തൊഴിലാളികള്‍ക്ക് സംഘടന
തൊഴിലാളികള്‍ക്ക് സംഘടന -
- തൊഴിലാളികള്‍ക്ക് ഒരു യൂനിയന്‍ ഉണ്ടാക്കുന്നതിനെക്കുറിച്ച് എന്‍.പി മുഹമ്മദ് മസ്‌കത്ത് എഴുതിയ കത്താണ് (ലക്കം 43) ഈ കുറിപ്പ് എഴുതാന്‍ പ്രേരിപ്പിച്ചത്. തൊഴിലാളികള്‍ക്ക് വേണ്ടി കമ്യൂണിസവും മുതലാളികള്‍ക്ക് വേണ്ടി മുതലാളിത്തവുമാണ് ലോകത്ത് നിലനിന്നിരുന്നത്. രണ്ടു കൂട്ടരും മേല്‍ പറഞ്ഞ രണ്ട് സംസ്‌കാരങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ടുതന്നെയാണ് നയം രൂപീകരിക്കുന്നത്. രണ്ട് പ്രത്യയശാസ്‌ത്രങ്ങളും മനുഷ്യരുടെ പൂര്‍ണമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതല്ലെന്ന് ഇന്ന് തെളിഞ്ഞിരിക്കുന്നു. ലോകത്ത് രണ്ട് പ്രത്യയശാസ്‌ത്രങ്ങളും സമ്മാനിച്ചത് ധാര്‍മികത്തകര്‍ച്ചയും സാമ്പത്തികത്തകര്‍ച്ചയുമാണ്. ഇനി ലോകത്തെ രക്ഷിക്കാന്‍ ഇസ്‌ലാമിക സംസ്‌കാരത്തിന് മാത്രമേ കഴിയൂ എന്ന് പുറമെ അംഗീകരിക്കാന്‍ അപകര്‍ഷതയുണ്ടെങ്കിലും, ഇസ്‌ലാമിക് ബാങ്കുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതില്‍ നിന്നും കാര്യങ്ങള്‍ മറിച്ചാണെന്ന് മനസ്സിലാവുന്നു. കൃത്യമായി നമസ്‌കാരവും മറ്റു ഇബാദത്തുകളും നിര്‍വഹിക്കുന്ന പലരും ബിസിനസ് മേഖലയില്‍ ഇസ്‌ലാമിക നിയമം പാലിക്കുന്നുണ്ടോ? നിലവില്‍ അതത് പ്രദേശത്തുള്ള തൊഴില്‍ നിയമങ്ങളാണ് പാലിക്കപ്പെടുന്നത്. ഏതു പ്രദേശത്തും നിലവിലുള്ള തൊഴില്‍നിയമത്തില്‍ പറയുന്നതില്‍ കൂടുതല്‍ നല്‍കുന്നത് എതിരല്ല. ചിലയിടങ്ങളിലെങ്കിലും മുസ്‌ലിംകളായ തൊഴിലാളികള്‍ മുസ്‌ലിംകളായ മുതലാളിമാരാല്‍ ഇസ്‌ലാമിന്റെ പേരില്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. തൊഴിലാളികള്‍ക്ക് മുതലാളിയോട് വേണ്ട അനുസരണത്തെക്കുറിച്ചും ഉത്തരവാദിത്വത്തെക്കുറിച്ചും പറഞ്ഞ് ഭയപ്പെടുത്തുകയും ചെയ്യുന്നു. തൊഴിലാളി ഇസ്‌ലാമിക രീതിയില്‍ താങ്കള്‍ ചെയ്യുന്നത് ശരിയല്ലെന്ന് പറഞ്ഞാല്‍ പിന്നെ പീഡനമാണ്. മാത്രമല്ല, വലിയ ഔദാര്യം ചെയ്‌ത മട്ടില്‍ വലിയ വായില്‍ പറഞ്ഞു നടക്കുന്നത് മുസ്‌ലിംകള്‍ക്ക് ജോലി നല്‍കരുതെന്നാണ്. എന്നു വെച്ചാല്‍ അറിവില്ലായ്‌മയാണ് നല്ലതെന്നും വെളിച്ചം ദുഃഖവും തമസ്സ് സുഖവുമെന്ന പല്ലവി തന്നെ. അല്ലാഹുവിങ്കല്‍ സത്യവിശ്വാസികള്‍ അവരുടെ മുന്‍ഗണനയനുസരിച്ച് ചോദ്യം ചെയ്യപ്പെടുമെന്ന കാര്യം ഓര്‍ക്കുന്നില്ല.
തൊഴിലാളിയുടെ അധ്വാനം തൊഴിലാളിയുടെ സമ്പത്തായിരിക്കെ വികസനം തൊഴിലാളിക്കും മുതലാളിക്കും ഒരുപോലെ നടക്കണമെന്ന ചിന്ത മുതലാളിക്ക് ഉണ്ടാവുന്നില്ല. തൊഴിലാളി എന്തോ കാരണത്താല്‍ തന്റെ അടിമയാണെന്ന മനോഭാവമാണ് പലര്‍ക്കും. വര്‍ഷങ്ങള്‍ക്കു ശേഷം പിരിഞ്ഞു പോവുകയോ മരണപ്പെടുകയോ ചെയ്യുമ്പോള്‍ തൊഴിലാളിക്ക് തന്റെ അധ്വാനത്തിന്റെ ഫലം കിട്ടുന്നത്, അടിസ്ഥാന ശമ്പളത്തില്‍ പരമാവധി കുറവ് വരുത്തിയാണ്. ദാരിദ്ര്യം ഭയന്ന് കുഞ്ഞുങ്ങളെ കൊല്ലുന്നതിന് സമമാണിതെന്ന് സത്യവിശ്വാസിയായ മുതലാളി മനസ്സിലാക്കുന്നില്ല. മറിച്ചും സംഭവിക്കുന്നുണ്ട്. തൊഴില്‍ പരിചയമില്ലാതെ തൊഴിലാളി സ്ഥാപനത്തില്‍ ചേരുകയും മുതലാളി തന്റെ സാമഗ്രികള്‍ നഷ്‌ടം വരുത്തി തൊഴില്‍ പഠിപ്പിക്കുകയും ചെയ്‌തിട്ടും അതിനു നന്ദി കാണിക്കാത്ത തൊഴിലാളികളുമുണ്ട്. തൊഴിലുടമയും തൊഴിലാളിയും മനസ്സ് തുറന്ന് പെരുമാറുമെങ്കില്‍ രണ്ട് കൂട്ടര്‍ക്കും ഉയര്‍ച്ചയും വളര്‍ച്ചയുമുണ്ടാവും. അത്തരം സ്ഥാപനങ്ങള്‍ നിരവധിയുണ്ട്. സ്ഥാപനത്തില്‍ പങ്കാളികളാക്കിയുള്ള കരാറുകളാണെങ്കില്‍ ആത്മാര്‍ഥതയും താല്‍പര്യവും കൂടുകയും ചെയ്യും. ചുരുക്കത്തില്‍, ഈ വിഷയത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനം മുന്‍കൈയെടുത്ത് വല്ലതും ചെയ്യേണ്ടതുണ്ട്. അത്തരം ഒരു സംസ്‌കാരം വളര്‍ന്നുവരുമെങ്കില്‍ അന്യ മതസ്ഥര്‍ ഇസ്‌ലാമിന്റെ കാരുണ്യം അനുഭവിക്കുകയും അത് സ്വന്തമാക്കാന്‍ തിടുക്കം കാട്ടുകയും ചെയ്യും.
കെ.കെ ബഷീര്‍
അല്‍ഐന്‍, യു.എ.ഇ -
- -
- #### വണ്ടത് ഗുണകാംക്ഷ -
-
`സംഘ്‌പരിവാറും മുജാഹിദുകളും മുസ്‌ലിം സമൂഹത്തോട് മാപ്പു പറയണം' എന്ന കത്തിന്റെ (ലക്കം 42) മറ്റൊരു വശം ചൂണ്ടിക്കാട്ടേണ്ടതുണ്ട്.
സഹോദര സംഘടനയാണ് മുജാഹിദ് പ്രസ്ഥാനം. അതുകൊണ്ടുതന്നെ ഭയഭക്തിയിലും നന്മയിലും (തഖ്‌വ, ബിര്‍റ്) അവരുമായി സഹകരിക്കേണ്ടതുണ്ട്. മുജാഹിദ് പ്രസ്ഥാനത്തിന്റെ ഇന്നത്തെ തെറ്റായ നയങ്ങളില്‍ മനംനൊന്ത് കഴിയുന്ന ഒട്ടേറെ പ്രവര്‍ത്തകര്‍ അവര്‍ക്കിടയില്‍ തന്നെ ഉണ്ട്. തികഞ്ഞ ഗുണകാംക്ഷയോടെ (നസ്വീഹത്ത്) അത്തരക്കാരുമായി വ്യക്തിബന്ധമുണ്ടാക്കി അവരെ കാര്യം ഗ്രഹിപ്പിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത് (ഈ കുറിപ്പുകാരന്റെ ക്ഷണപ്രകാരം ജമാഅത്തിന്റെ നയവിശദീകരണ സമ്മേളനങ്ങളിലൊന്നില്‍ പങ്കെടുത്ത മൂന്നു മുജാഹിദ് സഹോദരങ്ങള്‍ നമ്മെ കുറിച്ച ധാരാളം തെറ്റുദ്ധാരണകള്‍ തിരുത്തിയതായും ഇസ്‌ലാമിന്റെ സമഗ്രതയെക്കുറിച്ച് നല്ല ജ്ഞാനം ലഭിച്ചതായും തുറന്നുപറയുകയുണ്ടായി).
മുസ്‌ലിം ലീഗിന്റെ കാര്യവും തഥാ. മുസ്‌ലിം സമുദായം എന്ന ചുമരിനെ താങ്ങിനിര്‍ത്തുന്നതില്‍ വിഭജനാനന്തര മുസ്‌ലിം ലീഗും പങ്കുവഹിച്ചിട്ടുണ്ട്. ഖാഇദേ മില്ലത്തിനെയും കെ.എം സീതിസാഹിബിനെയും ബാഫഖി തങ്ങളെയും സി.എച്ച് മുഹമ്മദ് കോയയെയും പോലുള്ള നേതാക്കള്‍ അതിനു കഴിഞ്ഞുപോയിട്ടുണ്ട്. അണികളിലും അവരുടെ പാരമ്പര്യമുള്ള മഹത്തായ കണ്ണി പൂര്‍ണമായും മുറിഞ്ഞുപോയിട്ടില്ല.
ഹസനുല്‍ ബന്ന കണ്ണൂര്‍ -
- -
- #### അറബ് ജനാധിപത്യത്തെ ഭയക്കുന്നതാര്? -
- ജീര്‍ണതയുടെയും സ്വോഛാധിപത്യത്തിന്റെയും കൂടാരങ്ങളായിരുന്ന അറബ് നാടുകളില്‍ ജനാധിപത്യത്തിന്റെ കാറ്റ് അതിശക്തമായാണ് വീശിക്കൊണ്ടിരിക്കുന്നത്. ഇതില്‍ ചുഴറ്റിയെറിയപ്പെടുന്നത് പതിറ്റാണ്ടുകളായി അധികാരം കൈയിലേന്തി രാജ്യത്തെ തന്റെയും കുടുംബത്തിന്റെയും സ്വത്താക്കി മാറ്റിയ ഭരണാധികാരികളാണ്. ശക്തമായ ജനകീയ പ്രക്ഷോഭങ്ങളില്‍ പിടിച്ചുനില്‍ക്കാനാകാതെ തുനീഷ്യയിലെ ബിന്‍ അലിയും ഈജിപ്‌തിലെ ഹുസ്‌നി മുബാറക്കും അധികാരം വിട്ടൊഴിഞ്ഞ് പലായനം ചെയ്‌തു കഴിഞ്ഞു. ലിബിയയിലും യമനിലും പ്രക്ഷോഭം രക്തരൂഷിതമായി തുടരുകയാണ്. ഗള്‍ഫ് നാടുകളിലും ജനാധിപത്യത്തിനും പൗരാവകാശത്തിനുമായി തെരുവുകളില്‍ ശബ്‌ദം മുഴങ്ങിക്കൊണ്ടിരിക്കുന്നു.
ഈ പ്രക്ഷോഭങ്ങള്‍ തികച്ചും ജനകീയവും അതിനാല്‍ തന്നെ സര്‍ഗാത്മകവുമാണ്. വിവിധ ചിന്താധാരകളും യുവജന കൂട്ടായ്‌മകളുമാണ് ഈ ജനാധിപത്യ വിപ്ലവത്തിന്റെ ചാലകശക്തികള്‍. യമനിലും ഈജിപ്‌തിലും രക്തരഹിതമായിരുന്നെങ്കില്‍ ലിബിയയില്‍ ജനാധിപത്യത്തെ ചോരയില്‍ മുക്കിക്കൊല്ലാനാണ് ഖദ്ദാഫി ഭരണകൂടം ശ്രമിക്കുന്നത്. എന്നാല്‍ പിന്മാറാതെ പ്രക്ഷോഭകര്‍ തെരുവുകളില്‍ നിന്ന് തെരുവുകളിലേക്ക് മുന്നേറുകയാണ്.
എന്നാല്‍, അറബ് ലോകത്ത് ദൃശ്യമാകുന്ന ജനാധിപത്യ മാറ്റങ്ങളെ ആകുലതയോടെ നോക്കിക്കാണുകയാണ് ചില സലഫി ചിന്താധാരകള്‍. ഇതിന്റെ അലയൊലി കേരളത്തിലും ദൃശ്യമാണ്. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിലെ ഔദ്യോഗിക വിഭാഗത്തിന്റെ വിദ്യാര്‍ഥി സംഘനയായ എം.എസ്.എം സംഘടിപ്പിച്ച പ്രെഫഷനല്‍ കോളേജ് സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം ഇതിന്റെ നേര്‍ ചിത്രമാണ്. അറബ് ലോകത്ത് നടക്കുന്ന പോരാട്ടങ്ങള്‍ ശീഈ അമേരിക്കന്‍ കൂട്ടുകെട്ടിന്റെ പ്രകടനങ്ങള്‍ മാത്രമാണെന്നാണ് അവരുടെ കാഴ്‌ചപ്പാട്. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം അവരുടെ പ്രസിദ്ധീകരണങ്ങളിലൂടെ നേരത്തെയും ഈ ജനകീയ പോരാട്ടങ്ങള്‍ക്കെതിരായ നിലപാടുകള്‍ കൈക്കൊണ്ടിട്ടുണ്ട്.
അറബ് ലോകത്തെ സംഭവവികാസങ്ങളില്‍ അമേരിക്കക്ക് അവരുടേതായ താല്‍പര്യങ്ങളുണ്ടെന്നത് വസ്‌തുതയാണ്. ശീഈ ഭരണനേതൃത്വമുള്ള ഇറാന് അവരുടെ താല്‍പര്യങ്ങളുമുണ്ട്. എന്നാല്‍, അറബ് ലോകത്ത് ദൃശ്യമാകുന്ന ജനാധിപത്യ പോരാട്ടങ്ങളെല്ലാം മുസ്‌ലിം ഐക്യം തകര്‍ക്കാനുള്ള ശീഈ-അമേരിക്കന്‍ ഗൂഢാലോചനയാണെന്ന നിഗമനം വസ്‌തുതകളെ തലതിരിച്ചു കാണലാണ്.
ടി. ജാഫര്‍ -
- -
- #### ദയാവധത്തില്‍ ദയയില്ല! -
-
ദയാവധത്തെ കുറിച്ച മുഖക്കുറിപ്പ് വായിച്ചു(ലക്കം 40). വധിക്കുന്നത് ദയയും ദയ കാണിക്കുന്നത് വധിച്ചുമല്ല. ദയാവധം എന്ന വാക്കുതന്നെ വിരോധാഭാസമാണ്.
ഫലപ്രദമായ ചികിത്സകള്‍ ഒന്നുമില്ലാതെ ബുദ്ധിമുട്ടുന്ന രോഗിയെ കഷ്‌ടപ്പാടില്‍നിന്നും രക്ഷപ്പെടുത്താന്‍ പ്രയോഗിക്കുന്ന `ചികിത്സ'യാണ് `ദയാവധം' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നത്. അബോധാവസ്ഥയിലായ, പരിസരബോധമില്ലാത്ത രോഗിയെ ശുശ്രൂഷിക്കുന്നവര്‍ വളരെയേറെ ബുദ്ധിമുട്ട് സഹിക്കേണ്ടിവരും. ഇത്തരം രോഗികളെ വധിച്ചാല്‍ അത് ശുശ്രൂഷകരോടുള്ള ദയകാണിക്കലാണ്, രോഗിയോടുള്ള ദയ അല്ല. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ദയാവധത്തിനു വിധേയമാക്കാന്‍ അനുവദിക്കപ്പെട്ടാല്‍, ക്രമേണ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഈ ഹീനകൃത്യം അധികാരികളുടെ ഒത്താശയോടെ `ഗുരുതരം' എന്ന മുദ്രകുത്തി ചെയ്‌തു തുടങ്ങും.
അത്യാസന്ന നിലയിലായി, ഇനി രക്ഷപ്പെടാന്‍ സാധ്യതയില്ല എന്ന് വൈദ്യശാസ്‌ത്രം വിധിയെഴുതിയ രോഗികളില്‍ ചിലര്‍, അപൂര്‍വമെങ്കിലും തിരിച്ച് സാധാരണ ജീവിതത്തിലേക്കു കടന്നുവരുന്നത് എന്റെ 45 വര്‍ഷത്തെ വൈദ്യശാസ്‌ത്ര രംഗത്തെ അനുഭവത്തില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഇവരെ ദയാവധത്തിനു വിധേയമാക്കിയിരുന്നെങ്കില്‍?
മറ്റൊരു വശം നോക്കാം. രോഗിയെ കഷ്‌ടപ്പാടുകളില്‍നിന്ന് രക്ഷപ്പെടുത്താന്‍ വേണ്ടി വധിക്കുന്നത്, മരണംകൊണ്ട് എല്ലാം അവസാനിക്കുന്നു, ശ്‌മശാനമാണ് മനുഷ്യന്റെ അന്തിമലക്ഷ്യം എന്ന ധാരണ വെച്ചു പുലര്‍ത്തുന്നവരാണ്. മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കുന്ന ഒരു വ്യക്തിക്കും ഒരാളുടെ കഷ്‌ടപ്പാടുകള്‍ എല്ലാം മരണത്തോടെ അവസാനിക്കും എന്ന് ഒരു നിമിഷംപോലും ചിന്തിക്കാന്‍ സാധ്യമല്ല. ഏതു മതവിശ്വാസത്തില്‍ പെട്ടവരായാലും അടിയുറച്ച ഒരു ദൈവവിശ്വാസിക്ക് ദയാവധം ആലോചിക്കാന്‍ പോലും സാധ്യമല്ല.
ഡോ. എം. ഹനീഫ്
റിട്ട. പ്രഫ. മെഡിസിന്‍
മെഡിക്കല്‍ മിഷന്‍, തെങ്ങണ -
- -
- #### ക്രിമിനലുകളല്ലാത്തവര്‍ തീവ്രവാദികള്‍ -
-
രാഷ്‌ട്രീയ പാര്‍ട്ടികളിലെ ചില നേതാക്കള്‍ ദൃശ്യ മാധ്യമങ്ങളിലും അച്ചടി മാധ്യമങ്ങളിലും ജമാഅത്തെ ഇസ്‌ലാമിയെ തീവ്രവാദികള്‍ എന്ന് വിശേഷിപ്പിക്കുന്നു. ആ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം ക്രിമിനലുകളായ നേതാക്കളും പ്രവര്‍ത്തകരുമുണ്ട്. സ്വാതന്ത്ര്യ ലബ്‌ധി മുതല്‍ ഇന്ത്യയില്‍ എല്ലാ സ്റ്റേറ്റുകളിലും ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തിക്കുന്നുണ്ട്. ക്രിമിനല്‍ എന്ന നിലക്ക് ഇതുവരെയും ഇന്ത്യയില്‍ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല.
ക്രിമിനലുകളെ നിലനിര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുന്ന പാര്‍ട്ടികള്‍ ജമാഅത്തെ ഇസ്‌ലാമിയെ തീവ്രവാദി മുദ്രകുത്തുന്നതിനെന്തര്‍ഥം? ``തങ്ങളുടെ റബ്ബിന്റെ (സംരക്ഷകന്‍) പ്രീതിക്കായി ക്ഷമ അവലംബിക്കുകയും മുറപ്രകാരം നമസ്‌കാരം അനുഷ്‌ഠിക്കുകയും നാം നല്‍കിയ വിഭവങ്ങളില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും തിന്മയെ നന്മകൊണ്ട് തടുക്കുകയും ചെയ്യുക എന്നതാകുന്നു അവരുടെ സമ്പ്രദായം. പരലോകഭവനം ഇക്കൂട്ടര്‍ക്കുള്ളാതകുന്നു'' (വിശുദ്ധ ഖുര്‍ആന്‍ 13:22).
വി.കെ കുട്ടു ഉളിയില്‍ -
- -
-
Comments