Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 15

സമുദായം വീണു കിടക്കുന്ന ഗര്‍ത്തങ്ങള്‍

ഒ.പി അബ്ദുസ്സലാം

സംസ്‌കരണത്തിന്റെ രീതിശാസ്ത്രം-2

മുന്‍ ലക്കത്തില്‍(17) മുസ്‌ലിം സമുദായം അഭിമുഖീകരിക്കുന്ന ചില ഗുരുതര പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടുകയുണ്ടായി. അതോട് ചേര്‍ത്തുവെക്കേണ്ട വേറെ ചില പ്രതിസന്ധികളാണ് ഈ ലക്കത്തില്‍.

വിവേകത്തെ കുഴിച്ചുമൂടുന്ന
അന്ധമായ അനുകരണഭ്രമം
ഏതു കാര്യത്തിലും ആഴത്തിലുള്ള അറിവും നിഷ്പക്ഷ അന്വേഷണവും വസ്തുനിഷ്ഠവും സ്വതന്ത്രവുമായ പഠനവും വേണമെന്നും, മനുഷ്യനെ നിയന്ത്രിക്കേണ്ടത് അവന്റെ പക്വമായ വിവേകവും സത്യാന്വേഷണത്വരയും ആയിരിക്കണമെന്നും ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. ബുദ്ധി, ചിന്ത, പഠനം, മനനം, ഗവേഷണം, വായന, സഞ്ചാരം തുടങ്ങിയ കാര്യങ്ങളില്‍ പ്രോത്സാഹനവും പ്രേരണയും ഒരുതരം നിര്‍ബന്ധം ചെലുത്തലും നടത്തിക്കൊണ്ട് തന്നെ ഖുര്‍ആനില്‍ തുടരെ തുടരെ ആഹ്വാനങ്ങള്‍ കാണാം.
പണ്ഡിതന്മാര്‍ എത്ര തന്നെ ഉന്നത പദവിയിലുള്ളവരായാലും അവരെ ഒരിക്കലും അന്ധമായി അനുകരിക്കരുതെന്നാണ് ഇസ്‌ലാമിന്റെ ഉറച്ച നിലപാട്. ഊഹങ്ങളെയും മിഥ്യാധാരണകളെയും പിന്‍പറ്റരുതെന്നാണ് ഖുര്‍ആന്‍ അനുശാസിക്കുന്നത്. ''നിനക്ക് അറിഞ്ഞു കൂടാത്ത കാര്യങ്ങളുടെ പിന്നാലെ കൂടാതിരിക്കുക'' (അല്‍ഇസ്‌റാഅ് 36). കാരണം, ഇത്തരം പ്രവണതകള്‍ മനുഷ്യനെ വിശ്വാസപരമായും ചിന്താപരമായും ഷണ്ഡനാക്കും. ഗുരുതരമായ തെറ്റുകളില്‍ ആണ്ടുപൂണ്ട് കഴിയുമ്പോള്‍ താന്‍ സഞ്ചരിക്കുന്ന മാര്‍ഗം എതിര്‍ ദിശയിലേക്കുള്ളതാണെന്ന് മനസ്സിലാക്കാന്‍ പോലും ഈ അനുകരണ ഭ്രമക്കാര്‍ക്ക് കഴിയില്ല. തെറ്റിലകപ്പെട്ട ഈ പാവങ്ങളെ വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് തള്ളുന്നതില്‍ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും കുഴലൂത്ത് നടത്തുന്ന പുരോഹിത വര്‍ഗത്തിനുള്ള പങ്ക് വളരെ വലുതാണ്. മുസ്‌ലിം സാമാന്യ ജനതയെ വഴിതെറ്റിക്കുന്നതിലും അവരില്‍ ബുദ്ധിപരമായ മരവിപ്പ് അടിച്ചുകയറ്റുന്നതിലും പുരോഹിതപ്പട എക്കാലത്തും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. ഇസ്‌ലാമിന്റെ ശോഭനകാലം മാത്രമേ അതിന് അപവാദമായുള്ളൂ. എന്നാല്‍, ഇന്ന് പൗരോഹിത്യം മുമ്പെന്നെത്തേക്കാളും ശക്തവും സംഘടിതവുമാണ്. അവരുടെ സാമ്പത്തിക ഉറവിടം പ്രബലമാണ്. വോട്ടുബാങ്ക് സ്വപ്നം കാണുന്ന രാഷ്ട്രീയ പാര്‍ട്ടികളും മാറിമാറി വരുന്ന ഭരണകൂടങ്ങളും പൗരോഹിത്യത്തെ വെള്ളവും വളവും നല്‍കി വളര്‍ത്തുകയും ചെയ്യുന്നു.

പാശ്ചാത്യരോടുള്ള വിധേയത്വം
ഇത്തിക്കണ്ണികളെ പോലെ പൗരോഹിത്യവും പൗരോഹിത്യത്തോടുള്ള അന്ധമായ വിധേയത്വവും ഒരുഭാഗത്ത്. മറുഭാഗത്ത് സമുദായത്തെ വലയം ചെയ്തത് സകലമാന മാനുഷിക മൂല്യങ്ങളെയും മൊഴിചൊല്ലിയ പാശ്ചാത്യ ചിന്താധാരയും അതിന്റെ ജീവിത സങ്കല്‍പവുമാണ്. മനുഷ്യനെ കേവലം പദാര്‍ഥം മാത്രമായി കാണുന്ന, കറകളഞ്ഞ മതനിരാസത്തെ മാറോട് അണച്ചുപിടിക്കുന്ന പാശ്ചാത്യ ജീവിത ശൈലിയെ ഇഞ്ചോടിഞ്ച് അനുകരിക്കാന്‍ മുസ്‌ലിംകളിലെ പുതിയ തലമുറയില്‍ വലിയൊരു വിഭാഗം ധൈര്യം കാണിച്ചത് മഹാ ദുരന്തം തന്നെയാണ്. അഭ്യസ്തവിദ്യരും ബുദ്ധിജീവികളും സാഹിത്യകാരന്മാരും കലാകാരന്മാരും വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളും ഉയര്‍ന്ന ഉദ്യോഗസ്ഥരുമടക്കം ഒട്ടേറെ മുസ്‌ലിംകള്‍ ഈ ഒഴുക്കിലകപ്പെട്ടു എന്നത് പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നുണ്ട്. പടിഞ്ഞാറ് നിന്ന് കിട്ടുന്നതെന്തും അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന ഒരു അറബിക്കവിയെ ഉദ്ധരിക്കാം: ഏത് സമൂഹത്തേക്കാളും പരിഗണന ദേശത്തിനാണ്, അതിനു വേണ്ടിയാണ് നീ നോമ്പ് എടുക്കേണ്ടതും നോമ്പ് ഒഴിവാക്കേണ്ടതും. അവിശ്വാസമാണ് നമ്മെ ഒന്നിപ്പിക്കുന്നതെങ്കില്‍ ആ അവിശ്വാസത്തിന് സ്വാഗതം, വഴിയെ ലഭിക്കാനിരിക്കുന്ന നരകത്തിന് സ്വാഗതം.
രാജാവിനെ വെല്ലുന്ന രാജഭക്തിയോടെ പാശ്ചാത്യ സംസ്‌കാരത്തിലെ എന്തിനെയും പൂവിട്ട് പൂജിക്കാന്‍ കാത്തുനില്‍ക്കുന്ന സമുദായാംഗങ്ങളുടെ എണ്ണം കൂടിവരികയാണ്. സല്‍മാന്‍ റുശ്ദിയും തസ്‌ലീമ നസ്‌റീനും ഹമീദ് ദല്‍വായിയും അബ്ദുല്‍ റാസിഖും.... അവരില്‍ ചിലര്‍ മാത്രം. ഇങ്ങിവിടെ കേരളത്തിലും മതനിഷേധത്തിന്റെയും അന്ധമായ പാശ്ചാത്യാനുകരണത്തിന്റെയും പടിഞ്ഞാറന്‍ പതിപ്പുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതും, ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെ അവര്‍ നിരന്തരം ഇസ്‌ലാമിനും അതിന്റെ മഹോന്നത പൈതൃകങ്ങള്‍ക്കും നേരെ വിഷലിപ്തമായ ചാട്ടുളികള്‍ എറിഞ്ഞുകൊണ്ടിരിക്കുന്നതും നമുക്കറിയാമല്ലോ.

അജ്ഞതയുടെ ഇരകള്‍
ഒരു കാര്യത്തെക്കുറിച്ച കുറ്റമറ്റതും പൂര്‍ണവുമായ വിവരമില്ലായ്മ അപഥ സഞ്ചാരത്തിന്റെയും ലക്ഷ്യബോധമില്ലായ്മയുടെയും മുഖ്യ അടയാളമായി മനസ്സിലാക്കാം. അഥവാ അജ്ഞത നെറികേടിലേക്കും തെറ്റിലേക്കുമെത്തിക്കുന്ന കവാടമാണെന്ന് ഗ്രീക്ക് ദാര്‍ശനികനായ പ്ലാറ്റോ പറഞ്ഞു. എല്ലാ നിര്‍ഭാഗ്യങ്ങളുടെയും അടിസ്ഥാനം അജ്ഞതയാണ്. സമുദായ ഗാത്രത്തിന് മാരകമായ പ്രത്യാഘാതങ്ങള്‍ ഏല്‍പിക്കുന്ന അജ്ഞതയെ വേരോടെ പിഴുതെറിയുന്നതിന് ശക്തമായ നടപടിക്രമങ്ങള്‍ ഇസ്‌ലാം തുടക്കത്തിലേ ചെയ്തുവെച്ചത് അതുകൊണ്ടാണ്. നബി(സ)ക്ക് ഒന്നാമതായി തന്നെ അവതരിച്ച ദൈവസൂക്തം അജ്ഞതയുടെ നേര്‍വിപരീതമായ അറിവിനെ സംബന്ധിച്ചുള്ളതായിരുന്നല്ലോ.
അജ്ഞതയുള്ളേടത്ത് അരാജകത്വം, തെമ്മാടിത്തം, മൂല്യനിരാസം, പൈശാചികത, ദൈവനിഷേധം, മൃഗീയത, അഹങ്കാരം, സംസ്‌കാരച്യുതി തുടങ്ങിയവ കൊടികുത്തിവാഴും. നമ്മുടെ കവലകളിലും തെരുവോരങ്ങളിലും അലഞ്ഞു നടക്കുന്ന ഒട്ടേറെ ചെറുപ്പക്കാര്‍ അധാര്‍മികതയുടെ അഴുക്കുചാലില്‍ മൂക്കുകുത്തി വീഴാനുള്ള മുഖ്യ ഹേതു അവര്‍ക്ക് ശരിയായ വിദ്യാഭ്യാസവും സംസ്‌കാരവും ലഭിക്കാതെ പോയതാണ്. പണ്ഡിത പ്രമുഖനായ ഇമാം ഖതാദ രേഖപ്പെടുത്തുന്നു: ''മനപ്പൂര്‍വമോ അല്ലാതെയോ സംഭവിക്കുന്ന ഏതുതരം പാപത്തിന്റെയും യഥാര്‍ഥ കാരണം അജ്ഞതയാണെന്ന കാര്യത്തില്‍ സ്വഹാബികള്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നില്ല.''
ആദ്യകാല മുസ്‌ലിംകള്‍ അജ്ഞത നിര്‍മാര്‍ജനം ചെയ്യുന്നതിന് ആരേക്കാളും മുമ്പിലായിരുന്നു. നബിയുടെ അധ്യാപനങ്ങള്‍ മുറ തെറ്റാതെ കേട്ടു പഠിക്കുകയും മനസ്സിലാവാത്തത് ചോദിച്ചറിയുകയും ചെയ്തിരുന്നു. അവര്‍ സദാ പ്രാര്‍ഥിക്കാറുണ്ടായിരുന്നു: ''നാഥാ, നീ ഞങ്ങളെ അജ്ഞതയില്‍ നിന്ന് രക്ഷിക്കണേ.'' അങ്ങനെ അജ്ഞതയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് മോചിതരായതുകൊണ്ട് മാത്രമാണ് ലോകം കണ്ടതില്‍ വെച്ച് ഏറ്റവും നല്ല സംസ്‌കൃത സമൂഹമായി അവരെ ചരിത്രം വാഴ്ത്തുന്നത്.

ദാരിദ്ര്യം എന്ന പ്രശ്‌നം
മനുഷ്യനെ എക്കാലത്തും വഴിതെറ്റിച്ച ഒരു സങ്കീര്‍ണ പ്രശ്‌നമാണ് ദാരിദ്ര്യം. കണക്ക് കൂട്ടലുകള്‍ തെറ്റുകയും സാമ്പത്തിക പ്രയാസങ്ങള്‍ ഒന്നിനു പിറകെ ഒന്നായി കുമിഞ്ഞുകൂടുകയും ചെയ്തപ്പോള്‍ ആദരപൂര്‍വം മുറുകെ പിടിച്ചിരുന്ന സദാചാര ശീലങ്ങളെയും പെരുമാറ്റ മര്യാദകളെയും മുഴുവനായി കൈയൊഴിക്കുകയും നിരാശയുടെയും നിഷ്‌ക്രിയത്വത്തിന്റെയും നിര്‍വികാരതയുടെയും ആഴക്കയത്തില്‍ വീഴുകയും ചെയ്ത ഒട്ടനവധി ആളുകളെ നമുക്ക് കാണാം. അപ്രതീക്ഷിതമായുണ്ടായ സാമ്പത്തിക നഷ്ടം കാരണം ദാരിദ്ര്യത്തിന്റെ കൊടും ചുഴിയിലമര്‍ന്ന ഒരാളെ എനിക്കറിയാം. രണ്ടറ്റം മുട്ടിക്കാന്‍ പെടാപാട് പെട്ട ആ പാവം മനുഷ്യന്‍ പ്രതിസന്ധിയില്‍ നിന്ന് മോചനം ലഭിക്കാന്‍ കണ്ടെത്തിയ കൂറുമാര്‍ഗം ഇതായിരുന്നു. രാത്രികാലത്ത് കളവ് നടത്തുക, പകല്‍ സമയത്ത് മദ്യപിക്കുക, വല്ലപ്പോഴും കൈയില്‍ തങ്ങുന്ന കാശുകൊണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങുക. നല്ലകാലത്ത് പരോപകാരിയും ദൈവസ്‌നേഹിയും സത്യസന്ധനുമൊക്കെയായി അറിയപ്പെട്ടിരുന്നു. പക്ഷേ, ഒരു ഘട്ടത്തില്‍ ദാരിദ്ര്യമെന്ന പിശാച് പിടിമുറുക്കിയപ്പോള്‍ അയാള്‍ തകിടം മറിഞ്ഞ് വീഴുകയായിരുന്നു.
അധാര്‍മികതയും അച്ചടക്ക രാഹിത്യവും കടന്നുവരുന്ന വഴി ആയതിനാല്‍ ദാരിദ്ര്യത്തെ അതിസമര്‍ഥമായി നിര്‍മാര്‍ജനം ചെയ്യാന്‍ റസൂല്‍ തിരുമേനി ഒട്ടുവളരെ പദ്ധതികള്‍ പ്രയോഗത്തില്‍ വരുത്തിയിട്ടുണ്ട്. കഷ്ടപ്പാടും പങ്കപ്പാടുമായി നാളുകളെണ്ണിക്കഴിയുന്നവരുടെ പ്രത്യേക മാനസികാവസ്ഥ പരിഗണിച്ച് അവരെ നന്നായി പരിഗണിക്കുകയും പരിചരിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തിരുന്നു, പ്രവാചകന്‍. ദാരിദ്ര്യം കാരണം വന്നുപെട്ടേക്കാവുന്ന നൈരാശ്യം, അപകര്‍ഷബോധം എന്നിവയില്‍ നിന്നും തജ്ജന്യമായ അനാരോഗ്യ പ്രവണതകളില്‍നിന്നും വീണ്ടെടുക്കുന്നതിന്റെ ഭാഗമായി പ്രയാസപ്പെടുന്നവരോട് ഉദാര നിലപാട് സ്വീകരിക്കണമെന്ന് ഖുര്‍ആന്‍ ശക്തിയായി ഉണര്‍ത്തുന്നുണ്ട്: ''താങ്കളുടെ നാഥന്റെ പ്രീതി കാംക്ഷിച്ച് പ്രഭാതത്തിലും പ്രദോഷത്തിലും അവനെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്ന ആളുകളോടൊപ്പം മനസ്സിനെ ഉറപ്പിച്ചു നിര്‍ത്തേണ്ടതാകുന്നു. അവരില്‍ നിന്ന് ഒരിക്കലും ദൃഷ്ടി തെറ്റിച്ച് കളയരുത്'' (അല്‍കഹ്ഫ് 28).

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം