Prabodhanm Weekly

Pages

Search

2011 ഏപ്രില്‍ 23

സമുദായത്തെ നെഞ്ചേറ്റിയ കര്‍മയോഗി

ഇന്‍തിസാര്‍ നഈം

മൌലാനാ ശഫീഅ് മൂനിസ് സമുദായത്തെ നെഞ്ചേറ്റിയ കര്‍മയോഗി 2011 ഏപ്രില്‍ 6-ന് ജമാഅത്തെ ഇസ്ലാമിയുടെ സമുന്നത നേതാവ് മൌലാനാ മുഹമ്മദ് ശഫീഅ് മൂനിസ് ഈ ലോകത്തോട് വിടപറഞ്ഞു. ഏപ്രില്‍ 3 മുതല്‍ ദല്‍ഹിയിലെ ജമാഅത്ത് ആസ്ഥാനത്ത് നടക്കുന്ന കേന്ദ്ര പ്രതിനിധിസഭാ യോഗത്തില്‍ തന്റെ പ്രായാധിക്യവും രോഗങ്ങളുമൊന്നും പരിഗണിക്കാതെ പങ്കെടുക്കുകയും ഇന്ത്യയുടെ നാനാഭാഗത്തുനിന്നും വന്ന പ്രതിനിധികളെ കാണുകയും സംസാരിക്കുകയും ചെയ്തു. ഏപ്രില്‍ 5-ന് രാത്രിയിലെ പരിപാടി കഴിഞ്ഞാണ് അദ്ദേഹം തൊട്ടടുത്തുള്ള സ്വന്തം വാസസ്ഥലത്തേക്ക് പോയത്. തന്റെ ജീവിതത്തിന്റെ ബഹുഭൂരിഭാഗം കാലവും ഇസ്ലാമിക പ്രസ്ഥാനത്തിന്റെ മാര്‍ഗത്തില്‍ ചെലവഴിച്ച അദ്ദേഹത്തിന്റെ അന്ത്യസമയം പ്രസ്ഥാനത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളോടൊപ്പമായതില്‍ അദ്ദേഹത്തിന്റെ ആത്മാവ് നിര്‍വൃതി കൊണ്ടിട്ടുണ്ടാവും. രാത്രി അദ്ദേഹത്തിന് പറയത്തക്ക പ്രയാസങ്ങളൊന്നുമുണ്ടായിരുന്നില്ല. പ്രഭാതസമയത്ത് അസ്വസ്ഥത തോന്നിയപ്പോഴാണ് ആശുപത്രിയിലെത്തിച്ചത്. ഉച്ചക്ക് ഒന്നര മണിയായപ്പോള്‍ അവിശ്വസനീയമായ വാര്‍ത്ത മര്‍കസിലെത്തി. ശഫീഅ് മൂനിസ് സാഹിബ് ഈ യാത്രസംഘത്തെ ഉപേക്ഷിച്ചിരിക്കുന്നു. നാടിന്റെ നാനാഭാഗത്തുനിന്നുമുള്ള പ്രതിനിധികള്‍ തങ്ങളുടെ നേതാവിന്റെ, സഹപ്രവര്‍ത്തകന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുത്തു. ഭൌതികശരീരം ബട്ലാ ഹൌസിലെ ഖബറിസ്ഥാന്‍ ഏറ്റുവാങ്ങി. 1918-ല്‍ പശ്ചിമ യു.പിയിലെ മുസഫര്‍ നഗറില്‍ ജനിച്ച ശഫീഅ് മൂനിസ് ഗാസിയാബാദിലും ദല്‍ഹി ആംഗ്ളോ അറബിക് സ്കൂളിലും വിദ്യാഭ്യാസം നേടി. തുടക്കത്തില്‍ സ്വാതന്ത്യ്ര പ്രസ്ഥാനമായ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു. പിന്നീട് മൌലാനാ മൌദൂദിയുടെ രചനകളില്‍ ആകൃഷ്ടനായി ഇസ്ലാമിക പ്രസ്ഥാനത്തിനായി ശിഷ്ട ജീവിതം ഉഴിഞ്ഞുവെക്കുകയായിരുന്നു. പ്രസ്ഥാനത്തെ അടുത്തറിയാനായി അദ്ദേഹം പഠാന്‍കോട്ടിലെ ദാറുല്‍ ഇസ്ലാമിലേക്ക് പോയി. മൌലാനാ മൌദൂദിയോടും മിയാന്‍ തുഫൈല്‍ സാഹിബിനോടുമൊപ്പം താമസിച്ച് ഇസ്ലാമിക പ്രസ്ഥാനത്തെ ആഴത്തില്‍ പഠിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. വിഭജനാനന്തരം അവര്‍ രണ്ടുപേരും പാകിസ്താനിലേക്ക് പോയപ്പോള്‍ ഇസ്ലാമിക പ്രസ്ഥാനത്തെ ഇന്ത്യയില്‍ വളര്‍ത്തിയെടുക്കേണ്ട ചുമതല സ്വയം ഉള്‍ക്കൊള്ളുകയായിരുന്നു മൌലാനാ മൂനിസ് സാഹിബ്. അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവവും ആത്മാര്‍ഥതയും അക്ഷീണ പരിശ്രമവും നിശ്ചയദാര്‍ഢ്യവുമൊക്കെ തങ്ക ലിപികളില്‍ കുറിക്കപ്പെടേണ്ടവയാണ്. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം പര്‍വത തുല്യമായിരുന്നു. ദീനിന്റെ സംസ്ഥാപനത്തിന് പ്രവര്‍ത്തിക്കാന്‍ ഇസ്ലാമിക പ്രസ്ഥാനത്തിനേ സാധിക്കൂ എന്നതിനാലാവാം പ്രസ്ഥാനത്തെ അദ്ദേഹം അങ്ങേയറ്റം സ്നേഹിച്ചു. അതുകൊണ്ട് തന്നെയാവാം എപ്പോഴും ഏത് കാര്യത്തിലും പ്രസ്ഥാനം മൂനിസ് സാഹിബിനെ ചുമതലകളേല്‍പിച്ചത്. ഗാസിയാബാദ് പ്രാദേശിക നേതൃത്വം മുതല്‍ ദല്‍ഹി, പഞ്ചാബ്, യു.പി, ആന്ധ്രാപ്രദേശ് ഘടകങ്ങളുടെ ഇമാറത്ത് വരെയും തുടര്‍ന്ന് ഖയ്യിമെ ജമാഅത്ത്, അഖിലേന്ത്യാ അസി. അമീര്‍ വരെ ഉത്തരവാദിത്തങ്ങളും അദ്ദേഹം വളരെ ഭംഗിയായ ചുമലിലേറ്റി. ആദ്യം ലഖ്നൌവിനടുത്ത് മലിഹാബാദില്‍ ജമാഅത്തിന്റെ കേന്ദ്രവിദ്യാലയം ആരംഭിക്കുകയാണ് മൌലാനാ അഫ്സല്‍ ഹുസൈന്‍ സാഹിബും ശഫീഅ് മൂനിസ് സാഹിബും ചെയ്തത്. പിന്നീടത് രാംപൂരിലേക്ക് മാറ്റി. വീണ്ടും ദല്‍ഹിയിലേക്ക് മാറ്റിയതോടെ രണ്ടു പേരുടെയും താവളം ദല്‍ഹിയിലായി. 1955-ല്‍ മധ്യപ്രദേശിലെ ജബല്‍പൂരില്‍ നടന്ന അതിരൂക്ഷമായ വര്‍ഗീയ കലാപത്തില്‍ നിരവധി മുസ്ലിംകള്‍ വധിക്കപ്പെടുകയും വീടുകള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്തപ്പോള്‍ ജമാഅത്തിന്റെ റിലീഫ് പ്രവര്‍ത്തനത്തിന്റെ ചുക്കാന്‍ പിടിച്ചുകൊണ്ടാണ് മൌലാനാ ജനസേവനരംഗത്തേക്ക് പ്രവേശിക്കുന്നത്. അദ്ദേഹത്തിന്റെ ആസൂത്രണപാടവം, വ്യവസ്ഥാപിതത്വം, മറ്റു സഹായസംഘങ്ങളോടുള്ള വ്യക്തിബന്ധം, അമുസ്ലിംകളുമായുള്ള സൌഹൃദം തുടങ്ങിയ ശ്രേഷ്ഠ ഗുണങ്ങള്‍ അദ്ദേഹത്തിന്റെ ദൌത്യം അനായാസമാക്കി. ഹിന്ദുക്കളിലും മുസ്ലിംകളിലും പെട്ട പീഡിതരെയും ഇരകളെയും കണ്ടെത്തി പുനരധിവാസത്തിന് ശ്രമിച്ചത് ഏറെ ശ്ളാഘനീയമായിരുന്നു. പിന്നെ എവിടെ പ്രശ്നങ്ങളുണ്ടായാലും ജമാഅത്തിനെ പ്രതിനിധീകരിച്ച് അവിടേക്ക് ഓടിയെത്തുക ശഫീഅ് മൂനിസ് സാഹിബായിരുന്നു. റിലീഫ് പ്രവര്‍ത്തനം മാത്രമായിരുന്നില്ല, അക്രമികള്‍ കത്തിച്ച തീ അണക്കാനും അദ്ദേഹവും സഹപ്രവര്‍ത്തകരും കഴിവതും ശ്രമിച്ചു. മീററ്റില്‍ ഈ 'കുറ്റം' ചുമത്തി അദ്ദേഹത്തെ പോലീസു അറസ്റു ചെയ്യുക പോലുമുണ്ടായി. പിന്നീട് ഏറെക്കാലം ജയില്‍വാസമനുഷ്ഠിച്ചത് 1975 ല്‍ അടിയന്തരാവസ്ഥാ കാലത്താണ്. ജമാഅത്തെ ഇസ്ലാമി നേതാക്കളായ മുഹമ്മദ് യൂസുഫ് സാഹിബിന്റെയും ശഫീഅ് മൂനിസിന്റെയും കൂടെ ജയിലില്‍ കഴിയാന്‍ എനിക്കും അവസരം ലഭിച്ചിട്ടുണ്ട്. ദല്‍ഹിയിലെ ബല്ലീ മാറാനില്‍ ചെയ്ത പ്രസംഗത്തില്‍ ഇന്ദിരാഗാന്ധിയുടെ ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ ആഹ്വാനം ചെയ്തുവെന്ന കുറ്റത്തിനാണ് അറസ്റ് ചെയ്ത് കൈയാമം വെച്ച് കോടതിയില്‍ ഹാജരാക്കിയതും ജയിലിലടച്ചതും. പാറപോലെ നിശ്ചയദാര്‍ഢ്യവും പൂര്‍ണ മുസല്‍മാന്റെ സമാധാന ചിത്തവുമാണ് മൌലാനയില്‍ അന്നെനിക്ക് കാണാനായത്. മിക്കപ്പോഴും ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകയിരിക്കുന്ന മൌലാന സഹതടവുകാരായ അമുസ്ലിംകള്‍ക്ക് ഖുര്‍ആനും ഇസ്ലാമും പരിചയപ്പെടുത്തുന്നതില്‍ ദത്തശ്രദ്ധനായിരുന്നു. ഇടക്കിടക്ക് ചായ കിട്ടണമായിരുന്നു അദ്ദേഹത്തിന്. അതാവശ്യപ്പെടുക പ്രത്യേക രീതിയിലാണ്. 'നഈംസാബ്, മൌലാനാ സല്‍മാന്‍ നദ്വിക്ക് ചായ കൊടുക്കേണ്ടേ?' എന്നായിരിക്കും ചിലപ്പോള്‍ പറയുക. നാടിന്റെ മുക്കിലും മൂലയിലുമുള്ള പ്രസ്ഥാന പ്രവര്‍ത്തനങ്ങളെക്കുറിച്ചും അതിന്റെ സദ്ഫലങ്ങളെക്കുറിച്ചും ആരായുക പതിവായിരുന്നു. മര്‍കസില്‍ വരുന്നവരോട് വിശേഷം ചോദിക്കുമ്പോള്‍ ഇക്കാര്യം ചോദിക്കാതിരിക്കില്ല. ആന്ധ്രയിലും യു.പിയിലും അമീറായിരിക്കെ അവിടെ ഓഫീസുകള്‍ പണിയാനും പ്രവര്‍ത്തനം ചിട്ടപ്പെടുത്താനും ശ്രദ്ധിച്ചു. ദല്‍ഹിയില്‍ വിശാലമായ സ്ഥലം വാങ്ങുന്നതിലും മര്‍കസ് സ്ഥാപിക്കുന്നതിലുമൊക്കെ മൌലാനാ മുഹമ്മദ് യൂസുഫിന്റെയും ശഫീഅ് മൂനിസിന്റെയും ദീര്‍ഘദൃഷ്ടിയും തീവ്ര പരിശ്രമവും എന്നെന്നും സ്മരിക്കപ്പെടും. അതിന്റെ നിദര്‍ശനമായിരുന്നു ആയിരങ്ങള്‍ പങ്കെടുത്ത, അമീര്‍ ജലാലുദ്ദീന്‍ ഉമരി സാഹിബിന്റെ നേതൃത്വത്തില്‍ നടന്ന മര്‍കസിലെ ജനാസ നമസ്കാരം. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ദിവസം അസ്വസ്ഥാജനകവും പ്രയാസകരവുമായ ആ രാത്രി ശഫീഅ് മൂനിസ് സാഹിബിനെ മര്‍കസിലേക്ക് വിളിക്കാന്‍ അമീര്‍ സിറാജുല്‍ ഹസന്‍ സാഹിബ് ആളെ വിട്ടു. വീട്ടില്‍ കാണാതെ തിരിച്ചു വന്നെങ്കിലും മൌലാന എത്രയോ നേരത്തെ തന്നെ മര്‍കസിലെത്തി മറ്റുള്ളവരെ സന്ദര്‍ഭത്തിന്റെ ഗൌരവം ബോധ്യപ്പെടുത്തിത്തുടങ്ങിയിരുന്നു. മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം പ്രധാനമന്ത്രി നരസിംഹറാവു മര്‍കസിലേക്ക് തന്റെ ദൂതനെ അയച്ചു. അവിടെ സന്നിഹിതനായിരുന്ന തലമുതിര്‍ന്ന നേതാവെന്ന നിലയില്‍ മൌലാനാ ശഫീഅ് മൂനിസായിരുന്നു കാണാന്‍ ചെന്നത്. ബാബരി മസ്ജിദിന്റെ സ്ഥലം ഗവണ്‍മെന്റിന് വിട്ടുകൊടുക്കുന്നതിനെപ്പറ്റി പ്രധാനമന്ത്രി അഭിപ്രായമാരാഞ്ഞു. മൌലാന പറഞ്ഞു: "ഓഖ്ലയില്‍ എന്റെ ഉടമസ്ഥതയില്‍ ഒരു വീടുണ്ട്. എന്റെ മാതൃരാജ്യത്തിന്റെ ഉപയോഗത്തിനായി അത് ഞാന്‍ സന്തോഷപൂര്‍വം വിട്ടുകൊടുക്കും. പള്ളി ദൈവത്തിന്റേതാണ്. മുസ്ലിംകള്‍ അതിന്റെ പരിപാലകര്‍ മാത്രമാണ്. അവരൊക്കെ ആഗ്രഹിച്ചാലും പള്ളി മറ്റൊരാള്‍ക്ക് വിട്ടുകൊടുക്കാനാവില്ല.'' ഭരണകൂട അഹങ്കാരത്തിന്റെ തലക്ക് ആഞ്ഞടിച്ചുകൊണ്ട് മൌലാന തിരിഞ്ഞു നടന്നു. ഈ നിര്‍ഭയത്വവും നിശ്ചയദാര്‍ഢ്യവും മൌലാനക്ക് മരണം വരെ കൈമോശം വന്നില്ല. വ്യവസ്ഥാപിതത്വവും അച്ചടക്കവും ഏതൊരു പരിപാടിയിലും പ്രവര്‍ത്തനത്തിലും കാണാനാവും. ഈ ശീലം നമസ്കാരത്തില്‍ നിന്ന് പഠിച്ചതാവാം. ചില വിഷയങ്ങളില്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ ശൂറയുടെ പൊതുവികാരത്തിനെതിരായി വരാറുണ്ട്. പക്ഷേ, പിന്നീട് അക്കാര്യത്തില്‍ ശൂറയുടെ തീരുമാനം വിശദീകരിക്കാന്‍ ചുമതലയേല്‍പിക്കപ്പെടുക മൌലാനയായിരിക്കും. അത്ഭുതകരമായ പാടവത്തോടെ അക്കാര്യം അനുയായികള്‍ക്ക് പറഞ്ഞുകൊടുക്കുമായിരുന്നു മൌലാന ശഫീഅ് മൂനിസ് സാഹിബ്. ജമാഅത്തെ ഇസ്ലാമിയുടെ മേല്‍നോട്ടത്തിലും രക്ഷാകര്‍തൃത്വത്തിലും വിദ്യാര്‍ഥി സംഘടന രൂപവത്കരിച്ചപ്പോള്‍ അതിന്റെ ഔദ്യോഗിക രക്ഷാകര്‍തൃത്വം അമീറിനായിരുന്നെങ്കിലും പ്രയോഗതലത്തില്‍ മൌലാന മൂനിസ് സാഹിബിന്റെ ശിക്ഷണത്തിലായിരുന്നു അത്. തദ്ഫലമായി വിദ്യാര്‍ഥി പ്രസ്ഥാനത്തിന് ഇസ്ലാമിനോടും ഇസ്ലാമിക പ്രസ്ഥാനത്തോടും ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാനും എല്ലാ കാര്യങ്ങളിലും പിതാവിനോടെന്നപോലെ സമീപിക്കാനും സാധിച്ചു. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ തയാറാക്കിയ ഭരണഘടന, പ്രവര്‍ത്ത പരിപാടികള്‍ എല്ലാം ദിശാബോധമുള്ള വിദ്യാര്‍ഥി പ്രസ്ഥാനമാവാന്‍ എസ്.ഐ.ഒവിനെ പ്രാപ്തമാക്കി. ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന്റെ പൊതു പ്രശ്നങ്ങളില്‍ എല്ലാ ദീനീ സംഘടനകളും ഒന്നിക്കണമെന്ന കാര്യം ജമാഅത്തെ ഇസ്ലാമിക്ക് തുടക്കം തൊട്ടേ ബോധ്യപ്പെട്ടിട്ടുണ്ട്. അതിന്റെ ഫലമായാണ് ആള്‍ ഇന്ത്യാ മുസ്ലിം മജ്ലിസെ മുശാവറ, മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് എന്നിവയുടെ സ്ഥാപനത്തിന് മുന്‍കൈയെടുത്തത്. ഇക്കാര്യത്തില്‍ എന്നും മുന്നില്‍ നിന്നത് ശഫീഅ് മൂനിസ് സാഹിബായിരുന്നു. മുശാവറയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയെന്ന നിലക്ക് അതിന്റെ കെട്ടുറപ്പിനും അതുവഴി സാമുദായിക പ്രശ്നങ്ങളുടെ പരിഹാരത്തിനും അദ്ദേഹം കഴിവതു പ്രയത്നിച്ചു. അതിന്റെ കേന്ദ്രം പണിയാനായി പലരില്‍നിന്നും കടംവാങ്ങിയാണ് ഭൂമിക്ക് അഡ്വാന്‍സ് കൊടുത്തത്. യു.പിയിലെ ഫലാഹെ ആം സൊസൈറ്റി, ബാബരി മസ്ജിദ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തുടങ്ങിയവയിലും അദ്ദേഹം സജീവപങ്കാളിത്തം വഹിച്ചു. ഫോറം ഫോര്‍ ഡെമോക്രസി ആന്റ് കമ്യൂണല്‍ അമിറ്റിയുടെ(എഫ്.ഡി.സി.എ) സ്ഥാപനമാണ് ശഫീഅ് മൂനിസ് സാഹിബിന്റെ ഏറെ ശ്രദ്ധേയമായ ഒരു പ്രവര്‍ത്തനം. സാമുദായിക ധ്രുവീകരണത്തിന് പലരും കോപ്പുകൂട്ടുമ്പോള്‍ രാജ്യത്തെ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, സിക്ക് മതനേതാക്കളെ ഒരു പ്ളാറ്റ്ഫോമില്‍ ഒരുമിച്ചു കൂട്ടുകയാണ് ഇതിലൂടെ ചെയ്തത്. ജ: വി.എ താര്‍കുണ്ഡെ പ്രസിഡന്റും മൌലാനാ ജനറല്‍ സെക്രട്ടറിയുമായി ദേശീയ കമ്മിറ്റി രൂപവത്കരിക്കുകയും തുടര്‍ന്ന് നിരവധി സംസ്ഥാനങ്ങളില്‍ ഇതേപോലെ സംസ്ഥാന സമിതികള്‍ സ്ഥാപിക്കുകയും ചെയ്തു. മൌലാനയുടെ ഈ പ്രവര്‍ത്തനത്തിന്റെ മഹത്വം ഒരു സായാഹ്നത്തില്‍ ജ: താര്‍കുണ്ഡെ സാക്ഷ്യപ്പെടുത്തിയത് ഇങ്ങനെയാണ്: "ഞാനെന്തിന് ജമാഅത്തിന്റെ കൂടെക്കൂടി എന്ന് ചിലര്‍ ആക്ഷേപിക്കുന്നു. എനിക്കവരോട് പറയാനുള്ളത്, നിങ്ങള്‍ ഊഹാപോഹങ്ങളും മുന്‍വിധികളുമുപേക്ഷിച്ച് മൌലാന ശഫീഅ് മൂനിസ് സാഹിബിന്റെ ഒരു പ്രഭാഷണം കേള്‍ക്കുക എന്ന് മാത്രമാണ്.'' ചിന്തയിലും വിശ്വാസത്തിലുമൊക്കെ രണ്ടറ്റത്തുള്ള ഈ മഹദ് വ്യക്തിത്വങ്ങള്‍ ഇന്ത്യക്കാരന്റെ അടിസ്ഥാന പ്രശ്നം മനസ്സിലാക്കി, അതിന്റെ പരിഹാരത്തിന് ഒത്തൊരുമിക്കുകയായിരുന്നു. ചെറുപ്പത്തില്‍തന്നെ കവിതയുമായി ബന്ധം പുലര്‍ത്തിയിരുന്ന മൌലാനാ മുശാഇറകളില്‍ പങ്കെടുത്ത് സ്വന്തം കവിത ആലപിച്ചിരുന്നു. പ്രത്യേകിച്ച് ഇസ്ലാമിക സാഹിത്യസംഘത്തിന്റെ പരിപാടികളില്‍ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. അര നൂറ്റാണ്ടുമുമ്പ് അതിന്റെ സ്ഥാപനത്തില്‍ ക്രിയാത്മകമായ പങ്കു വഹിച്ച മൌലാനാ മരണം വരെ അതിന്റെ ഉപരിസഭയില്‍ അംഗമായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് ഗസല്‍ സമാഹാരങ്ങള്‍ 'ഇദാറയേ അദബെ ഇസ്ലാമി' പ്രസിദ്ധീകരിച്ചിട്ടുണ്ട്; മതാഏ ഹയാതും ഹര്‍ഫെ ആര്‍സുവും. വിവ: അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം