സമ്പദ്ഘടനയുടെ അപചയം
സാമ്പത്തിക പ്രതിസന്ധിയും തലതിരിഞ്ഞ കാഴ്ചപ്പാടുകളും-4
ഒരാള്‍ക്ക് മിച്ചമായി ലഭിക്കുന്ന സമ്പത്ത് വീണ്ടും പെരുപ്പിക്കാന്‍ സാധാരണ രണ്ട് രീതികളാണ് സ്വീകരിക്കാറുള്ളത്.
1. ആ പണം പലിശക്ക് കൊടുക്കുക.
2. പുതിയ വ്യാപാര-വ്യവസായ സംരംഭങ്ങളില്‍ അത് നിക്ഷേപിക്കുക.
ഈ രണ്ട് രീതികളും തമ്മില്‍ വ്യത്യാസങ്ങളുണ്ടെങ്കിലും, ഇവ രണ്ടും ചേര്‍ന്ന് പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ അനിവാര്യമായും സംഭവിക്കുന്ന ഒന്നുണ്ട്. സമൂഹം രണ്ട് ചേരികളായി വേര്‍തിരിക്കപ്പെടുന്നു. ഒന്ന്, തങ്ങളുടെ ജീവിതാവശ്യങ്ങള്‍ കഴിഞ്ഞും മിച്ചം വെക്കുന്ന ഒരു ചെറിയ വിഭാഗം. കൂടുതല്‍ സമ്പാദന മാര്‍ഗങ്ങള്‍ കൈയടക്കുന്നതിനായി അവര്‍ ആ പണം ഉപയോഗിക്കുന്നു. രണ്ട്, തങ്ങളുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ മാത്രമുള്ള സമ്പാദന മാര്‍ഗങ്ങള്‍ കൈവശമുള്ളവരോ, അത്യാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടത്ര പണം സമ്പാദിക്കാന്‍ കഴിയാത്തവരോ, യാതൊന്നും കൈവശം ഇല്ലാത്തവരോ ആയ മഹാ ഭൂരിപക്ഷം വരുന്ന വിഭാഗം. ഈ രണ്ട് വിഭാഗങ്ങളുടെയും താല്‍പര്യങ്ങള്‍ പരസ്പരം ഏറ്റുമുട്ടുമെന്ന് മാത്രമല്ല, അതൊടുവില്‍ സംഘര്‍ഷത്തിലേക്ക് നയിക്കുകയും ചെയ്യും. അങ്ങനെ, മാനുഷികതയിലും പരസ്പര സഹകരണത്തിലും കൈമാറ്റത്തിലും അധിഷ്ഠിതമായിരിക്കണം സാമ്പത്തിക സംവിധാനം എന്ന ദൈവിക തീര്‍പ്പ് അട്ടിമറിക്കപ്പെടുകയും പരസ്പര പോരിലും സംഘട്ടനത്തിലും കാര്യങ്ങള്‍ കലാശിക്കുകയും ചെയ്യുന്നു.
ഈ സംഘട്ടനം എത്ര നീളുന്നുവോ അതിനനുസരിച്ച് ധനിക വിഭാഗത്തിലെ എണ്ണം ക്രമത്തില്‍ കുറഞ്ഞുവരുന്നതും ദരിദ്രരുടെ എണ്ണം കൂടി വരുന്നതും കാണാന്‍ കഴിയും. കാരണം, തന്നേക്കാള്‍ ധനം കുറഞ്ഞവന്റെ സമ്പത്ത് ധനാഢ്യന്‍ തന്റെ പണത്തിന്റെ ബലത്തില്‍ തട്ടിയെടുക്കുക എന്നതാണ് ഈ സംഘട്ടനത്തിന്റെ പൊതുസ്വഭാവം. അങ്ങനെ താരതമ്യേന ധനം കുറഞ്ഞവരെ ഒന്നുമില്ലാത്തവന്റെ അവസ്ഥയിലേക്ക് ചവിട്ടിത്താഴ്ത്തുന്നു. ഈ വിധത്തില്‍ ജീവിതായോധന മാര്‍ഗങ്ങള്‍ വളരെ ചെറിയ ഒരു വിഭാഗത്തിലേക്കായി അനുദിനം ചുരുക്കപ്പെടുന്നു. സമൂഹത്തിലെ ബഹുഭൂരിപക്ഷവും ക്രമേണ കടുത്ത ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും നയിക്കപ്പെടുന്നു. അല്ലെങ്കില്‍ പൂര്‍ണമായും പണക്കാരനെ ആശ്രയിച്ച് ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു.
തുടക്കത്തില്‍ ഈ സംഘര്‍ഷം ചെറിയ തോതിലായിരിക്കും. പിന്നെപ്പിന്നെ, പല ഘട്ടങ്ങള്‍ പിന്നിട്ട് സംഘര്‍ഷം ഇതര നാടുകളിലേക്കും പടരും. ലോകത്തിന്റെ സമ്പത്ത് മൊത്തം കൈപ്പിടിയിലൊതുക്കിയാലും ഇനിയും ഇനിയും എന്ന് ആര്‍ത്തികൊണ്ടേയിരിക്കും ധനിക വിഭാഗം. ഇനി, ലാഭത്തില്‍ മിച്ചം വെക്കാന്‍ കഴിയുന്നവര്‍ ആ പണമെടുത്ത് ഉല്‍പാദന മേഖലയില്‍ മുടക്കിയാല്‍ അതിന്റെ ലാഭം പൂര്‍ണമായി പണം മുടക്കിയവര്‍ക്ക് തിരിച്ചുകിട്ടണമെങ്കില്‍ ആ വ്യാവസായിക ഉല്‍പന്നങ്ങളത്രയും ആ നാട്ടിലെ ജനം വാങ്ങണം. പക്ഷേ, പ്രയോഗത്തില്‍ അങ്ങനെ സംഭവിക്കുന്നില്ല. അങ്ങനെ സംഭവിക്കുകയുമില്ല. കാരണം, തങ്ങളുടെ ആവശ്യങ്ങള്‍ക്ക് മതിയായത് സമ്പാദിക്കാന്‍ കഴിയാത്ത ജനങ്ങളുടെ വാങ്ങല്‍ ശേഷി (purchasing power) കുറവായിരിക്കും. ആവശ്യമുണ്ടെങ്കില്‍ തന്നെ ആ ഉല്‍പന്നങ്ങളത്രയും അവര്‍ക്ക് വാങ്ങിക്കാന്‍ കഴിയില്ല. അതേ സമയം ധനിക വിഭാഗം തങ്ങളുടെ വരുമാനത്തിന്റെ ഒരു വിഹിതം ലാഭകരമായ സംരംഭങ്ങളില്‍ മുടക്കിക്കൊണ്ടേയിരിക്കും; ലാഭമത്രയും ഉപഭോഗവസ്തുക്കള്‍ വാങ്ങാന്‍ അവര്‍ വിനിയോഗിക്കുകയില്ല. ഇതിന്റെയൊക്കെ അനന്തരഫലമായി ഉല്‍പാദിപ്പിക്കപ്പെട്ട വസ്തുക്കളില്‍ ഒരു ഭാഗം വിറ്റഴിക്കപ്പെടാതെ കിടക്കും. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, പണക്കാരുടെ മുതല്‍മുടക്കിന്റെ ഒരു ഭാഗം അവരിലേക്ക് ലാഭമായി തിരിച്ചെത്തുന്നില്ല. രാഷ്ട്രത്തിന്റെ വ്യാവസായിക മേഖലയുടെ ചെലവ് കോളത്തില്‍ കടമായി അതങ്ങനെ കിടക്കും. ഇത് സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ ഒരു വൃത്തം മാത്രമാണ്. പണക്കാര്‍ തങ്ങളുടെ വരുമാനത്തിന്റെ വിഹിതം നിക്ഷേപ മേഖലയില്‍ മുടക്കുന്ന ഇതുപോലുള്ള പല വൃത്തങ്ങള്‍ ഉണ്ടാവും. ഇതില്‍ ഓരോ വൃത്തത്തിലും മുടക്കിയ പണത്തിന്റെ ഒരു വിഹിതം അവരിലേക്ക് തിരിച്ചുവരുന്നില്ല. ഇത് കൂടിക്കൂടി വരികയും ഒടുവില്‍ അന്നാട്ടിലെ വ്യവസായ മേഖലയുടെ കടബാധ്യത ഇരട്ടിയോ അതിലധികമോ ഒക്കെയായി പെരുകുകയും ചെയ്യുന്നു. ഗവണ്‍മെന്റിനു പോലും രക്ഷിക്കാന്‍ കഴിയാത്ത നിലയിലെത്തും കാര്യങ്ങള്‍. അപ്പോള്‍ പാപ്പരാവുന്നതില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ രാഷ്ട്രത്തിന്റെ മുമ്പില്‍ ഒറ്റ വഴിയേ ഉണ്ടാവുകയുള്ളൂ. തങ്ങളുടെ നാട്ടില്‍ വിറ്റഴിയാത്ത സാധനങ്ങള്‍ അന്യനാടുകളിലേക്ക് കയറ്റി അയക്കുക. അന്യനാടുകളെയും പാപ്പരാക്കുന്നതിന് തുല്യമാണ് ഈ പ്രവൃത്തി. അങ്ങനെ രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് ഈ സംഘട്ടനം ഒരാഗോള സ്വഭാവം കൈവരിക്കുന്നു.
സമ്പദ്ഘടന ഈവിധം പൈശാചിക സ്വഭാവമാര്‍ജിച്ചത് ഒരു നാട്ടില്‍ മാത്രമല്ല; ഏറെക്കുറെ എല്ലാ നാടുകളും ഈയൊരു പരിതോവസ്ഥയിലാണ്.അതായത് ഓരോ നാടും പാപ്പരാവാതിരിക്കാന്‍ പെടാപാട് പെടുന്നു. അല്ലെങ്കില്‍ ആ പാപ്പരത്തം മറ്റുള്ള നാടുകളിലേക്ക് കയറ്റിവിടാന്‍ പറ്റുമോ എന്നു നോക്കുന്നു. ഇത് അന്താരാഷ്ട്ര കിടമത്സരത്തിന് വഴിയൊരുക്കും. താഴെ പറയുന്ന രീതികളിലാണ് ഈ കിടമത്സരം പ്രത്യക്ഷമാവുക:
1. അന്താരാഷ്ട്ര കമ്പോളത്തില്‍ വിറ്റഴിക്കാന്‍ വേണ്ടി ഓരോ രാഷ്ട്രവും ഉല്‍പാദനച്ചെലവ് കഴിയുന്നത്ര കുറച്ച് ധാരാളം ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നു. തൊഴിലാളികളുടെ വേതനം അങ്ങേയറ്റം കുറച്ചുകൊണ്ട് മാത്രമേ ഇത് സാധ്യമാവൂ. അതിന്റെ ഫലമായി അധ്വാനിക്കുന്ന വിഭാഗത്തിന്റെ കൈകളിലെത്തുന്ന ദേശീയ വരുമാനത്തിന്റെ അളവ് വീണ്ടും ഗണ്യമായി കുറയുന്നു. അത്യാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള ശേഷി പോലും തൊഴിലാളികള്‍ക്ക് ഇല്ലാതാവുന്നു.
2. തങ്ങളുടെ ഭൂപ്രദേശങ്ങളിലേക്കും സ്വാധീന പ്രദേശങ്ങളിലേക്കുമുള്ള ഇറക്കുമതിയെ തടയാന്‍ ഓരോ രാഷ്ട്രവും വിലക്കുകള്‍ കൊണ്ടുവരുന്നു. തങ്ങളുടെ പരിധിയിലുള്ള അസംസ്‌കൃത വസ്തുക്കള്‍ കുത്തകയാക്കി വെക്കാനും ഓരോ രാഷ്ട്രവും ശ്രമിക്കും. അസംസ്‌കൃത വസ്തുക്കള്‍ മറ്റുള്ളവര്‍ക്ക് കിട്ടിക്കഴിഞ്ഞാല്‍ ഇവരുടെ മേല്‍ക്കൈ നഷ്ടമാവുമല്ലോ. ഇതില്‍ നിന്നുടലെടുക്കുന്ന സംഘര്‍ഷം രാഷ്ട്രങ്ങളെ യുദ്ധത്തില്‍ കൊണ്ടെത്തിക്കും.
3. ഈ പോരാട്ടത്തില്‍ മുന്നിലെത്തുന്ന തസ്‌കരനാടുകള്‍ പാപ്പരായിപ്പോയ നാടുകളെ അധീനപ്പെടുത്തും. തങ്ങളുടെ ഉല്‍പന്നങ്ങള്‍ അവിടെ വിറ്റഴിക്കും. എന്നു മാത്രമല്ല, സ്വന്തം നാട്ടില്‍ ലാഭകരമായി മുതല്‍ മുടക്കാന്‍ സാധിക്കാത്തതിനാല്‍ അവരുടെ മിച്ചധനം അവര്‍ ഈ ദുര്‍ബല നാടുകളില്‍ മുടക്കുകയും ചെയ്യും. ഈ രൂപത്തില്‍, മുതലാളിമാരുടെ നാട്ടിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ എന്താണോ അതൊക്കെയും ഇത്തരം നാടുകളിലും ആവര്‍ത്തിക്കപ്പെടുന്നു. അതായത് ഈ നാടുകളിലും മുടക്കിയ മുതലിന്റെ നല്ലൊരു ഭാഗം തിരിച്ചെത്താതാവുന്നു. അപ്പോഴും ലാഭത്തിന്റെ ഒരു വിഹിതം മുതല്‍മുടക്കിക്കൊണ്ടിരിക്കുക എന്ന പ്രക്രിയ തുടരുന്നുണ്ടാവും. ഇവിടെയും അതൊരു വലിയ കടബാധ്യതയായി രൂപപ്പെടും. രാഷ്ട്രങ്ങള്‍ക്ക് വിലകെട്ടിയാല്‍ പോലും മുടക്കുമുതല്‍ തിരിച്ചു പിടിക്കാനാവില്ലെന്ന അവസ്ഥ. ഈ വൃത്തം അതിന്റെ കറക്കം പൂര്‍ത്തിയാക്കുമ്പോഴേക്ക് പാപ്പരാകാത്ത ഒരു നാടും അവശേഷിക്കില്ലെന്ന സ്ഥിതിവിശേഷം സംജാതമാവും. അധികം വരുന്ന ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ ചൊവ്വ, വ്യാഴം, ശനി പോലുള്ള ഗ്രഹങ്ങളില്‍ മാര്‍ക്കറ്റ് കണ്ടെത്തേണ്ടതായും വരും! ഈ അന്താരാഷ്ട്ര ഇടപാടില്‍ വിരലിലെണ്ണാവുന്ന ബാങ്കര്‍മാരും ബ്രോക്കര്‍മാരും വ്യവസായ വ്യാപാര ഭീമന്മാരും ലോകത്തിന്റെ മുഴുവന്‍ സാമ്പത്തിക സ്രോതസ്സുകളെയും കൈപിടിയിലൊതുക്കുകയും, മൊത്തം മനുഷ്യകുലം അവരെ ആശ്രയിക്കേണ്ട ഗതികേടിലാവുകയും ചെയ്യുന്നു. ബുദ്ധിപരവും കായികവുമായ തന്റെ ശേഷി പ്രയോജനപ്പെടുത്തി സ്വതന്ത്രമായി ഒരു ഉപജീവന മാര്‍ഗം തുറന്നുകളയാം എന്നൊരാള്‍ വിചാരിച്ചാല്‍ ദൈവത്തിന്റെ ഭൂമിയില്‍ അത് നടക്കില്ലെന്ന സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. ചെറുകിട വ്യവസായികള്‍ക്കും കര്‍ഷകര്‍ക്കും സ്വതന്ത്രമായി ഉപജീവന മാര്‍ഗങ്ങള്‍ തേടാന്‍ കഴിയാതെ വന്നിരിക്കുന്നു. ഈ മൂലധന രാജാക്കന്മാരുടെയും വ്യവസായ കപ്പിത്താന്മാരുടെയും അടിമകളും കൂലിവേലക്കാരുമാകാന്‍ ഓരോരുത്തനും നിര്‍ബന്ധിക്കപ്പെടുകയാണ്.
കഷ്ടിച്ച് കഴിഞ്ഞുകൂടാനുള്ള വേതനം നല്‍കി മറ്റുള്ള മനുഷ്യരുടെ കായികവും ബുദ്ധിപരവുമായ എല്ലാ കഴിവുകളും ഈ മുതലാളി വര്‍ഗം ചൂഷണം ചെയ്യുന്നു. മനുഷ്യരൊന്നാകെ കേവലം സാമ്പത്തികജീവികളായി ചുരുക്കപ്പെടുക എന്നതായിരിക്കും ഇതിന്റെ സ്വാഭാവിക ഫലം. ഈ സാമ്പത്തിക ജീവന്‍മരണ പോരാട്ടത്തിനിടെ തങ്ങളുടെ ധാര്‍മികവും ധൈഷണികവും ആത്മീയവും മറ്റുമായ ഉയര്‍ച്ചക്കോ, അരച്ചാണ്‍ വയറ് നിറക്കുക എന്നതിലപ്പുറം ചില സമുന്നത ലക്ഷ്യങ്ങളെക്കുറിച്ച് ആലോചിക്കാനോ, കേവലം ജീവസന്ധാരണ മാര്‍ഗങ്ങള്‍ അന്വേഷിക്കുക എന്നതില്‍ കവിഞ്ഞ് ദൈവം നല്‍കിയ കഴിവുകളെ നന്മയുടെ മാര്‍ഗത്തില്‍ പ്രയോജനപ്പെടുത്താനോ അവസരം കിട്ടുന്ന ഭാഗ്യവാന്മാര്‍ വളരെ കുറച്ചായിരിക്കും. തീര്‍ത്തും അധാര്‍മികമായ ഈ സാമ്പത്തിക ഘടനയില്‍ നടക്കുന്ന ഈ കിടമത്സരം ജീവിതത്തിന്റെ സകല മേഖലകളെയും ബാധിക്കും; ചിലപ്പോള്‍ അവയെ പൂര്‍ണമായി നിശ്ചലമാക്കിയെന്നും വരും.
ധാര്‍മിക തത്ത്വശാസ്ത്രങ്ങള്‍, രാഷ്ട്രീയ വ്യവസ്ഥകള്‍, ലോകത്ത് പുലരുന്ന നിയമസംഹിതകള്‍ ഇവയൊന്നും ഈ അധാര്‍മിക സമ്പദ്ഘടനയുടെ ദുഃസ്വാധീനത്തില്‍ നിന്ന് മുക്തമല്ല. എന്തുമാത്രം ദൗര്‍ഭാഗ്യകരമാണിത്! കിഴക്കും പടിഞ്ഞാറുമുള്ള ധര്‍മസംഹിതകളുടെ സകല ഗുരുക്കന്മാരും സാമ്പത്തിക വശത്തിനാണ് ഊന്നല്‍ നല്‍കിക്കാണുന്നത്. ഒരാള്‍ സമ്പാദിക്കുന്നതെല്ലാം ചെലവഴിക്കുന്നത് മണ്ടത്തരമായാണ് കണക്കാക്കപ്പെടുന്നത്. സമ്പാദ്യത്തിന്റെ ഒരു വിഹിതം ബാങ്കുകളില്‍ ഡെപ്പോസിറ്റ് ചെയ്യണം, അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് പോളിസിയെടുക്കണം; അതുമല്ലെങ്കില്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലും ഷെയര്‍ മാര്‍ക്കറ്റുകളിലും നിക്ഷേപിക്കണം. മൊത്തത്തില്‍, മനുഷ്യകുലത്തിന്റെ നിലനില്‍പിന് തന്നെ അപായകരമായ ഒരു വ്യവസ്ഥ ആധുനിക മനുഷ്യന്റെ കണ്ണില്‍ മൂല്യത്തിന്റെയും പൂര്‍ണതയുടെയും പ്രതീകമായി മാറിയിരിക്കുന്നു. രാഷ്ട്രീയ അധികാരവും അധാര്‍മിക ശക്തികളുടെ കൈകളില്‍ തന്നെ. അതിനാല്‍ മനുഷ്യരെ വരിഞ്ഞുമുറുക്കുന്ന ഈ ദുഷ്ട സാമ്പത്തിക ഘടനയില്‍ നിന്ന് അവരെ രക്ഷപ്പെടുത്തുന്നതിന് പകരം ഈ ഘടനയുടെ ഉപകരണങ്ങളായി തീര്‍ന്നിരിക്കുകയാണ് അധികാരികള്‍. ദൈവഭയമില്ലാത്ത ഭൗതികവാദമാണ് എവിടെയും അധികാരക്കസേരകളില്‍ കയറിയിരിക്കുന്നതായി കാണുന്നത്. ഇതേ ദുഷിച്ച സാമ്പത്തിക ഘടനയുടെ തണലില്‍ തന്നെയാണ് സമൂഹത്തെ നയിക്കേണ്ടുന്ന നിയമസംഹിതകളും രൂപം കൊള്ളുക. സ്വാഭാവികമായും പൊതുസമൂഹത്തിന്റെ താല്‍പര്യങ്ങളല്ല, പ്രബല വ്യക്തികളുടെ സാമ്പത്തിക താല്‍പര്യങ്ങളാവും ആ നിയമങ്ങള്‍ സംരക്ഷിക്കുക. ജീവിതായോധന മാര്‍ഗങ്ങള്‍ കണ്ടെത്തുന്ന കാര്യത്തില്‍ ശരി/തെറ്റ്, ന്യായം/അന്യായം എന്ന വിഭജനം ഏറെക്കുറെ ഇല്ലാതാവും. സ്വയം പണക്കാരനാകാന്‍ ഒരാള്‍ മറ്റുള്ളവന്റേത് കവര്‍ന്നെടുക്കുന്നതോ അവരുടെ ജീവിത മാര്‍ഗങ്ങള്‍ തകര്‍ക്കുന്നതോ ഈ നിയമപ്രകാരം കുറ്റകൃത്യമാവുന്നില്ല. കള്ള് ഉണ്ടാക്കാം, വില്‍ക്കാം. അസാന്മാര്‍ഗിക പ്രവൃത്തികള്‍ക്ക് കേന്ദ്രങ്ങള്‍ തുറക്കാം. അശ്ലീല സിനിമകള്‍ നിര്‍മിക്കാം. അശ്ലീല പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാം. മൃഗീയ വാസനകള്‍ ഉണര്‍ത്തി വിടുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാം. പലിശക്കും കൊള്ളപ്പലിശക്കും ധനകാര്യ സ്ഥാപനങ്ങള്‍ രൂപവത്കരിക്കാം. പുതിയ ചൂതാട്ട കേന്ദ്രങ്ങള്‍ തുടങ്ങാം.
ചുരുക്കത്തില്‍, ഒരാള്‍ക്ക് തോന്നുന്നതെന്തുമാവാം. ഇതിനൊക്കെ നിയമത്തിന്റെ പരിരക്ഷയുണ്ടെന്ന് മാത്രമല്ല, അത് ചെയ്യാനുള്ള 'അവകാശം' സംരക്ഷിക്കപ്പെടുകയും ചെയ്യും. ഈ വിധം ഒരാളുടെ കൈയില്‍ കുന്നുകൂടുന്ന സമ്പത്ത് അയാളുടെ മരണശേഷവും അതേപടി നിലനിര്‍ത്താനും നിയമത്തില്‍ വകുപ്പുകള്‍ ഉണ്ട്. കുടുംബത്തിലെ മൂത്ത സന്താനത്തിന് അനന്തരാവകാശം മുഴുവന്‍ പതിച്ച് നല്‍കുന്ന നിയമവും, ചില നിയമസംവിധാനങ്ങളിലെ ദത്തെടുക്കല്‍ രീതികളും, കൂട്ടുകുടുംബ വ്യവസ്ഥയുമെല്ലാം ഇതിന്റെ ഭാഗമായി ചൂണ്ടിക്കാട്ടാനാവും. അതായത് നിധി കാക്കുന്ന പാമ്പ് ചത്താല്‍ അതിന് പകരം മറ്റൊരു പാമ്പ് വരും. നിര്‍ഭാഗ്യവശാല്‍ പാമ്പിന് സന്താനമൊന്നുമില്ലെങ്കില്‍ മറ്റൊന്നിനെ ദത്തെടുത്ത് കൊണ്ടുവരും. കുന്നുകൂടി കിടക്കുന്ന നിധികള്‍ ചിതറിപ്പോകരുതല്ലോ!
ഇതൊക്കെയാണ് യഥാര്‍ഥത്തില്‍ സാമ്പത്തിക മേഖലയില്‍ മനുഷ്യ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍. ഓരോ വ്യക്തിക്കും ജീവിത മാര്‍ഗങ്ങള്‍ ലഭ്യമാകാത്തതിന്റെയും തന്റെ വ്യക്തിത്വം പൂര്‍ണമായ രീതിയില്‍ വികസിപ്പിക്കാന്‍ അവന് അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നതിന്റെയും കാരണങ്ങള്‍ ഇവിടെ അന്വേഷിക്കണം.
(തുടരും)
Comments