Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 15

കൌസര്‍ യസ്ദാനി നദ്വി

ജമാഅത്തെ ഇസ്ലാമിയുടെ അഖിലേന്ത്യാ നേതാക്കളിലൊരാളായിരുന്നു 2011 ആഗസ്റ് 29ന് വിടവാങ്ങിയ ഡോ. കൌസര്‍ യസ്ദാനി നദ്വി. 37 വര്‍ഷം പ്രസ്ഥാനത്തിന്റെ ഹിന്ദി മുഖപത്രമായ കാന്തിയുടെ പത്രാധിപര്‍, 1975 മുതല്‍ 1995 വരെ ജമാഅത്തെ ഇസ്ലാമി ദല്‍ഹി-ഹരിയാന ഘടകം അമീര്‍, കേന്ദ്ര ഓഫീസില്‍ ദഅ്വ കാര്യ സെക്രട്ടറി എന്നീ ചുമതലകളാണ് ഡോ. യസ്ദാനി നിര്‍വഹിച്ചിരുന്നത്. ഉര്‍ദു ഭാഷയിലും സാഹിത്യത്തിലും നല്ല പരിജ്ഞാനമുണ്ടായിരുന്നെങ്കിലും ഹിന്ദിയിലാണ് അദ്ദേഹത്തിന്റെ രചനകള്‍ കൂടുതലും. വിശുദ്ധ ഖുര്‍ആന്‍ ഹിന്ദി പരിഭാഷ തയാറാക്കിയത് അദ്ദേഹമാണ്. മരണപ്പെടുമ്പോള്‍ 75 വയസ്സായിരുന്നു.
1935ല്‍ ഉത്തര്‍ പ്രദേശിലെ അഅ്സംഗഢ് ജില്ലയില്‍ കടാല്‍പൂര്‍ ഗ്രാമത്തിലാണ് ജനനം. പിതാവ് പോലീസ് ഉദ്യോഗസ്ഥനായിരുന്നു. 1955ല്‍ അഅ്സംഗഢിലെ ശിബ്ലി കോളേജില്‍നിന്ന് ബിരുദം നേടി. പഠനകാലത്തു തന്നെ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ടു. 1955ല്‍ കാന്തി മാസികയില്‍ ചേരുമ്പോള്‍ യസ്ദാനിക്ക് അറബി ഭാഷ വശമില്ലായിരുന്നു. അറബി പഠിക്കാന്‍ മൂന്ന് വര്‍ഷം കാന്തിയില്‍ നിന്ന് അവധിയെടുത്ത് ലഖ്നൌ നദ്വത്തുല്‍ ഉലമയില്‍ ചേര്‍ന്നു. ഒരുവര്‍ഷം കൊണ്ട് നദ്വയില്‍ നിന്ന് ആലിമിയ്യതും രണ്ടു വര്‍ഷംകൊണ്ട് ഫദീലതും നേടിയെടുത്തു. 1975ല്‍ അടിയന്തരാവസ്ഥയില്‍ കാന്തി നിരോധിക്കപ്പെട്ടപ്പോള്‍ ഹിന്ദി സാഹിത്യത്തില്‍ ബിരുദാനന്തര നേടി. ഇതേകാലത്ത് സ്വൂഫിസത്തെക്കുറിച്ച സമര്‍പ്പിച്ച പ്രബന്ധത്തിന് ഡോക്ടറേറ്റും ലഭിച്ചു.
ഹിന്ദിയില്‍ ഒരു ഡസനോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 40 ഓളം ഗ്രന്ഥങ്ങള്‍ ഹിന്ദിയിലേക്കു പരിഭാഷപ്പെടുത്തി. ഇതില്‍ സയ്യിദ് മൌദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്റെ സംഗ്രഹവും ഉള്‍പ്പെടും.
ചെറുപ്പത്തിലേ കഥാരചനയില്‍ താല്‍പര്യമുണ്ടായിരുന്ന യസ്ദാനി, ഇദാറെ അദബെ ഇസ്ലാമിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ദല്‍ഹി-ഹരിയാന അമീറായിരിക്കെ ഇസ്ലാമികവും പ്രാസ്ഥാനികവുമായ ആവശ്യാര്‍ഥം നിരന്തരം യാത്ര ചെയ്തിരുന്നു. അന്ന് ദല്‍ഹി ചിത്ലി ഖബറിലായിരുന്നു ജമാഅത്ത് ആസ്ഥാനം. പൊതുജനങ്ങളുമായി ഉറ്റ സൌഹൃദം സ്ഥാപിച്ചിരുന്നതിനാല്‍ അദ്ദേഹത്തിന്റെ പ്രഭാഷണം ശ്രവിക്കാന്‍ ധാരാളം സാധാരണക്കാര്‍ ഒത്തുകൂടുമായിരുന്നു. ഒന്നിലധികം തവണ ഡോ. യസ്ദാനി കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. ഭാര്യ 1990ല്‍ മരണപ്പെട്ടിരുന്നു. നാല് മക്കളുണ്ട്.

 

നസീമ
മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്ന ഓര്‍മയാണ് നസീമാന്റിയുടെ വിയോഗം. അല്‍ ഐനില്‍ ചെന്നകാലം മുതല്‍ അടുത്തറിയുന്ന നസീമാന്റി മറക്കാന്‍ കഴിയാത്ത കുറെ നല്ല ഓര്‍മകളും ജീവിതാനുഭവങ്ങളും ബാക്കിവെച്ചാണ് വിടപറഞ്ഞത്.
രോഗങ്ങള്‍ അടുത്ത കാലങ്ങളിലായി ശരീരത്തെ പ്രയാസപ്പെടുത്തിയിരുന്നുവെങ്കിലും മാനസികമായി നസീമാന്റി കൈവരിച്ചിരുന്ന സ്ഥൈര്യം അവരുടെ ഈമാന്റെ പ്രതിഫലനമായിരുന്നു. 30 കൊല്ലത്തിലധികമായി അല്‍ ഐനില്‍ താമസിച്ച് വരുന്ന അവര്‍ പ്രസ്ഥാന വൃത്തത്തില്‍ സുപരിചിതയായിരുന്നു.
ഏത് സാഹചര്യത്തിലും കരുത്തോടെ പ്രസ്ഥാനത്തിന് മുതല്‍ക്കൂട്ടായി നില്‍ക്കാന്‍ പ്രാപ്തരായ മക്കളെ വളര്‍ത്തിയെടുത്തതോടൊപ്പം, അവര്‍ക്കനുയോജ്യരായ ഇണകളെ കണ്ടെത്താന്‍ കഴിഞ്ഞു എന്നതും അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമാണ്.
അവരുടെ കൈപുണ്യം അറിയാതെ പോയ ഐ.സി.സി പ്രവര്‍ത്തകരോ പ്രസ്ഥാന കുടുംബങ്ങളോ നേതാക്കളോ വിരളമായിരിക്കും.
തേങ്ങലോടെയല്ലാതെ ഓര്‍ക്കാന്‍ കഴിയാത്ത ഒട്ടേറെ നല്ല ജീവിതാനുഭവങ്ങള്‍ ബാക്കിവെച്ച് അകാലത്തില്‍ യാത്രയായ സഹോദരിക്ക് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കുമാറാകട്ടെ -ആമീന്‍.
ഹിബ ബഷീര്‍
പെരിങ്ങോട്ടുകര(തൃശൂര്‍)

സൈനുദ്ദീന്‍ അന്തമാന്‍
പ്രസ്ഥാന കുടുംബത്തിലെ കാരണവരായിരുന്നു റമദാന്‍ 27-ന് അന്തരിച്ച സൈനുദ്ദീന്‍ സാഹിബ്. 1960കളിലാണ് ഇസ്ലാമിക പ്രസ്ഥാനം അന്തമാനില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തനമാരംഭിച്ചത്. പി.കെ ഇബ്റാഹീം മൌലവിയുടെ ആകര്‍ഷകമായ വ്യക്തിത്വത്താലും വശ്യമായ സമീപനത്താലും ആകൃഷ്ടരായ യുവനിരയില്‍ അഗ്രഗണ്യനായിരുന്നു ഏനുസാഹിബ്. ഇബ്റാഹീം സാഹിബാണ് അദ്ദേഹത്തിന്റെ പേര് സൈനുദ്ദീന്‍ എന്നാക്കി മാറ്റിയത്.
മര്‍കസുത്തഅ്ലീമില്‍ ഇസ്ലാമി എന്ന സ്ഥാപനം ആരംഭിച്ചത് സ്റിവര്‍ട്ട് ഗഞ്ച് അന്‍സാറുല്‍ ഇസ്ലാം മസ്ജിദിന്റെ താഴെ നിലയിലായിരുന്നു. മര്‍കസിനായി രണ്ട് സഹോദരങ്ങള്‍ ദാനമായി നല്‍കിയ ഭൂമി കെട്ടിട നിര്‍മാണത്തിനായി സജ്ജമാക്കിയതും അതില്‍ കെട്ടിടം നിര്‍മിച്ചതുമൊക്കെ നാട്ടുകാരൊന്നിച്ച് നടത്തിയ ശ്രമദാനത്തിലൂടെയായിരുന്നു. അതില്‍ കൈമെയ് മറന്ന് അധ്വാനിച്ചവരില്‍ മുന്‍പന്തിയില്‍ ഏനു സാഹിബുമുണ്ടായിരുന്നു. സ്റിവര്‍ട്ട് ഗഞ്ച് മസ്ജിദുല്‍ ഇഹ്സാന്‍, വിംബര്‍ലിഗഞ്ച് മന്‍ഫഉല്‍ ഇസ്ലാം ജുമാ മസ്ജിദ്, ഇസ്ലാമിക് വെല്‍ഫയര്‍ സൊസൈറ്റിയുടെ സ്കൂള്‍ കെട്ടിടം എന്നിവയുടെ നിര്‍മാണത്തിലും പാവങ്ങള്‍ക്കായുള്ള വീട് നിര്‍മാണത്തിലുമൊക്കെ അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു.
കെ.ടി അബ്ദുര്‍റഹീം സാഹിബിന്റെ സന്തതസഹചാരിയായിരുന്നു അദ്ദേഹം. 1972ല്‍ അദ്ദേഹം ജമാഅത്തംഗമായി. ഔപചാരിക വിദ്യാഭ്യാസം പോലും നേടാന്‍ അവസരം ലഭിക്കാത്ത അദ്ദേഹം ജമാഅത്തംഗമായപ്പോള്‍ അത്ഭുതം കൂറിയ ചിലര്‍ക്ക് കെ.ടി നല്‍കിയ മറുപടി, "സത്യസാക്ഷ്യനിര്‍വഹണമെന്നത് കേവലം എഴുത്തും പ്രഭാഷണവുമല്ല. പ്രത്യുത ഇസ്ലാമിന്റെ ജീവിക്കുന്ന മാതൃകകളായി സമൂഹത്തില്‍ ഇസ്ലാമിനെ പ്രതിനിധീകരിക്കുക എന്നതാണ് യഥാര്‍ഥ സത്യസാക്ഷ്യ നിര്‍വഹണം'' എന്നായിരുന്നു. ഇസ്ലാമിനെയും ഇസ്ലാമിക പ്രസ്ഥാനത്തെയും ജീവിതത്തിലുടനീളം പ്രതിനിധീകരിച്ച് കൊണ്ടാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്.
വിജ്ഞാനമാര്‍ജിക്കാന്‍ ലഭിക്കുന്ന ഒരവസരവും അദ്ദേഹം പാഴാക്കിയില്ല. അടിയന്തരാവസ്ഥയില്‍ 1975 ജൂലൈ 4 മുതല്‍ 1977 മാര്‍ച്ച് 21 വരെ സെല്ലുലാര്‍ ജയിലില്‍ കഴിയേണ്ടി വന്നപ്പോള്‍ പഠനത്തിനായി വീണ് കിട്ടിയ ഒരവസരമായാണ് അദ്ദേഹം അതിനെ കണ്ടത്. പി.കെ ഇബ്റാഹീം സാഹിബിന്റെ സാന്നിധ്യം അതിന് നന്നായി പ്രയോജനപ്പെടുകയും ചെയ്തു.
ഇബാദത്തുകളില്‍ അങ്ങേയറ്റം ജാഗ്രത പാലിച്ചു. രോഗശയ്യയിലാകുന്നത് വരെയും ഇമാമിന്റെ വലത് ഭാഗത്ത് ഒന്നാമത്തെ സ്വഫ്ഫില്‍ അദ്ദേഹത്തെ കാണാമായിരുന്നു. ജമാഅത്തിന്റെ മേല്‍നോട്ടത്തിലുള്ള സൊസൈറ്റിയിലും കമ്മിറ്റികളിലുമൊക്കെ അദ്ദേഹം അംഗമായിരുന്നു.
പി.കെ മുഹമ്മദലി അന്തമാന്‍

 

അബ്ദുല്‍ മനാഫ്
വെസ്റ് കൊടിയത്തൂര്‍ തെക്കേതൊടിക അബ്ദുല്‍ മനാഫ് നമ്മോട് വിട പറഞ്ഞു. ഫാറൂഖ് കോളേജില്‍ എം.എ എകണോമിക്സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. എസ്.ഐ.ഒ യൂനിറ്റ് പ്രസിഡന്റ്, ജനപക്ഷമുന്നണി യുവജനവിഭാഗം പഞ്ചായത്ത് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പ്രസ്ഥാനത്തിന് പുറത്ത് നല്ലൊരു സുഹൃദ്വൃന്ദം ഉണ്ടായിരുന്നു മനാഫിന്. പൊതുസമൂഹവുമായി പ്രസ്ഥാനത്തിന് ബന്ധപ്പെടാന്‍ ഇത് സഹായകമായി. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കൊടിയത്തൂര്‍ പഞ്ചായത്ത് ജനപക്ഷമുന്നണിക്ക് വേണ്ടി മനാഫ് അക്ഷീണം യത്നിച്ചു. നാട്ടില്‍ 'സോളിഡാരിറ്റി സെന്റര്‍' എന്ന സ്ഥാപനം യാഥാര്‍ഥ്യമായതിലും മനാഫിന്റെ പങ്ക് വലുതാണ്. എം.എ.എം.ഒ കോളേജില്‍ കാമ്പസ് ഇലക്ഷനിലും നിറഞ്ഞു നിന്നു. ഫാറൂഖ് കോളേജില്‍ എല്‍.എ.സി അംഗവും ആയിരുന്നു.
കെ.സി.പി


പി.വി അബ്ദുര്‍റസാഖ്
കോഴിക്കോട് പ്രാദേശിക ജമാഅത്തിലെ പഴയകാല പ്രവര്‍ത്തകനായിരുന്നു അബ്ദുര്‍റസാഖ് സാഹിബ്(83). 1950ല്‍ കോഴിക്കോട് വെള്ളയില്‍ നടക്കുന്ന ഒരു ജമാഅത്ത് സമ്മേളനത്തില്‍ ഹാജിസാഹിബും കെ.സിയും സംബന്ധിക്കുന്നുണ്ടെന്ന് കേട്ട് എന്റെ പഴയകാല സുഹൃത്തുക്കളായ ബിച്ചമ്മു മാസ്റര്‍ക്കും സി.പി.എമ്മിനുമൊപ്പം ഞാന്‍ വെള്ളയിലേക്ക് പുറപ്പെട്ടു. ഒരു യുവാവ് യോഗനടത്തിപ്പില്‍ നിറഞ്ഞുനില്‍ക്കുന്നതായി കണ്ടു. പ്രദേശത്തുകാരനായ റസാഖ് സാഹിബായിരുന്നു അത്. അദ്ദേഹത്തിന്റെ സഹോദരീ ഭര്‍ത്താവ് മര്‍ഹൂം സി. മുഹമ്മദ് ഹാജി അവിടുത്തെ പൌരപ്രമുഖനായിരുന്നു. അദ്ദേഹത്തിന്റെ പിന്‍ബലവും റസാഖ് സാഹിബിന് ലഭിച്ചു. ഈ കര്‍മകുശലതയും ചുറുചുറുക്കും എപ്പോഴും ഓര്‍ക്കാറുണ്ട്. ഭാര്യ എ. സുലൈഖ. മൂത്ത മകന്‍ അബ്ദുര്‍റഷീദ് അടക്കം നാലു ആണ്‍മക്കളും രണ്ടു പെണ്‍മക്കളുമാണുള്ളത്.

കെ.വി മമ്മദ്കോയ
കെ.വി എന്ന രണ്ടക്ഷരംകൊണ്ടാണ് ഞങ്ങള്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അദ്ദേഹത്തെ വിളിക്കാറുള്ളത്. പ്രായാധിക്യം കൊണ്ടുള്ള അസുഖമുണ്ടായിരുന്നെങ്കിലും എല്ലാ വഖ്ത്തിനും പള്ളിയില്‍ അദ്ദേഹം ഉണ്ടാവും. സുബ്ഹി നമസ്കാരത്തിനു ശേഷം ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരിക്കെയാണ് മരണം. കലാം കടുവാനത്ത്, മുഹമ്മദ് ഇഖ്ബാല്‍, അബുല്ലൈസ് അടക്കം മൂന്നു ആണ്‍മക്കളും മൂന്നു പെണ്‍മക്കളുമുണ്ട്. മരിക്കുമ്പോള്‍ 85 വയസ് പ്രായമുണ്ടായിരുന്നു.
എം. മൊയ്തീന്‍കോയ തിരുവണ്ണൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം