മഹല്ലുകള്‍ നന്മയുടെ വിളനിലങ്ങള്‍
ഇസ്‌ലാമിക ഭരണം നിലനിന്നിരുന്ന പ്രദേശങ്ങളില്‍ ഖലീഫമാരുടെ പ്രതിനിധികളായിരുന്ന ഖാദിമാരും ഗവര്‍ണര്‍മാരും ഭരിച്ചിരുന്ന ചെറിയ പ്രദേശങ്ങളെയാണ് മഹല്ലുകള്‍ എന്ന് വിളിച്ചിരുന്നത്. ഇന്ന് ഒരു ജുമുഅത്ത് പള്ളിയുടെയും ഒരു കമ്മിറ്റിയുടെയും പ്രവര്‍ത്തന പരിധിയില്‍ നിലകൊള്ളുന്ന പ്രാദേശിക മുസ്‌ലിം സാമൂഹികഘടനയെയാണ് മഹല്ല് എന്ന് വിളിക്കുന്നത്. പ്രത്യേക പരിധികള്‍ നിശ്ചയിച്ച് അടയാളപ്പെടുത്തിയ ഒരു പ്രദേശത്തെ വ്യക്തികളും കുടുംബങ്ങളുമടങ്ങുന്ന ഒരു സമൂഹമാണ് മഹല്ലുകള്‍ക്ക് കീഴില്‍ വരുന്നത്. ഈ പ്രദേശത്തെ മുസ്‌ലിംകളുടെ നിര്‍ബന്ധിതവും ഐഛികവുമായ മതാനുഷ്‌ഠാനങ്ങള്‍ക്കും പ്രാഥമിക മതവിദ്യാഭ്യാസത്തിനും സാഹചര്യങ്ങള്‍ സൃഷ്‌ടിക്കുക, വിവാഹങ്ങള്‍ നടത്തിക്കൊടുക്കുക, പ്രദേശത്തെ മുസ്‌ലിംകള്‍ മരണപ്പെട്ടാല്‍ അനന്തര കര്‍മങ്ങള്‍ക്കുള്ള അവസരങ്ങളുണ്ടാക്കുക തുടങ്ങിയവയാണ് ഇന്നത്തെ മഹല്ലുകളുടെ അടിസ്ഥാന ലക്ഷ്യമായി കണ്ടുവരുന്നത്. കേരളത്തില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ ആയിരക്കണക്കിന് മഹല്ലുകള്‍ നിലവിലുണ്ട്. മുസ്‌ലിം ഹൃദയങ്ങളില്‍ ഇവക്ക് അര്‍ഹമായ സ്വാധീനവും അംഗീകാരവുമുണ്ട്. ചില മഹല്ലുകള്‍ക്ക് കീഴില്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ താമസിച്ചുവരുന്നു. വിപുലമായ സംവിധാനങ്ങളും സ്ഥാപനങ്ങളും സാമ്പത്തിക സൗകര്യങ്ങളുമുള്ളവയും കഷ്‌ടിച്ച് മാത്രം മുന്നോട്ടുപോകുന്നവയും കൂട്ടത്തിലുണ്ട്. വ്യവസ്ഥാപിതമായ പദ്ധതികളുടെയും ആസൂത്രണങ്ങളുടെയും ഏകീകൃത പ്രവര്‍ത്തനങ്ങളുടെയും അഭാവം കാരണം ഇത്രയും ഭദ്രമായ ഒരു സംവിധാനം വേണ്ടരൂപത്തില്‍ ഉപയോഗപ്പെടുത്തുന്നേടത്ത് പല മഹല്ലുകളും പരാജയത്തിലാണ്. മുസ്‌ലിം സമൂഹത്തില്‍ നന്മ നടപ്പാക്കാനും തിന്മ വിപാടനം ചെയ്യാനും സമൂഹത്തിന്റെ പുരോഗതിക്ക് തടസ്സമാവുന്ന അന്ധകാരങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും സ്വയംകൃത പ്രവണതകളില്‍നിന്നും അവരെ മോചിപ്പിക്കാനും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ രംഗങ്ങളില്‍ മാര്‍ഗദര്‍ശനം നല്‍കി നന്മയുടെ വഴിയിലൂടെ അവരെ ഇഹപരവിജയത്തിലേക്ക് നയിക്കാനും ഏറ്റവും കൂടുതല്‍ അവസരങ്ങളും സാധ്യതകളുമുള്ള യൂനിറ്റുകളാണിന്ന് ഓരോ മഹല്ലും. മുന്‍ കാലങ്ങളില്‍ മഹല്ലുകളുടെയും പള്ളികളുടെയും ഭരണം മുതവല്ലിമാര്‍ എന്ന പേരില്‍ ഏതെങ്കിലും വ്യക്തികളില്‍ പരിമിതമായിരുന്നെങ്കില്‍, ഇന്ന് മിക്ക മഹല്ലുകള്‍ക്കും കഴിവും യോഗ്യതയും പ്രവര്‍ത്തന തല്‍പരതയുമുള്ള തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റികളുണ്ട്. എന്നിട്ടും നമ്മുടെ മഹല്ലുകള്‍ ഏത് അസംബന്ധങ്ങള്‍ക്കും എപ്പോഴും കയറിവരാനും വേരുറപ്പിക്കാനും തഴച്ചുവളരാനുമാവുംവിധം പാകപ്പെട്ടിരിക്കുന്നു. സത്യവിശ്വാസത്തിന്റെയും സദാചാരത്തിന്റെയും ശക്തമായ മതില്‍ക്കെട്ടുകള്‍ കൊണ്ട് ദുരാചാരങ്ങളെയും അനിസ്‌ലാമിക സംസ്‌കാരങ്ങളെയും തടഞ്ഞുവെക്കാനാവാത്തവിധം മഹല്ല് സംവിധാനങ്ങള്‍ താറുമാറായിരിക്കുന്നു. മാര്‍ഗഭ്രംശത്തിന്റെ വേലിയേറ്റത്തില്‍ ആടിയുലയുന്ന മഹല്ലുകള്‍ തിന്മകളുടെ, സാമ്പത്തിക ചൂഷണങ്ങളുടെ, വിശ്വാസ വൈകൃതങ്ങളുടെ, സ്വയംകൃത പ്രവണതകളുടെ, ലൈംഗിക അരാജകത്വങ്ങളുടെ, മദ്യ-മയക്കുമരുന്ന് മാഫിയകളുടെ, വ്യാജന്മാരുടെ, സിദ്ധന്മാരുടെ, ജിന്നുമ്മമാരുടെ, ആള്‍ദൈവങ്ങളുടെ, വ്യക്തിപൂജയുടെ, ശ്‌മശാന പൂജയുടെ കൂത്തരങ്ങായി മാറിയിരിക്കുന്നു. കാര്യബോധവും ദീനീ തല്‍പരതയുമുള്ളവര്‍ രംഗത്ത് വന്നാല്‍ നമ്മുടെ മഹല്ലുകളെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനും ഇസ്‌ലാമിക സമൂഹത്തിന്റെ നഷ്‌ടപ്രതാപം വീണ്ടെടുത്ത് സത്യവിശ്വാസത്താലും സല്‍കര്‍മങ്ങളാലും പ്രചോദിതരായ ഒരു മാതൃകാ സമൂഹത്തിന്റെ പുനഃസംവിധാനത്തിന് മഹല്ലുകളെ പര്യാപ്‌തമാക്കാനുമാവുമെന്ന കാര്യത്തില്‍ സംശയമില്ല. പള്ളികള്‍ നന്മയുടെ പ്രഭവകേന്ദ്രങ്ങള്‍ പള്ളികളാണ് മഹല്ലുകളുടെയും മഹല്ല് നിവാസികളുടെയും കേന്ദ്രങ്ങളായി നിലകൊള്ളേണ്ടത്. ഓരോ മഹല്ല് നിവാസിയും അവരുടെ ജീവിതം കെട്ടിപ്പടുക്കേണ്ടത് പള്ളികളെ അടിസ്ഥാനപ്പെടുത്തിയാകണം. എല്ലാറ്റിലും നാം മാതൃക സ്വീകരിക്കേണ്ടത് പ്രവാചകരില്‍നിന്നാണ്. പള്ളിയുടെ വിഷയത്തിലും പ്രവാചകന്റെ പള്ളിതന്നെയായിരിക്കണം നമ്മുടെ മാതൃക. ലാളിത്യത്തിന്റെ പ്രതീകമായ ഈത്തപ്പന മടല്‍ കൊണ്ട് കെട്ടിയുണ്ടാക്കിയ ആ കൊച്ചു ഭവനം. ഇന്നത്തെ പള്ളികളെപ്പോലെ മുതവല്ലിമാരും കമ്മിറ്റികളും ഭരണം നടത്തുന്ന ഒരു സ്ഥാപനമായി വളര്‍ന്നിട്ടില്ലായിരുന്നെങ്കിലും, ആ സമൂഹത്തിന്റെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചക്കാവശ്യമായതൊക്കെ അവര്‍ക്കതില്‍നിന്ന് ലഭിച്ചിരുന്നു. ഇന്ന് പള്ളി നിര്‍മാണവും പരിപാലനവുമൊക്കെ മഹല്ല് നിവാസികളുടെ ഏറ്റവും വലിയ ഭാരമാണ്. പള്ളിയുടെ ഉത്തരവാദിത്വമുള്ളവര്‍ അറിയപ്പെടുന്നത് തന്നെ ഭാരം വഹിക്കുന്നവര്‍ എന്നര്‍ഥത്തിലുള്ള `ഭാരവാഹികള്‍' എന്ന പേരിലാണ്. ലോകത്തിന്റെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവാന്‍ മസ്‌ജിദുന്നബവിക്ക് സാധിച്ചിരുന്നു. മുസ്‌ലിം സമൂഹത്തിന് ലോകരക്ഷിതാവിന്റെ മുമ്പില്‍ തലകുനിക്കാനുള്ള ഭവനം എന്നതിലുപരി മുഴുവന്‍ മനുഷ്യര്‍ക്കും അപകര്‍ഷബോധമില്ലാതെ കയറിച്ചെല്ലാനും ആവലാതികള്‍ ബോധിപ്പിക്കാനും പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി തിരിച്ചുവരാനും വിശ്രമിക്കാനും താമസിക്കാനുമൊക്കെ അവിടെ അവസരങ്ങളുണ്ടായിരുന്നു. വിശക്കുന്നവന്റെ വിശപ്പും രോഗിയുടെ മരുന്നും അനാഥകളുടെയും വിധവകളുടെയും സംരക്ഷണവുമൊക്കെ ആ പള്ളിയുടെ മുഖ്യ അജണ്ടയായിരുന്നു. അവരുടെ ജീവിതം വിമലീകരിക്കാനാവശ്യമായ വിജ്ഞാനം എല്ലാ സമയത്തും പള്ളിയില്‍ നിന്നവര്‍ക്ക് ലഭിച്ചിരുന്നു. അവരുടെ ജീവിതത്തിലെ സുപ്രധാനമായതൊക്കെ പള്ളിയില്‍ വെച്ചായിരുന്നു നടന്നിരുന്നത്. കച്ചവട സംഘങ്ങളും യുദ്ധ സംഘങ്ങളും പള്ളിയില്‍നിന്ന് പുറപ്പെട്ട് പള്ളിയിലേക്ക് തിരിച്ചുവന്നിരുന്നു. വിവാഹങ്ങള്‍, തീരുമാനങ്ങള്‍, ചര്‍ച്ചകള്‍ എല്ലാം പള്ളിയില്‍ വെച്ച്. അവരുടെ കോടതിയും സെക്രട്ടറിയേറ്റും പള്ളിയായിരുന്നു. അവര്‍ ഹൃദയങ്ങളില്‍ പള്ളിപണിതു. കാണപ്പെടാത്ത നൂല് കൊണ്ടവര്‍ പള്ളിയും ഹൃദയവും ബന്ധിപ്പിച്ചു. അവസരം ലഭിക്കുമ്പോഴൊക്കെ അവര്‍ ഓടിയെത്തി. പ്രവാചക നിര്‍ദേശങ്ങള്‍ക്ക് കാതോര്‍ത്തു. പള്ളി മിമ്പറില്‍ നിന്ന് കിട്ടിയ നിര്‍ദേശങ്ങള്‍ വീട്ടിലും ജോലിസ്ഥലത്തും യാത്രയിലും നാട്ടിലും യുദ്ധക്കളത്തിലും ഇടപാടുകളിലും സ്വഭാവത്തിലും പെരുമാറ്റത്തിലും അവരെ നിയന്ത്രിച്ചു; അവര്‍ക്ക് വെളിച്ചം പകര്‍ന്നു. പള്ളിയുമായി ബന്ധമില്ലാത്ത ദിവസങ്ങള്‍ അവര്‍ക്കന്യമായിരുന്നു. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും വിരോധികള്‍ക്കു പോലും പള്ളിയുമായി ബന്ധപ്പെടാനവസരം ലഭിച്ചാല്‍ പൂര്‍ണ മുസ്‌ലിമായി തിരിച്ചുപോവുന്ന സ്ഥിതിവിശേഷം അവിടെയുണ്ടായി. സുമാമ(റ)യെ പോലുള്ള ഒരു കാലത്ത് ഇസ്‌ലാമിന്റെ വലിയ ശത്രുക്കളായിരുന്നവരുടെ പോലും സന്മാര്‍ഗദര്‍ശനത്തിന് കാരണമായത് മൂന്ന് ദിവസത്തെ പള്ളിയിലെ താമസമായിരുന്നു. ഇസ്‌ലാമിന് പുറത്തുള്ളവരെ ഇസ്‌ലാമിലേക്കും മുസ്‌ലിംകളെ യഥാര്‍ഥ വിശ്വാസത്തിലേക്കും യഥാര്‍ഥ വിശ്വാസികളെ `ഇഹ്‌സാനി'ന്റെ ഉയര്‍ന്ന അവസ്ഥയിലേക്കും നയിക്കാന്‍ പര്യാപ്‌തമായ പ്രബോധന പ്രവര്‍ത്തനങ്ങള്‍ അവിടെ സജീവമായിരുന്നു. അറിയാനും അറിയിക്കാനുമുള്ള ഉല്‍ക്കടമായ വാഞ്‌ഛയും വിജ്ഞാനത്തിനായി മരുഭൂമിയും ഭൂഖണ്ഡങ്ങളും താണ്ടാനുള്ള മനസ്സും മസ്‌ജിന്നുബവിക്ക് ചുറ്റും വളര്‍ന്നു വന്ന ആ സമൂഹത്തിന്റെ വിശേഷണമായിരുന്നു. സദാ ദൈവ ചിന്തയിലേക്ക് നയിക്കാന്‍ പര്യാപ്‌തമായ ഇബാദത്തിന്റെ ചുറ്റുപാടുകള്‍ അവിടെ ഉണ്ടായിരുന്നു. പള്ളിയില്‍ വരുന്ന ഏത് വിഭാഗമായാലും അവരെ മാന്യമായി സ്വീകരിക്കാനും അവര്‍ക്കു വേണ്ട പരിചരണവും സേവനവും ചെയ്യാനും അവിടെ സദാ ആളുകളുണ്ടായി. എല്ലാ കാലഘട്ടങ്ങളിലും മസ്‌ജിന്നുബവി മാതൃകയാക്കി പള്ളികളെ നിലനിര്‍ത്താന്‍ മുസ്‌ലിം സമൂഹത്തിന് കഴിയണം; അശരണര്‍ക്ക് അത്താണിയായി, സമൂഹത്തിനാവശ്യമായ വിജ്ഞാനം വിതറുന്ന കേന്ദ്രങ്ങളായി, സമൂഹത്തിന്റെ സകല പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി നമ്മുടെ പള്ളികളെ മാറ്റാന്‍ നമുക്കായാല്‍ അതിനു ചുറ്റും ചരിത്രത്തില്‍ തുല്യതയില്ലാത്ത, പ്രവാചകാനുയായികളെപ്പോലുള്ള ഒരുത്തമ സമൂഹത്തെ സൃഷ്‌ടിക്കാന്‍ നമുക്കാവും, തീര്‍ച്ച. പക്ഷേ, നാം ഇന്ന് എത്ര അകലെയാണ്. ഒരുകാലത്ത് നമ്മുടെ നാട്ടിലെ പാവപ്പെട്ടവരുടെ ലിസ്റ്റിന് പള്ളി ഓഫീസില്‍ വന്നാല്‍ മതിയായിരുന്നെങ്കില്‍ ഇന്നത് ലഭിക്കാന്‍ വട്ടിക്കമ്പനികളുടെയും ബ്ലേഡ് മാഫിയകളുടെയും ഓഫീസില്‍ കയറണം എന്ന അവസ്ഥ വന്നു. അവിടെ നിന്ന് എല്ലാം കൃത്യമായി ലഭിക്കും. പള്ളിപരിപാലനം പള്ളികള്‍ അല്ലാഹുവിന്റെ ഭവനങ്ങളാണ്. അവന്റെ അടിമകളുടെ സംസ്‌കരണ കേന്ദ്രങ്ങളാണ്. ഭൂമിയില്‍ അവനേറ്റവും പ്രിയങ്കരമായ സ്ഥലങ്ങളാണ്. ഒരു രാജ്യത്ത് അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ആദ്യമായി ഇറക്കപ്പെടുന്നത് പള്ളികളിലേക്കാണ്. നാളെ അര്‍ശിന്റെ തണല്‍ ലഭിക്കുന്ന ഏഴ് വിഭാഗങ്ങളില്‍ ഒന്ന് പള്ളികളുമായി ഹൃദയബന്ധം സ്ഥാപിച്ചവരാണ്. പള്ളി നിര്‍മാണവും പരിപാലനവും വലിയ പുണ്യമായ കാര്യങ്ങളാണ്. ``ആരെങ്കിലും അല്ലാഹുവിന്റെ തൃപ്‌തിയെ ഉദ്ദേശിച്ച് ഒരു പള്ളി പണിതാല്‍ അല്ലാഹു സ്വര്‍ഗത്തില്‍ അവനൊരു ഭവനം പണിയും'' (ബുഖാരി, മുസ്‌ലിം). കഅ്‌ബാലയം പണിതു പൂര്‍ത്തിയായപ്പോള്‍ അതിന്റെ മുത്തവല്ലിമാരായ ഇബ്‌റാഹീമിനോടും ഇസ്‌മാഈലിനോടും അല്ലാഹു കല്‍പിക്കുന്നത്, ത്വവാഫ് ചെയ്യുന്നവര്‍ക്കും ഇഅ്‌തികാഫ് ഇരിക്കുന്നവര്‍ക്കും നിസ്‌കാരം നിര്‍വഹിക്കുന്നവര്‍ക്കുമായി അതിനെ വൃത്തിയാക്കി വെക്കാനായിരുന്നു. ഇന്നും മസ്‌ജിദുല്‍ ഹറാമിലും മസ്‌ജിദുന്നബവിയിലും ലക്ഷോപലക്ഷങ്ങള്‍ നിരന്തരം ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിച്ചിട്ടും അതിനെ വൃത്തിയാക്കി സൂക്ഷിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ കാണിക്കുന്ന കണിശത അസൂയാര്‍ഹമാണ്. സുഊദി ഭരണകൂടം അവരുടെ വരുമാനത്തിന്റെ ഒരു വലിയ ഭാഗം തന്നെ ഇതിനായി മാറ്റിവെക്കുന്നുണ്ട്. `രണ്ട് ഹറമുകളുടെ സേവകന്‍' എന്നാണ് സുഊദി ഭരണാധികാരി അറിയപ്പെടുന്നത്. ഇന്ന് നമ്മുടെ പള്ളിപരിപാലകര്‍ പള്ളി ഭരണകര്‍ത്താക്കളായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. പല നോട്ടീസുകളിലും ലെറ്റര്‍ ഹെഡുകളിലും പള്ളി ഭരണ കമ്മിറ്റി എന്ന് കാണാം. അല്ലാഹുവിന്റെ ഭവനങ്ങള്‍ ഭരിക്കാന്‍ ഭൂമിയില്‍ ആര്‍ക്കാണ് അവകാശമുള്ളത്? പള്ളിപരിപാലനം മുസ്‌ലിമിന്റെ ബാധ്യതയാണ്. അതിനായി പ്രത്യേകം ആളുകളെ ചുമതലപ്പെടുത്തി എന്നത് കൊണ്ട് നമുക്ക് ബാധ്യതയില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല. എന്നിട്ടും നമ്മുടെ പള്ളികള്‍ പലപ്പോഴും വൃത്തികേടിന്റെ മാതൃകകളാവാറുണ്ട്. പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ യോഗങ്ങളില്‍ പലപ്പോഴും പള്ളികള്‍ ചര്‍ച്ചയാവാറുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീര്‍ എറണാകുളത്ത് ബുക്‌സ്റ്റാള്‍ നടത്തുന്ന കാലം. പള്ളി അന്വേഷിച്ച് വന്നയാള്‍ക്ക് അദ്ദേഹം കൊടുത്ത മറുപടി, `കുറച്ചപ്പുറത്ത് അല്‍പം മൂത്രം വാസനിക്കുന്ന ഒരു സ്ഥലമുണ്ട്. അവിടെ നിസ്‌കാര പള്ളിയും കുറച്ച് കൂടി നടന്നാല്‍ കൂടുതല്‍ മൂത്രം വാസനിക്കുന്ന സ്ഥലത്ത് ജുമുഅത്ത് പള്ളിയുമുണ്ട്' എന്നായിരുന്നു. `ചെരുപ്പും ബാഗും നഷ്‌ടപ്പെടുന്നത് സൂക്ഷിക്കുക, പള്ളിക്കമ്മിറ്റി ഉത്തരവാദിയല്ല' എന്ന് പള്ളിയുടെ മുന്‍വശത്ത് ബോര്‍ഡ് വെക്കുന്നത് വലിയ ഉത്തരവാദിത്വമായി കാണുന്നവര്‍ പള്ളി `ഭരിക്കുമ്പോള്‍' ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാനാവും! പരിപാലകരും യോഗ്യതകളും പള്ളിപരിപാലനം വലിയ ഉത്തരവാദിത്വമാണ്. തികഞ്ഞ യോഗ്യതകളുള്ളവര്‍ക്കേ യഥാവിധി അത് നിര്‍വഹിക്കാനാവൂ. ഇന്ന് പണത്തിന്റെയും പ്രതാപത്തിന്റെയും തറവാടിന്റെയും അടിസ്ഥാനത്തില്‍ നേടാവുന്ന ഒന്നായി ഇത് തരംതാണിരിക്കുന്നു. അല്ലാഹുവിന്റെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനായി ചിലര്‍ കാണിക്കുന്ന അമിതാവേശവും അതിലൂടെ ഉടലെടുക്കുന്ന വ്യക്തിവിരോധങ്ങളും ഗ്രൂപ്പ് സംഘട്ടനങ്ങളും ഇന്ന് പത്രകോളങ്ങളില്‍ വലിയ വാര്‍ത്തയാണ്. അന്യനെ അവഹേളിക്കാനും സ്‌ത്രീധന ചന്തയില്‍ വില പേശാനും തിന്മയെ ന്യായീകരിക്കാനും നാക്ക് നീട്ടമുള്ളവര്‍ ആരാണോ അവരാണ് മഹല്ലിന്റെ കുഞ്ചിക സ്ഥാനങ്ങളില്‍ അവരോധിക്കപ്പെടുന്നവര്‍. വിശുദ്ധ ഖുര്‍ആന്‍ പള്ളിപരിപാലകര്‍ക്കുണ്ടാവേണ്ട യോഗ്യതകള്‍ കണിശമായി വരഞ്ഞുകാട്ടുന്നു: ``സത്യനിഷേധത്തിന് സ്വയം സാക്ഷികളായ ബഹുദൈവവാദികള്‍ക്ക് അല്ലാഹുവിന്റെ പള്ളികള്‍ പരിപാലിക്കാന്‍ അവകാശമില്ല. അത്തരക്കാരുടെ കര്‍മങ്ങള്‍ നിഷ്‌ഫലമാകുന്നു. നരകത്തില്‍ അവര്‍ നിത്യവാസികളായിരിക്കുകയും ചെയ്യും. അല്ലാഹുവിന്റെ പള്ളികള്‍ പരിപാലിക്കേണ്ടത് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹു അല്ലാത്തവരെ ഭയപ്പെടാതിരിക്കുകയും ചെയ്‌തവര്‍ മാത്രമാണ്. അത്തരക്കാര്‍ സന്മാര്‍ഗം പ്രാപിക്കുന്നവരുടെ കൂട്ടത്തിലായേക്കാം'' (അത്തൗബ 17,18). ഇസ്‌ലാമികവിരുദ്ധമായ പലിശ, വ്യഭിചാരം, മദ്യപാനം തുടങ്ങിയവക്ക് സ്വയം സാക്ഷികളായവര്‍, ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങളിലും അനുഷ്‌ഠാനങ്ങളിലും താല്‍പര്യം കാണിക്കാത്തവര്‍, ദീനിനേക്കാള്‍ മറ്റു പലതിനും പ്രാമുഖ്യം നല്‍കുന്നവര്‍, നിസ്‌കാരവും സകാത്തും മുറപോലെ നിര്‍വഹിക്കാത്തവര്‍, വിശുദ്ധ ദീനിനപ്പുറം മറ്റു പലതിന്റെയും അമ്മിക്ക് ചുവടെ വാല് പണയപ്പെടുത്തിയവര്‍- ഇത്തരക്കാര്‍ മറ്റെന്തെങ്കിലും ഭൗതിക യോഗ്യതകളുടെ അടിസ്ഥാനത്തില്‍ പള്ളികളുടെയും മഹല്ലുകളുടെയും ഔദ്യോഗിക സ്ഥാനങ്ങളില്‍ വരുന്ന അവസ്ഥ അപകടകരമാണ്. സ്ഥാനമാനങ്ങള്‍ അഹങ്കരിക്കാനും പെരുമ നടിക്കാനുമുള്ളതാവരുത്. അല്ലാഹുവിന്റെ ദീനിന്റെ നിലനില്‍പിനും പുരോഗതിക്കും അല്ലാഹുവിന് ആരുടെയും ആവശ്യമില്ലെന്നും അത് അല്ലാഹു സ്വയം ബാധ്യതയായി ഏറ്റെടുത്തതാണെന്നും എനിക്ക് അല്ലാഹു യോഗ്യതകളും സ്ഥാനമാനങ്ങളും നല്‍കിയത് എന്നെ പരീക്ഷിക്കാനാണെന്നുമുള്ള യാഥാര്‍ഥ്യ ബോധമായിരിക്കണം ഉത്തരവാദപ്പെട്ടവരെ നയിക്കേണ്ടത്. പ്രസിദ്ധിക്കോ പണത്തിനോ വേണ്ടി അധികാരമാഗ്രഹിക്കുന്നവരെ അത് ഏല്‍പിക്കരുതെന്നാണ് ഇസ്‌ലാമിന്റെ കാഴ്‌ചപ്പാടും. തങ്ങളെ ഗവര്‍ണര്‍മാര്‍ ആക്കണമെന്ന് ആവശ്യപ്പെട്ടവരോട് നബി(സ) പ്രതികരിച്ചത്, `അര്‍ഥിക്കുന്നവനെയും മോഹിക്കുന്നവനെയും നാമീ സ്ഥാനം ഏല്‍പിക്കില്ല' എന്നായിരുന്നു (ബുഖാരി). മഹല്ല് സംവിധാനം കൂടുതല്‍ വീടുകളുള്ള മഹല്ലുകളെ വ്യത്യസ്‌ത ഉപ മഹല്ലുകളായി തിരിക്കുകയും ആവശ്യാനുസരണം ഈ മഹല്ലുകളെ പത്തോ പതിനഞ്ചോ വീടുകളടങ്ങുന്ന ഡിവിഷനുകളായി ഭാഗിക്കുകയും ഓരോ ഡിവിഷനുകള്‍ക്കും ഓരോ അമീറുമാരെ ചുമതലപ്പെടുത്തുകയും ചെയ്യുന്ന രീതി ഫലപ്രദമായിരിക്കും. ഓരോ അമീറുമാരും തങ്ങളുടെ പരിധിയിലുള്ള വീടുകളിലെ ധാര്‍മികവും സാമ്പത്തികവും വൈവാഹികവും വിദ്യാഭ്യാസപരവുമായ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കുകയും പഠിക്കുകയും പരിഹരിക്കാനാവുന്നത് സ്വയം ഇടപെട്ട് പരിഹരിക്കുകയും, കഴിയാതെ വരുമ്പോള്‍ മഹല്ല് നേതൃത്വത്തെ ഇടപെടീച്ച് പരിഹാരം കാണുകയും ചെയ്യുന്ന അവസ്ഥയുണ്ടാവണം. ഈ അമീറുമാര്‍ക്ക് ഒരുമിച്ചു കൂടാനും അനുഭവങ്ങള്‍ പങ്കുവെക്കാനും ആവശ്യമായ നിര്‍ദേശങ്ങളും പരിശീലനങ്ങളും നല്‍കാനും മാസത്തിലൊരിക്കലെങ്കിലും അവസരം ലഭിക്കണം. കാസര്‍കോട് ജില്ലയിലെ ചെമ്മനാട്, മലപ്പുറം ജില്ലയിലെ മഞ്ചേരി പോലുള്ള ജമാഅത്തുകള്‍ക്ക് കീഴില്‍ ഇത്തരം സംവിധാനങ്ങള്‍ വിജയകരമായി നിലനിന്നുവരുന്നു. പ്രവര്‍ത്തനങ്ങള്‍ 1. ദഅ്‌വത്ത്: മഹല്ലുകള്‍ക്ക് കീഴില്‍ ഏറ്റവും സജീവമായി നടക്കേണ്ടതും നമ്മുടെ മഹല്ലുകള്‍ പാടെ അവഗണിക്കുകയും ചെയ്‌ത ഒരു മേഖലയാണിത്. മഹല്ല് പരിധിയില്‍ താമസിക്കുന്ന മുഴുവന്‍ മത വിഭാഗങ്ങള്‍ക്കും വിശുദ്ധ ഇസ്‌ലാമിനെ അടുത്തറിയാനും അതിന്റെ സന്ദേശങ്ങള്‍ കൈമാറാനുമുള്ള അവസരങ്ങള്‍ മഹല്ലുകള്‍ക്ക് കീഴില്‍ സുതാര്യമാവണം. ഇസ്‌ലാം, അല്ലാഹു, ഖുര്‍ആന്‍, പ്രവാചകന്‍ തുടങ്ങിയവ മുസ്‌ലിംകളുടേത് മാത്രമല്ല, മുഴുവനാളുകളുടേതുമാണെന്ന ബോധം ഉണ്ടാക്കിയെടുക്കാന്‍ മഹല്ലുകള്‍ക്ക് സാധിക്കണം. വ്യക്തിഗത സമീപനങ്ങള്‍, പൊതു ലൈബ്രറികള്‍, സിഡികള്‍, ലഘുലേഖകള്‍, ചര്‍ച്ചകള്‍, സ്‌നേഹ സംവാദങ്ങള്‍, ഈദ് മീറ്റുകള്‍, ഇഫ്‌ത്വാര്‍ മീറ്റുകള്‍ തുടങ്ങിയ അവസരങ്ങള്‍ ഇതിനായി ഫലപ്രദമായ രൂപത്തില്‍ ഉപയോഗപ്പെടുത്താവുന്നതാണ്. മുസ്‌ലിം പള്ളികള്‍ മുസ്‌ലിംകളുടെ നിസ്‌കാര സ്ഥലം എന്നതിലുപരി ആ മഹല്ലിലെ മുഴുവനാളുകളുടെയും അഭയ കേന്ദ്രം എന്ന അവസ്ഥയിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ നമുക്കാവണം. വ്യത്യസ്‌ത മതസംഘടനകള്‍ക്ക് കീഴില്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നിച്ച് ഓഫ് ട്രൂത്ത്, കേരള ഇസ്‌ലാമിക് മിഷന്‍, ദ ട്രൂത്ത്, ഇബാദ്, സത്യസരണി, അല്‍ ഇര്‍ശാദ് പ്രൊപഗേഷന്‍ സെന്റര്‍ തുടങ്ങിയ ദഅ്‌വാ വിംഗുകളുടെ പ്രവര്‍ത്തനങ്ങളെയും മഹല്ല് കമ്മിറ്റികള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. നമ്മുടെ മഹല്ലിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഫലപ്രദമായ രൂപത്തില്‍ സത്യസന്ദേശം എത്തിക്കുന്നതിലാവണം നമ്മുടെ സജീവ ശ്രദ്ധ. 2. തര്‍ബിയത്ത്: പല മഹല്ലുകളും ഇന്ന് തിന്മകളുടെ തമോഗര്‍ത്തങ്ങളാണ്. ഏത് അസംബന്ധങ്ങള്‍ക്കും വളരാവുന്ന അവസ്ഥയാണവിടെ. മത സംഘടനകളും സ്ഥാപനങ്ങളും പ്രഭാഷണങ്ങളും പ്രസിദ്ധീകരണങ്ങളും പെറ്റുപെരുകുമ്പോഴും മുസ്‌ലിം സമൂഹം ധാര്‍മികമായി പിന്നോട്ട് തന്നെ സഞ്ചരിക്കുന്നു. വ്യക്തിജീവിതത്തിലേക്ക് ആദര്‍ശത്തിന് പ്രവേശനം നല്‍കാന്‍ സമൂഹം തയാറല്ല. നെറ്റിയില്‍ നിസ്‌കാര തഴമ്പുള്ളവരും നിസ്‌കാരത്തില്‍ ഇമാമിന്റെ തൊട്ട് പിറകെ നില്‍ക്കുന്നവരും തന്നെയാണ് മഹല്ലിലെ സാമ്പത്തിക ചൂഷണങ്ങളുടെയും സ്വയംകൃത പ്രവണതകളുടെയും മുന്‍നിരയിലുള്ളത്. ആദര്‍ശബോധം പ്രായോഗികമായി വളര്‍ത്തികൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മഹല്ല് കമ്മിറ്റി നേതൃത്വം നല്‍കണം. സ്വര്‍ഗത്തിലേക്ക് ടിക്കറ്റെടുത്തവരെ ജന്നാത്തുല്‍ ഫിര്‍ദൗസിലേക്ക് നയിക്കാന്‍ മാത്രം പര്യാപ്‌തമായ പാതിരാ പ്രസംഗങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ നരകത്തിലേക്ക് സഞ്ചരിക്കുന്നവരെ നേര്‍വഴിയിലേക്ക് നയിക്കാനുതകുന്ന രൂപത്തിലേക്ക് ഇതിനെ പരിവര്‍ത്തിപ്പിക്കണം. വ്യക്തിഗത സമീപനങ്ങള്‍ ജനമനസ്സുകളെ സ്വാധീനിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ട്. ഒന്നോ രണ്ടോ മാസത്തിലൊരിക്കലെങ്കിലും മഹല്ലിലെ മുഴുവന്‍ വീടുകളെയും വ്യക്തികളെയും കവര്‍ ചെയ്യാവുന്ന രൂപത്തില്‍, ആദര്‍ശപ്രതിബദ്ധതയും ആത്മാര്‍ഥതയും കാര്യബോധവുമുള്ള ആളുകളെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കി ഇതിന് ഉപയോഗപ്പെടുത്താവുന്നതാണ്. ഈ രംഗത്ത് തബ്‌ലീഗ് ജമാഅത്ത് എന്ന പേരില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകായോഗ്യമാണ്. നാട്ടില്‍ നടക്കുന്ന അതിക്രമങ്ങളെയും അനീതികളെയും ചതിക്കുഴികളെയും കുറിച്ച് മഹല്ല് നിവാസികളെ നിരന്തരം ബോധവത്‌കരിക്കണം. പള്ളി മിമ്പറുകളും വിവാഹ സദസ്സുകളും ഇതിനായി ഉപയോഗപ്പെടുത്താം. സ്‌ത്രീകള്‍ക്കും യുവാക്കള്‍ക്കും കുട്ടികള്‍ക്കും വെവ്വേറെ ക്ലാസ്സുകള്‍ നടത്തിയും ലഘുലേഖകളിറക്കിയും സീഡികള്‍, പുസ്‌തകങ്ങള്‍ വിതരണം ചെയ്‌തും ഇതിനവസരങ്ങളുണ്ടാക്കാം. മദ്യപാനം, വ്യഭിചാരം, പലിശ തുടങ്ങിയ മഹാപാപങ്ങള്‍ക്കടിമയായി ജീവിക്കുന്നവരെ അവജ്ഞയോടെയും വെറുപ്പോടും കൂടി വീക്ഷിക്കാതെ ഗുണകാംക്ഷയോടെ ഉപദേശിച്ചാല്‍ ഫലം തീര്‍ച്ചയാണ്. ധിക്കാരികളായ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കാന്‍ മഹല്ല് ഭാരവാഹികള്‍ക്കായാല്‍ സാവധാനമെങ്കിലും ഇസ്‌ലാമിന്റെയും മുസ്‌ലിമിന്റെയും പ്രതിഛായ നന്നാക്കി എടുക്കാനാവും. ആരെയും ഒഴിച്ചുനിര്‍ത്തുന്നതോ ഊരു വിലക്കുന്നതോ ഒരിക്കലും ഉചിതമല്ല. അങ്ങനെ വരുമ്പോള്‍ അവര്‍ ചെന്നു വീഴുന്നത് ഒരിക്കലും കരകയറാനാവാത്ത അഗാധ ഗര്‍ത്തത്തിലായിരിക്കും. സമൂഹത്തെ തെറ്റിലേക്ക് നയിക്കുന്ന കാരണങ്ങള്‍ കണ്ടെത്തി ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് മഹല്ല് കമ്മിറ്റികള്‍ ചെയ്യേണ്ടത്. 3. മസ്വ്‌ലഹത്ത്: മഹല്ലില്‍ വ്യക്തിപരവും കുടുംബപരവും സംഘടനാപരവുമായി നിലനില്‍ക്കുന്ന മുഴുവന്‍ പ്രശ്‌നങ്ങളും പറഞ്ഞ് തീര്‍ത്ത് മഹല്ല് നിവാസികളെ ഐക്യത്തിന്റെയും രമ്യതയുടെയും വഴിയിലൂടെ കൊണ്ടുപോവാന്‍ സജീവമായൊരു മസ്വ്‌ലഹത്ത് സമിതി മഹല്ലില്‍ ഉണ്ടായിരിക്കണം. മസ്വ്‌ലഹത്തില്‍ പ്രാവീണ്യമുള്ളവരും വ്യക്തികളും സംഘടനകളുമായി നല്ല ബന്ധം നിലനിര്‍ത്തുന്നവരും നീതിപൂര്‍വം വിധികല്‍പിക്കുന്നവരുമായിരിക്കണം ഇതിനെ നയിക്കേണ്ടവര്‍. സമൂഹത്തില്‍ പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ എന്ത് സമീപനം സ്വീകരിക്കണമെന്നും എങ്ങനെ തീര്‍പ്പ് കല്‍പിക്കണമെന്നും വിശുദ്ധ ഖുര്‍ആന്‍ അല്‍ഹുജറാത്ത് 9, അന്നിസാഅ് 58, അല്‍മാഇദ 8 തുടങ്ങിയ ആയത്തുകളില്‍ വിശദീകരിക്കുന്നുണ്ട്. ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടണം. കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഇന്ന് വ്യത്യസ്‌ത ആദര്‍ശങ്ങളും നയനിലപാടുകളുമുള്ള ഒരുപാട് സംഘടനകളും അവക്ക് എ ടു സെഡ് വരെയുള്ള ഗ്രൂപ്പുകളും ഉപഗ്രൂപ്പുകളുമുണ്ട്. പലതും പരസ്‌പരം ഏറ്റുമുട്ടലിന്റെ വഴിയിലാണ്. ഏതാണ്ട് എല്ലാ മഹല്ലുകളിലും ഇവയില്‍ പലതിനും വേരുകളുമുണ്ട്. നാട്ടിലെ പള്ളികളും അനുബന്ധ സ്ഥാപനങ്ങളും നമ്മുടെ വരുതിയില്‍ നിലകൊള്ളണമെന്ന ചിന്ത എല്ലാ വിഭാഗങ്ങള്‍ക്കുമുണ്ടാവാം. അതുകൊണ്ട് എല്ലാവരെയും പരമാവധി യോജിപ്പിക്കാവുന്ന ഒരു സമീപനമായിരിക്കണം പള്ളികളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും നടത്തിപ്പിന്റെ വിഷയത്തില്‍ സ്വീകരിക്കേണ്ടത്. സ്ഥാപനങ്ങളിലെ ജീവനക്കാരും ഇതേ സമീപനം സ്വീകരിച്ചവരാവണം. വ്യക്തി വൈരാഗ്യങ്ങള്‍, ഗ്രൂപ്പ് വടംവലികള്‍, അധികാര മോഹങ്ങള്‍ എന്നിവ പവിത്രമായ സ്ഥാപനങ്ങളുടെയും മഹല്ലുകളുടെയും തീരാ ശാപമായി മാറുന്ന അവസ്ഥ പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിയണം. മഹല്ലിന്റെ നാനാത്വത്തില്‍ ഏകത്വം നശിപ്പിക്കുന്ന രൂപത്തിലുള്ള കുറ്റപ്പെടുത്തലുകള്‍, നോട്ടീസുകള്‍, പ്രസ്‌താവനകള്‍, പ്രചാരണങ്ങള്‍ എന്നിവ ഒരു ഭാഗത്ത് നിന്നും ഉണ്ടാവാതിരിക്കാന്‍ മഹല്ല് നേതൃത്വവും സംഘടനാ നേതൃത്വവും തമ്മില്‍ നല്ല ബന്ധം നിലനിര്‍ത്തണം. മഹല്ലിന്റെ അധികാരം ഒരു സംഘടനയെയും ഏല്‍പിക്കരുത്. അതോടൊപ്പം ഓരോ സംഘടനയുടെയും മറ്റുള്ളവര്‍ക്കും ഉള്‍ക്കൊള്ളാനാവുന്ന പ്രവര്‍ത്തനങ്ങള്‍ പള്ളിയിലും അനുബന്ധ സ്ഥാപനങ്ങളിലും വെച്ച് സംഘടിപ്പിക്കാനുള്ള അവസരങ്ങളുണ്ടാവണം. ഇത് പരസ്‌പരം അറിയാനും അടുക്കാനും വഴി തുറന്നിടും. മണിക്കൂറുകള്‍ പരസ്‌പരം തെറിപറയാനുപയോഗിക്കുന്നവര്‍ മിനിറ്റുകള്‍ പരസ്‌പരം അറിയാന്‍ ഉപയോഗിച്ചാല്‍ തീര്‍ക്കാവുന്നതേയുള്ളൂ സംഘടനകള്‍ക്കിടയിലെ ഒരുപാട് പ്രശ്‌നങ്ങള്‍. പള്ളികളില്‍ നിന്ന് ഓഫീസുകളിലേക്കും ഗ്രൂപ്പ് കേന്ദ്രങ്ങളിലേക്കുമുള്ള കൂട് മാറ്റം വിഭാഗീയതയും വിദ്വേഷവും അധികരിപ്പിക്കാനേ സഹായകമാവൂ. മഹല്ലിന് കീഴില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ എല്ലാ വിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പ് വരുത്തണം. നമ്മുടെ മഹല്ല് നിവാസികള്‍ക്കിടയിലുള്ള ഒരു പ്രശ്‌നത്തിലും പോലീസും കോടതിയും രാഷ്‌ട്രീയക്കാരും മറ്റു മതസ്ഥരും ഇടപെടേണ്ട ഒരവസ്ഥയില്ലാതെ സൂക്ഷിക്കേണ്ടത് മഹല്ല് നേതൃത്വത്തിന്റെ ബാധ്യതയാണ്. 4. ക്ഷേമ പ്രവര്‍ത്തനങ്ങള്‍: ദുര്‍ബലരും അശരണരുമായ ആളുകളെ ഇന്ന് എല്ലാവും വിസ്‌മരിച്ചിരിക്കുകയാണ്. മഹല്ലിന്റെ സജീവ ശ്രദ്ധ എപ്പോഴും ആ നാട്ടിലെ ഇത്തരക്കാരിലായിരിക്കണം. പക്ഷേ, മാസത്തില്‍ വരിസംഖ്യ പിരിച്ച് പള്ളി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതില്‍ അവസാനിപ്പിച്ചിരിക്കുകയാണ് ഇന്ന് നമ്മുടെ മഹല്ലുകളുടെ പ്രവര്‍ത്തനം. മഹല്ല് ലെറ്റര്‍പാഡില്‍ യാചനക്കുള്ള അംഗീകാരപത്രം തയാറാക്കി സീലും വെച്ച് നല്‍കുന്നതോടെ അവസാനിച്ചു പല മഹല്ലുകളുടെയും സാധു സംരക്ഷണ പ്രവര്‍ത്തനം. വിശുദ്ധ ഖുര്‍ആന്‍ 70:24,25, 107:1-3, 89:17-20, 51:19, 74:39-44 തുടങ്ങിയ വചനങ്ങള്‍ സാധു സംരക്ഷണത്തിന്റെ പ്രാധാന്യവും അത് ഉപേക്ഷിക്കുന്നതിന്റെ ശിക്ഷയും ഊന്നിപ്പറയുന്നതായി കാണാം. മഹാനായ റസൂല്‍ തിരുമേനി(സ) പ്രാധാന്യം കല്‍പിച്ച ഒരു പ്രധാന വിഷയം തന്നെ പാവപ്പെട്ടവരുടെ വിശപ്പും അനാഥകളുടെയും വിധവകളുടെയും അഗതികളുടെയും സംരക്ഷണവുമായിരുന്നു. ഇന്നത്തെ മഹല്ലുകള്‍ വലിയവരുടെ നിയന്ത്രണത്തിലുള്ള വലിയ സ്ഥാപനങ്ങളാണെങ്കിലും നിസ്സാര പ്രശ്‌നങ്ങള്‍ക്കു പോലും പാവപ്പെട്ടവര്‍ക്ക് പലിശ സ്ഥാപനങ്ങളെ ആശ്രയിക്കലല്ലാതെ മാര്‍ഗമില്ലെന്നതാണ് വസ്‌തുത. ഘട്ടം ഘട്ടമായി ഓരോ മഹല്ലിലെയും പാവങ്ങളെ സ്വയം പര്യാപ്‌തതയിലേക്കും സാമ്പത്തിക പുരോഗതിയിലേക്കും നയിക്കാന്‍ എന്തൊക്കെ ചെയ്യണമെന്നതിനെ പറ്റി മഹല്ലിന്റെ ഉത്തരവാദപ്പെട്ടവര്‍ക്ക് വ്യക്തമായ ബോധവും പദ്ധതികളുമുണ്ടാവണം. മഹല്ലിലെ സകാത്ത് സംവിധാനം കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയാല്‍ അവസാനിക്കുന്നതേയുള്ളൂ മഹല്ലിലെ ദാരിദ്ര്യ പ്രശ്‌നം. സകാത്ത് കൊടുക്കാനും വാങ്ങാനും അര്‍ഹരായവരുടെ ലിസ്റ്റ് തയാറാക്കി അത് ശരിയായ രൂപത്തില്‍ വേണ്ടപ്പെട്ടവര്‍ക്ക് എത്തിച്ചാല്‍ ഖലീഫാ ഉമറിന്റെ കാലത്ത് സകാത്ത് വാങ്ങാന്‍ ആളില്ലാത്തവിധം സ്വയം പര്യാപ്‌തരായതുപോലെയുള്ള അനുഭവങ്ങള്‍ നമ്മുടെ മഹല്ലുകളിലും ഉണ്ടാവും. കര്‍മശാസ്‌ത്ര ഗ്രന്ഥങ്ങള്‍ അവലംബിച്ച് കമ്മിറ്റി മുഖേനയുള്ള സകാത്ത് വിതരണവും ശേഖരണവും അംഗീകരിക്കാത്തവര്‍ക്കും ഒരു വക്കീലിനെ നിയമിച്ച് കൊണ്ട് സകാത്ത് അര്‍ഹര്‍ക്ക് അര്‍ഹമായ രൂപത്തില്‍ നല്‍കുന്ന സംവിധാനം കര്‍മശാസ്‌ത്ര ഗ്രന്ഥങ്ങള്‍ അംഗീകരിക്കുന്നുണ്ട്. ഇതനുസരിച്ച് മഹല്ല് ഖാദിയോ ഖത്വീബോ മഹല്ലിന്റെ പ്രസിഡന്റോ സെക്രട്ടറിയോ വക്കീലായി നിശ്ചയിക്കപ്പെടുകയും മഹല്ലിലെ യോഗ്യരെ കണ്ടെത്തി കാര്യം നിര്‍വഹിക്കുകയും ചെയ്യാമല്ലോ. നമ്മുടെ മഹല്ലുകളിലെ ഇന്നത്തെ സാമ്പത്തിക ഞെരുക്കം സകാത്ത് കാര്യക്ഷമമായി നടപ്പിലാക്കുന്നതിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ. സാമ്പത്തിക പുരോഗതി മഹല്ലിന്റെയും മഹല്ല് നിവാസികളുടെയും സാമ്പത്തിക ഭദ്രതക്കാവശ്യമായ ഒരുപാട് പ്രവര്‍ത്തനങ്ങള്‍ മഹല്ലിന് നേതൃത്വം കൊടുത്ത് നടപ്പാക്കാവുന്നതാണ്. ആവശ്യങ്ങള്‍ക്കും അനാവശ്യങ്ങള്‍ക്കുമായി മഹല്ല് നിവാസികള്‍ ചെലവഴിക്കുന്ന ലക്ഷങ്ങള്‍ അന്യ വ്യാപാരികള്‍ ചൂഷണം ചെയ്യുന്നത് തടഞ്ഞ് മഹല്ലില്‍ തന്നെ അത് കറങ്ങുന്നതിനനുയോജ്യമായ വഴികള്‍ കണ്ടെത്തുക, മഹല്ല് നിവാസികളില്‍ നിന്ന് പ്രത്യേകിച്ച്, അവരിലെ പ്രവാസികളായവരില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിച്ച് ന്യായ വിലക്കുള്ള കടകള്‍ തുടങ്ങിയും മറ്റും അവര്‍ക്കാവശ്യമായതൊക്കെ വീടുകളിലേക്ക് എത്തിക്കാവുന്ന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക. പരസ്യങ്ങളിലൂടെയും മറ്റു ബിസിനസ് തന്ത്രങ്ങളിലൂടെയും പ്രലോഭിതരായി അനാവശ്യങ്ങള്‍ വാരിക്കൂട്ടുന്ന അവസ്ഥയില്‍നിന്ന് തടയിടാന്‍ ഇതുവഴി സാധിച്ചേക്കാം. സാമ്പത്തിക ഭദ്രതയുള്ള മഹല്ലുകള്‍ക്ക് ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, കല്യാണ മണ്ഡപങ്ങള്‍, ഹോസ്‌പിറ്റലുകള്‍ തുടങ്ങിയവ സ്ഥാപിച്ച് വരുമാന വഴികള്‍ കണ്ടെത്താം. ലൈറ്റ് & സൗണ്ട്, വാഹനങ്ങള്‍, മറ്റു വാടക വസ്‌തുക്കള്‍ ഇവയൊക്കെ പല മഹല്ലുകള്‍ക്ക് കീഴില്‍ ഇന്ന് വ്യാപകമാണ്. ഇസ്‌ലാം അനുവദിക്കുന്ന രൂപത്തിലുള്ള കുറികള്‍, പലിശരഹിത നിധികള്‍ തുടങ്ങിയവ മഹല്ല് കമ്മിറ്റികളുടെ നിയന്ത്രണത്തില്‍ നടന്നുവന്നാല്‍, മഹല്ല് നിവാസികള്‍ക്കതൊരു ധനസമ്പാദന മാര്‍ഗമാവുകയും പലിശയുടെ നീരാളിപിടിത്തത്തില്‍നിന്ന് ഒരളവോളം അവരെ രക്ഷപ്പെടുത്താന്‍ സഹായകമാവുകയും ചെയ്യും. സ്ഥലങ്ങള്‍ വാങ്ങിച്ച് ചുരുങ്ങിയരൂപത്തില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ച് നല്‍കാനായാല്‍ ഭവനനിര്‍മാണ രംഗത്തെ ചൂഷണങ്ങളില്‍നിന്ന് രക്ഷിക്കാനും സാധിക്കും. പഴയകാലം മുതല്‍ നിലവിലുള്ള പിടിയരി, വരിസംഖ്യ തുടങ്ങിയവ മഹല്ല് നിവാസികള്‍ക്ക് പള്ളിയുമായുള്ള മാനസിക ബന്ധം നിലനിര്‍ത്താനും അവകാശ ബോധം വളര്‍ത്താനും സഹായകമാണ്. ഇനിയും ഓരോ പ്രദേശങ്ങളുടെയും അവസ്ഥകള്‍ പരിഗണിച്ച് വരുമാന വഴികള്‍ കണ്ടെത്താവുന്നതാണ്. ഓരോ മഹല്ലുകള്‍ക്കും ആവശ്യമായ വരുമാനം അതത് മഹല്ലുകളില്‍ നിന്നുതന്നെ ഉണ്ടാക്കാന്‍ സാധിക്കണം. ഖത്വീബുമാര്‍ മഹല്ലിലെ മുഴുവന്‍ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെയും മേല്‍നോട്ടം വഹിക്കേണ്ടവരാണ് ഖത്വീബുമാര്‍. മഹല്ലിലെ മുഴുവന്‍ വ്യക്തികളുമായും നല്ല ബന്ധം സ്ഥാപിക്കാനും അവരിലേക്കിറങ്ങിച്ചെന്ന് അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനും ഖത്വീബിന് കഴിയണം. ആവശ്യമായ സമയത്ത് ആവശ്യമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കി അഭിപ്രായ ഭിന്നതകള്‍ ലഘൂകരിച്ച് യോജിപ്പിന്റെ പാതയിലേക്ക് മഹല്ല് നിവാസികളെ നയിക്കേണ്ടത് ഖത്വീബാണ്. ഖത്വീബ് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വാലാവുന്ന അവസ്ഥ മഹല്ലില്‍ പ്രശ്‌നങ്ങള്‍ക്ക് വഴിമരുന്നിടും. പല മഹല്ലുകളിലും പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നതില്‍ ഖത്വീബിന്റെ വിഭാഗീയത കാരണമാവാറുണ്ട്. മഹല്ല് നിവാസികള്‍ക്കിടയിലെ വിഭാഗീയത ഒരു യാഥാര്‍ഥ്യമാണ്. അതിനെ അവഗണിച്ചുകൊണ്ടുള്ള ഏത് സമീപനവും അപകടമാണ്. വിയോജിപ്പിന് കാരണമാകുന്ന എല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നും ഖത്വീബ് ഒഴിഞ്ഞുനില്‍ക്കുന്നതാണ് ബുദ്ധി. സഹകരിക്കാവുന്ന മേഖലകളില്‍ പരമാവധി എല്ലാ സംഘടനകളുമായി സഹകരിക്കാനും സാധിച്ചാല്‍ സംഘടനകളെ ഖത്വീബിന്റെ വരുതിയില്‍ നിര്‍ത്താനായേക്കും. ആവശ്യമായ മത-ഭൗതിക വിദ്യയും മഹല്ല് അംഗങ്ങളില്‍ നല്ല മനസ്ഥിതിയും ഖത്വീബിന് അനിവാര്യമാണ്. മഹല്ല് കമ്മിറ്റിയുമായി ഏറ്റുമുട്ടുന്ന അവസ്ഥ ഒരിക്കലുമുണ്ടാവരുത്. കമ്മിറ്റിയുടെ അധികാരത്തെയോ സേവനങ്ങളെയോ അവമതിക്കുന്ന രൂപത്തിലുള്ള വാക്കും പ്രവൃത്തിയും ഒരിക്കലും ഉണ്ടാവരുത്. ഒരു ജീവനക്കാരന്‍ എന്നതിലുപരി മഹല്ലിന്റെ ആത്മീയ നേതൃത്വം എന്ന രൂപത്തില്‍ ഖത്വീബിനെ വിലയിരുത്താന്‍ ഉത്തരവാദപ്പെട്ടവര്‍ക്കും കഴിയണം. മഹല്ല് ഖത്വീബുമാരോടുള്ള പല കമ്മിറ്റികളുടെയും സമീപനം കാര്‍ക്കശ്യത്തിന്റെ രൂപത്തിലാണ്. ഇതിന് കാര്യമായ മാറ്റം അനിവാര്യമാണ്. ഇന്ന് ഏറ്റവും കുറഞ്ഞ വേതനം പറ്റുന്നവര്‍ ഒരുപക്ഷേ മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സേവനം ചെയ്യുന്നവരാണ്. കേരളത്തിലെ എല്ലാ മത വിഭാഗങ്ങളുടെ സ്ഥാപനങ്ങളിലും ഏറെക്കുറെ ഈ വിഷയത്തില്‍ ഇതേ സമീപനം തന്നെയാണ്. അതുകൊണ്ട് കഴിവും യോഗ്യതയുമുള്ളവര്‍ ഈ മേഖലയില്‍ നിന്ന് സലാം പറഞ്ഞ് പിരിയുകയും പണം ചുരത്തുന്ന മറ്റു വഴികള്‍ തേടിപ്പോവുകയും ചെയ്‌തുകൊണ്ടിരിക്കുന്നു. അവിദഗ്‌ധരായ ആളുകള്‍ കുറഞ്ഞ വേതനത്തിന് ആ സ്ഥാനത്ത് കയറി പറ്റുന്നു. പല മഹല്ലുകളുടെയും സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പില്‍ ഇതൊരു വലിയ തടസ്സമാണിന്ന്. പലരും ഒരു സൈഡ് ബിസിനസായി ഈ മേഖല ഉപയോഗപ്പെടുത്തുന്നു. മറ്റു ജോലികളില്‍ നിന്ന് ഒഴിവുള്ള സമയം ഉപയോഗപ്പെടുത്താനുള്ള വഴിയാണവര്‍ക്കിത്. ആഴ്‌ചയിലൊരിക്കല്‍ വന്ന് റെഡിമെയ്‌ഡ് ഖുത്വ്‌ബ നിര്‍വഹിക്കുന്നവര്‍ക്ക് സമൂഹത്തിന്റെ മനോഗതി അറിയാനും അവരുടെ പ്രശ്‌നങ്ങളിലിടപെടാനുമാവില്ല. മുഴുവന്‍ സമയവും ബുദ്ധിയും അധ്വാനവും കഴിയും പൂര്‍ണമായി ഉപയോഗപ്പെടുത്തേണ്ട മേഖലയാണിത്. സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ സ്വന്തം പ്രശ്‌നങ്ങളായി കാണാനും സ്വന്തത്തേക്കാള്‍ സമൂഹത്തിന് മുഖ്യ പരിഗണന നല്‍കാനും ഒരു മഹല്ല് ഖത്വീബിന് -ഇമാമിന് സാധിക്കണം. (ലേഖകന്‍ കാസര്‍കോട് ചെമ്മനാട് മഹല്ല് ഖത്വീബാണ്).
Comments