Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 15

കൂടിയാലോചന കുടുംബത്തെ സ്‌നേഹസാന്ദ്രമാക്കും

അംറ് ഖാലിദ്

മുലകുടിയുടെ കാലാവധി നിശ്ചയിക്കുന്ന കാര്യത്തില്‍ പോലും കുടുംബത്തില്‍ ശൂറ (കൂടിയാലോചന) നിശ്ചയിച്ചു ഖുര്‍ആന്‍. ചെറിയ ഒരു വിഷയത്തില്‍ പോലും ഈ വശത്തെ ഖുര്‍ആന്‍ ഊന്നിപ്പറഞ്ഞെങ്കില്‍ മറ്റുള്ള വിഷയങ്ങളില്‍ നാമെങ്ങനെ നമ്മുടെ കുടുംബത്തില്‍ കൂടിയാലോചിക്കാതിരിക്കും?

കുടുംബ ബന്ധങ്ങളുടെ അടിസ്ഥാനമായ കാരുണ്യത്തെക്കുറിച്ച് നാം ആലോചിച്ചു നോക്കിയിട്ടുണ്ടോ? അല്ലാഹു സംതൃപ്തനാവുകയും അല്ലാഹുവിനെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന കുടുംബബന്ധത്തിന്റെ ആധാര ശിലയത്രെ കാരുണ്യം. ഞാനും എന്റെ മകനും, ഞാനും എന്റെ ഭാര്യയും, ഞാനും എന്റെ അമ്മാവനും.... ഞങ്ങള്‍ തമ്മിലുള്ള ബന്ധമോ കരുണയിലധിഷ്ഠിതമായ കുടുംബ ബന്ധവും. ഒരുപക്ഷേ ഇതിന്റെ വായനക്കാരന്‍ കുടുംബഭാരം ചുമക്കുന്ന സഹോദരനാകാം. പ്രയാസങ്ങള്‍ സഹിക്കുന്ന പിതാവാകാം. അവരോടായി ചില കാര്യങ്ങള്‍ കുറിക്കട്ടെ.
സ്വന്തം മകനെ സകല കാര്യങ്ങള്‍ക്കും വിമര്‍ശിക്കുന്ന വാപ്പമാരോടാണ് എനിക്ക് ആദ്യം കാരുണ്യത്തെക്കുറിച്ച് ചിലത് പറയാനുള്ളത്. മകന്റെ സ്വഭാവത്തില്‍ ഒരു നന്മയും കണ്ടെത്താന്‍ കഴിയാത്ത പിതാക്കന്മാരോട്. സ്വന്തം മക്കളെ തനിച്ചാക്കി നാടുചുറ്റുന്ന വാപ്പയോടും ഞാന്‍ പറയട്ടെ, നിങ്ങളുടെ സാന്നിധ്യം അവര്‍ക്കാവശ്യമാണ്. സ്വന്തം മുറിയില്‍ തനിച്ചിരുന്ന് കാമുകനുമായി  രഹസ്യ സംഭാഷണം നടത്തുന്ന യുവതിയോടും ഞാന്‍ ചോദിക്കട്ടെ, എത്ര ചിന്തിച്ചു നോക്കിയിട്ടുണ്ട് നീ കുടുംബത്തെക്കുറിച്ച്?
സ്വന്തം ഭാര്യയെ പുഛിച്ചും നിന്ദിച്ചും സംസാരിക്കുന്നവരുണ്ട്. സ്വന്തം മക്കളുടെ കണ്‍മുന്നില്‍ പരിസരബോധമില്ലാതെ കലഹിക്കുന്ന മാതാപിതാക്കള്‍. ഭര്‍ത്താവിനോട് പിണങ്ങിയതിന് മക്കളോട് അരിശം തീര്‍ക്കുന്ന മാതാവ്... എവിടെയാണ് നിങ്ങള്‍ക്കിടയില്‍ കരുണ? സ്വന്തം ഉമ്മ ഫോണ്‍ ചെയ്യുമ്പോള്‍ പോലും അറ്റന്റ് ചെയ്യാതെ സ്വസ്ഥരായി കഴിയുന്ന യുവാക്കളോട്, മാസത്തിലോ കൊല്ലത്തിലൊരിക്കലോ മാത്രം സ്വന്തം കുടുംബകാര്യങ്ങള്‍ വിളിച്ചന്വേഷിക്കുന്ന ഗൃഹനാഥനോട്, മക്കളെ ആയമാരുടെ പക്കലാക്കി നാടുചുറ്റുന്ന ഉമ്മമാരോട്, കുടുംബവുമായി പിണങ്ങിയതുകൊണ്ട് പേരക്കുട്ടികളെ വല്യുപ്പയില്‍ നിന്ന് ബഹുദൂരം അകറ്റുന്ന മക്കളോട്. നിങ്ങളുടെ ബന്ധത്തില്‍ കാരുണ്യത്തിന്റെ അംശം എവിടെയാണ്?
അത്ഭുതകരമാണ് കുടുംബബന്ധത്തെക്കുറിച്ച ഖുര്‍ആനിക പരാമര്‍ശം. ''നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കരുണയും നിറച്ചു''(അര്‍റൂം 21) എന്നത്രെ ഭാര്യാഭര്‍തൃബന്ധത്തെക്കുറിച്ച് ഖുര്‍ആനിന്റെ ആവിഷ്‌കാരം.
''വിനയത്തിന്റെയും കാരുണ്യത്തിന്റെയും ചിറക് അവര്‍ക്കായി വിരിച്ചുകൊടുക്കുക''(അല്‍ഇസ്‌റാഅ് 24) എന്ന് മാതാപിതാക്കളുമായി ബന്ധപ്പെട്ട് മക്കളോടുള്ള നിര്‍ദേശം. കാരുണ്യവാനായ അല്ലാഹുവിന്റെ കരുണയായാണ് കുടുംബബന്ധത്തിന്റെ അറബിപ്പേരില്‍ പോലും തെളിഞ്ഞുകാണുന്നത്. കാരുണ്യത്തിനായല്ലേ നമ്മുടെ തേട്ടം? അങ്ങനെയല്ലേ പ്രാര്‍ഥിക്കാന്‍ പോലും നിര്‍ദ്ദേശം? ''നാഥാ, പൊറുത്തു തരണേ, വിട്ടുവീഴ്ച്ച ചെയ്യണേ, കരുണ കാണിക്കേണമേ''(അല്‍ബഖറ 286) എന്ന്.
കരുണയുടെ ഉറവിടം ദൈവികമാണ്. അവന്റെ സൃഷ്ടികളോട് കരുണ ചെയ്യുന്നവര്‍ക്കത്രെ അവന്റെ കാരുണ്യം ലഭ്യമാകുന്നത്. നിങ്ങളുടെ കുടുബത്തിന് തന്നെയല്ലേ നിങ്ങളുടെ കാരുണ്യത്തിന് ഏറ്റവും അര്‍ഹത? നിങ്ങള്‍ കരുണ കാണിക്കേണ്ട ആദ്യത്തെയിടം അവിടെ തന്നെയാണ്. പിതാവിനും ഭര്‍ത്താവിനും മകനും കരുണാഭാവമില്ലെങ്കില്‍ കുടുംബമേ നിലനില്‍ക്കില്ല.
ഒന്നാമതായി കുടുംബത്തില്‍ സകലരും ഏകാധിപത്യ മനസ്ഥിതി കൈവെടിയണം. സ്വന്തം അഭിപ്രായമാണ് ശരിയെന്ന വാശിയില്‍ ശഠിച്ച് നില്‍ക്കാതിരിക്കണം. പ്രത്യേകിച്ചും ഭര്‍ത്താവിന്റെയും പിതാവിന്റെയും റോള്‍ കൈകാര്യം ചെയ്യുന്നവര്‍. കാരണം, അവരാണല്ലോ കുടുംബത്തില്‍ താരതമ്യേന അധികാരമുള്ളവരും ശക്തരും. സ്വന്തം മക്കള്‍ക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പോലും അവസരങ്ങള്‍ നിഷേധിക്കുന്ന ആയിരക്കണക്കിന് പിതാക്കന്മാരുണ്ട്. ഒച്ചവെച്ച് കാര്യം സാധിക്കുന്ന ഭര്‍ത്താക്കന്മാരുമുണ്ട് അനവധി. വീടിനൊരു നാഥനുണ്ടെന്നത് ശരി തന്നെ. പക്ഷേ, നിങ്ങളുടെ കുടുബാംഗങ്ങളുമായുള്ള കൂടിയാലോചന കൂടാതെ നിങ്ങള്‍ക്ക് അവരുടെ സ്‌നേഹം പിടിച്ചു പറ്റാനാകില്ല. വീട്ടില്‍ മറ്റുള്ളവരുടെ അഭിപ്രായം മാനിക്കപ്പെടാതെ വരുമ്പോള്‍ കാരുണ്യം നാമറിയാതെ ചോര്‍ന്നുപോകുന്നു. പിന്നീട് പ്രകടമായല്ലെങ്കിലും മാനസികമായി കുടുബാംഗങ്ങള്‍ ക്രമേണ ക്രമേണ അകലുന്നു.
ഖുര്‍ആനിലേക്ക് നോക്കൂ. മുലകുടിയുടെ കാലാവധി നിശ്ചയിക്കുന്ന കാര്യത്തില്‍ പോലും കുടുംബത്തില്‍ ശൂറ (കൂടിയാലോചന) നിശ്ചയിച്ചു ഖുര്‍ആന്‍. ചെറിയ ഒരു വിഷയത്തില്‍ പോലും ഈ വശത്തെ ഖുര്‍ആന്‍ ഊന്നിപ്പറഞ്ഞെങ്കില്‍ മറ്റുള്ള വിഷയങ്ങളില്‍ നാമെങ്ങനെ നമ്മുടെ കുടുംബത്തില്‍ കൂടിയാലോചിക്കാതിരിക്കും?
തന്റെ കാര്യം സാധിച്ചു കിട്ടാന്‍ ദുര്‍വാശി കാണിക്കുന്ന ഭാര്യമാരും മക്കളും ഈ കൂട്ടത്തില്‍ പെടും. ഇവരെല്ലാം കാരുണ്യമെന്ന മഹാനന്മയെ നിഷേധിക്കുകയാണ് ചെയ്യുന്നത്.
ഒരിക്കല്‍ ഉമര്‍(റ) തന്റെ പത്‌നിയോട് ഒരു സുപ്രധാന വിഷയത്തില്‍ തീരുമാനമറിയിച്ചു. അദ്ദേഹത്തെ തിരുത്തി ഭാര്യ പറഞ്ഞു: ''അങ്ങ് പറഞ്ഞ കാര്യം തെറ്റാണ.് നമുക്കിപ്രകാരം പ്രവര്‍ത്തിക്കാം.'' ''നീയെന്റെ അഭിപ്രായത്തോട് എതിര്‍പ്പ് പ്രകടിപ്പിക്കുകയോ'' എന്നായി ഉമര്‍. ഭാര്യ പറഞ്ഞു: ''ഉമറേ, താങ്കളുടെ മകള്‍ ഹഫ്‌സയും റസൂലും തമ്മില്‍ പോലും ഇത്തരം അഭിപ്രായന്തരങ്ങള്‍ ഉണ്ടാവാറുണ്ട്.'' ''ഹഫ്‌സ പ്രവാചകനെ ചോദ്യം ചെയ്യാന്‍ മാത്രമായോ'' എന്നായി ഉമര്‍. പിന്നീട് നേരെ ഹഫ്‌സയുടെ അരികിലേക്ക്. ''മോളേ, നീ പ്രവാചകനോട് നിന്റെ അഭിപ്രായം പ്രകടിപ്പിക്കാറുണ്ടോ?'' ''താന്‍ മാത്രമല്ല മുഴുവന്‍ പ്രവാചക പത്‌നിമാരും അത്തരക്കാരാണെന്നും'' ഹഫ്‌സ അറിയിച്ചു. പ്രവാചകനെ സമീപിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി വ്യത്യസ്തമല്ല. കാര്യം അങ്ങനെയാണല്ലേ എന്ന് ആത്മഗതം നടത്തുന്നു ഉമര്‍. കൂടിയാലോചനയില്ലാതെ കുടുംബമില്ല എന്നതു തന്നെയാണ് യാഥാര്‍ഥ്യം.
ഉമറിനെ കാലം മാറ്റി. ഖലീഫയായിരിക്കെ ഒരാള്‍ തന്റെ ഭാര്യയുമായി അഭിപ്രായ വ്യത്യാസമുണ്ടായ ശേഷം ആവലാതി ബോധിപ്പിക്കാന്‍ ഉമറിന്റെ വീട് ലക്ഷ്യമാക്കി യാത്ര തിരിച്ചു. വാതിലില്‍ തട്ടി വിളിക്കാന്‍ തുടങ്ങുമ്പോഴേക്കും അകത്ത് അതാ ഉമറിന്റെയും ഭാര്യയുെടയും സംഭാഷണം. ഏതോ ഒരു വിഷയത്തില്‍ രണ്ടു പേര്‍ക്കും വ്യത്യസ്ത അഭിപ്രായം. വാതില്‍ തുറക്കും മുമ്പെ അദ്ദേഹം തിരിച്ചു നടന്നു. തിരിഞ്ഞു നടക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി ഉമര്‍ വാതില്‍ തുറന്നു. എന്താണ് വന്നതെന്നും എന്താണ് തിരിച്ചു നടന്നുകളഞ്ഞതെന്നുമായി ഉമര്‍. തന്റെയും തന്റെ ഭാര്യയുടെയും അഭിപ്രായ വ്യത്യാസത്തെക്കുറിച്ച് ആവലാതി ബോധിപ്പിക്കാനാണ് ഞാന്‍ വന്നതെന്നും സ്ത്രീകള്‍ക്കും അഭിപ്രായാവകാശത്തിനവസരം കൊടുക്കണമെന്ന് ഇവിടെ വന്നപ്പോള്‍ മനസ്സിലായെന്നും അയാള്‍ പറഞ്ഞു. അപ്പോള്‍ ഉമര്‍(റ) പറഞ്ഞ തങ്കലിപികളില്‍ എഴുതിയിടേണ്ട മറുപടി കേള്‍ക്കണോ: ''അവള്‍ എനിക്കായി ജീവിക്കുന്നു. എന്റെ വസ്ത്രങ്ങള്‍ കഴുകിത്തരുന്നു. എനിക്കായി വിരിപ്പ് വിരിക്കുന്നു. എന്റെ മക്കളെ പോറ്റുന്നു. എനിക്കായി എല്ലാം സഹിക്കുന്ന എന്റെ ഭാര്യയുടെ ഒരു അഭിപ്രായം പോലും ഞാന്‍ സഹിക്കില്ലെന്നോ?''
തന്റെ ഉമ്മയുടെ വിളിക്കുത്തരം നല്‍കാതെ പ്രാര്‍ഥനയില്‍ മുഴുകിയ ജുനൈനുല്‍ ആബിദിനെക്കുറിച്ച് പ്രവാചകന്‍(സ) പറഞ്ഞതിങ്ങനെ: ''നിന്റെ നമസ്‌കാരത്തേക്കാള്‍ നിന്റെ ഉമ്മയോടുള്ള സ്‌നേഹവും കരുണയും നിന്നെ അല്ലാഹുവിലേക്കടുപ്പിക്കുന്നു.'' പ്രാര്‍ഥനയില്‍ മുഴുകിയവനോട് പോലും ഇതാണ് മറുപടിയെങ്കില്‍ അകാരണമായി തന്റെ മാതാക്കളെ ഒറ്റക്കിരുത്തിയവരുടെ വിധിയെന്താകും?

വിവ: നഹാസ് മാള
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം