Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 15

നടന്നു തീരാത്ത വഴികളെപ്പറ്റി

ടി.കെയുടെ നടന്നു തീരാത്ത വഴികളിലൂടെയുള്ള യാത്രയില്‍ കുറ്റിയാടിയിലും പരിസര പ്രദേശത്തും ഉള്ളവര്‍ക്കും ആ പ്രദേശങ്ങളില്‍ കൂടിയുള്ള യാത്രയെപ്പറ്റി പലതും പറയാനുണ്ടാകും. 1952 മദ്രാസ് അസംബ്ലി തെരഞ്ഞെടുപ്പില്‍ ഇ.കെ ശങ്കരവര്‍മ രാജയും കമ്യൂണിസ്റ്റ് നേതാവ് ടി.കെ.കെ അബ്ദുല്ലയും തമ്മിലുള്ള തെരഞ്ഞെടുപ്പ് മത്സരത്തിന്റെ ഭാഗമായി ഒരു അച്ചടിച്ച ലഘുലേഖ എനിക്ക് വായിക്കാന്‍ സാധിച്ചു. അതില്‍ ചുവടെ ടി.കെ അബ്ദുല്ല എന്നാണ് പേര് കണ്ടത്. ഏതാണ് ഈ ടി.കെ അബ്ദുല്ല എന്നെനിക്ക് സംശയമായി. ഞാന്‍ അന്വേഷിച്ചപ്പോള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ഒരു ടി.കെ അബ്ദുല്ലയുടേതാണ് തെരഞ്ഞെടുപ്പ് ലഘുലേഖയെന്നറിയാന്‍ കഴിഞ്ഞു. അയാള്‍ ജമാഅത്തെഇസ്‌ലാമിക്കാരനായ പണ്ഡിതനാണെന്ന് മനസ്സിലായി. പക്ഷേ, എനിക്ക് അദ്ദേഹത്തെ കാണാന്‍ കാലം കുറെ കഴിയേണ്ടിവന്നു. ആലിയ അറബി കോളേജിലെ അബ്ദുല്ല ഉസ്താദി(വി. അബ്ദുല്ല മൗലവി)നോടൊന്നിച്ച് ആയഞ്ചേരിയിലെ എന്റെ ഗുരുനാഥനെ കാണാന്‍ കാത്തിരിക്കുമ്പോഴാണ് ടി.കെയെ അടുത്തു നിന്ന് കാണാന്‍ കഴിഞ്ഞത്. അന്നു ആയഞ്ചേരി മുയിപ്പോത്ത് നിന്നു വരുന്ന തോണി മാര്‍ഗവും ബോട്ട് മാര്‍ഗവുമല്ലാതെ രക്ഷയില്ല. അന്നു വാഴക്കാട്ടുകാരനായ എം. അബ്ദുല്ല കുട്ടി മൗലവിയാണ് കുറ്റിയാടിയില്‍ ഇസ്‌ലാമിക വിജ്ഞാനത്തിന് വഴികാണിച്ചത്.
പഴയകാലത്തെ കുറ്റിയാടിയിലെ ജനതക്ക് മറക്കാന്‍ സാധിക്കാത്തവരാണ് പി.എം ബാവാച്ചി ഹാജി, ഇരിക്കൂറിലെ പി.സി മാമു ഹാജി, സി.എം അഹ്മദ് കുട്ടി തുടങ്ങിയവര്‍. പ്രമുഖനായ കമ്യൂണിസ്റ്റുകാരനും കവിയും എഴുത്തുകാരനുമായ ഇ.ജെ മമ്മു സാഹിബും വി.കെ ഇബ്‌റാഹീം സാഹിബും കമ്യൂണിസ്റ്റ് പാര്‍ട്ടി വിട്ട് ജമാഅത്തെ ഇസ്‌ലാമിക്കാരായതും വേളത്തെ പൊയിലങ്കി എന്ന പ്രദേശത്തിന് ശാന്തിനഗര്‍ എന്ന പേരായി വന്നതും ആ പ്രദേശം ഒരു സാംസ്‌കാരിക കേന്ദ്രമായതും മറ്റുമായി എഴുപത്തിയഞ്ച് പിന്നിട്ട എന്നെ പോലുള്ളവര്‍ക്കും പല കഥകളും പറയാനുണ്ടാകും. 60 വര്‍ഷം പൂര്‍ത്തിയാക്കിയ പ്രബോധനം എന്നെ പോലുള്ളവര്‍ക്ക് നടന്നുതീരാത്ത വഴികളിലൂടെ എത്ര വലിയ വിജ്ഞാന ഭണ്ഡാരമാണ് തുറന്നു തരുന്നത്. ഇതൊരു പുസ്തകമായി തീരാന്‍ ഐ.പി.എച്ചും താല്‍പര്യം കാണിക്കുമെന്ന് കരുതുന്നു.
പി. സൂപ്പി കുറ്റിയാടി

 

ഇ-കൊമേഴ്‌സ്ചതിക്കുഴികള്‍
അത്യാധുനിക ഇലക്‌ട്രോണിക് സൗകര്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഇടപാടുകളില്‍ വ്യക്തവും കണിശവുമായ ഇസ്‌ലാമിന്റെ നിയമങ്ങള്‍ പാലിക്കണമെന്നു ഉദ്‌ബോധിപ്പിക്കുന്നതും ഇസ്‌ലാമിക ചിന്ത കൈവിടാതെ ഇത്തരം സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതുമായിരുന്നു എം.വി മുഹമ്മദ് സലീമിന്റെ പഠനം (ലക്കം 15). അജ്ഞതമൂലവും വേണ്ടത്ര ഗൗരവമായി എടുക്കാത്തതിനാലും ഒട്ടനവധി മുസ്‌ലിം സഹോദരങ്ങള്‍ ഈ ഇടപാടുകളില്‍ വ്യാപൃതരാണ്. ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥ ലോകത്ത് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ദിവസേന പെരുകുന്ന പണയവ്യവസ്ഥകള്‍ കേരളീയരെ വളരെയധികം ആകര്‍ഷിക്കുന്നുണ്ട്.
ഷഫീഖ് കണ്ണാഞ്ചേരി
താനാളൂര്‍

പുസ്തകങ്ങളുടെ തലക്കെട്ടുകള്‍
നടന്നു തീരാത്ത വഴികളില്‍ (ലക്കം 17) 'പ്രസ്ഥാന സാഹിത്യങ്ങള്‍' എന്ന തലക്കെട്ടില്‍ പരാമര്‍ശിച്ച പുസ്തകങ്ങളുടെ പേരുകള്‍ ചിലത് തെറ്റായിട്ടാണ് കൊടുത്തിട്ടുള്ളത്. ജീവിത പദ്ധതി എന്നത് കൊണ്ട് ഉദ്ദേശിച്ചത് 'ഇസ്‌ലാമിന്റെ ജീവിത വ്യവസ്ഥ' എന്ന പുസ്തകമായിരിക്കാം. 'താത്ത്വിക വിശകലനം' എന്നതിന്റെ പൂര്‍ണ നാമം 'മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്ത്വിക വിശകലനം' എന്നാണ്. സംഘടിത ജീവിതം, ലക്ഷ്യവും മാര്‍ഗവും, മതപ്രബോധനം: ലക്ഷ്യവും ശൈലിയും എന്നിവയുടെ ശരിയായ പേരുകള്‍ യഥാക്രമം ഇസ്‌ലാമും സംഘടിത ജീവിതവും, ജമാഅത്തെ ഇസ്‌ലാമി: ലക്ഷ്യവും മാര്‍ഗവും, ഇസ്‌ലാമിക പ്രബോധനം: ലക്ഷ്യവും ശൈലിയും എന്നിങ്ങനെയാണ്. വാക്കര്‍ഥം ശരിയായി വരുമെങ്കിലും പ്രചാരത്തിലുള്ള പേരുകള്‍ തന്നെ ഉപയോഗിക്കുന്നതാണ് വായനക്കാര്‍ക്ക് സൗകര്യപ്രദം.
റുഷ്ദ പുല്‍പറമ്പ്

 

'ക്രൂരമുഹമ്മദര്‍' സൃഷ്ടിച്ച ദുരവസ്ഥ
ബ്രിട്ടീഷുകാരെ കുറിച്ച് ശ്രീ നാരായണഗുരു പറഞ്ഞ 'നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണ്' എന്ന വാചകത്തിന്റെ സന്ദര്‍ഭം കൂടി വിശദമാക്കേണ്ടിയിരിക്കുന്നു. ''ലോക മഹാ യുദ്ധകാലത്ത് തൃപ്പാദങ്ങള്‍ ഇങ്ങനെ പറയുകയുണ്ടായി: ഇംഗ്ലീഷുകാര്‍ ജയിക്കാന്‍ നാമൊക്കെ പ്രാര്‍ഥിക്കണം. നമുക്കൊക്കെ സന്യാസം നല്‍കിയ ഗുരുക്കന്മാരാണ് അവര്‍.
അന്തേവാസി: സന്യാസം നല്‍കുക എന്നു വെച്ചാല്‍ മതോപദേശം ചെയ്തു കാഷായവസ്ത്രം നല്‍കുകയാണല്ലോ. തൃപ്പാദങ്ങള്‍ പറഞ്ഞതിന്റെ അര്‍ഥം മനസ്സിലായില്ല.
സ്വാമികള്‍: ശ്രീരാമന്റെ കാലത്തുകൂടി ശൂദ്രാദികള്‍ക്ക് സന്യാസിപ്പാന്‍ പാടില്ലെന്നല്ലേ പറയുന്നത്? ഹിന്ദുക്കള്‍ സ്മൃതി നോക്കി ഭരിക്കുന്നവരല്ലേ? ഇപ്പോള്‍ ഇഷ്ടം പോലെ സന്യാസിപ്പാന്‍ അനുവദിച്ചിരിക്കുന്നത് ഇംഗ്ലീഷുകാരണല്ലോ. അപ്പോള്‍ ഗുരുവായില്ലേ?'' (റഫറന്‍സ്: ശ്രീനാരായണഗുരു വൈഖരി, സമ്പാദകന്‍: ഡോ. ടി. ഭാസ്‌കരന്‍, പ്രസാധനം: കുന്നത്തുനാട് എസ്.എന്‍.ഡി.പി യൂനിയന്‍).
ഇതില്‍നിന്ന് ഗുരു ബ്രിട്ടീഷ് ഭരണത്തിന്റെ ആരാധകനായിരുന്നോ എന്നും അത് നിലനില്‍ക്കണമെന്ന് ആഗ്രഹിച്ചിരുന്നോ എന്നും തോന്നിപ്പോകുന്നു. ഗുരു സ്വാതന്ത്ര്യ സമരത്തിന് അനുകൂലമായി പ്രവര്‍ത്തിക്കുകയോ പറയുകയോ ഉണ്ടായതായി അറിവില്ല.
ഡോ. ബി.വി ബേബി ഉഡുപ്പി

 

യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധി
'യൂറോപ്പിലെ സാമ്പത്തിക സൂനാമി'യെക്കുറിച്ചുള്ള വി.വി ശരീഫ് സിംഗപ്പൂരിന്റെ ലേഖനം (ലക്കം 17), ലോകം അനുഭവിക്കാന്‍ പോകുന്ന യഥാര്‍ഥ സാമ്പത്തിക മാന്ദ്യത്തിന്റെയും മുതലാളിത്ത നയനിലപാടുകളുടെ തകര്‍ച്ചയെയും സൂചിപ്പിക്കുന്നു. 2007-ല്‍ അരങ്ങേറിയ അമേരിക്കയിലെ ബാങ്ക് തകര്‍ച്ചയും ആഗോള സാമ്പത്തിക മാന്ദ്യവും അതിജയിക്കാനുള്ള അമേരിക്കന്‍-യൂറോപ്യന്‍ ഗവണ്‍മെന്റുകളുടെ ചികിത്സാ രീതികള്‍, കരകയറാന്‍ കഴിയാത്ത എയ്ഡ്‌സ് പരുവത്തിലേക്ക് സാമ്പത്തിക രംഗത്തെ കൊണ്ടെത്തിച്ചിരിക്കുന്നു.
ഏറ്റവും പുതുതായി അമേരിക്കയില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്, ആഭ്യന്തര കലാപങ്ങളിലേക്ക് നയിക്കുന്ന രൂപത്തില്‍ ദിനേന വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വത്തെക്കുറിച്ച ഞെട്ടിക്കുന്ന വാര്‍ത്തകളാണ്. സാമ്പത്തിക മാന്ദ്യം അതിജയിക്കാന്‍ സ്വീകരിച്ച നടപടികള്‍, ബുഷ് ആവട്ടെ ഒബാമയാവട്ടെ കേവലം ഒരു ശതമാനം വരുന്ന വരേണ്യ വര്‍ഗത്തിന് മാത്രമേ ഉപകാരപ്പെട്ടുള്ളൂ. മാന്ദ്യകാലത്തെ നാലു വര്‍ഷത്തിനിടയില്‍ കേവലം ഒരു ശതമാനം വരുന്ന സമ്പന്നര്‍ 60 ശതമാനം വരുന്ന ജനങ്ങളുടെ മൊത്തം വാര്‍ഷിക വരുമാനത്തിനടുത്ത് വരുമാനമുണ്ടാക്കുകയും, 90 ശതമാനം ജനങ്ങളുടെ മൊത്തം സമ്പത്തിനോളം വരുന്ന വിഹിതം ഒരു ശതമാനം ജനങ്ങള്‍ കൈയടക്കുകയും ചെയ്ത കണക്ക്, കത്രീന കൊടുങ്കാറ്റിന് ശേഷം സിറ്റി ഗ്രൂപ്പാണ് പുറത്ത് വിട്ടത്. സമാനമായത് യൂറോപ്പിലും കണ്ടു തുടങ്ങിയിരിക്കുന്നു.
2011 ആഗസ്റ്റില്‍ മാര്‍ക്‌സ് സുലന്‍ (29) എന്ന ആഫ്രോ കരീബിയന്‍ വംശജന്‍ ബ്രിട്ടനില്‍ പോലീസ് വെടിപ്പില്‍ കൊല്ലപ്പെട്ടതോടനുബന്ധിച്ച് പൊട്ടിപ്പുറപ്പെട്ട കലാപവും  തീവെപ്പും കൊള്ളയടിയും ആഭ്യന്തര സാമ്പത്തിക അസമത്വത്തിന്റെ പരിണതിയായി രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നു. ഇത്തരത്തില്‍ പെട്ടെന്ന് തീപിടിക്കാന്‍ മാത്രം പാകത്തില്‍ സാമ്പത്തിക മാന്ദ്യാഗ്നി ഓരോ രാഷ്ട്രത്തിനുള്ളിലും പുകഞ്ഞുകൊണ്ടിരിക്കുന്നു. ഇസ്‌ലാമോഫോബിയയോ തീവ്രവാദ വേട്ടയോ കൊണ്ട് അവ മറച്ചു പിടിക്കാനാവില്ല.
നിര്‍മാണ കയറ്റുമതിയിലെ ചൈനയുടെയും, ഓയില്‍ കയറ്റുമതിയിലെ റഷ്യയുടെയും, കാര്‍ഷിക കയറ്റുമതിയിലെ ബ്രസീലിന്റെയും, സേവന കയറ്റുമതിയിലെ ഇന്ത്യയുടെയും ആധിപത്യം വ്യാപാര കമ്മി അനുഭവപ്പെട്ടു തുടങ്ങിയ യൂറോ-അമേരിക്കന്‍ രാഷ്ട്രങ്ങള്‍ക്ക് തിരിച്ചടിയാണ്.  ആഭ്യന്തര അഴിമതികള്‍ മാത്രമല്ല ഇന്നത്തെ നമ്മുടെ ഭക്ഷ്യവിഭവങ്ങളുടെ വിലക്കയറ്റത്തിനടിസ്ഥാനം എന്ന് തിരിച്ചറിഞ്ഞ് ക്രിയാത്മകമായ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ സംഗതി പാളും.
നാജിദാബാനു ആദി രാജ

കാലിക പ്രസക്തമാണ്, പക്ഷേ
'സമകാലിക മുസ്‌ലിം രാഷ്ട്രീയം മലബാര്‍ സമരം വായിക്കുമ്പോള്‍' എന്ന സമദ് കുന്നക്കാവിന്റെ പഠനം കാലിക പ്രസക്തിയുള്ളതാണ്. എന്നാല്‍ ബാവാച്ചി ഹാജി പറഞ്ഞതുപോലെ (ടി.കെയുടെ നടന്നുതീരാത്ത വഴികളില്‍ നിന്നുള്ളത്) അത് മലയാളത്തിലായാല്‍ നന്നായിരുന്നു. എന്റെ പരിചയവൃത്തത്തിലുള്ളവരും പതിറ്റാണ്ടുകളായി പ്രബോധനത്തിന്റെ  സ്ഥിരം വായനക്കാരുമായ പലരും ഇതേ രീതിയിലാണ് മേല്‍ ലേഖനത്തെക്കുറിച്ച് പറഞ്ഞത്. രണ്ട് മൂന്ന് പ്രാവശ്യം വായിച്ചിട്ടും മനസ്സിലാകാത്ത അനവധി വാചകങ്ങള്‍ അതിലുണ്ട്. വളരെ താല്‍പര്യമുള്ള വിഷയമായതിനാല്‍ ലേഖകന്‍ തുടര്‍ന്നുള്ള എഴുത്തില്‍ ഭാഷ ലഘൂകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എം.എ യൂസുഫ് താമരശ്ശേരി

ടി.കെയുടെനാഴികക്കല്ല്
ടി.കെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അമീര്‍ സ്ഥാനം അലങ്കരിക്കുമ്പോഴാണ് കേരളത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് ഒരു 'നാഴികക്കല്ലായി' മാറിയ ദഅ്‌വത്ത് നഗര്‍ സമ്മേളനം നടന്നത്. ഈ കുറിപ്പുകാരനെ പോലെയുള്ളവര്‍ ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടനയെ കുറിച്ച് കേട്ടുതുടങ്ങിയതും അന്ന് മുതല്‍ക്കാണ്. ഒപ്പം ടി.കെ എന്ന രണ്ടക്ഷരവും!~അതിനു ശേഷം മാത്രമാണ് മൗദൂദി സാഹിബിനെ പോലും ഈ കുറിപ്പുകാരന്‍ കേട്ടുതുടങ്ങിയത്. ഞങ്ങളുടെ പ്രദേശത്ത് 'ദഅ്‌വത്ത്' സമ്മേളനത്തോടെയാണ് ജമാഅത്തിന് വേരോട്ടം ഉണ്ടായത്. അതുപോലെ തന്നെയാണ് മറ്റു ചില പ്രദേശങ്ങളിലും എന്ന് കേട്ടിട്ടുണ്ട്.
ദഅ്‌വത്ത് നഗര്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഭാഗ്യം ലഭിച്ചില്ലെങ്കിലും അതിന്റെ ആരവങ്ങളും അലയൊലികളും ഞങ്ങളുടെ പ്രദേശത്തും ആന്ദോളനങ്ങള്‍ സൃഷ്ടിച്ചു. അതില്‍ ടി.കെയുടെ പ്രസംഗം അത്യുജ്വലമായിരുന്നു, ആവേശം നല്‍കുന്നതായിരുന്നു. ഈ പ്രസംഗം പിന്നീട് ഓഡിയോ കാസറ്റില്‍ കേള്‍ക്കുകയുണ്ടായി. ആ ഘനഗംഭീര വാക്കുകള്‍ ഇന്നും കാതുകളില്‍ മുഴങ്ങുന്നു. അതില്‍ ടി.കെയുടെ പ്രധാനപ്പെട്ട (വിവാദപരമായ) പോയിന്റുകള്‍ ഇങ്ങനെയായിരുന്നു: ''ജമാഅത്തെ ഇസ്‌ലാമിയുടെ ദൈവം മുസ്‌ലിംകളുടെ മാത്രം 'അല്ലാഹു' അല്ല. ജമാഅത്തെ ഇസ്‌ലാമിയുടെ ദൈവം ഹിന്ദുക്കളുടെ മാത്രം 'ഈശ്വരന്‍' അല്ല. ജമാഅത്തെ ഇസ്‌ലാമിയുടെ ദൈവം ക്രിസ്ത്യാനികളുടെ മാത്രം 'കര്‍ത്താവ്' അല്ല. ജമാഅത്തെ ഇസ്‌ലാമിയുടെ ദൈവം മാനവലോകത്തിന്റെ ദൈവമാണ്.''
ഈ വാക്കുകളും വരികളും ആ സമ്മേളന ശേഷം ചില യാഥാസ്ഥിതിക പണ്ഡിതന്മാര്‍ വിവാദമാക്കിയെങ്കിലും പിന്നീട് ജമാഅത്തിന്റെ 'ദൈവ'ത്തെ അവരും അംഗീകരിക്കുകയായിരുന്നു. ഈ സമ്മേളനത്തിന് സാക്ഷ്യം വഹിച്ചവരും ഈ വാക്കുകള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും ശ്രവിച്ചവരും അവ മറക്കാനിടയില്ല.
നസ്വീര്‍ പള്ളിക്കല്‍ രിയാദ്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം