Prabodhanm Weekly

Pages

Search

2011 ഏപ്രില്‍ 23

`ദാതുല്‍ ഇമാദ്‌ ' കരയുന്നു!

ടി.എം ശഫീഖ്‌

നാല്‍പത്‌ വര്‍ഷത്തോളം ലിബിയയെ അടക്കിവാണ മുഅമ്മര്‍ ഖദ്ദാഫിയുടെ ഭാവി സദ്ദാമിന്റേതാകുമോ അതോ ഹുസ്‌നി മുബാറകിന്റേതാകുമോ അതുമല്ല മാന്യദേഹം സടകുടഞ്ഞെഴുന്നേല്‍ക്കുമോ എന്നറിയാന്‍ സമയം ബാക്കി. 2003 ഏപ്രില്‍ 17-ന്‌ ലിബിയന്‍ തലസ്ഥാനമായ ത്വറാബുലുസില്‍ (ട്രിപ്പോളി) വിമാനമിറങ്ങിയപ്പോള്‍ ദുബൈയില്‍ നിന്നും ഏഴ്‌ മണിക്കൂര്‍ യാത്ര ചെയ്‌ത ക്ഷീണമൊന്നുമില്ലായിരുന്നു. പഠനം കഴിഞ്ഞ ഉടനെ കിട്ടിയ വിദേശ ജോലിക്കായി കൈ തരിക്കുന്നതുകൊണ്ടാവാം. എമിഗ്രേഷനില്‍ ക്യൂ നില്‍ക്കുമ്പോള്‍ ഒരു പൂച്ച മന്ദം മന്ദം നീങ്ങുന്നത്‌ ഒരു ഇന്റര്‍നാഷ്‌നല്‍ എയര്‍പോര്‍ട്ടിലായതിനാല്‍ ചിരി വന്നിട്ടുംഅടക്കിപ്പിടിച്ചു. എയര്‍പോര്‍ട്ടില്‍ നിന്ന്‌ പുറത്തിറങ്ങി ഞങ്ങളെയും കാത്തുനിന്ന കമ്പനി പി.ആര്‍.ഒയെ കണ്ടപ്പോള്‍ നേരത്തെ അടക്കിപ്പിടിച്ച ചിരി പിടിവിട്ടു. ഇംഗ്ലീഷില്‍ ഞങ്ങളുടെ നെയിം കാര്‍ഡ്‌ തലതിരിച്ച്‌ പിടിച്ചാണ്‌ മൂപ്പരുടെ നില്‍പ്‌. ഇതാണ്‌ ഒരു സാധാരണ ലിബിയക്കാരന്‍. ലിബിയയിലിറങ്ങിയ വിവരം നാട്ടിലേക്ക്‌ വിളിച്ചറിയിക്കാനുള്ള പരിശ്രമത്തിലായിരുന്നു പിറ്റേ ദിവസം മുതല്‍. രാവിലെ മുതല്‍ ഉച്ചവരെ ഒരു ടെലിഫോണ്‍ ബൂത്തില്‍ കയറി അറിയാവുന്ന നമ്പറിലൊക്കെ ഞെക്കി. ഫലം നഹി. ഫോണ്‍ കണക്‌ഷനു വേണ്ടി ദിവസത്തിന്റെ നല്ലൊരു ഭാഗം നീക്കിവെക്കുന്നത്‌ സാധാരണമാണെന്ന വിവരം പുതുമയാര്‍ന്നതായിരുന്നു. അവസാനം സുഊദിയിലുള്ള സഹോദരനെ ഫോണില്‍ കിട്ടുകയും അദ്ദേഹം ഞങ്ങളുടെ എല്ലാവരുടെയും നാട്ടിലുള്ള നമ്പറില്‍ വിവരമറിയിക്കുകയുമായിരുന്നു. പിന്നീട്‌ ഫോണ്‍ ചെയ്യാനുദ്ദേശിക്കുന്ന ദിവസം കുറച്ച്‌ ക്ഷമയോടു കൂടിയാണ്‌ ബൂത്തില്‍ പോവുക. ഒന്നൊന്നര മണിക്കൂര്‍ ബൂത്തില്‍ ഇരിക്കും. അവസാനം `അല്‍യൗം മാഫീ ലൈന്‍' (ഇന്ന്‌ ലൈനില്ല) എന്ന്‌ പറയുമ്പോള്‍ മടങ്ങും. ഇപ്പറഞ്ഞത്‌ ലിബിയയിലെ ടെലി കമ്യൂണിക്കേഷന്‍ രംഗത്തെ വിപ്ലവം (കഥ എട്ടു വര്‍ഷങ്ങള്‍ക്കപ്പുറത്തേതാണെങ്കിലും സ്ഥിതി അത്രയൊന്നും ഭേദമല്ല ഇന്നും). ~ഒരു മാസത്തിനു ശേഷം മറ്റൊരു മലയാളിക്കൂട്ടത്തെ കണ്ടുമുട്ടി. ഖദ്ദാഫിയുടെ ജന്മനാടായ `സിര്‍ത്തി'ല്‍ ഒരു ഹോസ്‌പിറ്റലില്‍ ജോലി ചെയ്യുന്നവരാണ്‌. ട്രിപ്പോളിക്കും ബെന്‍ഗാസിക്കും ഇടയിലാണ്‌ തന്ത്രപ്രധാനമായ `സിര്‍ത്ത്‌' നഗരം. ഒട്ടനവധി ഗവണ്‍മെന്റ്‌ സ്ഥാപനങ്ങളും മറ്റും സ്ഥിതി ചെയ്യുന്നത്‌ ഇവിടെയാണ്‌. ഖദ്ദാഫിയുടെ കുടുംബത്തിലെ നല്ലൊരു പങ്കും സിര്‍ത്തിലാണ്‌. ആയതിനാല്‍ തന്നെ ഖദ്ദാഫിയുടെ ശക്തി കേന്ദ്രമായാണ്‌ ഇവിടം അറിയപ്പെടുന്നത്‌. ഈ മലയാളികളാണ്‌ പറഞ്ഞത്‌, ലിബിയയില്‍ ഖദ്ദാഫിയുടെ പേരുപോലും പറയരുതെന്ന്‌. മിണ്ടിയാല്‍ തല പോകും. ഇനി അത്യാവശ്യത്തിന്‌ പരദൂഷണം പറയണമെങ്കില്‍ `വൈദ്യര്‍' എന്നോ `പുള്ളി' എന്നോ ഉപയോഗിക്കാം എന്ന ഉപദേശവും. ഇളംനീല നിറത്തിലുള്ള മെഡിറ്ററേനിയന്‍ നദീതീരം കൊണ്ടലംകൃതമായ ട്രിപ്പോളി മനോഹരമായ ഒരു പുരാതന നഗരമാണ്‌. വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടങ്ങളും വെച്ചുപിടിപ്പിച്ച മരങ്ങളും, 25 പിയാസ്റ്റര്‍ (ലിബിയന്‍ കറന്‍സിയെ ദിനാറെന്നും ചെറിയതിനെ പിയാസ്റ്റര്‍ എന്നുമാണ്‌ വിളിക്കുക. ഒരു ഇറ്റാലിയന്‍ വാക്കാണിത്‌. ഒരു പിയാസ്റ്റര്‍= കാല്‍ ദിനാര്‍. 7.8 രൂപ) കൊടുത്താല്‍ പോകാവുന്ന ബസ്സും പിന്നെ നല്ലവരായ, നിഷ്‌കളങ്കരായ ലിബിയക്കാരും. അങ്ങനെയങ്ങനെ തിരക്കുപിടിച്ച ട്രിപ്പോളിയെ കാണാന്‍ രസമാണ്‌, രാത്രിയില്‍ ബഹുരസവും. ട്രിപ്പോളിയിലെ `മദീന' ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ്‌. ബസ്‌സ്റ്റേഷനു പുറമെ ഒരു വശത്ത്‌ നീളത്തിലുള്ള പഴയ ബില്‍ഡിംഗില്‍, താഴെ വയസന്മാര്‍ `ഡൊമിനോസും' ചെസും കളിച്ച്‌ സീശ (ഹുക്ക) വലിക്കുന്നത്‌ കാണാം. തൊട്ടടുത്ത്‌ ചായ, കാപ്പി, പലഹാരങ്ങളുടെ കടകള്‍. അപ്പുറത്ത്‌ ഒരു ചന്ത. നല്ല നാടന്‍ ചന്ത. എന്തും കിട്ടും. ഒരു സാധാരണ ലിബിയക്കാരന്റെ ജീവിതം ഇവിടം നിന്നും തുടങ്ങുന്നു. ഓരോ ലിബിയക്കാരന്റെയും മുഖത്ത്‌ നോക്കിയാലറിയാം അവന്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന വിഷമം. അവന്റെ മുഖത്തെ ചുളിവുകളിലുണ്ട്‌, വര്‍ഷങ്ങള്‍ ഖദ്ദാഫിക്ക്‌ മുട്ടുമടക്കിയതിന്റെ രോഷം. അതൊന്നും പുറത്ത്‌ പ്രകടിപ്പിക്കാനാവാത്ത നിസ്സംഗത. കൂടെ ജോലി ചെയ്യുന്ന ലിബിയക്കാരന്‌ കിട്ടിയിരുന്ന ശമ്പളം എന്റെ ശമ്പളത്തിന്റെ നാലില്‍ ഒന്നു മാത്രം. കാരണം ചോദിച്ചപ്പോള്‍ ആദില്‍ ദാലി (ലിബിയക്കാരന്‍) പറഞ്ഞു: ``ഞങ്ങളുടെ രാജ്യത്തിന്റെ പേര്‌ Great Socialist People's Libyan Arab Jamahariya എന്നാണ്‌. ഈ സോഷ്യലിസം കൊണ്ടാണ്‌ ഞങ്ങള്‍ ലിബിയക്കാര്‍ക്ക്‌ തുഛമായ ഈ ശമ്പളം.'' ഡ്രൈവര്‍ക്കും ഡോക്‌ടര്‍ക്കും ടെക്‌നീഷനും ഏകദേശം ഒരു ശമ്പളം. ഈ അടിച്ചേല്‍പിച്ച തത്ത്വമാണ്‌ ഖദ്ദാഫിയുടെ വിജയം. ആര്‍ക്കും പരിധിവിട്ട്‌ സമ്പാദിക്കാന്‍ പറ്റാത്ത അവസ്ഥ. പ്രധാന വ്യവസായങ്ങളും സ്ഥാപനങ്ങളുമെല്ലാം ബിനാമികളുടെ കൈയിലാണ്‌. പക്ഷേ, അത്യാവശ്യമായ എല്ലാ ഭക്ഷണ പദാര്‍ഥങ്ങളും റേഷന്‍ ഷോപ്പ്‌ വഴി വളരെ ചെറിയ പൈസക്ക്‌ കിട്ടും. അതുകൊണ്ട്‌ പട്ടിണി ഇല്ല. അത്രമാത്രം. മറുവശത്ത്‌ കല്യാണം കഴിക്കാന്‍ സമ്പാദ്യം സ്വരുകൂട്ടുന്ന യുവാക്കളെ കാണാം. കൂടെ ജോലി ചെയ്‌തിരുന്ന അബ്‌ദുല്‍ മുനാമും ആദില്‍ ദാലിയും 37 വയസ്സ്‌ കഴിഞ്ഞിട്ടും കല്യാണം കഴിക്കാത്തതിന്റെ രഹസ്യം സമ്പാദ്യം തന്നെയായിരുന്നു. ഏകദേശം 37-40 വയസ്സാകുന്നതുവരെ കല്യാണം കഴിക്കുന്നതിനു വേണ്ടിയുള്ള പൈസ തേടിയലയുന്ന ലിബിയക്കാരുടെ കല്യാണം കഴിഞ്ഞാല്‍ ജീവിതം ക്ലേശകരമാവുകയാണ്‌ പതിവ്‌. ഒരു ജനതയെ എങ്ങനെയൊക്കെ മാനസികമായി തളര്‍ത്താമെന്നതില്‍ ഡോക്‌ടറേറ്റ്‌ നേടിയ വിപ്ലവകാരി- അതാണ്‌ യഥാര്‍ഥ മുഅമ്മര്‍ ഖദ്ദാഫി. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍, `ഗ്രീന്‍ ബുക്കി'ലൂടെ കണ്ണോടിച്ചാല്‍ മനസ്സിലാവുന്നത്‌, രാജ്യത്തിന്റെ നാനാ ഭാഗത്തും കനാലുകള്‍ സ്ഥാപിച്ച്‌ വെള്ളം വളരെ ശാസ്‌ത്രീയമായി ഉപയോഗിക്കാനുതകുന്ന സമ്പ്രദായം സ്ഥാപിച്ച എഞ്ചിനീയര്‍ (Engineer of man made river) ആണ്‌ ഖദ്ദാഫി. `സഹാറ'യുടെ കൊടും ചൂടിലും എല്ലാതരം പച്ചക്കറികളും പഴങ്ങളും സുലഭമായി കുറഞ്ഞ വിലയ്‌ക്ക്‌ കിട്ടുന്നതിന്‌ ഈ കനാലിന്റെ പങ്ക്‌ വിസ്‌മരിക്കാവതല്ല. വര്‍ഷത്തില്‍ നല്ല മഴ കിട്ടുന്ന ലിബിയയില്‍ ബെന്‍ഗാസി ഹരിത നഗരമാണ്‌. സബ്രാതയും ഗദാമസും പഴയകാല റോമാ സാമ്രാജ്യത്തിന്റെ ശേഷിപ്പുകളാണ്‌. ഒരൊഴിവ്‌ ദിനത്തില്‍ ലിബിയക്കാരുടെ കൂടെ സബ്രാതയില്‍ പോയത്‌ മറക്കാന്‍ പറ്റില്ല. പഴയ റോമാ സാമ്രാജ്യത്തിന്റെ എഞ്ചിനീയറിംഗ്‌ പാടവം വിളിച്ചോതുന്ന പഴയ നഗരങ്ങളുടെയും കൊട്ടാരങ്ങളുടെയും ഒരു സ്ഥലം! കാഴ്‌ചക്കിടയില്‍ ആരോ ഒരാള്‍ ഖദ്ദാഫിയുടെ പേര്‌ പരാമര്‍ശിച്ചപ്പോള്‍ ആദില്‍ ഇടപെട്ടു: ``ഇവിടെ ഓരോ തൂണിലും ഖദ്ദാഫിയുടെ ചാരന്മാരുണ്ട്‌; അന്തരീക്ഷത്തില്‍ ടിയാന്റെ ചെവികളും, ഈ സംസാരം ഇവിടെ നിര്‍ത്തണം.'' ഇറ്റാലിയന്‍ വൃത്തികേടുകള്‍ക്കെതിരെ പോരാടിയ ഉമര്‍ മുഖ്‌താറിന്റെ പിന്‍തലമുറക്കാരാണ്‌ തങ്ങള്‍ എന്നു പോലും പറയാന്‍ പേടിക്കുന്ന ഒരു ജനത. ലോകത്തിലെ വലിയ പത്ത്‌ എണ്ണ സമ്പുഷ്‌ട രാജ്യങ്ങളിലൊന്നാണ്‌ ലിബിയ. ഇവിടെ ഓരോ ലിബിയക്കാരനും നിശ്ചിത വയസ്സുവരെ വര്‍ഷം തോറും സൈന്യത്തില്‍ ജോലി ചെയ്യല്‍ നിര്‍ബന്ധമാണ്‌. പങ്കെടുക്കാത്തവന്‍ `വിവരമറി'യും. അതുകൊണ്ടുതന്നെ എല്ലാവരും `ഫിറ്റ്‌' ബോഡിയുള്ളവരാണ്‌. വര്‍ഷാവര്‍ഷം മുഅ്‌തമറാത്ത്‌ (conference) എന്ന ഒരു പൊറാട്ട്‌ നാടകം ഖദ്ദാഫി കൊണ്ടാടാറുണ്ട്‌, നമ്മുടെ നിയമസഭാ സമ്മേളനം പോലെ. ഈ Basic People Conference (BPC)-ല്‍ 18 തികഞ്ഞ ആണും പെണ്ണും അംഗമാണ്‌. ഈ അംഗങ്ങള്‍ അഞ്ച്‌ അംഗങ്ങളുള്ള ഒരു സെക്രട്ടറിയേറ്റിനെ തെരഞ്ഞെടുക്കും (People's conference Secretariat). അനുബന്ധമായി അഞ്ച്‌ അംഗങ്ങളുള്ള എക്‌സിക്യൂട്ടീവിനെയും (ആരോഗ്യം, വിദ്യാഭ്യാസം, മീഡിയ മുതലായവ...). അത്‌ കഴിഞ്ഞ്‌ Shabia (Region) എന്ന സെക്‌ഷനുകളും. അങ്ങനെ പോകുന്നു ഈ കോപ്രായങ്ങള്‍. ഈ സമ്മേളനത്തിലാണ്‌ രാജ്യത്തിന്റെ എല്ലാമെല്ലാ തീരുമാനങ്ങളിലും രൂപരേഖയുണ്ടാക്കി ചര്‍ച്ച ചെയ്‌ത്‌ അംഗീകാരം കിട്ടുന്നത്‌. ലോകത്തില്‍ തന്നെ ഇത്തരത്തില്‍ ഒന്ന്‌ ലിബിയയില്‍ മാത്രം. ഇതാണ്‌ ഖദ്ദാഫിയുടെ പ്രധാന നാടകം. മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാനുള്ള കൗശലം. Direct Democracy എന്ന്‌ പേരിട്ട ഈ സമ്മേളനത്തിന്റെ പേര്‌ പറഞ്ഞാണ്‌ പുറം ലോകത്തെ ഇദ്ദേഹം പറ്റിക്കുന്നത്‌. ഇഖ്‌വാനികളെന്ന്‌ കേട്ടാല്‍ ജയിലിലാക്കുന്ന ഖദ്ദാഫി, പക്ഷേ, വിദേശികളെ വളരെ നല്ലരീതിയില്‍ കൈകാര്യം ചെയ്യും. ജനങ്ങളും പോലീസും വിദേശികളോട്‌ വളരെ നല്ല രീതിയിലേ പെരുമാറൂ. എവിടെയും ചെക്കിംഗോ ഇഖാമ ചോദിച്ച്‌ ബുദ്ധിമുട്ടിക്കലോ ഇല്ല. അനേകം കന്യകമാരാല്‍ ചുറ്റപ്പെട്ട ഖദ്ദാഫി, ടെന്റില്‍ മാത്രമേ കഴിയൂ എന്നത്‌ ഒരു ഭ്രാന്ത്‌. വിദേശത്ത്‌ പോകുമ്പോള്‍ ടെന്റും കുടിക്കാന്‍ പാലിന്‌ വേണ്ടി ഒട്ടകവും മറ്റും കൂടെ പറക്കും. ഇതൊക്കെ കിറുക്കില്‍ ചിലതു മാത്രം. ബാപ്പയുടെ കിറുക്ക്‌ ഏറ്റവും കൂടുതല്‍ കിട്ടിയത്‌ സെയ്‌ഫുല്‍ ഇസ്‌ലാമിനാണ്‌. മൊട്ടത്തലയില്‍ നിറച്ചും കുബുദ്ധിയാണ്‌. `അഛന്റെ മോന്‍' തന്നെ. മനോഹരമായ ട്രിപ്പോളി നഗരത്തിന്റെ ഒരുവശത്ത്‌ കൂടി മെഡിറ്ററേനിയന്‍ നദി, സുന്ദരമായ മരങ്ങള്‍, അരികില്‍ ഏവരെയും ആകര്‍ഷിക്കുന്ന കപ്പ്‌ തലതിരിച്ച്‌ വെച്ചത്‌ പോലെയുള്ള അഞ്ച്‌ ഭീമാകാരമായ ബില്‍ഡിംഗുകള്‍- ഇതിന്റെ പേരാണ്‌ `ദാതുല്‍ ഇമാദ്‌'. നഗരത്തിലെ ആഡംബര ഓഫീസുകളും താമസസൗകര്യവും ഉള്ള ഒരു സ്ഥലം. മനോഹരമായ ഈ അഞ്ച്‌ ബില്‍ഡിംഗും ഒരേസമയത്ത്‌ മനുഷ്യ നേത്രങ്ങള്‍ കൊണ്ട്‌ കാണാന്‍ കഴിയാത്തവിധം അതിവിദഗ്‌ധമായിട്ടാണ്‌ പണി കഴിപ്പിച്ചിത്‌. അതാണിതിന്റെ പ്രത്യേകതയും. പടച്ചവനെ ധിക്കരിച്ച്‌ ആദ്‌ സമൂഹം ഉന്നത സ്‌തൂപങ്ങളുണ്ടാക്കിയതിനെ അല്ലാഹു സൂറ അല്‍ഫജ്‌റില്‍ പരാമര്‍ശിക്കുന്നുണ്ട്‌. സൂറ അശുഅ്‌റാഇല്‍ ഇങ്ങനെ കാണാം: ``ഇവരോട്‌ ഹൂദ്‌(അ) ചോദിച്ചു: നിങ്ങള്‍ പീഠസ്ഥലങ്ങളിലൊക്കെ അനാവശ്യമായി സ്‌മാരക സൗധങ്ങള്‍ കെട്ടിപ്പൊക്കുന്നുവോ? അതിഗംഭീരമായ കൊട്ടാരങ്ങളും നിര്‍മിച്ചു കൂട്ടുന്നുവോ; നിങ്ങള്‍ക്കവിടെ ശാശ്വതമായി വസിക്കേണ്ടതുണ്ടെന്ന വണ്ണം'' (128,129). അഹങ്കരിച്ചു നടന്ന ആദ്‌ സമൂഹത്തിന്റെ ഗതി ഖദ്ദാഫിക്കും കൂട്ടര്‍ക്കും വിദൂരമല്ലായിരിക്കാം. `ഇറമദാതില്‍ ഇമാദ്‌' എന്ന്‌ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്‌ വെറുതെയല്ല. ഇവിടെ ലിബിയയില്‍ `ദാതുല്‍ ഇമാദി'ന്റെ തകര്‍ച്ച ഒരു പ്രതീകാത്മകത മാത്രമായിരിക്കാം. പാവങ്ങളുടെ, നല്ലവരുടെ ലിബിയ ചോരക്കളമാവുന്നു. ഇനി ഏതൊക്കെ ദാതുല്‍ ഇമാദ്‌ തകരുമെന്ന്‌ കാലം കാണിച്ചുതരും. വളരെ ദിവസങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസം ആദിലിനെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചു. ഇപ്പോള്‍ ഖദ്ദാഫിയെ പറ്റി പറയാന്‍ പേടിയില്ലാത്തവനായിരിക്കുന്നു അവന്‍. ഒടുവില്‍ പറഞ്ഞു: ``ഈ ഭ്രാന്തന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക്‌ പേടിയുണ്ട്‌. അവന്‍ പോവുകയാണെങ്കില്‍ ഞങ്ങളുടെ ഓയില്‍ സമ്പത്തും മറ്റും നശിപ്പിച്ചിട്ടേ പോകൂ. തീര്‍ച്ച. ഖദ്ദാഫി വൃത്തികെട്ടവനാണ്‌. Pray for us!!!'' [email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം