Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 15

നജീബിന്റെ അര്‍ബാബും എന്റെ അര്‍ബാബും

സുബൈര്‍ കുന്ദമംഗലം


ബെന്യാമിന്റെ ആടു ജീവിതം വായിച്ചപ്പോഴാണ് എന്റെ അര്‍ബാബിനെക്കുറിച്ചോര്‍ത്തത്. തന്റെ രക്ഷകനെന്നാണ് നജീബ് അര്‍ബാബിനെ ഒരിടത്ത് പരിചയപ്പെടുത്തുന്നത്. തൊഴില്‍ ദാതാവെന്നോ സ്‌പോണ്‍സറെന്നോ നമുക്കയാളെ വിളിക്കാം.
നജീബിന്റെ അര്‍ബാബ് വല്ലാത്തൊരു അര്‍ബാബ് തന്നെ! രിയാദ് എയര്‍പോര്‍ട്ടില്‍ നിന്ന് നജീബിനെയും ഹക്കീമിനെയും 'റാഞ്ചി'ക്കൊണ്ട് പോയത് മുതല്‍ തുടങ്ങുകയായി അയാളുടെ പീഡനം. ആദ്യമായി ഗള്‍ഫിലെത്തിപ്പെട്ട രണ്ട് യുവാക്കളെ ആ കാട്ടറബി സ്വീകരിച്ചവിധം ബീഭത്സം. അയാളുടെ ലൊക്കട പിക്കപ്പിന്റെ പിറകില്‍ തങ്ങളുടെ അര്‍ബാബിന്റെ 'സുരക്ഷ'യില്‍ കൂരിരുട്ടില്‍ യാത്ര ചെയ്യാന്‍ വിധിക്കപ്പെട്ട നവാഗതരായ ആ പ്രവാസിച്ചെറുക്കന്മാരുടെ കാര്യമോര്‍ത്തു നോക്കുക. അവസാനം ഇരു 'മസറ'കളിലേക്ക് അതിക്രൂരമാംവിധം ഇരുവരെയും റിക്രൂട്ട് ചെയ്യുന്ന സ്വാര്‍ഥനും കുടില ഹൃദയനുമായ ആ കാട്ടറബിയെക്കുറിച്ചും സങ്കല്‍പിക്കുക.
'മസറ'യെ നിങ്ങള്‍ക്ക് കൃഷിസ്ഥലമെന്നോ ഫാമെന്നോ വിളിക്കാം. കൃഷിയെന്നാല്‍ ആട് കൃഷി. ജനശൂന്യവും ജലശൂന്യവുമായ മരുപ്പറമ്പിന്റെ നടുവില്‍ ക്രൂരനും സ്വാര്‍ഥനുമായ അറബി നടത്തുന്ന ആട് വ്യവസായം. കണ്‍സ്ട്രക്ഷന്‍ കമ്പനിയിലേക്ക് പ്രതീക്ഷയുടെ കനകച്ചെപ്പുമായി പുറപ്പെട്ട നജീബും ഹക്കീമും. എത്തിപ്പെട്ടതോ, മനുഷ്യ മൃഗമെന്ന് പറയാവുന്ന അറബിയുടെ കൂട്ടിലേക്കും. അയാളുടെ ബൈനോക്കുലറും തോക്കും ജീവിതത്തിലേക്കുള്ള തിരിച്ചു പോക്കെന്ന പ്രതീക്ഷ കെടുത്തിക്കളഞ്ഞിരുന്നു. പക്ഷേ, നജീബ് ദൈവത്തെക്കുറിച്ച തന്റെ പ്രതീക്ഷ കൈവിട്ടില്ല. അല്ലാഹു കരുണാമയനും ദയാലുവുമാണെന്ന് അവന്‍ ഉറച്ചു വിശ്വസിച്ചു. ഒരുവേള, തന്റെ അര്‍ബാബ് പോലും സാഹചര്യത്തിന്റെ സമ്മര്‍ദം കൊണ്ടാവാം തന്നോടിപ്രകാരം ക്രൂരതയോടെ പെരുമാറുന്നതെന്ന് നജീബ് ആശ്വസിച്ചു.
നജീബിന്റെ മുതുകില്‍ ആദ്യമായി അര്‍ബാബിന്റെ ബെല്‍ട്ട് പതിഞ്ഞ രംഗം 'ആട് ജീവിതം' വായിച്ചവരുടെ മനസ്സില്‍ മനസ്സില്‍ നിന്ന് മാഞ്ഞുപോവില്ല. മരുഭൂമിയിലെ തന്റെ ഒന്നാമത്തെ മലവിസര്‍ജന വേള. കാര്യം സാധിച്ച ശേഷം ടാപ്പില്‍ നിന്ന് വെള്ളമെടുത്ത് ശൗച്യം ചെയ്യാനിരുന്നതേയുള്ളൂ. പെട്ടെന്നാണ് മുതുകില്‍ പൊന്നീച്ച പാറിയത്. തിരിഞ്ഞു നോക്കിയപ്പോള്‍ കത്തുന്ന കണ്ണുമായി അര്‍ബാബ്. പിന്നെ ഹിമാര്‍ വിളിയും തൊഴിയും. പ്രാഥമികാവശ്യം നിര്‍വഹിച്ച ശേഷം അവിടം കഴുകി വൃത്തിയാക്കാന്‍ വെള്ളമെടുത്തതാണ് കുറ്റം. നാട്ടില്‍ പൂഴി വാരിയും കക്ക പെറുക്കിയും തോണി തുഴഞ്ഞും വെള്ളത്തില്‍ ജീവിച്ച നജീബിന് മൂന്ന് വര്‍ഷത്തിലേറെ വെള്ളം തൊടാതെ ജീവിക്കേണ്ടിവന്നത് വിശ്വസിക്കാനാകുമോ? മുടി മുറിക്കാതെ നഖം വെട്ടാതെ ശരീരത്തിലെ രോമം നീക്കാതെ വര്‍ഷങ്ങള്‍ മരിച്ചു ജീവിച്ച ആ ചെറുപ്പക്കാരനെക്കുറിച്ചോര്‍ത്ത് നോക്കുക. മറക്കിരുന്ന് 'മനോഹരം' ചെയ്യാതെ ഖുബ്ബൂസ് വെള്ളത്തില്‍ മുക്കിത്തിന്നുന്ന നജീബ്... പല്ലു തേക്കാതെ, കറന്നെടുത്ത ചൂട് മാറാത്ത ആട്ടിന്‍ പാല്‍ ആര്‍ത്തിയോടെ മോന്തുന്ന നജീബ്... പാതിരാവില്‍ അടച്ചുപൂട്ടപ്പെട്ട മസറക്കുള്ളില്‍ മുട്ടനാടിന്റെ കാലില്‍ ചുറ്റിയ ഉഗ്ര വിഷമുള്ള സര്‍പ്പത്തെ തല്ലിക്കൊല്ലാന്‍ നിയോഗിക്കപ്പെട്ട നജീബ്... കൂട്ടം തെറ്റിയോടിയ മുട്ടനാടിനെ പിടിക്കാന്‍ പിന്തുടര്‍ന്നപ്പോള്‍ അര്‍ബാബിന്റെ തോക്കിന്‍ കുഴലില്‍ നിന്ന് 'നസീബ്'1 കാരണം ജീവന്‍ തിരിച്ചുകിട്ടിയ നജീബ്... തന്റെ പ്രിയപ്പെട്ട ആട്ടിന്‍ കുട്ടി- നബീലിനെ- അറവുകാരന് പിടിച്ചു കൊടുക്കാന്‍ കൂട്ടാക്കാതിരുന്നതിന്റെ പേരില്‍ അര്‍ബാബിന്റെ തല്ല് മേടിച്ച നജീബ്... ഇബ്‌റാഹീം ഖാദിരിയോടും ഹക്കീമിനോടുമൊന്നിച്ച് പ്രാണന്‍ പണയം വെച്ചുള്ള അലക്ഷ്യമായ ഒളിച്ചോട്ടത്തിനിടെ സര്‍പ്പവ്യൂഹത്തില്‍ നിന്ന് രക്ഷപ്പെടാനായി പൂഴിയില്‍ തലതാഴ്ത്തി ശരീരം സര്‍പ്പ സവാരിക്ക് വിട്ടുകൊടുത്ത നജീബ്... അങ്ങനെ എന്തെല്ലാം ജീവിതാനുഭവങ്ങള്‍....
ഇസ്രയേല്‍ സന്തതികളുടെ വിമോചകനായി ദൈവം നിയോഗിച്ചയച്ച മോശ പ്രവാചകനെപ്പോലെ തന്റെ സംരക്ഷകനായി കടന്നുവന്ന ഇബ്‌റാഹീം ഖാദിരിയുടെ തിരോധാനവും ഹക്കീമിന്റെ അവസാന നിമിഷവും കുഞ്ഞിക്കയുടെ പരിചരണവും ഹമീദോടൊന്നിച്ചുള്ള ജയില്‍വാസവും ഹമീദിനെ സ്‌പോണ്‍സര്‍ വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദുരന്തവും വല്ലാത്തൊരു വായനാനുഭവം തന്നെ.
* * * * *
ആട് ജീവിതത്തിലെ കാട്ടറബിയായ അര്‍ബാബിന്റെ ചിത്രം പതിഞ്ഞ മനസ്സുമായി അറബികളെ വിലയിരുത്തരുതെന്ന അപേക്ഷയുണ്ട്. ആര്‍ദ്ര ഹൃദയത്തിന്റെയും സ്‌നേഹവായ്പിന്റെയും നിഷ്‌കളങ്കതയുടെയും മൂര്‍ത്തീഭാവങ്ങളായ ഒട്ടേറെ അറബികളുണ്ട്. ദുഷ്ടന്മാരും അഹങ്കാരികളും കുടില മനസ്‌കരും അന്തംകെട്ടവരും ഇല്ലെന്നല്ല.
നമുക്കിടയിലെ കുറ്റവാളികളെപ്പോലെ അറബ് സമൂഹത്തിലും കേടന്മാര്‍ ഒരു കൊച്ചു ന്യൂനപക്ഷം മാത്രം. ഒരുവേള നജീബിന്റേതുപോലുള്ള അനുഭവം മരുഭൂമിയില്‍ അപൂര്‍വമായി സംഭവിക്കാറുള്ള യാദൃഛിക പ്രതിഭാസമാകാം. നാനാത്വത്തില്‍ ഏകത്വം പുലരുന്ന ചര്‍ച്ചുകള്‍ക്കും അമ്പലങ്ങള്‍ക്കും മണ്ണനുവദിക്കുന്ന, ഇതര മത ദര്‍ശനങ്ങളെയും അവയുടെ അനുയായികളെയും ആദരിക്കുന്ന ഗള്‍ഫ് നാടുകളെ വേണ്ടവിധം നാമിനിയും തിരിച്ചറിഞ്ഞിട്ടില്ല. സ്വന്തം ജീവിത ദര്‍ശനമായ ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നതമായ മൂല്യഗുണങ്ങളാണ് ഇതിന് പിന്നിലെ പ്രേരകമെന്നതില്‍ പക്ഷാന്തരമില്ല.
* * * * *
നജീബിന്റെയും എന്റെയും അര്‍ബാബുമാര്‍ക്കിടയില്‍ അജഗജാന്തരമുണ്ടായിരുന്നു.
രണ്ട് പതിറ്റാണ്ട് മുമ്പ് ഒരു വേനല്‍ക്കാലത്താണ് ഞാന്‍ മരുപ്പറമ്പിന്റെ ഭാഗമായത്. അന്നത്തെ ദോഹ വിമാനത്താവളം ഇന്നത്തേതുപോലെ നയന സുന്ദരമല്ല. പൊള്ളുന്ന വെയിലും റണ്‍വേക്ക് പുറത്തുള്ള കൂര്‍ത്ത മൂര്‍ത്ത ചരല്‍ക്കല്ലുകളും വിരഹ വേദന കൊണ്ട് പുളയുന്ന എന്റെ ഹൃദയത്തെ കീറി മുറിച്ചു. ഞങ്ങള്‍ക്ക് സുഖയാത്ര സമ്മാനിച്ച 'ഗള്‍ഫ് എയര്‍' ഇന്ധനം നിറക്കാനും ലഗേജിറക്കാനും റണ്‍വേയില്‍ തന്നെയുണ്ട്. വൈകാതെ തിരിച്ചെത്താമെന്ന പ്രിയതമക്കുള്ള വാക്ക് പാലിക്കാനായി അതേ വിമാനത്തില്‍ തിരിച്ച് കയറിയാലോ എന്നാലോചിക്കാതെയല്ല.
നട്ടുച്ച നേരത്താണ് ഫരീഖ് ഉംറാനിലെ കഫീലി2ന്റെ വീട്ടിലെത്തിയത്. കൊട്ടാര സമാനമായ വീടിനോട് ചേര്‍ന്ന സുബ്‌യാന്‍3മാര്‍ക്കുള്ള കൊച്ചു മുറിയും ടോയ്‌ലെറ്റും. റൂമിന്റെ പടിഞ്ഞാറെ ചുമരിലുള്ള കിളിവാതില്‍ വഴിയാണ് തബ്ബാക്കി4ല്‍ നിന്ന് സുബ്‌യാന്‍മാര്‍ ഒജീനം സ്വീകരിക്കുന്നത്. ബോംബെ5യില്‍ വെച്ച് തലേ രാത്രി ദാലും തന്തൂരിയും കഴിച്ച ശേഷം കാര്യമായൊന്നും അകത്ത് ചെന്നിട്ടില്ല. യാത്രാ ക്ഷീണവും മറ്റു പൊറുതികേടും കാരണം വിമാനത്തിനകത്ത് നിന്ന് ഒന്നും തിന്നാന്‍ തോന്നിയതുമില്ല. മുന്നില്‍ ഒരു വലിയ തളികയില്‍ മജ്ബൂസും6 സാഫി7 പൊരിച്ചതും. ചുറ്റും വിവിധ രാജ്യക്കാരായ പത്ത് പന്ത്രണ്ട് പേര്‍. അവരില്‍ ഒരാളായി ഞാനും. വിശപ്പിന്റെ കാഠിന്യം കൊണ്ടാണ് അന്നേവരെ പരിചയമില്ലാത്ത മജ്ബൂസ് വാരി വലിച്ചു തിന്നത്.
നേരം സന്ധ്യയോടടുത്തു. ചൂടിന് കനം കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. റൂമില്‍ ഞാന്‍ തനിച്ചാണ്. ഒന്ന് പുറത്തിറങ്ങാമെന്ന് കരുതി വാതില്‍ തുറന്നപ്പോള്‍ അതാ മുന്നില്‍ പ്രായം ചെന്ന ഒരു കുറിയ മനുഷ്യന്‍. അതായിരിക്കാം എന്റെ അര്‍ബാബ്. നീണ്ട ഉപചാരങ്ങള്‍ക്കും അഭിവാദനങ്ങള്‍ക്കും ശേഷം അദ്ദേഹം എന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ മാത്രമല്ല, ആദ്യ ഗള്‍ഫ് യാത്രയെപ്പറ്റിയും ചോദിച്ചുകൊണ്ടേയിരുന്നു. നാടന്‍ അറബി വശമില്ലാതിരുന്നത് കൊണ്ട് ഞാന്‍ വല്ലാതെ പരുങ്ങി. എന്റെ പരിഭ്രമം മനസ്സിലാക്കിയാവണം നടാടെ ഒരു വിദേശ രാജ്യത്തെത്തിയ എന്നെ അദ്ദേഹം സമാശ്വസിപ്പിച്ചുകൊണ്ടേയിരുന്നു.
അദ്ദേഹത്തോടൊന്നിച്ചുള്ള രണ്ട് വര്‍ഷം എനിക്ക് മതിയായ സുരക്ഷ അനുഭവപ്പെട്ടു. ദോഹ നഗരിയില്‍ നിന്ന് ഏതാണ്ട് നൂറ് കിലോമീറ്റര്‍ അകലെ മദീനത്തുശ്ശമാല്‍ ഫുവൈറത്ത് കടല്‍ തീരത്തായിരുന്നു എന്റെ ജോലി. അര്‍ബാബിന്റെ സാന്ത്വന സ്പര്‍ശമുള്ള ആശ്വാസ വചനങ്ങളില്ലായിരുന്നെങ്കില്‍ ആ രണ്ട് വര്‍ഷം തള്ളി നീക്കുക ഒട്ടും എളുപ്പമായിരുന്നില്ല. വിജനമായ ആ പ്രദേശത്ത് ഏകാന്തതയുടെ തടവറയിലായിരുന്നല്ലോ ഞാന്‍. ഗള്‍ഫ് വിട്ടോടിപ്പോകരുതെന്നും ജീവിതത്തില്‍ നിന്ന് തോറ്റോടരുതെന്നും അര്‍ബാബ് നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. മുള്‍മുനയിലൂടെ നടക്കേണ്ടിവന്നാല്‍ പോലും നാളെയുടെ പുലരി ഭാസുരമായിരിക്കുമെന്നും അദ്ദേഹം പറയുമായിരുന്നു. രണ്ട് വര്‍ഷം കഴിഞ്ഞയുടന്‍ സ്വാതന്ത്ര്യത്തിന്റെ അനന്തതയിലേക്ക് അദ്ദേഹമെന്നെ തുറന്നുവിടുകയും ചെയ്തു. അര്‍ബാബിന്റെ കീഴില്‍ ഞാനൊരിക്കലും കൂട്ടിലകപ്പെട്ട പൈങ്കിളിയായിരുന്നില്ല. നന്മയുടെ വാടാ മലരുകള്‍ വിരിയിച്ച സ്‌നേഹനിധിയായ എന്റെ ആ പഴയ അര്‍ബാബിന് വേണ്ടി ഞാനിന്നും പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നു.
*****
ദോഹയിലെത്തി ഒരാഴ്ച കഴിഞ്ഞു കാണും. അര്‍ബാബ് എന്നെ ഒരു മജ്‌ലിസിലേക്ക് കൊണ്ടുപോയി. അവിടെ എനിക്ക് ലഭിച്ച വീരോചിത സ്വീകരണം ഇന്നും ഓര്‍ക്കുന്നു. മനോഹരമായ കാര്‍പ്പറ്റില്‍ തടിച്ചുകൊഴുത്ത തലയണയില്‍ ചാരിക്കിടന്ന് സൊറ പറഞ്ഞിരുന്ന ശുഭ്രവസ്ത്രധാരികളായ അറബികള്‍ ഓരോരുത്തരായി എഴുന്നേറ്റ് നിന്ന് ഞങ്ങളെ സ്വീകരിച്ചു. യാ മര്‍ഹബ, അഹ്‌ലന്‍ വസഹ്‌ലന്‍. അര്‍ബാബ് എന്നെ യഥോചിതം അവര്‍ക്ക് പരിചയപ്പെടുത്തി. ഖഹ്‌വ മൊത്തിക്കുടിച്ചും സൊറ പറഞ്ഞും ക്ഷീണിച്ചപ്പോള്‍ ആളുകള്‍ ഭക്ഷണത്തളികക്ക് ചുറ്റുമിരുന്നു. മജ്ബൂസിന്റെ നടുവില്‍ പുഴുങ്ങിയ ആട് വിശ്രമിക്കുകയാണെന്നേ തോന്നുകയുള്ളൂ. അതിന്റെ തിളങ്ങുന്ന കണ്ണുകളും ദയനീയ നോട്ടവും അമ്പരപ്പുളവാക്കും. ഓക്കാ8നമുണ്ടാക്കും വിധം അസഹ്യമായിരുന്നു ഖറൂഫി9ന്റെ നാറ്റം. മലര്‍ന്ന് കിടക്കുന്ന ആ പാവത്തെ അതിഥികള്‍ നാലു ഭാഗത്ത് നിന്നും പിടിച്ചു കീറാന്‍ തുടങ്ങി. 'അകില്‍ അകില്‍'10 എന്ന് പറഞ്ഞ് കൊണ്ട് എന്റെ അര്‍ബാബ് ആട് പാര്‍ട്‌സുകള്‍ എനിക്ക് നേരെ നീട്ടിക്കൊണ്ടിരുന്നു. 'ഹാദി സൈന്‍, ഹാദി സൈന്‍ അകില്‍ മത്‌റൂസ് യാ അല്ലാ സൂറ'11 എന്നിങ്ങനെ അദ്ദേഹം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അണകെട്ടി നിര്‍ത്താനാവാത്ത ആ സ്‌നേഹ നിര്‍ഝരിക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ ഞാന്‍ ശകലം ആട് മജ്ബൂസ് അകത്താക്കുകയും ചെയ്തു.
എന്റെ അര്‍ബാബും വലിയ സല്‍ക്കാര പ്രിയനായിരുന്നു. അദ്ദേഹത്തിന്റെ പുത്തന്‍ മജ്‌ലിസില്‍ നടക്കാറുണ്ടായിരുന്ന അസീമ12കളെ വാരാഘോഷമെന്ന് വിശേഷിപ്പിക്കാം. ആളുകളെ ആഹാരമൂട്ടുക മാത്രമല്ല, സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പാശം കൊണ്ട് ബന്ധിക്കുകയായിരുന്നു അദ്ദേഹം.
അറബികളുടെ ഉദാരമനസ്‌കതയും പരോപകാരവും പ്രസിദ്ധമാണ്. ജനസേവനം ദൈവാരാധനയാണെന്ന തത്ത്വസംഹിതയില്‍ വിശ്വസിക്കുന്ന ഒരു ജനതയില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന നന്മയുടെ നീരുറവ നമുക്കവരിലും കണ്ടെത്താനാകും. ജനോപകാര പ്രദമായ സംരംഭങ്ങള്‍ക്കും അനാഥാലയങ്ങള്‍ക്കും അവര്‍ അകമഴിഞ്ഞ് സഹായിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അറബികളെ കവച്ചുവെക്കുന്ന ഒരു ജനതയുമില്ലെന്നതിന് ചരിത്രം സാക്ഷിയാണ്. സമ്പത്തിന്റെ സിംഹഭാഗവും സാധുജനങ്ങളുടെ ഉദ്ധാരണത്തിന് നീക്കിവെച്ച ഖത്തറിലെ 'യസ്ദാന്‍' ഗ്രൂപ്പിന്റെ മഹാ മനസ്‌കത നാം ഈയിടെ വായിച്ചതാണല്ലോ.

കുറിപ്പുകള്‍
1. നസീബ്- ഭാഗ്യം
2. കഫീല്‍- സ്‌പോണ്‍സര്‍
3. സുബ്‌യാന്‍- ജോലിക്കാരന്‍. സ്വബ്ബ  എന്നാല്‍ ഒഴിച്ചു കൊടുത്തുവെന്നര്‍ഥം. ഖഹ്‌വ ഒഴിച്ചു കൊടുക്കുന്നവന്‍  സുബ്‌യാന്‍.
4. തബ്ബാക്ക്- കുക്ക്, പാചകക്കാരന്‍
5. അന്ന് ബോംബെ. ഇന്ന് മുംബൈ
6. മജ്ബൂസ്- അറബി ബിരിയാണി
7. സാഫി- ഒരുതരം മത്സ്യം
8. ഓക്കാനം- ഛര്‍ദി
9. ഖറൂഫ്- ആട്ടിന്‍ കുട്ടി
10. അകില്‍- തിന്ന്
11. ഹാദി സൈന്‍- ഇത് നന്ന്. മത്‌റൂസ്- വയറ് നിറയെ. സൂറ- വേഗം
12. അസീമ- പാര്‍ട്ടി

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം