Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 15

ഭട്ട് തോറ്റാല്‍ എല്ലാവരും തോറ്റു

ഇഹ്‌സാന്‍

22 വര്‍ഷം മുമ്പ് ജാംനഗറില്‍ പോലീസ് അതിക്രമത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടതടക്കം ഗുജറാത്ത് എ.ഡി.ജി.പി സഞ്ജയ് ഭട്ടിനെതിരെ കൈയില്‍ കിട്ടിയ എല്ലാ വടിയും ഉപയോഗിച്ച് ആഞ്ഞടിക്കുകയാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യന്‍ ക്രിമിനല്‍ നിയമത്തിലെ 194-ാം വകുപ്പനുസരിച്ചാണ് ഗുജറാത്ത് പോലീസ് ഭട്ടിനെതിരെ കേസ് ചുമത്തിയിട്ടുള്ളത്. കുറ്റം തെളിഞ്ഞാല്‍ ഇദ്ദേഹത്തിന് വധശിക്ഷ കിട്ടുമത്രെ. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ കീഴുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കുറ്റം വധശിക്ഷാര്‍ഹമാണെന്ന ഈ നിയമബോധം ഏത് കോമാളി നാട്ടുരാജ്യത്തേതാണാവോ! മോഡി കുറ്റം ചെയ്തിട്ടില്ലെങ്കില്‍ ഭട്ടിനെ എന്തിനു ഭയക്കണം? വരട്ടെ കോടതിയിലേക്ക്. 2002 ഫെബ്രുവരിയില്‍ നടന്ന വര്‍ഗീയകലാപത്തില്‍ ഹിന്ദുക്കളെ കയറൂരി വിടണമെന്ന് മോഡി പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു എന്നാണല്ലോ മറ്റു പലരെയും പോലെ ഭട്ടിന്റെയും ആരോപണം. ജനാധിപത്യം മോഡിക്കു നല്‍കിയ കസേരയെ അതിന്റെ നടപടിക്രമങ്ങളനുസരിച്ചാണ് നേരിടേണ്ടത്. ഒരുപാടു പേര്‍ തനിക്കെതിരെ സാക്ഷി പറയാനുണ്ടാവുമ്പോള്‍, ഓരോ കേസും തന്റെ കസേരയുടെ കാലിളക്കാന്‍ മാത്രം ശക്തമാണെന്ന് ഭയക്കുമ്പോള്‍ സാക്ഷി പറയാന്‍ രംഗത്തുവന്നവരുടെ പ്രധാനിയെ അങ്ങാടിയില്‍ തല്ലിത്തോല്‍പ്പിക്കുന്ന മുരടത്തം മാത്രമാണ് ഇപ്പോഴത്തേത്.
ഇന്റലിജന്‍സില്‍ തന്റെ മുന്‍ മേലധികാരിയായിരുന്ന വി.ബി ശ്രീകുമാറിന്റെ വഴി പിന്തുടര്‍ന്ന് സഞ്ജയ് ഭട്ടും മോഡിയുടെ കാപട്യങ്ങള്‍ തുറന്നുകാട്ടാന്‍ തീരുമാനിച്ചതോടെയാണ് ഇപ്പോഴത്തെ ഹാലിളക്കത്തിന്റെ തുടക്കം. സുപ്രീംകോടതിയിലാണ് അദ്ദേഹം കേസില്‍ കക്ഷി ചേര്‍ന്നത്. അന്നത്തെ എ.ഡി.ജി.പി എന്ന നിലയില്‍ ഭട്ട് ഈ കേസില്‍ മുഖ്യമന്ത്രിക്കെതിരെ പ്രധാന സാക്ഷിയായി മാറിയിരിക്കുന്നു. മോഡിക്കെതിരെ വന്ന ഏറ്റവും ശക്തമായ കേസ്. രാഷ്ട്രീയക്കാരുടെ കേസുകളില്‍ പൊതുവെ സംഭവിക്കാറുള്ളതു പോലെ വിഷയത്തിന്റെ മര്‍മത്തേക്കാളേറെ നടപടിക്രമങ്ങളുടെ നിയമസാധുതയെ കുറിച്ചാവും ആദ്യ ഘട്ടം വിചാരണ. നേര്‍ക്കുനേരെയോ അല്ലാതെയോ മോഡിക്കെതിരെ ചൂണ്ടുവിരലുയര്‍ന്ന എട്ട് കേസുകളുടെയും ഗതിവേഗം കണക്കിലെടുക്കുമ്പോള്‍ മുഖ്യമന്ത്രിക്കസേരയിലിരുന്ന് ഈ കേസുകളുടെ തുമ്പും വാലുമില്ലാതാക്കാന്‍ കുറെക്കൂടി സമയം ആവശ്യമായി വരും. ക്ലീന്‍ചിറ്റ്’ലഭിക്കാത്തേടത്തോളം ദല്‍ഹിയിലേക്ക് താവളം മാറ്റാനും കഴിയില്ല. മോഡിയെ ഗുജറാത്തില്‍ തളച്ചിടുകയെന്ന കോണ്‍ഗ്രസ്സിന്റെ നപുംസകത്വം ഇനിയും അവര്‍ അവസാനിപ്പിച്ചിട്ടുമില്ലല്ലോ. ഈ 'വീട്ടുതടങ്കല്‍' പൂര്‍ത്തിയാക്കാനുള്ള ക്ഷമയില്ലാതെയാണ് മോഡി ദേശീയ രാഷ്ട്രീയത്തിലേക്ക് ചാടിപ്പുറപ്പെടുന്നത്.  ബി.ജെ.പി ഇനിയൊരു തവണ ദല്‍ഹി പിടിച്ചാലുമില്ലെങ്കിലും തുടര്‍ന്നു വരാനിടയുള്ളത് രാഹുല്‍ ഗാന്ധിയുടെ കാലമാണ്. സ്വാഭാവികമായും ഒന്നോ രണ്ടോ ലോക്‌സഭാ കാലയളവില്‍ അദ്ദേഹവും തുടരാനിടയുണ്ട്. അതും കൂടി കഴിഞ്ഞേ ഇപ്പോഴത്തെ അവസ്ഥയില്‍ നരേന്ദ്ര മോഡിയുടെ പട്ടാഭിഷേകം സംഘ്പരിവാറിന് സ്വപ്‌നം കാണാനെങ്കിലുമാവൂ.
വര്‍ഗീസ് വധക്കേസിലെ പ്രധാന സാക്ഷിയായിരുന്ന രാമചന്ദ്രന്‍ നായരെ പോലൊരാള്‍ ഇതുവരെ ഗുജറാത്തില്‍ ഉണ്ടായിട്ടില്ല എന്നതും, അവിടം കേന്ദ്രീകരിച്ച് കേസും കൂട്ടവും വക്കാണവും നടത്തുന്ന ഒട്ടുമിക്ക സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ക്കും മൂര്‍ച്ച നഷ്ടപ്പെട്ടു തുടങ്ങുന്നു എന്നതുമാണ് മോഡിയെ വലിയൊരളവോളം ശക്തനാക്കുന്ന ഘടകം. ഹിരണ്‍ പാണ്ഡ്യ മാത്രമായിരുന്നു, താന്‍ തൂക്കുമരം കേറിയാലും വേണ്ടില്ല മോഡിയെ തുറന്നു കാട്ടണമെന്ന നിശ്ചയദാര്‍ഢ്യവുമായി രംഗത്തുവന്നയാള്‍. അദ്ദേഹത്തെ ക്വട്ടേഷന്‍ സംഘത്തെ വിട്ട് കൊല്ലിച്ചത് നരേന്ദ്രമോഡിയാണെന്ന് പാണ്ഡ്യയുടെ ഭാര്യയും പിതാവും ഇന്നും കുറ്റപ്പെടുത്തുന്നു. തന്റെ ഭര്‍ത്താവിന്റെ കൊലപാതകത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ജാഗ്രിതി പാണ്ഡ്യ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് അയച്ച എട്ടു പേജുള്ള കത്തില്‍ മോഡിയുടെ പങ്കിനെ കുറിച്ച് എമ്പാടും സൂചനകളുണ്ട്. ഈ കേസില്‍ മോഡി ഭരണകൂടം കസ്റ്റഡിയിലെടുത്ത 12 മുസ്‌ലിം ചെറുപ്പക്കാരെയും തെളിവില്ലെന്നു കണ്ട് ഗുജറാത്ത് കോടതിക്ക് വിട്ടയക്കേണ്ടി വന്നിരുന്നു. കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതോടെ ജാഗ്രിതിയെ കുറിച്ച വിവരങ്ങള്‍ അപ്പപ്പോള്‍ മോഡിക്കു കൈമാറാന്‍ രണ്ട് പോലീസുകാരെ ചാരപ്പണിക്ക് നിയോഗിച്ചു കൊണ്ടാണ് ഗുജറാത്ത് പോലീസ് യജമാനനോടുള്ള 'സദ്ഭാവന' പ്രകടിപ്പിക്കുന്നത്.
ഭരണകൂടത്തിന് തങ്ങള്‍ക്കെതിരെയുള്ള കേസുകള്‍ എങ്ങനെ വഴിതിരിച്ചു വിടാനാവും എന്ന വിഷയത്തില്‍ മോഡി ഒന്നാന്തരം മാതൃകയാവുകയാണ്. ആധുനികകാലത്തെ 'ഹിന്ദു ഹിറ്റ്‌ലറായി' വിദേശരാജ്യങ്ങളില്‍ അറിയപ്പെടുന്ന മോഡി യഥാര്‍ഥത്തില്‍ സത്യസന്ധനാണെന്ന് കൂലിക്കെടുത്തവരും സംഘ്പരിവാറും മാത്രമാണ് പറഞ്ഞു നടക്കുന്നത്. 3000ത്തിലധികം മനുഷ്യാത്മാക്കളെ ചുട്ടുകരിച്ച കലാപത്തില്‍ ധാര്‍മികമായും നേരിട്ടും പ്രതിയാവേണ്ട ഒരാള്‍ നാളെ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി ആയേക്കുമോ എന്നുപോലും ഇക്കൂട്ടര്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഗോധ്ര സംഭവം തൊട്ട് പലതവണ കോടതികളുടെ വിമര്‍ശനമേറ്റു വാങ്ങിയിട്ടും മോഡിക്ക് ഒരു ചുക്കും സംഭവിക്കുന്നില്ല. എല്ലാ അന്വേഷണ കമീഷനുകളെയും ഇയാള്‍ മറികടക്കുന്നു. സാക്ഷികള്‍ ഒരിക്കലും മൊഴി രേഖപ്പെടുത്തുന്നില്ല. ദിനംപ്രതിയെന്നോണം അയാള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. രാഷ്ട്രീയ സഹപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും മോഡിക്കെതിരെ വായ തുറക്കാന്‍ ധൈര്യം കാണിക്കാതായി. ഭരണകൂടത്തിനകത്തു നിന്ന് ചതിക്കാനിടയുള്ളവരെ ഒന്നൊഴിയാതെ വേട്ടയാടിയും കേസിന്റെ ദുര്‍ബലമായ കണ്ണികളായിത്തീരാന്‍ ഇടയുള്ള ഓഫീസര്‍മാരെ നിഷ്‌കരുണം ചവിട്ടിത്തേച്ചും സഞ്ജയ് ജോഷിയെ പോലെ പാര്‍ട്ടിയില്‍ തനിക്കെതിരെ വളരാനിടയുള്ളവരെ വ്യക്തിപരമായി തേജോവധം ചെയ്തും സകലതും ഇടിച്ച് തകര്‍ത്ത് കുതിക്കുകയാണ് മോഡിയുടെ സദ്ഭാവന.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം