Prabodhanm Weekly

Pages

Search

2011 ഏപ്രില്‍ 23

കാലഹരണപ്പെട്ട തഫ്‌സീറുകള്‍

കാലഹരണപ്പെട്ട തഫ്‌സീറുകള്‍ -

- സ്വഹാബികളുടെ കാലം മുതലിങ്ങോട്ട് രചിക്കപ്പെട്ട പഴയ അറബി തഫ്സീറുകള്‍ കാലഹരണപ്പെട്ടതാണ് എന്ന വാദത്തെ എങ്ങനെ വിലയിരുത്താം? ലഭ്യമായ പുരാതന തഫ്സീറുകള്‍ കാലത്തിന്റെ സ്പന്ദനങ്ങള്‍ക്കനുസരിച്ച് മാറ്റിയെഴുതണമെന്ന അഭിപ്രായത്തെ എങ്ങനെ കാണുന്നു? എല്ലാ മേഖലയിലും പുതിയ ചിന്ത പ്രോത്സാഹിപ്പിക്കുന്ന നവോത്ഥാന പ്രസ്ഥാനങ്ങള്‍ പോലും ഖുര്‍ആന്‍ തഫ്സീറുകളില്‍ പുതുചിന്ത നിരന്തരം അവതരിപ്പിക്കാന്‍ ശ്രമിക്കാത്തത് എന്തുകൊണ്ടാണ്? പുരാതന തഫ്സീറുകളാണല്ലോ ഈ പ്രസ്ഥാനങ്ങളും 'ആധികാരിക' തഫ്സീറുകളായി ഇപ്പോഴും അംഗീകരിക്കുന്നത്? കാലത്തിനനുസരിച്ച് ഖുര്‍ആന്‍ ആയത്തുകള്‍ വ്യാഖ്യാനിക്കുന്ന പ്രവണത പുതിയ തലമുറയില്‍ വ്യാപകമാവുന്നു. പ്രോത്സാഹനജനകമാണോ ഇത്? -

- ഒരു ചോദ്യകര്‍ത്താവ്, ഷാര്‍ജ -

- ഖുര്‍ആന്‍ ദൈവികമാണ്,തഫ്സീര്‍ മനുഷ്യനിര്‍മിതവും. മനുഷ്യന്‍ എത്ര വലിയ പണ്ഡിതനായാലും സ്വന്തം ചിന്തയിലൂടെയും പഠനത്തിലൂടെയും കണ്ടെത്തിയ കാര്യങ്ങള്‍ക്ക് അപ്രമാദിത്വമില്ല; ഒരേ വ്യക്തിക്ക് തന്നെ തുടര്‍ പഠനത്തില്‍ താന്‍ ആദ്യത്തില്‍ എത്തിച്ചേര്‍ന്ന നിഗമനം തെറ്റായിരുന്നു എന്നു തോന്നാം. അങ്ങനെയാണ് ഇമാം ശാഫിഈ(റ)ക്ക് ഖൌല് ഖദീമും (പഴയ അഭിപ്രായം) ഖൌല് ജദീദും (പുതിയ അഭിപ്രായം) ഉണ്ടായത്. ഇജ്തിഹാദിലൂടെ ഒരാള്‍ എത്തിച്ചേര്‍ന്ന വീക്ഷണമാണ് തഫ്സീറുകളിലുള്ളത്. അതപ്പടി സ്വീകരിക്കണമെന്ന് ഒരാളും വാദിച്ചുകൂടാ. അതിനാല്‍ ഏത് പുരാതന തഫ്സീറിലും സ്വീകാര്യമായയതും അല്ലാത്തതും ഉണ്ടാവുക സ്വാഭാവികമാണ്. ഭാഷാര്‍ഥം, വ്യാകരണം, അറബിശൈലി, അവതരണ പശ്ചാത്തലം, നബി(സ)യുടെയും സ്വഹാബികളുടെയും വ്യാഖ്യാനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കാണ് പുരാതന തഫ്സീറുകളെ പില്‍ക്കാലത്തും മുഖ്യമായി അവലംബിക്കുന്നത്. പുതിയ തഫ്സീറുകളിലും പുരാതന തഫ്സീറുകളെ അവലംബിക്കേണ്ടിവരുന്നത് അതുകൊണ്ടാണ്. ഇക്കാര്യങ്ങള്‍ കാലഹരണപ്പെടുന്ന പ്രശ്നമില്ല. എന്നാല്‍ എഴുതപ്പെട്ട കാലത്തെ വൈജ്ഞാനിക വളര്‍ച്ച സ്വാഭാവികമായും തഫ്സീറുകളില്‍ പ്രതിഫലിക്കും. ഉദാഹരണത്തിന് ഭൂമി പരന്നതാണ്, കാളക്കൊമ്പിലാണ്, ആകാശം ഘനവസ്തുവാണ്, ജിന്ന് മനുഷ്യനെ ആവേശിക്കും പോലുള്ള അഭിപ്രായങ്ങള്‍. മനുഷ്യബുദ്ധിയുടെയും ശാസ്ത്രത്തിന്റെയും വളര്‍ച്ച നിരാകരിക്കുന്ന നിഗമനങ്ങളാണവ. ഇക്കാലത്ത് ഇത്തരം പ്രസ്താവനകള്‍ക്ക് പ്രസക്തിയില്ല. ഇതൊന്നും ഖുര്‍ആന്റെ ഖണ്ഡിത അധ്യാപനങ്ങളുമല്ല. ഖുര്‍ആനിക വിജ്ഞാനം അനുസ്യൂത ചിന്തയും ഗവേഷണവും ആവശ്യപ്പെടുന്നതാണ്. നിരന്തരമായ ഇജ്തിഹാദിലൂടെ വികസിക്കേണ്ടതാണത്. അതിനാല്‍ പുതിയ ശാസ്ത്ര സാങ്കേതിക സത്യങ്ങള്‍ പശ്ചാത്തലമാക്കി ഖുര്‍ആന്‍ സൂക്തങ്ങളെ വ്യാഖ്യാനിക്കാം, വ്യാഖ്യാനിക്കണം. എന്നാല്‍ സ്വാഭിപ്രായങ്ങള്‍ക്ക് ഒരിക്കലും അപ്രമാദിത്വം അവകാശപ്പെടരുത്, തന്റേത് അവസാന വാക്കായി അവതരിപ്പിക്കുകയും ചെയ്യരുത്. ശാസ്ത്ര നിഗമനങ്ങളും ശാസ്ത്ര സത്യങ്ങളും തമ്മിലെ അന്തരം വിസ്മരിക്കാനും പാടില്ല. നിരന്തരം തിരുത്തപ്പെടുന്നതാണ് ശാസ്ത്രജ്ഞരുടെ നിഗമനങ്ങള്‍. തദനുസൃതമായി ഖുര്‍ആന്‍ സൂക്തങ്ങളെ വ്യാഖ്യാനിച്ചുകൂടാ. പൂര്‍വിക പണ്ഡിതന്മാരുടെ മാതൃക ശ്രദ്ധേയമാണ്. സ്വാഭിപ്രായം പറഞ്ഞാല്‍ അവര്‍ അവതരിപ്പിക്കുക ഇങ്ങനെയാണ്: 'ഇതെന്റെ അഭിപ്രായമാണ്, ശരിയേതെന്ന് അല്ലാഹുവിനേ അറിയൂ'. ശൈഖ് ത്വന്‍ത്വാവി ജൌഹരിയുടെ അല്‍ ജവാഹിര്‍ ഫീ തഫ്സീരില്‍ ഖുര്‍ആന്‍ പോലെ ചിലതിന് താരതമ്യേന പുതിയ വ്യാഖ്യാനങ്ങളുണ്ട്. അവ പോലും പക്ഷേ കാലഹരണപ്പെട്ടിരിക്കുന്നു. ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ പുതിയ ചിന്തകള്‍ അവതരിപ്പിച്ചവരാണ് ഹമീദുദ്ദീന്‍ ഫറാഹി, സയ്യിദ് അബുല്‍ അഅ്ലാ മൌദൂദി, മൌലാനാ അമീന്‍ അഹ്സന്‍ ഇസ്ലാഹി, സയ്യിദ് ഖുത്വ്ബ് തുടങ്ങിയവര്‍. പുതിയ ഗവേഷണവും പുതിയ ചിന്തയും ഇനിയും ഉണ്ടായേ തീരൂ. സൂക്ഷ്മതയാണ് പഴയ തഫ്സീറുകളെ റഫര്‍ ചെയ്യാന്‍ പുതിയ പണ്ഡിതന്മാരെ പ്രേരിപ്പിക്കുന്നത്. അത് തെറ്റാണെന്ന് പറയാനാവില്ല.#### ഗോ മാതാവ് -

- പശു മാതാവാണെന്ന് ഹൈന്ദവര്‍ വിശ്വസിക്കുന്നു. പശു മാതാവാണെങ്കില്‍ പിതാവ് കാളയാണെന്ന് ചിലര്‍ വാദിക്കുന്നുമുണ്ട്. പശു എന്ന ജന്തുവിന് എന്തെങ്കിലും പ്രാധാന്യം ഇസ്ലാം നല്‍കുന്നുണ്ടോ? -

- ടി. ദീപു സദാനന്ദപുരം, ആലപ്പുഴ -

- പൌരാണിക ജനസമൂഹങ്ങള്‍ക്ക് കാര്‍ഷിക സമ്പദ് വ്യവസ്ഥയില്‍ ഏറെ പ്രയോജനകരമായ മൃഗമായിരുന്നു പശു. അതിന്റെ പാല്‍ കുടിക്കാം, പാല്‍ കൊണ്ട് മറ്റു വൈവിധ്യമാര്‍ന്ന വിഭവങ്ങളുമുണ്ടാക്കാം. കാളയെ നിലം ഉഴുതാനും ഭാരം വലിക്കാനും മാംസാഹരത്തിനും പ്രയോജനപ്പെടുത്താം. തുകലും ഉപയോഗ്യമാണ്. അതിനാല്‍ അവരൊക്കെ ഗോക്കളെ വ്യാപകമായി വളര്‍ത്തി. അവയോട് സ്നേഹവും കൂടിക്കൂടി വന്നു. അതാവാം പിന്നീട് ഗോ മാതാവ് സങ്കല്‍പത്തിലേക്കും ഗോ പൂജയിലേക്കും നയിച്ചത്. നൈല്‍, യൂഫ്രട്ടീസ്, ടൈഗ്രീസ് നദീതട നാഗരികതകളില്‍ ഗോപൂജ ഉള്‍പ്പെട്ടിരുന്നതായി ഗവേഷകര്‍ പറയുന്നു. മോശെയുടെ നേതൃത്വത്തില്‍ ഇസ്രാഈല്യര്‍ ഈജിപ്തില്‍ നിന്ന് രക്ഷപ്പെട്ട് സീനായിലെത്തിയപ്പോള്‍ അവിടെ കണ്ട ഗോ പൂജകരെ അനുകരിച്ച് ഗോവിന്റെ കോലമുണ്ടാക്കി ആരാധിച്ച സമരിയക്കാരുടെ കഥ വിശുദ്ധ ഖുര്‍ആന്‍ രണ്ടാം അധ്യായത്തില്‍ വിവരിക്കുന്നുണ്ട്. ആര്യന്മാരുടെ അധിനിവേശത്തോടെയാണ് ഇന്ത്യയിലും ഗോപൂജയുടെ ചരിത്രം ആരംഭിക്കുന്നത്. ബ്രാഹ്മണരാണ് ഗോപൂജയുടെ പ്രണേതാക്കള്‍. എന്നാല്‍, പൌരാണിക ആര്യന്മാര്‍ ഗോക്കള്‍ക്ക് പവിത്രത കല്‍പിച്ചില്ലെന്ന് മാത്രമല്ല, അവയെ ധാരാളമായി അറുത്ത് തിന്നിരുന്നുവെന്നും രാഹുല്‍ സാന്‍കൃത്യയന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പശുവിന് എന്നല്ല മനുഷ്യനും മൃഗങ്ങളും പക്ഷികളും ഉള്‍പ്പെടെ പ്രപഞ്ചത്തിലെ ഒരു സൃഷ്ടിക്കും ദിവ്യത്വമോ പവിത്രതയോ ഇല്ല എന്നതാണ് ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസം. സ്രഷ്ടാവായ ദൈവത്തിന് മാത്രമേ ദിവ്യത്വമുള്ളൂ. അവനെ മാത്രമേ പൂജിക്കാവൂ. സാക്ഷാല്‍ മനുഷ്യ മാതാവിനോടുള്ള സ്നേഹാതിരേകം പോലും ദിവ്യത്വം കല്‍പിക്കുന്നേടത്തോളം വളര്‍ന്നുകൂടാ. 'സ്വര്‍ഗം മാതാക്കളുടെ കാലടികള്‍ക്ക് താഴെയാണ്' എന്ന് പഠിപ്പിച്ച പ്രവാചകന്‍ തന്നെ ഒരു തരത്തിലുള്ള സൃഷ്ടിപൂജയെയും അനുവദിച്ചിട്ടില്ല. മനുഷ്യ മഹത്വത്തിന് നിരക്കാത്തതാണ് സൃഷ്ടി പൂജ. പശുവിനെ നന്നായി വളര്‍ത്താം, അതിനോട് സ്നേഹപൂര്‍വം പെരുമാറാം, ഒരു വിധത്തിലും പീഡിപ്പിക്കാതിരിക്കാം. അതിലപ്പുറമൊന്നും പശു അര്‍ഹിക്കുന്നില്ല. എന്നാല്‍ ബഹുമത സമൂഹത്തില്‍ ഗോപൂജകരുടെ വികാരങ്ങള്‍ മാനിക്കപ്പെടേണ്ടതാണ്.#### ഹിന്ദുക്കളെ തീവ്ര വാദികളാക്കുന്നു? -

- "ഹിന്ദുക്കള്‍ തീവ്രവാദികളാകേണ്ട സാഹചര്യമാണ് രാഷ്ട്രീയ കക്ഷികള്‍ ചേര്‍ന്ന് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ഹിന്ദു പാര്‍ലമെന്റ് ഗുരുവായൂരില്‍ സംഘടിപ്പിച്ച രാഷ്ട്രീയ സഭാ മഹാ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു തുഷാര്‍. മലബാര്‍ ലീഗിനും മലയോര പ്രദേശങ്ങള്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികള്‍ക്കും നല്‍കിയിരിക്കുകയാണെന്നും ഹിന്ദുക്കള്‍ക്ക് അര്‍ഹിക്കുന്ന പരിഗണനയില്ലെന്നും അദ്ദേഹം പറഞ്ഞു'' (മാധ്യമം 21.3.2011). മുജീബിന്റെ പ്രതികരണം? -

- പി.വി.സി മുഹമ്മദ് പൊന്നാനി -

- ഹിന്ദുക്കളില്‍ ഗണ്യമായ ഭാഗത്തെ സംഘ്പരിവാര്‍ ഇപ്പോള്‍ തന്നെ തീവ്രവാദികളാക്കിയിട്ടുണ്ട്. അവരില്‍ അസഹിഷ്ണുതയും പരമത വിദ്വേഷവും ഔദ്ധത്യവും നിരന്തരം കുത്തിവെക്കുകയാണ് ഇന്ത്യയിലെ രണ്ടാമത്തെ പാര്‍ട്ടിയായ ബി.ജെ.പിയും പശ്ചാത്തല ശക്തികളും. ഇനി താരതമ്യേന മത സൌഹാര്‍ദം നിലനിന്നു വന്ന കേരളത്തിലും കൂടി വിദ്വേഷവും തീവ്ര ഹിന്ദുത്വവും വളര്‍ത്താനാണ് ശ്രമം. അറിഞ്ഞോ അറിയാതെയോ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വരുന്ന മകന്‍ തുഷാറും ഈ തീവ്രവാദവത്കരണത്തില്‍ പങ്കാളികളാവുകയാണ്. ജനസംഖ്യയില്‍ 24 ശതമാനം മുസ്ലിംകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഒരു രംഗത്തും ഇനിയും ലഭിച്ചിട്ടില്ലെന്നിരിക്കെ അതേപറ്റിയുള്ള അതിശയോക്തി കലര്‍ന്ന പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. മുസ്ലിം സ്ഥാനാര്‍ഥികളുടെ എണ്ണവും ആനുപാതികമായി കുറവാണ്. മറുവശത്ത് വെള്ളാപ്പള്ളിമാര്‍ക്ക് നായര്‍-ഈഴവ ഐക്യംപോലും സാധ്യമല്ലെന്നിരിക്കെ ഹിന്ദുക്കള്‍ക്ക് വേണ്ടി പൊതുവായി വാദിക്കാന്‍ അര്‍ഹത നഷ്ടപ്പെടുന്നു. ജാതീയതകള്‍ക്കെതിരായാണ് ശ്രീനാരായണഗുരു പൊരുതിയതെങ്കിലും, അദ്ദേഹത്തിന്റെ പൈതൃകം അവകാശപ്പെടുന്നവര്‍ ജാതീയതയുടെ ഭൂമികയിലാണ് വളരാനും ശക്തിപ്പെടാനും ശ്രമിക്കുന്നത്. ഇത് പ്രകടമായ വൈരുധ്യമാണ്.#### ജനകീയ വികസന മുന്നണി -

- ഇടതിലും വലതിലും മനസ്സ് മടുത്ത കുറെ മനസ്സുകളെ കൂടെ കൂട്ടിയാണ് ജമാഅത്തെ ഇസ്ലാമി ജനകീയ വികസന മുന്നണിക്ക് രൂപം നല്‍കിയത്. അതിനോട് സഹകരിച്ച പല സഹോദരന്മാരും ജമാഅത്തെ ഇസ്ലാമിയുമായി സഹകരിക്കുന്നവരല്ലായിരുന്നു. ജനകീയ വികസന മുന്നണി അല്ലെങ്കില്‍ വികസന സമിതി എന്നൊക്കെ പേരില്‍ രാഷ്ട്രീയത്തിലേക്കുള്ള കാല്‍വെപ്പിനോട് സഹകരിച്ചവരുമാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതിനോടും വലതിനോടും മടുപ്പും വെറുപ്പും തോന്നിയവര്‍ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ടായിരുന്നു വികസന മുന്നണിയുടെ കടന്നുവരവ്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വികസന മുന്നണി ചിത്രത്തില്‍ ഇല്ലാത്തതുകൊണ്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വികസന മുന്നണിയുടെബാനറിനു കീഴില്‍ അണിനിരന്നവരോട് എന്താണ് പ്രസ്ഥാനത്തിന് പറയാനുള്ളത്? -

- അബൂ ഫര്‍സാന്‍ -

- ജനകീയ വികസന മുന്നണി ഒരേ കൊടിക്കീഴില്‍ വ്യവസ്ഥാപിതമായി കെട്ടിപ്പടുത്ത പ്രസ്ഥാനമോ പാര്‍ട്ടിയോ ആയിരുന്നില്ല. പഞ്ചായത്ത്-നഗരസഭകള്‍ക്കപ്പുറം മാനങ്ങളും ഈ വികസന കൂട്ടായ്മകള്‍ക്കുണ്ടായിരുന്നില്ല. എന്നാല്‍ ഇടതോ വലതോ അല്ലാത്ത, മൂല്യാധിഷ്ഠിത രാഷ്ട്രീയവും വികസനോന്മുഖ രാഷ്ട്രീയവും അജണ്ടയാക്കുന്ന ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടിയെപ്പറ്റി അന്നേ പറഞ്ഞിരുന്നതാണ്. അത് യാഥാര്‍ഥ്യമാവുമ്പോള്‍ ഈയനിശ്ചിതത്വം മാറും. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ തീരുമാനം പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പും കഴിഞ്ഞു. 124 മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിനും 15 മണ്ഡലങ്ങളില്‍ യു.ഡി.എഫിലെ ചില സ്ഥാനാര്‍ഥികള്‍ക്കും പിന്തുണ നല്‍കുന്നതായിരുന്നു ജമാഅത്തിന്റെ നിലപാട്. ഇതിനോട് യോജിക്കുന്നവര്‍ ഈ വഴി സ്വീകരിച്ചു. അല്ലാത്തവര്‍ മറ്റു വഴികളും സ്വീകരിച്ചിരിക്കും. എന്തായാലും നിലവിലെ മുന്നണികളെയും പാര്‍ട്ടികളെയും അപ്പടി സ്വീകരിക്കാനാവാത്ത ജനകീയ വികസന പക്ഷത്തിന് മുമ്പില്‍ വ്യക്തവും സുതാര്യവുമായ പകരം വരുമെന്ന് ന്യായമായും പ്രതീക്ഷിക്കാം.#### നീതിയിലധിഷ്ഠിതമായ ഭരണം? -

- "വോട്ടര്‍ ഐ.ഡി ഇല്ലാത്തവരും വോട്ടര്‍ ഐ.ഡി ഉള്ള മറ്റു സാധാരണ പൌരന്മാരും അനുഭവിക്കുന്ന അതിഭയാനകമായ നിസ്സഹായതയിലേക്ക് കണ്ണ് തുറക്കുന്ന രാഷ്ട്രീയവും ഭരണവുമാണ് നമുക്ക് വേണ്ടത്. അത് കാഴ്ചവെക്കാന്‍ ഏതു പാര്‍ട്ടി, ഏത് മുന്നണി തയാറാകും?'' (ഹമീദ് ചേന്ദമംഗല്ലൂര്‍, മാതൃഭൂമി 24.3.11). നിലവിലുള്ള ഇടതു വലതു മുന്നണികള്‍ക്കും ഇടക്കൊക്കെ പൊട്ടിമുളച്ച് അപ്രത്യക്ഷമാകുന്ന മൂന്നാം മുന്നണിക്കും ഹമീദ് ചേന്ദമംഗല്ലൂര്‍ ചൂണ്ടിക്കാണിക്കുന്ന നിസ്സഹായതക്ക് പരിഹാരമാകുന്നില്ലെന്നാണല്ലോ ചൂണ്ടിക്കാണിക്കുന്നത്. സത്യത്തിലും നീതിയിലും നന്മയിലും അധിഷ്ഠിതമായ ഒരു പാര്‍ട്ടിക്കും ഭരണത്തിനും ഇവിടെ പ്രസക്തിയുണ്ടെന്നല്ലേ ഈ വാക്കുകളില്‍നിന്ന് പ്രകടമാകുന്നത്? -

- എന്‍.എന്‍ മുഹമ്മദ് കാസിം കാഞ്ഞിരപ്പള്ളി -

- അഴിമതിയില്‍ ആവോളം മുങ്ങിക്കുളിച്ചവരും നേരും നെറിയും നഷ്ടപ്പെട്ടവരും ധാര്‍മികമായി അങ്ങേയറ്റം അധഃപതിച്ചവരുമായ നേതാക്കള്‍ നയിക്കുന്ന പാര്‍ട്ടികളില്‍ നിന്ന് ജനങ്ങള്‍ക്ക് മുക്തി വേണമെന്നത് എല്ലാ പൌരന്മാരുടെയും ആഗ്രഹമാണ്. നിസ്സഹായതകൊണ്ട് മാത്രമാണ് രണ്ടിലൊരു മുന്നണിയെയോ മറ്റു പാര്‍ട്ടികളെയോ ആളുകള്‍ പിന്തുണക്കുന്നത്. പക്ഷേ, ഹമീദ് ചേന്ദമംഗല്ലൂര്‍ വിഭാവനം ചെയ്യുന്ന മുന്നണി നാമൊക്കെ സങ്കല്‍പിക്കുന്നതില്‍നിന്ന് തികച്ചും വ്യത്യസ്തമായിരിക്കാനാണിട. ദൈവത്തെയോ ആത്മീയതയെയോ സുസ്ഥിര ധാര്‍മിക മൂല്യങ്ങളെയോ അംഗീകരിക്കാത്ത, മതപരമായ ഏത് ധാരയെയും പിന്തിരിപ്പനും പുരോഗതിയുടെ ശത്രുവുമായി കാണുന്ന കേവല ഭൌതിക പ്രസ്ഥാനത്തെയാണ് ഹമീദ് വിഭാവനം ചെയ്യുന്നത് എന്നു വേണം ഇതിനകം പ്രകാശിതമായ അദ്ദേഹത്തിന്റെ ചിന്തകളില്‍നിന്ന് മനസ്സിലാക്കാന്‍. തീര്‍ത്തും മതേതരമായ ഒരു ഭരണക്രമം ജനക്ഷേമവും നീതിയും സമാധാനവും കൈവരുത്തുന്നതില്‍ ഇന്നുവരെ വിജയിച്ചിട്ടില്ലെന്നത് അനിഷേധ്യ യാഥാര്‍ഥ്യമാണ്.#### അമുസ്ലിംകള്‍ക്ക് സ്വാതന്ത്യ്രം അനുവദിച്ചാല്‍ -

- ജമാഅത്തെ ഇസ്ലാമിയടക്കമുള്ള ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ അമുസ്ലിം പൌരന്മാര്‍ക്ക് സംരക്ഷണവും സുരക്ഷയും നല്‍കണമെന്ന് വാദിക്കുന്നു. ആരാധനാ സ്വാതന്ത്യ്രവും മറ്റു മതസ്വാതന്ത്യ്രവും നല്‍കി സഹിഷ്ണുതയിലും സൌഹാര്‍ദത്തിലും വര്‍ത്തിക്കണമെന്നും ആവശ്യപ്പെടുന്നു. പക്ഷേ, അമുസ്ലിംകള്‍ക്ക് നിയന്ത്രണമില്ലാതെ 'സ്വാതന്ത്യ്രം' നല്‍കിയ മുസ്ലിം രാജ്യങ്ങള്‍ക്കെല്ലാം കടുത്ത വിലയല്ലേ ഒടുക്കം നല്‍കേണ്ടിവന്നത്? വിഘടനവാദം തലപൊക്കുകയും (മുസ്ലിം)പ്രദേശങ്ങള്‍ കൈയേറുകയും അടക്കിഭരിക്കുകയും ചെയ്ത ചരിത്രമല്ലേ ഇസ്ലാമിക ലോകത്തിന് പറയാനുള്ളത്? ഫലസ്ത്വീന്‍ തുടങ്ങി ഇപ്പോള്‍ അത് സുഡാനില്‍ വരെ എത്തിനില്‍ക്കുന്ന ദയനീയ കാഴ്ചകള്‍ക്കല്ലേ ഇസ്ലാമിക ലോകം സാക്ഷിയായിരിക്കുന്നത്? -

- നസ്വീര്‍ പള്ളിക്കല്‍, രിയാദ് -

- ജമാഅത്തെ ഇസ്ലാമിയും ഇതര ഇസ്ലാമിക പ്രസ്ഥാനങ്ങളും അവതരിപ്പിക്കുന്നത് 'ഖിലാഫത്തുര്‍റാശിദ'(സച്ചരിതരായ ഖലീഫമാര്‍)യുടെ മാതൃകയിലുള്ള ഒരു സമ്പൂര്‍ണ ആദര്‍ശ സ്റേറ്റിന്റെ രൂപരേഖയാണ്. നിലവിലെ സാമ്പ്രദായിക മുസ്ലിം രാജ്യങ്ങളുമായി അതിനൊരു സാമ്യവുമില്ല. ഇന്ന് മുസ്ലിം എന്നറിയപ്പെടുന്ന രാജ്യങ്ങളൊന്നും ഇസ്ലാമിന്റെ മാതൃകാ സ്റേറ്റ് അല്ല. ഒന്നുകില്‍ മുതലാളിത്ത ഏകാധിപത്യ രാഷ്ട്രങ്ങള്‍, അല്ലെങ്കില്‍ ഇടതുപക്ഷ മതേതര രാഷ്ട്രങ്ങള്‍. ജനങ്ങളില്‍ ഭൂരിപക്ഷം പാരമ്പര്യ മുസ്ലിംകളാണെന്നത് കൊണ്ട് മാത്രം ഒരു രാജ്യവും ഇസ്ലാമിക രാഷ്ട്രമാവുന്നില്ല. അതിനാല്‍ ആ നാടുകളില്‍ അമുസ്ലിംകള്‍ മാത്രമല്ല മുസ്ലിംകളും പീഡനങ്ങളനുഭവിക്കുന്നു, അടിച്ചമര്‍ത്തപ്പെടുന്നു. അനീതിയും അവഗണനയും നേരിടുന്നവര്‍ ആരായാലും ഗതികെട്ട് കലാപത്തിനൊരുങ്ങും. അത് സ്വാതന്ത്യ്രം അനുവദിച്ചതുകൊണ്ടല്ല, ന്യായമായ സ്വാതന്ത്യ്രം അനുവദിക്കാത്തത് കൊണ്ടാണ്. ഒരു യഥാര്‍ഥ ഇസ്ലാമിക സ്റേറ്റില്‍ മുസ്ലിംകള്‍ക്കും അമുസ്ലിംകള്‍ക്കും തുല്യാവകാശങ്ങളും തുല്യ നീതിയും ഉറപ്പ് വരുത്തും. അപ്പോള്‍ സ്വാഭാവികമായും വിഘടനവാദമോ കലാപമോ തല പൊക്കുകയില്ല. ഇനി തലപൊക്കിയാലും ജനപിന്തുണയോടെ ചെറുത്ത് തോല്‍പിക്കാനാവും.#### റസൂലും നബിയും -

- നുബുവ്വത്തും രിസാലത്തും തമ്മിലുള്ള വ്യത്യാസമെന്താണ്? നുബുവ്വത്ത് ലഭിച്ചവരാണോ നബിമാര്‍ അല്ലെങ്കില്‍ അമ്പിയാക്കള്‍ എന്നു പറയുന്നവര്‍? രിസാലത്ത് ലഭിച്ചവര്‍ മാത്രമാണോ മുര്‍സലുകള്‍? -

- കെ.കെ അബ്ദുല്‍ മജീദ് പൊന്നാനി സൌത്ത് -

- നബി എന്ന പദത്തിന് 'പ്രവാചകന്‍' എന്നും റസൂല്‍ എന്ന പദത്തിന് 'ദൂതന്‍' എന്നുമാണ് ഭാഷാര്‍ഥം. 'നബി'ക്ക് ഉന്നതന്‍ എന്ന അര്‍ഥവും ചിലര്‍ നല്‍കിയിട്ടുണ്ട്. ദിവ്യബോധനം ലഭിച്ചവര്‍ക്ക് നബി എന്ന് സാമാന്യമായി പറയാം. എന്നാല്‍, റസൂല്‍ പ്രത്യേക ദൌത്യ നിര്‍വഹണത്തിന് ചുമതലപ്പെട്ടവന്‍ കൂടിയായിരിക്കും. തദടിസ്ഥാനത്തില്‍ എല്ലാ റസൂലുമാരും നബിമാരായിരിക്കെ എല്ലാ നബിമാരും റസൂല്‍ ആയിരിക്കണമെന്നില്ല. സൂറഃ അല്‍ഹജ്ജിലെ 52-ാം സൂക്തത്തില്‍ "നിനക്ക് മുമ്പ് ഒരു റസൂലിനെയോ നബിയെയോ നാം നിയോഗിച്ചിട്ടില്ല....'' എന്ന് പ്രയോഗിച്ചതില്‍ നിന്ന് രണ്ടും ഒന്നല്ല, ഭിന്നങ്ങളാണെന്ന് വ്യക്തമാവുന്നു. നബി(സ)യോട് റസൂലുമാരുടെ എണ്ണം എത്രയെന്ന് സ്വഹാബികള്‍ ചോദിച്ചപ്പോള്‍ 313 അല്ലെങ്കില്‍ 315 എന്ന് തിരുമേനി മറുപടി നല്‍കി. നബിമാരുടെ സംഖ്യ ചോദിച്ചതിന് 1,24000 എന്നും ഉത്തരം നല്‍കി (അഹ്മദ്, ഹാകിം). പക്ഷേ ഈ ഹദീസിന്റെ നിവേദക പരമ്പര ദുര്‍ബലമാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം