Prabodhanm Weekly

Pages

Search

2011 ഏപ്രില്‍ 23

'വിശുദ്ധാത്മാക്കളെ ആകര്‍ഷിച്ച പ്രസ്ഥാനം'

മുഹമ്മദ് ശഫീഅ് മൂനിസ്/ഡോ. വഖാര്‍ അന്‍വര്‍

(ഏതാനും വര്‍ഷം മുമ്പ് നടത്തിയ അഭിമുഖം) സമയനിഷ്ഠയുടെ കാര്യത്തില്‍ കുറെക്കൂടി ജാഗ്രത എനിക്കുണ്ടായി. കാരണം സമയനിഷ്ഠയില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത മൌലാനാ മുഹമ്മദ് ശഫീഅ് മൂനിസ് സാഹിബിനെയാണ് ഞാന്‍ കാണാന്‍ പോകുന്നത്. ജമാഅത്ത് നമസ്കാരത്തിന് ആദ്യം പള്ളിയിലെത്തുന്ന ആള്‍. യോഗസ്ഥലങ്ങളിലും ആദ്യമെത്തുന്നവരില്‍ അദ്ദേഹവുമുണ്ടാവും. അത്രത്തോളം കൃത്യനിഷ്ഠയില്ലാത്തവരെ കാത്ത് അദ്ദേഹം വേദികളിലിരിക്കുന്നത് ചിലപ്പോഴൊക്കെ കാണാറുണ്ട്. എന്റെ ഊഹം തെറ്റിയില്ല. അഭിമുഖത്തിന് നിശ്ചയിച്ചുറപ്പിച്ച സമയത്തിന് അഞ്ച് മിനിറ്റ് മുമ്പ് ഞാന്‍ എത്തിയപ്പോഴുണ്ട്, മൌലാനാ സംസാരിക്കാനായി ഒരുങ്ങി നില്‍ക്കുന്നു. മുഴു സമയ ഇസ്ലാമിക പ്രവര്‍ത്തകനാകുന്നതിന് മുമ്പുള്ള ജീവിതത്തെക്കുറിച്ചാണ് ഞാന്‍ ആദ്യം അന്വേഷിച്ചത്. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ ജില്ലയില്‍ കുല്‍ഹേരി ഗ്രാമമാണ് അദ്ദേഹത്തിന്റെ സ്വദേശം. പക്ഷേ, ജനിച്ചതും വളര്‍ന്നതും ഉമ്മയുടെ കുടുംബക്കാര്‍ താമസിച്ചിരുന്ന മീററ്റ് ജില്ലയിലെ സിവാല്‍ഖാസ് ഗ്രാമത്തിലാണ്. മുന്‍ഷി-കാമില്‍ പരീക്ഷകള്‍ പാസായ ശേഷം ഒരു സ്കൂളില്‍ അധ്യാപകനായി ചേര്‍ന്നു. അധ്യാപക പരിശീലന സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസായതിനു ശേഷം ദല്‍ഹിയിലെ അജ്മീരി ഗേറ്റ് സ്കൂളില്‍ അധ്യാപകനായി. അഹ്ലെ ഹദീസ് ചിന്താധാരയിലെ പ്രമുഖനായ പണ്ഡിതന്‍ ഹാഫിസ് അബ്ദുശുക്കൂര്‍ വഴിയാണ് ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് ആദ്യമായി അറിയാന്‍ ഇടവന്നത്. ദല്‍ഹിയില്‍ വരുന്നതിന് മുമ്പെ അദ്ദേഹവുമായി പരിചയമുണ്ട്. അദ്ദഅ്വ പത്രത്തിന്റെ എഡിറ്റര്‍ മൌലാനാ സല്‍മാന്‍ സാഹിബാണ് ജമാഅത്തിനെ പരിചയപ്പെടുത്തിയ മറ്റൊരാള്‍ (ഇദ്ദേഹത്തിന്റെ മകളെയാണ് ശഫീഅ് മൂനിസ് വിവാഹം കഴിച്ചത്). കമ്യൂണിസം ഉള്‍പ്പെടെ പല വിഷയങ്ങളും അവര്‍ ചര്‍ച്ച ചെയ്തു. "അന്ന് കമ്യൂണിസത്തെക്കുറിച്ച് കുറച്ചൊക്കെ എനിക്ക് അറിയാം. അഞ്ച്നേരം നമസ്കരിക്കുന്നവനാണെങ്കിലും കമ്യൂണിസത്തോട് ഒരു ആകര്‍ഷണം തോന്നിയിരുന്നു. വിദ്യാസമ്പന്നനായ ചെറുപ്പക്കാരനാണോ, എങ്കില്‍ നിങ്ങള്‍ക്ക് കമ്യൂണിസത്തെക്കുറിച്ച് വിവരവും മതിപ്പും ഉണ്ടായേ മതിയാവൂ എന്നൊരു പൊതുധാരണയുള്ളത് പോലെ. വിവരവും ബുദ്ധിയുമുള്ള ചെറുപ്പക്കാരന്‍ കമ്യൂണിസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടിട്ടില്ലെങ്കില്‍, അവനെന്തോ ചികിത്സിച്ച് മാറ്റേണ്ട മാനസിക പ്രശ്നമുണ്ടെന്ന മട്ടിലായിരുന്നു കാര്യങ്ങള്‍(ചിരിക്കുന്നു).'' ഈ രണ്ട് വ്യക്തികളുമാണ് ശഫീഅ് മൂനിസിന് സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയുടെ സിയാസി കശ്മകശ് (രാഷ്ട്രീയ വടംവലി) എന്ന പുസ്തകത്തിന്റെ മൂന്ന് ഭാഗങ്ങളും നല്‍കിയത്. മൂന്നാം ഭാഗം വായിച്ച് തീര്‍ത്ത രാത്രി ശഫീഅ് മൂനിസ് വേറൊരാളായി മാറിക്കഴിഞ്ഞിരുന്നു. 1929 മുതല്‍ കോണ്‍ഗ്രസില്‍ സജീവമായി പ്രവര്‍ത്തിച്ച് വന്നിരുന്ന അദ്ദേഹം ജമാഅത്തുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു തുടങ്ങി. പിന്നെ സംഘടനയില്‍ അംഗത്വമെടുത്തു. ആ കാലത്തെക്കുറിച്ച്: "സ്കൂളില്‍ പഠിക്കുമ്പോള്‍ ഞങ്ങളെ ഉര്‍ദു പഠിപ്പിച്ചിരുന്നത് പേര്‍ഷ്യനറിയുന്ന ഒരു അമുസ്ലിം അധ്യാപകനായിരുന്നു. അദ്ദേഹം 'തേജ്' എന്നൊരു ദിനപത്രം വരുത്തിച്ചിരുന്നു. അദ്ദേഹമില്ലാത്തപ്പോള്‍ ഞാനത് വായിച്ചുനോക്കും. അതൊരു കോണ്‍ഗ്രസ് അനുകൂല പത്രമായിരുന്നു. അങ്ങനെയാണ് ചെറുപ്പത്തില്‍ തന്നെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായത്.'' മൌലാനാ മൌദൂദിയുമായി ബന്ധപ്പെടുന്നു "1945ലെ ജമാഅത്ത് പൊതുസമ്മേളനത്തില്‍വെച്ച് ഞാന്‍ മൌലാനാ മൌദൂദിയെ കാണുകയും അദ്ദേഹത്തിന് ഹസ്തദാനം നടത്തുകയും ചെയ്തിരുന്നു. അന്ന് അദ്ദേഹം നടത്തിയ ജുമുഅ പ്രഭാഷണം ഞാന്‍ കേട്ടിട്ടുണ്ട്. ഇത്തരം ജുമുഅ പ്രഭാഷണങ്ങള്‍ പിന്നീട് ഖുത്വ്ബാത്ത് എന്ന പേരില്‍ പുസ്തകമാക്കി. എന്നെയത് വളരെയേറെ സ്വാധീനിച്ചു. സാധാരണ ഗതിയില്‍ മൌലാനാ പ്രസംഗം എഴുതിത്തയാറാക്കി യോഗങ്ങളില്‍ വായിക്കുകയാണ് ചെയ്യുക. താന്‍ വിചാരിക്കാത്ത ഒരു വാക്ക് പോലും വന്നു പോകാതിരിക്കാനുള്ള ജാഗ്രതയായിരുന്നു അത്. സ്ഫോടനാത്മകമായ അന്തരീക്ഷമായിരുന്നല്ലോ അന്നുണ്ടായിരുന്നത്. ഞാന്‍ കേട്ട ഖുത്വ്ബയില്‍ മൌലാനാ നേരത്തെ എഴുതിത്തയാറാക്കിയത് വായിക്കുകയായിരുന്നില്ല. ശരിക്കും പ്രസംഗിക്കുക തന്നെയായിരുന്നു. അതുപോലുള്ള പ്രസംഗം ഞാന്‍ മുമ്പ് കേട്ടിട്ടില്ല. ഹൈദരാബാദിലെ ബഹാദൂര്‍ യാര്‍ ജംഗ് ഒഴികെ അക്കാലത്തെ ഏതാണ്ടെല്ലാ പ്രമുഖ പ്രഭാഷകരെയും ഞാന്‍ നേരത്തെ കേട്ടിട്ടുള്ളതാണ്. പക്ഷേ, മൌലാനയുടെ പ്രസംഗം അവയെയൊക്കെ കവച്ച് വെക്കുന്നു. അതിന്റെ ഉള്ളടക്കം, യുക്തി, ശൈലി എല്ലാം മികച്ചത്. 1946ല്‍ ശൈത്യാവധിക്കാലത്ത് ഞാന്‍ മൌലാനയെ കാണാനായി പഠാന്‍കോട്ടിലേക്ക് പോയി. ഒരു പഴയ പരിചയക്കാരനോടെന്ന പോലെയാണ് എന്നോട് അദ്ദേഹം പെരുമാറിയത്. അദ്ദേഹം എന്നോട് പറഞ്ഞു: താങ്കള്‍ മുസഫര്‍ നഗര്‍കാരനാണെന്ന് തോന്നുന്നില്ല. അവിടത്തെ ഉച്ചാരണ ശൈലിയല്ല താങ്കളുടേത്. ചില വാക്കുകള്‍ അവര്‍ പ്രത്യേക രീതിയിലാണ് ഉച്ചരിക്കുക. പിന്നെ അദ്ദേഹം മുസഫര്‍നഗറുകാരെ അനുകരിച്ച് ആ വാക്കുകള്‍ ഉച്ചരിച്ചു. അദ്ദേഹം പറഞ്ഞത് ശരിയാണ്. മുസഫര്‍ നഗറില്‍ കുറച്ചുകാലമല്ലേ ഞാനുണ്ടായിരുന്നുള്ളൂ. അവരുടെ സംസാരശൈലി ഞാന്‍ സ്വീകരിച്ചിട്ടുമുണ്ടായിരുന്നില്ല.'' സ്വാധീനിച്ച മറ്റു വ്യക്തിത്വങ്ങള്‍ "അലിമിയാന്‍ (അബുല്‍ ഹസന്‍ അലി നദ്വി) എന്നെ സ്വാധീനിച്ച വ്യക്തികളിലൊരാളാണ്. വ്യക്തിപരമായി ജമാഅത്തുമായി അഭിപ്രായ വ്യത്യാസമൊന്നും ഇല്ലാതെയാണ് അദ്ദേഹം സംഘടന വിട്ടത്. നേരത്തെ തന്നെ അലിമിയാന്ന് തബ്ലീഗ് ജമാഅത്തിനോടായിരുന്നു ആഭിമുഖ്യം. ജമാഅത്തിന്റെ ലഖ്നോ ഘടകം തലവനായിരിക്കുമ്പോഴും അലിമിയാന്‍ തബ്ലീഗ് പ്രബോധന പര്യടനങ്ങളില്‍ പങ്കെടുക്കാറുണ്ട്. പിന്നെ ആ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പൂര്‍ണമായി മുഴുകുകയാണുണ്ടായത്. ഒരു പ്രഖ്യാപനമൊന്നും നടത്താതെ തികച്ചും സ്വാഭാവിക രീതിയില്‍ അദ്ദേഹം സംഘടനയില്‍നിന്ന് അകന്നുപോയി. എന്നെ സ്വാധീനിച്ച മറ്റൊരാള്‍ സിറാജുല്‍ ഹസന്‍ സാഹിബാണ്. അദ്ദേഹം വലിയ മതപണ്ഡിതനോ അക്കാദമീഷ്യനോ ഒന്നുമായിരുന്നില്ല. പ്രസ്ഥാനം കടന്നുപോയ ഒരു നിര്‍ണായക ചരിത്ര സന്ധിയില്‍ അദ്ദേഹം അര്‍പ്പിച്ച നിസ്വാര്‍ഥവും നിരന്തരവുമായ സേവനങ്ങളാണ് എന്നെ ആകര്‍ഷിച്ചത്. ഞാന്‍ ആദരവോടെ കാണുന്ന മറ്റൊരാള്‍ സ്വദ്റുദ്ദീന്‍ ഇസ്ലാഹിയാണ്. ഇസ്ലാമിക പ്രസ്ഥാനത്തിന്റെ അടിസ്ഥാനാദര്‍ശങ്ങള്‍ ഇത്ര ആഴത്തില്‍ ഉള്‍ക്കൊണ്ട മറ്റൊരു പണ്ഡിതനും ദാര്‍ശനികനും ഇന്ത്യയില്‍ ഇല്ല എന്നാണ് എന്റെ അഭിപ്രായം. ഞാന്‍ പഠാന്‍കോട്ട് വന്നപ്പോള്‍ എന്നെ സ്വീകരിക്കാന്‍ അദ്ദേഹം റെയില്‍വേസ്റേഷനില്‍ വന്നിരുന്നു. ഞാന്‍ ശരിക്കും അന്തംവിട്ടുപോയി. ലളിതമായി വസ്ത്രധാരണം ചെയ്ത നീണ്ട് മെലിഞ്ഞ ഒരാള്‍. ആ മഹാപണ്ഡിതന്റെ ഹാവഭാവങ്ങളെല്ലാം തീര്‍ത്തും ഒരു സാധാരണക്കാരന്റേത്. ധിഷണാപരവും രചനാപരവുമായ കഴിവുകള്‍ ഉള്ളതോടൊപ്പം വളരെ നിര്‍മലവും വിശുദ്ധവുമായ ഒരു ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. ഇത്തരം പ്രഗത്ഭരായ ഒട്ടേറെ വിശുദ്ധാത്മാക്കളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞുവെന്നതാണ് ജമാഅത്തെ ഇസ്ലാമിയുടെ വിജയം.'' പ്രാസ്ഥാനിക ചുമതലകള്‍ "പ്രസ്ഥാനത്തിന്റെ വിവിധ സംസ്ഥാന ഘടകങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പലപ്പോഴും കേന്ദ്രനേതൃത്വം എന്നെ നിയോഗിച്ചിട്ടുണ്ട്. പലപ്രശ്നങ്ങളും പരിഹരിക്കുക വളരെ ദുഷ്കരമായിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍, ആ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുകയുണ്ടായി. അതിനാലാകാം പ്രശ്നപരിഹാരകന്‍ എന്നൊക്കെ ചിലര്‍ എന്നെപ്പറ്റി പറയുന്നത്. ഹൈദരാബാദ്, ബാംഗ്ളൂര്‍, ലഖ്നൌ എന്നിവിടങ്ങളിലേക്ക് ഇടക്കിടെ ഞാന്‍ നിയോഗിക്കപ്പെടാറുള്ളത് കൊണ്ട്, എന്നെ ദല്‍ഹി കേന്ദ്രത്തില്‍നിന്ന് അകറ്റി നിര്‍ത്താനാണ് അന്നത്തെ അമീര്‍ മൌലാനാ അബുല്ലൈസ് ഇസ്ലാഹി നദ്വി ഇങ്ങനെ ദൌത്യവുമായി പറഞ്ഞയക്കുന്നതെന്ന സംസാരം ഉണ്ടായിരുന്നു. അത് ശരിയല്ല. ഞാനും അമീറും തമ്മില്‍ വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. സുപ്രധാന ദൌത്യങ്ങള്‍ക്ക് വേണ്ടി തന്നെയാണ് ഞാന്‍ നിയോഗിതനാകാറുള്ളത്. സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതോടൊപ്പം പ്രകൃതി ക്ഷോഭങ്ങളും വര്‍ഗീയ കലാപങ്ങളുമുണ്ടാകുമ്പോള്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും വിവിധ ഭാഗങ്ങളിലേക്ക് ഞാന്‍ പോവാറുണ്ടായിരുന്നു. ജമാഅത്ത് കേന്ദ്ര(മര്‍കസ്)ത്തില്‍ ഞാന്‍ സേവനം ചെയ്തിട്ടുണ്ട്. രണ്ട് തവണ ഹൈദരാബാദിലേക്ക് നിയോഗിക്കപ്പെട്ടു. കര്‍ണാടക, യു.പി സംസ്ഥാന ഘടകങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചു. വ്യക്തികള്‍ തമ്മിലും, ഗ്രൂപ്പുകള്‍ തമ്മിലുമൊക്കെയുള്ള ഒട്ടേറെ സങ്കീര്‍ണ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി. പക്ഷപാതപരമായി പെരുമാറി എന്ന് എന്നെക്കുറിച്ച് പരാതി ഉയര്‍ന്നിട്ടില്ല.'' ജമാഅത്ത് കേന്ദ്രം ഓഖ്ലയിലേക്ക് ജമാഅത്ത് കേന്ദ്രം പുരാതന ദല്‍ഹിയില്‍നിന്ന് ഓഖ്ലയിലേക്ക് മാറാനുള്ള പശ്ചാത്തലം ഞാന്‍ ആരാഞ്ഞു: "നമ്മുടെ ഓഫീസുകള്‍ പഴയ ദല്‍ഹിയില്‍ പലയിടത്തായി ചിതറിക്കിടക്കുകയായിരുന്നു. എല്ലാ ഓഫീസുകളും ഒന്നിച്ചൊരിടത്ത് ആക്കാന്‍ പറ്റിയ വല്ല സ്ഥലവും കിട്ടുമോ എന്ന് ഞങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നു. ഈദ്ഗാഹിന്റെ സമീപം സ്ഥലത്തിന് വേണ്ടി അപേക്ഷ കൊടുത്തിരുന്നെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല. അക്കാലത്ത് ഞാന്‍ ലഖ്നൌവിലാണ്. ദല്‍ഹിയില്‍ വരുമ്പോഴൊക്കെ വിവിധ പ്ളോട്ടുകള്‍ ഞാന്‍ പോയി നോക്കും. ആയിടക്കാണ് ഓഖ്ലയില്‍ എന്റെ ബന്ധു ഒരു പ്ളോട്ട് വാങ്ങുന്നത്. അതിനടുത്ത് ഒരു പ്ളോട്ട് എനിക്കും വേണമെന്ന് ഞാന്‍ അദ്ദേഹത്തോട് പറയുകയും അദ്ദേഹം അതിന് ഏര്‍പ്പാടാക്കുകയും ചെയ്തു. കൂടുതല്‍ ഭൂമി വേണമെങ്കില്‍ സംഘടിപ്പിച്ച് തരാമെന്നും പറഞ്ഞു. ഞാന്‍ വിവരം കേന്ദ്രനേതൃത്വത്തെ അറിയിച്ചതിനെ തുടര്‍ന്ന് സയ്യിദ് ഹാമിദ് അലി, സയ്യിദ് ഹാമിദ് ഹുസൈന്‍, ഞാന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റിക്ക് രൂപം നല്‍കി. തൊട്ടടുത്ത ദിവസങ്ങളില്‍ ശൂറ നടന്നതിനാല്‍ ശൂറാ അംഗങ്ങള്‍ ഭൂമി സന്ദര്‍ശിക്കുകയും അവര്‍ക്കത് ഇഷ്ടമാവുകയും ചെയ്തു. കൂടുതല്‍ ഭൂമി വാങ്ങിയതിനാല്‍ നേരത്തെ പറഞ്ഞുറപ്പിച്ച സംഖ്യയേക്കാള്‍ കുറഞ്ഞ തുകയേ കൊടുക്കേണ്ടി വന്നുള്ളൂ.'' മുസ്ലിം മജ്ലിസെ മുശാവറ "ജബല്‍പൂര്‍ കലാപത്തിന് ശേഷം മൊത്തം നിരാശയുടെ അന്തരീക്ഷമായിരുന്നു. മൌലാനാ മുഹമ്മദ് മുസ്ലിം (ദഅ്വത്തിന്റെ എഡിറ്റര്‍) പല മുസ്ലിം നേതാക്കളെയും കണ്ട് ചര്‍ച്ച നടത്തി. കൂട്ടത്തില്‍ മൌലാനാ ഹിഫ്സുര്‍റഹ്മാനുമായും സംസാരിച്ചു. വളരെ നല്ല വ്യക്തിയാണ് അദ്ദേഹം. ഹിഫ്സുര്‍റഹ്മാനുമായി ഞങ്ങള്‍ക്ക് വലിയ അടുപ്പമാണ്. റാംപൂരില്‍ വരുമ്പോഴെല്ലാം മുന്‍കൂട്ടി അറിയിക്കാതെ തന്നെ അദ്ദേഹം നമ്മുടെ മര്‍കസില്‍ വരും. ജംഇയ്യത്തുല്‍ ഉലമയുടെ സെക്രട്ടറി എന്ന നിലക്ക് ആ സംഘടനയുടെ മുഴുവന്‍ നിയന്ത്രണവും അദ്ദേഹത്തിനായിരുന്നു. ഈ നേതാക്കളെല്ലാം ചേര്‍ന്ന് മുസ്ലിം സംഘടനകളുടെ ഒരു യോഗം വിളിക്കാന്‍ തീരുമാനിച്ചു. ജമാഅത്തും മുസ്ലിം ലീഗും സംഘടനകളുടെ പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും ഈ രണ്ട് സംഘടനകളെയും ഉള്‍പ്പെടുത്തുന്നതില്‍ പണ്ഡിറ്റ് നെഹ്റുവിന് യോജിപ്പുണ്ടായിരുന്നില്ല. ഹിഫ്സുര്‍റഹ്മാന്‍ സമ്മര്‍ദത്തിന് വഴങ്ങി. ലീഗിനെയും ജമാഅത്തിനെയും വിളിക്കാതെ സമ്മേളനം നടത്തിയെങ്കിലും ഉദ്ദേശിച്ച കാര്യം നടന്നില്ല. മുഹമ്മദ് മുസ്ലിം സാഹിബ് അക്കാലത്ത് സംഘടനാ പ്രവര്‍ത്തനങ്ങളിലേക്കാളേറെ, സാമുദായിക പ്രശ്നങ്ങളില്‍ മുഴുകിക്കഴിയുകയായിരുന്നു. അദ്ദേഹം മുസ്ലിം നേതാക്കളെയും പണ്ഡിതന്മാരെയും ഒരു പൊതുവേദിയില്‍ കൊണ്ട് വരാന്‍ അത്യധ്വാനം ചെയ്തു. ഇന്ത്യയിലുടനീളം ധാരാളം പര്യടനങ്ങള്‍ നടത്തി. ഈ ശ്രമങ്ങള്‍ തെക്കെ ഇന്ത്യയില്‍ ആവേശത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. സിറാജുല്‍ ഹസന്‍ സാഹിബ് ഈ യത്നങ്ങളില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ആയിടക്ക് കല്‍ക്കത്തയിലും റൂര്‍ക്കിയിലുമുണ്ടായ വര്‍ഗീയ കലാപങ്ങള്‍ ഈ ശ്രമങ്ങള്‍ക്ക് ശക്തി പകര്‍ന്നു. അങ്ങനെയാണ് മുസ്ലിം മജ്ലിസെ മുശാവറ രൂപവത്കരിക്കപ്പെടുന്നത്. മുസ്ലിംകള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന ഒരു കൂട്ടായ്മയായിരുന്നു അത്.''

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം