Prabodhanm Weekly

Pages

Search

2011 ഏപ്രില്‍ 23

മനുഷ്യ-പ്രപഞ്ച സൃഷ്‌ടിപ്പിന്റെ ദൈവികോദ്ദേശ്യം

പ്രഫ. പി.എ വാഹിദ്‌

മനുഷ്യ-പ്രപഞ്ച വ്യവസ്ഥകള്‍ക്കു ലക്ഷ്യമുണ്ടോ, ഉണ്ടെങ്കില്‍ എന്താണ്‌? മനുഷ്യന്റെയും പ്രപഞ്ചത്തിന്റെയും ഭാവി എന്താണ്‌? നിശ്ചിത സ്വഭാവ-ഗുണങ്ങളോടെ ഊര്‍ജ-ദ്രവ്യ രൂപങ്ങള്‍ എങ്ങനെയുണ്ടായി? ഏതൊക്കെ ഗുണങ്ങളും സ്വഭാവങ്ങളുമുള്ള ഊര്‍ജ-ദ്രവ്യ രൂപങ്ങള്‍ പ്രകൃതിയില്‍ ഉണ്ടാകണമെന്നും ഏതൊക്കെ ഉണ്ടാകരുതെന്നുമുള്ള തീരുമാനം എങ്ങനെയുണ്ടാകുന്നു? ജീവനുള്ളതും ഇല്ലാത്തതുമായ വൈവിധ്യമാര്‍ന്ന ധാരാളം ഘടകങ്ങളടങ്ങുന്ന പ്രപഞ്ചമെന്ന മഹാത്ഭുതം സ്വയം ഉണ്ടായതാണെന്നു നാസ്‌തിക ശാസ്‌ത്രജ്ഞന്മാര്‍ പറയുമ്പോള്‍ താരമ്യേന ഉണ്ടാകാന്‍ എളുപ്പമായ ഒരു സൂചിയോ അല്ലെങ്കില്‍ അതുപോലുള്ള നിസ്സാരമായ വസ്‌തുക്കള്‍ എന്തുകൊണ്ട്‌ പ്രകൃതിയില്‍ ഉണ്ടായില്ല എന്നുകൂടി അവര്‍ വിശദീകരിക്കേണ്ടിയിരിക്കുന്നു. വ്യത്യസ്‌ത സ്വഭാവങ്ങളുള്ള ദശലക്ഷക്കണക്കിനു ജീവികള്‍ യാദൃഛികമായി പരിണമിച്ചുണ്ടാകാനുള്ള സാഹചര്യമാണ്‌ ഈ പ്രപഞ്ചത്തിലുള്ളതെങ്കില്‍ എന്തുകൊണ്ട്‌ മനസ്സെന്ന അവയവം മനുഷ്യനില്‍ മാത്രം രൂപം കൊണ്ടു? മറ്റൊരു ജീവിയിലും അതുണ്ടായില്ല? ഇതുപോലുള്ള ധാരാളം ചോദ്യങ്ങള്‍ ഇവിടെ പ്രസക്തമാണ്‌. പ്രപഞ്ചത്തില്‍ നിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെന്നുള്ളത്‌ ഒരു യാഥാര്‍ഥ്യമാണ്‌. ഭൗതികശാസ്‌ത്രത്തിലും രസതന്ത്രത്തിലും വികസിപ്പിച്ചെടുക്കപ്പെട്ട സിദ്ധാന്തങ്ങളൊക്കെ അനിവാര്യമായും ഗണിതശാസ്‌ത്രത്തിന്റെ സഹായത്താലാണ്‌. പ്രകൃതി പ്രതിഭാസങ്ങളെ വിശദീകരിക്കുന്നതിലും പ്രവചിക്കുന്നതിലും ഗണിതശാസ്‌ത്രം വഹിക്കുന്ന പങ്ക്‌ സൂചിപ്പിക്കുന്നത്‌ വസ്‌തുക്കളുടെ സവിശേഷതകളെല്ലാം നിര്‍ണയിക്കപ്പെട്ടു കഴിഞ്ഞതാണെന്നാണ്‌. പ്രപഞ്ച പ്രവര്‍ത്തനത്തിന്‌ ഈ നിയമങ്ങള്‍ എത്രമാത്രം സാര്‍ഥകമാണെന്ന്‌ ഗ്രഹിക്കുന്നതിന്‌ വേണ്ടി, ബ്രിട്ടീഷ്‌ ഗണിതശാസ്‌ത്രജ്ഞന്‍ സ്റ്റീഫന്‍ ഹാകിംഗ്‌ തന്റെ A Brief History of Time എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നു: ``ഇലക്‌ട്രോണിന്റെ വൈദ്യുതചാര്‍ജ്‌ നേരിയ തോതില്‍ വ്യത്യസ്‌തമായിരുന്നെങ്കില്‍, നക്ഷത്രങ്ങള്‍ക്ക്‌ ഒന്നുകില്‍ ഹൈഡ്രജനും ഹീലിയവും കത്തിക്കാന്‍ സാധിക്കുമായിരുന്നില്ല; അല്ലെങ്കില്‍ അവ പൊട്ടിത്തെറിക്കുമായിരുന്നില്ല .... ജീവന്റെ വികാസം സാധ്യമാകുന്നതിന്‌ വേണ്ടി അത്‌ വളരെ സൂക്ഷ്‌മമായി ക്രമീകരിക്കപ്പെട്ടിരിക്കുന്നുവെന്നതാണ്‌ ശ്രദ്ധേയമായ വസ്‌തുത.'' സര്‍ ഐസക്‌ ന്യൂട്ടണ്‍ വിലയിരുത്തിയതും മറ്റൊരു വിധത്തിലായിരുന്നില്ല: ``(താന്‍ കണ്ട സുന്ദരമായ പ്രപഞ്ചം) ധിഷണയും ശക്തിയുമുള്ള ഒരസ്‌തിത്വത്തിന്റെ അധികാരത്തില്‍ നിന്നും നിര്‍ദേശത്തില്‍ നിന്നും മാത്രം തുടക്കം കുറിച്ചതായിരിക്കണം.'' ഏതൊരു വസ്‌തുവും അതെന്തുദ്ദേശ്യത്തോടുകൂടിയാണ്‌ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നതെന്നറിയാതെ അര്‍ഥവത്തായി പഠിക്കാനോ വിലയിരുത്താനോ സാധിക്കുകയില്ല. ആധുനികശാസ്‌ത്രം പ്രപഞ്ചത്തെയും മനുഷ്യനെയും കാണുന്നത്‌ യാതൊരുദ്ദേശ്യവുമില്ലാതെ യാദൃഛികമായുണ്ടായ വ്യവസ്ഥകളായാണ്‌. നാസ്‌തിക ശാസ്‌ത്രജ്ഞരുടെ ഈ കാഴ്‌ചപ്പാടിലാണ്‌ ഇന്നത്തെ ശാസ്‌ത്രം ഊട്ടപ്പെട്ടിരിക്കുന്നത്‌. യാതൊരു ലക്ഷ്യവുമില്ലാതെ അനിശ്ചിതത്വത്തില്‍ തുടരുന്ന പ്രതിഭാസമായാണ്‌ പ്രപഞ്ചത്തെയും മനുഷ്യനെയും ശാസ്‌ത്രം വിലയിരുത്തുന്നതും വിശദീകരിക്കുന്നതും. ഖുര്‍ആന്‍ മാത്രമാണ്‌ ഈ ആശയം തെറ്റാണെന്നു സമര്‍ഥിക്കുന്നത്‌. അല്ലാഹു ചോദിക്കുന്നു: ``നാം നിങ്ങളെ വൃഥാ സൃഷ്‌ടിച്ചതാണെന്ന്‌ ധരിച്ചുവോ?'' (ഖുര്‍ആന്‍ 23:115). ഒരു മഹാ ലക്ഷ്യം മുന്നില്‍ കണ്ട്‌ ബൃഹത്തായ ഒരു പദ്ധതിയുടെ അടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്‌തു സൃഷ്‌ടിക്കപ്പെട്ട മഹാപ്രതിഭാസമാണ്‌ ഈ പ്രപഞ്ചം. പ്രപഞ്ചവും മനുഷ്യനും ഉദ്ദേശ്യത്തോടെ സൃഷ്‌ടിക്കപ്പെട്ടവയാവുകയും, അവയുടെ ഉദ്ദേശ്യത്തിന്റെ അടിസ്ഥാനത്തിലല്ലാതെ അവയെ വിലയിരുത്തുകയും വിശദീകരിക്കുകയും ചെയ്യുമ്പോള്‍ ശാസ്‌ത്രം നമ്മെ തെറ്റായ ദിശയിലേക്കല്ലേ നയിക്കുന്നതെന്ന്‌ ചിന്തിക്കണം. ഞാന്‍ ആരാണ്‌, ഞാനെന്തിനു സൃഷ്‌ടിക്കപ്പെട്ടു, ഈ പ്രപഞ്ചം സൃഷ്‌ടിക്കപ്പെട്ടതിന്റെ ഉദ്ദേശ്യമെന്താണ്‌ എന്നു വ്യക്തമാകാതെ ജീവിതം നയിക്കുന്നയാള്‍ ലക്ഷ്യവും ദിശയുമില്ലാതെ കാറ്റിന്റെ ഗതിക്കനുസരിച്ചു സഞ്ചരിക്കുന്ന കപ്പലിലെ യാത്രക്കാരനെപോലെയിരിക്കും. ആധുനിക ലോകത്തെ സ്ഥിതിവിശേഷം മനുഷ്യ-പ്രപഞ്ച സൃഷ്‌ടിപ്പിന്റെ ഉദ്ദേശ്യവുമായി താരതമ്യപ്പെടുത്തി വിശകലനം ചെയ്യുകയാണെങ്കില്‍ ഇന്നത്തെ ലോകത്തെ അത്തരം ഒരു കപ്പലായിട്ടേ കാണാന്‍ സാധിക്കുകയുള്ളു. ജീവിതത്തിന്‌ അര്‍ഥവും ദിശയും കൊടുക്കാന്‍ ഓരോ വ്യക്തിയും ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. സ്വയം ചിന്തിച്ചതുകൊണ്ടോ, മറ്റൊരാളുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലോ, ശാസ്‌ത്രാടിസ്ഥാനത്തിലോ ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കിട്ടില്ല. എന്തുദ്ദേശ്യത്തോടുകൂടിയാണ്‌ പ്രപഞ്ചനാഥന്‍ സൃഷ്‌ടിച്ചിരിക്കുന്നതെന്ന്‌ അവനു മാത്രം അറിയാവുന്ന കാര്യമാണ്‌. അവനു മാത്രമേ അത്‌ വെളിപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. അന്വേഷണത്വരയോടെ ദൈവികഗ്രന്ഥത്തിലേക്ക്‌ തിരിയുക മാത്രമാണ്‌ നമ്മള്‍ക്കു ചെയ്യാനാവുന്നതും ചെയ്യേണ്ടതും. ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കുന്ന ഏക സ്രോതസ്സ്‌ ഖുര്‍ആനാണെന്ന്‌ ഒരു മുന്‍വിധിയുമില്ലാതെ നടത്തുന്ന അന്വേഷണ-ഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്നതാണ്‌ (മറ്റൊരു ഗ്രന്ഥവും മനുഷ്യന്റെയും പ്രപഞ്ചത്തിന്റെയും സൃഷ്‌ടിപ്പിന്റെ ഉദ്ദേശ്യം അവതരിപ്പിക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അങ്ങനെ ഏതെങ്കിലും ഗ്രന്ഥമുണ്ടെങ്കില്‍ മാന്യ വായനക്കാര്‍ ചൂണ്ടിക്കാണിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു). എന്താണ്‌ ഖുര്‍ആന്‍ വെളിപ്പെടുത്തുന്ന മനുഷ്യ-പ്രപഞ്ച സൃഷ്‌ടിപ്പിന്റെ ദൈവികോദ്ദേശ്യം? ഖുര്‍ആന്‍ പറയുന്നത്‌ കാണുക: ``പ്രപഞ്ചത്തെ സൃഷ്‌ടിച്ചത്‌ മനുഷ്യനെ പരീക്ഷിക്കാനുള്ള വേദിയായിട്ടാണ്‌'' (11:7). അതായത്‌ ഈ പ്രപഞ്ചം മനുഷ്യനെ പരീക്ഷിക്കാനുണ്ടാക്കിയിരിക്കുന്ന താല്‍ക്കാലിക സംവിധാനമാണ്‌. മനുഷ്യനെ സൃഷ്‌ടിച്ചത്‌ ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധിയും (2:30) ദാസനുമായാണ്‌ (51:56). മനുഷ്യന്‍ ദൈവത്തിന്റെ പ്രതിനിധിയായി, ദാസനായി (അറബി ഭാഷയില്‍ `അബ്‌ദ്‌') എന്നെന്നും ജീവിക്കുന്നത്‌ ഈ പ്രപഞ്ചാവസാനത്തെ തുടര്‍ന്നു സൃഷ്‌ടിക്കപ്പെടുന്ന അനശ്വര പ്രപഞ്ചത്തിന്റെ ഭൂമിയിലായിരിക്കും (14:48, 21:105). അതിനെയാണ്‌ നാം സ്വര്‍ഗമെന്നു വിളിക്കുന്നത്‌ (89:27-30). ആ സ്വര്‍ഗഭൂമിയില്‍ അല്ലാഹുവിന്റെ ദാസന്മാരാകാന്‍ അര്‍ഹതയുള്ളവരെ തെരഞ്ഞെടുക്കുന്ന പ്രക്രിയയാണ്‌ ദൈവിക ലബോറട്ടറിയായ ഈ താല്‍ക്കാലിക പ്രപഞ്ചത്തില്‍ നടക്കുന്നത്‌. ഭൂമിയിലുള്ള ദശലക്ഷക്കണക്കിനു ജീവികളില്‍ ഒരു ജീവിയായിട്ടു മാത്രം മനുഷ്യനെ ശാസ്‌ത്ര സമൂഹം കാണുമ്പോള്‍, സ്വതന്ത്രേഛയും (freewill) ബുദ്ധിയും (intelligence) ബോധ(consciousness)വുമുള്ള അസ്‌തിത്വമായിട്ടാണ്‌ അല്ലാഹു മനുഷ്യനെ സൃഷ്‌ടിച്ചിരിക്കുന്നതെന്ന സത്യം ഖുര്‍ആന്‍ വെളിപ്പെടുത്തുന്നു. ഈ പ്രപഞ്ചം ദെവത്തിന്റെ പരീക്ഷണശാലയാണെന്നും മനുഷ്യന്‍ ഇവിടെ ദൈവിക പരീക്ഷണത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും ശാസ്‌ത്രഗവേഷണങ്ങളിലൂടെ കണ്ടുപിടിക്കാവുന്ന വസ്‌തുതയല്ല. അത്‌ അല്ലാഹു ഖുര്‍ആനിലൂടെയാണ്‌ മുഹമ്മദ്‌ നബിക്ക്‌ വെളിപ്പെടുത്തിത്തന്നിരിക്കുന്നത്‌. ദൈവം നല്‍കിയ തീരുമാനസ്വാതന്ത്ര്യം (freewill) ഉപയോഗിച്ചു സ്വമേധയാ തന്റെ സ്രഷ്‌ടാവിന്റെ ആജ്ഞകള്‍ അനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു മനുഷ്യനെ സൃഷ്‌ടിക്കുകയും പുനഃസൃഷ്‌ടിക്കപ്പെടുന്ന അനശ്വര ഭൂമിയില്‍ അവനെ എന്നന്നേക്കുമായി അധിവസിപ്പിക്കുകയും ചെയ്യുക എന്ന ദൈവിക തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായും മുന്നോടിയായുമാണ്‌ ഈ താല്‍ക്കാലിക പ്രപഞ്ചത്തിന്റെ സൃഷ്‌ടിപ്പിനെയും ഭൂമിയിലെ പരീക്ഷണ ജീവിതത്തെയും കാണേണ്ടത്‌. അനേകം ജീവികളെ അല്ലാഹു സൃഷ്‌ടിച്ചിട്ടുണ്ടെങ്കിലും എന്തുകൊണ്ടാണ്‌ മനുഷ്യനെ മാത്രം പരീക്ഷിക്കുന്നത്‌ എന്ന ചോദ്യം ഉയര്‍ന്നേക്കാം. മനുഷ്യനൊഴികെയുള്ള പ്രപഞ്ചഘടകങ്ങെളല്ലാം (ജീവനില്ലാത്തവയും ജീവനുള്ളവയും) അല്ലാഹുവിനെ പ്രണമിച്ചും അവന്റെ നിര്‍ദേശങ്ങള്‍ അപ്പടി അനുസരിച്ചും പ്രവര്‍ത്തിക്കുന്ന വ്യവസ്ഥകളാണെന്ന്‌ ഖുര്‍ആന്‍ സൂചിപ്പിക്കുന്നു (ഖു. 3:83; 13:15; 16:48-50; 7:54). ``അല്ലാഹു സൃഷ്‌ടിച്ചിട്ടുള്ള ഏതൊരു വസ്‌തുവിന്റെയും നേര്‍ക്ക്‌ അവര്‍ നോക്കിയിട്ടില്ലേ? എളിയവരായിട്ടും അല്ലാഹുവിന്‌ സുജൂദ്‌ ചെയ്‌തുകൊണ്ടും അതിന്റെ നിഴലുകള്‍ വലത്തോട്ടും ഇടത്തോട്ടും തിരിഞ്ഞുകൊണ്ടിരിക്കുന്നു. ആകാശങ്ങളിലും ഭൂമിയിലുമുള്ളതുമായ ഏതൊരു ജീവിയും അല്ലാഹുവിന്‌ സുജൂദ്‌ ചെയ്യുന്നു. മലക്കുകളും (സുജൂദ്‌ ചെയ്യുന്നു). അവര്‍ അഹങ്കാരം നടിക്കുന്നില്ല. അവര്‍ക്കു മീതെയുള്ള അവരുടെ രക്ഷിതാവിനെ അവര്‍ ഭയപ്പെടുകയും അവര്‍ കല്‍പ്പിക്കപ്പെടുന്നതെന്തും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.'' (ഖു. 16:48-50). അതായത്‌ മനുഷ്യനൊഴികെയുള്ള പ്രപഞ്ചം പൂര്‍ണമായും പ്രോഗ്രാം ചെയ്യപ്പെട്ട വ്യവസ്ഥയാണെന്നു സാരം. കമ്പ്യൂട്ടര്‍വല്‍ക്കരിക്കപ്പെട്ട മനുഷ്യനിര്‍മിത വ്യവസ്ഥയോടു അതിനെ തുലനം ചെയ്യാവുന്നതാണ്‌. മനുഷ്യനടക്കമുള്ള പ്രപഞ്ചത്തെ അല്ലാഹു എങ്ങനെയാണ്‌ വിവരിക്കുന്നതെന്ന്‌ നോക്കൂ: ``ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പര്‍വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും മനുഷ്യരില്‍ കുറെപേരും അല്ലാഹുവിനു സുജൂദ്‌ ചെയ്‌തുകൊണ്ടിരിക്കുന്നുവെന്ന്‌ നീ കണ്ടില്ലേ?...'' (ഖു. 22:18). ഇവിടെ അല്ലാഹു മറ്റു സൃഷ്‌ടികളെ മുഴുവനായും ഉള്‍പെടുത്തുന്നുണ്ടെങ്കിലും മനുഷ്യനെ കുറിച്ച്‌ അങ്ങനെ പറയുന്നില്ല; `മനുഷ്യരില്‍ കുറെപേരും' എന്നാണ്‌ പറയുന്നത്‌. അതായത്‌ മനുഷ്യരില്‍ ഒരു വിഭാഗം അല്ലാഹുവിനെ അനുസരിക്കാതെയും ജീവിക്കുന്നു എന്ന്‌ സാരം. സ്വന്തം ഇഷ്‌ടാനുസാരം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം അല്ലാഹു നല്‍കിയതുകൊണ്ടാണ്‌ മനുഷ്യനു അത്‌ സാധിക്കുന്നത്‌. പ്രപഞ്ചത്തില്‍ സ്വതന്ത്രേഛയുള്ള ഒരേയൊരു ഘടകം മനുഷ്യന്‍ മാത്രമാണെന്നാണ്‌ ഈ ഖുര്‍ആനിക വെളിപ്പെടുത്തലുകളിലൂടെ മനസ്സിലാകുന്നത്‌. പൂര്‍ണമായും പ്രോഗ്രാം ചെയ്യപ്പെട്ട ഒരു വസ്‌തുവെ പരീക്ഷിക്കേണ്ട ആവശ്യമില്ല. കാരണം അത്‌ പ്രോഗ്രാം ചെയ്യപ്പെട്ടതനുസരിച്ചു മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു. ഖുര്‍ആന്‍ വെളിപ്പെടുത്തുന്ന മനുഷ്യ-പ്രപഞ്ച സൃഷ്‌ടിപ്പിന്റെ ദൈവികോദ്ദേശ്യം പ്രകൃതി യാഥാര്‍ഥ്യങ്ങളുമായി ശാസ്‌ത്രീയ വിശകലനം ചെയ്യുകയാണെങ്കില്‍ അതിന്റെ സാധുത വിലയിരുത്താനാവുന്നതും സ്ഥിരീകരിക്കാനാവുന്നതുമാണ്‌. [email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം