Prabodhanm Weekly

Pages

Search

2011 ഏപ്രില്‍ 23

സിറിയന്‍ വിപ്ളവത്തിന്റെ സിരാകേന്ദ്രമായി ദര്‍ആ നഗരം

തുനീഷ്യയിലെ സീദീ ബുസൈദ്, ഈജിപ്തിലെ സൂയസ്, ലിബിയയിലെ ബന്‍ഗാസി. നമ്മുടെ കാലത്തെ സര്‍വാധിപതികളെ പിടിച്ചുകുലുക്കിയ വിപ്ളവങ്ങള്‍ പൊട്ടിപുറപ്പെട്ടത് ഈ നഗരങ്ങളില്‍ നിന്നായിരുന്നു. ആ നഗരസമുച്ചയത്തിലേക്ക് മറ്റൊന്ന് കൂടി- സിറിയയിലെ ദര്‍ആ നഗരം. ബഅസ് പാര്‍ട്ടിയുടെ ദശകങ്ങള്‍ നീളുന്ന മര്‍ദക ഭരണത്തിനെതിരെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത് ഇവിടെ നിന്നായിരുന്നു. രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്നും 48 വര്‍ഷമായി തുടരുന്ന അടിയന്തരാവസ്ഥ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സമാധാനപരമായി പ്രകടനം നടത്തിയവര്‍ക്ക് നേരെ സൈന്യം ചാടിവീഴുകയായിരുന്നു. നിരവധിയാളുകള്‍ ഇതില്‍ വധിക്കപ്പെട്ടു. ഹൌറാന്‍ ഗോത്രക്കാരായ നാല് പേരും വധിക്കപ്പെട്ടവരില്‍ ഉണ്ടായിരുന്നു. പ്രക്ഷോഭകരിലധികവും ദര്‍ആയിലെ ഉമരി പള്ളിയിലും പരിസരത്തുമാണ് പിടഞ്ഞ് വീണത്. അതിന്റെ ഭീകരദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ കാട്ടുതീ പോലെ പടരുകയും ചെയ്തു. ഏറെ വൈകാതെ ലാദിഖിയ്യ, ബാന്‍യാസ്, ജബില്ല, സ്വലീബിയ്യ, തല്‍, കുഫ്ര്‍സൂസ, മയാദീന്‍, ഹലബ്, ഹിംസ്വ്, ഹമാ, അദ്ലബ്, ദേര്‍, ഖാമിശ്ലി, ഹൌറാന്‍ തുടങ്ങിയ ഒട്ടുമിക്ക സിറിയന്‍ നഗരങ്ങളും പ്രക്ഷോഭങ്ങളാല്‍ ഇളകി മറിഞ്ഞു. പലയിടത്തും വെടിവെപ്പും മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാഷ്ട്രീയ പരിഷ്കരണം ആവശ്യപ്പെട്ട് ചെറുതായി തുടങ്ങിയ പ്രക്ഷോഭം, ഭരണകൂടം അടിച്ചമര്‍ത്തല്‍ ശക്തമാക്കിയതോടെ ഏകാധിപതി ബശ്ശാറുല്‍ അസദിനെ പുറത്താക്കിയേ അടങ്ങൂ എന്ന വാശിയായി രൂപാന്തരപ്പെടുകയായിരുന്നു. ഇസ്ലാമിസ്റുകളും ഇടതുപക്ഷവുമെല്ലാം പ്രക്ഷോഭത്തില്‍ കൈകോര്‍ക്കുന്നു. പള്ളികള്‍ കേന്ദ്രീകരിച്ചാണ് പ്രക്ഷോഭമെന്നതും ശ്രദ്ധേയം. 'അഭിമാനവെള്ളിയാഴ്ച'യുടെ ഓരോ വരവും ബശ്ശാറുല്‍ അസദിന്റെ ഉറക്കം കെടുത്തുന്നു. ദമസ്കസിലെ അമവി, രിഫാഈ, ഹലബിലെ ജാമിഉല്‍ കബീര്‍, ബാന്‍യാസിലെ ജാമിഅ്, ലാദിഖിയ്യയിലെ ജാമിഉ ഖാലിദ്ബ്നു വലീദ്, സ്വൂഫാന്‍, ജബില്ലയിലെ ജാമിഉ അബീബകര്‍, ഹമായിലെ ജാമിഉസ്സ്വഹാബ, ഹിംസ്വിലെ ജാമിഉ ഉമര്‍ തുടങ്ങി സിറിയയിലെ പ്രധാന പള്ളികളെല്ലാം പ്രക്ഷോഭത്തിന്റെ കേന്ദ്രങ്ങളായി നിലകൊള്ളുന്നു. ബശ്ശാറുല്‍ അസദിനെ കണ്ണിന് നേരെ കണ്ടുകൂടാത്ത ഇസ്രയേലിനെ മാറിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചതും പ്രക്ഷോഭത്തിന്റെ ഈ സ്വഭാവം തന്നെ. ഇറാന്റെയും ഹിസ്ബുല്ലയുടെയും പിന്തുണയുള്ള ബശ്ശാര്‍ പുറത്ത് പോകട്ടെ എന്നായിരുന്നു ഇസ്രയേലിന്റെ ആദ്യനിലപാട്. കടുത്ത ഇസ്രയേല്‍ വിരുദ്ധരാവും പകരം വരിക എന്നത് അവരെ ആശങ്കയിലാഴ്ത്തുന്നു. ഇസ്രയേല്‍ കൈയടക്കിവെച്ച ജൂലാന്‍കുന്നുകള്‍ തിരിച്ച് വാങ്ങാന്‍ ബശ്ശാര്‍ ഒന്നും ചെയ്യാതിരിക്കുന്നതും പ്രക്ഷോഭത്തിന് ഇന്ധനമാകുന്നുണ്ട്. സിറിയന്‍ പ്രക്ഷോഭം ഈജിപ്തിന്റെ വഴിക്കോ അതോ ലിബിയയുടെ വഴിക്കോ? ഉത്തരം പറയാന്‍ ബുദ്ധിമുട്ടാണ്. ഭരണകൂടത്തിന്റെ നിര്‍ദയമായ അടിച്ചമര്‍ത്തല്‍ തുടരുകയാണെങ്കില്‍ ലിബിയന്‍ മാതൃകയില്‍ ചോരക്കളം പ്രതീക്ഷിക്കാം; പിന്നെ വിദേശ ഇടപെടലും മറ്റും മറ്റും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം