ഒരു ദീര്‍ഘകാല യുദ്ധമാണ് അവര്‍ക്കാവശ്യം!
ലിബിയയില്‍ വിപ്ളവത്തിന്റെ വിജയ സാധ്യത അകന്നു പോവുകയാണ്. തലസ്ഥാന നഗരിയായ ട്രിപ്പോളി മുഅമ്മറുല്‍ ഖദ്ദാഫിയുടെ നിയന്ത്രണത്തില്‍തന്നെ. വിപ്ളവകാരികള്‍ പിടിമുറുക്കിയ കിഴക്കന്‍ നഗരമായ ബന്‍ഗാസി ഖദ്ദാഫിയുടെ സൈന്യം വളഞ്ഞിരിക്കുന്നു. അതിനാല്‍, തുനീഷ്യയിലും ഈജിപ്തിലും സംഭവിച്ചതുപോലെ ലിബിയയില്‍ പെട്ടെന്നൊരു ഭരണമാറ്റം സംഭവിക്കാനുള്ള സാധ്യത കാണുന്നില്ല. മാത്രമല്ല, വിപ്ളവകാരികള്‍ക്ക് താങ്ങായി നില്‍ക്കുന്ന 'നാറ്റോ' സഖ്യം -പ്രത്യേകിച്ചും പെന്റഗണ്‍- ചുവടുമാറ്റുന്നതിന്റെ പിന്നാമ്പുറ രഹസ്യങ്ങള്‍ അറിയാനിരിക്കുന്നേയുള്ളൂ. അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെയും പ്രസ്താവനകള്‍, അവര്‍ ദീര്‍ഘമായൊരു ആഭ്യന്തര യുദ്ധത്തിലേക്ക് ലിബിയയെ തള്ളിവിടുകയാണോ എന്ന സംശയമാണുളവാക്കുന്നത്. ലിബിയയുടെ വിദേശകാര്യ സഹമന്ത്രി അബ്ദുല്‍ ആതിഫ് അല്‍ ഉബൈദി ഏപ്രില്‍ ആദ്യത്തില്‍ ഗ്രീസിന്റെ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹം ചെന്നതു ഖദ്ദാഫിയുടെ സമാധാന സന്ദേശവുമായിട്ടാണ്. തുടര്‍ന്ന്, ഗ്രീക്ക് വിദേശകാര്യമന്ത്രി ദിമിത്രി ദ്രോസ്താസ് ലിബിയ സമാധാനം തേടിയെത്തിയിരിക്കുകയാണെന്ന് പ്രസ്താവനയിറക്കി. ഖദ്ദാഫി വിപ്ളവകാരികളോടു ശത്രുത കൈവെടിയണമെന്നും ഗവണ്‍മെന്റു സേന അടിയന്തരമായി വെടിനിര്‍ത്തണമെന്നുമാണ് അന്താരാഷ്ട്ര ഏജന്‍സി ഇതിനോടു പ്രതികരിച്ചത്. ലണ്ടനില്‍ സന്ദര്‍ശനത്തിനെത്തിയ ഖദ്ദാഫിയുടെ മകന്‍ സൈഫുല്‍ ഇസ്ലാം ഖദ്ദാഫി ഒരു ഭരണമാറ്റത്തിനു സന്നദ്ധനാണെന്നറിയിക്കുകയുണ്ടായി. ഭരണഘടനാ വിധേയമായൊരു ജനാധിപത്യക്രമമാണത്രെ പിതാവ് സ്വപ്നം കാണുന്നത്. ഖദ്ദാഫിയുടെ വിശ്വസ്തനായ മുഹമ്മദ് ഇസ്മാഈലും ഇതു തന്നെയാണു പറഞ്ഞത്. ഇതൊക്കെ കണക്കിലെടുത്തു കൊണ്ടാവണം, പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ തന്റെ വിദേശകാര്യ വകുപ്പിലെ ഒരു ടീമിനെ വിപ്ളവ കൌണ്‍സില്‍ നേതാക്കളുമായി ചര്‍ച്ച നടത്താനായി ബന്‍ഗാസിയിലേക്കയച്ചിരിക്കുന്ന്ത്. യുദ്ധവേളകളില്‍ സിവിലിയന്മാരെ കൂട്ടക്കൊല ചെയ്യുന്നതു തടയേണ്ടതാണ്. ഐക്യരാഷ്ട്രസഭാ പ്രമേയം ഇതിനായി ലോകരാഷ്ട്രങ്ങളെ ആഹ്വാനം ചെയ്യുന്നു. ഈ പ്രമേയത്തിന്റെ മറവിലാണ് 'നാറ്റോ' സഖ്യം ലിബിയയില്‍ ഇടപെടുന്നത്. മുന്‍നിരയില്‍ ഫ്രാന്‍സും ബ്രിട്ടനും അമേരിക്കയും തന്നെ. അവര്‍ ലിബിയയുടെ വ്യോമാതിര്‍ത്തിയില്‍ നിരോധനമേര്‍പ്പെടുത്തി. ഖദ്ദാഫിയുടെ പോര്‍ വിമാനങ്ങളെ അവര്‍ പ്രതിരോധിച്ചു. വെടിവെച്ചു വീഴ്ത്തി. മാധ്യമ റിപ്പോര്‍ട്ടുകളനുസരിച്ച് അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ രണ്ടായിരത്തോളം പ്രത്യാക്രമണങ്ങള്‍ നടത്തിയത്രെ. ഫ്രഞ്ചു-ബ്രിട്ടീഷ് വായു സേനകളും ഇതില്‍ പങ്കെടുത്തു. ഏതാണ്ടു രണ്ടായിരത്തോളം സിവിലിയന്മാര്‍ ഇതുമൂലം കൊല്ലപ്പെട്ടത്രെ! എങ്കില്‍ പിന്നെ, എന്തിനായിരുന്നു ഈ പ്രതിരോധം? കൊല്ലപ്പെട്ടവരില്‍ നല്ലൊരു പങ്ക് സ്ത്രീകളും കുട്ടികളുമാണ്. അമേരിക്കന്‍-ബ്രിട്ടീഷ് സൈനികര്‍ പതിവായി ഇറാഖിലും അഫ്ഗാനിസ്താനിലും ചെയ്യുന്ന അതേ പരിപാടിതന്നെ. കഥയിലെന്നപോലെ യുദ്ധത്തിലും ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല. എല്ലാം സി.ഐ.എയുടെയും ബ്രിട്ടീഷു ചാരസേനയായ എം-16ന്റെയും നിയന്ത്രണത്തിലാണ്. എന്നാല്‍, പൊടുന്നനെയാണ് ഒബാമക്കു ബോധോദയമുണ്ടായിരിക്കുന്നത്. പെന്റഗണ്‍ ലിബിയയുടെ വ്യോമാതിര്‍ത്തിയില്‍നിന്ന് ടോമഹോക് പോര്‍വിമാനങ്ങള്‍ പിന്‍വലിക്കുകയാണത്രെ. ഇതു ഖദ്ദാഫിയോടുള്ള സ്നേഹം കൊണ്ടാകാന്‍ തരമില്ല. കാരണം, അമേരിക്കയുടെ വിദേശകാര്യമന്ത്രി ഹിലരി ക്ളിന്റണ്‍ വളരെ വ്യക്തമായി തന്നെ, ഖദ്ദാഫിയോടു സ്ഥാനമൊഴിയാന്‍ മാത്രമല്ല, രാജ്യം വിടാനും ആവശ്യപ്പെട്ടിട്ടുണ്ട്. അടവു മാറ്റിയിരിക്കുന്നതു ഒബാമ തനിച്ചല്ല. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും മെല്ലെ യുദ്ധമുഖത്തുനിന്നു പിന്‍മാറാനാണത്രെ ഉദ്ദേശിക്കുന്നത്. ബ്രിട്ടന്‍ പറയുന്ന കാരണം സാമ്പത്തികമാണ്. ഇതു മനസ്സിലാക്കാവുന്നതേയുള്ളു. റോയല്‍ എയര്‍ഫോഴ്സിന്റെ ചീഫ് സര്‍ സ്റീഫന്‍ ഡാല്‍ട്ടന്റെ വാക്കുകളില്‍ 'തങ്ങളില്‍ അര്‍പ്പിതമായ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ കൂടുതല്‍ യുദ്ധവിമാനങ്ങളും ആയുധങ്ങളും ആവശ്യമാണ്.' നികുതികള്‍ വര്‍ധിപ്പിക്കുകയും സബ്സിഡികളെല്ലാം വെട്ടിക്കുറക്കുകയും ചെയ്ത പുതിയ ബ്രിട്ടീഷ് ബജറ്റില്‍ ഇതിന്നിടം കണ്ടെത്തുക പ്രയാസകരമായിരിക്കും. എന്നാല്‍, ഭരണവും തെരഞ്ഞെടുപ്പുമെല്ലാം തങ്ങളുടെ നിയന്ത്രണത്തിലാക്കുന്ന അന്താരാഷ്ട്ര ആയുധക്കമ്പനികളുടെ വരുതിയിലുള്ള അമേരിക്കന്‍ ഭരണകൂടത്തിന്റെ കാര്യമോ? സംഗതി മറ്റൊന്നുമല്ല, പെട്ടെന്നു വിരാമമിടുന്നൊരു യുദ്ധത്തിനു പകരം ദീര്‍ഘകാലം തുടര്‍ന്നു പോകുന്നൊരു ഏര്‍പ്പാടുതന്നെയാണ് സാമ്രാജ്യത്വ ശക്തികള്‍ക്കും ആയുധക്കമ്പനികള്‍ക്കും ആദായകരം! ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്ക എന്നീ രാഷ്ട്രങ്ങളുടെ തണലില്‍ കനഡ, ഡെന്‍മാര്‍ക്ക്, ബെല്‍ജിയം, നോര്‍വെ തുടങ്ങിയ രാജ്യങ്ങളും വിപ്ളവകാരികളെ പിന്തുണക്കുന്നുണ്ട്. ഇപ്പോള്‍, കൂട്ടത്തില്‍ മുഖ്യപങ്കാളിയായി രംഗപ്രവേശം ചെയ്തിരിക്കുന്നതു അമേരിക്കയുടെ മുഖ്യസഖി ഇസ്രയേലാണ്. ഇസ്രയേലിന്റെ യുദ്ധക്കപ്പലുകള്‍ അതീവരഹസ്യമായി ബന്‍ഗാസിയിലെ വിപ്ളവസേനക്ക് അത്യാധുനികമായ ആയുധങ്ങള്‍ എത്തിച്ചുകൊടുക്കുന്നതായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. ഇതു അമേരിക്കയുടെ അനുഗ്രഹാശിസ്സുകളോടെയാണു നടക്കുന്നത്. ഏപ്രില്‍ 6-ന് ഇസ്രയേലില്‍ പ്രസിഡന്റ് ഷിമോണ്‍ പെരസ് വാഷിംഗ്ടണില്‍ യു.എസ് നേതാക്കളുമായി രഹസ്യസംഭാഷണം നടത്തുകയുണ്ടായെന്നു ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു. അടച്ചിട്ട മുറിയില്‍ ഷിമോണ്‍ പെരസിനെ എതിരേറ്റതു ഡെമോക്രാറ്റിക് ഹൌസ് മൈനോറിറ്റി ലീഡര്‍ നാന്‍സി പെലോസിയും റിപ്പബ്ളിക്കന്‍ ഹൌസ് മെജോറിറ്റി ലീഡര്‍ എറിക് കാന്റോറുമാണ്. അപ്പോള്‍, ഈ ആയുധക്കച്ചവടത്തില്‍ ആരൊക്കെ പങ്കാളികളാണെന്നു പറയേണ്ടതുണ്ടോ? വിപ്ളവകാരികളുടെ ഛിദ്രതയാണ് സാമ്രാജ്യത്വ ശക്തികള്‍ക്ക് സൌകര്യം നല്‍കുന്നത്. ഖദ്ദാഫി ഗവണ്‍മെന്റില്‍ നേരത്തെ ആഭ്യന്തരമന്ത്രിയായിരുന്ന അബുല്‍ ഫതാഹ് യൂനുസും സേനാ മേധാവിയായിരുന്ന ഖലീല്‍ അഫ്താറുമെല്ലാം വിപ്ളവകാരികളുടെ കൂടെയുണ്ട്. പക്ഷേ, വ്യത്യസ്ത ഗ്രൂപ്പുകളെയാണവര്‍ നയിക്കുന്നത്. എതിര്‍പക്ഷത്തെ ഈ നേതൃത്വരാഹിത്യമാണ് ഖദ്ദാഫിയുടെ വിജയം. ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കൊന്നും ഖദ്ദാഫിയുടെ കീഴില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധ്യമായിരുന്നില്ല. എങ്കിലും, ഇസ്ലാം തന്നെയാണ് ലിബിയന്‍ ജനതയെ കൂട്ടിയിണക്കുന്ന ശക്തമായ ഘടകം. അതിനാല്‍, വിപ്ളവകാരികള്‍ ജയിക്കുകയാണെങ്കില്‍ ലിബിയ ഇസ്ലാമിസ്റുകളുടെ ശക്തി കേന്ദ്രമാകുമോയെന്നാണ് പാശ്ചാത്യ ശക്തികളും ഇസ്രയേലും ആശങ്കിക്കുന്നത്. അതിനെ നേരിടാനുള്ളൊരു പോംവഴി ലിബിയയില്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നൊരു ആഭ്യന്തരയുദ്ധം രൂപപ്പെടുകയാണ്. മാത്രമല്ല, തങ്ങളുടെ ആയുധവിപണിക്കു- പ്രത്യേകിച്ചും അമേരിക്കക്കും ഇസ്രയേലിനും- ഇതൊരു സുവര്‍ണാവസരമാകും. ലിബിയയുടെ കിഴക്കന്‍ കടലോരത്തു കിടക്കുന്ന ബ്രേഗാ വിപ്ളവകാരികളുടെ താവളമാണ്. അവിടം ഒന്നാംതരം എണ്ണപ്പാടങ്ങളാണുള്ളത്. അവിടെ നിന്നും ശേഖരിച്ച പത്തുലക്ഷം ബാരല്‍ എണ്ണയാണ് ഏപ്രില്‍ 6-ന് തബ്റൂക് തുറമുഖം വഴി പ്രമുഖമായൊരു സ്വിസ്സ് കമ്പനിക്കു കയറ്റിയയച്ചത്. ഇതുപയോഗപ്പെടുന്നതു മുഖ്യമായും ആയുധങ്ങളുടെ ഇറക്കുമതിക്കാണത്രെ. കൂടാതെ, വിപ്ളവസേനയുടെ ശമ്പളത്തിനും ഭക്ഷണത്തിനും ഇതു സഹായകമാകുന്നു. ഈ കാശത്രയും പോകുന്നതു എവിടേക്കാണെന്നു പറയേണ്ടതില്ലല്ലോ. ഇങ്ങനെ രണ്ടുമൂന്നു യുദ്ധം വീണുകിട്ടിയാല്‍ അമേരിക്കയും ബ്രിട്ടനും ഇസ്രയേലും ജനാധിപത്യ സ്വര്‍ഗങ്ങളാകും- അവരുടെ എല്ലാ സാമ്പത്തിക മാന്ദ്യവും അതോടെ പമ്പ കടക്കും. എങ്ങനെയുണ്ടീ കണക്കുകൂട്ടല്‍?
Comments