായോഗികവുമായ ഒരുപാട്‌ വര്‍ണങ്ങള്‍ ഈ മുസ്‌ലിം പെണ്‍കൂട്ടം വരഞ്ഞിടുന്നുണ്ടെങ്കിലും അവ അര്‍ഹിക്കുംവിധം അടയാളപ്പെടുത്തിയിട്ടില്ല. ഇതിന്റെ ഒരു കാരണം ഡോ. ഷംസാദ്‌ ഹുസൈന്‍ തന്റെ പുസ്‌തകത്തില്‍ പറഞ്ഞുവെച്ചിട്ടുണ്ട്‌: ``പൊതുസമൂഹത്തില്‍ ഏജന്‍സിയുള്ളവളായി മാപ്പിള സ്‌ത്രീ അംഗീകരിക്കപ്പെടണമെങ്കില്‍ അവള്‍ ഇസ്‌ലാമിനെതിരെ ശബ്‌ദിക്കുന്നവളാവണം എന്നത്‌ ഒരു സാമാന്യ ധാരണയാണ്‌'' (ലിംഗ പദവിക്കും ന്യൂനപക്ഷത്തിനുമിടയില്‍). മറ്റൊരു കാരണം ആ പുസ്‌തകത്തിന്റെ സമീപനത്തില്‍നിന്നും നമുക്ക്‌ വായിച്ചെടുക്കാം. ആധുനികതയുടെ ജ്ഞാന മണ്ഡലങ്ങളോടും സൈദ്ധാന്തിക പരിപ്രേക്ഷ്യങ്ങളോടും നിരന്തരം കലഹിച്ചുകൊണ്ട്‌ പാര്‍ശ്വവത്‌കൃതരുടെയും ന്യൂനപക്ഷങ്ങളുടെയും കര്‍തൃത്വത്തെ പ്രോത്സാഹിപ്പിക്കുന്ന എഴുത്തുകാരിയാണ്‌ ഷംസാദ്‌. അവരില്‍ പോലും സ്വാധീനം ചെലുത്താന്‍ മാത്രം ശക്തമാണ്‌ ഇവിടത്തെ അധീശ പൊതുബോധം. ഈ സവര്‍ണ വിമര്‍ശക പൊതുമണ്ഡലം നിര്‍വചിച്ച മുസ്‌ലിം സ്‌ത്രീയെ ഷംസാദിന്റെ പുസ്‌തകം ആഘോഷിക്കുമ്പോള്‍ ഇസ്‌ലാമിനെ ആദര്‍ശമാക്കിയവരെ അതില്‍ മഷിയിട്ട്‌ തിരയണം. അതുകൊണ്ടാണ്‌ കോഴിക്കോടിന്റെ `ഠ' വട്ടത്തില്‍ ഒതുങ്ങുന്ന ഒരു സംഘടനയെയും സാരഥിയെയും വിസ്‌തരിച്ച്‌ വലുതാക്കിയപ്പോള്‍ ഇത്രയും വ്യവസ്ഥാപിതമായും ബള്‍ക്കായും പ്രവര്‍ത്തിക്കുന്ന ഒരു ഘടനയെ രണ്ട്‌ മൂന്ന്‌ വാചകങ്ങളില്‍ പരാമര്‍ശിച്ച്‌ ഒതുക്കിയത്‌, കമലാ സുറയ്യയുടെ പര്‍ദയെ അതില്‍ കണ്ടപ്പോള്‍ അവര്‍ സ്വീകരിച്ച ആദര്‍ശം കാണാതിരുന്നത്‌, ഉപദ്രവമില്ലാത്ത ഭൂതകാലത്തിലെ വ്യക്തികളുടെ പൊലിവിന്റെ ഏഴയലത്ത്‌ പോലും അനുഭവകാലത്ത്‌ അഭിസംബോധന ചെയ്യേണ്ട സംഘടനകളുടെ നിറങ്ങള്‍ എത്താതിരുന്നത്‌. ജമാഅത്തെ ഇസ്‌ലാമിയുടെ സ്‌ത്രീ സമീപനങ്ങളുടെ പുറമേയുള്ള ചിത്രത്തേക്കാള്‍ മനോഹരമാണ്‌ അകത്തെ കാഴ്‌ചകള്‍. നവീകരണം പ്രകൃതത്തില്‍ നിലീനമായതുകൊണ്ടാണ്‌ ജമാഅത്തെ ഇസ്‌ലാമിക്ക്‌ കാലോചിതമായ നിലപാടുകള്‍ സാധിക്കുന്നത്‌. വിമര്‍ശനങ്ങള്‍ നവീകരണത്തിന്‌ ഊര്‍ജമാണ്‌. അതുകൊണ്ട്‌ തന്നെ തങ്ങള്‍ക്ക്‌ നേരെ വരുന്ന ഏത്‌ വിമര്‍ശനത്തെയും ജമാഅത്തെ ഇസ്‌ലാമിക്കാര്‍ പരിഗണിക്കും. കൊളളുകയും തള്ളുകയും ചെയ്യും. എന്നാല്‍, പുറത്ത്‌ നിന്നുള്ളതിനേക്കാള്‍ ആഭ്യന്തര വിമര്‍ശനങ്ങളാണ്‌ അതിന്റെ കരുത്ത്‌. വിജ്ഞാനം, വിശകലനം, ചിന്ത, വികാരം എന്നിവയെല്ലാം തീക്ഷ്‌ണമായി ഉള്‍ച്ചേരുന്ന ഇത്തരം വിമര്‍ശനങ്ങള്‍ക്കുള്ള ഇടം അതിന്റെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ അതിശക്തമായ പരിഛേദമാണ്‌. ആ ഇടത്തില്‍ അതിന്റെ സ്‌ത്രീ നിലപാടുകളുടെയും പ്രവര്‍ത്തകരുടെയും സജീവ സാന്നിധ്യം ജമാഅത്തെ ഇസ്‌ലാമി സാധിച്ചെടുത്തിരിക്കുന്നു. തീര്‍ച്ചയായും അത്‌ ലേഡീസ്‌ ഓണ്‍ലി കമ്പാര്‍ട്ടുമെന്റുകളിലൂടെ മാത്രം വികസിച്ചുവന്ന ഒന്നല്ല. അറിവും ആശയങ്ങളും ചിന്തയും ബോധ്യങ്ങളും അനുഭവങ്ങളും പങ്ക്‌ വെക്കുന്ന സംവേദന സംസ്‌കാരം അതിനകത്തുണ്ട്‌. ഈ തുടര്‍ച്ചയില്‍ സ്‌ത്രീകളും പുരുഷന്മാരും പങ്കാളികളാണ്‌. ഇത്‌ വൈജ്ഞാനിക രംഗത്ത്‌ പരിമിതവുമല്ല. പ്രാദേശിക സേവന, സംഘാടന രംഗങ്ങളിലും വളരെ ദൃഢവും പ്രകടവുമാണ്‌. കുഞ്ഞിന്‌ പേരിടുന്നത്‌ തൊട്ട്‌ അന്താരാഷ്‌ട്ര ചിന്തകള്‍ വരെ ചര്‍ച്ച ചെയ്യുന്നസമ്പന്നമായ സ്‌ത്രീ പുരുഷ സൗഹൃദങ്ങള്‍ അതിനകത്തുണ്ട്‌. ഇസ്‌ലാമിന്റെ നൈതിക മൂല്യങ്ങളില്‍ നിന്നുറവയെടുക്കുന്ന വ്യക്തവും സ്വാഭാവികവുമായ സദാചാര ശീലങ്ങളുടെ ആഘോഷം കൂടിയാണ്‌ ഇത്തരം ബന്ധങ്ങള്‍. പുരുഷന്മാരുടെ പാര്‍ട്ടിയായ `സോളിഡാരിറ്റി വിലക്കുന്ന സ്‌ത്രീ പുരുഷ ബന്ധങ്ങളെക്കുറിച്ച്‌' വായിക്കുമ്പോള്‍ ഏറ്റവും നല്ല പുരുഷ സുഹൃത്തുക്കളുള്ളത്‌ സോളിഡാരിറ്റിയിലാണല്ലോ എന്നോര്‍ത്തു പോവാറുണ്ട്‌. ഇതുപോലെ തന്നെ പ്രസ്‌താവ്യമാണ്‌ ജമാഅത്തെ ഇസ്‌ലാമി സ്‌ത്രൈണതയെ ഉള്‍ക്കൊള്ളുന്ന വിധവും. ഓഫീസ്‌ തൊട്ട്‌ സമ്മേളനങ്ങള്‍ വരെയുള്ള സംവിധാനങ്ങളിലെല്ലാം തന്നെ ഞങ്ങള്‍ക്ക്‌ ഞങ്ങളുടെ സ്വന്തം മുറികളുണ്ട്‌. ഞങ്ങളുടെ സ്വകാര്യത, വിശ്രമം, കുഞ്ഞുങ്ങള്‍ തുടങ്ങിയ എല്ലാറ്റിനും അവിടെ മുന്തിയ പരിഗണന ലഭിക്കുന്നു. അതിനകത്ത്‌ സൊറ പറഞ്ഞിരിക്കുമ്പോള്‍ പോലും കൂടിയിരിക്കലിന്റെ ആഹ്ലാദവും ആശ്വാസവും ഞങ്ങള്‍ പങ്ക്‌ വെക്കുന്നു. തൊട്ടിലുകളുള്ള സമ്മേളനഗരികള്‍ മാത്രമല്ല, കുട്ടികള്‍ കരയുന്ന നേതൃതല യോഗങ്ങളും ജമാഅത്തെ ഇസ്‌ലാമിക്ക്‌ സ്വന്തമായിരിക്കും. പലപ്പോഴും ഇത്തരം അവസരങ്ങളില്‍ കുട്ടികളുടെ സാന്നിധ്യം പുരുഷന്മാരുടെ ശ്രദ്ധ തെറ്റിക്കാറുണ്ട്‌ (ആ അസ്വസ്ഥത ഞങ്ങള്‍ ആസ്വദിക്കാറുമുണ്ട്‌). എന്നാല്‍ അവരത്‌ ഉള്‍ക്കൊള്ളുന്ന വഴക്കവും വേഗതയും ഞങ്ങള്‍ക്ക്‌ നല്‍കുന്ന ആത്മവിശ്വാസവും താങ്ങും വളരെ വലുതാണ്‌. മനുഷ്യനെ സമഗ്രമായും സന്തുലിതമായും അഭിസംബോധന ചെയ്യുന്ന ഒരു പ്രത്യയശാസ്‌ത്രത്തില്‍ നിന്ന്‌ മാത്രമേ ഇത്തരം അനുഭവങ്ങള്‍ വിടര്‍ന്ന്‌ വരൂ. അപ്പോഴും ജമാഅത്തെ ഇസ്‌ലാമി സ്‌ത്രീ ശാക്തീകരണത്തിന്റെ അവസാന വാക്കാണെന്നും സ്‌ത്രീകളുടെ ആത്മസാക്ഷാത്‌കാരം ഇതിനകത്ത്‌ സമ്പൂര്‍ണമാണെന്നുമുള്ള വാദം ഞങ്ങള്‍ക്കില്ല. എന്നാല്‍, അത്‌ കാണിച്ചുതരുന്ന തുറവുകള്‍, നല്‍കുന്ന ഇടവും താങ്ങും അടയാളപ്പെടുകയും അടയാളപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്‌. (ലേഖിക ജി.ഐ.ഒ മുന്‍ സംസ്ഥാന പ്രസിഡന്റാണ്‌. മലയാളം ആനുകാലികങ്ങളില്‍ എഴുതാറുണ്ട്‌).

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം