ആദര്‍ശമാറ്റത്തിന് തെക്കും വടക്കുമില്ല
കമ്യൂണിസത്തില്‍നിന്ന് വന്നവര്‍ -2
മ്യൂണിസത്തില്‍ നിന്ന് 'മതം മാറി' വന്ന പ്രസ്ഥാന സുഹൃത്തുക്കളെ ഓര്‍ത്തുവരികയാണല്ലോ. പേരു പറഞ്ഞവരും പറയാത്തവരുമായ ഏതാനും ചിലരെ അല്‍പമൊന്ന് പരിചയപ്പെടുത്തുന്നത് സംഗതമായിരിക്കും.
ഇ.ജെ മമ്മു
കുറ്റ്യാടിക്കടുത്ത വേളം ശാന്തിനഗര്‍ സ്വദേശി. വേളം മഹല്ല് മുതവല്ലിമാരില്‍ ഒരാള്‍ (പ്രമുഖ കുടുംബങ്ങള്‍ക്ക് പാരമ്പര്യത്തില്‍ ലഭിക്കുന്നതാണ് മുതവല്ലി സ്ഥാനം). ചെറുപ്പം തൊട്ടേ കമ്യൂണിസ്റ് ആശയക്കാരനായ ഇ.ജെ, ഫീല്‍ഡ് വര്‍ക്കര്‍ എന്നതിനേക്കാള്‍, വായിച്ചു പഠിച്ച കമ്യൂണിസ്റ് യുവ ബുദ്ധിജീവിയായിരുന്നു. അതേസമയം, പ്രാദേശിക തലത്തില്‍ പാര്‍ട്ടിനേതാവ് തന്നെ. മതപാരമ്പര്യത്തില്‍ 'സുന്നി' ആയിരുന്നെങ്കിലും അതിലൊന്നും ഉള്ളാലെ വിശ്വാസമുണ്ടായിരുന്നില്ല. സുന്നി പോയിട്ട് മതം തന്നെ മനസ്സില്‍ ആടിയുലഞ്ഞുകഴിഞ്ഞിരുന്നു. 'പുതിയ വായന' അതുണ്ടാക്കിയില്ലെങ്കിലേ പുതുമയുള്ളൂ. എങ്കിലും പള്ളിക്കാരണവരാണല്ലോ. ആചാരമര്യാദകളൊക്കെ പതിവിന്‍പടി നടന്നും നടത്തിച്ചും പോന്നു. മാല മൌലൂദാതികള്‍ മുറപോലെ. പിന്നെ, പാര്‍ട്ടി വളര്‍ത്താനും ഇതൊക്കെ ഒരാവശ്യമായിരുന്നു (ഇതെന്നോട് സുഹൃത്ത് 'സ്വകാര്യം' പറഞ്ഞതാണ്).
വടകര-കുറ്റ്യാടി ഉള്‍പ്പെട്ട കുറുമ്പ്രനാട് താലൂക്കില്‍- എന്നുവേണ്ട കേരളമൊട്ടുക്കും- കമ്യൂണിസം തീജ്വാലയായി ആളിപടര്‍ന്ന കാലഘട്ടം. ഇ.ജെയെപ്പോലെ വായനാശീലമുള്ളൊരു വിമോചന മനസ്സ് ആ വിപ്ളവാഗ്നിയില്‍ എടുത്തു ചാടാതിരിക്കാന്‍ കാരണങ്ങളൊന്നുമില്ല. സംഭവിച്ചതും അതുതന്നെ.
അതിനിടെയാണ് കുറ്റ്യാടി മേഖലയില്‍ ഒരു സമാന്തര രേഖപോലെ ജമാഅത്തെ ഇസ്ലാമിയിലൂടെ മറ്റൊരു 'ഇസം' (ഇസ്ലാമിസം) കടന്നുവരുന്നത്. പിന്നെ നടന്നത് ഒരു ആദര്‍ശസംഘട്ടനമാണ്. ഇസ്ലാമും കമ്യൂണിസവും തമ്മില്‍ സൌഹൃദാന്തരീക്ഷത്തിലുള്ള സംവാദ പരമ്പരകള്‍. എന്നാല്‍, ഇത് മത മൌലവിമാര്‍ തമ്മില്‍ നടക്കുന്ന തരത്തിലുള്ളതല്ല. റഷ്യയില്‍ ദൈവമുണ്ടോ, ചൈനയില്‍ മതമുണ്ടോ എന്ന തലത്തിലുള്ളതുമല്ല. രണ്ടു ഭിന്ന ജീവിത ദര്‍ശനങ്ങള്‍ തമ്മില്‍ നടന്ന മുഖാമുഖങ്ങളായിരുന്നു അത്. ഇസ്ലാമിന്റെ സമ്പൂര്‍ണ സങ്കല്‍പത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍, മുസ്ലിംകള്‍ക്കിടയിലെങ്കിലും കമ്യൂണിസം ശരിക്കും വിയര്‍ക്കുകയായിരുന്നു.
ഇതൊക്കെ, പഠിച്ചും നിരീക്ഷിച്ചും കൊണ്ട് ഒരന്വേഷണ കുതുകി രംഗത്തും മറയത്തും നില്‍പുണ്ടായിരുന്നു. കമ്യൂണിസത്തിനൊപ്പം ഇസ്ലാമിനെയും അദ്ദേഹത്തിനു മാറിമാറി വായിക്കേണ്ടി വന്നു. ഇതിനിടയിലെവിടെയോ ആണ്, ഇ.ജെയില്‍നിന്ന് എനിക്കൊരു 'സന്ദേശം' ലഭിക്കുന്നത്. അതില്‍ എനിക്ക് ഭീതിയും പ്രീതിയും ഉണ്ടായിരുന്നു. ആശങ്കകള്‍ക്ക് വിടനല്‍കി ഞാനത് സന്തോഷപൂര്‍വം സ്വാഗതം ചെയ്തു. നിശ്ചിത ദിവസം ഞാനദ്ദേഹത്തെ ചെന്നുകണ്ടെങ്കിലും മറ്റെന്തോ പ്രതിബന്ധങ്ങളാല്‍ സംവാദം അന്ന് നടന്നില്ല. മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കേണ്ടി വന്നു.
ഒരു ഇടവേളക്ക് ശേഷം ഇ.ജെയും കൂട്ടുകാരും ഒരു മഗ്രിബ് നമസ്കാരാനന്തരം ആയഞ്ചേരിയിലെ എന്റെ വീട്ടില്‍ തികച്ചും അവിചാരിതമായി കയറി വരുന്നു (ഫോണ്‍ ബന്ധങ്ങളൊന്നും ഇല്ലാത്ത കാലമാണെന്നറിയാമല്ലോ. യോഗത്തില്‍ ഉച്ചഭാഷിണി ഉണ്ടായിരിക്കുമെന്ന് നോട്ടീസില്‍ അച്ചടിക്കുന്ന കാലം!).
വന്ന കാര്യം വാഗ്ദത്ത 'വാദപ്രതിവാദം' തന്നെ ആയിരിക്കുമെന്നതില്‍ എനിക്ക് ഒരു സംശയവും വേണ്ടതില്ല. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം ഞാനത് സൂചിപ്പിക്കുകയും ചെയ്തു: "നമുക്ക് വിഷയത്തിലേക്ക് കടക്കുകയല്ലേ?'' ഇ.ജെയുടെ മറുപടി തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. "എന്തുവിഷയം! അതൊക്കെ കഴിഞ്ഞു. ഞാനുമായി സംവാദം ഞാന്‍ തന്നെ നടത്തി. വാദിക്കാന്‍ വേണ്ടി വായിച്ച പ്രസ്ഥാന സാഹിത്യങ്ങള്‍ എനിക്ക് വഴികാട്ടി. ഞങ്ങളിപ്പോള്‍ വന്നത് വേളത്ത് പ്രസ്ഥാനത്തിന്റെ ഒരു പ്രാദേശിക ഹല്‍ഖ രൂപീകരിക്കേണ്ട കാര്യത്തിലേക്കാണ്.'' പിന്നെ ചിത്രമാകെ മാറി. അരണ്ട മണ്ണെണ്ണ വിളക്കിനു ചുറ്റും ദീനിന്റെ പ്രകാശം പരക്കുകയായിരുന്നു. പ്രഥമ ഘട്ടത്തില്‍ ജമാഅത്ത് ഹല്‍ഖ വേണ്ടെന്നും 'നാസിറുല്‍ അനാം' എന്ന പ്രാദേശിക സംഘടനക്ക് രൂപം നല്‍കാമെന്നും തീരുമാനിച്ചാണ് ഇ.ജെയും സംഘവും പിരിഞ്ഞത്. ആ ബന്ധം അന്ത്യം വരെ തുടര്‍ന്നു.
ഇ.ജെ നല്ല വായനക്കാരനാണെന്ന് പറഞ്ഞല്ലോ. കേരളത്തില്‍ ജമാഅത്തെ ഇസ്ലാമി വരും മുമ്പേ നല്ല മലയാളത്തില്‍ മൊഴിമാറ്റം ചെയ്ത മൌദൂദി സാഹിബിന്റെ മുത്തഹിദഃ ഖൌമിയ്യത്ത് എന്ന പുസ്തകത്തിന്റെ കോപ്പി ഇ.ജെയുടെ കൈയിലാണ് ഞാന്‍ കണ്ടത്. പ്രശസ്ത ഉര്‍ദു പണ്ഡിതനായ മലപ്പുറത്തെ എസ്.എം സര്‍വര്‍ അത് വിവര്‍ത്തനം ചെയ്തത് മുസ്ലിംലീഗ് രാഷ്ട്രീയത്തിനു സഹായകരമെന്ന് കണ്ടാവണം. കോണ്‍ഗ്രസ്സിന്റെ ഏക സംസ്കാരവാദത്തെ പുസ്തകം നിശിതമായി നിരൂപണം ചെയ്തിരുന്നു.
ഇ.ജെയില്‍ ഒരു കവിയും ഉണ്ടായിരുന്നു. ഒരു കവിതയുടെ തുടക്കം ഇങ്ങനെ:
നേരം പോയ്, നേരം പോയ്
നേരിനു നേരെ തിരിഞ്ഞു നടക്കാന്‍
നേരം പോയ്, നേരം പോയ്
നേരറിവിന്റെ ഒരു ഉപാസകനെ ഇവിടെ കണ്ടെത്താം. കുറിക്ക് കൊള്ളുന്ന നര്‍മങ്ങള്‍- വേണ്ടിവന്നാല്‍ കുത്തുവാക്കുകളും- ഇ.ജെയുടെ നാക്കിന്‍ തുമ്പത്തുണ്ടായിരുന്നു. ഒരിക്കല്‍, ഒരു സുന്നി ജമാഅത്ത് നാട്ടുവര്‍ത്തമാനത്തിനിടെ, പ്രദേശത്തെ പ്രമാണി മൂപ്പന്‍ അരിശം മൂത്ത് മമ്മുവിനോട് പറഞ്ഞു: "നിന്റെ വാപ്പ........ യെ എനിക്കറിയാമെടോ.'' ഉടന്‍വന്നു മറുപടി: "നിങ്ങളുടെ വാപ്പയെ എനിക്കറിഞ്ഞുകൂടാ!'' സദസ് മൌനം, മുതലാളി മ്ളാനം.
ഇസ്ലാമിന്റെ സാമൂഹിക നീതിയില്‍ ആകൃഷ്ടനായി പ്രസ്ഥാനത്തില്‍ വന്ന ഇ.ജെ അല്ലാഹുവുമായുള്ള ബന്ധത്തില്‍ തികഞ്ഞ ആത്മീയവാദി ആയിരുന്നു.
ഇ.ജെ വന്ന വഴിയിലൂടെ തന്നെയാണ് അനുജന്‍ ഇ.ജെ കുഞ്ഞബ്ദുല്ല ഹാജിയും വന്നത്. പ്രസ്ഥാനത്തിന് അര്‍പ്പിച്ച ആ ജീവിതം അന്ത്യം വരെ സേവന നിരതമായിരുന്നു. അകാലത്തില്‍ പൊലിഞ്ഞുപോയ ഒരാള്‍ക്ക് വേണ്ടി ഒരു നാട് മുഴുവന്‍ കണ്ണീര്‍ വാര്‍ത്തുവെങ്കില്‍, അത് ആ മനുഷ്യസ്നേഹിക്കുവേണ്ടി ആയിരുന്നു.
ടി.കെ.കെ അബ്ദുല്ല
ആത്മാര്‍ഥതയുള്ള ആദര്‍ശ കമ്യൂണിസത്തിന്റെ ആദ്യകാല പ്രതിരൂപമായിരുന്നു സഖാവ് ടി.കെ.കെ അബ്ദുല്ല. കമ്യൂണിസം അദ്ദേഹത്തിനു 'ദീനും ഈമാനു'മായിരുന്നു. ഇതിനു തെളിവായി കട്ടിയുള്ള ഉദ്ധരണികളൊന്നും വേണ്ട. ഒരു നുറുങ്ങ് നേരമ്പോക്ക് മതി. ഞാനും ടി.കെ.കെയും കുറ്റ്യാടി സ്റാന്റില്‍ ബസ് കാത്ത് നില്‍ക്കുന്നു. ബസ് വരാന്‍ സമയമുള്ളതിനാല്‍ ഞങ്ങള്‍ വര്‍ത്തമാനത്തിലേക്ക് കടന്നു. വരാനുള്ള കമ്യൂണിസ്റ് സ്വര്‍ഗരാജ്യത്തെക്കുറിച്ച് ടി.കെ.കെ വാചാലനായി. സഖാവിന്റെ ദുനിയാവിലെ സ്വര്‍ഗരാജ്യം മതത്തിലെ പരലോക സ്വര്‍ഗരാജ്യത്തേക്കാള്‍ ഒട്ടും മോശമല്ലെന്ന് എനിക്ക് ബോധ്യമായിക്കൊണ്ടിരുന്നു. ഒരു ഉടക്ക് വെക്കാമെന്ന് കരുതി, ഞാനൊരു കുടുക്ക് മസാല എടുത്തിട്ടു: "സുന്ദരിയായ ഒരു യുവതിയെ ഒരേസമയം രണ്ട് യുവാക്കള്‍ ഗാഢമായി പ്രേമിച്ചുപോയി. ഓരോ പേര്‍ക്കും അവളെ സ്വന്തമാക്കണം. കമ്യൂണിസ്റ് സ്വര്‍ഗത്തില്‍ എന്താണ് പ്രതിവിധി?'' ഉടന്‍വന്നു മറുപടി: "ഇതൊക്കെ ജീര്‍ണ മുതലാളിത്തത്തിന്റെ ചാപല്യങ്ങളാണ്. ഇപ്പറഞ്ഞ ഇരട്ട പ്രേമമൊന്നും കമ്യൂണിസത്തില്‍ സംഭവ്യമേ അല്ല.'' എനിക്ക് തോല്‍ക്കാനേ പറ്റുമായിരുന്നുള്ളൂ. ഇഹലോകത്തേക്കാള്‍ പ്രധാനം പരലോകമാണെന്ന ജമാഅത്ത് മതം അപകടകരമാണെന്നു ടി.കെ.കെ എവിടെയോ എഴുതിയതായി ഓര്‍ക്കുന്നു. പരലോക വിശ്വാസം അധ്വാനവര്‍ഗത്തിന്റെ സമരവീര്യം തകര്‍ക്കുമെന്നായിരുന്നു സഖാവിനു പേടി. ഇവ്വിധമൊരു കമ്യൂണിസ്റ് വിശ്വാസി യഥാര്‍ഥ ഇസ്ലാമായി മാറി എന്നത് വസ്തുതയാണെങ്കിലും ഇതെങ്ങനെ സംഭവിച്ചുവെന്നത് ദുരൂഹമായി തോന്നാം. സംവാദ സഹവാസങ്ങളുടെ സ്വാധീനമൊക്കെ സമ്മതിച്ചാലും അല്ലാഹുവിന്റെ തൌഫീഖ് എന്ന അദൃശ്യഘടകം അനിഷേധ്യമാണ്.
ടി.കെ.കെയുടെ മാറ്റം അധികമാര്‍ക്കും- പ്രത്യേകിച്ച് പാര്‍ട്ടിക്കാര്‍ക്ക്- അറിയാത്തതാണെന്ന് സൂചിപ്പിച്ചുവല്ലോ. എന്നാല്‍, കുറ്റ്യാടി ഇസ്ലാമിയാ കോളേജ് വാര്‍ഷികത്തോടനുബന്ധിച്ച് ടി.കെ.കെ പ്രസിദ്ധീകരിച്ച ലഘുലേഖ സ്വയം സംസാരിക്കുന്ന സാക്ഷ്യപത്രമാണ്. സുഹൃത്ത് പി. സൂപ്പിയുടെ ഓര്‍മകളിലെ കുറ്റ്യാടിയില്‍ അത് പൂര്‍ണരൂപത്തില്‍ എടുത്ത് ചേര്‍ത്തിട്ടുണ്ട്. പ്രസക്തഭാഗങ്ങള്‍ ചുവടെ: "സ്വാതന്ത്യ്രസമരം നിര്‍ണായക ഘട്ടത്തിലെത്തിയപ്പോള്‍ ലീഗും കോണ്‍ഗ്രസും ശക്തമായ പിണക്കത്തിലായി. ഈ ഘട്ടത്തിലാണ് മൌലാനാ അബുല്‍ അഅ്ലാ മൌദൂദിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലാകെ വളര്‍ന്ന ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം കേരളത്തിലും ആരംഭിച്ചത്. മൌലാനാ മൌദൂദി, ഇന്ത്യ മതപരമായി വിഭജിക്കുന്നത് ശരിയല്ലെന്ന് ശക്തിയായി വാദിക്കുകയും വിഭജനത്തെ എതിര്‍ക്കുകയും ചെയ്തു. അതുതന്നെയായിരുന്നു അബുല്‍കലാം ആസാദിന്റെ നേതൃത്വത്തിലുള്ള ദേശീയ മുസ്ലിംകളുടെയും, ദേശീയ മുസ്ലിംകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മുജാഹിദുകളുടെയും അഭിപ്രായം. ഈ ഘട്ടത്തിലാണ് ജമാഅത്തെ ഇസ്ലാമിയുടെ കേരള നേതാക്കളായ ഹാജി മുഹമ്മദലി സാഹിബും കെ.സി അബ്ദുല്ലമൌലവിയും കുറ്റ്യാടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. അബ്ദുല്ലക്കുട്ടി മൌലവി സാഹിബും ശിഷ്യഗണങ്ങളില്‍ പ്രധാനപ്പെട്ട പലരും ജമാഅത്ത് അനുഭാവികളും പ്രവര്‍ത്തകരുമായി. പി.എം ബാവാച്ചിഹാജി, സ്ഥിരമായി ഇവിടെ മരക്കച്ചവടം നടത്തിയിരുന്ന മര്‍ഹൂം മാമുഹാജി, മര്‍ഹൂം ടി.പി അബ്ദുല്ല മാസ്റര്‍, ടി.കെ മൊയ്തുഹാജി, പുതിയോട്ടില്‍ അബ്ദുര്‍റഹ്മാന്‍ ഹാജി, ഒതയോത്ത് അമ്മദ്, ഇ.ജെ മമ്മു, മേപ്പാട്ട് ആലിക്കുട്ടിഹാജി, മുക്കത്ത് മൊയ്തു, കൈതക്ക മണ്ണില്‍ സൂപ്പിഹാജി, കുളമുള്ളതില്‍ ആലിക്കുട്ടിഹാജി, എം. മൂസസ്സമാസ്റര്‍, കേളോത്ത് അമ്മത്, പി. മമ്മു മാസ്റര്‍, മര്‍ഹൂം ഇ.ജെ കുഞ്ഞബ്ദുല്ല ഹാജി തുടങ്ങിയ തലമുതിര്‍ന്നവരും നിരവധി ചെറുപ്പക്കാരും ജമാഅത്തെ ഇസ്ലാമിയുടെ പരിപാടികള്‍ പഠിക്കുകയും അംഗീകരിക്കുകയുമുണ്ടായി. ഈയവസരത്തിലാണ് കുറ്റ്യാടി മദ്റസത്തുല്‍ ഇസ്ലാമിയക്ക് ചുവടൊപ്പിച്ചുകൊണ്ട് ഇപ്പോള്‍ അറബിക് കോളേജ് സ്ഥിതി ചെയ്യുന്നതും ബാവാച്ചിഹാജി സ്വന്തമായി നല്‍കിയതുമായ സ്ഥലത്ത് ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വപരമായ പങ്കോടുകൂടി ഹയര്‍ ക്ളാസുകള്‍ കൂടിയുള്ള മദ്റസ ഉയര്‍ന്നുവന്നതും. അതാണ് പിന്നീട് അറബിക് കോളേജും അനുബന്ധമായ ബനാത്തുമായി, ഉയര്‍ന്ന തരത്തിലുള്ള മതവിദ്യാഭ്യാസ നേതൃത്വവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കിപോന്നത്. 1959ലെ രജിസ്ട്രേഡ് രേഖപ്രകാരം സ്ഥാപനം കേരള ജമാഅത്തെ ഇസ്ലാമിയെ ഏല്‍പിച്ചുകൊടുക്കുകയുണ്ടായി.
ഇസ്ലാമിയാ കോളേജിന്റെ നേതൃത്വപരമായ പങ്കിലും ജനങ്ങളുടെ കക്ഷിവ്യത്യാസം മറന്നുകൊണ്ടുള്ള പരിശ്രമത്തിലുമാണ് ഗവണ്‍മെന്റ് നിലവാരത്തില്‍ കുറ്റ്യാടി സെക്കന്ററി സ്കൂളും സ്ഥാപിതമായത്.
ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനം നാട്ടില്‍ പൊതുവിലും സമുദായത്തിന് പ്രത്യേകിച്ചും അനിഷേധ്യമായ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഹാജി മുഹമ്മദലി സാഹിബിനും കെ.സി അബ്ദുല്ല ഹാജിക്കും പുറമെ ഇന്നാട്ടില്‍ സ്ഥിരതാമസമാക്കി പ്രവര്‍ത്തിച്ച ടി.കെ അബ്ദുല്ലമൌലവി സാഹിബിന്റെ പങ്കും പരമപ്രധാനമാണ്. 1925ല്‍ ഹാജി എം. അബ്ദുല്ലക്കുട്ടി മൌലവി സാഹിബ് വഹിച്ച പങ്കാണ് 1950ന് ശേഷം ജമാഅത്തെ ഇസ്ലാമി വഹിച്ചത്.
ജമാഅത്തിന്റെ പ്രവര്‍ത്തനഫലം തന്നെയാണ് കുറ്റ്യാടി ജുമുഅത്ത് പള്ളിയുടെ പുനര്‍നിര്‍മാണം മഹത്തരമാക്കിയത്. അറബിക് കോളേജിനോടനുബന്ധിച്ച പള്ളിയും പുഴക്കല്‍ സ്രാമ്പിയുടെ കാര്യവും എടുത്തു പറയേണ്ടതാണ്. കുറ്റ്യാടി മര്‍ഹൂം മുക്കത്ത് ആലിക്കുട്ടി സാഹിബിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച അങ്ങാടി പള്ളി പുനര്‍നിര്‍മിതമായതും സജീവ പ്രാര്‍ഥനാലയമായി തുടരുന്നതും ജമാഅത്തെ ഇസ്ലാമിയും മുജാഹിദും ഒത്തുപിടിച്ചതുകൊണ്ടാണ്.
സത്യാവസ്ഥ മനസ്സിലാക്കുന്ന ആരും ഇതൊന്നും നിഷേധിക്കുകയില്ല.
മുസ്ലിംകള്‍ തമ്മില്‍ ചില കാര്യങ്ങളില്‍ ആശയപരമായും നയപരമായും അഭിപ്രായവ്യത്യാസമുണ്ടെന്ന സത്യം അംഗീകരിച്ചുകൊണ്ടു തന്നെ കലിമത്ത് തൌഹീദില്‍ വിശ്വസിക്കുന്നവര്‍ സമുദായത്തിന്റെ ആത്മീയവും ഭൌതികവുമായ ഉയര്‍ച്ചക്ക് വേണ്ടി ഒത്തു പരിശ്രമിക്കണമെന്നാണ് അഭിപ്രായം. ഇസ്ലാമിക ഐക്യത്തിനുവേണ്ടി ത്യാഗപൂര്‍വം പ്രവര്‍ത്തനരംഗത്ത് ഇറങ്ങാന്‍ അഭ്യര്‍ഥിക്കുന്നു.''
(1985ല്‍ കുറ്റ്യാടി ഇസ്ലാമിക് യൂനിറ്റ് സെന്റര്‍ പ്രസിദ്ധീകരിച്ച ലഘുലേഖ)
നിണമണിഞ്ഞ മണ്ണില്‍നിന്ന്
പുന്നപ്ര-വയലാറിന്റെ ചോരപ്പാടുകളില്‍നിന്നും കുട്ടനാടിന്റെ പാടശേഖരങ്ങളില്‍നിന്നും വിപ്ളവത്തിന്റെ ചൂടേറ്റ് കമ്യൂണിസത്തെ നെഞ്ചേറ്റിയ ഒരു കൂട്ടം യുവകേസരികള്‍ പില്‍ക്കാലത്ത് ഇസ്ലാമിക പ്രസ്ഥാനത്തിന്റെ കണ്ണും കരളുമായി മാറിയ ആവേശകരമായ അനുഭവം പഠിപ്പിക്കുന്നത്, മാറ്റത്തിനു തെക്കും വടക്കുമില്ലെന്നാണ്. ആലപ്പുഴ യൂസുഫ് സാറിനും ഹസന്‍ ബാവ മാസ്റര്‍ക്കുമൊപ്പം നീര്‍ക്കുന്നം അബ്ദുല്‍അസീസിന്റെ പേരും ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. യൂസുഫ് സാര്‍ ആലപ്പുഴ മുന്‍സിപ്പല്‍ കൌണ്‍സിലറോ വൈസ് ചെയര്‍മാനോ ആയിരുന്നതായി അറിയാം. പി.ടി തോമസിനെയും ഗൌരി അമ്മയെയും പോലുള്ള നേതാക്കളുടെ തണലില്‍ തൊഴിലാളി വര്‍ഗ സമരത്തിലൂടെ വളര്‍ന്നുവന്ന കമ്യൂണിസ്റ് വിപ്ളവകാരി, പിന്നീട് ഖുര്‍ആന്‍ വാക്യങ്ങളുദ്ധരിച്ച് ജീവിതത്തിന്റെ മൌലിക യാഥാര്‍ഥ്യങ്ങള്‍ ഘോഷണം ചെയ്യുന്ന വാഗ്മിയായി മാറിയതിന് യൂസുഫ് സാര്‍ ഒറ്റപ്പെട്ട ഉദാഹരണമല്ല. ജീവിതാന്ത്യത്തില്‍ ശയ്യാവലംബിയായപ്പോള്‍ നീര്‍ക്കുന്നം അസീസും സുഹൃത്തുക്കളും വീട് സന്ദര്‍ശിച്ച സന്ദര്‍ഭം. വര്‍ത്തമാനങ്ങള്‍ക്കിടെ യൂസുഫ് സാറിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. അദ്ദേഹം പറഞ്ഞു: "എന്റെ രോഗാവസ്ഥ ഓര്‍ത്താണിതെന്ന് നിങ്ങള്‍ ധരിച്ചേക്കാം. സംഗതി മറ്റൊന്നാണ്. യൌവനത്തിന്റെ ചോരത്തിളപ്പ് അബദ്ധ സരണികളില്‍ നഷ്ടമായി. അതിനു പ്രായശ്ചിത്തമായി ദീനീസേവനത്തിനുള്ള അവസരം അധികം ലഭിച്ചില്ല. ആ ഖേദമാണ് ഈ കണ്ണുനീരില്‍....!''
ഹസന്‍ബാവ മാസ്ററെപ്പറ്റി പലേടത്തായി സൂചിപ്പിച്ചു വന്നിട്ടുണ്ട്. ശക്തിയുള്ള ഭാഷയില്‍ ഗൌരവപ്പെട്ട വിഷയങ്ങളുടെ അവതരണം മാസ്ററുടെ കഴിവാണ്. നീര്‍ക്കുന്നം അസീസ് 'വിപ്ളവ'ത്തിനുവേണ്ടി ജയിലില്‍ കിടന്നിട്ടുണ്ട്. 'ഇസ്ലാമിസ്റ്' ആയ ശേഷം ലക്ഷണമൊത്ത ദീനീപ്രവര്‍ത്തകന്‍. നേതാക്കളൊക്കെ പരിപാടിക്ക് നീര്‍ക്കുന്നത്ത് പോയാല്‍ താമസം അസീസിന്റെ വീട്ടില്‍ കട്ടായം.
കൂട്ടത്തിലിതാ, മാള മുഹമ്മദ് മൌലവിയുടെ പേരും. കേരള ജമാഅത്ത് മുന്‍ ശൂറാ മെമ്പറും ദീര്‍ഘകാലം ജില്ലാ-മേഖലാ നാസിമും ഒക്കെയായ മാള മൌലവിക്കും ചെറുപ്പത്തില്‍ കമ്യൂണിസത്തിന്റെ 'അസ്ക്യത' ഉണ്ടായതായി അറിയുന്നു. അതിശയമില്ല. അദ്ദേഹവും ആലപ്പുഴയിലെ നീര്‍ക്കുന്നത്തുകാരനാണല്ലോ. കായംകുളം ഹസനിയ്യാ അറബിക്കോളേജില്‍ പഠിക്കുന്ന കാലത്താണ് സംഭവം. റഷ്യയിലും ചൈനയിലും ഇസ്ലാമും മുസ്ലിംകളും ഉള്ളതിനു തെളിവായി അറബിയില്‍ അച്ചടിച്ച ചില 'കിതാബുകളും' കൊണ്ടുനടന്നിരുന്നു. സഖാവ് ഇമ്പിച്ചിബാവ അയച്ചുകൊടുത്തതാണ് (ചൈനീസ്-സോവിയറ്റ് പ്രസിദ്ധീകരണങ്ങള്‍). ഒടുവില്‍ സി.എന്‍ അഹ്മദ് മൌലവിയുടെ ചികിത്സയാണ് ഫലിച്ചത്. അദ്ദേഹം അയച്ചു കൊടുത്തത് സ്വന്തം കൃതികളൊന്നുമല്ല, ജമാഅത്ത് മുഖപത്രമായ സാക്ഷാല്‍ പ്രബോധനത്തിന്റെ കോപ്പികള്‍! അത് മര്‍മത്തില്‍ കൊള്ളുകയും ചെയ്തു.
(തുടരും)
Comments