മുസ്‌ലിംകളെ രാജ്യശത്രുക്കളാക്കി ഒരു നിയമം!
മുസ്‌ലിംകളെ രാജ്യശത്രുക്കളും ദേശക്കൂറില്ലാത്തവരുമായി ചിത്രീകരിച്ച് നേട്ടം കൊയ്യല്‍ രാജ്യത്തെ സംഘ്പരിവാര്‍ ശക്തികളുടെ രാഷ്ട്രീയ അജണ്ടയാണ്. മുസ്‌ലിംകളെ ആഭ്യന്തര ശത്രുക്കളാക്കി ചിത്രീകരിച്ച ഗോള്‍വാള്‍ക്കര്‍ തൊട്ട് അവര്‍ക്ക് രണ്ടാംകിട പൗരത്വം നല്‍കിയാല്‍ മതി എന്നു പറയുന്ന സുബ്രഹ്മണ്യ സ്വാമി വരെ ഇതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രം. എന്നാല്‍, ന്യൂനപക്ഷങ്ങളുടെ വോട്ടോടു കൂടി അധികാരത്തില്‍ വന്ന യു.പി.എ സര്‍ക്കാര്‍ ഇത്തരം നടപടികളുമായി മുന്നോട്ടുപോകുന്നത് അതില്‍ ചിലരുടെ ന്യൂനപക്ഷ വിരുദ്ധത ഉള്ളില്‍നിന്ന് തികട്ടിവരുന്നത് കൊണ്ടാകാം. പാര്‍ലമെന്റ് നടപ്പു സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടാന്‍ പോകുന്ന 'ശത്രുമുതല്‍' (enemy property) ഭേദഗതി ബില്‍ പാസ്സാക്കപ്പെട്ടാല്‍ കാര്യങ്ങളുടെ പോക്ക് ഈ ദിശയിലേക്കായിരിക്കും.
വിഭജനാനന്തരം പാകിസ്താനിലേക്കോ ബംഗ്ലാദേശിലേക്കോ കുടിയേറിയവരുടെ പിന്‍മുറക്കാര്‍ക്ക് അവരുടെ സ്വത്തുക്കള്‍ തങ്ങള്‍ ഇന്ത്യക്കാരാണെങ്കില്‍ കൂടി നഷ്ടപ്പെടാന്‍ സാധ്യതയേറെയാണ്. ഇന്ത്യ തങ്ങളുടെ മാതൃരാജ്യമായി തെരഞ്ഞെടുത്തതിന് ആദരിക്കുന്നതിനു പകരം, അവരുടെ പൂര്‍വിക സ്വത്ത് സര്‍ക്കാറിലേക്ക് കണ്ടുകെട്ടി അന്യവത്കരണത്തിന് ആക്കം കൂട്ടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. 1962-ലെ ഇന്ത്യാ -ചൈന യുദ്ധം, '65-ലെ ഇന്ത്യാ - പാക് യുദ്ധം തുടങ്ങിയവയുടെ അനന്തര ഫലമായാണ് 1968-ല്‍ 'ശത്രുമുതല്‍' നിയമം നിലവില്‍ വരുന്നത്. പ്രസ്തുത രാജ്യത്തെ പൗരന്മാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും പിന്നീടത് 'ശത്രുമുതല്‍' നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരികയുമായിരുന്നു. ഉത്തര്‍പ്രദേശിലെ മഹ്മൂദാബാദിലെ രാജകുടുംബാംഗമായ രാജ മുഹമ്മദ് അമീര്‍ മുഹമ്മദ് ഖാന്‍ തന്റെ കുടുംബസ്വത്ത് തിരിച്ചുലഭിക്കാന്‍ 32 വര്‍ഷമായി നടത്തിയ നിയമയുദ്ധത്തില്‍ സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായതോടെയാണ് സംഭവങ്ങളുടെ തുടക്കം.
'ശത്രുമുതല്‍' സംരക്ഷകന് സ്വത്ത് വില്‍ക്കാന്‍ അധികാരമില്ലെന്നും ഒരു ഇന്ത്യക്കാരന്‍ അനന്തരാവകാശിയാകുന്നതോടു കൂടി സ്വത്ത് തിരികെ ലഭിക്കേണ്ടത് അയാളുടെ അവകാശമാണെന്നും കോടതി വ്യക്തമാക്കി. ഇന്ത്യന്‍ പൗരന്‍ ഈ നിയമത്തിന്റെ 2(ബി) വകുപ്പില്‍ പെടില്ലെന്നും അതിനാല്‍ അത്തരമൊരാളെ രാജ്യശത്രുവായി കാണാന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. കാലങ്ങളായി തങ്ങളുടെ സ്വത്തുക്കള്‍ കൈയടക്കി വെച്ചവര്‍ക്കെതിരെ നീങ്ങാന്‍ പലര്‍ക്കും പ്രചോദനമായി ഈ വിധി. കാരണം രാജ്യത്ത് 3,329-ഓളം ഇത്തരത്തിലുള്ള 'ശത്രുമുതലുകള്‍' ഉണ്ടെന്നാണ് കണക്ക്. ഇതിലധികവും ഉത്തര്‍പ്രദേശിലാണ്. ഇതിനെ മറികടക്കാന്‍ ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് പിന്നീടത് നിയമമാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കേണ്ട ഈ ബില്‍ ശത്രുമുതല്‍ സംരക്ഷകന് സ്വത്തുക്കള്‍ വില്‍ക്കാനുള്ള അധികാരം നല്‍കുന്നുണ്ട്. അനന്തരാവകാശികള്‍ ഇന്ത്യക്കാരനാണെങ്കില്‍ കൂടി ഉടമസ്ഥന്‍ ശത്രുരാജ്യത്ത് ജീവിച്ചിരിപ്പുണ്ടെങ്കില്‍, അല്ലെങ്കില്‍ ഉടമസ്ഥന്‍ മരിച്ചുവെന്ന് കാണിക്കുന്ന രേഖകളോ പിന്തുടര്‍ച്ച രേഖകളോ കാണിക്കാനില്ലെങ്കില്‍ ഈ സ്വത്തുക്കള്‍ നഷ്ടപ്പെടാനുള്ള സാധ്യതകള്‍ ഏറെയാണ്. പുതുതായി കൂട്ടിച്ചേര്‍ത്ത 26-ാം വകുപ്പ്, ഈ നിയമം പാസ്സാക്കപ്പെട്ടതിന്റെ ആറു മാസത്തിനുള്ളില്‍ താന്‍ ജന്മനാ ഇന്ത്യന്‍ പൗരനാണെന്നുള്ള രേഖകളും പിന്തുടര്‍ച്ചാ രേഖകളും കാണിക്കണമെന്ന് പറയുന്നുണ്ട്. ഇത് ഇന്ത്യന്‍ ഭരണഘടനയുടെ 14,15 അനുഛേദങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭരണഘടനയുടെ 14-ാം അനുഛേദം നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണെന്നും, 15-ാം അനുഛേദം ജാതിയുടെയോ മതത്തിന്റെയോ ജന്മസ്ഥലത്തിന്റെയോ വംശത്തിന്റെയോ ലിംഗപരമോ ആയ എല്ലാ വിവേചനങ്ങളെയും നിരാകരിക്കുന്നു.
'ശത്രുമുതല്‍' കൈമാറ്റത്തെക്കുറിച്ച് വിധി പറയാന്‍ കോടതികള്‍ക്കധികാരമില്ലെന്നും അത് കേന്ദ്ര സര്‍ക്കാറില്‍ നിക്ഷിപ്തമാണെന്നും ഈ ബില്‍ പറയുന്നു. ഭേദഗതിയിലൂടെ പുതുതായി ചേര്‍ത്ത 18-ാം വകുപ്പ് കേന്ദ്ര സര്‍ക്കാറിന് ഒരു ഓര്‍ഡറിലൂടെ 'ശത്രുമുതല്‍' തിരിച്ചു നല്‍കാന്‍ അധികാരം നല്‍കുന്നുണ്ടെങ്കിലും അതിന് അനന്തരാവകാശിയാണെന്നതിനുള്ള കോടതി വിധിയോ പിന്തുടര്‍ച്ചാ രേഖകളോ ആവശ്യമായി വരുന്നുണ്ട്. ഇവിടെ പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്ന കാര്യം ഇത് കക്ഷികളുടെ അവകാശം എന്ന നിലക്കല്ല, മറിച്ച് കേന്ദ്ര സര്‍ക്കാറിന്റെ വിവേചനാധികാരമായിട്ടാണ് പറയുന്നത്. 1971-ലെ പൊതുമുതല്‍ (അനധികൃത കൈയേറ്റം ഒഴിപ്പിക്കല്‍) നിയമത്തിന്റെ പരിധിയില്‍ 'ശത്രുമുതല്‍' കൊണ്ടുവരുന്നതിലൂടെ സംരക്ഷകന് 'അനധികൃത കുടിയേറ്റക്കാരെ' ഒഴിപ്പിക്കാം. ഇത് ഒരുപാട് പേര്‍ക്ക് തങ്ങളുടെ അനന്തര സ്വത്ത് നഷ്ടപ്പെടാനും കുടിയിറക്കപ്പെടാനും ഇടയാക്കും. ഭേദഗതിയിലൂടെ കൂട്ടിച്ചേര്‍ക്കപ്പെടുന്ന വകുപ്പ് 5 എ പ്രകാരം സംരക്ഷകന് സംശയം തോന്നുകയാണെങ്കില്‍, അന്വേഷണം നടത്തി ഒരു സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്താല്‍ മതിയാകും ഉടമസ്ഥര്‍ക്ക് സ്വത്ത് നഷ്ടപ്പെടാന്‍. അതുപോലെ വകുപ്പ് 10 എ പ്രകാരം സംരക്ഷകന്‍ നല്‍കുന്ന വില്‍പന പത്രം സ്വത്ത് വാങ്ങിക്കുന്നവര്‍ക്ക് രജിസ്‌ട്രേഷനും മറ്റും മതിയായ രേഖയാണ്. ഇത് ലക്ഷക്കണക്കിന് കോടികള്‍ വിലവരുന്ന സ്വത്തുക്കള്‍ അധികാരവും സ്വാധീനവുമുള്ളവര്‍ക്ക് ചുളുവില്‍ കൈക്കലാക്കാന്‍ അവസരം നല്‍കുന്നു. ചുരുക്കത്തില്‍, വര്‍ഗീയ കലാപങ്ങളുടെയും ഭരണകൂട ഭീകരതയുടെയും ഇരകളാക്കപ്പെടുന്ന ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയാണ് ഈ ബില്‍ ചെയ്യുന്നത്. ഇത്തരം വിവേചനങ്ങള്‍ക്കെതിരെ പ്രതികരിക്കുക എന്നത് സാമൂഹിക നീതിയിലും ജനാധിപത്യ മൂല്യങ്ങളിലും വിശ്വസിക്കുന്നവരുടെ കടമയാണ്.
(കോഴിക്കോട് ഗവ. ലോ കോളേജ് വിദ്യാര്‍ഥിയാണ് ലേഖകന്‍)
Comments