Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 15

വള്ളത്തോള്‍ കാവ്യങ്ങളിലെ 'നല്ല മുസ്ലിം', 'ചീത്ത മുസ്ലിം'

സമദ് കുന്നക്കാവ്

സമകാലിക മുസ്ലിം രാഷ്ട്രീയം മലബാര്‍ സമരം വായിക്കുമ്പോള്‍ - 4

മലബാര്‍ സമരവും മാപ്പിള പ്രതിനിധാനങ്ങളും വരികളുടെ അബോധങ്ങളില്‍ അതിസാന്ദ്രമായി നിലനില്‍ക്കുന്നത് വള്ളത്തോള്‍ നാരായണ മേനോന്റെ കാവ്യങ്ങളിലാണ്. കൊളോണിയല്‍ ആധുനികതയും ദേശീയതയും ഇണങ്ങിയും ഇടഞ്ഞും സഞ്ചരിച്ച സവിശേഷ നാളുകളില്‍ പ്രസിദ്ധീകൃതമായവയാണ് വള്ളത്തോള്‍ കാവ്യങ്ങള്‍. പ്രസ്തുത രചനകളില്‍ ദൃശ്യപ്പെടുന്ന ആശയ ചേരുവകളും മുസ്ലിം പ്രതിരൂപങ്ങളും ദേശീയ പ്രസ്ഥാനത്തിലും അതിന്റെ പ്രയോക്താക്കളിലും നിലനിന്ന വൈരുധ്യങ്ങളുടെ നേര്‍ത്തുടര്‍ച്ചയാണ്. മലയാള കാവ്യശാഖയെ ചരിത്രപരമായി വിശകലന വിധേയമാക്കിയാല്‍ ഖുര്‍ആനികാശയങ്ങളും കറകളഞ്ഞ മുസ്ലിം പ്രതീകങ്ങളും രജത രേഖ വിതറുന്നത് വള്ളത്തോള്‍ കവിതകളിലാണ്. 1960ല്‍ മരണാനന്തരം പുറത്തുവന്ന അദ്ദേഹത്തിന്റെ പ്രസിദ്ധ കവിതാ സമാഹാരമായ സാഹിത്യമഞ്ജരിയിലെ 'ജാതകം തിരുത്തി'(നാലാംഭാഗം), 'അല്ലാഹ്'(അഞ്ചാംഭാഗം), 'പാംസുസ്നാനം'(എട്ടാംഭാഗം) മുതലായ കാവ്യങ്ങള്‍ ഇത്തരം പ്രകാശിതങ്ങളാണ്. യശ്ശശരീരനായ കവി ടി. ഉബൈദിന്റെ വാക്കുകള്‍ കടമെടുത്താല്‍ അതല്ലേ കൂടുതല്‍ ഉചിതം: "ഇസ്ലാംമത പ്രവാചകന്റെ ഗുണഗണങ്ങളെ ഇങ്ങനെ മതിതോന്നാതെ പ്രകീര്‍ത്തിച്ച ഒരു അമുസ്ലിം കവി വള്ളത്തോളല്ലാതെ ഭാരതത്തിലുണ്ടോ എന്നു സംശയമാണ്.''
ഹൈന്ദവേതരമായ ഇതിവൃത്തം തിരഞ്ഞ് അദ്ദേഹം ഇസ്ലാമിക സംസ്കൃതിയിലേക്ക് എത്തിനോക്കിയത് ദാര്‍ശനിക താല്‍പര്യമെന്നതിലേറെ രാഷ്ട്രീയ പ്രചോദിതനായിക്കൊണ്ടായിരുന്നു. സ്വാതന്ത്യ്രസമര പ്രക്ഷോഭങ്ങളുടെ ആര്‍പ്പുവിളികള്‍ക്കു കാതുകൊടുത്ത ആ കവിപുംഗവന്‍ ദേശീയ പ്രസ്ഥാനം ചരിത്രപരമായി ഏറ്റെടുക്കാന്‍ വിധിക്കപ്പെട്ട ഹിന്ദു-മുസ്ലിം ഐക്യം എന്ന മുദ്രാവാക്യം നെഞ്ചേറ്റിയ ആളുമായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്യ്രത്തിനു വഴിമുടക്കിയായ ഒരു ബാബേല്‍ ഗോപുരമായി ബ്രിട്ടീഷ് രാജ്യതന്ത്രജ്ഞന്മാര്‍ എടുത്തുദ്ധരിക്കാറുള്ള ഉമ്മാക്കിയുമായിരുന്നു ഹിന്ദു-മുസ്ലിം സംഘര്‍ഷങ്ങള്‍. ഇണക്കിച്ചേര്‍ക്കാന്‍ കഴിയാത്ത വൈരുധ്യങ്ങളില്‍ പ്രബലമായത് എന്നു പ്രചരിപ്പിക്കപ്പെട്ട ഈ മതവൈരുധ്യങ്ങള്‍ക്കിടയില്‍ സഹവര്‍ത്തിത്വത്തിന്റെ പാലം പണിയുക എന്ന ദൌത്യമാണ് വള്ളത്തോള്‍ ഏറ്റെടുത്തത്. മതങ്ങളുടെ മൌലികമായ ഐക്യത്തെയും മതസൌഹാര്‍ദത്തിന്റെ ആവശ്യകതയെയും പ്രകീര്‍ത്തിക്കുന്ന പ്രചാരവേലകള്‍ വള്ളത്തോളില്‍ അങ്കുരിക്കപ്പെട്ടതിന്റെ രാഷ്ട്രീയ പരിസരം അതായിരുന്നു. എന്നാല്‍ ദേശീയവാദികളും സ്വാതന്ത്യ്ര സമര പ്രവര്‍ത്തകരും അകപ്പെട്ട വാരിക്കുഴികള്‍ അനിവാര്യമായും വള്ളത്തോളിനെയും കാത്തിരിക്കുന്നുണ്ടായിരുന്നു. കൊളോണിയല്‍ അധികാരികള്‍ക്കു പ്രത്യുത്തരം നല്‍കാനെന്നോണം ഇന്ത്യയുടെ സുവര്‍ണ ഭൂതകാല പ്രകീര്‍ത്തനം പതിവാക്കിയ ദേശീയ വക്താക്കളില്‍ അദ്ദേഹം അകപ്പെട്ടത് സ്വാഭാവികമായിരുന്നു. കാരണം, അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം പൌരാണിക ഇന്ത്യ ഒരു സുവര്‍ണ യുഗത്തിന്റെ പ്രകാശം പരത്തിയ നാടായിരുന്നു. തപശ്ശക്തിയിലും വിജ്ഞാന തൃഷ്ണയിലും സ്വാര്‍ഥപരിത്യാഗത്തിലും സമസൃഷ്ടിസ്നേഹത്തിലും അവര്‍ അദ്വിതീയരായിരുന്നു. എന്നാല്‍ സുവര്‍ണ ഭൂതകാലം നിഷ്കാസിതമായതിനു പിന്നില്‍ ഇസ്ലാം ആഗമനമാണെന്ന ഓറിയന്റല്‍ പഠനങ്ങള്‍ കൂടി ഒത്തുചേര്‍ന്നാലേ പ്രസ്തുത വാദങ്ങള്‍ക്കു ബലം ലഭിക്കൂ എന്നതുകൊണ്ടു വള്ളത്തോളിന്റെ അബോധങ്ങളില്‍ അത്തരം പാഠങ്ങളും കുടിയിരുത്തപ്പെട്ടിരുന്നു. കൊളോണിയല്‍ ആധുനികതയോട് നേര്‍ക്കു നേരെയുള്ള ഒരു പോരാട്ട സ്ഥലിയില്‍ നിലയുറപ്പിക്കുമ്പോള്‍ തന്നെ കൊളോണിയല്‍ ആശയങ്ങളെ പരിരംഭണം ചെയ്തുകൊണ്ട് സങ്കല്‍പരാശിയിലുള്ള മുസ്ലിം അപരത്തെ കണ്ടെടുക്കാനുള്ള അധമസമീക്ഷകള്‍ വള്ളത്തോള്‍ രചനകളുടെയും തച്ചുശാസ്ത്രമാകുന്നുണ്ട്. "ഭാരതമെന്നപേര്‍ കേട്ടാലഭിമാന പൂരിതമാവണമന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്കു ഞരമ്പുകളില്‍'' എന്നു സര്‍വ ഇന്ത്യക്കാരെയും ഒന്നായി ഉദ്ബോധിപ്പിച്ച ആ മഹോന്നതന്റെ സാഹിത്യമഞ്ജരിയില്‍ മുസ്ലിംപക്ഷ, കാവ്യങ്ങളോടൊപ്പം 'കാട്ടെലിയുടെ കത്ത്', 'ഒരു നായര്‍ സ്ത്രീയും മുഹമ്മദീയനും', 'ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി' എന്നീ മുസ്ലിം വിരുദ്ധ കാവ്യങ്ങള്‍ കൂടി തുന്നിച്ചേര്‍ക്കപ്പെട്ടത് ഈയൊരു രാഷ്ട്രീയ സങ്കീര്‍ണതയിലായിരുന്നു.
ദേശീയാധുനികതയുടെ വൈദിക പാരമ്പര്യം കണ്ടെത്താന്‍ ശ്രമിച്ച ഇന്ത്യയുടെ സുവര്‍ണ ഭൂതയുഗവും അവിടെ കാളിമ പടര്‍ത്തിയ ഇസ്ലാം യുഗവും എന്ന പൌരസ്ത്യ വാദങ്ങളുടെ ഏറ്റെടുക്കലാണ് വള്ളത്തോളിന്റെ 'കാട്ടെലിയുടെ കത്ത്' എന്ന കവിതയുടെ ആശയം.19 ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിലെ കൊളോണിയല്‍-പൌരസ്ത്യ വാദങ്ങളുടെ പ്രതിനിധാനമായ ശിവരാമന്‍ നായര്‍ വികൃതമായി ഉദ്ധരിക്കുന്നത്
"മൊട്ടപ്പഴത്തലയല്ല വേണ്ടൂ; ഭാരത
ക്ഷോണീ കിരീടത്തിനി-
ച്ചിട്ടത്തെറ്റു തിരുത്തി വച്ചതിനു മേ-
ലാവാം നമുക്കാഹവം''
എന്ന 'കാട്ടെലിയുടെ കത്തി'ലെ ഈരടികളാണെന്നത് ഉപര്യുക്ത വാദത്തെ ബലപ്പെടുത്തുന്നതാണ്. മലബാര്‍ സമരത്തിനു മുമ്പേ 1915ല്‍ പ്രസിദ്ധീകൃതമായ 'ഒരു നായര്‍ സ്ത്രീയും മുഹമ്മദീയനും' എന്ന കവിത നായര്‍, മുസ്ലിം ദ്വന്ദങ്ങളിലാണ് കെട്ടിപ്പടുത്തിരിക്കുന്നത്. സൌന്ദര്യം, കുലീനത, ആഭിജാത്യം, ചാരിത്യ്രം എന്നിവയുടെയെല്ലാം തികവാര്‍ന്നതും മിഴിവേകുന്നതുമായ നായര്‍ പ്രതിനിധാനം ഒരുവശത്ത്. ഈ നായര്‍ സ്വരൂപത്തിന്റെ അംഗപ്രത്യംഗ വര്‍ണനം നീട്ടിക്കൊണ്ടുപോവുന്ന കവി ആസ്വാദകരുടെ കാഴ്ചയിലേക്ക് മറുവശത്ത് നിന്നും ആനയിക്കുന്നത് സ്ഫുടതര രാക്ഷസ രൂക്ഷ രൂപ(ഒരു രാക്ഷസന്റെ പരുപരുത്ത മട്ട് ഏറ്റവും സ്പഷ്ടമായിട്ടുള്ളവന്‍ എന്നു കവി വ്യാഖ്യാനത്തില്‍ പറയുന്നു) ത്തെയാണ്. രൌദ്രാമാത്തടിയനെ മുന്നില്‍ കണ്ട അവള്‍ ചടുന്നനെ പതറിയൊന്നു ഞെട്ടി നാലഞ്ചടിയറിയാതെ പിന്നിലേക്കു മാറി നോക്കുമ്പോള്‍ കവി അവള്‍ക്കു കാഴ്ചപ്പെടുത്തുന്ന രൂപം പിരിമുറുകി വളഞ്ഞ മീശ, ചെന്തീപ്പൊരിച്ചിതറും മിഴി, വട്ടമൊത്ത താടി, ഹരിഹരി, യമനും നടുങ്ങുവൊന്ന കരിമലയന്റെ കരാളമായ വക്രതം! ആണ്. ഇനിയെന്തെങ്കിലും സംശയം ബാക്കിയുണ്ടെങ്കില്‍ അതും തീര്‍ത്തു തന്നേക്കാം എന്ന മട്ടില്‍ 'പെരിയന വന, താതിടത്തു തട്ടിപ്പറി തൊഴിലായ്പ്പുലരും മുഹമ്മദീയന്‍' എന്നുകൂടി വിസ്തരിച്ചു തരുന്നു. രാപ്പകല്‍ ഇടവിടാതെ ആചരിക്കുന്ന പാപകര്‍മങ്ങളുടെ ലാഞ്ചന കരുണയൊട്ടുമില്ലാത്ത ആ പൈശാചിക വദനത്തെ അലങ്കരിക്കുന്നു എന്നു വിവരിക്കുന്ന വള്ളത്തോള്‍ വഴിപോക്കരുടെ രക്തക്കുരുതിയില്‍ ഇടമുറിയാതെ ഊളിയിടുന്ന വലുതായ കത്തി (ക്രൂരകൃത്യങ്ങള്‍ നടത്താന്‍ ആ കത്തിക്കു തന്നെ ഒരുത്സാഹമുണ്ടെന്ന് കവികല്‍പന) വലതു പാടരക്കല്‍ തിരുകിയതായി കാഴ്ചപ്പെടുത്തി ഒരു മുഹമ്മദീയനു വേണ്ടുന്ന വേഷവിധാനങ്ങള്‍ തയ്ച്ചു കൊടുക്കുന്നു. ഭര്‍ത്താവിനു നന്മയുടെ സമൃദ്ധി ഉയര്‍ന്നുവരാന്‍ ശിവഭജാനുഷ്ഠാനത്തിന് അമ്പലത്തില്‍ പോവാനിറങ്ങിയ ഈ സ്ത്രീരത്നം, തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കരാളനായ മാപ്പിളയെ കൌശലപൂര്‍വം വെട്ടിവീഴ്ത്തുന്നതോടെയാണ് കവിത അവസാനിക്കുന്നത്. സുന്ദരിയും ചാരിത്യ്രവതിയുമായ ഒരു സ്ത്രീക്കെതിരെ ക്രൌര്യനും കാമോന്മത്തനുമായ ഒരു പുരുഷനെ അവതരിപ്പിച്ചു രംഗം കൊഴുപ്പിക്കുക കാവ്യശില്‍പത്തിന് ആവശ്യമാണെന്നും ആ സുശീല നായര്‍ സ്ത്രീയാവേണ്ടതു നിര്‍ബന്ധമാണെന്നും വാദിച്ചാല്‍ തന്നെയും അവളുടെ അപരനായി കശ്മലനായ ഒരു നായരെ കവിക്കു കിട്ടാതെ പോയത് എന്തുകൊണ്ടാണ്? അന്നത്തെ സാമൂഹികാന്തരീക്ഷത്തില്‍ ആ കഠിന കൃത്യത്തിനായി ഒരു മുഹമ്മദീയനെ പടച്ചുവിട്ടാല്‍ കൂടുതല്‍ കരഘോഷം ലഭിക്കുമെന്ന് വള്ളത്തോള്‍ മനസ്സിലാക്കിയിരുന്നതായി ഡോ. കെ.എം ജോര്‍ജ് വിമര്‍ശിക്കുന്നുണ്ട് (ജോര്‍ജ് അന്വേഷണങ്ങള്‍, പഠനങ്ങള്‍ 1991 പേജ് 65).
വള്ളത്തോളിന്റെ മുന്‍രചനകളില്‍ നിന്ന് വ്യത്യസ്തമായി മലബാര്‍ സമരത്തിലെ മാപ്പിള പ്രതിനിധാനങ്ങള്‍ സൂക്ഷ്മതലത്തില്‍ പ്രവര്‍ത്തിക്കുന്നത് 'ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധി' എന്ന കവിതയിലാണ്. 'ഒരു നായര്‍ സ്ത്രീയും മുഹമ്മദീയനും' കവിതയില്‍നിന്ന് 'ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി' കവിതയിലേക്ക് കാലവ്യത്യാസങ്ങളുടെ അകലങ്ങള്‍ ഏറെയുണ്ടെങ്കിലും പ്രമേയപരമായി അവ തമ്മില്‍ പല ഇണക്കങ്ങളുമുണ്ട്. സുന്ദരിയായ ഹിന്ദു സ്ത്രീയില്‍ ഹുമയൂണ്‍ ചക്രവര്‍ത്തിക്ക് അഭിനിവേശം മുളക്കുകയും കാര്യം ഗ്രഹിച്ച വിശ്വസ്ത സേവകന്‍ ഉസ്മാന്‍ ഖാന്‍ അവളെ ബലാല്‍ക്കാരേണ ചക്രവര്‍ത്തിയുടെ സന്നിധിയില്‍ എത്തിക്കുന്നിടത്തുമാണ് കവിതയുടെ തുടക്കം. 'ഒരു നായര്‍ സ്ത്രീയും മുഹമ്മദീയനി'ല്‍ അമ്പലത്തില്‍ പോവുന്നവളെയാണ് മുഹമ്മദീയന്‍ റാഞ്ചുന്നതെങ്കില്‍ ഇക്കവിതയില്‍ ഉസ്മാന്‍ ഖാന്‍ ക്ഷേത്രത്തില്‍നിന്ന് മഞ്ചലില്‍ കയറി വീട്ടിലേക്കു തിരിച്ചു പോവുന്ന ഹിന്ദു സ്ത്രീയെ മഞ്ചല്‍ക്കാരെ സ്വാധീനിച്ചു തട്ടിക്കൊണ്ടു പോവുകയാണ്.20 ഈ കവര്‍ച്ചക്കു പത്തുനാള്‍ മുമ്പു ഒരു യാത്രക്കിടയില്‍ കണ്ണാടി മാളികയില്‍ അവളുടെ മുഖം ശരത്കാല മേഘങ്ങള്‍ക്കിടയില്‍ ചാന്ദ്രബിംബം പോലെ കണ്ട ചക്രവര്‍ത്തി സ്വര്‍ഗീയാരമത്തിലെ പൂവെന്ന് കരുതി മോഹിക്കുകയും നെടുവീര്‍പ്പിടുകയും ചെയ്തത് അറിഞ്ഞുകൊണ്ടായിരുന്നു ഉസ്മാന്‍ ഖാന്റെ ഈ ചെയ്തി. എന്നാല്‍ തന്റെ മുന്നിലെത്തിയ യുവതി മറ്റൊരാളുടെ ഭാര്യയും അയാളില്‍ ദൃഢാനുരാഗമുള്ളവളുമാണെന്നു മനസ്സിലാക്കുന്ന ഹുമയൂണ്‍ അവളെ പോവാന്‍ അനുവദിക്കുകയും ഉസ്മാന്‍ഖാനെ തുറുങ്കിലടക്കാന്‍ കല്‍പിക്കുകയും ചെയ്യുന്നു. പക്ഷേ 'മര്‍ത്ത്യനു കൈപ്പിഴ ജന്മസിദ്ധം' എന്നു മൊഴിഞ്ഞു ഉസ്മാന്റെ മോചനത്തിനുവേണ്ടി ചക്രവര്‍ത്തിയോട് അപേക്ഷിക്കുകയാണ് ആ 'ഭാരതസ്ത്രീ' ചെയ്യുന്നത്. അഭ്യര്‍ഥന മാനിച്ചു സേവകനെ കാരാഗൃഹത്തില്‍ നിന്നു മോചിപ്പിക്കുന്ന ഹുമയൂണ്‍ അഛന്‍ മകളെ അണിയിക്കുന്ന കണക്കെ തന്റെ മണിമാല്യം അവളില്‍ ചാര്‍ത്തുന്നതോടെ കവിത അവസാനിക്കുന്നു.
മലയാള കാവ്യശാഖയില്‍ മതസൌഹാര്‍ദത്തിന്റെ കെട്ടുറപ്പില്‍ ഇടശ്ശേരിയുടെ 'ഇസ്ലാമിലെ വന്‍മല'യേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്ന ദീപശിഖയായാണ് വള്ളത്തോളിന്റെ ഈ കവിത വിലയിരുത്തപ്പെടുന്നത്. 1921ല്‍ ഏറനാടിന്‍ മണ്ണില്‍ നടന്ന 'വര്‍ഗീയകലാപം' വള്ളത്തോളിന്റെ വീക്ഷണത്തെ ബാധിച്ചില്ലെന്നും, ഈ ലഹളയുടെ മുറിവുകള്‍ പൂര്‍ണമായും ഉണങ്ങുന്നതിനു മുമ്പെ 'ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി' രചിച്ചത് കൊണ്ടാടത്തക്ക സഹിഷ്ണുതബോധമാണെന്നും സിദ്ധാന്തീകരിക്കപ്പെടുന്നുണ്ട് (ശങ്കരന്‍ തെരഞ്ഞെടുത്ത സാഹിത്യ പ്രബന്ധങ്ങള്‍ 1981 പേജ് 245). എന്നാല്‍ ഹുമയൂണ്‍, ഉസ്മാന്‍ഖാന്‍ എന്നീ പ്രതിഷ്ഠിക്കപ്പെട്ട മുസ്ലിം വിഭിന്നതകള്‍ക്കിടയിലാണ് 'ഭാരതസ്ത്രീ' നിലകൊള്ളുന്നത്. അഥവാ, ഉസ്മാന്‍ഖാന്‍ എന്ന 'മാപ്പിള'യും ഹുമയൂണ്‍ എന്ന 'ദേശീയമുസ്ലി'മും. ഒന്നുകൂടി വ്യക്തമാക്കിയാല്‍ നല്ല മുസ്ലിം/ചീത്ത മുസ്ലിം എന്ന ദ്വന്ദത്തിലാണിത് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ കൌശലവും ചതിയും കൈമുതലാക്കി അധികാരസ്ഥാനങ്ങളെ പ്രീണിപ്പിച്ചു തന്‍കാര്യം കാണുന്ന സ്വാര്‍ഥ രൂപമാണ് ഉസ്മാന്‍. നമ്മുടെ ദേശീയ ഭാവനയില്‍ ഒരപരസ്ഥാനം കൈയാളുന്ന ഇസ്ലാമിന്റെ മുഴുനീള പ്രതിനിധാനമാണയാള്‍. അവന്‍ ഇന്ത്യന്‍ ദേശീയതയിലെ ഒരു മുസ്ലിം അപവാദമല്ല, പ്രത്യുത ഒരു മായാത്ത വസൂരിക്കലയാണ്.
ഉസ്മാന്‍ഖാനെക്കുറിച്ചുള്ള കവിതയിലെ വള്ളത്തോള്‍ ഭാവന ബ്രിട്ടീഷ് മലബാറില്‍ നിന്നാണ് ചിറകടിച്ചുയരുന്നത്. മലബാര്‍ കലാപാനന്തരമുള്ള ഹിന്ദു-മുസ്ലിം ജീവിതത്തിന്റെ പ്രാതിനിധ്യം ഈ കവിതയില്‍ കടന്നുവരിക സ്വാഭാവികം. കാരണം, 1834 മുതല്‍ 1921 വെരയാണ് മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ അരങ്ങേറുന്നത്. സാഹിത്യമഞ്ജരി നാലാം ഭാഗത്തില്‍ ചേര്‍ക്കപ്പെട്ട 'ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി' എഴുതപ്പെടുന്നത് 1923 കാലയളവിലാണ്. മലബാര്‍ ലഹളയുടെ ഘട്ടത്തില്‍ ജന്മികുടുംബത്തിലുള്ള ഉയര്‍ന്ന ജാതിയില്‍പെട്ട സ്ത്രീകള്‍ അവമതിക്കപ്പെട്ടതും മതംമാറ്റത്തിന് വിധേയരായി എന്നുള്ള വാര്‍ത്തകളും മാപ്പിളമാര്‍ അക്രമികളാണെന്ന ധാരണയും കൊളോണിയല്‍ ആശ്രിത സവര്‍ണ ദേശീയ പൊതുബോധത്തില്‍ പ്രതിഫലിക്കപ്പെട്ടിരുന്നു. സാമ്രാജ്യചരിത്രകാരന്മാരും രാഷ്ട്രീയ സംവിധാനങ്ങളും ചേര്‍ന്ന് ഓറിയന്റലിസത്തില്‍ വേരുകളുള്ള ഈ ഇമേജ് സൃഷ്ടിച്ചെടുത്തപ്പോള്‍ വള്ളത്തോളിലും അത്തരം ഭാവനകള്‍ ചിറകുവിടര്‍ത്തിയിട്ടുണ്ടാകും. ദേശീയ വ്യവഹാരം പടച്ചുണ്ടാക്കിയ മലബാറിലെ അക്രമികളായ മാപ്പിളമാരുടെ ഉത്തരേന്ത്യയിലെ വടിവൊത്ത ശരീര മാതൃകയാണ് ഉസ്മാന്‍ഖാന്‍. മാപ്പിള എന്ന ഈ പ്രാദേശികസ്വത്വം പുരോഗമിച്ച് എത്തിപ്പെടുന്ന ദേശീയസ്വത്വമായാണ് വള്ളത്തോള്‍ ഹുമയൂണ്‍ ചക്രവര്‍ത്തിയെ കടഞ്ഞെടുക്കുന്നത്. ദേശീയ വ്യവഹാരത്തില്‍ ഇടംപിടിച്ചുപോയ മുസ്ലിമിന്റെ അവമതിക്കപ്പെട്ട ഇമേജിന്റെ മാപ്പുസാക്ഷിയാണ് ഹുമയൂണ്‍. അദ്ദേഹത്തിന്റെ വാക്കില്‍ ചതിയില്ല. തന്റെ മുന്നില്‍ വന്നുപെട്ട യുവതിയുടെ സൌന്ദര്യത്തില്‍ മനമിളകിപ്പോകുന്നുണ്ടെങ്കിലും നിലവിട്ട വിടത്വം അവിടെ കാണാനില്ല.
'ഭദ്രേ ഭവതിക്കു സമ്മതം താനല്ലി
ഭക്തനാമെന്നുടെ ദേവീപദം?'
എന്നു സമ്മതമാരായാന്‍ പോന്ന ഹൃദയ വിശാലതയും അദ്ദേഹത്തിനുണ്ട്. മാത്രമല്ല, മലബാറിലെ മാപ്പിളമാരുടെ ചെയ്തികള്‍ക്ക് അതിലുമെത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് അരങ്ങേറിയ ഈ കാവ്യ സംഭാഷണത്തിലൂടെ ഹുമയൂണ്‍ മാപ്പു ചോദിക്കുന്നു:
'മങ്കേ കരയായ്ക മാലോകര്‍ കണ്ണീരെന്‍-
ചെങ്കോലി താഴിയിലേക്കൊഴുക്കും!
മാപ്പിളമാര്‍ ചെയ്ത തെറ്റു മറന്നുനീ
മാപ്പി ഹുമയൂണിന്നേകിയാലും!'
എന്നു ചക്രവര്‍ത്തി പറയുന്നതോടെ മലബാര്‍ സമരവേളയില്‍ സംഭവിച്ചെന്ന് പ്രചരിപ്പിക്കപ്പെട്ട ഹിംസകള്‍ക്ക് സാധൂകരണം നല്‍കുകയാണ്. ഇവിടെ 'മാപ്പിള' എന്ന പ്രയോഗം വള്ളത്തോളിന്റെ അബോധത്തിലെ മലബാര്‍ പ്രതിനിധാനം നേരിട്ടു പ്രകടമാക്കുന്നുണ്ടെന്നാണ് പി. പവിത്രന്റെ വിലയിരുത്തല്‍ (പവിത്രന്‍ മാപ്പിളമാരുടെ ഭാവശുദ്ധി 2007 പേജ് 71). കവിതയില്‍ കവി ഹുമയൂണ്‍ ചക്രവര്‍ത്തിയെയും അദ്ദേഹത്തിന്റെ മുന്നില്‍ ആനയിക്കപ്പെടുന്ന സ്ത്രീരത്നത്തേയും ഒരുപോലെ ആദര്‍ശവല്‍കരിച്ചു ചിത്രീകരിച്ചു എന്നതു കാവ്യാക്ഷരങ്ങളുടെ ഉപരിതല സ്പര്‍ശിയായ ഒരു വാദം മാത്രമാണ്. സൂക്ഷ്മ വായനയില്‍ മനസ്സിലാവുക ഹിന്ദു സ്ത്രൈണ ഉടലിന്റെ പ്രഭയില്‍ മനമിടറിപ്പോകുന്ന ഹുമയൂണ്‍ ചക്രവര്‍ത്തിയും ഈ ഭാരതീയതയുടെ അപരം തന്നെയാണെന്നാണ്. ഇരട്ട സ്വത്വങ്ങള്‍ പേറുന്ന ഹുമയൂണും ഉസ്മാനും ദേശീയതയുടെ പുറമ്പോക്കില്‍ അന്തിച്ചു നില്‍ക്കുമ്പോള്‍ ഹിന്ദു നായര്‍ സ്ത്രീ ദേശീയതയുടെ പുണ്യഭൂമിയില്‍ പീഠവല്‍ക്കരിക്കപ്പെടുന്നു. അതിനുമപ്പുറത്ത് അവള്‍ തന്നെ ദേശസംസ്കാരമായി മാറുന്നു. ഈ ഹിന്ദു യുവതിയിലൂടെ ഉസ്മാന്‍ സ്വാതന്ത്യ്രത്തിന്റെ ഉഛാസവായുവും ഹുമയൂണ്‍ ചക്രവര്‍ത്തി കാമാതുരതയില്‍നിന്ന്  മോചനവും നേടിയെടുക്കുന്നു.
കൊളോണിയല്‍ ആധുനികതയെ അഭിമുഖീകരിക്കാന്‍ തയാറായ വള്ളത്തോളിന് അര്‍ഥ ശാസ്ത്രങ്ങളിലും കാമസൂത്രങ്ങളിലും പാര്‍പ്പുറപ്പിച്ച ഭാരതസ്ത്രീയെ കൈയൊഴിഞ്ഞു അധുനികതയുടെ ഗാര്‍ഹികത്തളങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ട സ്ത്രീ സങ്കല്‍പത്തെ കണ്ടെടുക്കേണ്ടതുണ്ടായിരുന്നു. ഈ നായിക പദവിയുടെ ശരീരത്തില്‍ പൂത്തുലഞ്ഞുനിന്ന സംസ്കാരമാണ് പാതിവ്രത്യം. അതായത് മാംസനിബദ്ധമായ കേരളീയ നായര്‍സ്ത്രീ ചരിത്രത്തെ മറച്ചുവെച്ച് കൃത്രിമമായി നിര്‍മിച്ചെടുത്ത ഒരു സദാചാര ശില്‍പം. കുലീനയും ഗാര്‍ഹികതയുടെ കേന്ദ്രവുമായ ഇത്തരമൊരു പെണ്‍രത്നമാണു വള്ളത്തോള്‍ കവിതകളില്‍ പ്രശോഭിക്കുന്നത്. നവോത്ഥാന സ്ത്രീത്വത്തിന്റെ ഈ വെള്ളിവെളിച്ചത്തിന്‍ നിഴലില്‍ തറഞ്ഞുപോയ പ്രതീകങ്ങളായി മുഹമ്മദീയനും ഉസ്മാനും ഹുമയൂണും ന്യൂനീകരിക്കപ്പെടുന്നു. ദേശീയ പ്രസ്ഥാനത്തിലെ സവര്‍ണധാര പൊടിതട്ടിയെടുത്ത ഈ സാങ്കല്‍പിക ബിംബങ്ങളെ ഭാരതീയ സംസ്കാരത്തിന്റെ തിരുമുറ്റത്തു പറിച്ചു നട്ടതിലൂടെ വള്ളത്തോള്‍ എത്തിച്ചേര്‍ന്നതു നവോത്ഥാനത്തിലും ദേശീയതയിലും ദമനം ചെയ്യപ്പെട്ട വഞ്ചനകളിലായിരുന്നു.
ചുരുക്കത്തില്‍ ഇന്ത്യയിലെ ജാതിസമൂഹങ്ങളെയും ന്യൂനപക്ഷങ്ങളെയും സവര്‍ണരുടെ അധീശവ്യവസ്ഥക്കു കീഴില്‍ എങ്ങനെ കോര്‍ത്തിണക്കാമെന്നും, ബ്രാഹ്മണ്യത്തിന്റെ സാംസ്കാരിക-പ്രതീക വ്യവസ്ഥകളെ മുഴുവന്‍ ജനങ്ങള്‍ക്കുമേല്‍ എങ്ങനെ സ്ഥാപിച്ചെടുക്കാം എന്നുമുള്ള കുടിലാന്വേഷണങ്ങള്‍ ചരിത്രത്തിലെ യാഥാര്‍ഥ്യമാണ്. ദേശീയ പ്രസ്ഥാനത്തിലെ ഇത്തരം ഹിന്ദുമേലാള സമീക്ഷകളെ സ്വാംശീകരിച്ചുകൊണ്ടും വികസിപ്പിച്ചുകൊണ്ടുമാണ് കുമാരനാശാനും വള്ളത്തോളുമടക്കമുള്ള ദേശീയ-നവോത്ഥാന നായകര്‍ രചനാ പ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിട്ടത്. ഇതിനര്‍ഥം ദേശീയത, ദേശീയ പ്രസ്ഥാനം, നവോത്ഥാനം തുടങ്ങി ആധുനിക ഇന്ത്യയെയും കേരളത്തെയും ജ്വലിപ്പിച്ച ചരിത്രത്താളുകളൊക്കെയും വഞ്ചനയായിരുന്നെന്നും അതിന്റെ ശില്‍പികളായ മുന്‍ചൊന്ന കവികളൊക്കെയും സവര്‍ണ മൂരാച്ചികളായിരുന്നുവെന്നും സമര്‍ഥിക്കലല്ല. പ്രത്യുത, അവരുടെ കാവ്യ രചനകള്‍ക്കു ആധാരമായി സ്വീകരിക്കപ്പെട്ട പൊതുബോധവും ഭാവനകള്‍ക്ക് തിരികൊളുത്തിയ ആ കവികളുടെ അബോധവും മുസ്ലിം-കീഴാള വിരുദ്ധമായിരുന്നു എന്നു ബോധ്യപ്പെടുത്തുക മാത്രമാണ്.

(തുടരും)
അടിക്കുറിപ്പുകള്‍
19. മുഗള്‍ ഭരണകര്‍ത്താക്കളോട് എതിരിട്ട് മഹാരാഷ്ട്രത്തില്‍ ഹൈന്ദവഭരണം സ്ഥാപിച്ച ശിവജി അന്നത്തെ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബിന്റെ കല്‍പനയനുസരിച്ച് തന്നോട് യുദ്ധം ചെയ്യാന്‍ വരുന്ന ജയസിംഹനെന്ന ഹിന്ദുരാജാവിനയച്ച കത്താണ് ഈ കവിതയുടെ ഉള്ളടക്കം. മലയിടുക്കുകളിലുള്ള കോട്ടകള്‍ക്കുള്ളില്‍ പാര്‍പ്പുറപ്പിച്ചു തരംനോക്കി മുഗള്‍സേനയെ ആക്രമിച്ചുകൊണ്ടിരുന്ന ശിവജിയെ പരിഹാസമായി വിളിക്കാറുള്ള 'കാട്ടെലി' (ങീൌിമേശി ഞമ) എന്ന പേരാണ് വള്ളത്തോള്‍ തെരഞ്ഞെടുത്തത്. കഠിനമായ വാക്കുകള്‍ ഇസ്ലാമിനെതിരായി വള്ളത്തോള്‍ ഈ കവിതയില്‍ വിന്യസിച്ചിട്ടുണ്ട്.
20. ഹിന്ദു സമുദായത്തില്‍ പെട്ട സുന്ദരിമാരെ വലവീശുന്ന മുഹമ്മദീയരെക്കുറിച്ചുള്ള ഭീതിയും 'ലൌ ജിഹാദി'നെക്കുറിച്ചുള്ള ഭരണകൂടത്തിന്റെയും മുഖ്യധാരാ മാധ്യമങ്ങളുടെയും സമുദായ മേധാവിമാരുടെയും സംഘ്പരിവാര്‍ ഫാഷിസ്റുകളുടെയും വ്യാഖ്യാന കസര്‍ത്തുകളുടെ പ്രാഗ്രൂപം വള്ളത്തോളില്‍ ദര്‍ശിക്കുന്നു എന്ന് ഇ.വി രാമചന്ദ്രന്‍ കണ്ടെത്തുന്നുണ്ട് (രാമചന്ദ്രന്‍ മുസ്ലിം ഭീതിയും ലൌജിഹാദു: വള്ളത്തോള്‍ മുതല്‍ വെള്ളാപ്പള്ളി വരെ 2010 പേജ് 75).

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം