Prabodhanm Weekly

Pages

Search

2011 ഏപ്രില്‍ 16

ജമാഅത്ത്‌ വിമര്‍ശനങ്ങള്‍ക്ക്‌ പിന്നില്‍

ജമാഅത്ത്‌ വിമര്‍ശനങ്ങള്‍ക്ക്‌ പിന്നില്‍ -

- ജമാഅത്ത്‌ വിമര്‍ശനം: വിവാദമല്ല, സംവാദമാണ്‌ വേണ്ടത്‌' എന്ന അശ്‌റഫ്‌ കടയ്‌ക്കലിന്റെ പ്രതികരണം ചിന്തോദ്ദീപകമായിരുന്നു (പ്രബോധനം, ഏപ്രില്‍ 2). പ്രസ്‌തുത ലേഖനത്തോടുള്ള ചില വിയോജനങ്ങളും അനുബന്ധവുമാണീ കുറിപ്പ്‌. സോളിഡാരിറ്റിയും ജമാഅത്തെ ഇസ്‌ലാമിയും നടത്തിയ ശ്രദ്ധേയമായ സമരങ്ങളും സേവന പ്രവര്‍ത്തനങ്ങളും, പ്രസ്ഥാനം തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തിലിറങ്ങിയതോടെ സംശയിക്കപ്പെട്ടു എന്ന്‌ അദ്ദേഹം എഴുതുന്നു. എത്രമാത്രം വസ്‌തുനിഷ്‌ഠമാണ്‌ അദ്ദേഹത്തിന്റെ ഈ അഭിപ്രായം എന്നറിയില്ല. പക്ഷേ, സേവനങ്ങളും സമരങ്ങളും നടത്തിയത്‌ കൊണ്ട്‌ രാഷ്‌ട്രീയത്തിലിറങ്ങാന്‍ പാടില്ല എന്നൊരു വായനയും ഈ അഭിപ്രായത്തെക്കുറിച്ച്‌ നടത്താം. എന്നാല്‍, ഇസ്‌ലാമിക പ്രസ്ഥാനം രാഷ്‌ട്രീയ പ്രവേശത്തിലൂടെ ജനങ്ങളിലെത്തിക്കാന്‍ ശ്രമിച്ചത്‌ രാഷ്‌ട്രീയത്തെക്കുറിച്ചുള്ള പുതിയ ഒരു കാഴ്‌ചപ്പാടാണ്‌. നാം ഇന്ന്‌ കണ്ട്‌ ശീലിച്ചിട്ടുള്ള ഇടതു-വലത്‌ രാഷ്‌ട്രീയത്തില്‍നിന്ന്‌ ഭിന്നമായ ഒരു രാഷ്‌ട്രീയം. ഒരു നേതാവും ഖദറുടുത്ത കുറെ കുട്ടി നേതാക്കളുമാണ്‌ വലതുപക്ഷ രാഷ്‌ട്രീയത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ നമുക്ക്‌ മനസ്സില്‍ വരുന്നത്‌. മീഡിയ കവറേജ്‌ മാത്രം പ്രതീക്ഷിച്ചുള്ള ചില സമരാഭാസങ്ങളും വഴിതടയലും അനാവശ്യമായ പണിമുടക്കുകളും. ഇടത്‌ രാഷ്‌ട്രീയവും ഭിന്നമല്ല. വര്‍ഗീയ ഫാഷിസ്റ്റ്‌ രാഷ്‌ട്രീയവും ചോരക്കളി തന്നെയാണ്‌. സേവന പ്രവര്‍ത്തനങ്ങളും ജനപക്ഷത്തുനിന്നുള്ള കാര്യമാത്ര പ്രസക്തമായ സമരങ്ങളും ഇന്നത്തെ കക്ഷി രാഷ്‌ട്രീയത്തിന്റെ വ്യാഖ്യാനത്തില്‍ വരുന്നില്ല. എന്നാല്‍, അത്തരമൊരു രാഷ്‌ട്രീയം കൊണ്ടുവരികയാണ്‌ ഈ വിഷയത്തില്‍ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ രാഷ്‌ട്രീയ പ്രവേശം നടന്നാല്‍ അധികം താമസിയാതെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം ദുരിതാശ്വാസ-സേവന മേഖലകളില്‍ സജീവ സാന്നിധ്യമറിയിക്കാതെ രക്ഷയുണ്ടാവില്ല. എങ്കിലേ അവര്‍ക്ക്‌ മൂല്യാധിഷ്‌ഠിത രാഷ്‌ട്രീയ പ്രസ്ഥാനത്തോട്‌ പിടിച്ചു നില്‍ക്കാന്‍ സാധിക്കൂ. അതാണ്‌ ഇസ്‌ലാമിക പ്രസ്ഥാനം ആഗ്രഹിക്കുന്ന ഗുണപരമായ പരിവര്‍ത്തനം. മതരംഗത്ത്‌ നാം അത്‌ കണ്ടുകഴിഞ്ഞു. ഖണ്ഡന മണ്ഡനങ്ങളും വാദപ്രതിവാദങ്ങളും മതപ്രസംഗങ്ങളും മാത്രമാണ്‌ ഇസ്‌ലാമിക പ്രവര്‍ത്തനം എന്ന്‌ കരുതിയിരുന്ന മത സംഘടനകളെ ജമാഅത്തെ ഇസ്‌ലാമിയും സോളിഡാരിറ്റിയും വളരെയധികം ഗുണപരമായി സ്വാധീനിച്ചിട്ടുണ്ട്‌. സാമ്രാജ്യത്വത്തിനെതിരെയും കോളക്കെതിരെയും മുദ്രാവാക്യം വിളിക്കാനും ലഹരി പദാര്‍ഥങ്ങള്‍ക്കെതിരെ കാമ്പയിന്‍ നടത്താനുമൊക്കെ മത സംഘടനയുടെ ബാനറിനു കീഴില്‍തന്നെ സംഘടിക്കുകയും അതൊരു മത പ്രവര്‍ത്തനമാണെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്‌ ഇന്ന്‌. അതുപോലെ ഇസ്‌ലാമിക പ്രസ്ഥാനം രാഷ്‌ട്രീയ രംഗത്ത്‌ ഇടപെട്ടാല്‍ നമ്മുടെ കക്ഷിരാഷ്‌ട്രീയത്തിലും മാറ്റങ്ങള്‍ സംഭവിക്കും. ആത്മാര്‍ഥമായ സമരങ്ങളും സേവന പ്രവര്‍ത്തനങ്ങളുമാണ്‌ യഥാര്‍ഥ രാഷ്‌ട്രീയ പ്രവര്‍ത്തനമെന്ന്‌ മറ്റു കക്ഷികളും തിരിച്ചറിയും. ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ പരിമിതമായ തോതില്‍ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളില്‍ തന്നെ സങ്കുചിതത്വമുണ്ട്‌. ഈ സങ്കുചിതത്വത്തെ വിശാല മാനവികതയിലേക്ക്‌ പരിവര്‍ത്തിപ്പിക്കാനും ഇസ്‌ലാമിക പ്രസ്ഥാനത്തിന്‌ കഴിഞ്ഞേക്കും. സ്വന്തം പാര്‍ട്ടിക്കാര്‍ക്കോ സ്വന്തം സമുദായക്കാര്‍ക്കോ മാത്രം സഹായമെത്തിക്കുക എന്ന രീതിയും മാറിയേക്കും. സമൂഹത്തിലെ ഏറ്റവും അവഗണിക്കപ്പെട്ടവരിലേക്ക്‌ ശാസ്‌ത്രീയമായി സംഘടിക്കപ്പെട്ട രീതിയിലുള്ള സേവന പ്രവര്‍ത്തനങ്ങളാണ്‌ അടിയന്തരമായി വേണ്ടത്‌. ഇസ്‌ലാമിന്റെ സൈദ്ധാന്തിക അടിത്തറയുള്ളവര്‍ക്ക്‌ മത-ജാതി-സംഘടനാ പ്രാദേശിക സങ്കുചിതത്വങ്ങളെ മറികടന്ന്‌ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴിയും. മുസ്‌ലിം ലീഗിനെക്കുറിച്ചുള്ള ലേഖകന്റെ ചില അഭിപ്രായങ്ങള്‍ക്ക്‌ മറുവശമുണ്ട്‌. മുസ്‌ലിം ലീഗിന്‌ അപ്രമാദിത്വമുള്ള പാര്‍ട്ടിഗ്രാമങ്ങളില്‍ ഇസ്‌ലാമിക സമൂഹം സാംസ്‌കാരികമായി ചത്തു കിടക്കുകയാണെന്നതാണ്‌ സത്യം. `ഖൈറു ഉമ്മത്തിന്റെ' ചലനാത്മകതയോ പുരോഗമനപരതയോ ഈ സമൂഹത്തിന്‌ ഇല്ലാതെ പോയതിന്‌, മുസ്‌ലിം ലീഗിലൂടെ മുസ്‌ലിം രാഷ്‌ട്രീയം സ്ഥാപനവത്‌കരിക്കപ്പെട്ടത്‌ പ്രധാന കാരണമാണ്‌. ക്രിയാത്മകമായ ഒരു രാഷ്‌ട്രീയം ഇല്ലെങ്കില്‍ സമൂഹത്തിന്റെ ചലനാത്മകത ഇല്ലാതാവുമെന്നത്‌ തീര്‍ച്ചയാണ്‌. സമുദായ ഐക്യം എന്നത്‌ സമൂഹത്തിലെ യാഥാസ്ഥിതിക വരേണ്യതയുടെ അധികാരം നിലനിര്‍ത്താനുള്ള ഒരു മുദ്രാവാക്യമല്ല; ആവരുത്‌. മുസ്‌ലിമിന്റെ പ്രതിനിധാനം ഇന്ന്‌ നാം കാണുന്ന മുസ്‌ലിം ലീഗ്‌ ആണെങ്കില്‍ എത്ര സങ്കടകരമാണ്‌ അത്‌! മമ്പുറം തങ്ങന്മാരുടെയും സൈനുദ്ദീന്‍ മഖ്‌ദൂമിന്റെയും പാരമ്പര്യങ്ങളുടെ തുടര്‍ച്ചയായ ഒരു രാഷ്‌ട്രീയ പ്രവര്‍ത്തനമാണ്‌ മുസ്‌ലിം സമുദായത്തിനും കേരള ജനതക്കും ഇന്നാവശ്യം. ക്രിയാത്മകമായ മൂല്യാധിഷ്‌ഠിത രാഷ്‌ട്രീയ പ്രസ്ഥാനം രംഗത്ത്‌ വന്ന്‌ ജനകീയ രാഷ്‌ട്രീയ പ്രവര്‍ത്തനം പ്രായോഗികമാക്കുന്നതോടെ ഈ വിഷയത്തിലുള്ള സംശയങ്ങള്‍ നീങ്ങിയേക്കും. മുസ്‌ലിം ലീഗിന്റെ ഗുണവശങ്ങള്‍ അംഗീകരിക്കുന്ന, ലീഗിനോട്‌ അനാവശ്യമായി ഏറ്റുമുട്ടുകയോ സമുദായത്തില്‍ സംഘര്‍ഷമുണ്ടാക്കുകയോ ചെയ്യാത്ത, ബൗദ്ധിക നിലവാരമുള്ള രാഷ്‌ട്രീയ സംഘടനയായിരിക്കണം അത്‌. മത സംഘടനകള്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ ജമാഅത്തിനെ എതിര്‍ത്തത്‌ ആത്മാര്‍ഥത കൊണ്ടാണെന്നാണ്‌ ലേഖകന്‍ ധരിച്ചിരിക്കുന്നത്‌. എന്നാല്‍ മലബാറിലെ ഗ്രാമങ്ങളില്‍ അന്ന്‌ നടന്നത്‌ എന്താണെന്നറിയുന്നവര്‍ ഒരിക്കലും അത്തരമൊരു നിഗമനത്തിലെത്തുകയില്ല. ഇതുവരെ തങ്ങളെപ്പോലൊരു മത സംഘടനയായി കണക്കാക്കപ്പെട്ടിരുന്ന ജമാഅത്തെ ഇസ്‌ലാമി നാളെ മുതല്‍ ഒരു രാഷ്‌ട്രീയ മുന്നേറ്റമായി മാറുന്നതിലുള്ള അസൂയയും കുശുമ്പുമാണ്‌ മത സംഘടനകളുടെ എതിര്‍പ്പിന്‌ പിന്നിലെന്നത്‌ യാഥാര്‍ഥ്യം മാത്രമാണ്‌. അതോടൊപ്പം, ലീഗ്‌ നേതൃത്വത്തെ സുഖിപ്പിക്കുക എന്ന ദൗത്യവും മത സംഘടനകള്‍ ജമാഅത്തിനെതിരെ രംഗത്തിറങ്ങുന്നതിന്‌ കാരണമായി. അതിവേഗം ജാതീയ-വംശീയവത്‌കരിക്കപ്പെടുന്ന കേരളീയ മധ്യവര്‍ഗത്തെ മനസ്സിലാക്കിയാല്‍, ചില സാംസ്‌കാരിക നായകരുടെ ജമാഅത്ത്‌ വിരോധത്തിന്‌ പിന്നില്‍ എന്താണെന്ന്‌ മനസ്സിലാക്കാന്‍ എളുപ്പമാണ്‌. ഇസ്‌ലാമിക സമൂഹം ധൈഷണികമായി ഉയരരുതെന്നും, മുസ്‌ലിം സമുദായം ഏറി വന്നാല്‍ ഒരു `മുസ്‌ലിം ലീഗേ' ആകാവൂ എന്നും, അതിനേക്കാള്‍ മുന്നോട്ട്‌ പോയാല്‍ തടയുമെന്നുമുള്ള സവര്‍ണ ലോബിയുടെ തീരുമാനമാണ്‌ ജമാഅത്ത്‌ വിരുദ്ധ പ്രൊപഗണ്ടകളുടെ പിന്നിലെ യാഥാര്‍ഥ്യം. ഈ സവര്‍ണ ലോബിയെ സുഖിപ്പിച്ചാല്‍ തങ്ങളുടെ താല്‍ക്കാലികമായ ചില താല്‍പര്യങ്ങള്‍ നടക്കുമെന്നറിയുന്ന മുസ്‌ലിം രാഷ്‌ട്രീയ-മത സംഘടനകളിലെ ചിലര്‍, ജമാഅത്ത്‌ വിരുദ്ധര്‍ക്ക്‌ കുഴലൂതുകയും ചെയ്യുന്നു. ആത്മാര്‍ഥതയുള്ള ജമാഅത്ത്‌ വിമര്‍ശനങ്ങള്‍ തീരെ വിരളമാണെന്നതാണ്‌ യാഥാര്‍ഥ്യം. -

- ഹനീഫ്‌ വളാഞ്ചേരി -

- #### ആത്മീയതയുടെ ഭൗതിക മാനം -

- തിരുകേശമെന്ന പേരില്‍ കോഴിക്കോട്ട്‌ പുതിയ പള്ളിസമുച്ചയം പണിയാനുള്ള നീക്കത്തിനെതിരെ ഖാലിദ്‌ മൂസാ നദ്‌വി എഴുതിയ ലേഖനം (ലക്കം 40) ഏറെ പ്രസക്തമാണ്‌. പുതിയ കോര്‍പറേറ്റ്‌ ബിസിനസ്‌ മൈന്റില്‍ നിന്നുകൊണ്ട്‌ ആത്മീയതയെ കച്ചവടവത്‌കരിക്കാനുള്ള നീക്കം തിരിച്ചറിയപ്പെടേണ്ടതാണ്‌. അതേസമയം ആത്മീയ കച്ചവടത്തെ എതിര്‍ക്കുന്നതോടൊപ്പം പ്രവാചക സ്‌നേഹത്തിന്‌ ഭൗതിക മാത്രമായ പ്രകടനങ്ങള്‍ക്കൊന്നും പ്രസക്തിയില്ല എന്ന നിലപാട്‌ ശരിയല്ല. പ്രവാചക സ്‌നേഹത്തിന്റെ ഭൗതിക പ്രകടനങ്ങളെ വിലകുറച്ച്‌ കാണുന്ന നിലപാടുള്ളവര്‍ ഇവിടെയുണ്ട്‌. പ്രവാചക സ്‌നേഹം പ്രവാചക സന്ദേശം പിന്തുടരുന്നതോടൊപ്പം വൈകാരികവും കൂടിയാണ്‌. എങ്കിലേ സ്‌നേഹം എന്ന വാക്കു പോലും അര്‍ഥവത്താവുകയുള്ളൂ. ഇതിനെയെല്ലാം കേവല യുക്തിയുടെ പേരില്‍ തള്ളിക്കളയുന്നതിലര്‍ഥമില്ല. അതേസമയം പ്രവാചകന്റേത്‌ എന്ന്‌ ഒരു തെളിവുമില്ലാത്ത മുടിയുടെ പേരില്‍ നടക്കുന്ന ആത്മീയ കോര്‍പറേറ്റ്‌ തന്ത്രങ്ങള്‍ തിരിച്ചറിയപ്പെടുകയും ചെറുക്കപ്പെടുകയും വേണം. -

- അബൂ തമീസ്‌ , വേളം ശാന്തിനഗര്‍ -

- #### ഇതോ പുരോഗമനപരമായ നിലപാട്‌? -

- `ജമാഅത്തെ ഇസ്‌ലാമി വിമര്‍ശനം: വിവാദമല്ല, സംവാദമാണ്‌ വേണ്ടത്‌' എന്ന അഷ്‌റഫ്‌ കടയ്‌ക്കലിന്റെ ലേഖനം വായിച്ചു. ശ്രദ്ധേയവും വസ്‌തുനിഷ്‌ഠവുമായ നിരീക്ഷണങ്ങള്‍ അദ്ദേഹം മുന്നോട്ടുവെക്കുന്നുവെങ്കിലും ചിലതിനോട്‌ വിയോജിക്കാതെ വയ്യ. `തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തില്‍ ബലപരീക്ഷണത്തിന്‌ മുതിര്‍ന്നതാണ്‌ ഇന്ന്‌ ജമാഅത്ത്‌-ലീഗ്‌ ബന്ധം ഏറെ വഷളാക്കിയത്‌. ജമാഅത്തിന്റെ തെരഞ്ഞെടുപ്പ്‌ പരീക്ഷണം കേരളത്തിന്റെ രാഷ്‌ട്രീയ പശ്ചാത്തലത്തില്‍ അപ്രായോഗികമാണ്‌' എന്നെഴുതുന്ന ലേഖകന്‍, മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലുള്ള അഭിപ്രായ ഭിന്നതയുടെ പ്രതിസ്ഥാനത്ത്‌ ജമാഅത്തെ ഇസ്‌ലാമിയെ അവരോധിക്കുകയാണ്‌. വാസ്‌തവത്തില്‍ മുസ്‌ലിം ലീഗ്‌ ജമാഅത്തെ ഇസ്‌ലാമിയുടെ ശത്രുവല്ല. സ്വതന്ത്ര പൂര്‍വ ഘട്ടം മുതലേ പല വിഷയങ്ങളിലും അഭിപ്രായ ഭിന്നതയുണ്ട്‌ എന്നത്‌ നേര്‌. പക്ഷേ, അവയിലൊക്കെ സമുദായത്തിന്റെയും അതിലുപരി രാജ്യത്തിന്റെയും താല്‍പര്യം സംരക്ഷിച്ചുകൊണ്ടുള്ള നിലപാടുകളാണ്‌ ജമാഅത്തെ ഇസ്‌ലാമി സ്വീകരിച്ചത്‌ എന്ന്‌ ആര്‍ക്കും മനസ്സിലാകും. ഉദാഹരണമായി, സയ്യിദ്‌ മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിയും ഇന്ത്യാ വിഭജനത്തെ ശക്തമായെതിര്‍ത്തപ്പോള്‍ ജിന്നാ സാഹിബിന്റെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ്‌ അതിനെ അനുകൂലിക്കുകയാണുണ്ടായത്‌. ഏതായാലും വിഭജനം യാഥാര്‍ഥ്യമായി. ഏതൊരു കാരണം കൊണ്ടാണോ ജമാഅത്തെ ഇസ്‌ലാമി അതിനെ എതിര്‍ത്തത്‌, അവ അക്ഷരാര്‍ഥത്തില്‍ പുലരുന്ന കാഴ്‌ചയാണ്‌ വിഭജനാനന്തര ഇന്ത്യയിലും പാകിസ്‌താനിലും നാം കാണുന്നത്‌. പിന്നീട്‌ സ്വതന്ത്ര ഇന്ത്യയില്‍ ജനാധിപത്യം ചോദ്യം ചെയ്യപ്പെട്ട അടിയന്തരാവസ്ഥക്കെതിരെയും മതേതരത്വം വെല്ലുവിളിക്കപ്പെട്ട ബാബരി മസ്‌ജിദ്‌ ധ്വംസനത്തിനെതിരെയും ജമാഅത്ത്‌ സ്വീകരിച്ച നിലപാടുകള്‍ കോണ്‍ഗ്രസ്‌-ലീഗ്‌ വിരുദ്ധമാവുക സ്വാഭാവികം. അത്‌ ലീഗിനോടുള്ള വിരോധം കൊണ്ടോ ജമാഅത്തിന്റെ ഏതെങ്കിലും പ്രത്യേക താല്‍പര്യ സംരക്ഷണാര്‍ഥമോ ആയിരുന്നില്ല. രാജ്യത്തിന്റെ പൊതു താല്‍പര്യങ്ങളാണവിടെ പരിഗണിക്കപ്പെട്ടത്‌. പിന്നീട്‌ നടന്ന പൊതുതെരഞ്ഞെടുപ്പുകളില്‍ സ്വീകരിച്ച ഫാഷിസ്റ്റ്‌-സാമ്രാജ്യത്വ വിരുദ്ധ നിലപാടുകളിലും നമുക്കിത്‌ കാണാം. തുടര്‍ന്നാണ്‌, ലീഗ്‌-ജമാഅത്ത്‌ ബന്ധം വഷളാക്കിയെന്ന്‌ ലേഖകന്‍ പരാതിപ്പെടുന്ന 2010-ലെ തദ്ദേശ തെരഞ്ഞെടുപ്പ്‌ വരുന്നത്‌. അതില്‍ ഇടപെടാന്‍ ജമാഅത്തെ ഇസ്‌ലാമി തീരുമാനിച്ചത്‌, ഒരു ആന്റി ലീഗ്‌ രാഷ്‌ട്രീയ നിലപാടിന്റെ ഭാഗമായിട്ടായിരുന്നില്ല. ജനസേവനത്തിനും അഴിമതിമുക്ത വികസനത്തിനും പുതിയ വഴി തേടുകയായിരുന്നു അതുവഴി. ലീഗെന്ന പോലെ ഇടതുപക്ഷവും അവിടെ രാഷ്‌ട്രീയ പ്രതിയോഗികളായിരുന്നിട്ടുണ്ട്‌. തങ്ങളുടെ ശേഷിയേക്കാള്‍ കൂടുതല്‍ സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയ ജമാഅത്തെ ഇസ്‌ലാമിയുടെ വീഴ്‌ചയും കാണാതിരുന്നുകൂടാ. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ കാലത്താണ്‌ ലീഗ്‌ `തീവ്രവാദ വിരുദ്ധ' കോട്ടക്കല്‍ ഉച്ചകോടി വിളിച്ചുചേര്‍ക്കുന്നത്‌. മുസ്‌ലിം സംഘടനകളെ ഒരുമിച്ചിരുത്തിയതിലൂടെ ലീഗ്‌ തങ്ങളുടെ തെരഞ്ഞെടുപ്പ്‌ തട്ടകം ഒരുക്കുകയാണ്‌ ചെയ്‌തത്‌. അപ്പോള്‍ `ലീഗിനെ ക്ഷയിപ്പിച്ചുകൊണ്ടുള്ള രാഷ്‌ട്രീയ പരീക്ഷണം ആശാവഹമല്ല എന്ന പുരോഗമനപരമായ നിലപാട്‌ മുസ്‌ലിം സംഘടനകള്‍ സ്വീകരിച്ചു'വെന്നതിനേക്കാള്‍, മുസ്‌ലിം സംഘടനകളുടെ ജമാഅത്ത്‌ വിരുദ്ധതയെന്ന ജനിതക ദൗര്‍ബല്യത്തെ ഉപയോഗപ്പെടുത്തുന്നതില്‍ ലീഗ്‌ വിജയിച്ചുവെന്ന്‌ പറയുന്നതല്ലേ കൂടുതല്‍ ശരി? ഈ സഖ്യത്തെ ശരിവെക്കുന്നതാണ്‌ ഏറ്റവുമൊടുവില്‍ നാദാപുരത്ത്‌ സ്വന്തം ബോംബ്‌ പൊട്ടി അഞ്ച്‌ ലീഗ്‌ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നമ്മുടെ മുസ്‌ലിം സംഘടനകള്‍ അവലംബിക്കുന്ന മൗനം. ആ മൗനത്തില്‍ എല്ലാം അടങ്ങിയിട്ടുണ്ട്‌. ലീഗ്‌-ജമാഅത്ത്‌ അഭിപ്രായ ഭിന്നതയുടെ കാരണങ്ങളും മറ്റും നിഷ്‌പക്ഷമായ ചരിത്ര വിശകലനത്തിലൂടെ പുറത്ത്‌ വരട്ടെ. അത്‌ പുതുതലമുറക്ക്‌ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകാന്‍ ഉപകരിക്കും. -

- എസ്‌.എസ്‌ മുസ്‌ത്വഫ, അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ്യ ശാന്തപുരം, [email protected] -

-

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം