മലബാര്‍ വിവേചനത്തിന്റെ കടലാഴങ്ങള്‍
കേരളത്തിന്റെ ചരിത്രത്തില്‍ ഉജ്ജ്വല പാരമ്പര്യമുളള പ്രദേശമാണ് മലബാര്‍. കൊളോണിയല്‍ ആധുനികത കേരളത്തെ രൂപപ്പെടുത്തുന്നതിനു മുമ്പുതന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളുമായി സാമ്പത്തികവും സാംസ്‌കാരികവുമായ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ മലബാറിനു സാധിച്ചിട്ടുണ്ട്. മലബാറിന്റെ സ്വത്വ രൂപവത്കരണത്തിലും വികാസത്തിലും മാത്രമല്ല, പുരോഗമനാത്മക കേരളം സൃഷ്ടിച്ചെടുക്കുന്നതിലും മലബാര്‍ സവിശേഷ പങ്ക് വഹിച്ചു. അധിനിവേശ വിരുദ്ധ പോരാട്ടത്തിലും കേരളത്തിന് തിളക്കമാര്‍ന്ന ഓര്‍മകള്‍ മലബാര്‍ പ്രദാനം ചെയ്തു. 16-ാം നൂറ്റാണ്ടിലെ പോര്‍ച്ചുഗീസ് വിരുദ്ധ സമരങ്ങളും 18-ാം നൂറ്റാണ്ടിലെ, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുണ്ടായ പഴശ്ശിരാജയുടെ കലാപങ്ങളും 19-ാം നൂറ്റാണ്ടിലെ ബ്രീട്ടീഷ് രാജിനും നാടുവാഴിത്തത്തിനുമെതിരെ നടന്ന പോരാട്ടങ്ങളും അവസാനം 1921ലെ മലബാര്‍ സമരങ്ങളുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്. എന്നാല്‍ സമകാലിക കേരളത്തില്‍ അവഗണിക്കപ്പെടുകയും സര്‍വ തലങ്ങളിലും വിവേചനത്തിനു വിധേയപ്പെടുകയും ചെയ്യുന്ന ഒരു പ്രദേശമായി പാലക്കാട് മുതല്‍ കാസര്‍കോഡ് വരെയുളള ജില്ലകളുള്‍ക്കൊളളുന്ന മലബാര്‍ പ്രദേശം മാറിയിരിക്കുന്നു.
കേരളത്തിന്റെ ഇതര മേഖലകളുമായി, തിരുവിതാംകൂറും കൊച്ചിയുമായി താരതമ്യം ചെയ്യുമ്പോള്‍ ചരിത്രപരമായി തന്നെ മലബാര്‍ വികസന വിവേചനത്തിനു ഇരയായിട്ടുണ്ടെന്നു കാണാം. കാര്‍ഷിക സമ്പദ്‌വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് സുഗന്ധ ദ്രവ്യങ്ങളും ഫല വൃക്ഷാദികളും നദികളും അനുകൂലമായ കാലാവസ്ഥയും മലബാറിന്റെ ഭൗതികാവസ്ഥയെ സമ്പന്നമാക്കി. മലബാര്‍ ഭരിച്ചിരുന്ന രാജാക്കന്മാരുടെ സാമാന്യം ഭേദപ്പെട്ട ഭരണരീതികളും അറബികള്‍, ഈജിപ്ഷ്യര്‍ തുടങ്ങിയ രാജ്യങ്ങളുമായുണ്ടായിരുന്ന വ്യാപാര ബന്ധവും മലബാറിന്റെ നില മെച്ചപ്പെടുത്തി.
1498 മെയ് 20ന് വാസ്‌കോഡഗാമ കോഴിക്കോട് കപ്പലിറങ്ങിയതോടെ കേരളത്തില്‍ അധിനിവേശത്തിന്റെയെന്നപോലെ മലബാര്‍ പിന്നാക്കാവസ്ഥയുടെയും നാന്ദികുറിച്ചുവെന്നു പറയാം. സാമ്രാജ്യത്വ മോഹങ്ങളുമായെത്തിയ ഗാമയും പിന്‍ഗാമികളും മലബാറിലെ ജനങ്ങളുടെ കച്ചവടത്തെയും സാമ്പത്തിക ഭദ്രതയെയും തകര്‍ത്തെറിയുകയും അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. മലബാറിലെ സാധാരണക്കാരോട് പോലും ദയാരഹിതമായാണ് പോര്‍ച്ചുഗീസുകാര്‍ പെരുമാറിയതെന്ന് ചരിത്രഗ്രന്ഥങ്ങളില്‍ നിന്ന് വായിച്ചെടുക്കാവുന്നതാണ്. നിഷ്ഠുരമായ ശാരീരിക പീഡനങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും മലബാറുകാര്‍ വിധേയരായി. തദ്ദേശവാസികളുമായും മുമ്പേ വ്യാപാരാവശ്യാര്‍ഥം എത്തിയ അറബികളുമായും പോര്‍ച്ചുഗീസുകാരുടെ നിരന്തര സംഘര്‍ഷങ്ങള്‍ അസ്ഥിരവും അരക്ഷിതവുമായ ഒരു കാലം രൂപപ്പെടുത്തുകയും മലബാര്‍ മേഖലയുടെ പിന്നാക്കം പോക്കിന് കാരണമാവുകയും ചെയ്തു. ചെറുത്തുനിന്ന കുഞ്ഞാലിമരക്കാര്‍മാരെ തുരത്താനുള്ള യുദ്ധവും സാമൂതിരിയുമായി നടത്തിയ സഖ്യവും വ്യാപാരത്തകര്‍ച്ചക്കും അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യങ്ങള്‍ക്കും കാരണമായി. കടബാധ്യതയുളള കര്‍ഷകരായി മലബാറിലുളളവര്‍ മാറി. ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും അധികാരത്തിനുവേണ്ടി നടത്തിയ കിടമത്സരത്തിന്റെയും ഇരകളാവാനായിരുന്നു മലബാറിന്റെ വിധി. മൈസൂര്‍ പടയോട്ടങ്ങള്‍ രാഷ്ട്രീയ-സാമൂഹിക പരിവര്‍ത്തനങ്ങള്‍ക്ക് വഴിവെച്ചെങ്കിലും സാമ്പത്തിക സ്വാതന്ത്ര്യം അനുവദിച്ചു നല്‍കിയില്ല.
1792-ലെ ശ്രീരംഗപട്ടണ ഉടമ്പടിയോടെ മലബാര്‍ ബ്രിട്ടീഷ് അധീനതയിലായി. ജന്മിമാരും ഭൂവുടമകളും ബ്രിട്ടീഷുകാരും ചേര്‍ന്ന അവിശുദ്ധ ബന്ധം മലബാറിന്റെ കൃഷിയെയും കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടവരെയും പിഴുതെറിഞ്ഞു. സാമൂഹിക പരിഷ്‌കാരങ്ങള്‍ക്ക് മുന്നില്‍ നിന്നിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വം മലബാറിനെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതിലും പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്നതിലും വിധേയരെ സൃഷ്ടിക്കുന്നതിലുമാണ് താല്‍പര്യം കാണിച്ചത്. പരമ്പരാഗത കൈത്തൊഴിലുകള്‍ തകരാനും പുതിയ വ്യവസായ സംരംഭങ്ങള്‍ വളരാതിരിക്കാനും ഇതു കാരണമായി.
മത സാമൂഹിക പ്രസ്ഥാനങ്ങളുടെ പുരോഗമനാത്മകമായ സംഘടിത ശ്രമങ്ങള്‍ വേണ്ടത്ര മലബാറിലുണ്ടായില്ല. ഉയര്‍ന്നുവന്ന പ്രസ്ഥാനങ്ങളാവട്ടെ, മലബാറിന്റെ ജീവിതത്തെ സമഗ്രമായി അഭിസംബോധന ചെയ്തതുമില്ല. അധിനിവേശവിരുദ്ധ പോരാട്ടത്തിന് മലബാര്‍ നിര്‍ബന്ധിക്കപ്പെട്ട സാഹചര്യമായിരുന്നു അത്. കേരളത്തിലെ മത സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചത് തിരുകൊച്ചിയിലായിരുന്നു. മെച്ചപ്പെട്ട കാര്‍ഷിക ബന്ധങ്ങളും അവിടെ നിലനിന്നു. മിഷിനറി പ്രവര്‍ത്തനങ്ങള്‍ ധാരാളമായി അവിടെ നടന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വവുമായി സമരസപ്പെടുകയും അതിന്റെ എല്ലാ സാധ്യതകളെയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന നിലപാടാണ് തിരുകൊച്ചി രാജാക്കന്മാര്‍ സ്വീകരിച്ചത്. രാജ്യ പുരോഗതിയിലും ആധുനിക വിദ്യാഭ്യാസത്തിലും വളരെയധികം മുന്നോട്ട് പോകാന്‍ അവര്‍ക്കാവുകയും ചെയ്തു.
20-ാം നൂറ്റാണ്ടില്‍ തിരുവിതാംകൂറിലും കൊച്ചിയിലും നടന്നത് മലയാളി മെമ്മോറിയല്‍, ഈഴവ മെമ്മോറിയല്‍, ഉത്തരവാദ ഭരണത്തിനായുളള പ്രക്ഷോഭം, നിവര്‍ത്തന പ്രക്ഷോഭം എന്നിവയായിരുന്നു. സര്‍ക്കാരുദ്യോഗങ്ങളിലെ പ്രാതിനിധ്യം, ഭരണ പങ്കാളിത്തം തുടങ്ങിയവയായിരുന്നു ഇത്തരം സമരങ്ങള്‍ ലക്ഷ്യംവെച്ചത്. വലിയ അളവില്‍ ഈ സമരങ്ങള്‍ ലക്ഷ്യം കാണുകയും അതിന്റെ സദ്ഫലങ്ങള്‍ തിരുവിതാംകൂറിനും കൊച്ചിക്കും ലഭിക്കുകയും ചെയ്തു. മലബാറിന്റെ സാഹചര്യം കലുഷമായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെയുളള ശക്തമായ സ്വാതന്ത്ര്യ സമരമാണ് മലബാറിലരങ്ങേറിയത്. നേതാക്കളും ജനങ്ങളും ഒറ്റക്കെട്ടായി അതിനെതിരെ അണിനിരന്നു. നിസ്സഹകരണ പ്രസ്ഥാനം, ഖിലാഫത്ത് പ്രസ്ഥാനം, മലബാര്‍ ലഹള, സിവില്‍ നിയമലംഘന പ്രസ്ഥാനം, ഉപ്പു സത്യഗ്രഹം, ക്വിറ്റ് ഇന്ത്യ തുടങ്ങിയ സമരങ്ങളാല്‍ പ്രക്ഷുബ്ധമായിരുന്നു മലബാര്‍. സ്വാതന്ത്ര്യ പോരാട്ടത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക പുരോഗതി അപ്രസക്തമാവുക സ്വാഭാവികം മാത്രം. എന്നാല്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ത്യജിച്ച സാമൂഹിക പുരോഗതികളുടെ ഈ അംശങ്ങളെ വീണ്ടെടുക്കാനോ സ്വാതന്ത്ര്യാനന്തരം മലബാറിനായില്ലെന്നത് ഖേദകരമായ കാര്യം. കേരളത്തിന്റെ ഭരണം കൈയാളിയവര്‍ക്കോ മലബാറിന്റെ രാഷ്ട്രീയത്തെ നിയന്ത്രിച്ചവര്‍ക്കോ ഇതൊരു അജണ്ടയായില്ല; ഇതുവരെക്കും.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തോട് കൂടി വിവിധ തലങ്ങളില്‍നിന്നുയര്‍ന്നു വന്ന, മലയാളം സംസാരിക്കുന്നവരുടെ നാട് എന്ന ആശയം 1953 ലെ പുനഃസംഘടനാ കമ്മീഷന്‍ (ഫസല്‍ അലി കമീഷന്‍) ശിപാര്‍ശ അംഗീകരിക്കുന്നതിലൂടെ സാക്ഷാല്‍ക്കരിക്കപ്പെട്ടു. ലോകതലത്തില്‍ സംവാദത്തിനും പഠനങ്ങള്‍ക്കും വിഷയീഭവിച്ചതാണ് കേരളത്തിന്റെ വികസന മാതൃക. ഇന്ത്യ പോലുളള ഒരു വികസ്വര - ദരിദ്ര രാജ്യത്തെ, ഉല്‍പാദനക്ഷമത/സാമ്പത്തിക വളര്‍ച്ച കുറഞ്ഞ ഒരു സംസ്ഥാനം മാനവിക വികസന സൂചികകളായ കുറഞ്ഞ ജനന നിരക്ക്, കുറഞ്ഞ ശിശുമരണ നിരക്ക്, ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, സാക്ഷരത, ജീവിത നിലവാരം തുടങ്ങിയ സൂചകങ്ങളില്‍ ഒന്നാം ലോക രാജ്യങ്ങളുടെ കൂടെ നില്‍ക്കുന്നുവെന്നതാണ് കേരള വികസന മാതൃകയുടെ സവിശേഷത.
ഈ യാഥാര്‍ഥ്യത്തെ അംഗീകരിക്കുമ്പോള്‍ തന്നെ കേരള വികസനത്തിനു ചില പരിമിതികളുണ്ട്. വികസനത്തിന്റെ ഇരകളും പാര്‍ശ്വവല്‍കൃതരും കേരള വികസനത്തിനെതിരെ ഉയര്‍ത്തുന്ന ചെറുതും വലുതുമായ ചോദ്യങ്ങള്‍ പറഞ്ഞുവെക്കുന്നത്, വികസനത്തിന്റെ ഉദാത്ത മാതൃകയല്ല കേരളമെന്നുമാണ്. വികസനത്തിന്റെ കാര്യത്തില്‍ തിരുകൊച്ചി മേഖല മലബാര്‍ മേഖലയേക്കാള്‍ മുന്നിട്ടുനില്‍ക്കുന്നു. മലബാര്‍ കടുത്ത വിവേചനം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും അതു തുടരുകയും ചെയ്യുന്നു. അതേസമയം സന്തുലിതവും സമഗ്രവുമായ വികസന പ്രവര്‍ത്തനങ്ങളും പുരോഗതിയുമാണ് തിരുകൊച്ചിയില്‍ നടന്നതെന്ന് പറയാനാവില്ല. വികസനത്തിന്റെ ഗുണഭോക്താക്കളാകാന്‍ സാധിക്കാത്ത ജനതയും പ്രദേശങ്ങളും കെടുതിയനുഭവിക്കുന്നവരും അവിടെയുണ്ട്.
കേരള സംസ്ഥാന രൂപവത്കരണാനന്തരം പാലക്കാട് മുതല്‍ വടക്കോട്ടുള്ള ആറു ജില്ലകളാണ് മലബാര്‍ എന്ന് വ്യവഹരിക്കപ്പെടാറുളളത്. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ (38,863 ച.കി.മീ.) 45 ശതമാനമാണ് മലബാര്‍. 2001 ലെ സെന്‍സസ് പ്രകാരം 3,18,41,374 ആണ് കേരളത്തിലെ ജനസംഖ്യ. ഇതില്‍ 42 ശതമാനമാണ് മലബാര്‍ മേഖലയിലുളളത്. ചരിത്രപരമായിത്തന്നെ സവിശേഷ രാഷ്ട്രീയ സാമൂഹിക സാഹചര്യവും സാംസ്‌കാരിക അസ്തിത്വവുമായിരുന്നു മലബാറിനുണ്ടായിരുന്നത്. കാര്‍ഷിക ബന്ധങ്ങളിലും രാജ്യത്തിന്റെ ഇതര ഭാഗങ്ങളുമായുള്ള വ്യവഹാരങ്ങളിലും വിദേശ നാടുകളുമായുള്ള വ്യാപാര വിനിമയത്തിലും സാമ്പത്തിക ക്രയവിക്രയങ്ങളിലുമൊക്കെ ഇതു പ്രകടമാണ്. ബ്രിട്ടീഷ് വാഴ്ചക്കു മുമ്പും ശേഷവും അധിനിവേശ ശക്തികളുടെ കടുത്ത വിവേചനത്തിന് ഇരയായി ഈ പ്രദേശം. സ്വാതന്ത്ര്യാനന്തരം, വിശിഷ്യാ കേരള രൂപവത്കരണാനന്തരം അവഗണനയും വിവേചനവും തുടരുകയോ ശക്തമാവുകയോ ചെയ്തു. മലബാറിന്റെ സാമൂഹിക, രാഷ്ട്രീയ ജീവിതത്തെ മുഴുവനായും പ്രതികൂലമായി ബാധിക്കാന്‍ മാത്രം ഭീകരമാണ് ഈ വിവേചനം.
റവന്യൂ ഘടനകളുടെ വിഭജനത്തിന്റെ അടിസ്ഥാനം ഭൂമിശാസ്ത്രപരമാണെങ്കിലും നിലവില്‍ നമ്മുടെ സര്‍ക്കാരിന്റെ സജീവ സാന്നിധ്യമായാണവ അനുഭവപ്പെടുന്നത്. സര്‍ക്കാര്‍ നിലനില്‍ക്കുന്നുവെന്ന് ജനങ്ങള്‍ക്ക് അനുഭവപ്പെടുന്നത് ജില്ലാ, താലൂക്ക്, വില്ലേജ് ഭരണ സംവിധാനങ്ങളിലൂടെയാണ്. മര്‍മപ്രധാനമായ മിക്ക അധികാരങ്ങളും ചുമതലകളും നിക്ഷിപ്തമായിരിക്കുന്നതും റവന്യൂ സ്ഥാപനങ്ങളിലാണ്. സര്‍ക്കാറിന്റെ വിവിധ തലങ്ങളുടെ സേവന വിതരണത്തിന്റെയും കേന്ദ്രമായി ഇന്ന് റവന്യൂ സ്ഥാപനങ്ങള്‍ മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ജനസംഖ്യാടിസ്ഥാനത്തില്‍ നമ്മുടെ റവന്യൂ വിഭജനങ്ങളെ വിലയിരുത്തേണ്ടതുണ്ട്. വിഭവങ്ങളുടെയും വികസന പ്രവര്‍ത്തനങ്ങളുടെയും വിതരണവും അതിലെ പങ്കാളിത്തവും നീതിപൂര്‍വകമാവാന്‍ അതനിവാര്യമാണ്. എന്നാല്‍ കേരളത്തിലെ ആകെയുള്ള 63 താലൂക്കുകളില്‍ 22 എണ്ണമാണ് മലബാറിലുള്ളത്. ജനസംഖ്യയുടെ 42 ശതമാനവും വിസ്തൃതിയുടെ 45 ശതമാനവും ഉള്‍പ്പെടുന്ന മലബാര്‍ ഭരണ മേഖലയില്‍ എങ്ങനെ പരിഗണിക്കപ്പെടുന്നുവെന്നതിന്റെ ഉദാഹരണമാണിത്. 614352 പേര്‍ക്ക് ഒരു താലൂക്കാണു മലബാറിലുള്ളതെങ്കില്‍ തെക്കന്‍ കേരളത്തില്‍ അത് 446966 പേര്‍ക്ക് ഒരു താലൂക്കെന്നാണ്. 22 (35%) താലൂക്കുകളിലായി 591 (43%) വില്ലേജുകളായി മലബാര്‍ ഞെരുങ്ങുമ്പോള്‍, തിരുകൊച്ചി മേഖലയിലത് 41 (65%) താലൂക്കുകള്‍ക്കു കീഴില്‍ 773 (57%) വില്ലേജുകളാണുളളത്. ഇത് ഉദ്യോഗസ്ഥരുടെ എണ്ണക്കുറവും അമിത ഭാരവും സൃഷ്ടിക്കുന്നുണ്ടെന്നും ഓഫീസ് പ്രവര്‍ത്തനങ്ങളെയും സേവന ലഭ്യതയെയും സാരമായി ബാധിക്കുന്നുണ്ടെന്നും താലൂക്ക്, വില്ലേജ് ഓഫീസുകളില്‍ ഒരിക്കലെങ്കിലും കയറിയിറങ്ങിയ ആര്‍ക്കും ബോധ്യപ്പെടും. പൊതുവിതരണമടക്കമുളള ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട ഒട്ടനവധി സംവിധാനങ്ങളും താലൂക്കടിസ്ഥാനത്തിലാണെന്നോര്‍ക്കണം.
അടിസ്ഥാനതല വികസനവും ആസൂത്രണവുമാണ് ത്രിതല പഞ്ചായത്തുകളുടെ ലക്ഷ്യം. എന്നാല്‍ കേന്ദ്ര ഫണ്ടുകളുടെ ലഭ്യതയും വിനിയോഗവും സാധ്യമാകുന്ന ബ്ലോക്ക് പഞ്ചായത്തുകളുടെ നിലവിലെ വിന്യാസവും ഗ്രാമ പഞ്ചായത്തുകളുടെ എണ്ണത്തിലുളള അസന്തുലിതത്വവും മലബാര്‍ മേഖലയെ പിന്നാക്കം നയിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. പാലക്കാടു മുതല്‍ കാസര്‍കോഡു വരെ 61 ബ്ലോക്ക് പഞ്ചായത്തുകളും, തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെ 91 ബ്ലോക്ക് പഞ്ചായത്തുകളുമാണുള്ളത്. 42 ശതമാനമുള്ള ജനത്തിന് 33 ശതമാനം മാത്രം. ഓരോ ബ്ലോക്കിനു കീഴിലുമുള്ള ഗ്രാമ പഞ്ചായത്തുകളുടെ എണ്ണമെടുത്താലും വ്യത്യാസം കാണാം. പഞ്ചായത്തീ രാജ് സംവിധാനത്തില്‍ ജനസംഖ്യാനുപാതികമായാണ് മിക്ക ഫണ്ടുകളും വിതരണം ചെയ്യുന്നത്. മലബാറിലെ ഒരു പഞ്ചായത്തിലെ ശരാശരി ജനസംഖ്യ തിരുകൊച്ചിയിലുള്ളതിനേക്കാള്‍ കൂടുതലാണ്. തിരുവനന്തപുരം ജില്ല മാത്രമാണ് അപവാദം.
വിദ്യാഭ്യാസ സൗകര്യങ്ങളുടെ കാര്യത്തില്‍ കേരളത്തിന്റെ പൊതു നിലവാരത്തില്‍ നിന്ന് മലബാര്‍ എങ്ങനെ പിറകില്‍ നില്‍ക്കുന്നുവെന്നത് കേരളം ഇതിനകം ചര്‍ച്ച ചെയ്തതാണ്. മലബാറിലെ വിദ്യാഭ്യാസ രംഗത്തെ സൗകര്യങ്ങളുടെ പേടിപ്പെടുത്തുന്ന അളവിലുളള അപര്യാപ്തത ചൂണ്ടിക്കാട്ടി, 2006 മുതല്‍ സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്.ഐ.ഒ) കേരളത്തിലുടനീളം നടത്തിയ തീക്ഷ്ണ പ്രക്ഷോഭ പരിപാടികളാണ്, മലബാറിനോടുള്ള വിവേചനത്തിന്റെ ഭീകര യാഥാര്‍ഥ്യങ്ങളിലേക്ക് കേരളത്തിലെ പൊതു സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ശ്രദ്ധ ക്ഷണിച്ചത്. മലബാറിനോടുളള വിവേചനത്തെ ഒരു സംവാദ വിഷയമാക്കി ഉയര്‍ത്താന്‍ ഈ പ്രതിഷേധങ്ങള്‍ക്കു സാധിച്ചു. മുഖ്യമായും, ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ മേഖലയെ കേന്ദ്രീകരിച്ചായിരുന്നു ഈ സമരങ്ങള്‍. ഇതു പരിഹരിക്കുന്നതിന് ഒരു പരിധിവരെ ഭരണകൂടം ശ്രമിച്ചു എന്നും പറയാം. വിദ്യാഭ്യാസ മേഖലയിലെ അവഗണനയുടെ ആഴം വ്യക്തമാകാന്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുളള സൗകര്യങ്ങള്‍ പരിശോധിച്ചാല്‍ മതി. ഹയര്‍സെക്കന്ററി മേഖലയിലുണ്ടായതിനേക്കാള്‍ ഗുരുതരമാണ് ഇതെന്ന് കാണാനാവും.
വിദ്യാഭ്യാസ ഭരണ മേഖലയിലും ഈ അനീതി പ്രകടമാണ്. കൂടുതല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നത് മലബാറിലെ ജില്ലകളിലാണ്. എന്നാല്‍ കുറഞ്ഞ എണ്ണം വിദ്യാഭ്യാസ ജില്ലകളും ഉപജില്ലകളുമുളളത് മലബാറില്‍ തന്നെ. അതുകൊണ്ടുതന്നെ മേല്‍നോട്ടം വഹിക്കേണ്ട സ്‌കൂളുകളുടെ അമിതമായ എണ്ണം വിദ്യാഭ്യാസ പ്രവര്‍ത്തനത്തെയും പദ്ധതി നടത്തിപ്പിനെയും വിശകലനങ്ങളെയും ബാധിക്കുന്നുവെന്നത് പതിവു മുറവിളിയാണ്. വിവിധ ഫണ്ടുകളുടെ ലഭ്യതയും വിനിയോഗവും, ടെക്സ്റ്റ് ബുക്കുകളുടെ ലഭ്യത, വിതരണം, വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസേതര പ്രവര്‍ത്തനങ്ങള്‍, അധ്യാപക പരിശീലനം എന്നിവയെ ഇതു പ്രതികൂലമായി ബാധിക്കുന്നു. ഓരോ അധ്യായന വര്‍ഷം ആരംഭിക്കുമ്പോഴും ഇതൊക്കെയും ഭരണ, പൊതുജന ശ്രദ്ധയില്‍ പെടാറുണ്ടെങ്കിലും പരിദേവനങ്ങളിലും വ്യര്‍ഥമായ വാഗ്ദാനങ്ങളിലും ഒടുങ്ങാറാണ് പതിവ്. സ്‌കൂള്‍ വിദ്യാഭ്യാസ സൗകര്യത്തിന്റെ കാര്യത്തില്‍ കണ്ണൂര്‍ ജില്ലയാണ് മലബാറില്‍ അല്‍പം ഭേദപ്പെട്ട നിലയിലുളളത്.
ഹയര്‍ സെക്കന്ററി മേഖലയില്‍, വൊക്കേഷനല്‍ സ്ഥാപനങ്ങളുടെ എണ്ണം തീരെ കുറവാണ്. പോളിടെക്‌നിക്കുകളുടെ കാര്യവും ഇങ്ങനെ തന്നെ. ഉന്നത വിദ്യാഭ്യാസ മേഖലയിലാവട്ടെ സമ്പൂര്‍ണ അവഗണന തന്നെയാണു നിലനില്‍ക്കുന്നത്. സ്വകാര്യ മേഖലയിലായാലും സര്‍ക്കാര്‍ മേഖലയിലായാലും ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍ ഉത്തര കേരളത്തില്‍ കുറവാണ്. കേരളത്തിലെ നാല് സര്‍വകലാശാലകളിലായി അഫിലിയേറ്റ് ചെയ്ത 190 സര്‍ക്കാര്‍/ എയ്ഡഡ് ആര്‍ട്‌സ് & സയന്‍സ് കോളേജുകളില്‍ 60 എണ്ണമാണ് മലബാര്‍ മേഖലയിലുളളത്. അവശേഷിക്കുന്ന 130 എണ്ണവും (ഇരട്ടിയിലധികം) തിരുകൊച്ചിയില്‍ തന്നെ.
എഞ്ചിനീയറിംഗ് വിദ്യാഭ്യാസ മേഖലയിലെ കാര്യമെടുക്കുക. പതിനൊന്ന് ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജുകളില്‍ അഞ്ച് എണ്ണമാണ് മലബാറില്‍. മൂന്ന് എയ്ഡഡ് കോളേജുകളില്‍ ഒന്നു പാലക്കാടുണ്ട്്. സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളുടെ കണക്കെടുത്താല്‍ കൂടുതല്‍ വ്യക്തമാകും.
പാലക്കാടു മുതല്‍ കാസര്‍കോഡ് വരെയുളള ജില്ലകളില്‍ ആകെയൊരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്. ഇതാവട്ടെ, എന്നും പരാധീനതകളും അസൗകര്യങ്ങളും പേറുന്നതും. ഗവണ്‍മെന്റ് തലത്തിലാകുമെന്ന് കരുതിയ പരിയാരം മെഡിക്കല്‍ കോളേജ് സഹകരണ മേഖലയിലേക്ക് വഴിമാറി. ഇപ്പോള്‍ വിദ്യാഭ്യാസക്കച്ചവടത്തിന്റെ തലം കൂടി കൈവന്നതായി അറിയുന്നു. പ്രഖ്യാപിക്കപ്പെട്ട മഞ്ചേരി മെഡിക്കല്‍ കോളേജിനെ കുറിച്ച് ആശങ്കകള്‍ ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.
2010 ലെ കണക്കനുസരിച്ച് ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി, പബ്ലിക് ഹെല്‍ത്ത് സെന്ററുകള്‍, ടി.ബി സെന്ററുകള്‍ തുടങ്ങിയവയിലൂടെ കേരളത്തിലെ ജനങ്ങള്‍ക്കായി ലഭ്യമാവുന്നത് 37021 കിടക്കകളാണ്. കേരളത്തിലെ ജനസംഖ്യയുടെ 42 ശതമാനം വരുന്ന മലബാറുകാര്‍ക്ക് ഇതില്‍ നിന്ന് ലഭ്യമാവുന്നതാവട്ടെ കേവലം 12811 കിടക്കകള്‍. അതായത് 35 ശതമാനത്തില്‍ താഴെ. മുഖ്യമായും അങ്ങേയറ്റം ദരിദ്രരായ ഗ്രാമീണരാണ് സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ആകെയുളള 237 കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ 86 എണ്ണം മാത്രമാണ് മലബാറിലെ ആകെ ജില്ലകളിലുള്ളത് . അവശേഷിക്കുന്ന 151 എണ്ണവും തിരുകൊച്ചിയില്‍ തന്നെ. മലബാറില്‍ 2307 ബെഡ്ഡുകളുള്ളപ്പോള്‍ തിരുകൊച്ചിയില്‍ 4839 എണ്ണം. താലൂക്ക് ഹോസ്പിറ്റലിലെ കാര്യത്തിലും ഇതു തന്നെ സ്ഥിതി. 26 താലൂക്ക് ആശുപത്രികള്‍ മലബാറിലും 52 എണ്ണം തിരു മേഖലയിലും. 2777 ബെഡ്ഡുകളാണ് മലബാറിലെ താലൂക്ക് ഹോസ്പിറ്റലുകളിലുളളതെങ്കില്‍ 7211 ബെഡ്ഡുകളാണ് അപ്പുറത്തുളളത്. ഡോക്ടര്‍-രോഗി അനുപാതം പരിശോധിച്ചാലും അന്തരം വ്യക്തമാവും. ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത്് സര്‍വീസിന്റെ 2010 ലെ കണക്കനുസരിച്ച് തിരുവനന്തപുരത്ത് 7997 രോഗികള്‍ക്ക് ഒരു ഡോക്ടര്‍ എന്ന തോതിലാണെങ്കില്‍, മലപ്പുറത്തും കോഴിക്കോടും അത് യഥാക്രമം 13611, 11483 ഉം ആണ്. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പാരാമെഡിക്കല്‍ സ്റ്റാഫ്, ഇതര ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരുടെ എണ്ണം എന്നിവ എടുത്തുനോക്കിയാലും സമാന അനുഭവം തന്നെയാണ് കാണാനാവുക.
ആതുര സേവന മേഖലയിലെ ആയുര്‍വേദ, ഹോമിയോ ചികില്‍സാ രീതികളിലും സഹകരണ മേഖലയിലും ഇങ്ങനെയൊക്കെയാണ്. കേരള മോഡല്‍ ആരോഗ്യ രംഗം ആരെക്കുറിച്ചുളള മേനിപറച്ചിലായിരുന്നെന്നും ആരുടെ ആരോഗ്യമാണത് സംരക്ഷിച്ചതെന്നും മനസ്സിലാക്കാന്‍ ഇതു മതി. മലബാറിന്റെ ആരോഗ്യം കാക്കാന്‍ ആതുര കച്ചവടക്കാരുണ്ടല്ലോ.
കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങള്‍, സംസ്ഥാന വ്യവസായ ശാലകള്‍, സഹകരണ വ്യവസായ ശാലകള്‍, സഹകരണ വ്യവസായ സംരംഭങ്ങള്‍, കശുവണ്ടി, കൈത്തറി, ഖാദി, സെറിഫെഡ് തുടങ്ങിയ വ്യവസായ സ്ഥാപനങ്ങള്‍ വിവിധ വ്യവസായ പ്രമോട്ടിംഗ് ഏജന്‍സികള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളെടുത്താലും തിരുകൊച്ചി- മലബാര്‍ അന്തരം വ്യക്തമാകും. മേഖലാ കേന്ദ്രീകൃതമോ ജനസംഖ്യാനുപാതികമോ ആയ വ്യവസായ വിതരണം അസാധ്യമാണെന്ന യാഥാര്‍ഥ്യത്തെ വിസ്മരിക്കുന്നില്ല. ഒരു വ്യവസായ സംരംഭത്തിന്റെ ഒന്നാമത്തെ പ്രായോജകര്‍ തദ്ദേശവാസികളാണെന്ന വസ്തുതയെ കണക്കിലെടുക്കേണ്ടതുണ്ട്. വ്യവസായങ്ങളില്‍ തൊഴില്‍ ലഭിച്ച 77.35% പേരും പ്രദേശ വാസികളാകുമ്പോള്‍ കേരള രൂപവത്കരണാനന്തരമുളള വ്യവസായ വളര്‍ച്ചയില്‍ മലബാറിലെ ജനങ്ങള്‍ അകറ്റപ്പെടുന്നതെങ്ങനെയെന്ന് ബോധ്യമാവും.
കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയെടുത്തു പരിശോധിച്ചാലറിയാം, ചിലതെങ്കിലും സ്ഥിതിചെയ്യുന്നതിന്റെ ന്യായം അടിസ്ഥാന സൗകര്യലഭ്യതയോ അനുയോജ്യതയോ അല്ലെന്ന്. 21 കേന്ദ്ര സ്ഥാപനങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് മലബാറി(പാലക്കാട്)ലുളളത്. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ 73% തെക്കന്‍ കേരളത്തിലും 27% വടക്കന്‍ കേരളത്തിലും. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളില്‍ മിക്കതിന്റെയും ആസ്ഥാനം തെക്കന്‍ കേരളത്തിലാവുന്നതിന്റെ തനത് കാരണങ്ങള്‍ കണ്ടെത്താനാവില്ല.
വ്യവസായ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിനായി രൂപവത്കരിക്കപ്പെട്ട വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളും ദക്ഷിണ കേരളം കേന്ദ്രീകരിച്ചാണ്. ചെറുകിട വ്യവസായങ്ങളെ സഹായിക്കുന്നതിനുളള സിഡ്‌കോയുടെ പ്രവര്‍ത്തനത്തിന്റെ 90 ശതമാനവും തെക്കന്‍ കേരളത്തില്‍ തന്നെ. വ്യവസായങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള കിന്‍ഫ്രയുടെ 60 ശതമാന(12 എണ്ണം)വും തിരുകൊച്ചിയിലാണ്. കെ.എസ്.ഐ.ഡി.സിയുടെ കണക്കുകളിലും വ്യത്യസ്തമായൊരനുഭവം കാണാനാവില്ല. വിവിധ വ്യവസായങ്ങളുടെ വളര്‍ച്ചക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നേരിട്ടും ഏജന്‍സികള്‍ വഴിയും ചിലവഴിച്ച തുകയുടെ കാര്യത്തിലും ഭീമമായ വ്യത്യാസം കണ്ടെത്താനാവും. കേന്ദ്ര വിഹിതത്തിന്റെ 85 ശതമാന(1020.7 ലക്ഷം രൂപ)വും തെക്കന്‍ ജില്ലകളില്‍ തന്നെ. സംസ്ഥാന വിഹിതത്തിന്റെ 37 ശതമാനം മാത്രമാണ് പാലക്കാട് മുതല്‍ വടക്കോട്ടുളള ജില്ലകള്‍ക്ക് ലഭിച്ചത്.
പൊതു നിരത്തുകളുടെ ലഭ്യതയും പൊതു ഗതാഗത സൗകര്യങ്ങളും മേഖലാടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ തെക്ക്-വടക്ക് അന്തരം വ്യക്തമാവും. നാഷനല്‍ ഹൈവേ, പി.ഡബ്ലിയു.ഡിക്കു കീഴിലെ റോഡുകള്‍ എന്നിവയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറിനു കീഴിലെ പ്രധാന പൊതു നിരത്തുകള്‍. പി.ഡബ്ലിയു.ഡിക്കു കീഴിലെ റോഡുകളുടെ കണക്കെടുത്താല്‍ വിവേചനം കൃത്യമായി തന്നെ ബോധ്യപ്പെടുന്നതാണ്. തിരുകൊച്ചി മേഖലയില്‍ ഒരു ജില്ലയില്‍ 1897 കി.മീ ആണ് പി.ഡബ്ലിയു.ഡിക്കു കീഴിലെ റോഡുകള്‍. എന്നാലത് മലബാറില്‍ 1344 കി.മീ മാത്രമാണ്.
കെ.എസ്.ആര്‍.ടി.സിയാണ് കേരളത്തിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതു യാത്രാസംവിധാനം. കേരളത്തിന്റെ വടക്കു നിന്ന് തെക്കോട്ടൊരു യാത്ര നടത്തിയാലറിയാം, കോര്‍പ്പറേഷന്‍ എങ്ങനെയാണ് കേരളത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ചതെന്ന്. ആകെയുള്ള 86 ഡിപ്പോ/സബ് ഡിപ്പോകളില്‍ 19 എണ്ണം മാത്രമാണ് ഉത്തര കേരളത്തിലേക്ക് മാറ്റിവെച്ചത്. അവശേഷിക്കുന്ന 67 എണ്ണവും അപ്പുറത്തു തന്നെ. വിവിധ ഡിപ്പോകളില്‍ സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്ന 5368 ബസുകളില്‍ 4245 എണ്ണവും തെക്കന്‍ ജില്ലകളിലാണ്. തിരുവനന്തപുരത്തു മാത്രം കെ.എസ്.ആര്‍.ടി. സിയുടെ 1532 ബസുകള്‍ സര്‍വീസ് നടത്തുമ്പോള്‍ പാലക്കാട് മുതല്‍ കാസര്‍കോഡ് വരെയുളള ജില്ലകളില്‍ മൊത്തത്തില്‍ 1147 ബസുകള്‍ മാത്രം. തിരുവിതാംകൂറിലും കൊച്ചിയിലും ഓരോ ജില്ലയിലും പ്രതിദിനം ശരാശരി 26221 കി.മീ സര്‍വീസ് നടത്തുമ്പോള്‍ മലബാറിലത് 9362 കി.മീ( ഏതാണ്ട് മൂന്നിലൊന്ന്). കേരളത്തിന്റെ ഒരു പ്രദേശത്തിന്റെ പൊതു യാത്രാസംവിധാനം സ്വകാര്യ ബസ് മുതലാളിമാര്‍ നടത്തിക്കൊള്ളട്ടെയെന്ന് തീരുമാനിക്കപ്പെടുന്നതിലെ നീതിയെന്താണ്? മലബാറിലെ ജില്ലകളിലെ ബസ് കളക്ഷന്‍ കൂടുതലാണെന്നതും ശ്രദ്ധേയമാണ്.
കേരളത്തിന്റെ റെയില്‍വേ വികസനത്തില്‍ കാലങ്ങളായി മലബാറിലെ ജനങ്ങള്‍ അവഗണിക്കപ്പെടുന്നുവെന്നത് ഒരു യാഥാര്‍ഥ്യം തന്നെയാണ്. റെയില്‍വേ സ്റ്റേഷനുകളുടെ എണ്ണവും ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടികളുടെ എണ്ണമെടുത്താലും ഇതു മനസ്സിലാവും. ഷൊര്‍ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ ദിനേന 33 പാസഞ്ചര്‍ വണ്ടികളോടുമ്പോള്‍ ഷൊര്‍ണൂരില്‍നിന്ന് വടക്കോട്ട് 13 പാസഞ്ചര്‍ വണ്ടികളാണുള്ളത്. തിരുവനന്തപുരത്തേക്ക് ശരാശരി ഓരോ രണ്ടു മണിക്കൂറിലും ഒരു വണ്ടി പുറപ്പെടുമ്പോള്‍ മലബാറിലെ ശരാശരി ഇടവേള നാല് മണിക്കൂറാണ്. എറണാകുളം മുതല്‍ തിരുവനന്തപുരം വരെ പുതിയ തീവണ്ടികള്‍ അനുവദിക്കാതിരിക്കുന്നതിനു കാരണം ട്രാക്കുകളുടെ ഉപയോഗം അതിന്റെ പാരമ്യത്തിലെത്തിയതാണ്. മലബാര്‍ മേഖലയിലാവട്ടെ, റെയിലുകളുടെ ഉപയോഗം താരതമ്യേന കുറവാണെങ്കിലും പുതിയ ട്രെയിന്‍ സ്വപ്നമായി അവശേഷിക്കുന്നു. മലബാറിലുള്ളവര്‍ക്ക് സവിശേഷമായും കേരളത്തിനു പൊതുവിലും ഉപകരിക്കാവുന്ന ഒരുപാട് റെയില്‍വേ ലൈനുകള്‍ വൈകിക്കൊണ്ടിരിക്കുകയാണ്. തിരുന്നാവായ -ഗുരുവായൂര്‍, ഫറോക്ക്- അങ്ങാടിപ്പുറം, നിലമ്പൂര്‍- നഞ്ചന്‍കോട്, തലശ്ശേരി- മൈസൂര്‍ എന്നിവ ഇതില്‍ ചിലതു മാത്രം. കേരളീയര്‍ ഏറ്റവുമധികം ബന്ധപ്പെടുന്ന ബാംഗ്ലൂരില്‍ നിന്ന് തെക്കന്‍ കേരളത്തിലെത്താന്‍ നേരിട്ടു വണ്ടി കിട്ടും. മലബാറിലുള്ളവര്‍ക്കാകട്ടെ ഒന്നര മണിക്കൂര്‍ റോഡുമാര്‍ഗം സഞ്ചരിച്ച് യശ്വന്ത്പൂരിലെത്തണം. ഇക്കഴിഞ്ഞ കേന്ദ്ര റെയില്‍വേ ബജറ്റില്‍ തെക്കന്‍ മേഖലയില്‍ എട്ട് പുതിയ വണ്ടികളനുവദിച്ചപ്പോള്‍ മലബാറിലത് രണ്ടിലൊതുങ്ങി. പാത ഇരട്ടിപ്പിക്കുന്നതിലെ വിനിയോഗം 100 കോടിയും 4.5 കോടിയും. വൈദ്യുതീകരണത്തിന് 51.24 കോടി തിരുവിതാംകൂറിലേക്ക് മാത്രം.
മലബാറിലുളള ഏക വിമാനത്താവളമായ കോഴിക്കോട് എയര്‍പ്പോര്‍ട്ടിനോട് കാണിക്കുന്ന അവഗണന ഇതിനകം ശ്രദ്ധിക്കപ്പെട്ടതാണ്. ഒരേസമയം കരിപ്പൂരിനെ ആശ്രയിക്കുന്ന യാത്രക്കാരില്‍ നിന്ന് അമിത ചാര്‍ജ് ഈടാക്കുകയും എന്നാല്‍ ആവശ്യമായ സൗകര്യങ്ങളില്ലാതിരിക്കുകയും ചെയ്യുന്നുവെന്നതാണ് ഇവിടത്തെ അവസ്ഥ. മലബാറിലുള്ള പ്രവാസികള്‍ ഉപയോഗപ്പെടുത്തേണ്ട വിമാനത്താവളത്തില്‍ നിന്ന് പല ഗള്‍ഫ് രാജ്യങ്ങളിലേക്കും ആവശ്യത്തിന് സര്‍വീസില്ല. രാജ്യത്തിന്റെ സുപ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ആഭ്യന്തര സര്‍വീസുകളുടെ അഭാവം മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ദേശീയ നിലവാരത്തിലുളള സംരംഭങ്ങള്‍ തുടങ്ങുന്നതിന് വിഘാതമാവുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വിമാനത്താവള വികസനത്തിനായി ഏറ്റെടുത്ത സ്ഥലം ഇനിയും ഉപയോഗിക്കാതെ കിടക്കുന്നു. കേരളത്തെപ്പോലുളള ഒരു സംസ്ഥാനത്തിന് ചെറുകിട വിമാനത്താവളങ്ങളാണ് അനുയോജ്യമെന്നിരിക്കെ കരിപ്പൂരിന്റെ വികസനത്തെ സംബന്ധിച്ചും നിര്‍ദിഷ്ട കണ്ണൂര്‍ എയര്‍പ്പോര്‍ട്ട് സംസ്ഥാനത്തിന് ഏതര്‍ഥത്തില്‍ സഹായകരമാകുമെന്നതിനെക്കുറിച്ചും പുനരാലോചിക്കേണ്ടിയിരിക്കുന്നു.
കേരള വാട്ടര്‍ അതോറിറ്റിക്കു കീഴിലാണ് കേരളത്തില്‍ വിവിധ ജലസേചന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ശുദ്ധജല വിതരണവും ലഭ്യതയും ഉറപ്പുവരുത്തുന്നതിനാവശ്യമായ സര്‍വീസ് ടേപ്പുകള്‍ ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലും അതോറിറ്റി സ്ഥാപിക്കുന്നു. ഇതുവരെയുള്ള കണക്കെടുത്തു പരിശോധിച്ചാലും ഗണ്യമായ എണ്ണം ഗുണഭോക്താക്കള്‍ തെക്കന്‍ കേരളത്തിലുള്ളവരാണെന്നു കാണാവുന്നതാണ്. ഗൃഹോപയോഗം, ഗൃഹോപയോഗത്തിനല്ലാത്തത്, വ്യാവസായിക ആവശ്യങ്ങള്‍ എന്നിവക്കായി നല്‍കിയത് 12,80,433 കണക്ഷനുകളാണ്. ഇതില്‍ 968 എണ്ണം വ്യാവസായിക ആവശ്യങ്ങള്‍ക്കുളളതാണ്. ബാക്കിയത്രയും ജനങ്ങള്‍ നേരിട്ട് ഉപയോഗിക്കുന്നതാണ്. എന്നാല്‍, ഇതില്‍ 2,49,099 കണക്ഷനുകളാണ് മലബാര്‍ മേഖലയിലുളളവര്‍ക്ക് ലഭിച്ചത്. അതായത്, ഇരുപത് ശതമാനത്തില്‍ താഴെ. അപ്പുറത്താവട്ടെ, 10,31,334 കണക്ഷനുകളും. 2010 ലെ കണക്കനുസരിച്ച് പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലുമായി ആകെ 207871 തെരുവ് ടാപ്പുകളാണുള്ളത്. ഇതില്‍ 49249(24%) മാത്രമാണ് ഉത്തര കേരളത്തിലുള്ളത്.
അര്‍ഹരായ ആളുകള്‍ക്കുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ പെന്‍ഷന്‍ സമ്പ്രദായങ്ങളുടെ കണക്കെടുത്താലും മലബാര്‍ അവഗണനയുടെ ചിത്രം കിട്ടും. ഒട്ടുമിക്കതിലും നല്ലൊരു ശതമാനം ഗുണഭോക്താക്കളും തിരുകൊച്ചി മേഖലയില്‍ നിന്നുള്ളവരാണ്. ഇവയെ കുറിച്ചുളള ബോധവല്‍ക്കരണങ്ങളുടെ കുറവ്, അനുവദിക്കുന്നതിലെ വിവേചനം എന്നിവയാണിത് സൂചിപ്പിക്കുന്നത്.
അംഗവൈകല്യമുള്ളവര്‍ക്കുള്ള പെന്‍ഷനില്‍ 89,625 പേരാണ് മലബാറില്‍ നിന്ന് ഗുണഭോക്താക്കളായുള്ളത്. തെക്കന്‍ കേരളത്തില്‍ നിന്ന് 120282 പേരുണ്ട്. വിധവാ പെന്‍ഷന്‍ ലഭിക്കുന്ന രണ്ടേകാല്‍ ലക്ഷത്തോളം പേരാണ് പാലക്കാട്-കാസര്‍കോഡ് ജില്ലകളിലുള്ളതെങ്കില്‍ തിരുകൊച്ചിയിലത് മൂന്ന് ലക്ഷത്തോളമാണ്. ദേശീയ വാര്‍ധക്യ കാല പെന്‍ഷന്‍ വാങ്ങുന്ന 106605 പേര്‍ തെക്കുള്ളപ്പോള്‍ 85341 പേരാണ് മലബാറിലുള്ളത്. കുഷ്ഠ/ കാന്‍സര്‍ രോഗികള്‍ക്കുള്ള സാമ്പത്തിക സഹായം തിരു കൊച്ചി-മലബാര്‍ വീതംവെപ്പ് ഇങ്ങനെയാണ്. തിരു-കൊച്ചി 7227, മലബാര്‍ 1733. ജനസംഖ്യാനുപാതികമോ അര്‍ഹതയുടെയോ ഏതളവുകോലെടുത്തുവെച്ചാലും ന്യായീകരിക്കാവുന്നതല്ല, ബോധപൂര്‍വമോ അല്ലാത്തതോ ആയ ഈ നെറികേട്. വിവിധ സാമൂഹികക്ഷേമ പദ്ധതികള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള പദ്ധതികള്‍, ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള സഹായങ്ങള്‍ എന്നിവയിലെല്ലാം ഈ അവസ്ഥ നിലനില്‍ക്കുന്നത് കാണാനാവുന്നതാണ്.
ജീവിതത്തിന്റെ പങ്കപ്പാടുകളെ അതിജീവിക്കാനായി കടലുകള്‍ താണ്ടിയവരാണ് പ്രവാസികള്‍. രാജ്യത്തിന്റെ തന്നെ സമ്പദ്‌വ്യവസ്ഥയില്‍ നിഷേധിക്കാനാവാത്ത സ്ഥാനം അവര്‍ക്കുണ്ട്. കേരള ബഡ്ജറ്റ് ചെലവുകളേക്കാള്‍ മടങ്ങുകള്‍ കൂടുതലാണ് പ്രവാസികള്‍ കേരളത്തിലേക്കയക്കുന്ന മൊത്തം തുക. എന്നാല്‍ എന്നും പരാതികളും പരാധീനതകളും മാത്രം പറയാന്‍ വിധിക്കപ്പെട്ടവരാണ് പ്രവാസികള്‍. സര്‍ക്കാര്‍ ജോലിയും ഇതര പൊതുമേഖലകളിലെ ഉദ്യോഗങ്ങളും നേടുന്നതിനാവശ്യമായ മത്സരശേഷിയും ആത്മവിശ്വാസവും നഷ്ടപ്പെട്ടതാണ് വന്‍തോതിലുളള ഗള്‍ഫ് കുടിയേറ്റത്തിലേക്ക് മലബാറിലെ യുവ തലമുറയെ നയിച്ചതിനു മുഖ്യ കാരണം. ഉന്നത വിദ്യാഭ്യാസം നേടുന്നതിനു മുമ്പേ അക്കരെയെത്തണമെന്ന മോഹം നിവൃത്തികേടു കൊണ്ടു കൂടിയാണ്. വിദേശ വരുമാനത്തിന്റെ കണക്കെടുത്തു നോക്കിയാല്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരാണ് കൂടുതല്‍ വരുമാനമുണ്ടാക്കുന്നതെന്ന് കാണാം. മലബാറിലാവട്ടെ ഉന്നത വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം ആനുപാതികമായി കുറവാണ്. അതുകൊണ്ട് തന്നെ, ഇതു പരിഹരിക്കാനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ നടന്നിട്ടില്ലെന്നതാണ് വാസ്തവം. തിരുകൊച്ചി കേന്ദ്രീകൃത ജ്ഞാന, തൊഴില്‍, അധികാരവ്യവസ്ഥ ആട്ടിപ്പായിച്ച ഒരു വിഭാഗത്തെ ആശ്രയിച്ച് ഒരു സമ്പദ്‌വ്യവസ്ഥ നിലനില്‍ക്കുന്നുവെന്ന് പറയുന്നതില്‍പരം ലജ്ജാവഹമായ കാര്യം മറ്റെന്തുണ്ട്! പ്രവാസം അവസാനിപ്പിച്ചെത്തുന്നവര്‍ക്കാവശ്യമായ പുനരധിവാസ പദ്ധതികളോ പ്രവാസികളുടെ സാമ്പത്തിക വളര്‍ച്ച ഫലപ്രദമായി ഉപയോഗിക്കാനാവശ്യമായ പാക്കേജുകളോ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ കാര്യമായിട്ടുണ്ടായിട്ടില്ല. ഇതാവട്ടെ, കൂടുതലായി അരക്ഷിതരാക്കുന്നത് മലബാറിന്റെ ജീവിതത്തെയാണ്.
കേരളത്തിലെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ കണക്കെടുത്താലും ഇതു തന്നെയാണവസ്ഥ. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സര്‍വീസുകളിലും അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരുടെ ആകെ എണ്ണം 613113 ആണ്. ഇതില്‍ 186531 പേര്‍ മാത്രമാണ് പാലക്കാട് മുതല്‍ കാസര്‍കോഡ് വരെയുള്ള ജില്ലകളില്‍ നിന്നുള്ളത്. അവശേഷിക്കുന്ന 426582 പേരും തിരുകൊച്ചിയില്‍ നിന്നു തന്നെ. ഇതില്‍ ഒന്നര ലക്ഷത്തോളം പേര്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നു മാത്രവും. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവരില്‍ 20000 ത്തിലധികം പേര്‍ തിരുവനന്തപുരം ജില്ലയില്‍ നിന്ന്. മലബാറിലെ മുഴുവന്‍ ജില്ലകളില്‍ നിന്നുമായി വെറും 16289 പേര്‍. സംസ്ഥാന സര്‍ക്കാര്‍ മേഖലയില്‍ 267291 ഉദ്യോഗസ്ഥരാണുള്ളത്. ഇതില്‍ മലബാറില്‍ നിന്ന് ഒരു ലക്ഷത്തോളം (99290-37%) പേര്‍ മാത്രവും. വിഭവ വിതരണത്തെ നിയന്ത്രിക്കുന്നതിലും നിര്‍ണയിക്കുന്നതിലും ചെറുതല്ലാത്ത പങ്ക് ഉദ്യോഗസ്ഥര്‍ക്കുണ്ടാകുമ്പോള്‍ വിവേചനത്തിന് ശക്തി പകരുന്നതെവിടെ നിന്നാണെന്ന് മനസ്സിലാവും. അര്‍ധ സര്‍ക്കാര്‍ (കേന്ദ്ര- സംസ്ഥാന) സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണമെടുത്താല്‍ ഇതിനേക്കാള്‍ ഭീകരമാണ് അവസ്ഥ. കണ്ണൂര്‍ ജില്ല വേറിട്ടു നില്‍ക്കുന്നു.
സര്‍ക്കാര്‍ നല്‍കുന്ന, തൊഴില്‍ രഹിതരുടെ കണക്കെടുത്താല്‍ മലബാര്‍ അനുഭവിക്കുന്ന തൊഴിലില്ലായ്മയുടെ രൂക്ഷത ബോധ്യപ്പെടും. 28 ലക്ഷത്തോളമാണ് തെക്കന്‍ ജില്ലകളിലെ മൊത്തം തൊഴിലന്വേഷകരുടെ എണ്ണമെങ്കില്‍ മലബാറിലത് 24 ലക്ഷത്തില്‍ താഴെയാണ്. എന്നാല്‍ കേരള സമ്പദ്‌വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന ഗള്‍ഫിലുള്ള 30 ലക്ഷത്തോളം വരുന്ന പ്രവാസികളില്‍ 80 ശതമാനവും കേരളത്തിന്റെ വടക്കന്‍ മേഖലയെ പ്രതിനിധീകരിക്കുന്നുവെന്ന യാഥാര്‍ഥ്യം കൂടി കണക്കിലെടുക്കണം.
മേല്‍ പറഞ്ഞ മിക്ക കാര്യങ്ങളുമായി പ്രത്യക്ഷത്തിലും പരോക്ഷമായും ബന്ധമുള്ളതാണ് ദാരിദ്ര്യവും സാമ്പത്തികാവസ്ഥയും. കേരളത്തില്‍ ദാരിദ്ര്യത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന (കൂടുതല്‍ ദാരിദ്ര്യമുളള) ജില്ലകളൊക്കെയും മലബാറിലാണുളളതെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ദാരിദ്ര്യ രേഖക്കു താഴെയുളളവരുടെ ജനസംഖ്യാനുപാതം മലബാറില്‍ 29.93 ആകുമ്പോള്‍ തിരുകൊച്ചിയില്‍ 16.3 ആണ്. ഉയര്‍ന്ന വിദ്യാഭ്യാസം നേടുന്നതിനനുസരിച്ച് വരുമാനം കൂടുന്നു. സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരാണ് മെച്ചപ്പെട്ട വിദ്യാഭ്യാസം നേടുന്നതെന്നും ശ്രദ്ധിക്കേണ്ട കാര്യമാണ്. മാത്രമല്ല, വിദേശത്തു നിന്നുളള വരുമാനം ദാരിദ്ര്യത്തിന്റെ അളവ് കുറക്കുന്നതില്‍ മറ്റ് ഘടകങ്ങളെ അപേക്ഷിച്ച് കുറഞ്ഞ പങ്ക് മത്രമേയുള്ളൂവെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ഒരു നാടിന്റെ സര്‍വതോന്മുഖമായ പുരോഗതിയില്‍ സുപ്രധാന പങ്കു വഹിക്കുന്ന സാമ്പത്തിക സ്ഥാപനങ്ങളാണ് ബാങ്കുകള്‍. ഇന്ത്യയിലാവട്ടെ, വിവിധ രംഗങ്ങളിലെ വികസനം സാധ്യമാക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് വ്യത്യസ്ത ബാങ്കിംഗ് ശൃംഖലകള്‍തന്നെ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം സാമ്പത്തിക സഹായ സംവിധാനങ്ങള്‍ കേരളത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നന്വേഷിച്ചാലും മലബാര്‍ - തിരുകൊച്ചി അന്തരം പ്രകടമായി കാണാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് ബാങ്കുകള്‍ക്കെല്ലാം കൂടി കേരളത്തില്‍ 937 ബ്രാഞ്ചുകളാണുള്ളത്. ഇതില്‍ 226 എണ്ണമാണ് മലബാറില്‍ പ്രവര്‍ത്തിക്കുന്നത്. ദേശസാല്‍കൃത ബാങ്കുകളുടെ 1477 ശാഖകളില്‍ 979 എണ്ണവും തിരുകൊച്ചിയില്‍ തന്നെ. മൊത്തം വാണിജ്യ ബാങ്കുകളുടെ 4227 ബ്രാഞ്ചുകളില്‍ 1371 എണ്ണം മലബാറിലാണുള്ളത്. അതേസമയം റീജനല്‍ റൂറല്‍ ബാങ്കുകളുടെ 404 ശാഖകളില്‍ 317 എണ്ണവും മലബാറിലാണുളളത്. വൈദ്യുതീകരണം, വീടുകളുടെ നിലവാരം തുടങ്ങിയ കാര്യങ്ങളിലും സമാന അവസ്ഥകളാണു കാണാന്‍ സാധിക്കുന്നത്.
അഞ്ചര പതിറ്റാണ്ടു കാലത്തെ കേരളത്തിന്റെ ബാക്കിപത്രം പറഞ്ഞുവെക്കുന്ന കാര്യമാണ് മുകളില്‍ വിശദീകരിക്കപ്പെട്ടത്. കേരളത്തിലെ വിവിധ രംഗങ്ങളില്‍ പൊതു അവസ്ഥയില്‍ നിന്ന് മലബാര്‍ മേഖല എത്രത്തോളം പിന്നാക്കം നില്‍ക്കുന്നുവെന്നതിന്റെ സാമാന്യ ചിത്രമാണിത്. ഒരുപാട് കാലം മറഞ്ഞു കിടന്നിരുന്ന ഈ ഭീകര യാഥാര്‍ഥ്യത്തെ കുറിച്ച തിരിച്ചറിവുകള്‍ മലബാറുകാര്‍ക്ക് അടുത്ത കാലത്തായി ഉണ്ടായിട്ടുണ്ട്. ഏതാനും വര്‍ഷങ്ങളായി വ്യത്യസ്ത തലങ്ങളില്‍ ഉയര്‍ന്നുവന്നിട്ടുളള സമരങ്ങളും പോരാട്ടങ്ങളും ഇതിനു തെളിവാണ്. സര്‍ക്കാര്‍ പദ്ധതികളില്‍ മലബാര്‍ സ്‌പെഷല്‍ പാക്കേജുകള്‍ക്ക് സ്ഥാനം ലഭിക്കുകയും ചെയ്യുന്നു. അതില്‍ പോലും വെളളം ചേര്‍ത്ത അനുഭവമാണുളളത്. സുദീര്‍ഘവും വ്യാപകവുമായ പ്രക്ഷോഭങ്ങളിലൂടെ ഈ നീതിനിഷേധത്തിനെതിരെ സാര്‍ഥകമായ പോരാട്ടം അനിവാര്യമാണ്. ഇരകള്‍ തന്നെ ആ പോരാട്ടം തുടങ്ങിവെക്കേണ്ടതുണ്ട്. ഈ സമരത്തില്‍ മുന്നണിപ്പോരാളികളായി അവരുണ്ടാവണം. നീതിനിഷേധവും വിവേചനവും സമൂഹത്തിന്റെ സൈ്വര ജീവിതത്തെയും രാജ്യത്തിന്റെ അഖണ്ഡതയെയും പ്രതികൂലമായി ബാധിക്കുമെന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള സംഭവ വികാസങ്ങള്‍ സാക്ഷിയാണ്. അതിനു മുമ്പേ ജനങ്ങള്‍ക്കു മുമ്പില്‍, ഭരണകൂടത്തിനു മുമ്പില്‍ ശക്തമായ ആവശ്യമുന്നയിക്കാന്‍ സാധിക്കണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രാദേശിക അസന്തുലിതത്വത്തിനെതിരായി നടക്കുന്ന സമര പോരാട്ടങ്ങള്‍ നമുക്കാവേശമാവണം; ചരിത്രം നമ്മോടാവശ്യപ്പെടുന്നതും അതുതന്നെയാണ്.
പൊതു വിതരണ സമ്പ്രദായം
കേരളത്തിന്റെ പൊതു വിതരണ സമ്പ്രദായത്തിലും തിരുകൊച്ചി മേഖല മുന്നില്‍ തന്നെ. 2010 ല്‍ ദാരിദ്ര്യ രേഖക്കു താഴെയുള്ളവര്‍(ബി.പി.എല്‍)ക്കായി 212528 മെട്രിക് ടണ്‍ അരിയാണ് കേരളത്തില്‍ മൊത്തമായി വിതരണത്തിന് അനുവദിച്ചത്. ഇതില്‍ 42ശതമാനം ജനങ്ങള്‍ താമസിക്കുന്ന മലബാറിലെത്തിയത് 77696 മെട്രിക് ടണ്‍ (36.55%) മാത്രം. ഗോതമ്പിന്റെ കാര്യവും ഇങ്ങനെ തന്നെ. ലഭ്യമായ 55704 ടണില്‍ മലബാറിലെത്തിയത് 37 ശതമാനം മാത്രം. ദാരിദ്ര്യ രേഖക്കു മുകളിലുളളവര്‍(എ.പി.എല്‍)ക്കായി ഉയര്‍ന്ന വിലയില്‍ വിതരണം ചെയ്ത അരിയുടെയും ഗോതമ്പിന്റെയും കാര്യത്തിലുമുണ്ട് ഈ അനീതി. 296949 ടണ്‍ അരിയാണ് അനുവദിക്കപ്പെട്ടത്. ഇതില്‍ തെക്കന്‍ കേരളത്തിലെത്തിയത് 178413 ടണ്‍. അറുപത് ശതമാനത്തിലധികം വരുമിത്.
വിവേചനത്തിന്റെ ആഴം
തിരുകൊച്ചിയില്‍ 454 പേര്‍ക്ക് ഒരു ഹൈസ്‌കൂള്‍ എന്ന തോതിലുണ്ട്. മലബാറിലാവട്ടെ 880 പേര്‍ക്ക് (ഏതാണ്ട് ഇരട്ടി) ഒരു ഹൈസ്‌കൂളാണുളളത്. 597 പേര്‍ക്ക് ഒരു ഹൈസ്‌കൂള്‍ എന്നതാണ് സംസ്ഥാന ശരാശരി. 1618 ഹൈസ്‌കൂള്‍ തെക്കന്‍ കേരളത്തിലും 817 (പകുതിയേക്കാള്‍ അല്‍പം കൂടുതല്‍ മാത്രം)എണ്ണം വടക്കും. തെക്കന്‍ ജില്ലയിലെ ഏതു ജില്ലയുമായും മലബാറിലെ ജില്ലകളിലെ വിദ്യാര്‍ഥി - സ്‌കൂള്‍ അനുപാതം താരതമ്യം ചെയ്യാനാവാത്ത വിധം വിടവുകളുണ്ട്. 1356 പേരാണ് മലപ്പുറത്തെ ഒരു സ്‌കൂളിലെ ശരാശരി വിദ്യാര്‍ഥികളുടെ എണ്ണം. മത സംഘടനകളും ഇതര വിദ്യാഭ്യാസ ഏജന്‍സികളും നടത്തുന്ന സ്‌കൂളുകളും ഇതര വിദ്യാഭ്യാസ സംവിധാനങ്ങളുമാണ് മലബാറിലെ വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്തത ഇന്നും പരിഹരിക്കുന്നത്.
അധ്യാപകരും കുറവ്
സര്‍വകലാശാലാ അധ്യാപകരുടെ എണ്ണത്തിലും വിവേചനത്തിന്റെ ഭീകര മുഖം പ്രകടമാണ്. കേരള, മഹാത്മാ ഗാന്ധി കലാശാലകളാണ് എറണാകുളം മുതല്‍ തെക്കോട്ടുളള ജില്ലകളുടെ കോളജ് വിദ്യാഭ്യാസത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്. ഈ സര്‍വകലാശാലകള്‍ക്കു കീഴിലെ സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലായി 5576 അധ്യാപകരുണ്ട്. തൃശൂര്‍ ജില്ലയിലെ സ്ഥാപനങ്ങള്‍ കൂടി ഉള്‍പ്പെടുന്ന കാലിക്കറ്റ് സര്‍വകലാശാലയിലും കണ്ണൂര്‍ സര്‍വകലാശാലയിലും കൂടി 3178 അധ്യാപകര്‍! ഡിപ്പാര്‍ട്ടുമെന്റുകളുടെ എണ്ണം, വൈവിധ്യമാര്‍ന്ന കോഴ്‌സുകളുടെ ലഭ്യത എന്നിവ മലബാര്‍ മേഖലയില്‍ കുറവാണെന്നതിന്റെ സൂചന കൂടിയാണിത്.
Comments